Jump to content

മുല്ല മുഹമ്മദ് ഒമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Mullah Omar (page 6 crop).jpg
മുഹമ്മദ് ഒമർ
ملا محمد عمر

പദവിയിൽ
1996 സെപ്റ്റംബർ 27 – 2001 നവംബർ 13
പ്രധാനമന്ത്രി മുഹമ്മദ് റബ്ബാനി
അബ്ദുൾ കബീർ (കാവൽ)
മുൻഗാമി ബുർഹാനുദ്ദീൻ റബ്ബാനി (അഫ്ഗാനിസ്താന്റെ പ്രസിഡണ്ട്)
പിൻഗാമി ബുർഹാനുദ്ദീൻ റബ്ബാനി (അഫ്ഗാനിസ്താന്റെ പ്രസിഡണ്ട്)

ജനനം 1959
നോദേഹ്, അഫ്ഗാനിസ്താൻ
മരണം 2013,(aged 52-53)
സാബുൽ, അഫ്‌ഗാനിസ്താൻ
രാഷ്ട്രീയകക്ഷി ഇസ്ലാമിക് നാഷണൽ റെവല്യൂഷൻ മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ
താലിബാൻ
മതം സുന്നി ഇസ്ലാം

താലിബാന്റെ പരമോന്നതനേതാവും, 1996 മുതൽ 2001 വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന താലിബാൻ ഭരണകൂടത്തിന്റെ ഉന്നതാദ്ധ്യക്ഷനുമായിരുന്നു മുല്ല മുഹമ്മദ് ഒമർ (പഷ്തു: ملا محمد عمر; ജനനം ഏകദേശം. 1959) (മുല്ല ഒമർ എന്ന പേരിൽ മാത്രമായും അറിയപ്പെടുന്നു). മൂന്നു രാജ്യങ്ങൾ‌ മാത്രം അംഗീകരിച്ചിരുന്ന ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്ന താലിബാൻ ഭരണകൂടത്തിൽ ഉന്നതസമിതിയുടെ തലവൻ എന്ന പരമോന്നതപദവിയായിരുന്നു മുല്ല ഒമർ വഹിച്ചിരുന്നത്. വിശ്വാസികളുടെ പടത്തലവൻ എന്ന അർത്ഥത്തിൽ അമീറുൾ‌ മുമീനിൻ എന്ന സ്ഥാനനാമവും ഇദ്ദേഹം സ്വീകരിച്ചിരുന്നു.

സെപ്റ്റംബർ 11-ലെ ആക്രമണത്തിനു ശേഷം, ഒസാമ ബിൻ ലാദനും അൽ-ഖ്വയ്ദ ശൃഖലക്കും സംരക്ഷണം നൽകുന്നു എന്ന് ആരോപിച്ച്, അമേരിക്ക, ഒമറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.[1] പാകിസ്താനിലിരുന്നുകൊണ്ട്, അഫ്ഗാനിസ്താനിലെ ഹമീദ് കർസായ് സർക്കാരിനെതിരെയും, നാറ്റോ സേനക്കെതിരെയുമുള്ള താലിബാൻ ആക്രമണങ്ങൾ നിയന്ത്രിക്കുന്നത് മുല്ല ഒമർ ആണെന്ന് കരുതപ്പെടുന്നു.[2]

ഉന്നത രാഷ്ട്രീയസ്ഥാനങ്ങൾ വഹിച്ചിരുന്നിട്ടും, എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുൻ‌നിരയിലായിരുന്നിട്ടും,[1] മുല്ല ഒമറിനെ പുറം‌ലോകം കാര്യമായി അറിഞ്ഞിട്ടില്ല. മാത്രമല്ല ഇദ്ദേഹത്തിന്റെ വിശ്വസനീയമായ ചിത്രങ്ങളൊന്നും തന്നെ ലഭ്യവുമല്ല എന്നതും കൗതുകകരമാണ്.[3] ഒരു കണ്ണില്ലാത്തയാൾ എന്ന വിവരത്തിനു പുറമേ ഒമറിന്റെ ശരീരപ്രകൃതിയെക്കുറിച്ചും വലിയ അറിവുകളൊന്നുമില്ല. ഒമറിനെ കണ്ടുവെന്നു പറയുന്ന ചിലർ, അദ്ദേഹം ഒരു ഉയരമുള്ള വ്യക്തിയാണെന്നും,[4][5] മറ്റുചിലർ, അദ്ദേഹം കുറിയ മനുഷ്യനാണെന്നും, നാണംകുണുങ്ങിയാണെന്നും വിദേശീയരോട് സംസാരിക്കാനിഷ്ടപ്പെടാത്തയാളാണെന്നും വിവരിക്കുന്നു.[3][3][6]

അഫ്ഗാനിസ്താനിലെ അമീർ ആയുള്ള തന്റെ ഭരണകാലത്ത്, കന്ദഹാർ വിട്ട് ഒമർ പുറത്ത് പോയിരുന്നേയില്ല. പകരം വിദേശമന്ത്രിയായിരുന്ന വകീൽ അഹ്മദ് മുത്താവകീൽ ആയിരുന്നു നയതന്ത്രകാര്യങ്ങൾ പ്രധാനമായും നടത്തിയിരുന്നത്.

