അറബ് ഇസ്രയേൽ യുദ്ധം (1948)
| ||||||||||||||||||||||||||||||||
1948ൽ ഇസ്രായേലിന്റെ രൂപീകരണത്തെ തുടർന്ന് ഇസ്രയേലും അറബ് രാജ്യങ്ങളുടെ സഖ്യവും തമ്മിൽ ഉണ്ടായ യുദ്ധമാണ് 1948ലെ അറബ് ഇസ്രയേൽ യുദ്ധം
കാരണങ്ങൾ[തിരുത്തുക]
ഐക്യരാഷ്ട്ര സഭയുടെ ഏകപക്ഷീയമായ പ്രമേയത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലുണ്ടായിരുന്ന പ്രദേശം വിഭജിച്ച് ഇസ്രയേലും പാലസ്തീനും രൂപീകരിക്കാനുള്ള തീരുമാനമായി. വിഭജനത്തിൽ തങ്ങളുടെ പുണ്യസ്ഥലമായ ജറുസലേം സ്വന്തം ഭരണത്തിനു കീഴിൽ വരില്ല എങ്കിലും യഹൂദർ ഇത് അംഗീകരിച്ചു. എന്നാൽ അറബികൾ അംഗീകരിച്ചില്ല, അവർ ഇസ്രയേൽ രൂപീകരിക്കുന്നതിനു എതിരായിരുന്നു. ബ്രിട്ടീഷുകാർ പ്രദേശത്തു നിന്ന് പിൻവാങ്ങിയ ശേഷം യഹൂദർ തങ്ങൾക്കു ഭാഗിച്ചുതന്ന ഭൂമി ഇസ്രായേൽ എന്ന രാജ്യം ആയി പ്രഖ്യാപിച്ചു. ഇതിൽ രോഷാകുലരായ അറബ് അയൽരാജ്യങ്ങൾ ആദ്യം പാലസ്തീൻ കീഴടക്കി, ശേഷം ഇസ്രായേലിനെ അക്രമിച്ചു. ഇതാണ് യുദ്ധത്തിന് കാരണമായത്.
നാൾവഴി[തിരുത്തുക]
ഇസ്രയേലിന് ചുറ്റുമുള്ള രാജ്യങ്ങളായിരുന്ന ഈജിപ്ത്, ജോർദ്ദാൻ, ലെബനാൻ ,സിറിയ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളായിരുന്നു ഇസ്രയേലിനു നേരേ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത്.പലസ്തീൻ പ്രശ്നത്തിൽ സംയോജിച്ച് ഒരു യുദ്ധത്തിനുള്ള പ്ലാനും പദ്ധതിയും ഇവർക്കില്ലായിരുന്നു. ഓരോരുത്തരും സ്വതന്ത്രമായി ഇസ്രയേലിലെ നേരിടാനായിരുന്നു തീരുമാനിച്ചത്. അറബ് രാജ്യങ്ങളിൽ ഏറ്റവും വിപുലമായ സൈനിക ശക്തിയായ ഈജിപ്ത്, 10,000 സൈനികരെ രണ്ട് വിഭാഗമായി തിരിച്ച് അണിനിരത്തി. മെയ് 15ന് ഒരുവിഭാഗം കൈറോയിൽ നിന്ന് സീനായ് ലക്ഷ്യമാക്കി പുറപ്പെട്ടു. ഇസ്രയേലിന്റെ തെക്കുവശത്തുള്ള സീനായിൽ കൂടി കടന്ന് നിരീം (Nirim) കഫർ ഡറോം(Kfar Darom) തുടങ്ങിയ ജൂത കേന്ദ്രങ്ങൾ ആക്രമിച്ച് മുന്നേറുക എന്നതായിരുന്നു യുദ്ധതന്ത്രം. ഈജിപ്തിന്റെ മറ്റൊരു വിഭാഗം ഗാസാ സ്റ്റിപ് വഴി ടെൽ അവീവ് ലക്ഷ്യമാക്കി നീങ്ങി. സിറിയയിൽ നിന്ന് 4000 സൈനികർ കവചിത വാഹനങ്ങളിൽ മെയ് 14ന് പുറപ്പെട്ട് വടക്ക് ഗലീലി കടൽതീരം കടന്ന് ഇസ്രയേലിൽ പ്രവേശിച്ച് ആക്രമണം ആരംഭിച്ചു. ഇറാഖിലെ ഭരണാധികാരിയായിരുന്ന നൂറി പാഷാ 2000 ഇറാഖി ഭടൻമാരെ അയച്ച് ജോർദ്ദാന്റെ വടക്ക് - പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജോർദ്ദാൻ നദി കടന്ന് ഇസ്രയേൽ പ്രവശ്യയിൽ കൂടി ആക്രമണം ആരംഭിച്ചു. 