Jump to content

സഫാരി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saffarid dynasty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഫാറിദ് സാമ്രാജ്യം

سلسله صفاریان
861–1003
സഫാറിദ് സാമ്രാജ്യം അധിന്റെ പരമാവധി വിസ്തൃതിയിൽ
സഫാറിദ് സാമ്രാജ്യം അധിന്റെ പരമാവധി വിസ്തൃതിയിൽ
തലസ്ഥാനംസരഞ്ജ്
പൊതുവായ ഭാഷകൾപേർഷ്യൻ
ഗവൺമെൻ്റ്ഏകാധിപത്യം
അമീർ
 
• 867-879
യാക്കൂബ് ബിൻ ലൈത് അസ്-സഫർ
• 963-1003
ഖലാഫ് I
ചരിത്ര യുഗംമദ്ധ്യകാലം
• സ്ഥാപിതം
861
• ഇല്ലാതായത്
1003
മുൻപ്
ശേഷം
തഹീറിദ് സാമ്രാജ്യം
സമാനിദ് സാമ്രാജ്യം

തെക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടന്നിരുന്ന പുരാതനമേഖലയായ സിസ്താൻ കേന്ദ്രമാക്കി 861-ആമാണ്ടുമുതൽ 1003 വരെ ഭരിച്ചിരുന്ന ഒരു ഇറാനിയൻ പേർഷ്യൻ സാമ്രാജ്യമാണ് സഫാറിദ് സാമ്രാജ്യം (പേർഷ്യൻ: سلسله صفاریان). ഇതിന്റെ തലസ്ഥാനം സരഞ്ജ് ആയിരുന്നു. അൽ സഫാർ എന്ന് വിളിപ്പേരുള്ള യാക്കൂബ് ബിൻ അൽ ലായ്‌ത് ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ.

ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ സിസ്താൻ, ബാഗ്ദാദ് കേന്ദ്രമാക്കിയുള്ള അറബ് ഭരണാധികാരികളുടെ ഒരു അതിർത്തിപ്രദേശം മാത്രമായിരുന്നു. സിസ്താന് കിഴക്ക് സാബൂളിസ്താനും കാബൂളും ഭരിച്ചിരുന്നത് മുസ്ലീങ്ങളല്ലായിരുന്നു.

സഫാറിദ് സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന യാക്കൂബിന്റെ (യാക്കൂബ് ബിൻ അൽ ലായ്‌ത്) പശ്ചാത്തലം അജ്ഞാതമാണ്. അൽ സഫാർ എന്ന വാക്കിനർത്ഥം ചെമ്പുപണിക്കാരൻ എന്നാണ്. യാക്കൂബ് ഒരു ചെമ്പുപണിക്കാരനായാണ് ജീവിതമാരംഭിച്ചത്. ഇദ്ദേഹം ഒരു പെരുവഴിക്കൊള്ളക്കാരനായിരുന്നു എന്നും അഭിപ്രായമുണ്ട്. ഖജീരൈറ്റ് പരിഷ്കരണവാദികൾക്കെതിരെ പൊരുതിയ സിസ്താനിലെ സുന്നികളുടെ തദ്ദേശീയവിഭാഗങ്ങളായിരുന്നു. യാക്കൂബിന്റെ ശക്തികേന്ദ്രം. അറബി അറിയാതിരുന്ന യാക്കൂബ്, ബാഗ്ദാദിലെ അറബി ഭരണാധികാരികളേയും അവരുടെ പ്രതിനിധികളായി ഇറാനിൽ ഭരണനിർവഹണം നടത്തിയിരുന്ന പ്രഭുക്കന്മാരേയും അത്ര കണക്കിലെടുത്തിരുന്നില്ല. എങ്കിലും ബാഗ്ദാദിലെ അറബികളുടെ സാമന്തനെന്ന രീതിയിൽ 861-ആമാണ്ടുമുതൽ സരഞ്ജ് കേന്ദ്രീകരിച്ച് ഭരണം തുടങ്ങി[1].

സാമ്രാജ്യവികസനം

[തിരുത്തുക]
ഒരു സഫാറിദ് സൈനികന്റെ വേഷം

കിഴക്കോട്ടാണ് യാക്കൂബ് ആദ്യമായി തന്റെ അധികാരം വ്യാപിപ്പിച്ചത്. 865-ആമാണ്ടിൽ സാബൂളിസ്താന്റെ ഭരണാധികാരിയെ പരാജയപ്പെടുത്തിയ ഇദ്ദേഹം തുടർന്ന് കാബൂളും വറുതിയിലാക്കി. ഇവിടെ നിന്നും പിടിച്ചെടുത്ത പ്രതിമകളും, ആനകളേയും ബാഗ്ദാദിലേക്ക് സമ്മാനമായി അയച്ചു. ബാമിയൻ താഴ്വര പിടിച്ചടക്കിയ യാക്കൂബ്, ഇവിടം നശിപ്പിക്കുകയും വിലപിടിപ്പുള്ള പലതും ബാഗ്ദാദിലേക്ക് കടത്തുകയും ചെയ്തു. തുടർന്ന് വടക്കുഭാഗത്തേക്ക് ശ്രദ്ധതിരിച്ച യാക്കൂബ് ഹെറാത്ത് കീഴടക്കുകയും 873-ആമാണ്ടിൽ ഇന്നത്തെ വടക്കുകിഴക്കൻ ഇറാനിലെ നിഷാപൂരിൽ നിന്ന് ഭരണം നടത്തിയിരുന്ന തന്റെ അറബി മേലാളന്മാരായിരുന്ന തഹീറിദ് ഭരണാധികാരികളെ പരാജയപ്പെടുത്തി. ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം മിക്കവാറും തുടർന്ന് യാക്കൂബിന്റെ നിയന്ത്രണത്തിലായി. അങ്ങനെ നിരവധി നൂറ്റാണ്ടുകൾക്കു ശേഷം അഫ്ഘാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങൾ താരതമ്യേന സ്വതന്ത്രനായ ഒറ്റ ഇറാനിയൻ രാജാവിന്റെ കീഴിൽ ഏകീകരിക്കപ്പെട്ടു.

