സാബൂളിസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നത്തെ ഇറാന്റേയും അഫ്ഗാനിസ്താന്റേയും അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പുരാതനമേഖലയാണ് സാബൂളിസ്താൻ അഥവാ സബോളിസ്താൻ (പഷ്തു زابلستان). ബുസ്തിനും കാബൂൾ താഴ്വരയുടെ തെക്കൻ അതിരിനും ഇടയിലായിരുന്നു ഈ പ്രദേശം. ഇന്നത്തെ ഹസാരാജാതിന്റെ ഭൂരിഭാഗവും മദ്ധ്യ അഫ്ഗാനിസ്താൻ മലകളുടെ തെക്കുകിഴക്കേ താഴ്വാരവും ഇതിൽ ഉൾപ്പെടുന്നു.

ആദ്യകാല ഇസ്ലാമിക ഭൂമിശാസ്ത്രജ്ഞർ സാബൂളിസ്താനെ ഇന്ത്യയുടെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. ഇവിടത്തെ രാജാവ് നിരവധി ആനകളെ ഉപയോഗിച്ചിരുന്നു എന്നതടക്കമുള്ള പ്രത്യേകതകളായിരിക്കാം ഇതിനു കാരണം. കാബൂളിന് തെക്കുള്ള ഗസ്നി മലമ്പ്രദേശത്തിനു പുറമേ സമീൻ ദവാർ/ബിലാദ് അൽ ദവാർ, അൽ റുഖ് കഹാജ് എന്നീ രണ്ടു പ്രധാന പ്രദേശങ്ങളും സാബൂളിസ്താനിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ സമീൻ ദവാർ, ഇന്നത്തെ ഗിരിഷ്കിന് വടക്കായി ഹിൽമന്ദ് നദീതീരത്തായിരുന്നു. അൽ റുഖ് ഖാജ് എന്നത് പുരാതന അറാകോസിയ അഥവാ ആധുനിക കന്ദഹാറും പുരാതന കന്ദഹാറൂം ഉൾപ്പെടെയുള്ള മരുപ്പച്ചയാണ്[1].

ഹിന്ദു ശാഹി ഭരണാധികാരികളുടെ കീഴിലായിരുന്ന സാബൂളിസ്താൻ, സിസ്താനിൽ നിന്നും മുസ്ലീങ്ങളുടെ ആക്രമണം പലപ്പോഴായി ഉണ്ടായെങ്കിലും 8-ആം നൂറ്റാണ്ടിന്റെ അവസാനം വരെ സ്വതന്ത്രമായി നിലനിന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ് അറബി ഖലീഫ അൽ മഹ്ദിയുടെ മേൽകോയ്മ ഇവർ അംഗീകരിച്ചത്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 181–182. ഐ.എസ്.ബി.എൻ. 978-1-4051-8243-0. "https://ml.wikipedia.org/w/index.php?title=സാബൂളിസ്താൻ&oldid=1931703" എന്ന താളിൽനിന്നു ശേഖരിച്ചത്