ഷാക് മാരിറ്റയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് കത്തോലിക്കാ ദാർശനികനായിരുന്നു ഷാക് മാരിറ്റയിൻ (Jacques Maritain: ജനനം 18 നവംബർ 1882; മരണം 28 ഏപ്രിൽ 1973). പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന അദ്ദേഹം 1906-ൽ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. അറുപതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ മാരിറ്റയിൻ, സമകാലീനലോകത്ത് തോമസ് അക്വീനാസിന്റെ ചിന്തയിലുള്ള താത്പര്യം പുനർജ്ജീപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. എലിയേൺ ഗിബ്സണൊപ്പം ഇരുപതാം നൂറ്റാണ്ടിലെ രണ്ടു പ്രമുഖ 'തോമിസ്റ്റ്'-കളിൽ ഒരാളായി മാരിറ്റയിൻ അറിയപ്പെടുന്നു. ഗിബ്സന്റെ അന്വേഷണം അക്വീനാസിനെ അദ്ദേഹത്തിന്റെ ചരിത്രസാഹചര്യങ്ങളിൽ പഠിക്കാൻ ശ്രമിച്ചപ്പോൾ, ഇരുപതാം നൂറ്റാണ്ട് നേരിട്ട സവിശേഷസമസ്യകൾക്കിടയിൽ അക്വീനാസിന്റെ ചിന്തയുടെ പ്രസക്തി അന്വേഷിക്കുകയാണ് മാരിറ്റയിൻ ചെയ്തത്. ഇരുപതാം നൂറ്റാണ്ടിൽ ഒരു ക്രിസ്തീയ നവോത്ഥാനം സ്വപ്നം കണ്ട അദ്ദേഹം, ആ നവോത്ഥാനത്തിന്റെ ആശയകേന്ദ്രമായി കണ്ടത് അക്വീനാസിന്റെ ചിന്തയെ ആയിരുന്നു.[1]

1948-ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ രചയിതാക്കളിൽ പ്രമുഖനുമാണ് മാരിറ്റയിൻ. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സമാപനഘട്ടത്തിൽ മാർപ്പാപ്പ ആയിരുന്ന പോൾ ആറാമന്റെ ദീർഘകാലസുഹൃത്തും മാർഗ്ഗദർശിയുമായിരുന്നു മാരിറ്റയിൻ. സൂനഹദോസിന്റെ സമാപനത്തിൽ മാർപ്പാപ്പ, "ചിന്തിക്കുന്നവർക്കും ശാസ്ത്രമനോഭാവമുള്ളവർക്കും വേണ്ടിയുള്ള" തന്റെ സന്ദേശം കൈമാറിയത് മാരിറ്റയിന് ആയിരുന്നു. ലാവണ്യശാസ്ത്രം, രാഷ്ട്രമീമാംസ, ശാസ്ത്രദർശനം, തത്ത്വമീമാസ, വിദ്യാഭ്യാസദർശനം, ആരാധനാക്രമം, സഭാഘടന തുടങ്ങി അറിവിന്റെ ഒട്ടേറെ മേഖലകളിൽ അദ്ദേഹം തല്പരനായിരുന്നു.

ജീവിതം[തിരുത്തുക]

വക്കീലായ പോൾ മാരിറ്റയിന്റേയും ജെനവീവ് ഫാവ്രെയുടേയും സന്താനമായി പാരിസിൽ ജനിച്ച മാരിറ്റയിൽ ലിബറൽ പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തിലാണ് വളർന്നത്. 'ഹെൻറി നാലാമന്റെ ലൈസി' എന്ന സ്ഥാപനത്തിൽ പഠനം തുടങ്ങിയ അദ്ദേഹം പിന്നീട് പ്രസിദ്ധമായ് സോർബോൺ സർവകലാശാലയിൽ രസതന്ത്രം, ജീവശാസ്ത്രം, ഊർജ്ജതന്ത്രം എന്നിവ പഠിക്കാൻ തുടങ്ങി.

സോർബോണിൽ മാരിറ്റയിൽ റഷ്യൻ പ്രവാസിയായ റയിസ്സാ ഔമാങ്കോഫുമായി സൗഹൃദത്തിലായി. എണ്ണപ്പെട്ട കവിയും ആത്മീയവാദിയും ആയിരുന്ന റയിസ്സാ, സത്യാന്വേഷണത്തിൽ മാരിറ്റയിന്റെ പങ്കാളിയായി. ക്രമേണ മാരിറ്റയിനും റയിസായ്ക്കും സോബോണിൽ നിലനിന്നിരുന്ന ശാസ്ത്രവാദത്തിൽ (scientism) മടുപ്പുതോന്നി. അതിനെ അവർ, ഉണ്മയുടെ ബൃഹദ്സമസ്യകളുടെ പരിഹാരത്തിന് ഉപകരിക്കാത്തതായി കരുതി. ജീവിതത്തിനു് ആഴമായ എന്തെങ്കിലും അർത്ഥമുണ്ടെന്ന് കണ്ടെത്താൻ കഴിയാതെവന്നാൽ, ഒരു വർഷത്തിനുള്ളിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാനുള്ള ഒരുടമ്പടിയിൽ അവർ എത്തിച്ചേർന്നു. ചാൾസ് പെഗൂയി എന്ന സുഹൃത്തിന്റെ നിർദ്ദേശത്തിൽ, കോളജ്-ഡി-ഫ്രാൻസിൽ പ്രഖ്യാതചിന്തകൻ ഹെൻറി ബെർഗ്സന്റെ പ്രഭാഷണപരമ്പര കേൾക്കാനിടയായതോടെ അവർക്ക് ഈ തീരുമാനം നടപ്പാക്കേണ്ടി വന്നില്ല. ശാസ്ത്രവാദത്തിനെതിരെയുള്ള ബെർഗ്സന്റെ വിമർശനം, അവരെ ഒരു പരമശക്തിയെക്കുറിച്ചുള്ള ബോധത്തിൽ എത്തിച്ച് നിരാശയിൽ നിന്നു കരകയറ്റി. 1904-ൽ മാരിറ്റയിനും റയിസ്സായും വിവാഹിതരായി. റയിസ്സായുടെ സഹോദരി വേരാ ഔമാങ്കോഫും, അവർക്കൊപ്പം താമസിച്ചിരുന്നു. 1906-ൽ മാരിറ്റയിനും പത്നിയും കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് പരിവർത്തിതരായി.[2]

അവലംബം[തിരുത്തുക]

  1. റോളണ്ട് ടേണർ സമ്പാദനം നിർവഹിച്ച "ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ" എന്ന കൃതിയിൽ ഡേവിഡ് ഓകോണർ എഴുതിയ ലേഖനം (പുറങ്ങൾ 501-6)
  2. ഷാക് മാരിറ്റയിൻ, സ്റ്റാൻഫോർഡ് ദാർശനികവിജ്ഞാനകോശത്തിൽ വില്യം സ്വീറ്റ് എഴുതിയ ലേഖനം
"https://ml.wikipedia.org/w/index.php?title=ഷാക്_മാരിറ്റയിൻ&oldid=1819023" എന്ന താളിൽനിന്നു ശേഖരിച്ചത്