ശിമയോൻ ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ശിമയോൻ ശ്ലീഹാ
St. Simon, by Peter Paul Rubens (c. 1611), from his Twelve Apostles series at the Museo del Prado, Madrid
അപ്പസ്തോലൻ, രക്തസാക്ഷി, പ്രബോധകൻ
ജനനംകാന, ഗലീലിയ, യഹൂദ, റോമൻ സാമ്രാജ്യം
മരണം~65 AD അല്ലെങ്കിൽ ~107 AD[1]
മരണസ്ഥലത്തെക്കുറിച്ച് ഏകാഭിപ്രായമില്ല
വണങ്ങുന്നത്റോമൻ കത്തോലിക്ക സഭ; പൗരസ്ത്യ ഓർത്തഡോക്സ് സഭ; ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ കത്തോലിക്ക സഭകൾ; ആംഗ്ലിക്കൻ സഭ; ലൂഥറൻ സഭ
പ്രധാന തീർത്ഥാടനകേന്ദ്രംrelics claimed by many places, including Toulouse; Saint Peter's Basilica[2]
ഓർമ്മത്തിരുന്നാൾഒക്ടോബർ 28 (പാശ്ചാത്യ ക്രൈസ്തവികത); മേയ് 10 (ബൈസാന്റിയൻ സഭകൾ)
പ്രതീകം/ചിഹ്നംboat; cross and saw; fish (or two fishes); lance; man being sawn in two longitudinally; oar[2]
മദ്ധ്യസ്ഥംcurriers; sawyers; tanners[2]

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് ശിമയോൻ ശ്ലീഹാ അഥവാ ശിമോൻ ശ്ലീഹാ. ചെറിയ ശിമയോൻ എന്നും തീവ്രവാദിയായ ശിമയോൻ അഥവാ എരിവുകാരനായ ശിമയോൻ എന്നും കനാന്യനായ ശിമയോൻ എന്നും ഇദ്ദേഹം വിളിക്കപ്പെടുന്നു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ പത്രോസ് ശ്ലീഹായും ശിമയോൻ എന്നറിയപ്പെടുന്നതിനാലായിരിക്കണം ഇദ്ദേഹത്തിന്റെ പേരിനൊപ്പം ഈ വിശേഷണങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നത്. യൂദാ ശ്ലീഹായും ശിമയോൻ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.

ഗ്രന്ഥങ്ങളിൽ[തിരുത്തുക]

ശ്ലീഹന്മാർ

ശിമയോൻ ശ്ലീഹായെപ്പറ്റി ബൈബിളിൽ അപ്പസ്തോലന്മാരുടെ പട്ടികയിൽ മാത്രമേ പരാമർശിക്കുന്നുള്ളു[3]. ആദിമസഭാ പിതാക്കൻമാരാൽ രചിക്കപ്പെട്ട പ്രാമാണിക ഗ്രന്ഥങ്ങളിലോ മറ്റു ലേഖനങ്ങളിലോ ശിമയോനെക്കുറിച്ച് കൂടുതൽ വിവരണങ്ങളില്ല. എന്നാൽ, ശ്ലീഹൻമാരുടെ സഹനസമരങ്ങൾ തുടങ്ങിയ ചില അപ്രാമാണിക ഗ്രന്ഥങ്ങളിൽ ശിമയോനെക്കുറിച്ചുള്ള ചില വിവരണങ്ങൾ കാണാവുന്നതാണ്. ശിമയോൻ സമരിയായിലും ജറുസലേമിലും സുവിശേഷം പ്രസംഗിച്ചിരുന്നെന്നും പിന്നീട് അദ്ദേഹം ആഫ്രിക്ക, ലിബിയ, മൗറിത്താനിയ, ഈജിപ്ത് എന്നിവിടങ്ങളിലും സുവിശേഷപ്രസംഗങ്ങൾ നടത്തിയിരുന്നെന്നും ചില പുരാതന രേഖകളിൽ കാണപ്പെടുന്നു. അതോടൊപ്പം ബ്രിട്ടനിൽ ആദ്യമായി ക്രൈസ്തവവിശ്വാസം പ്രചരിപ്പിച്ചതും ശിമയോനാണെന്നു വിശ്വസിക്കപ്പെടുന്നു.

തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ[തിരുത്തുക]

ലൂക്കോസിന്റെ സുവിശേഷത്തിൽ 12 അപ്പസ്തോലന്മാരുടെ പേരുകൾ നൽകിയിരിക്കുന്ന കൂട്ടത്തിൽ ശിമയോനെ വിശേഷിപ്പിച്ചിരിക്കുന്നത് 'തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ'[4] എന്നാണ്. ചില മലയാളം ബൈബിൾ പരിഭാഷകളിലത് 'എരിവുകാരനായ ശിമോൻ'[5] എന്നും 'തീഷ്ണവാൻ എന്നു വിളിക്കപ്പെട്ടിരുന്ന ശെമഓൻ'[6] (Simon the Zealot[7][8]) എന്നുമാണ് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്ന 'എരിവുകാർ' എന്നർത്ഥമുള്ള 'സെലോട്ടീസ്' എന്ന യഹൂദ വിപ്ലവസംഘടനയിലെ അംഗമായിരുന്നു ശിമയോൻ. യഹൂദരുടെ രാഷ്ട്രീയ സ്വാതന്ത്യത്തിനു വേണ്ടിയായിരുന്നു സെലോട്ടുകൾ പൊരുതിയിരുന്നത്. ആ സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും 'എരിവുകാരനായ ശിമയോൻ' അഥവാ 'തീവ്രവാദിയായ ശിമയോൻ' എന്ന പഴയ വിശേഷണത്തിൽ തന്നെ അദ്ദേഹം അറിയപ്പെട്ടിരുന്നു.[9] എന്നാൽ ശിമയോൻ സെലോട്ടുകളിൽ പെട്ടയാളായിരുന്നതിനാലല്ല, മറിച്ച് യേശുവിനൊപ്പം ചേരുന്നതിന് മുൻപ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്ന യഹൂദ നിയമങ്ങളോടുള്ള അമിതമായ "തീക്ഷ്ണത" അഥവാ "എരിവ്" ആണ് ഇദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിക്കുവാനിടയാക്കിയത് എന്നും അഭിപ്രായമുണ്ട്.[10]

കനാന്യനായ ശിമയോൻ[തിരുത്തുക]

മർക്കോസിന്റെ സുവിശേഷത്തിൽ നൽകപ്പെട്ടിരിക്കുന്ന അപ്പസ്തോലന്മാരുടെ പട്ടികയിൽ ശിമയോനെ പല ബൈബിൾ പരിഭാഷകളിലും 'കനാന്യനായ ശിമോൻ' അല്ലെങ്കിൽ 'കനാൻകാരനായ ശിമയോൻ' (Simon the Canaanite[11]) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ ബൈബിൾ മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് കേനാന എന്ന പദമാണെന്നും ഇതിന്റെ അർത്ഥം എരിവുള്ളവൻ, തീഷ്ണതയുള്ളവൻ, എന്നൊക്കെയാണെന്നും അതിനാൽ ഇവിടെയുപയോഗിച്ചിരിക്കുന്ന വിശേഷണം കാനാ പട്ടണത്തിൽ നിന്നോ അല്ലെങ്കിൽ കനാൻ ദേശത്തിൽ നിന്നോ ഉള്ളവൻ എന്ന അർത്ഥത്തിലല്ല, മറിച്ച് ലൂക്കോസിന്റെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന 'തീഷ്ണതയുള്ളവൻ' എന്ന അതേ അർത്ഥത്തിലുള്ളതാണെന്ന് ആധുനികകാല ബൈബിൾ പണ്ഡിതർ അഭിപ്രായപ്പെടുന്നു. അതിനാൽ പുതിയകാല ഇംഗ്ലീഷ് ബൈബിൾ പരിഭാഷകളിൽ മർക്കോസിന്റെ സുവിശേഷത്തിലും ഇദ്ദേഹത്തെ Simon the Zealot[12] (തീഷ്ണതയുള്ള ശിമയോൻ) എന്നു തന്നെ വിശേഷിപ്പിച്ചിരിക്കുന്നു.

