സൂരത്
സൂരത് | |
21°10′N 72°50′E / 21.17°N 72.83°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗുജറാത്ത് |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
' | |
വിസ്തീർണ്ണം | 326.5ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 49,95,174 |
ജനസാന്ദ്രത | 8812/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
395 0++ +0261 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | |
സ്ത്രീ- പുരുഷ അനുപാതം - 764/1000 പുരുഷൻമാർക്ക്. സാക്ഷരത- 82.91% സ്ത്രീകൾ- 76% പുരുഷൻമാർ - 88.12 |
ദക്ഷിണ ഗുജറാത്തിലെ, അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് സൂററ്റ്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. വജ്രം, തുണി വ്യവസായങ്ങൾക്ക് പേരുകേട്ട സൂററ്റ് തപി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. സൂററ്റ് ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ് ഈ പട്ടണം. ഗുജറാത്ത് സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിൽ അഹമ്മദാബാദ് കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് സൂററ്റ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വജ്രവ്യാപാരവും തുണിയും അതിന്റെ അനുബന്ധ വ്യവസായങ്ങളുമാണ് സൂററ്റിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മലിനീകരണം കൊണ്ട് ആളുകൾ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവർണ്ണകാലവും സൂററ്റിനുണ്ട്.[അവലംബം ആവശ്യമാണ്]
ഭൂമിശാസ്ത്രം
[തിരുത്തുക]സൂററ്റ് പട്ടണത്തിന്റെ അക്ഷാംശം 21.17 ഡിഗ്രി വടക്കും, രേഖാംശം 72.83 ഡിഗ്രി കിഴക്കുമാണ്. മുംബൈയിൽ നിന്ന് 256 കിലോമീറ്ററും അഹമ്മദാബാദിൽ നിന്നും 230 കിലോമീറ്ററുമാണ് സൂററ്റിലേക്കുള്ള ദൂരം.
ഗതാഗതം
[തിരുത്തുക]ഏക തുറമുഖമായ മഗ്ദല്ല തുറമുഖം നഗരത്തിൽ നിന്നും 16 കിലോമീറ്റർ ദൂരത്തിൽ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. 2007 മേയ് 6-ന് വീണ്ടും തുറന്ന സൂററ്റ് വിമാനത്തവളം നഗരത്തിൽ നിന്നും 10 കിലോമീറ്ററിനുള്ളിൽ മഗ്ദല്ല തുറമുഖത്തിനടുത്തയി 312 ഹെക്ടർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]മുഗൾ ഭരണകാലത്ത് സൂരത് പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. ഓർമുസ് ഗൾഫ് വഴി പശ്ചിമേഷ്യയിലേക്കുള്ള കച്ചവടത്തിന്റെ കവാടമായിരുന്നു ഇത്. അനവധി തീർത്ഥാടനക്കപ്പലുകൾ ഇവിടെ നിന്നും പുറപ്പെട്ടിരുന്നതിനാൽ മെക്കയിലേക്കുള്ള കവാടം എന്നും സൂരത് അറിയപ്പെട്ടു[1].
1612-ലാണ് ബ്രിട്ടീഷുകാർ ആദ്യമായി ഭാരതത്തിൽ എത്തിച്ചേരുന്നത്. 1614-ൽ തന്നെ ബ്രിട്ടീഷുകാരനായ സർ തമർസോ സൂററ്റിൽ എത്തുകയും അന്നത്തെ ഭരണാധികാരിയായിരുന്ന ജഹാംഗീറുമായി കൂടിക്കാഴ്ച്ച നടത്തുകയും, അതിലൂടെ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി വ്യാപാര ബന്ധം തുടങ്ങുകയും ചെയ്തു.
പതിനേഴാം നൂടാണ്ടിൽ ഇംഗ്ലീഷുകാർക്കു പുറമേ ഡച്ചുകാരും പോർച്ചുഗീസുകാരും അവരുടെ പാണ്ടികശാലകൾ സൂറത്തിൽ ആരംഭിച്ചു. ഒരേ സമയം വിവിധ രാജ്യങ്ങളുടെ നൂറോളം കപ്പലുകൾ സൂറത് തുറമുഖത്ത് നങ്കൂരമിട്ടു കിടക്കാറുള്ളതായി ഇംഗ്ലീഷ് ചരിത്രകാരനായ ഓവിങ്ടൻ 1689-ൽ രേഖപ്പെടുത്തിയിട്ടുണ്ട്[1]. പരുത്തി കൊണ്ടുള്ള തുണിത്തരങ്ങൾ മൊത്തമായും ചില്ലറയായും വ്യാപാരം നടത്തിയിരുന്ന സ്ഥാപനങ്ങൾ അക്കാലത്ത് സൂറത്തിൽ പ്രവർത്തിച്ചിരുന്നു. കസവ് വച്ച അരികുള്ള ഇവിടത്തെ തുണിത്തരങ്ങൾ പശ്ചിമേഷ്യയിലെയും, ആഫ്രിക്കയിലേയും യുറോപ്പിലേയും കമ്പോളങ്ങളിൽ പ്രിയങ്കരമായിരുന്നു. കത്തിയവാർ സേഠ് അഥവാ മഹാജന്മാർ എന്നറിയപ്പെടുന്ന പണവിനിമയക്കാർ സൂറത്തിൽ വൻകിട ധനകാര്യസ്ഥാപനങ്ങൾ നടത്തിയിരുന്നു. ഹുണ്ടികൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങൾ വിദൂരദേശങ്ങളിലെ കമ്പോളങ്ങളില്പ്പോലും പ്രശസ്തമായിരുന്നു[1].
1664 ൽ മറാഠാ രാജാവായിരുന്ന ശിവജി സൂററ്റിനെ ആക്രമിച്ചു.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്തപ്പോഴേക്കും സൂറത്തിന്റെ പ്രതാപം മങ്ങാനാരംഭിച്ചു. നിരവധി ഘടകങ്ങൾ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ക്ഷയം മൂലമുള്ള കമ്പോളത്തിന്റേയും ഉല്പ്പാദനക്ഷമതയിലുമുണ്ടായ മാന്ദ്യം, കപ്പല്പ്പാതകളിൽ പോർച്ചുഗീസുകാരുടെ ആധിപത്യം, 1668-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബോംബെയിലേക്ക് അതിന്റെ ആസ്ഥാനം മാറ്റിയതോടെ അവിടെ നിന്നുള്ള മൽസരം എന്നിവയൊക്കെ ഇതിന്റെ കാരണങ്ങളായി കരുതുന്നു[1].
1852-ൽ ആദ്യത്തെ സൂററ്റിൽ പെൺകുട്ടികൾക്കുള്ള പ്രാഥമികവിദ്യാലയം ആരംഭിച്ചു. 1857-ൽ ആദ്യമായ് ടെലിഗ്രാഫ് സൂററ്റിൽ എത്തി[അവലംബം ആവശ്യമാണ്]. 1860 ൽ സൂററ്റ് റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. 1863-ൽ ആദ്യത്തെ പത്രമായ ഗുജറാത്ത് മിത്ര, സൂററ്റ് മിത്ര എന്ന പേരിൽ പ്രസിദ്ധീകരണം തുടങ്ങി.
ഭരണം
[തിരുത്തുക]തദ്ദേശ ഭരണ സ്ഥപനമായ സൂററ്റ് നഗരസഭയാണ് ഇവിടത്തെ ഭരണ നിർവ്വഹണം നടത്തുന്നത്. വൈദ്യുതി, കുടിവെള്ളം, റോഡുകൾ, പാലങ്ങൾ, വഴിവിളക്കുകൾ, മാലിന്യ സംസ്കരണം, പകർച്ചവ്യാധി നിർമ്മാർജ്ജനം എന്നീ വിഷയങ്ങളിൽ നഗരസഭ കൈകാര്യം ചെയ്യുന്നു. ഇതിൽ കുടിവെള്ളം ജനങ്ങൾക്ക് സൗജന്യമായി നഗരസഭ നൽകുന്നു.
