ഭൃഗു
ഹിന്ദുമത വിശ്വാസ പ്രകാരം പത്തു പ്രജാപതികളിലൊരാളാണ് ഭൃഗുമഹർഷി. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ എന്നറിയപ്പെട്ടത്. ബ്രഹ്മപുത്രൻ; അസുരഗുരുവായ ശുക്രാചാര്യരുടെ പിതാവാണ് ഭൃഗുമുനി.[1]
ഭൃഗുവിന്റെ ത്രിമൂർത്തി പരീക്ഷണം
[തിരുത്തുക]കലിയുഗാരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിന്റെ സമീപമെത്തി തുടർന്ന് പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു. പിന്നീട് കൈലാസത്തിലെത്തിയ മഹർഷി പരമശിവൻ പാർവതി ദേവിയെ ആലിംഗനം ചെയ്തിരിക്കു ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും, പാർവ്വതി ദേവിയുടേയും കോപത്തിനു പാത്രമാവുകയും ചെയ്തു.
തുടർന്ന്, മഹാവിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി.ഭഗവാൻ മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. അങ്ങനെ ഭഗവാൻ ത്രിമൂർത്തികളിൽ സർവ്വ ഉത്തമനാണെന്ന് മഹർഷിക്ക് ബോധ്യപ്പെട്ടു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്.
ബ്രഹ്മാനന്ദം
[തിരുത്തുക]ജീവിതാവസാനത്തിൽ ഈ ലോകത്തിൽ നിന്നു പ്രയാണം ചെയ്തു യാതൊന്നിലാണോ ഒടുവിൽ വിലയം പ്രാപിക്കുന്നത്, അതാണ് ബ്രഹ്മം എന്നു വരുണൻ ഭൃഗു മഹർഷിക്ക് ഉപദേശം നൽകി. വരുണൻ ഉപദേശം ലഭിച്ച കിട്ടിയതിനുശേഷം ആ തത്ത്വം സാക്ഷാത്കരിക്കുന്നതിനുവേണ്ടി തപസ്സുചെയ്ത് 'അന്നം' ആണ് ബ്രഹ്മമെന്നു മനസ്സിലാക്കി വരുണനെ സമീപിച്ചു. ബ്രഹ്മത്തിന്റെ സ്ഥൂലരൂപം മാത്രമാണ് അന്നം എന്നു വിശദീകരിച്ചു വരുണൻ. വീണ്ടും തപസ്സ് ചെയ്ത് പ്രാണനാണ് ബ്രഹ്മമെന്നു മനസ്സിലാക്കിയ ഭൃഗുവിനെ വീണ്ടും തപസ്സുചെയ്യാൻ വരുണൻ ഉപദേശിച്ചു. തൽഫലമായി മനസാണ് ബ്രഹ്മമെന്നും, വീണ്ടും വിജ്ഞാനമാണ് ബ്രഹ്മമെന്നും, അവസാനം ആനന്ദമാണ് ബ്രഹ്മമെന്നും ഭൃഗു കണ്ടെത്തി. ആനന്ദമാണ് ബ്രഹ്മമെന്ന പരമതത്ത്വം എന്നു സാക്ഷാത്കരിച്ച ഭൃഗുവിൽ വരുണൻ സന്തുഷ്ടനായി എന്ന് തൈത്തിരിയോപനിഷത്തിൽ പറയുന്നു. ബ്രഹ്മതത്വാഭിന്നവുമായ ആനന്ദത്തെ ആസ്പദമാക്കിയാണ് ഈശ്വരനെ സച്ചിദാനന്ദസ്വരൂപനെന്നും മറ്റും ലക്ഷണപൂർവകം വർണ്ണിച്ചിട്ടുള്ളത്. [2]
ദക്ഷയാഗം
[തിരുത്തുക]സതിദേവിയുടെ ജീവത്യാഗത്തിനു കാരണമായ ദക്ഷയാഗം നടത്തിയത് പ്രധാന പുരോഹിതനായ ഭൃഗുമുനിയുടെ നേതൃത്വത്തിലാണ്. സതിദേവിയുടെ ജീവത്യാഗം കണ്ട് കോപിഷ്ഠരായ ദേവിയുടെ കൂടെപ്പോയ ശിവഗണങ്ങളെ യാഗശാലയിൽ നിന്നും ഓടിക്കാൻ ഭൃഗുമഹർഷിയാണ് യോഗാഗ്നിയിൽ നിന്നും ഋഭു എന്ന സത്വത്തെ സൃഷ്ടിച്ചത്. ആയിരം കