യൂദാ ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ യൂദാ ശ്ലീഹാ
വിശുദ്ധ യൂദാ ശ്ലീഹാ - അന്തോണീ വാൻഡിക്ക് രചിച്ച ചിത്രം
അപ്പസ്തോലൻ, രക്തസാക്ഷി
ജനനംഎ. ഡി. ഒന്നാം നൂറ്റാണ്ട്
റോമാസാമ്രാജ്യത്തിലെ ഗലീലി
മരണംഎ. ഡി. ഒന്നാം നൂറ്റാണ്ട്
റോമാസാമ്രാജ്യത്തിലെ സിറിയ
വണങ്ങുന്നത്വിശുദ്ധന്മാരെ വണങ്ങുന്ന എല്ലാ ക്രൈസ്തവ സഭകളും
നാമകരണംPre-Congregation
പ്രധാന തീർത്ഥാടനകേന്ദ്രംSaint Peter's, Rome, Reims, Toulouse, France
ഓർമ്മത്തിരുന്നാൾഒക്ടോബർ 28 (പാശ്ചാത്യ ക്രൈസ്തവികത)
ജൂൺ 19 (പൗരസ്ത്യ ക്രൈസ്തവികത)
പ്രതീകം/ചിഹ്നംAxe, club, boat, oar, medallion
മദ്ധ്യസ്ഥംArmenia, lost causes, desperate situations, hospitals, St. Petersburg, Florida, Cotta Lucena City Quezon, Philippines the Chicago Police Department, Clube de Regatas do Flamengo from Rio de Janeiro, Brazil and Sibalom, Antique, Philippines.

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. യേശുവിന്റെ ബന്ധുവായിരുന്നു ഇദ്ദേഹം. യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാ തദേവൂസ്.[1] യേശുവിന്റെ മരണശേഷം കുരിശിന്റെ ചുവട്ടിൽ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്[2]. മറ്റൊരു അപ്പസ്തോലനായ ചെറിയ യാക്കോബിന്റെ സഹോദരനായിരുന്നു ഇദ്ദേഹം എന്നും നിഗമനങ്ങളുണ്ട്. ഇദ്ദേഹത്തിന് തദ്ദായി, ലാബി എന്നിങ്ങനെയുള്ള പേരുകളുമുണ്ടായിരുന്നു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഇദ്ദേഹം അനുസ്മരിക്കപ്പെടുന്നു.[1]

ശ്ലീഹന്മാർ

യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്ത യൂദായിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചറിയുന്നതിനായി ബൈബിളിൽ ഇദ്ദേഹത്തെ ഇസ്കരിയോത്താവല്ലാത്ത യൂദാ (യോഹന്നാൻ 14:22)[3] എന്നും യാക്കോബിന്റെ സഹോദരനായ യൂദാ (ലൂക്കോസ് 6:16)[4] എന്നും യാക്കോബിന്റെ മകനായ യൂദാ (അപ്പോ.പ്രവൃത്തികൾ 1:13)[5] എന്നും പരാമർശിച്ചിരിക്കുന്നു. മൂലഭാഷയിലെ "യാക്കോബിന്റെ യൂദാ" (Judas of James) എന്ന പ്രയോഗമാണ് 'യാക്കോബിന്റെ സഹോദരനായ യൂദാ' , 'യാക്കോബിന്റെ മകനായ യൂദാ' എന്നിങ്ങനെ ലൂക്കോസിന്റെ സുവിശേഷത്തിലും അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ പുസ്തകത്തിലും വ്യത്യസ്ഥമായ രീതിയിൽ ഭാഷാന്തരം ചെയ്യപ്പെട്ടത്.[6] എന്നാൽ 'യാക്കോബിന്റെ മകനായ യൂദാ' എന്നാണ് ഇതു ഭാഷാന്തരം ചെയ്യേണ്ടതെന്നാണ് ആധുനിക ബൈബിൾ പണ്ഡിതരുടെ അഭിപ്രായം.[6] അതിനാൽ പുതിയ ബൈബിൾ പരിഭാഷകളിൽ ലൂക്കോസിന്റെ (ലൂക്കായുടെ) സുവിശേഷത്തിലും 'യാക്കോബിന്റെ മകനായ യൂദാ' എന്നു തന്നെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്.[7][8][9][10]

യൂദാ ശ്ലീഹായുടെ പ്രവർത്തനങ്ങളെ കുറിച്ച് ബൈബിളിൽ വിശദമായ വിവരണങ്ങളൊന്നുമില്ല. എന്നാൽ പാലസ്തീൻ, എഡേസ്സ, ലിബിയ, തുടങ്ങിയ ഇടങ്ങളിൽ സുവിശേഷം അറിയിച്ചുവെന്നു കരുതപ്പെടുന്നു.[11]ഇദ്ദേഹത്തിന്റെ സുവിശേഷപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനേകം പാരമ്പര്യവിശ്വാസങ്ങൾ ക്രൈസ്തവ സഭയുടെ ആദ്യകാലം മുതൽ സജീവമായി നിലനിൽക്കുന്നു.

