ഇന്ത്യയുടെ സമ്പദ്ഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കിൽ ലോകത്തിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യയുടെ സമ്പദ്ഘടന.[1] കയറ്റുമതിയുടെ കാര്യത്തിൽ പത്തൊമ്പതാം സ്ഥാനത്തും, ഇറക്കുമതിയുടെ കാര്യത്തിൽ പത്താം സ്ഥാനത്തും ആണ് ഇന്ത്യ. 2012-2013 സാമ്പത്തികവർഷത്തെ സാമ്പത്തിക വളർച്ച 5.0% ആണ്, ഇതിനു മുമ്പിലത്തെ വർഷത്തിൽ ഇത് 6.2% ആയിരുന്നു. 2010–11 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 9.3% കണ്ട് വർദ്ധിച്ചിരുന്നു. താൽക്കാലികമായിരുന്നു ഈ വളർച്ചാനിരക്ക്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കുറഞ്ഞു വന്നു. മാർച്ച് 2013 ൽ ഇത് 4.8% ആയി കുറഞ്ഞു. 2013-14 സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വളർച്ച 6.1%-6.7% ആണ്, എന്നാൽ ഭാരതീയ റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം ഈ വളർച്ചാ നിരക്ക് 5.7%. മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

മുതലാളിത്തവും, സോഷ്യലിസവും ഇടകലർന്ന ഒരു മിശ്രിത സമ്പദ്ഘടനയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏതാണ്ട് 1991 വരെ നിലനിന്നിരുന്നത്. കൂടുതലും ഇറക്കുമതിയേയാണ് ഇന്ത്യൻ സമ്പദ്ഘടന ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ യുദ്ധാനന്തര കാലഘട്ടത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന വ്യാപാരവികസനം മുതലാക്കുവാൻ ഇന്ത്യക്കായില്ല. അഴിമതി, മോശം ഭരണനിർവ്വഹണം എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടും അത് സംഭവിച്ചില്ല.

1991 ൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മന്ത്രിസഭയെ നയിച്ചിരുന്ന പ്രധാനമന്ത്രി നരസിംഹറാവുവും, ധനകാര്യമന്ത്രി മൻമോഹൻസിങ്ങുമാണ് ഇന്ത്യൻ സമ്പദ്ഘടനക്ക് പുതിയ മാനങ്ങൾ നൽകിയത്. പുതിയ വ്യവസായങ്ങളും, സംരംഭങ്ങളും തുടങ്ങാൻ വിലങ്ങു തടിയായി നിന്നിരുന്ന ലൈസൻസ് രാജ് സമ്പ്രദായത്തെ മൻമോഹൻസിങ് ഇല്ലാതാക്കി. രാജ്യത്തെ സുപ്രധാന നഗരങ്ങളെ കൂട്ടിയിണക്കുന്ന അതിവേഗ ദേശീയപാതകൾ നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിവെച്ചത് അടൽ ബിഹാരി വാജ്പേയി ആയിരുന്നെങ്കിലും, ഇത് പൂർത്തിയാക്കാൻ പരിശ്രമിച്ചത് പി.വി.നരസിംഹറാവു സർക്കാരാണ്.[2] ആഗോളവത്കരണത്തിലും ഉദാരവത്കരണത്തിലും അധിഷ്ഠിതമായ പുത്തൻ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനക്കു മുന്നോട്ടുള്ള കുതിപ്പിനു കരുത്തേകി.[3] വിപണി സൗഹൃദ-സമ്പദ്ഘടന ആയിരുന്നു 1991 ൽ ഇന്ത്യയിൽ നടപ്പിലാക്കിയത്. വിദേശ വ്യാപാരത്തിനും നിക്ഷേപത്തിനും ഒരു തുറന്ന സമീപനമാണ് ഈ നയങ്ങൾ നടപ്പിലാക്കുക വഴി അന്നത്തെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.[4]

ചരിത്രം[തിരുത്തുക]

കോളനികാലഘട്ടത്തിനു മുമ്പ് (1773 വരെ)[തിരുത്തുക]