അന്ത്യം[തിരുത്തുക]

പല പുരാതന രേഖകളിലും ശിമയോന്റെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അതു പോലെ പല പാരമ്പര്യങ്ങളിൽ വ്യത്യസ്ഥ രീതികളാണ് അദ്ദേഹത്തിന്റെ അന്ത്യത്തെ പറ്റി വിവരിച്ചിരിക്കുന്നത്. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ യൂദാ ശ്ലീഹയ്ക്കൊപ്പം ശിമയോൻ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു.[13][14] അതിൽ വിവരിക്കും പ്രകാരം ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ഇരുവരെയും പിടികൂടി അവരുടെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയി അവരുടെ ദേവന്മാർക്ക് യാഗം നടത്തുവാൻ അവരെ നിർബന്ധിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ യൂദാ ശിമയോനോട് പറഞ്ഞു "യേശു നമ്മെ വിളിക്കുന്നതു ഞാൻ കാണുന്നു". അപ്പോൾ ശിമയോൻ മറുപടി പറഞ്ഞു "ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു. ഒരു മാലാഖ എന്നോട് പറയുന്നു, വേഗം ഇവിടെ നിന്ന് ഓടി രക്ഷപെടുക, ക്ഷേത്രം നിലം പതിച്ച് ജനങ്ങളെല്ലാം നശിക്കാൻ പോകുന്നു". എന്നാൽ ജനങ്ങളെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ മാലാഖയെ അറിയിച്ചു. തുടർന്ന് അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "St. Simon the Apostle" (in ഇറ്റാലിയൻ). Blessed Saints and Witnesses. 2005-03-15. Retrieved 6 ജൂലൈ 2022.
  2. 2.0 2.1 2.2 Jones, Terry H. "Saint Simon the Apostle". Saints.SQPN.com. Retrieved 6 ജൂലൈ 2022.
  3. മത്തായി 10:2-4, മർക്കോസ്‌ 3:16-19, ലൂക്കോസ് 6: 14-16, അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 1:13
  4. ബൈബിൾ, പി.ഓ.സി പ്രസിദ്ധീകരണം, കെ.സി.ബി.സി ബൈബിൾ കമ്മീഷൻ, ലൂക്കാ 6:13
  5. സത്യവേദപുസ്തകം, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരണം, ലൂക്കോസ് 6:13
  6. വിശുദ്ധഗ്രന്ഥം, സിറിയൻ ഓർത്തഡോക്സ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരണം, വി.ലൂക്കോസ് 6:13
  7. "Simon called the Zealot" - Luke 6:15, The Holy Bible, New King James Version, copyright 1982, India Bible Literature
  8. "Simon who was called the Zealot" - Luke 6:15, The Holy Bible, The English Standard Version, copyright 2001, The Bible Society of India
  9. പന്ത്രണ്ട് ശ്ലീഹന്മാർ, ഫാ. എ.എം. പൗലോസ് ആത്തുങ്കൽ, സെഹിയോൻ പള്ളി, ജൂൺ 2007 പതിപ്പ്, പേജ്:51
  10. "St. Simon the Apostle - Catholic Encyclopedia" (in ഇംഗ്ലീഷ്). New Advent. Retrieved 6 ജൂലൈ 2022. The name does not signify that he belonged to the party of Zealots, but that he had zeal for the Jewish law, which he practised before his call
  11. "Simon the Canaanite" - Mark 3:18,The Holy Bible, New King James Version, copyright 1982, India Bible Literature
  12. "Simon the Zealot" - Mark 3:18, The Holy Bible, The English Standard Version, copyright 2001, The Bible Society of India
  13. പന്ത്രണ്ട് അപ്പൊസ്തലന്മാർ, പി.എസ്. ചെറിയാൻ, സുവാർത്താ ഭവൻ, ഓഗസ്റ്റ് 2009 പതിപ്പ്, പേജ്:203
  14. ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ, റൈറ്റ് റവ. റ്റി.ബി.ബഞ്ചമിൻ, സി.എസ്സ്.എസ്സ്, തിരുവല്ല, സെപ്റ്റംബർ 2006 പതിപ്പ്, പേജ്:96-97

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിമയോൻ_ശ്ലീഹാ&oldid=3755790" എന്ന താളിൽനിന്ന് ശേഖരിച്ചത്