അന്ത്യം[തിരുത്തുക]

പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അതു പോലെ പല പാരമ്പര്യങ്ങളിൽ വ്യത്യസ്ഥ രീതികളാണ് അദ്ദേഹത്തിന്റെ അന്ത്യത്തെ പറ്റി വിവരിച്ചിരിക്കുന്നത്. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു.[12][13] അതിൽ വിവരിക്കും പ്രകാരം ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി.[14] പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ഇരുവരെയും പിടികൂടി അവരുടെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയി അവരുടെ ദേവന്മാർക്ക് യാഗം നടത്തുവാൻ അവരെ നിർബന്ധിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ യൂദാ ശിമയോനോട് പറഞ്ഞു "യേശു നമ്മെ വിളിക്കുന്നതു ഞാൻ കാണുന്നു". അപ്പോൾ ശിമയോൻ മറുപടി പറഞ്ഞു "ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു. ഒരു മാലാഖ എന്നോട് പറയുന്നു, വേഗം ഇവിടെ നിന്ന് ഓടി രക്ഷപെടുക, ക്ഷേത്രം നിലം പതിച്ച് ജനങ്ങളെല്ലാം നശിക്കാൻ പോകുന്നു". എന്നാൽ ജനങ്ങളെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ മാലാഖയെ അറിയിച്ചു. തുടർന്ന് അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.

ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 ടി. ദേവപ്രസാദ്, പന്ത്രണ്ട് അപ്പസ്തോലന്മാർ, വിമല പബ്ലിക്കേഷൻസ്,കാഞ്ഞിരപ്പള്ളി
  2. http://pocbible.com/adyayam.asp?val=19&book=tbml%B6m%B3
  3. യോഹന്നാൻ 14:22, സത്യവേദപുസ്തകം, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ
  4. ലൂക്കോസ് 6:16, സത്യവേദപുസ്തകം,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ
  5. അപ്പോ.പ്രവൃത്തികൾ 1:13, സത്യവേദപുസ്തകം,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ
  6. 6.0 6.1 ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ, റൈറ്റ് റവ. റ്റി.ബി.ബഞ്ചമിൻ, സി.എസ്സ്.എസ്സ്, തിരുവല്ല, സെപ്റ്റംബർ 2006 പതിപ്പ്, പേജ്:99
  7. ലൂക്കാ 6:16, പി.ഒ.സി ബൈബിൾ, കെ.സി.ബി.സി ബൈബിൾ കമ്മീഷൻ - "...യാക്കോബിന്റെ മകനായ യൂദാസ്,...."
  8. ലൂക്കോസ് 6:16, മലയാളം ബൈബിൾ, ഓശാന പ്രസിദ്ധീകരണം - "...യാക്കോബിന്റെ പുത്രനായ യൂദാ,...."
  9. വി. ലൂക്കോസ് 6:16, വിശുദ്ധ ഗ്രന്ഥം, സിറിയൻ ഓർത്തഡോക്സ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ - "...യാക്കോബിന്റെ പുത്രൻ യീഹൂദാ,...."
  10. ലൂക്കൊസ് 6:16, വിശുദ്ധ സത്യവേദപുസ്തകം, വേർഡ് ടു വേൾഡ് ഫൗണ്ടേഷൻ - "...യാക്കോബിന്റെ മകനായ യൂദാ,...."
  11. പന്ത്രണ്ട് അപ്പൊസ്തലന്മാർ, പി.എസ്. ചെറിയാൻ, സുവാർത്താ ഭവൻ, ഓഗസ്റ്റ് 2009 പതിപ്പ്, പേജ്:189
  12. പന്ത്രണ്ട് അപ്പൊസ്തലന്മാർ, പി.എസ്. ചെറിയാൻ, സുവാർത്താ ഭവൻ, ഓഗസ്റ്റ് 2009 പതിപ്പ്, പേജ്:203
  13. ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ, റൈറ്റ് റവ. റ്റി.ബി.ബഞ്ചമിൻ, സി.എസ്സ്.എസ്സ്, തിരുവല്ല, സെപ്റ്റംബർ 2006 പതിപ്പ്, പേജ്:96-97
  14. St. Jude Thaddaeus, Saints, Catholic.org

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂദാ_ശ്ലീഹാ&oldid=3753274" എന്ന താളിൽനിന്ന് ശേഖരിച്ചത്