സിന്ധു നദീതടസംസ്കാരത്തിൽ തന്നെ മനുഷ്യർ വ്യാപാരം ചെയ്തിരുന്നു. അവർക്ക് കൃഷിയേയും, അളവുതൂക്കങ്ങളെക്കുറിച്ചും വ്യക്തമായി അറിവുണ്ടായിരുന്നു.[5] കൃത്യമായ ആസൂത്രത്തണത്തോടെ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചുള്ള തെളിവുകൾ ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. ജലസേചനം, പണിആയുധങ്ങൾ, നഗരശുചീകരണപദ്ധതികൾ എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായി മനസ്സിലാക്കുകയും, നടപ്പിലാക്കുകയും ചെയ്തവരായിരുന്നു ഈ പുരാതന സംസ്കാരത്തിൽ ജീവിച്ചിരുന്ന മനുഷ്യർ.[6]

പതിനാലാം നൂറ്റാണ്ടു മുതൽ കടൽ വഴിയുള്ള കച്ചവടം ഇന്ത്യയുടെ ദക്ഷിണപ്രദേശങ്ങളുമായി ഏഷ്യയുടെ പലരാജ്യങ്ങളും നടത്തിയിരുന്നു. ചോളസാമ്രാജ്യത്തിന്റെ ഭാഗമായ തീരങ്ങളും, മലബാറുമായിരുന്നു ഇത്തരം വ്യാപാരത്തിനു മുമ്പിട്ടു നിന്നിരുന്നത്. ഇന്ത്യൻ മഹാസമുദ്രം കേന്ദ്രമാക്കി സ്വതന്ത്ര വ്യാപാര സമ്പ്രദായവും നിലനിന്നിരുന്നു. തീരങ്ങളിലുള്ള രാജാക്കന്മാരോ, അതോ രാജാക്കന്മാരുമായി കരാറിലേർപ്പെട്ടിട്ടുള്ള വൻകിട വ്യാപാരികളോ ആയിരുന്നു ഇതിനു ചുക്കാൻ പിടിച്ചിരുന്നത്. ഭരണാധികാരികൾക്ക് ഒരു പരിധിയിലധികം ചുങ്കം ആവശ്യപ്പെടാൻ നിവൃത്തിയില്ലായിരുന്നു. വ്യാപാരം ദ്രുതഗതിയിൽ മറ്റൊരു തുറമുഖത്തേക്ക് മാറ്റാൻ കഴിയും എന്നതായിരുന്നു ഇതിനു കാരണം. പടിഞ്ഞാറൻ യൂറോപ്പും, ഏഷ്യൻ രാജ്യങ്ങളും ഇന്ത്യയുമായി നടത്തിയിരുന്ന വ്യാപാരം കൂടുതൽ വിപുലീകരിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിനും, പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.[7] ദക്ഷിണേന്ത്യയെക്കൂടാതെ, ബംഗാളിന്റേയും, സൗരാഷ്ട്രയുടേയും തീരങ്ങൾ വഴിയും കച്ചവടം വൻതോതിൽ നടന്നിരുന്നു. വിഭജനത്തിനുമുമ്പുള്ള പഞ്ചാബ് പ്രദേശത്തേയും, അഫ്ഗാനിസ്ഥാനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഖൈബർ പാത വഴിയായിരുന്നു കൂടുതലും കരമാർഗ്ഗമുള്ള വ്യാപാരം. മധ്യേഷ്യയിലേക്കുള്ള എളുപ്പമാർഗ്ഗം കൂടിയായിരുന്നു ഇത്.[8] ബാർട്ടർ സമ്പ്രദായവും അതേപോലെ തന്നെ നാണയവിനിമയവും പ്രചാരത്തിലിരുന്നു. കർഷകർ അവരുടെ വിളയുടെ ഒരു ഭാഗം കപ്പം എന്ന നിലയിൽ ഭരണാധികാരികൾക്കു സമർപ്പിക്കണമായിരുന്നു.

