സമാൻ ഷാ ദുറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമാൻ ഷാ ദുറാനി
അഫ്ഗാനിസ്താനിലെ ദുറാനി സാമ്രാജ്യത്തിന്റെ ചക്രവർത്തി
സമാൻ ഷാ ദുറാനിയുടെ രേഖാചിത്രം
ഭരണകാലം1793 - 1800
പൂർണ്ണനാമംസമാൻ ഷാ ദുറാനി
മുൻ‌ഗാമിതിമൂർ ഷാ ദുറാനി
പിൻ‌ഗാമിമഹ്മൂദ് ഷാ ദുറാനി
രാജവംശംദുറാനി സാമ്രാജ്യം
പിതാവ്തിമൂർ ഷാ ദുറാനി

1793 മുതൽ 1800 വരെ ദുറാനി സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു സമാൻ ഷാ ദുറാനി (c.1770 - 1844). ഇദ്ദേഹം തിമൂർ ഷാ ദുറാനിയുടെ അഞ്ചാമത്തെ പുത്രനും ദുറാനി സാമ്രാജ്യസ്ഥാപകൻ അഹ്മദ് ഷാ ദുറാനിയുടെ പൗത്രനുമായിരുന്നു. ദുറാനി സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് സമാൻ ഷാ. പിൻ‌ഗാമിയെ പ്രഖ്യാപിക്കാതെ തന്റെ പിതാവ് തിമൂർ ഷാ മരണമടഞ്ഞതിനു ശേഷം, പ്രമാണിമാരായ തന്റെ മറ്റു സഹോദരന്മാരെ പിന്തള്ളിയാണ് സമാൻ ഷാ ചക്രവർത്തിയായത്.

അധികാരത്തിലേക്ക്[തിരുത്തുക]

ദുറാനി സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്ന തിമൂർ ഷാ, 1793 മേയ് 20-ന് കാബൂളിൽ വച്ച് ആകസ്മികമായാണ് മരണമടഞ്ഞത്. 23 ആണ്മക്കളും 13 പെണ്മക്കളുമായി 36 മക്കൾ തിമൂറിനുണ്ടായിരുന്നു. തിമൂറിന്റെ മരണസമയത്ത്, മൂത്തമകൻ ഹുമായൂൺ, കന്ദഹാറിലേയും മറ്റൊരു മകൻ മഹ്മൂദ് ഹെറാത്തിലേയും, അബ്ബാസ് എന്ന ഒരു മകൻ പെഷവാറിലേയും ഭരണനിർവാഹകരായിരുന്നു. മൂവരും യഥാക്രമം സാദോസായ്, പോപത്സായ്, ഇഷാഖ്സായ് വംശത്തിൽപ്പെട്ട സ്ത്രീകളിൽ തിമൂറിനുണ്ടായ പുത്രന്മാരായിരുന്നു.

തിമൂറിന്റെ മരണസമയത്ത് പ്രബലരായ ഈ മൂന്നു മക്കളും കാബൂളിലുണ്ടായിരുന്നില്ല. യൂസഫ്സായ് വംശത്തിൽപ്പെട്ട സ്ത്രീയിൽ തിമൂറിനുണ്ടായ പുത്രന്മാരിലൊരാളായിരുന്നു സമാൻ ഷാ. പിൽക്കാലത്ത് ചക്രവർത്തിയായ ഷുജ അൽ മുൾക് സമാന്റെ നേർ സഹോദരനായിരുന്നു. സമാനും ഷൂജയും മാത്രമേ തിമൂറിന്റെ മരണസമയത്ത് കാബൂളിലുണ്ടായിരുന്നുള്ളൂ. ഇവരിൽ മൂത്തവനായ സമാൻ, തിമൂറിന്റെ മരണശേഷം സമാൻ ഷാ എന്ന പേരിൽ അധികാരമേറ്റു. അഹമ്മദ് ഷായുടെ മുൻ‌കാല ഉപദേഷ്ടാവായിരുന്ന ഹജ്ജി ജമാൽ ഖാന്റെ പുത്രൻ, പയിന്ദ മുഹമ്മദ് ഖാൻ മുഹമ്മദ്സായുടെ ശക്തമായ പിന്തുണയോടുകൂടിയാണ് ഈ കിരീടധാരണം നടന്നത്. ഇതിനായി, കാബൂളിലുണ്ടായിരുന്ന മിക്കവാറും രാജകുമാരന്മാരേയും അപ്പർ ബാല ഹിസാറിൽ തടവിലാക്കി. തിമൂറിന്റെ മൂത്തമകനായിരുന്ന ഹുമായൂണിനെ, അന്ധനാക്കിയതിനു ശേഷമാണ് ഇവിടെ തടവിലാക്കിയത്[1].

വെല്ലുവിളികളും വിജയങ്ങളും[തിരുത്തുക]

ആദ്യത്തെ കുറച്ചു വർഷങ്ങളിൽത്തന്നെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളേയും സമാൻ ഷാ സമർത്ഥമായി നേരിട്ടു. ഇതിനായി നിരവധി പേരെ സ്ഥാനഭ്രഷ്ടരാക്കുകയും വധിക്കുകയും ചെയ്തു. ഇതോടെ സ്വന്തം വംശക്കാരായ ദുറാനികൾക്കിടയിൽ സമാൻ ഷായുടെ മതിപ്പ് കുറഞ്ഞു വരുകയും തന്റെ അംഗരക്ഷകരായ ഷിയാ ഖ്വിസിൽബാഷ് സൈനികരാൽ ചുറ്റപ്പെട്ട് അദ്ദേഹം ഏതാണ്ട് ഒറ്റപ്പെടുകയും ചെയ്തു.

