ദുറാനി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുറാനി സാമ്രാജ്യം
Nadir Shah Flag.svg
1747 – 1823 Flag of Afghanistan (1880–1901).svg
കൊടി ചിഹ്നം
കൊടി ചിഹ്നം
Location of അഫ്ഗാനിസ്താൻ
തലസ്ഥാനം കന്ദഹാർ, കാബൂൾ, പെഷവാർ (ശൈത്യകാലതലസ്ഥാനം)
ഭാഷ പേർഷ്യൻ (ഔദ്യോഗികം)
പഷ്തു (ഭരണകർത്താക്കളുടെ മാതൃഭാഷ)
ഭരണക്രമം ഏകാധിപത്യം
ചരിത്രം
 - സ്ഥാപിതം 1747
 - അന്ത്യം 1823
അഫ്ഗാനിസ്താന്റെ ചരിത്രം
അഫ്ഗാനിസ്താന്റെ കൊടി
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

ഇന്നത്തെ അഫ്ഗാനിസ്താനും പാകിസ്താനും ആസ്ഥാനമാക്കി പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഉടലെടുത്ത ഒരു പഷ്തൂൺ സാമ്രാജ്യമാണ് ദുറാനി സാമ്രാജ്യം (പഷ്തു: د درانیانو واکمني ) അഥവാ അഫ്ഗാൻ സാമ്രാജ്യം. അബ്ദാലി പഷ്തൂണുകളിലെ പോപൽ‌സായ് വിഭാഗത്തിലെ സാദോസായ് വംശത്തിൽപ്പെട്ടവരുടെ സാമ്രാജ്യമായതിനാൽ സാദോസായ് സാമ്രാജ്യമെന്നും അറിയപ്പെടുന്നു. സാമ്രാജ്യവികാസത്തിന്റെ പരമോന്നതിയിൽ, വടക്കുകിഴക്കൻ ഇറാൻ, ഇന്ത്യയിലെ പടിഞ്ഞാറൻ പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളും ഈ സാമ്രാജ്യത്തിന്റെ കീഴിൽ വന്നിരുന്നു.

പഷ്തൂൺ സൈനികനേതാവായിരുന്ന അഹമ്മദ് ഖാൻ അബ്ദാലിയാണ് 1747-ൽ ഈ സാമ്രാജ്യം സ്ഥാപിച്ചത്. പിൽക്കാലത്ത് ഇദ്ദേഹം അഹമ്മദ് ഷാ അബ്ദാലി എന്നും അഹമ്മദ് ഷാ ദുറാനി എന്നും പേര് സ്വീകരിച്ചു. ഘിൽജികൾക്കു (ഹോതകി സാമ്രാജ്യം) ശേഷം കന്ദഹാറിൽ അധികാരത്തിലേറിയ രണ്ടാമത്തെ പഷ്തൂൺ രാജവംശമാണ് ദുറാനി രാജവംശം. ആദ്യം കന്ദഹാറിലും പിൽക്കാലത്ത് കാബൂൾ, പെഷവാർ എന്നിവിടങ്ങളുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം.

പതിനെട്ടം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, ഒട്ടോമൻ സാമ്രാജ്യത്തിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം സാമ്രാജ്യമായിരുന്നു ദുറാനി സാമ്രാജ്യം. വൈദേശികാധിപത്യത്തിൽ നിന്നും മുക്തമായി, ഇന്നത്തെ അതിർത്തിക്കുള്ളിൽ അഫ്ഗാനിസ്താൻ എന്ന ഐക്യരാജ്യത്തിന്റെ സ്ഥാപനം അഹമ്മദ് ഷായിലൂടെ അതായത് ദുറാനി സാമ്രാജ്യത്തിലൂടെയാണെന്ന് വിലയിരുത്തപ്പെടുന്നു.

അഹമ്മദ് ഷാ അബ്ദാലിക്കു ശേഷം (ഭരണകാലം:1747 - 1772) അദ്ദേഹത്തിന്റെ പുത്രനായിരുന്ന തിമൂർ ഷാ 1793 വരെ സാമ്രാജ്യം ഭരിച്ചു. തിമൂറിനു ശേഷം വിവിധ ഭരണാധികാരികൾ ഈ വംശത്തിലുണ്ടായെങ്കിലും അധികാരവടംവലി മൂലം 1823-ഓടെ സാദോസായ് വംശത്തിന്റെ ഭരണം പൂർണ്ണമായി അവസാനിക്കുകയും തൽ‌സ്ഥാനത്ത് പഷ്തൂണുകളിലെ മറ്റൊരു പ്രബലവിഭാഗമായ ബാരക്സായ് വിഭാഗത്തിലെ മുഹമ്മദ്സായ് വംശജർ ഭരണത്തിലേറി.

സാദോസായ് കുടുംബത്തിന്റെ പൂർവ്വചരിത്രം[തിരുത്തുക]

സാദോ[തിരുത്തുക]

ബാബറുടെ കാലം മുതലേ മുഗൾ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കന്ദഹാർ, അക്ബറുടെ ഭരണത്തിന്റെ തുടക്കത്തിലെ അന്തർസ്പർദ്ധകൾ മുതലെടുത്ത് ഇറാനിലെ സഫവി ഷായായിരുന്ന താഹ്മാസ്പ്, 1558-ൽ കൈയടക്കി.