1000 സൈനികർ വരുന്ന ലെബനോൺ സൈന്യം ഇസ്രയേലിനെ വടക്കുനിന്നും ഗലീലിയായിൽകൂടി ആക്രമിച്ചു. ജോർദ്ദാന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന അല്ലൻബി പാലത്തിന് സമീപം 4500 ജോർദ്ദാന്റെ സൈന്യവും ഒരുങ്ങി നിന്നു. എന്നാൽ മറ്റു രാജ്യങ്ങളുടെ സൈനിക നീക്കത്തെക്കുറിച്ച്, ജോർദ്ദാന്റെ സൈന്യാധിപനായ ഗ്ലബ് പാഷാക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പുണ്യഭൂമിയായ ജറുസലേമിനെ ആക്രമിക്കുവാനോ നാശനഷ്ടങ്ങൾ വരുത്തുന്നതിനോ, ജോർദ്ദാന്റെ രാജാവായിരുന്ന അബ്ദുള്ളക്ക് നിശ്ശേഷം താൽപര്യമില്ലായിരുന്നു. ബ്രിട്ടീഷ് ഗവർമെന്റിന്റെ സഹായത്തിലും സ്വാധീനത്തിലും കഴിയുന്ന ജോർദ്ദാൻ, ജറുസലേമിനെ ആക്രമിക്കുകയില്ലെന്ന് രഹസ്യമായി ബ്രിട്ടന് വാക്കു കൊടുത്തിരുന്നു. ജോർദ്ദാന്റെ സൈന്യമായ അറബ് ലീജിയന്റെ സർവ്വ സൈന്യാധിപൻ ഗ്ലബ് പാഷാ(ജോൺ ബാഗോത്ത്) ഒരു ബ്രിട്ടീഷ് ജനറൽ ആയിരുന്നു.കൈറോയിൽ നിന്നും സീനായ് വഴി, ടെൽ അവീവ് ലക്ഷ്യമായി നീങ്ങിയ ഈജിപ്ത് സൈനികർ ദീർഘയാത്രക്ക് ശേഷം ഇസ്രയേലിൽ ഒരു ഗ്രാമം കാണുകയുണ്ടായി. നിസ്സഹായരായി, ഒറ്റപ്പെട്ടു കഴിയുന്ന ഒരു ഗ്രാമം, കൊള്ളയടിച്ചു നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങിയ സൈനികരെ സ്വീകരിച്ചത്, ഗ്രാമത്തിലെ നാലു വശത്തുമുള്ള കിടങ്ങുകളിൽ നിന്നും വന്ന വെടിയുണ്ടകളായിരുന്നു. ഒരു നല്ല ഭാഗം സൈനികരും ഇസ്രയേലിന്റെ തോക്കിനിരയായി.ശേഷിച്ചവർ മരുഭൂമിയിലെ മണലാരണ്യത്തിലൂടെ തിരിച്ചോടി. നാസി ജർമ്മനിയിൽ നിന്നും പരിശീലനം സിദ്ധിച്ച ഫൗസി കട്ടുബ എന്ന അറബി പഴയ ജറുസലേമിലെ യഹൂദ വീടുകളിൽ ബോംബ് വച്ച് തകർത്തുവാനുള്ള ഒരുക്കം പൂർത്തിയാക്കി. അറബികൾ യഹൂദ വീടുകളും തെരുവുകളും വളഞ്ഞു.ജൂതസേനയായ ഹഗാനയുടെ ഒരു വിഭാഗം ആക്രമണത്തെ ശക്തിയായി എതിർത്തുവെങ്കിലും, സഖ്യാബലം കൂടുതലുണ്ടായിരുന്ന ജറുസലേമിലെ മുഫ്തിയുടെ സേന പഴയ ജറുസലേമിലെ ജൂത സങ്കേതങ്ങൾ തകർത്തു. ഒരു ദിവസ ത്തെ ആക്രമണം കൊണ്ടു തന്നെ യഹൂദ വിഭാഗങ്ങളുടെ തെരുവുകളും സ്ഥാപനങ്ങളും കൈവശപ്പെടുത്തി. യഹൂദ കുടുംബങ്ങൾ അടുത്തുള്ള സിനഗോഗുകളിൽ അഭയം പ്രാപിച്ചു. റെഡ്ക്രോസ്ന്റെ അകമ്പടിയോടുകൂടി പഴയ ജറുസലേമിൽ താമസിക്കുന്ന സകല യഹൂദരും, പുതിയ ജറുസലേമിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറുവാനും. ആയുധങ്ങൾ കൈവശമുള്ളവർ ജറുസലേമിലെ മുഫ്തിയുടെ സേനക്ക് കീഴടങ്ങുവാനുമായിരുന്നു അറബി നേതാക്കളുടെ നിർദ്ദേശം.