ആദ്യകാലം

[തിരുത്തുക]

1961-ൽ കന്ദഹാറിന് പടിഞ്ഞാറുള്ള പഞ്ച്‌വായ് ജില്ലയിലണ് ഒമർ ജനിച്ചത്. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ കുടുംബം, കന്ദഹാറിന് വടക്കുള്ള ഉറുസ്ഖാൻ പ്രവിശ്യയിലേക്ക് താമസം മാറ്റിയിരുന്നു. ഘൽജി പഷ്തൂണുകളുടെ ഹോതക്[ക] വംശത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം, എന്ന് കരുതപ്പെടുന്നു. സോവിയറ്റ് യൂനിയനുമായുള്ള യുദ്ധകാലത്ത്, മൗലവി മുഹമ്മദ് നബി മുഹമ്മദിയുടെ ഹർക്കത്-ഇ ഇങ്ക്വിലാബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ എന്ന പ്രതിരോധകക്ഷിയുടെ തദ്ദേശീയസേനാനായകനു കീഴിൽ, മുഹമ്മദ് ഒമർ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. പിൽക്കാലത്ത്, ബുർഹാനുദ്ദീൻ റബ്ബാനിയുടെ ജാമിയത്ത്-ഇ ഇസ്ലാമിയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. യൂനിസ് ഖാലിസിന്റെ ഹിസ്ബ്-ഇ ഇസ്ലാമി സേനയിലും ഇദ്ദേഹം പങ്കെടുത്തിരുന്നെന്നും പറയപ്പെടുന്നുണ്ട്. സോവിയറ്റ് യൂനിയനുമായുള്ള ഒരു യുദ്ധത്തിൽ ഒരു കണ്ണ നഷ്ടപ്പെട്ടതിനാൽ, റുണ്ട് അഥവാ ഒറ്റക്കണ്ണൻ എന്ന വിളിപ്പേരിലും ഒമർ അറിയപ്പെട്ടു.[7]

താലിബാൻ

[തിരുത്തുക]
പ്രധാന ലേഖനം: താലിബാൻ

1994 വേനൽക്കാലത്തോടെ, മുല്ല മുഹമ്മദ് ഒമറിന്റെ കീഴിലുള്ള ഇസ്ലാമികമൗലികവാദത്തിലടിസ്ഥിതമായ പഷ്തൂണുകളുടെ ഒരു ചെറിയ സംഘമായാണ് താലിബാന്റെ ആരംഭം. 1996 തുടക്കത്തിൽ താലിബാൻ, തെക്കൻ അഫ്ഗാനിസ്താൻ മുഴുവൻ താലിബാൻ കീഴിലാക്കിയതോടെ 1996 ഏപ്രിൽ മുതൽ വിശ്വാസികളുടെ പടനായകൻ എന്ന അർത്ഥത്തിൽ അമീറുൾ മുമീനിൻ എന്ന സ്ഥാനപ്പേര് ഒമർ സ്വീകരിച്ചു.[7] പിന്നീട് അഫ്ഗാനിസ്താനിൽ നിലവിൽ വന്ന താലിബാൻ സർക്കാരിന്റെ പരമോന്നതസമിതിയുടെ തലവനായും മുഹമ്മദ് ഉമർ അവരോധിക്കപ്പെട്ടു.

പലായനം

[തിരുത്തുക]

2001 സെപ്റ്റംബർ 11-ലെ അമേരിക്കയിലെ ആക്രമണത്തിനു ശേഷം ഒസാമ ബിൻ ലാദനെ വിട്ടുകൊടൂക്കാൻ അമേരിക്കൻ ഭരണകൂടം താലിബാനോടാവശ്യപ്പെട്ടെങ്കിലും മുല്ല ഒമർ ഈ ആവശ്യം നിരാകരിച്ചു. തുടർന്ന് അമേരിക്കൻ സൈന്യം അഫ്ഗാനിസ്താൻ ആക്രമിക്കുകയും, താലിബാന്റെ എതിരാളികളായ വടക്കൻ സഖ്യത്തിന് സഹായങ്ങൾ‌ നൽകുകയും ചെയ്തു. ഇതോടെ വടക്കൻ സഖ്യം താലിബാൻ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങൾ ഓരോന്നായി പിടിച്ചടക്കി. 2001 ഡിസംബറോടെ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന അവസാനത്തെ പട്ടണമായ കന്ദഹാറൂം വടക്കൻ സഖ്യത്തിന്റെ കൈയിലായതോടെ, മുല്ല ഒമർ പാകിസ്താനിലേക്ക് കടന്നു.[8]

ക്ഷയരോഗത്തെ തുടർന്ന് അദ്ദേഹം 2013 ൽ മരണപെട്ടു

കുറിപ്പുകൾ

[തിരുത്തുക]

ക. ^ പഷ്തൂണുകളുടെ ആദ്യത്തെ സാമ്രാജ്യമായ ഹോതകി സാമ്രാജ്യം സ്ഥാപിച്ചത് ഹോതക് വംശജരാണ്

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Wanted Poster on Omar". Rewards for Justice Program. US Department of State. Archived from the original on 2006-10-05. Retrieved 2010-06-20.
  2. "CNN.com - Source: Mullah Omar in Pakistan - Sep 9, 2006". CNN. Retrieved 2010-05-13.
  3. 3.0 3.1 3.2 Who is the real Mullah Omar?, Daily Telegraph, 22 december 2001[പ്രവർത്തിക്കാത്ത കണ്ണി]
  4. Griffiths, John C. "Afghanistan: A History of Conflict", 1981. Second Revision 2001.
  5. Christian Science Monitor, The reclusive ruler who runs the Taliban
  6. Afghanistan: Taliban Preps for Bloody Assault, Newsweek, 5 march 2007
  7. 7.0 7.1 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 326–327, 330. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 338. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുല്ല_മുഹമ്മദ്_ഒമർ&oldid=3760654" എന്ന താളിൽനിന്ന് ശേഖരിച്ചത്