ഇക്കാലത്ത് സഫവികൾ, അവർ പിടിച്ചടക്കുന്ന മേഖലകളിലെ തദ്ദേശീയവംശജരുടെ നേതാക്കന്മാരെ കലാന്തർ എന്ന പേരിൽ അവരുടെ പ്രതിനിധിയായി നിയമിച്ചിരുന്നു. ദക്ഷിണ അഫ്ഗാനിസ്താനിലെ അബ്ദാലി വംശഗണത്തിലെ പോപത്സായ് വംശത്തിന്റെ നേതാവായിരുന്ന സാദോ ഇക്കൂട്ടത്തിൽ ഒരു പ്രതിനിധിയായിരുന്നു. 1587 മുതൽ 1629 വരെ ഭരണത്തിലിരുന്ന സഫവി ഷാ അബാസിന്റെ വിശ്വസ്തനായിരുന്ന ഇദ്ദേഹം, ഹെറാത്തിനും കന്ദഹാറിനുമിടയിലുള്ള പാതയിൽ ഷായുടെ അംഗരക്ഷച്ചുമതല വഹിച്ചിരുന്നു. മിർ ഇ അഫാഘിന എന്ന ഒരു സ്ഥാനപ്പേര് കൂടി ഷാ ഇദ്ദേഹത്തിന് നൽകിയിരുന്നു. 1597/98 കാലത്ത് അബ്ദാലി വംശഗണത്തിന്റെ മുഴുവൻ ചുമതലയും ഷാ അബ്ബാസ് സാദോക്ക് നൽകി. അബ്ദാലികളുടെ/ദുറാനികളുടെ സാദോസായ് വംശത്തിന്റെ പൊതുപൂർവികനാണ് സാദോ. സാദോയുടെ പാരമ്പര്യം, അബ്ദാലി പഷ്തൂണുകളുടെ നേതൃസ്ഥാനത്തെത്തുന്നതിൽ അഹമ്മദ് ഷാ അബ്ദാലിക്ക് തുണയായ പ്രധാനപ്പെട്ട ഒരു ഘടകമാണ്[1].

അബ്ദ് അള്ളാ ഖാൻ സാദോസായ്[തിരുത്തുക]

1627-ൽ സഫവി ഷാ അബ്ബാസ് കന്ദഹാർ പിടിച്ചടക്കിയതിനെത്തുടർന്ന്, സഫവികളുടെ ആശിർവാദത്തോടെ അബ്ദാലി പഷ്തൂണുകൾ വൻ‌തോതിൽ ഹെറാത്തിലേക്ക് മാറിത്താമസിച്ചു. ഹെറാത്തിൽ സഫവികളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായിരുന്നു ഈ നടപടി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെയും അബ്ദാലികൾ, സഫവി സാമ്രാജ്യത്തിന് കരുത്തുറ്റ പിന്തുണയുമായി ഹെറാത്തിൽ അധിവസിച്ചു. 1709-ൽ കന്ദഹാറിലെ ഹോതകി ഘൽജികൾ, സഫവികളെ തോൽപ്പിച്ച് കന്ദഹാറിൽ സ്വയംഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഘൽജി പഷ്തൂണുകൾക്കെതിരെയുള്ള സഫവി ആക്രമണത്തിൽ അബ്ദാലികളും പങ്കെടുത്തിരുന്നു. കേയ് ഖുസ്രോ എന്ന ഒരു ജോർജിയന്റെ നേതൃത്വത്തിലുള്ള സഫവി സേനയിൽ അബ്ദ് അള്ളാ ഖാൻ സാദോസായ് എന്ന അബ്ദാലി പഷ്തൂൺ നേതാവിന്റെ കീഴിലുള്ള അബ്ദാലി സൈന്യവും പങ്കെടുത്തിരുന്നു.

എന്നാൽ 1716-ൽ ഹെറാത്തിൽ, അബ്ദാലികൾ സഫവികളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയംഭരണം ആരംഭിച്ചു. സഫവികൾക്കായി മിർ വായ്സുമായി പോരാടാനെത്തിയ അബ്ദ് അള്ളാ ഖാൻ സാദോസായുടെ നേതൃത്വത്തിലായിരുന്നു ഈ വിപ്ലവം നടന്നത്. അബ്ദ് അള്ളാഖാൻ പഞ്ചാബിലെ മുൾത്താനിൽ നിന്നുമുള്ളയാളാണെന്ന് കരുതപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലെ കന്ദഹാർ പിടിക്കുന്നതിനായുള്ള മുഗളരുടെ (1653 ലെ) വിഫലശ്രമത്തിൽ സഹായിച്ച കുറേ അബ്ദാലികളെ, പഞ്ചാബിലെ മുൾത്താനിൽ മുഗളർ അധിവസിപ്പിച്ചിട്ടുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ നിന്നുള്ളയാളാണ് അബ്ദ് അള്ളാ ഖാൻ എന്നു കരുതുന്നു.