എന്നാൽ ജറുസലേമിൽ പ്രവേശിക്കാതെ മാറി നിൽക്കുന്ന ജോർദ്ദാൻ സേനക്ക് കീഴടങ്ങുവാനായിരുന്നു യഹൂദരുടെ തീരുമാനം.അവർ സിനഗോഗുകളിൽ തന്നെ കഴിച്ചുകൂട്ടി. ജോർദ്ദാൻ സേന മൈലുകൾക്കകലെ നിൽക്കുന്നത് ഹഗാൻ സേനക്ക് ധൈര്യം നൽകി. പുതിയ ജറുസലേമിൽ നിന്നും പഴയ ജറുസലേമിലെ അറബി സേനക്ക് നേരേ ആക്രമണം അതിരൂക്ഷമാക്കി. മുഫ്തിയുടെ പലസ്തീൻ സേനക്ക് ജറുസലേമിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത സ്ഥിതി വന്നു. ഇതിനകം അവർ തിരകൾ ലക്ഷ്യമില്ലാതെ നിറയൊഴിച്ച് നഷ്ടപ്പെടുത്തിയിരുന്നു. ഇനിയും ജോർദ്ദാൻ സേനയുടെ സഹായമില്ലാതെ പഴയ ജറുസലേമിൽ പ്രവേശിക്കുവാൻ സാധ്യമല്ല എന്ന സ്ഥിതി വന്നു. ജോർദ്ദാൻ സൈന്യം ഉടൻ ഇടപെടണമെന്ന സന്ദേശം അറബ് നേതാക്കളിൽ നിന്ന്, ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലെ അബ്ദുള്ള രാജാവിന്റെ പക്കലെത്തി. അദ്ദേഹത്തിന് തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതായി വന്നു. ബ്രിട്ടീഷുകാരുടെ ശിക്ഷണത്തിൽ പരിശീലനം ലഭിച്ചതും ആധുനിക യുദ്ധോപകരണങ്ങളും, വെടിക്കോപ്പുകളും ,കൈവശമുള്ളതുമായിരുന്നു ജോർദ്ദാൻ സൈന്യം. ജറുസലേമിൽ ജോർദ്ദാൻ സേനയുടെ സൈനിക നടപടി ആരംഭിക്കുവാൻ അബ്ദുള്ള രാജാവ് ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ ഒരു തെരുവു യുദ്ധത്തിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത തന്റെ സൈന്യത്തെ കുരുതി കൊടുക്കുവാൻ സൈന്യാധിപനായ ഗ്ലബ് പാഷാ(ജോൺ ഗ്ലബ്) തയ്യാറായില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി, താമസമില്ലാതെ ഒരു വെടിനിർത്തൽ കരാർ ഉണ്ടാക്കുമെന്നും, ജറുസലേമിന്റെ ക്രമസമാധാന ഭരണം ഐക്യരാഷ്ട്ര ഏറ്റെടുക്കുമെന്നും, അദ്ദേഹം കരുതി. എന്നാൽ രാജകൽപന ലംഘിക്കുവാൻ സാധ്യമല്ലാത്തതിനാൽ, ജോർദ്ദാൻ സൈന്യം ജറുസലേം നഗരത്തിന് പുറത്തു നിന്നു കൊണ്ട് പീരങ്കി വെടി കൊണ്ട് സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു. ഈ ആക്രമണത്തെ ഹഗാൻ സേന കാര്യമാക്കിയില്ല.അവർ ജാഫാ കവാടം വഴി പഴയ ജറുസലേമിൽ കടക്കുവാൻ മുഫ്തി സേനയുമായി തീവ്ര യുദ്ധത്തിലായിരുന്നു. ഒരു കൂട്ടം ഹഗാൻ സേന സീനായ് മല കൈവശപ്പെടുത്തി.
