Jump to content

തിമൂർ ഷാ ദുറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിമൂർ ഷാ ദുറാനി
ദുറാനി സാമ്രാജ്യത്തിലെ ഷാ
തിമൂർ ഷായുടെ രേഖാചിത്രം
ഭരണകാലംദുറാനി സാമ്രാജ്യം: 1772 - 1793
പൂർണ്ണനാമംതിമൂർ ഷാ ദുറാനി
പദവികൾബാദ്ഷാ
അടക്കം ചെയ്തത്മക്‌ബറ ഇ തിമൂർ ഷാ, കാബൂൾ
മുൻ‌ഗാമിഅഹ്മദ് ഷാ ദുറാനി
പിൻ‌ഗാമിസമാൻ ഷാ ദുറാനി
രാജവംശംദുറാനി സാമ്രാജ്യം
പിതാവ്അഹ്മദ് ഷാ ദുറാനി

ദുറാനി സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്നു തിമൂർ ഷാ എന്ന തിമൂർ ഷാ ദുറാനി (1748 – 1793 മേയ് 18). തന്റെ പിതാവ് അഹ്മദ് ഷാ ദുറാനിയുടെ മരണശേഷം 1772 ഒക്ടോബർ 16 മുതൽ 1793-ൽ തന്റെ മരണം വരെ ഇദ്ദേഹം സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. അഹ്മദ് ഷാ ദുറാനിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകനായ അഹമ്മദ് ഷായുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യയിലുണ്ടായ പുത്രനായിരുന്നു തിമൂർ. തന്റെ പിതാവ് രാജാവാകുന്നതിന് ഒരു വർഷം മുൻപ്, അതായത് 1746-ൽ കിഴക്കൻ ഇറാനിലെ മശ്‌ഹദിൽ വച്ചാണ് തിമൂർ ജനിച്ചത്. തിമൂറിന്റെ മാതാവ്, ജലാലാബാദിൽ താമസമാക്കിയ ഒരു അറബി നേതാവിന്റെ പുത്രിയാണ്[1].

പിതാവിന്റെ കീഴിലുള്ള പ്രതിനിധിഭരണം[തിരുത്തുക]

അഹ്മദ് ഷാ അബ്ദാലിയുടെ 1756/57 കാലത്തെ ഇന്ത്യൻ ആക്രമണത്തിൽ തിമൂർ പങ്കെടുത്തിരുന്നു. ഇക്കാലത്ത് അമൃത്സർ ആക്രമിക്കുന്നതിൽ ഇദ്ദേഹം നേതൃനിരയിലുണ്ടായിരുന്നു. ഇന്ത്യയിലെ മുഗൾ ചക്രവർത്തി ആലംഗീർ രണ്ടാമനെ അഹ്മദ് ഷാ കീഴടക്കിയതിനെത്തുടർന്ന് തിമൂർ, ആലംഗീറിന്റെ പുത്രിയെ വിവാഹം ചെയ്തിരുന്നു. ഈ ആധിപത്യത്തിനു ശേഷം തിമൂർ തന്റെ പിതാവിനു കീഴിൽ പഞ്ചാബിലെ പ്രതിനിധിയായി ലാഹോറിൽ ഭരണം നടത്തി.

1759-ൽ അഹ്മദ് ഷാ മറാഠകളുടേയും സിഖുകളുടേയും സഖ്യസേന, തിമൂറടക്കമുള്ള അഫ്ഗാനികളെ ലാഹോറിൽ നിന്ന് തുരത്തി. ഇതിനു ശേഷം അഹ്മദ് ഷാ തിരിച്ചെത്തി ഈ പ്രദേശങ്ങൾ വീണ്ടൂം നിയന്ത്രണത്തിലാക്കിയെങ്കിലും തിമൂർ പിന്നീട് പഞ്ചാബിലേക്ക് മടങ്ങാതെ വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്തിൽ പ്രതിനിധിയായി ഭരണം നടത്തി.