ഹെറാത്തിന്റെ നിയന്ത്രണം കരസ്ഥമാക്കിയ അബ്ദാലികൾക്ക്, പേർഷ്യക്കാരിൽ നിന്ന് നിരവധി ആക്രമണങ്ങൾ നേരിടേണ്ടിവന്നു. എങ്കിലും ഒടുവിൽ ഹെറാത്ത് പിടിക്കനുള്ള ശ്രമം പേർഷ്യക്കാർ ഉപേക്ഷിച്ചു. അതോടെ അബ്ദാലികൾ കന്ദഹാറിലെ ഘൽജികളുമായി മത്സരമാരംഭിച്ചു. അബ്ദ് അള്ളാ ഖാന്റെ പുത്രനും സിസ്താനിലെ ഫറായുടെ ഭരണകർത്താവുമായിരുന്ന അസാദ് അള്ളാ, കന്ദഹാറിലെ ഘൽജികൾക്കെതിരെ പടനീക്കം നടത്തി. എന്നാൽ 1719/20 കാലത്ത് ഘൽജികൾ മീർ മഹ്മൂദിന്റെ നേതൃത്വത്തിൽ ഹെറാത്തിനും കന്ദഹാറിനും മദ്ധ്യേയുള്ള ദിലാറാമിൽ വച്ച് അസാദ് അള്ളായെ പരാജയപ്പെടുത്തി[1].

മുഹമ്മദ് സമാൻ ഖാൻ സാദോസായ്[തിരുത്തുക]

ഏതാണ്ട് 1720 കാലഘട്ടത്തിൽ ഹെറാത്തിൽ അബ്ദ് അള്ളാ ഖാൻ സാദോസായെ വധിച്ച് ഒരു ബന്ധുവായ മുഹമ്മദ് സമാൻ ഖാൻ സാദോസായ് അധികാരത്തിലെത്തി. ദുറാനികളുടെ പൂർവികനാണ് ഇദ്ദേഹം. ഇതിനു ശേഷം അബ്ദാലികൾ മുഹമ്മദ് സമാൻ ഖാന്റെ നേതൃത്വത്തിൽ സഫവികൾക്കെതിരെ ഒരു യുദ്ധവിജയം കരസ്ഥമാക്കുകയും ഹെറാത്തിന് പടിഞ്ഞാറുള്ള ഇസ്ലാം ഖാല കൈയടക്കുകയും ചെയ്തു. അങ്ങനെ ഘൽജികൾക്കൊപ്പം അബ്ദാലികളും ഏതാണ്ട് പൂർണമായും സ്വാതന്ത്ര്യം പ്രാപിക്കുകയും മുഗളർക്കും സഫവികൾക്കും ഇവരുടെ മേൽ യാതൊരുനിയന്ത്രണവും ഇല്ലാതാകുകയും ചെയ്തു.[1]

മുഹമ്മദ് ഖാൻ അഫ്ഗാൻ സാദോസായ്[തിരുത്തുക]

മുഹമ്മദ് സമാൻ ഖാൻ സാദോസായെ പുറത്താക്കി അബ്ദാലികളുടെ നേതൃസ്ഥാനത്തെത്തിയ മറ്റൊരു സാദോസായ് വംശജനാണ് മുഹമ്മദ് ഖാൻ അഫ്ഗാൻ സാദോസായ്. 1722-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അബ്ദാലികൾ ഹെറാത്തിന് പ്ടിഞ്ഞാറുള്ള മശ്‌ഹദ് നഗരം പിടിച്ചെങ്കിലും നാലുവർഷങ്ങൾക്കു ശേഷം ഇവിടെ നിന്നും തുരത്തപ്പെട്ടു. ഇതിനെത്തുടർന്ന് മുഹമ്മദ് ഖാൻ അഫ്ഗാനും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. പകരം, മുഹമ്മദ് സമാൻ ഖാന്റെ പുത്രനായ സുൾഫിക്കർ ഖാൻ അധികാരത്തിലേറി[1].

അള്ളാ യാർ ഖാൻ, സുൾഫിക്കർ ഖാൻ[തിരുത്തുക]

1726 കാലമായപ്പോഴേക്കും അബ്ദാലികൾ ചിരന്തരവൈരികളായ രണ്ടു നേതാക്കളുടെ കീഴിലായി വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് ഭരണം നടത്തിയിരുന്നത്. മുഹമ്മദ് ഖാൻ അഫ്ഗാന്റെ സഹോദരനായിരുന്ന അള്ളാ യാർ ഖാൻ, മുഹമ്മദ് സമാൻ ഖാന്റെ പുത്രനായിരുന്ന സുൾഫിക്കർ ഖാൻ എന്നിവരായിരുന്നു ഈ നേതാക്കൾ. ഇവർ യഥാക്രമം ഹെറാത്തിലും ഫറായിലും ഭരണത്തിലിരുന്നു.