നാണയവിനിമയം കൂടുതൽ പ്രചാരത്തിലായത് മുഗൾ കാലഘട്ടത്തിലാണ്. വെള്ളിനാണയങ്ങളായിരുന്നു മുഗൾ രാജാക്കന്മാർ വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്.[9] മുഗൾ ഭരണകാലത്ത് ഒരു സുസ്ഥിരമായ ആഭ്യന്തര വ്യാപാര സംവിധാനം ഇന്ത്യയിൽ നിലനിന്നിരുന്നു. മുഗൾ സാമ്രാജ്യം അസ്തമിച്ചതോടെ പിന്നീട് മറാഠ ഭരണത്തിൻ കീഴിലായിരുന്നു ഇന്ത്യയിലെ വ്യാപാരനിർവ്വഹണം നടന്നത്. മൂന്നാം പാനിപ്പട്ട് യുദ്ധത്തോടെ മറാഠ സാമ്രാജ്യവും ചിന്നിച്ചിതറി, പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയുടെ വ്യാപാര മേഖലയിൽ സ്ഥാനം പിടിച്ചു.

കോളനിവാഴ്ച (1773–1947)[തിരുത്തുക]

നികുതി നടത്തിപ്പിലും, കാർഷികനയങ്ങളിലും ഒട്ടനവധി പരിഷ്കാരങ്ങൾ കമ്പനി ഭരണത്തിന്റെ ഫലമായി ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. കമ്പനി ഭരണ തുടങ്ങിയതിൽ പിന്നേയാണ് കാർഷിക വിളകൾ ഒരു വാണിജ്യ ഉത്പന്നം മാത്രമായി വ്യാപാരം നടത്താൻ തീരുമാനിക്കപ്പെടുന്നത് എന്നു കരുതപ്പെടുന്നു. ഇത് വിളകളുടെ ഉത്പാദനത്തിന്റെ തോത് കുറച്ചു, കർഷകർ ബുദ്ധിമുട്ടിലായിത്തുടങ്ങി, മാത്രവുമല്ല ഭക്ഷ്യക്ഷാമത്തിനും വഴിയൊരുക്കി.[10] കരകൗശലഉത്പന്നമേഖലയിൽ ബ്രിട്ടീഷ് രാജിന്റെ ഇടപെടൽ ഒരു വൻ തകർച്ചക്കു കാരണമായി. ഈ മേഖലയിൽ ഉത്പന്നങ്ങളുടെ ആവശ്യം കുറയുകയും, തൊഴിലില്ലായ്യമ കുത്തനേ വർദ്ധിക്കുകയും ചെയ്തു.[11] ചാർട്ടർ1813 പ്രകാരമുള്ള വ്യാപാര നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടുകൂടി ഇന്ത്യയുടെ വ്യാപാരതോത് വർദ്ധിക്കുകയുണ്ടായി.[12]

ഈസ്റ്റിന്ത്യാ കമ്പനിയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഒരു സ്വതന്ത്ര വ്യാപാര സംവിധാനമാണ് കോളനിവാഴ്ചക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്നത്. ആ വ്യാപാര രീതിയെ ശക്തിപ്പെടുത്താനായി തീവണ്ടി ഗതാഗതവും, ടെലിഗ്രാഫും പോലുള്ള ആധുനിക സംവിധാനങ്ങൾ ഇന്ത്യയിൽ കമ്പനി നടപ്പിലാക്കി. കോളനിവാഴ്ചക്കാലത്ത് ഇന്ത്യൻ വ്യാപാരം മുന്നിട്ടു നിന്നിരുന്നുവെങ്കിലും, ബ്രിട്ടീഷുകാരുടെ തിരിച്ചുപോക്കിനുശേഷം അതിനു സാരമായ ഇടിവു തട്ടി.

ഉദാരവത്കരണത്തിനു മുമ്പുള്ള കാലഘട്ടം (1947-1991)[തിരുത്തുക]