ജോർദ്ദാന്റെ ആക്രമണം[തിരുത്തുക]
ബ്രിട്ടീഷ് ഭരണകാലത്ത് പലസ്തീൻ അറബികളുടെ പ്രദേശത്ത് അവരുടെ അനുവാദത്തോടു കൂടി ഒരു വിഭാഗം ജോർദ്ദാൻ സേന താവളമടിച്ചിരുന്നു. പലസ്തീൻ അറബികളുടെ ക്രമസമാധാനത്തിനും, സംരക്ഷണത്തിനും വേണ്ടി ഈ വിഭാഗം യരിഹോവായിൽ പ്രവർത്തിച്ചിരുന്നു. ഈ വിഭാഗത്തിന്റെ മേധാവി "മേജർ അബ്ദുള്ള തെൽ" ആയിരുന്നു. ജറുസലേം കൈ വിട്ടു പോകുന്ന വിവരം അറബിനേതാക്കൾ അബ്ദുള്ള രാജാവിനെ അറിയിച്ചു.ജോർദ്ദാൻ സേന ജറുസലേം നഗരത്തിൽ പ്രവേശിക്കുന്നതിന് പല തടസ്സങ്ങൾ പറയുന്ന തന്റെ സർവ്വസൈന്യാധിപൻ ഗ്ലബ് പാഷയെ അവഗണിച്ചു കൊണ്ട്, തെല്ലിന്റെ സേനയോട് ജറുസലേമിൽ പ്രവേശിക്കുവാൻ ആജ്ഞ നൽകി. തന്റെ നയത്തിന് വിപരീതമായ ഈ നീക്കത്തിൽ സഹകരിക്കുവാൻ ഗ്ലബ്പാഷ നിർബന്ധിതനായി. തെല്ലിന്റെ സേനയെ സഹായിക്കുവാൻ രണ്ട് ബ്രിട്ടീഷ് മേധാവികളുടെ കീഴിൽ 1000 ജോർദ്ദാൻ സേനയോടു കൂടി പഴയ ജറുസലേമിൽ പ്രവേശിച്ചു. മുന്ന് പുരാതന സിനഗോഗുകളും ഒരു ആശുപത്രിയും മാത്രമാണ് പഴയ ജറുസലേമിലെ യഹൂദരുടെ കൈവശമുണ്ടായിരുന്നൊള്ളൂ. 1948- മെയ് 28ന് ഈ സിനഗോഗുകളിൽ തമ്പടിച്ചിരുന്ന യഹൂദരരോടും ഹഗാൻ ഭടൻമാരോടും പുതിയ ജറുസലേമിലേക്ക് മാറിക്കൊള്ളാൻ തെൽ ആവശ്യപ്പെട്ടു.ജോർദ്ദാന്റെ അടുത്ത ലക്ഷ്യം പുതിയ ജറുസലേമായിരുന്നു. അതിനായി അയ്യാലോൻ താഴ്വരയിൽ വച്ച്, പുതിയ ജറുസലേമിലേക്കുള്ള എല്ലാ വഴികളും മാർഗ്ഗങ്ങളും ജോർദ്ദാൻ സേന തടഞ്ഞു.ഈ ഭാഗത്തുണ്ടായിരുന്ന ഹഗാൻ സേനക്കു നേർക്ക് പീരങ്കികളും ടാങ്കുകളും ഉപയോഗിച്ച് ആക്രമിച്ചു. കൈത്തോക്കുമാത്രമുണ്ടായിരുന്ന ഹഗാൻ സേനയുടെ നില പരുങ്ങലിലായി. യുദ്ധത്തിൽ മരിച്ചവരുടെ ശവശരീരങ്ങൾ എടുത്തു കൊണ്ട് പോകാൻ ശ്രമിച്ചവരും ജോർദ്ദാൻ സേനയുടെ വെടിയുണ്ടക്ക് ഇരയായി.എണ്ണൂറിനു മുകളിൽ ഹഗാൻഭടന്മാർ ഇവിടെ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഇവിടെ നിന്ന് പിൻമാറിയതോടു കൂടി അയ്യാലോൻ താഴ്വര ജോർദ്ദാൻ സേനയുടെ നിയന്ത്രണത്തിലായി.