സമാൻ ഷാ അധികാരത്തിലേറിയ കാലത്തു തന്നെ ഇറാനിൽ അധികാരത്തിലെത്തിയ ഖ്വാജറുകളുടെ രാജവംശം അതിന്റെ സ്ഥാപകനായിരുന്ന ആഘാ മുഹമ്മദ് ഷായുടെ നേതൃത്വത്തിൽ ദുറാനികളുടെ പ്രതിനിധിയായിരുന്ന ഷാ രൂഖിനെ പരാജയപ്പെടുത്തി മശ്‌ഹദ് നഗരം കൈയടക്കുകയും ഇറാനിലെ ദുറാനി ആധിപത്യത്തിന് അന്ത്യം വരുത്തുകയും ചെയ്തു. ഖാജറുകളെ, വടക്കു പടിഞ്ഞാറു ഭാഗത്തു നിന്ന് റഷ്യക്കാർ ആക്രമിച്ചതോട് ഇവർ തുടർന്ന് അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചില്ല.

ലാഹോർ നിയന്ത്രണത്തിലാക്കാൻ സാധിച്ച അവസാനത്തെ അഫ്ഗാൻ രാജാവാണ് സമാൻ ഷാ. സിഖുകാർക്കെതിരെ പോരാടിയ ഇദ്ദേഹം, മൂന്നു വട്ടം പഞ്ചാബ് കിഴടക്കി. മൂന്നാം വട്ടം ആക്രമണത്തിനു ശേഷം, ഇന്ത്യയിലായിരിക്കവേ, തന്റെ അർദ്ധസഹോദരൻ മഹ്മൂദ്, കാബൂൾ പിടിച്ചടക്കാനെത്തുന്ന വാർത്തയറിഞ്ഞ സമാൻ ഷാ, സിഖ് നേതാവായിരുന്ന രഞ്ജിത് സിങ്ങിനെ ലാഹോറിലെ പ്രതിനിധിയായി നിയമിച്ച് 1799 ഫെബ്രുവരിയിൽ കാബൂളിലേക്ക് മടങ്ങി[1].

പരാജയം[തിരുത്തുക]

അർദ്ധസഹോദരൻ, മഹ്മൂദിന്റെ ഭീഷണി സമാൻ ഷാ കരുതിയതിനേക്കാൾ ശക്തമായിരുന്നു. തനിക്കെതിരെ ഒരു അട്ടിമറിക്ക് ശ്രമിച്ചു എന്നതിന്റെ പേരിൽ, മുഹമ്മദ്സായ് നേതാവും തന്റെ മുൻകൂട്ടാളിയുമായിരുന്ന പയിന്ദ ഖാനെ, സമാൻ ഷാ നേരത്തേ വധിച്ചിരുന്നു. സാദോസായ് കുടുംബത്തെപ്പോലെത്തന്നെ ദുറാനികളിലെ പ്രബലരായ മറ്റൊരു ബാരക്സായ് വിഭാഗത്തിലെ [ക] മുഹമ്മദ്സായ് വംശത്തിൽ അംഗമായിരുന്ന പയിന്ദ ഖാന്റെ പുത്രൻ ഫത് ഖാൻ, തന്റെ പിതാവിനെ വധിച്ചതിനു പ്രതികാരമായി മഹ്മൂദിനെ പിന്തുണച്ചിരുന്നു. ഇതിനു പുറമേ മഹ്മൂദിന്റെ അമ്മയും ദുറാനി വംശത്തിൽ നിന്നുള്ളയാളായതിനാൽ ദുറാനികളുടെ ശക്തമായ പിന്തുണയും ഇയാൾക്കുണ്ടായിരുന്നു. (സമാൻ ഷായുടെ അമ്മ പെഷവാറിനു വടക്കുള്ള അത്ര പ്രബലമല്ലാത്ത യൂസഫ്സായ് പഷ്തൂൺ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു).

1800-ൽ മഹ്മൂദും ഫത് ഖാനും ചേർന്ന് കന്ദഹാറിലും പരിസരത്തുമുള്ള നിരവധി ദുറാനികളുടെ സഹായത്തോടെ സമാൻ ഷായെ പരാജയപ്പെടുത്തി. തുടർന്ന് അന്ധനാക്കപ്പെട്ട സമാൻ ഷാ, 1844-ൽ ലുധിയാനയിൽ വച്ച് ബ്രിട്ടീഷ് ആശ്രിതനായിരിക്കവേയാണ് മരണമടഞ്ഞത്. സമാൻഷായുടെ പരാജയത്തിനു ശേഷം മഹ്മൂദ്, മഹ്മൂദ് ഷാ എന്ന പേരിൽ അധികാരത്തിലേറി.[1].

കുറിപ്പുകൾ[തിരുത്തുക]

ക.^ ബാരക് സായ് വിഭാഗം, അഫ്ഗാൻ വംശജരിൽ വച്ച് ഏറ്റവും ശക്തരായിരുന്നു എന്ന് എൽഫിൻസ്റ്റോൺ 1815-ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 237–238. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമാൻ_ഷാ_ദുറാനി&oldid=2716455" എന്ന താളിൽനിന്ന് ശേഖരിച്ചത്