തുടർന്ന് യാക്കൂബും സൈന്യവും, പടിഞ്ഞാറുദിക്കിലേക്ക് നീങ്ങി. കിർമാൻ, ഫാഴ്സ്, തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസിസ്താൻ എന്നീപ്രദേശങ്ങൾ സ്വന്തമാക്കി. ഇതിനുശേഷം ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും നഗരത്തിനടുത്ത് വച്ച് ഇദ്ദേഹം പരാജയപ്പെടുകയും തുടർന്ന് 879-ൽ യാക്കൂബ് മരണമടയുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഇറാനിലെ ആഫ്വാസിലാണ് യാക്കൂബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്.

സഹോദരനായിരുന്ന അമ്ര് ബിൻ അൽ ലായ്ത് ആണ് യാക്കൂബിന്റെ പിൻ‌ഗാമിയായി അധികാരമേറ്റത്. 879 മുതൽ 901 വരെയാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. വടക്കോട്ടും പടിഞ്ഞാറോട്ടും അധികാരം വ്യാപിപ്പിക്കാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ തുടക്കം വളരെ വിജയകരമായിരുന്നു. ഇതിനെത്തുടർന്ന് ബാഗ്ദാദിലെ ഖലീഫ, അദ്ദേഹത്തെ സിസ്താന്റേയും ഖുറാസാന്റേയ്യും ഫാഴ്സിന്റേയും ഭരണാധികാരിയായി നിയമിക്കാൻ നിർബന്ധിതനായി.

അധഃപതനം

[തിരുത്തുക]

സഫാറിദ് സാമ്രാജ്യത്തിന്റെ ഉയർച്ചയെ തടയുന്നതിന് ബാഗ്ദാദിൽ നിന്നും ശ്രമങ്ങളുണ്ടായി. 875-ൽ അമു ദാര്യക്ക് വടക്ക്, ഫർഘാനയിലെ സമാനിദ് വംശത്തിലെ നാസർ ബിൻ അഹ്മദിന് മുഴുവൻ ട്രാൻസോക്ഷ്യാനയുടേയും ഭരണാവകാശം, ഖലീഫ അൽമൂത്താമിദ് നൽകി. സഫാറിദുകൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. തുടക്കത്തിൽ ഈ നീക്കത്തിൽ വലിയ ഫലം കണ്ടില്ലെങ്കിലും നാസറിനു ശേഷം അധികാരത്തിലെത്തിയ ഇസ്മാഈൽ ബിൻ അഹ്മദിന്റെ കാലത്ത് (ഭരണകാലം: 892-907) ഈ നീക്കത്തിന് ഫലം കണ്ടു.

900-ആമാണ്ടിൽ സമാനിഡുകൾ, ഇസ്മാഈലിന്റെ നേതൃത്വത്തിൽ ആമ്ര് ബിൻ അൽ ലായ്തിനെ പരാജയപ്പെടുത്തി. തടവുകാരനാക്കി പിടിക്കപ്പെട്ട ആമ്ര്, ബാഗ്ദാദിലേക്കയക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കു ശേഷം ബാഗ്ദാദിൽ വച്ച് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കി. തുടർന്ന് 911-ൽ സരഞ്ജ് സമാനിഡുകൾ പിടിച്ചടക്കിയെങ്കിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ സഫാറിദുകളുടെ പിൻ‌ഗാമികൾ മേഖലയിൽ ഭരണം നടത്തിയിരുന്നു[1].

ചരിത്രാവശിഷ്ടങ്ങൾ

[തിരുത്തുക]

സഫാറിദുകളുടെ കാലത്തെ പ്രധാനപ്പെട്ട ഒരു ചരിത്രാവശിഷ്ടമാണ് ബാൾഖിൽ നിന്നും കണ്ടെടുത്തിട്ടുള്ള നോ ഗോൺബാദ് എന്ന മുസ്ലീം പള്ളി. അഫ്ഘാനിസ്താനിലെ ആദ്യത്തെ ഇസ്ലാമികനിർമ്മിതികളിലൊന്നാണിത്[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 190–192. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സഫാരി_സാമ്രാജ്യം&oldid=1691923" എന്ന താളിൽനിന്ന് ശേഖരിച്ചത്