വെടിനിർത്തൽ[തിരുത്തുക]
പുതിയ ജറുസലേമിന്റെ സ്ഥിതി വളരെ ശോചനീയമായി തീർന്നു. ജോർദ്ദാൻ സേനയുടെ പീരങ്കികളിൽ നിന്നും ഷെല്ലുകൾ ജൂതസങ്കേതങ്ങളിൽ തുടർച്ചയായി വീണു കൊണ്ടിരുന്നു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ നഗരങ്ങളിലെ ജനങ്ങൾ അർദ്ധ പട്ടിണിയിലായി.നഗരജീവിതം സ്തംഭിച്ചു. ഇസ്രയേലിന് പറയത്തക്ക വ്യോമ സേന ഈ സമയം ഇല്ലാതിതിരുന്നതിനാൽ, ഈജിപ്തിന്റെ യുദ്ധവിമാനങ്ങൾ ഇസ്രയേലിന്റെ പട്ടണങ്ങളിൽ നിരന്തരം ബോംബുകൾ വർഷിച്ചുകൊണ്ടിരുന്നു. ഈജിപ്തിന്റെ ലക്ഷ്യം ആധുനിക രീതിയിൽ പടുത്തുയിർത്തിയ ടെൽ അവീവ് നഗരം ആയിരുന്നു. ഈ സമയം യഹൂദനായ അവിയേലിന്റെ ശ്രമഫലമായി യൂറോപ്പിൽ നിന്നും വാങ്ങിയ രണ്ട് യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ വന്നിറങ്ങി.സിറിയയുടെ ആക്രമണത്തിൽ ഇസ്രയേലിലെ മൂന്ന് സ്ഥലങ്ങൾ പിടിച്ചെടുക്കപ്പെടുകയും രണ്ട് സ്ഥലങ്ങൾ വളയപ്പെടുകയും ചെയ്തു. ഈജിപ്തിന്റെ സേന 10000 ഭടൻമാരും, 15 യുദ്ധവിമാനങ്ങളും ടാങ്കുകളും പീരങ്കികളുമായി, രണ്ട് വിഭാഗമായി നീങ്ങിക്കൊണ്ടിരുന്നു. ഒരു വിഭാഗം ടെൽ അവീവ് ലക്ഷ്യമാക്കിയും, ഒരു വിഭാഗം പുതിയ ജറുസലേമിലേക്കും. ഹെബ്രോൻ വഴി വന്ന സൈന്യം ജറുസലേമിനെ തെക്കുനിന്ന് വളഞ്ഞു. പീരങ്കികളെയും ടാങ്കുകളെയും ചെറുക്കാനുള്ള അനുയോജ്യമായ ആയുധങ്ങൾ ഹഗാൻ സേനക്കില്ലായിരുന്നു. അയ്യാലോൻ താഴ്വരയിലൂടെ ജറുസലേമിലേക്കുള്ള ആഹാര സാധങ്ങളുടെയും ആയുധങ്ങളുടെയും വരവ് നിലച്ചിരുന്നു. ജറുസലേമിലെ ഒരു ലക്ഷം വരുന്ന ജനങ്ങൾ പട്ടിണിയിലാവുകയും ജറുസലേം അറബികളുടെ കൈവശമാകുന്ന സ്ഥിതി വന്നു. ഈ സമയം ജറുസലേമിലുള്ള ഐക്യരാഷ്ട്ര പ്രതിനിധിയുടെ ഒരു താൽകാലിക വെടിനിർത്തൽ കരാറിനോട് ഇസ്രയേലിന് അംഗീകരിക്കേണ്ടതായി വന്നു. അറബി രാജ്യങ്ങളിൽ ജോർദ്ദാൻ,ബ്രിട്ടന്റെ സമ്മർദ്ദത്താൽ വെടിനിർത്തൽ കരാർ അംഗീകരിച്ചു. മരുഭൂമിയിൽ കഷ്ടപ്പെടുന്ന സൈനികരുടെ അവസ്ഥ കണക്കിലെടുത്ത് ഈജിപ്തും ഒരു താൽകാലിക സന്ധിക്ക് സമ്മതിച്ചു. എന്നാൽ അറബ് സെക്രട്ടറി ജനറലായ അസം പാഷ വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് അറബി നേതാക്കളെ ബോധ്യപ്പെടുത്തി. ഒരുമാസത്തെ വെടിനിർത്തലുകൊണ്ട് ഇസ്രയേൽ ഇരട്ടിശക്തി ആർജിക്കുമെന്നും അറബ് സേനക്ക് ഇതുകൊണ്ട് കാര്യമായ നേട്ടം ഉണ്ടാവുകയില്ലന്നും അദ്ദേഹം പറഞ്ഞു നോക്കി.അറബി രാജ്യങ്ങളുടെ ഈ സമീപനത്തിൽ പ്രതിഷേധിച്ച് അസം പാഷ രാജിവച്ചു എങ്കിലും പിന്നീട് രാജി പിൻവലിച്ചു.1948- ജൂൺ 11-ന് പകൽ 10 മണിക്ക് വെടിനിർത്തൽ കരാർ നിലവിൽ വന്നു.