സൂററ്റ് നഗരസഭയുടെ ചരിത്രം
[തിരുത്തുക]മുനിസിപ്പാലിറ്റി 1885 ൽ ആദ്യമായി പെൺകുട്ടികൾക്കായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയം ആരംഭിച്ചു. 1898 ൽ കുടിവെള്ളമെത്തിക്കനായുള്ള പ്രവർത്തനങ്ങൽ ആരംഭിച്ചു. അതിന്റെ ഫലമായി വറാച്ച എന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി വറാച്ച വാട്ടർ വർക്സ് എന്ന സ്ഥാപനവും,പൊതു ടാപ്പുകൾ നിർമ്മിച്ചു. 1901 ൽ മുനിസിപ്പലിറ്റി പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും, സൗജന്യമായും നിർബന്ധിതമായും വിദ്യാഭ്യാസം നൽകുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട് മുനിസിപ്പലിറ്റി പ്രവർത്തനം നിർത്തുകയും ചെയ്തു. 1946 ൽ മുനിസിപ്പാലിറ്റി വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ജനങ്ങളുടെ ആരോഗ്യ രക്ഷക്കായി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസരണ മലിനീകരണം മൂലം കൊതുകുകൾ പെരുകയും അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തു. പരമ്പരാഗത വഴികളിൽ നിന്നും മാറി 1950ൽ കൊതുകുകൾക്ക് എതിരായി ഡി.ഡി.റ്റി പ്രയോഗിക്കുകയും ചെയ്തു. 1966 ഒക്ടോബർ 1 ന് മുനിസിപ്പാലിറ്റി നഗരസഭയാക്കി ഉയർത്തി. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമായി 14.31 കോടി രൂപ ചിലവിൽ തപ്തി നദിക്ക് കുറുകെ 1991ൽ രണ്ടാമത്തെ പാലവും ഏറ്റവും വലുതുമായ സർദാർ വല്ലഭായ് പട്ടേൽ ബ്രിഡ്ജ് നിർമ്മിച്ചു. 1995-ൽ നഗരപ്രാന്ത പ്രദേശമായ ബേസ്തനിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡ്രയിനേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിച്ചു. 1996ൽ 15.5 കോടി രൂപ ചിലവിട്ട് മൂന്നാമത്തെ പാലമായ വിവേകാന്ദ പാലം നിർമ്മിച്ചു.
1998-ൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചു. ടെക്സ്റ്റയിൽ മാർക്കറ്റിലെ തിരക്ക് ഒഴിവക്കാനായി 2000ൽ ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ പേരിൽ ഏറ്റവും വലിയ മേൽപ്പാലം റിംഗ് റോഡിൽ 18 കോടി രൂപ മുതൽ മുടക്കിൽ പണികഴിപ്പിച്ചു. 2002 ൽ പ്രവർത്തനത്തിന്റെ 150 വർഷങ്ങൾ ആഘോഷിച്ച നഗരസഭ 2003 ൽ 81 ഏക്കർ വിസ്തൃതിയിൽ സർത്താന നാച്ചുറൽ പാർക്കും മൃഗശാലയും പണിതു. ആതുര സേവനത്തിലും നഗരസഭ കാര്യമായ പ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഫലമായി 2004 ൽ സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് എന്ന ആശുപത്രിയും തുടങ്ങി.
പ്ലേഗ് ബാധ
[തിരുത്തുക]പരിസരമലിനീകരണത്തിനും അവയുടെ ദോഷ ഫലങ്ങൾക്കും ഏറ്റവും നല്ല ഉദാഹരണമായിരുന്നു 1994 ൽ സൂററ്റിൽ പടർന്ന പ്ലേഗ് എന്ന മാരക രോഗം. ഈ രോഗം മൂലം 60 ലും കൂടുതൽ പേർ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്ദ്യോഗിക കണക്ക്. നഗരപ്രാന്തങ്ങളിളിലെ ചേരികളിൽ താമസിച്ചിരുന്നവർ ആയിരുന്നു മരിച്ചതിലേറയും. കുടിവെള്ളത്തിൽ കൂടി പകർന്ന ഒരു രോഗം എന്നായിരുന്നു പ്രാമിക നിഗമനം. കൂടുതൽ പരിശോധനയിൽ മാത്രമാണ് എലി ചെള്ളുകൾ പകർത്തുന്ന പ്ലേഗ് ആണെന്ന് തിരിച്ചറിഞ്ഞത്. അതിനുശേഷമാണ് മാലിന്യ സംസ്കരണം ഊർജ്ജിതമായി നടപ്പാക്കി പ്ലേഗ് നിയന്ത്രിക്കപ്പെട്ടത് . ആ കാലങ്ങളിൽ സൂററ്റിൽ നിന്ന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്കൊ, മറ്റുള്ളിടങ്ങളിൽ നിന്നും സൂററ്റിലേക്കോ കടത്തി വിടില്ലായിരുന്നു. കൂടാതെ സൂററ്റ് വഴി കടന്ന് പോകുന്ന എല്ലാ ട്രയിനുകളും മറ്റ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ ആളുകളെ പരിശോധിച്ചതിനു ശേഷം രോഗമില്ലന്ന് ഉറപ്പ് വരുത്തിയിരുന്നു.