1726- നവംബറിൽ ഷാ താഹ്മാസ്പ് രണ്ടാമന്റെ കീഴിൽ മശ്‌ഹദ് പിടീച്ച നാദിർ ഖാൻ (നാദിർ ഷാ) തുടർന്ന് 1729-ൽ അബ്ദാലികളെ പരാജയപ്പെടുത്തി. എന്നാൽ ഘൽജികളെ തോപ്പിക്കുന്നത് മുഖ്യലക്ഷ്യമാക്കിയിരുന്ന നാദിർ ഖാൻ ഇതിന് അബ്ദാലികളുടെ സഹായം ലഭ്യമാക്കുന്നതിനായി അള്ളാ യാർ ഖാനെ ഹെറാത്തിലെ സഫവി മേൽക്കോയ്മയിലുള്ള ഭരണകർത്താവായി വീണ്ടും നിയമിച്ചു. ഇതിനു ശേഷം ഇതേ വർഷം തന്നെ അഷ്രഫിനെത്തോൽപ്പിച്ച് അദ്ദേഹം ഇസ്ഫാഹാനിലെ ഹോതകി ഘൽജികളുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു.

ഇതേ സമയം 1730-ൽ ഫറായിലെ മുൻ അബ്ദാലി നേതാവ് സുൾഫിക്കർ ഖാൻ തങ്ങളുടെ മുൻ ശത്രുവും ഹോതകി ഘൽജികളുടെ കന്ദഹാറിലെ നേതാവുമായിരുന്ന ഹുസൈൻ സുൽത്താനുമായി സഖ്യമുണ്ടാക്കി. ഇവർ ഹെറാത്തിലെ അള്ളാ യാർ ഖാനെ തോൽപ്പിക്കുകയും മശ്‌ഹദിലേക്കെത്തുകയും ചെയ്തു. ഇതോടെ നാദിർ ഖാൻ പടനയിച്ച് മശ്‌ഹദിലെത്തി ഇവരെ പരാജയപ്പെടുത്തി. 1732-ൽ പത്തുമാസക്കാലത്തെ യുദ്ധത്തിനുശേഷം നാദിർഖാൻ, സുൾഫിക്കർ ഖാനെ ഹെറാത്തിൽ നിന്നും തുരത്തുകയും ചെയ്തു. ഇതോടെ ഹെറാത്ത് പൂർണ്ണമായും സഫവി നിയന്ത്രണത്തിലാകുകയും സുൾഫിക്കറിന് കന്ദഹാറിലേക്ക് പിൻ‌വാങ്ങേണ്ടതായും വന്നു. എന്നാൽ തിരിച്ചെത്തിയ സുൾഫിക്കറേയും അയാളുടെ ഇളയ സഹോദരൻ അഹ്മദിനേയും സുൽത്താൻ ഹുസൈൻ കന്ദഹാറിൽ തടവുകാരനാക്കി[1].

അബ്ദാലികളുടെ കന്ദഹാറിലേക്കുള്ള മടക്കം[തിരുത്തുക]

1736-ൽ നാദിർ ഖാൻ, നാദിർ ഷാ എന്ന പേരിൽ ഇറാനിൽ അധികാരത്തിലെത്തിയതിനു ശേഷം നിരവധി അബ്ദാലികളെ നാദിർ ഷാ തന്റെ സൈന്യത്തിലുൾപ്പെടുത്തിയിരുന്നു. 1738 മാർച്ച് 12-ന് നാദിർ ഷാ കന്ദഹാർ പിടിച്ചടക്കി. കന്ദഹാറിന്റെ പതനം, തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ ഘൽജികളുടെ ആധിപത്യത്തിനും വിരാമമായി. കന്ദഹാർ മേഖലയിലെ ഹോതകി ഘൽജികളിൽ നിരവധി പേരെ ഖുറാസാനിലേക്ക് നാടുകടത്തി. പകരം അബ്ദാലികളെ ഇവിടെ വസിക്കാനനുവദിച്ചു. അങ്ങനെ അബ്ദാലി പഷ്തൂണുകൾ വീണ്ടും കന്ദഹാറിലെ പ്രബലവിഭാഗമായി. എന്നാൽ സുൾഫിക്കർ ഖാനേയും സഹോദരൻ അഹ്മദിനേയും സുൽത്താൻ ഹുസൈനൊപ്പം നാദിർ ഷാ മസന്ദരാനിലേക്ക് നാടുകടത്തി.[1].

അഹമ്മദ് ഷാ അബ്ദാലി[തിരുത്തുക]

അഹ്മദ് ഷാ ദുറാനി - ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകൻ

സാദോസായ് വംശത്തിലെ മുഹമ്മദ് സമാൻ ഖാന്റെ പുത്രനും സുൾഫിക്കർ ഖാന്റെ ഇളയ സഹോദരനുമായിരുന്നു അഹ്മദ് ഖാൻ എന്ന അഹ്മദ് ഷാ അബ്ദാലി. 1722-ൽ ഹെറാത്തിൽ ജനിച്ച അഹമ്മ്ദ് ഖാൻ ആണ് ദുറാനി സാമ്രാജ്യം സ്ഥാപിച്ചത്.