വെടിനിർത്തലിന് ശേഷം[തിരുത്തുക]
ജൂൺ 11ലെ വെടിനിർത്തലിന് ശേഷം ജൂലൈ 9ന് വീണ്ടും യുദ്ധം തുടരുവാനുള്ള സാധ്യത പരിഗണിച്ച്, ഇസ്രയേൽ എല്ലാ രംഗത്തും ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിച്ചു.ടെൽ അവീവും ജറുസലേമിനെയും തമ്മിൽ ബന്ധിപ്പിക്കുവാൻ ബർമ്മാറോഡിന്റെ പണി പൂർത്തീകരിച്ചു.പുതിയ റോഡ് വെടിനിർത്തൽ കരാറിന്റെ പരിധിയിൽ വരില്ലായിരുന്നു. ഈ റോഡിലൂടെ ജറുസലേമിലേക്ക് നാലു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ അവർ സംഭരിച്ചു.16 മൈൽ അകലെയുള്ള ഒരു ജല സങ്കേതത്തിൽ നിന്നും ബർമ്മാറോഡു വഴി പൈപ്പ് കുഴൽ നീട്ടി.യഹൂദ അവ്റിലേലിന്റെ ഇടപെടലിലൂടെ അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി. പീരങ്കികളും ടാങ്കുകളും യുദ്ധ ഉപകരണങ്ങളും മൂന്ന് കപ്പലുകളിലായി എത്തി. വിവിധ തരത്തിലുള്ള 75 യുദ്ധ വിമാനങ്ങളും എത്തിച്ചേർന്നു.ഇസ്രയേലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആയുധ നിർമ്മാണ ശാലകൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്നു. ഒരു മാസത്തിനുള്ളിൽ അറബ് രാജ്യങ്ങളുടെതിനേക്കാൾ യുദ്ധ സജ്ഞമാകുവാൻ ഇസ്രയേൽ ശ്രമിച്ചു. ജോർദ്ദാനിലെ അബ്ദുള്ള രാജാവിനും സേനാനായകൻ ഗ്ലബ് പാഷാക്കും വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം യുദ്ധം ആരംഭിക്കുവാൻ താൽപര്യമുണ്ടായിരുന്നില്ല. വെടിനിർത്തൽ കാലാവധി നീട്ടി വയ്ക്കുവാനും, ഒരു സമാധാന കരാറിൽ ഒപ്പുവയ്ക്കുവാനും ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധി ശ്രമിച്ചു. " ജറുസലേമും പലസ്തീന്റെ മറ്റ് ചില ഭാഗങ്ങളും ജോർദ്ദാനു വിട്ടുകൊടുക്കുവാനും, ജോർദ്ദാന്റെ കൈവശമുള്ള ഗലീലിയ പ്രദേശം ഇസ്രയേലിന് വിട്ടുകൊടുത്തു കൊണ്ടും" യുദ്ധം അവസാനിപ്പിക്കുവാനും സമാധാനം നിലനിർത്താനും ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധി ശ്രമിച്ചു.അബ്ദുള്ള രാജാവിന് ഈ നിർദ്ദേശം ഇഷ്ടപ്പെട്ടു. എന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഈ നിർദ്ദേശത്തോട് താൽപര്യമില്ലായിരുന്നു. ജറുസലേം വിട്ടുകൊടുത്തു കൊണ്ട് ഒരു കരാറിന് ഇസ്രയേലും തയ്യാറായില്ല. യുദ്ധം തുടരണമോ എന്ന് തീരുമാനിക്കാൻ അറബ് നേതാക്കൾ കൈറോയിൽ സമ്മേളിച്ചു. ജൂലൈ 9ന് യുദ്ധം പുനരാരംഭിക്കുവാനുള്ള തീരുമാനമായിരുന്നു ഈ സമ്മേളനത്തിൽ അവർ എടുത്തത്.