പുനർ:നിർമ്മാണം
[തിരുത്തുക]പ്ലേഗ് എന്ന മഹാമാരിക്ക് ശേഷം സൂററ്റ് ഇന്നത്തെ രീതിയിൽ നിർമ്മിച്ചത് റാവു എന്ന മുനിസിപ്പൽ കമ്മീഷണറാണ്. നഗരത്തിന്റെ മുഖഛായ തന്നെ റാവു മാറ്റിയെടുത്തു. പുതിയ റോഡുകൾ, പാലങ്ങൾ, മാലിന്യ സംസ്കരണത്തിന് പുതിയ സം വിധാനങ്ങൾ ഉപയോഗിച്ചത് അദ്ദേഹമാണ്. ഈ കാലഘട്ടം മുതൽ ഇന്നു വരെ മാലിന്യപ്രശ്നങ്ങൾ സൂററ്റിനെ അലട്ടിയിട്ടില്ല. ഇത് മൂലം സൂററ്റിനെ ക്ലീൻ സിറ്റി എന്ന് വിളിക്കുന്നു[അവലംബം ആവശ്യമാണ്].
വ്യവസായങ്ങൾ
[തിരുത്തുക]ലോകത്തിലേക്കാവശ്യ മായ വജ്രത്തിന്റെ 42% ത്തോളം വജ്രം മിനുക്കി കൊടുക്കുന്നത് സൂററ്റിൽ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റിൽ നിന്നാണ്. ഭാരതത്തിലെ വജ്ര വ്യാപാരത്തിലുള്ളവരിൽ ഏകദേശം 40% പേർ സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. തുണി, തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. ഭാരതത്തിലേക്കാവശ്യമായ തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയിൽ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ സിൽക്ക് സിറ്റി എന്നും വിളിക്കുന്നു.
മറ്റ് വ്യവസായങ്ങൾ
[തിരുത്തുക]തുണി വ്യവസായത്തിന്റെ ആവശ്യത്തിലേക്കായി നൂലുണ്ടാക്കാനാവശ്യമായ ചിപ്സുകൾ, നിറം പകരാനയുള്ള രാസവസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന വ്യവസായ ശാലകളും സ്ഥിതിചെയ്യുന്നു.
പ്രധാന വ്യവസായ ശാലകൾ
[തിരുത്തുക]റിലയൻസ് ഇൻഡസ്ടീസ്, എസ്സാർ സ്റ്റീൽസ്, ഓയിൽ അൻഡ് നാച്യുറൽ ഗ്യാസ് കമ്പനി, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ, നാഷണൽ തെർമൽ പവർ കൊർപ്പറേഷൻ, ഭാരത് പെട്രോളിയം, ഷെൽ, ക്രിബ്കോ, ടോറൻറ് പവർ, ഗുജറാത്ത് ഗ്യാസ് കമ്പനി, ഗാർഡൻ വറേലി, തുടങ്ങിയവ ഇതിൽ പ്രധാനികൾ ആണ്.
പത്രങ്ങൾ,പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]ഗുജറാത്ത് മിത്ര,ഗുജറാത്ത് സമാചാർ, സന്ദേശ്, നവ് ഗുജറാത്ത് ടൈംസ്,നവ് നിർമാൺ, ഗുജറാത്ത് പ്രഭ, ന്യൂ ഗുജറാത്ത് ടൈംസ്, ഗുജറാത്ത് ന്യൂസ്, ലോക് തേജ്, അരുണോദയ്, ഗുജറത്ത് പ്രവാസി, ബുൾഡോസർ, സൂററ്റ് ഡൈജസ്റ്റ്,
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 84-85, ISBN 817450724
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സൂററ്റ് കളക്ടറുടെ ഔദ്ദ്യോഗിക വെബ്[പ്രവർത്തിക്കാത്ത കണ്ണി]
- സൂററ്റ് നഗരസഭയുടെ ഔദ്ദ്യോഗിക വെബ്ബ്[പ്രവർത്തിക്കാത്ത കണ്ണി]
- ഗുജറാത്തിന്റെ ഔദ്ദ്യോഗിക വെബ് Archived 2018-10-02 at the Wayback Machine.
- സ്വാതന്ത്ര്യത്തിനു മുൻപുള്ള സൂററ്റിന്റെ ചരിത്രം Archived 2011-10-21 at the Wayback Machine.
- സൂററ്റ് ഒൺലൈൻ