നാദിർ ഷാ, കന്ദഹാർ പിടിച്ചതിനു ശേഷം സുൾഫിക്കർ ഖാനോടൊപ്പം മസന്ദരാനിലെത്തിയ സഹോദരൻ അഹ്മദ് ഖാനെ പിൽക്കാലത്ത് നാദിർ ഷാ അവിടത്തെ ഭരണാധികാരിയായി നിയമിച്ചിരുന്നു. 1747-ൽ നാദിർ ഷാ കൊല്ലപ്പെടുന്ന സമയത്ത് പേർഷ്യൻ സൈന്യത്തിലെ അബ്ദാലി പഷ്തൂൺ വിഭാഗത്തിന്റെ സേനാനായകനുമായിരുന്നു അഹമ്മദ് ഖാൻ. നാദിർ ഷായുടെ മരണത്തെത്തുടർന്ന് പേർഷ്യൻ സൈന്യത്തിൽ ഒറ്റപ്പെട്ട അഹ്മദ് ഖാൻ, തന്റെ 4000-ത്തോളം വരുന്ന സൈനികരുമായി കന്ദഹാറിലേക്ക് രക്ഷപ്പെട്ടു. തന്റെ സൈന്യബലം കൊണ്ടും പാരമ്പര്യം കൊണ്ടും അഹ്മദ് ഖാൻ, നാദിർഷായുടെ മരണത്തെത്തുടർന്ന് സ്വതന്ത്രരായ പഷ്തൂൺ ജനതയുടെ നേതൃസ്ഥാനത്തെത്തി. 1747 ഒക്ടോബറിൽ, കന്ദഹാർ മേഖലയിലെ അബ്ദാലി പഷ്തൂണുകൾ യോഗം ചേർന്ന് അഹ്മദ് ഖാനെ നേതാവായി തെരഞ്ഞെടുത്തു.

നാദിർഷായുടെ പിൻ‌ഗാമിയായി സ്വയം കരുതിയ അഹ്മദ് ഷാ, അദ്ദേഹത്തെപ്പോലെത്തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക്ക് അധികാരം വ്യാപിപ്പിക്കാൻ ആരംഭിച്ചു. അധികാരമേറ്റ അതേ വർഷം (1747) ഡിസംബറിൽത്തന്നെ ഇദ്ദേഹം ഇന്ത്യയിലേക്കുള്ള ആദ്യ ആക്രമണം നടത്തി. തുടർന്ന് ഏതാണ്ടോരോ വർഷവും ഈ ആക്രമണപരമ്പര ആവർത്തിച്ചുകൊണ്ടേയിരുന്നു.

ഇതിനു പുറമേ ഹെറാത്തും മ‌ശ്‌ഹദുമടങ്ങുന്ന ഖുറാസാൻ മേഖലയിൽ അധികാരത്തിലിരുന്ന നാദിർ ഷായുടെ പൗത്രൻ ഷാ രൂഖിനെ, അഹ്മദ് ഷാ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ തന്റെ സാമന്തനായി മശ്‌ഹദിൽ ഭരണം തുടരാനനുവദിക്കുകയും ചെയ്തു. വടക്കൻ അഫ്ഗാനിസ്താനിലെ ഉസ്‌ബെക്കുകളേയും, മദ്ധ്യ അഫ്ഗാനിസ്താനിലെ ഹസാരകളേയും പരാജയപ്പെടുത്തി, കിഴക്ക് സിന്ധു മുതൽ പടിഞ്ഞാറ്‌ മശ്‌ഹദ് വരെയും വടക്ക് അമു ദര്യ നദി മുതൽ തെക്ക് അറബിക്കടൽ വരെയും ഉള്ള പ്രദേശങ്ങൾ അഹമ്മദ് ഷാ, ദുറാനി സാമ്രാജ്യത്തിന് കീഴിലാക്കി[2].

തിമൂർ ഷാ[തിരുത്തുക]

തിമൂർ ഷാ

1773 ജൂൺ മാസം കന്ദഹാറിൽ വച്ച് അഹ്മദ് ഷാ മരണമടഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ തിമൂർ ഷാ അധികാരത്തിലേറി. അഹമ്മദ് ഷായുടെ ഭരണകാലത്ത്, തിമൂർ പഞ്ചാബിൽ വസിച്ച് ഇവിടത്തെ കാര്യങ്ങൾ നോക്കിനടത്തി. മറാഠകളും സിഖുകാരുടേയും ആക്രമണത്തെത്തുടർന്ന് തിമൂറിന് പഞ്ചാബ് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. പിന്നീട് ഇദ്ദേഹം ഹെറാത്തിലെ ഭരണച്ചുമതലയിലെത്തി. തന്റെ പിതാവിന്റെ മരണശേഷം രാജാവായെങ്കിലും തലസ്ഥാനമായ കന്ദഹാറിലേക്ക് മാറാതെ, ഹെറാത്തിൽ നിന്നുതന്നെ തിമൂർ ഭരണം തുടർന്നു. ഈ അവസരത്തിൽ തിമൂറിന്റെ മൂത്ത സഹോദരൻ സുലൈമാൻ മിർസ, ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും തിമൂർ ഇതിനെ അതിജീവിച്ചു. കൂടുതലായും വിദേശത്ത് പ്രവർത്തിച്ചതിനാൽ, തിമൂറിന് ദുറാനി തലസ്ഥാനമായ കന്ദഹാറിൽ മതിപ്പ് സൃഷ്ടിക്കാനായില്ല. തിമൂറിന്റെ കാലത്താണ് ദുറാനി സാമ്രാജ്യത്തിന്റെ തലസ്ഥാനം കാബൂളിലേക്ക് മാറ്റിയത്.

