വേദ കാലഘട്ടം
ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം (അല്ലെങ്കിൽ വേദയുഗം) എന്ന് അറിയപ്പെടുന്നത്. പണ്ഡിതമതവും സാഹിത്യപരമായ തെളിവുകളും അനുസരിച്ച് വേദ കാലഘട്ടം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനും ഒന്നാം സഹസ്രാബ്ദത്തിനും ഇടയ്ക്, ക്രി.മു. 6-ആം നൂറ്റാണ്ടുവരെ തുടരുന്ന കാലത്താണ്.[1]
ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി (ചിലപ്പോൾ വേദ സംസ്കാരം എന്നും അറിയപ്പെടുന്നു) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളെ കേന്ദ്രീകൃതമായിരുന്നു.ആര്യന്മാരുടെ വരവോടുകൂടിയാണ് വേദകാലം ആരംഭിക്കുന്നത്, ഈ കാലത്താണ്പല പുരാതന ഇന്ത്യൻ സാമ്രാജ്യങ്ങളും രൂപപ്പെട്ടത്. ഇതിന്റെ അവസാന പാദങ്ങളിൽ (ക്രി.മു. 600 മുതൽ), ഈ സംസ്കൃതി മഹാജനപദങ്ങളുടെ ഉദയത്തിന് സാക്ഷ്യം വഹിച്ചു. വേദ് കാലഘട്ടത്തിനു പിന്നാലെ മൌര്യ സാമ്രാജ്യം (ക്രി.മു. 320 മുതൽ), ഹിന്ദുമതത്തിന്റെയും ക്ലാസിക്കൽ സംസ്കൃത സാഹിത്യത്തിന്റെയും സുവർണ്ണകാലം, ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ, എന്നിവ നിലവിൽ വന്നു.[2] [3]
വേദസാഹിത്യം
[തിരുത്തുക]വേദങ്ങൾ,ബ്രാഹ്മണങ്ങൾ,ഉപനിഷത്തുക്കൾ,സൂത്രങ്ങൾ എന്നിവയാണു പ്രധാന വേദ സാഹിത്യകൃതികൾ. ഋക്,യജുർ,സാമം,അഥർവം എന്നിങ്ങനെ നാല് വേദങ്ങളുണ്ട്. 1028സൂക്തങ്ങളടങ്ങിയ അമൂല്യകൃതിയായ ഋഗ്വേദത്തിൽ നിന്നും ആര്യന്മാരുടെ ആദ്യകാലത്തെക്കുറിച്ച് മനസ്സിലാക്കാം. BCE 800-600 കാലത്താണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്.ഓരോ വേദത്തോടും അനുബന്ധിച്ച് എഴുതപ്പെട്ടവയാണിവ. ഹിന്ദുമതത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുന്ന വേദാന്ത കൃതികളാണ്ഉപനിഷത്തുകൾ.108 ഉപനിഷത്തുകൾ ഉണ്ട് എന്നാണു സങ്കല്പം.എങ്കിലും പ്രധാനമായി 14 ഉപനിഷത്തുക്കളാണുള്ളത്.[4]
വേദകാലസംസ്കാരം
[തിരുത്തുക]ഋഗ്വേദകാലം ഭാരതീയ സംസ്കാരത്തിന്റെ ആരംഭത്തെയല്ല ,അതിന്റെ പരകോടിയെയാണു പ്രതിനിധാനം ചെയ്യുന്നത്.ഋഗ്വേദസംസ്കാരത്തിന്റെ കേന്ദ്രസ്ഥാനം യമുന ,സത് ലജ് നദികളുടെ ഇടയിലായിരുന്നു. ഋഗ്വേദകാലത്ത് ആര്യന്മാർ ഗംഗാതടത്തിൽ പ്രവേശിച്ചിരുന്നില്ല എന്ന് കരുതപ്പെടുന്നു. വേദകാലത്ത് ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.അവർ പരസ്പരം കലഹിച്ചിരുന്നു എങ്കിലും ദ്രാവിഡർക്ക് എതിരേ അവർ ഒരുമിച്ചിരുന്നു.
ആര്യന്മാരും ദ്രാവിഡരും കാലക്രമേണ പരസ്പരം വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുകയും യുദ്ധങ്ങളിലും മറ്റും പരസ്പരം സഹകരിക്കുകയും ചെയ്തു. ഏകാഭാര്യാത്വം നിഷ്കർഷിച്ചിരുന്നു എങ്കിലും രാജാക്കന്മാരും മറ്റും അത് പാലിച്ചിരുന്നില്ല. വിധവാ വിവാഹം അസാധാരണമായിരുന്നു. ശൈശവ വിവാഹം ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് പുരുഷന്മാരുടെ തുല്യ പദവി ഉണ്ടായിരുന്നു. മൈത്രേയി, ഗാർഗ്ഗി, ലോപമുദ്ര തുടങ്ങിയ പല വിദുഷികളും അക്കാലത്തുണ്ടായി.[4] അക്കാലത്ത് ധരിച്ചിരുന്ന ഒരു വസ്ത്രമാണ് അന്തരീയം - ഇതിൽ നിന്നുമാണ് പിൽക്കാല ധോത്തി (മുണ്ട്) പരിണമിച്ചത്.
രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥ
[തിരുത്തുക]രാജവാഴ്ചയിൽ അധിഷ്ഠിതമായിരുന്നു രാജ്യഭരണം . മക്കത്തായമുറയ്ക്കായിരുന്നു ഭരണാവകാശം കൈമാറിയത് എങ്കിലും തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരെ കുറിച്ച് പരാമർശം കാണാം.പൊതു ജന പ്രാധിനിത്യമുള്ള ഗോത്രസമിതികൾ രാജ്യാധികാരത്തെ നിയന്ത്രിച്ചിരുന്നു.ജനങ്ങളിൽ നിന്നുള്ള നികുതിയും ശത്രുരാജ്യങ്ങളിൽ നിന്ന് പിടിച്ചെടുത്ത സമ്പത്തും വരുമാന മാർഗ്ഗങ്ങളായിരുന്നു.സമ്പദ് വ്യവസ്ഥ കൃഷിയിൽ അധിഷ്ഠിതമായിരുന്നു.അജപാലജീവിതം നയിക്കുന്നവരായിരുന്നു മിക്ക ജനങ്ങളും.ഗോതമ്പും യവവും പ്രധാനമായി കൃഷി ചെയ്തു.നിലം ഉഴാൻ കുതിരകളേയും കാളകളെയും ഉപയോഗിച്ചു. നഗര നിർമ്മാണം പ്രധാനമായിരുന്നില്ല. നെയ്ത്,ചിത്രത്തുന്നൽ ,കൊത്തുപണി ,വാസ്തുവിദ്യ എന്നിവ പ്രചാരത്തിലുണ്ടായിരുന്നു. കച്ചവടവും അഭിവൃദ്ധി നേടി. പശുവിന്റെ വിലയായിരുന്നു ക്രയ വിക്രയങ്ങളുടെ ആധാരം. പശുക്കളുടെ മോഷണം യുദ്ധങ്ങൾക്ക് കാരണമായി. യുദ്ധത്തിനും "ഗാവിഷ്ടി" എന്ന് പേരുണ്ടായിരുന്നു. [4]
മതം
[തിരുത്തുക]അക്കാലത്ത് പ്രകൃതി ശക്തികൾക്ക് പവിത്രത നൽകി ആരാധന നടന്നിരുന്നു.അഗ്നി,പൃഥ്വീ,ഇന്ദ്രൻ,രുദ്രൻ,വായു,വരുണൻ,ഉഷസ്സ്,അശ്വിനീ ദേവന്മാർ എന്നീ ദേവതകളെ ആരാധിച്ചിരുന്നു.മന്ത്രോച്ചാരണങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു.മൃഗബലി വ്യാപകമായിരുന്നില്ല.ഋഗ്വേദത്തിൽ പ്രപഞ്ച ശക്തികളെ മുഴുവൻ നിയന്ത്രിക്കുന്നത് ഒരു പരാശക്തി ആണ് എന്ന പരാമർശം കാണാം. ഇത് ഏകദൈവാരാധനയെ സൂചിപ്പിക്കുന്നു. [4]
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- വേദിക്ക് ജ്ഞാനത്തിന്റെ പുന:സ്ഥാപനം Archived 2016-03-03 at the Wayback Machine. (പി.ഡി.എഫ്), പട്രീഷ്യ നൊറെല്ലി-ബാച്ചെലെ
അവലംബം
[തിരുത്തുക]- ↑ McClish, Mark; Olivelle, Patrick (2012), "Introduction", in M. McClish; P. Olivelle, The Arthasastra: Selections from the Classic Indian Work on Statecraft, Hackett Publishing, p. xxiv, ISBN 1-60384-903-3: "Although the Vedas are essentially liturgical documents and increasingly mystical reflections on Vedic ritual, they are sufficiently rich and extensive to give us some understanding of what life was like at the time. The earliest of the Vedas, the Ṛgveda Saṃhitā, contains 1,028 hymns, some of which may be as old as 1500 BCE. Because the Vedic texts are the primary way in which we can understand the period between the fall of the IVC (ca 1700) and the second wave of urbanization (600 BCE), we call the intervening era of South Asian history the 'Vedic Period.'"
- ↑ Witzel 1995, p. 3-5.
- ↑ Samuel 2010, p. 49-52.
- ↑ 4.0 4.1 4.2 4.3 ഇന്ത്യാ ചരിത്രം വോള്യം I-വേദകാലം , എ.ശ്രീധരമേനോൻ ,പേജ് 45 - 56