സ്വതന്ത്ര ഇന്ത്യയിൽ കോളനികാലഘട്ടത്തിൽ നിലനിന്നിരുന്ന വ്യാപാരരീതികളാണ് തുടർന്നപോന്നത്. എന്നാൽ സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയ വികസനരീതികളും ഇന്ത്യ പിന്തുടർന്നിരുന്നു. ഇന്ത്യ അതിന്റെ വികസനത്തിനായി രൂപംകൊടുത്ത പഞ്ചവത്സരപദ്ധതികളിൽ സോവിയറ്റ് യൂണിയന്റെ സ്വാധീനം കാണാനാവും. സോവിയറ്റ് യൂണിയന്റേതു പോലെ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായങ്ങൾ ദേശീയവത്കരിക്കപ്പെട്ടു. ഉരുക്ക്, ഖനനം, ആശയവിനിമയം, ഇൻഷുറൻസ്, എന്നീ മേഖലകളെല്ലാം ഇതിൽപ്പെടുന്നു.[13] ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ഇതിന് നേതൃത്വം നൽകിയത്. സോവിയറ്റ് യൂണിയന്റേതിൽ നിന്നും വ്യത്യസ്തമായി, ഒരു കേന്ദ്രീകൃത ഭരണനിർവ്വഹണം പോലെയല്ലാതെ കേന്ദ്രസർക്കാർ നേരിട്ടും, അല്ലാതേയും വികസനപരിപാടികളിൽ ഇടപെടുന്ന ഒരു നയമാണ് നെഹ്രു നടപ്പിലാക്കിയത്.[14]

ഉദാരവത്കരണത്തിനുശേഷം ( 1991 മുതൽ)[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "റിപ്പോർട്ട് ഫോർ സെലക്ടഡ് കൺട്രീസ് ആന്റ് സബ്ജക്ട്സ്". അന്താരാഷ്ട്ര നാണ്യ നിധി. 
 2. "ഗോൾഡൻ ക്വാഡ്രിലാറ്ററൽ". ദേശീയപാത അഥോറിറ്റി (ഭാരത സർക്കാർ). 
 3. "ഇന്ത്യാസ് സർപ്രൈസിംഗ് ഇക്കണോമിക് മിറാക്കിൾ". ഇക്കണോമിക് ടൈംസ്. 2010-09-30. 
 4. ഇന്ത്യാസ് ഇക്കോണമി - രാജ് കപില, ഉമാ കപില പുറം 20
 5. റോണ, ദിക്ക്. ഇൻഡസ് വാലി സിവിലൈസേഷൻ. ഇവാൻ ബ്രദേഴ്സ്. p. 13. ഐ.എസ്.ബി.എൻ. 978-0-237-53041-9. 
 6. റോണ, ദിക്ക്. ഇൻഡസ് വാലി സിവിലൈസേഷൻ. ഇവാൻ ബ്രദേഴ്സ്. p. 16. ഐ.എസ്.ബി.എൻ. 978-0-237-53041-9. 
 7. ജോനാസ്, ഹാൻവേ (2012). എ ഹിസ്റ്റോറിക്കൽ അക്കൗണ്ട് ഓഫ് ദ ബ്രിട്ടീഷ് ട്രേഡ് ഓവർ ദ കാസ്പിയൻ സീ. ഉലാൻ പ്രസ്സ്. 
 8. കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ (1)- ഹബീബ്, ചൗധരി പുറങ്ങൾ 10-13
 9. കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ (1) - ഹബീബ്, ചൗധരി പുറങ്ങൾ 360-361
 10. ലക്ഷ്മൺ.ഡി, സത്യ. "ദ ബ്രിട്ടീഷ് എംപയർ, ഇക്കോളജി ആന്റ് ഫാമിൻ ഇൻ 19 സെഞ്ച്വറി". ലോക് ഹെവൻ സർവ്വകലാശാല (പെൻസിൽവാനിയ. 
 11. കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ (2) - കുമാർ,ഹബീബ് പുറം 538-540
 12. കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ (2)- കുമാർ,ഹബീബ് പുറം 826-827
 13. അരുൺ, ഭട്ടാചാര്യ. "നാഷണലൈസേഷൻ ഓഫ് ഇൻഷൂറൻസ് ഇൻ ഇന്ത്യ". സെന്റർ ഫോർ സിവിൽ സൊസൈറ്റി. 
 14. "കൾച്ചറൽ ഇൻഫ്ലുവൻസ് ഇൻ ഇക്കണോമിക് തോട്ട് ഇൻ ഇന്ത്യ". ഇക്കണോമിക് ഇഷ്യൂ. 
"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_സമ്പദ്ഘടന&oldid=2402988" എന്ന താളിൽനിന്നു ശേഖരിച്ചത്