താജിക്, ഖ്വിസിൽബാഷ് വിഭാഗക്കാരെ കൂടുതലായി ഭരണത്തിലും സൈന്യത്തിലും ഉൾപ്പെടുത്തിയതു മൂലം, പ്രജകളായ പഷ്തൂണുകൾ തിമൂറിൽ നിന്ന് അകലുകയും സാമ്രാജ്യത്തിൽ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്ത് പഞ്ചാബും വടക്കൻ അഫ്ഗാനിസ്താനും ദുറാനി സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ നിന്നും വേർപെട്ടു. 1793 മേയ് 20-ന് കാബൂളിൽ വച്ച് തിമൂർ മരണമടഞ്ഞു. ശത്രുക്കൾ ഇദ്ദേഹത്തിന് വിഷം നൽകി വധിച്ചതാണെന്നും പറയപ്പെടുന്നു[2].

സമാൻ ഷാ[തിരുത്തുക]

സമാൻ ഷാ ദുറാനി

23 ആണ്മക്കളും 13 പെണ്മക്കളുമായി 36 മക്കൾ തിമൂറിനുണ്ടായിരുന്നു. ആരെയും അദ്ദേഹം തന്റെ പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്നുമില്ല. തിമൂറിന്റെ മരണസമയത്ത്, മൂത്തമകൻ ഹുമായൂൺ, കന്ദഹാറിലേയും മറ്റൊരു മകൻ മഹ്മൂദ് ഹെറാത്തിലേയും, അബ്ബാസ് എന്ന ഒരു മകൻ പെഷവാറിലേയും ഭരണനിർവാഹകരായിരുന്നു. പ്രബലരായ ഈ മക്കളാരും തിമൂറിന്റെ മരണസമയത്ത് കാബൂളിലുണ്ടായിരുന്നില്ല. യൂസഫ്സായ് വംശത്തിൽപ്പെട്ട സ്ത്രീയിൽ തിമൂറിനുണ്ടായ സമാൻ, ഷൂജ അൽ മുൾക് എന്നീ രണ്ടു സഹോദരന്മാരാണ് ഈ സമയത്ത് കാബൂളിലുണ്ടായിരുന്നത്. ഇതിൽ മൂത്തവനായ സമാൻ, തിമൂറിന്റെ മരണശേഷം സമാൻ ഷാ എന്ന പേരിൽ അധികാരമേറ്റു. ഇതിനായി, കാബൂളിലുണ്ടായിരുന്ന മിക്കവാറും രാജകുമാരന്മാരേയും അപ്പർ ബാല ഹിസാറിൽ തടവിലാക്കി. തിമൂറിന്റെ മൂത്തമകനായിരുന്ന ഹുമായൂണിനെ, അന്ധനാക്കിയതിനു ശേഷമാണ് ഇവിടെ തടവിലാക്കിയത്.

തന്റെ സ്ഥാനം നിലനിർത്തുന്നതിനുള്ള പരാക്രമങ്ങൾക്കിടയിൽ സ്വന്തം വംശക്കാരായ ദുറാനികൾക്കിടയിൽ സമാൻ ഷായുടെ മതിപ്പ് കുറഞ്ഞു വരുകയും തന്റെ അംഗരക്ഷകരായ ഷിയാ ഖ്വിസിൽബാഷ് സൈനികരാൽ ചുറ്റപ്പെട്ട് അദ്ദേഹം ഏതാണ്ട് ഒറ്റപ്പെടുകയും ചെയ്തു. ഇക്കാലത്ത് തന്നെ ഇറാനിൽ അധികാരത്തിലെത്തിയ ഖ്വാജറുകളുടെ രാജവംശം അതിന്റെ സ്ഥാപകനായിരുന്ന ആഘാ മുഹമ്മദ് ഷായുടെ നേതൃത്വത്തിൽ മശ്‌ഹദ് നഗരം കൈയടക്കുകയും ഇറാനിലെ ദുറാനി ആധിപത്യത്തിന് അന്ത്യം വരുത്തുകയും ചെയ്തു. എങ്കിലും സിഖുകാർക്കെതിരെ ചില നിർണായകവിജയങ്ങൾ കൈയടക്കാൻ സമാൻഷാക്ക് സാധിച്ചു. ലാഹോർ കൈയടക്കുകയും അവിടെ അഫ്ഗാനികളുടെ പ്രതിനിധിയായി രഞ്ജിത് സിങ്ങിനെ നിയമിക്കുകയും ചെയ്തു.