ചക്രവർത്തിപദത്തിലേക്ക്[തിരുത്തുക]

തനിക്കു ശേഷം തിമൂറിനെയാണ്‌ അഹ്മദ് ഷാ പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്നത്. തന്റെ പിതാവിന്റെ മരണശേഷം രാജാവായെങ്കിലും തലസ്ഥാനമായ കന്ദഹാറിലേക്ക് മാറാതെ, ഹെറാത്തിൽ നിന്നുതന്നെ തിമൂർ ഭരണം തുടർന്നു. ഈ അവസരത്തിൽ തിമൂറിന്റെ മൂത്ത സഹോദരൻ സുലൈമാൻ മിർസ, തന്റെ ഭാര്യാപിതാവും അഹമ്മദ് ഷായുടെ മന്ത്രിയും ആയിരുന്ന ഷാ വാലി ഖാന്റെ പിന്തുണയോടെ കന്ദഹാറിൽ അധികാരമുറപ്പിക്കാൻ ശ്രമിച്ചു. ഉടൻ തന്നെ കന്ദഹാറിലെത്തിയ തിമൂർ തന്റെ സഹോദരനെ ഇന്ത്യയിലേക്ക് തുരത്തിയോടിക്കുകയും ഷാ വാലി ഖാനെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു[1].

കാബൂളിലേക്ക്[തിരുത്തുക]

ഭരണത്തിൽ കൈകടത്തിയിരുന്ന വംശനേതാക്കളുടെ പിടിയിൽ നിന്നും സ്വയം മോചിതനാകുന്നതിനായി, 1775/76 കാലഘട്ടത്തിൽ തിമൂർ, തന്റെ തലസ്ഥാനം കന്ദഹാറിൽ നിന്നും കുറഞ്ഞ പഷ്തൂൺ ജനസംഖ്യയുള്ള കാബൂളിലേക്ക് മാറ്റി. കാബൂളിൽ അദ്ദേഹം, ബാല ഹിസാർ-ഇ പായിൻ എന്ന കോട്ട പണികഴിപ്പിച്ചു. കാബൂളിലെ പഴയ കോട്ടയായ ബാലാ ഹിസാർ ഇ-ബാല എന്ന കോട്ടയുടെ എതിർ‌വശത്തായിരുന്നു ഇത്. പെഷവാറായിരുന്നു തിമൂർ ശൈത്യകാലതലസ്ഥാനമാക്കിയിരുന്നത്[1].

തിരിച്ചടികൾ[തിരുത്തുക]

മുഹമ്മദ്സായ് വിഭാഗത്തിന്റെ നേതാവായിരുന്ന ഹജ്ജി ജമാൽ ഖാന്റെ പുത്രൻ പയിന്ദ ഖാനെത്തന്നെ തിമൂർ തന്റെ പ്രധാന ഉപദേഷ്ടാവാക്കിയെങ്കിലും,[2] ഭരണത്തിൽ താജിക്ക് വംശജരെ കൂടുതലായി ഉൾപ്പെടുത്തി.[1] ഇതിനു പുറമേ 12000-ത്തോളം ഷിയാക്കളായ ഖ്വിസിൽബാഷ് കുതിരപ്പടയാളികളെ തന്റെ അംഗരക്ഷകരായി നിയമിച്ചു.[2]

ഈ നടപടികൾ മൂലം, തിമൂർ ഒരു പഷ്തൂൺ വിരോധിയും പേർഷ്യൻ പക്ഷക്കാരനുമാണെന്ന ഒരു പ്രതീതി പഷ്തൂണുകൾക്കിടയിൽ സൃഷ്ടിച്ചു. തിമൂറീന് പഷ്തു ഭാഷ അത്ര വശമില്ലാതിരുന്നതും പേർഷ്യൻ ഭാഷ നന്നായി സംസാരിച്ചിരുന്നതും ഈ ആരോപണത്തെ കൂടുതൽ ശക്തിപ്പെടുത്തി[ക]. പഷ്തൂണുകൾക്കിടയിലെ തിമൂറിന്റെ അനഭിമത, സാമ്രാജ്യത്തിലുടനീളം കലാപങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമായി[ഖ]

തിമൂർ, പഷ്തൂണുകൾക്കിടയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ പരിശ്രമിക്കുമ്പോൾ, സിഖുകാർ പഞ്ചാബിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയിരുന്നു. 1781-ൽ ഇവർ മുൾത്താൻ പിടിച്ചടക്കി. ഇതേ വർഷം തന്നെ അഫ്ഗാനികൾ ഈ നഗരം തിരിച്ചു പിടിച്ചെങ്കിലും നില അത്ര ഭദ്രമായിരുന്നില്ല.