ജൂലൈ 9 ന് രാത്രി മുഴുവൻ ഇസ്രയേൽ അവരുടെ പുതിയ പീരങ്കി കൊണ്ട് പഴയ ജറുസലേമിലേക്ക് നിറയൊഴിച്ചു കൊണ്ടിരുന്നു. പഴയ ജറുസലേമിൽ മരിച്ചവരുടെയും മുറിവേറ്റവരുടെയും എണ്ണം മണിക്കുറുകൾ കഴിയുംതോറും കൂടിക്കൊണ്ടിരുന്നു. ആശുപത്രികളിൽ ഇടമില്ലാതായി. ഇസ്രയേൽ സേന അറബികളുടെ പട്ടണങ്ങളും ഗ്രാമങ്ങളും കീഴടക്കി. തെക്കുഭാഗത്തുള്ള ഈജിപ്തിതിന്റെ സേനയെ സീനായ് മരുഭൂമിയിലേക്ക് തുരുത്തി. അവിടെ ഏഴ് അറബി ഗ്രാമങ്ങൾ അവർ പിടിച്ചെടുത്തു. വടക്ക് സിറിയൻ സേന നേരത്തേ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം ഇസ്രയേൽ വീണ്ടെടുത്തു. അറബികളുടെ പട്ടണമായിരുന്ന നസറത്ത് ഇസ്രയേൽ സേന പിടിച്ചെടുത്തു. അയ്യാലോൻ താഴ്വരക്ക് വടക്കുവശത്തുള്ള "റാംല" "ലിഡ" എന്നീ രണ്ട് അറബി പട്ടണങ്ങൾ മോഷെ ദയാൻ ന്റെ നേതൃത്വത്തിൽ ഇസ്രയേൽ സേന പിടിച്ചെടുത്തു.ഈ പട്ടണങ്ങളിൽ താമസിച്ചിരുന്ന അറബികളോട് വീടൊഴിഞ്ഞ് പോകുവാൻ മോഷേ ദിയാൻ ആജ്ഞ കൊടുത്തു അവർക്ക് പോകുവാൻ ഇസ്രയേലി സൈന്യം തന്നെ ബസ്സുകളും ട്രക്കുകളും ഏർപ്പാടു ചെയ്തു.പതിനായിരക്കണക്കിന് അറബികൾ പലസ്തീന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭയാർത്ഥികളായി ക്യാമ്പുകളിൽ എത്തി. ഇസ്രയേൽ വ്യോമസേന ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലും ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയും ആക്രമിച്ചു.ഈ പരിതഃസ്ഥിതിയിൽ ഉടൻ യുദ്ധം നിർത്തുവാൻ ഇരുകൂട്ടർക്കും ഐക്യരാഷ്ട്രസംഘടനാ സെക്യൂരിറ്റി കൗൺസിൽ അന്ത്യശാസനം നൽകി. യുദ്ധം നിർത്തുവാൻ തയ്യാറാണന്ന് അറബി രാജ്യങ്ങളുടെ തീരുമാനം ഇസ്രയേലിന് അംഗീകരിക്കേണ്ടി വന്നു. ജൂലൈ 17ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന്, ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധി പ്രഖ്യാപനം ചെയ്തു.
അവലംബം[തിരുത്തുക]
(11) ഇസ്രയേൽ അന്നും ഇന്നും
- ↑ 1.0 1.1 1.2 1.3 Oren 2003, p. 5.
- ↑ Morris (2008), p.260.
- ↑ Gelber, pp. 55, 200, 239
- ↑ Morris, 2008, p. 332.
- ↑ Morris, 2008, pp. 400, 419
- ↑ 6.0 6.1 Gelber (2006), p.12.
- ↑ Pollack, 2004; Sadeh, 1997
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;politics
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;laurens
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ Morris 2008, pp. 404–406.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "Note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="Note"/>
റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref>
നൽകിയിട്ടില്ല