1800-ൽ സഹോദരൻ, മഹ്മൂദും, ദുറാനികളിലെ മറ്റൊരു പ്രധാന വംശമായ ബാരക്സായ് വംശത്തിലെ മുഹമ്മദ്സായ് വിഭാഗത്തിലെ ഫത് ഖാനും ചേർന്ന് കന്ദഹാറിലും പരിസരത്തുമുള്ള നിരവധി ദുറാനികളുടെ സഹായത്തോടെ സമാൻ ഷായെ പരാജയപ്പെടുത്തി. തുടർന്ന് അന്ധനാക്കപ്പെട്ട സമാൻ ഷാ, 1844-ൽ ലുധിയാനയിൽ വച്ച് ബ്രിട്ടീഷ് ആശ്രിതനായിരിക്കവേയാണ് മരണമടഞ്ഞത്.[2].

മഹ്മൂദ് ഷാ, ഷാ ഷൂജ[തിരുത്തുക]

സമാൻ ഷായെ പുറത്താക്കി, 1800-ആമാണ്ടിൽ മഹ്മൂദ് ഷാ, കാബൂളിൽ അധികാരത്തിലെത്തി. ഫത് ഖാന്റെ ശക്തമായ പിന്തുണയിൽ ഇദ്ദേഹം ഭരണം നടത്തിയെങ്കിലും മൂന്നു വർഷമേ ഈ ഭരണം നീണ്ടുള്ളൂ. തുടക്കത്തിൽ കന്ദഹാറിലും വടക്കൻ അഫ്ഗാനിസ്താനിലും ചില വിജയങ്ങൾ നേടാനും, സമാൻ ഷായുടെ സഹോദരൻ ഷാ ഷൂജയുടെ സേനയെ പലവട്ടം പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും 1803 ജൂൺ മാസം, മഹ്മൂദിനെ തോൽപ്പിച്ച് ഷാ ഷൂജ അധികാരത്തി.

പല അട്ടിമറിശ്രമങ്ങളേയും അതിജീവിച്ച ഷൂജ, 1809 വരെ അധികാരത്തിൽ തുടർന്നു. ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി ആദ്യമായി ബന്ധം സ്ഥാപിച്ച കാബൂൾ ഭരണാധികാരിയായിരുമായിരുന്നു ഷാ ഷൂജ. 1809-ൽ ബ്രിട്ടീഷുകാരുടെ പ്രതിനിധിയായിരുന്ന മൌണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോൺ ഷാ ഷുജായെ സന്ദർശിക്കുകയും ഒരു സൗഹൃദസന്ധിയിൽ ഒപ്പുവക്കുകയും ചെയ്തു.

1809-ൽ മഹ്മൂദ് ഷായുടേയും ഫത് ഖാന്റേയും സൈന്യം ഷാ ഷൂജയെ പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി[2].

സാമ്രാജ്യത്തിന്റെ അധഃപതനം[തിരുത്തുക]

രണ്ടാം വട്ടം രാജാവായെങ്കിലും അധഃപതനത്തിലായിരുന്ന ദുറാനി സാമ്രാജ്യത്തിന്റെ വിധി മാറ്റിയെഴുതാൻ മഹ്മൂദിനും കഴിഞ്ഞില്ല. ലാഹോറിലെ മുൻ അഫ്ഗാൻ പ്രതിനിധിയായിരുന്ന രഞ്ജിത് സിങ് 1813-ൽ ഫത് ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സേനയെ പരാജയപ്പെടുത്തി, സിന്ധൂനദീതീരത്തുള്ള അറ്റോക്കിലെ (attock) പ്രശസ്തമായ കോട്ട കൈയടക്കി. ഫത് ഖാന്റെ ഇളയ സഹോദരനും അഫ്ഘാനിസ്താനിലെ പിൽക്കാല അമീറൂമായിരുന്ന ദുസ്ത് മുഹമ്മദ് ഖാനും ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് 1818-ൽ മുൾത്താനും 1819-ൽ കശ്മീരും സിഖുകാർ അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി.

ഇക്കാലത്ത് അവടക്കൻ അഫ്ഘാനിസ്താനിലെ നിയന്ത്രണവും അഫ്ഗാനികൾക്ക് നഷ്ടമായി. ഇവിടെ വിവിധ ഉസ്ബെക് നേതാക്കആൾ സ്വതന്ത്രഭരണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താഷ് ഖുർഗാന്റെ ഭരണാധികാരിയായിരുന്ന ഖ്വിലിച്ച് അലിയും 1817-ൽ അദ്ദേഹത്തിന്റെ മരണശേഷം ബുഖാറയുടെ അമീറും വടക്കൻ അഫ്ഗാനിസ്താനിൽ അധികാരം സ്ഥാപിച്ചു. ബുഖാറ അമീറിന്റെ പിന്വാങ്ങലില്നു ശേഷം ഖുണ്ടുസിലെ ഉസ്ബെക് ഭരണാധികാരിയായിരുന്ന മുറാദ് ബെഗ് (ഭരണകാലം 1817-40?) വടക്കും വടക്കുകിഴക്കൻ അഫ്ഘാനിസ്താനും അമു ദര്യയുടെ വടക്കുള്ള പ്രദേശങ്ങളും കുറേക്കാലം ഭരിച്ചു. മുറാദ് ബെഗിന്റെ മരണശേഷം ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഖ്വിലിച്ക് അലിയുടെ പുത്രൻമാരിലൊരാളായിരുന്ന മിർ വാലിയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തി. താഷ്ഖുർഗാൻ കേന്ദ്രമാക്കി അദ്ദേഃഅം 1850 വരെ വടക്കൻ അഫ്ഗാനിസ്താന്റെ നിയന്ത്രണം കൈയാളി.