ഇതിനു പുറമേ വടക്കു നിന്നും ആക്രമണങ്ങളേയ്യും ഇക്കാലത്ത് അഫ്ഗാനികൾക്ക് നേരിടേണ്ടി വന്നു. 1785-ൽ ബുഖാറയിലെ ഉസ്ബെക് നേതാവും മംഗിത് സാമ്രാജ്യത്തിന്റെ സ്ഥാപകനുമായ അമീർ മുറാദ്, വടക്കൻ അഫ്ഗാനിസ്താൻ ആക്രമിച്ചു. ഇവർ ഉടൻ തന്നെ പിൻ‌വാങ്ങിയെങ്കിലും വടക്കൻ അഫ്ഘാനിസ്താന്റെ നിയന്ത്രനം കാബൂളിൽ നിന്നും വിട്ട് സ്വതന്ത്രമായി മാറി. പടിഞ്ഞാറ്‌ മശ്‌ഹദിൽ, അഫ്ഗാനികളുടെ സാമന്തനായിരുന്ന, നാദിർഷായുടെ പൗത്രൻ ഷാ രൂഖിന്റെ നേതൃത്വത്തിൽ, ഖ്വാജറുകൾക്കെതിരെ ചില വിജയങ്ങൾ നേടാൻ സാദോസായ് സാമ്രാജ്യത്തിനായി.

1791-ൽ ചില മോഹ്മന്ദ്, അഫ്രീദി പഷ്തൂൺ വംശജർ, തിമൂറിനെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇതിനെത്തുടർന്ന് ഗൂഢാലോചനക്കാരായ രണ്ടു പേരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.[1] ഇതിനു പുറമേ ഇതിന് നേതൃത്വം നൽകിയെന്നാരോപിച്ച്, മൊഹ്മന്ദ് പഷ്തൂൺ വിഭാഗത്തിന്റെ നേതാവിനെ ചതിയിലൂടെ തടവിലാക്കുകയും വധിക്കുകയും ചെയ്തു.[2] കാര്യമായ തെളിവിന്റെ അഭാവത്തിലുള്ള ഈ നടപടിയും പഷ്തൂണുകൾക്കിടയിലെ തിമൂറീന്റെ മതിപ്പ് കുറച്ചു[1].

അന്ത്യം[തിരുത്തുക]

1793-ൽ പെഷവാറിൽ നിന്നും കാബൂളിലേക്കുള്ള യാത്രമദ്ധ്യേ, രോഗബാധിതനായ തിമൂർ, ഈ വർഷം മേയ് 20-ന് കാബൂളീൽ വച്ച് മരണമടഞ്ഞു. ശത്രുക്കൾ ഇദ്ദേഹത്തിന് വിഷം നൽകി വധിച്ചതാണെന്നും കിംവദന്തികളുണ്ട്. കാബൂളിന്റെ മദ്ധ്യഭാഗത്ത്, കാബൂൾ നദിയുടെ തെക്കുഭാഗത്തായാണ് തിമൂർ ഷായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്[1].

23 ആണ്മക്കളും 13 പെണ്മക്കളുമായി 36 മക്കൾ തിമൂറിനുണ്ടായിരുന്നു. ആരേയും തന്റെ പിൻ‌ഗാമിയായി അദ്ദേഃഅം പ്രഖ്യാപിച്ചിരുന്നുമില്ല. മരണസമയത്ത് കാബൂളിലുണ്ടായിരുന്ന സമാൻ ഷാ എന്ന പുത്രൻ അധികാരമേൽക്കുകയും തിമൂറിന്റെ മറ്റ് ആണ്മക്കളിൽ പലരേയും തടവിലാക്കുകയും ചെയ്തു.

കുറിപ്പുകൾ[തിരുത്തുക]

  • ക. ^ മുൻപ്, പേർഷ്യക്കാർ ധാരാളമായി വസിച്ചിരുന്ന ഹെറാത്തിൽ വസിച്ചിരുന്നതിനാൽ, തിമൂർ പേർഷ്യൻ ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്നു[1].
  • ഖ. ^ ഹഖാമനി ചക്രവർത്തി കാംബൈസസിന്റെ സഹോദരൻ ബർദിയക്കുണ്ടായ അനുഭവത്തെ ചരിത്രകാരന്മാർ ഇതിനോട് സാദൃശ്യപ്പെടുത്തുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 235–236. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter II - The empire of Ahmad Shah Durrani, First King of Afghanistan and his Sadozai Successors (1747-1818)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 66. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=തിമൂർ_ഷാ_ദുറാനി&oldid=3839536" എന്ന താളിൽനിന്ന് ശേഖരിച്ചത്