ഈ സമയത്ത് കാബൂളിൽ ഷാ മഹ്മൂദിന്റേയും അയാളുടെ മകൻ കമ്രാന്റേയും നേതൃത്വത്തിലുള്ള പോപത്സായ് വംശജരും ബാരക്സായ് വംശത്തിലെ ഫത് ഖാനും തമ്മിൽ അധികാരത്തർക്കങ്ങൾ രൂക്ഷമായി. 1818-ൽ ഫത് ഖാനെ ഹെറാത്തിൽ വച്ച് പോപത്സായ്കൾ അന്ധനാക്കുകയും പിന്നീട് പീഡനങ്ങൾക്ക് വിധേയനാക്കി വധിക്കുകയും ചെയ്തു. ഇത് ദുറാനി സാമ്രാജ്യത്തിന്റെ അധഃപതനം വേഗത്തിലാക്കി.[2]

ബാരക്സായ്‌കളുടെ ഉയർച്ച, സാദോസായ് സാമ്രാജ്യത്തിന്റെ അന്ത്യം[തിരുത്തുക]

തുടക്കം മുതൽ തന്നെ അഹ്മദ്ഷായുടെ വംശമായ പോപൽ‌സായ്/സാദോസായ്കളും ബാരക്സായ്‌കളും തമ്മിൽ എതിർപ്പ് നിലനിന്നിരുന്നു. ഫത് ഖാന്റെ മരണത്തോടെ ഈ എതിർപ്പ് രൂക്ഷമായി. ഫത് ഖാന്റെ മരണശേഷം, 1818-ൽ അദ്ദേഹത്തിന്റെ ഇരുപതോളം സഹോദരന്മാർ ഒന്നു ചേർന്ന് കാബൂളിലെ ഷാ മഹ്മൂദിനെ അധികാരത്തിൽ നിന്നും പുറത്താക്കി. കാബൂളിൽ നിന്നും തന്റെ മകൻ കമ്രാന്റെ ശക്തികേന്ദ്രമായിരുന്ന ഹെറാത്തിലേക്ക് കടന്ന മഹ്മൂദ്, ഹെറാത്തിൽ നിന്നാണ് പിന്നീട് ഭരണം തുടർന്നത്. 1829-ൽ ഷാ മഹ്മൂദ് മരണമടഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ മകൻ കമ്രാനും ഇവിടെ നിന്നുകൊണ്ടുതന്നെ 1842 വരെ ഭരണം തുടർന്നു.

ഇതേ സമയം ഷാ മഹ്മൂദിന്റെ സ്ഥാനത്ത് മറ്റൊരു സാദോസായ് രാജാവിനെ പാവഭരണാധികാരിയായി കാബൂളിൽ വാഴിക്കാനായി ബാരക്സായ്/മുഹമ്മദ്സായ് സഹോദരന്മാർ തീരുമാനിച്ചു. ഇതിനായി ഷാ ഷൂജയെ ഇവർ തിരിച്ചു വിളിച്ചെങ്കിലും മുഹമ്മദ്സായ്കളുടെ ഉത്തരവ് പാലിക്കുന്നില്ലെന്ന കാരണത്താൽ അദ്ദേഹത്തെ പുറത്താക്കി. തുടർന്ന് തിമൂറിന്റെ മറ്റൊരു പുത്രനായിരുന്ന അയൂബ് മിർസയെ തത്സ്ഥാനത്ത് നിയമിച്ചു. എങ്കിലും അയാളേയും 1823-ൽ പുറത്താക്കി.

1823-ൽ സിഖുകാർ ബാരക്സായ്കളെ നോഷേറ യുദ്ധത്തിൽ വച്ച് പരാജയപ്പെടുത്തുകയും മുഹമ്മദ് അസം ഖാൻ എന്ന ഒരു ബാരക്സായ് സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ പെഷവാറിന്റെ നിയന്ത്രണവും അഫ്ഗാനികൾക്ക് നഷ്ടമായി. പിന്നീട് 1826-ൽ ബാരക്സായ് സഹോദരന്മാരിൽ ഏറ്റവും ഇളയവനായ ദോസ്ത് മുഹമ്മദ് ഖാൻ അമീർ ആയി അധികാരമേറ്റെടുത്തതോടെ ദുറാനി സാമ്രാജ്യത്തിന് ഔദ്യോഗിക അന്ത്യമായി.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 218–227. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  2. 2.0 2.1 2.2 2.3 2.4 2.5 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 228–242. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
"https://ml.wikipedia.org/w/index.php?title=ദുറാനി_സാമ്രാജ്യം&oldid=2360161" എന്ന താളിൽനിന്നു ശേഖരിച്ചത്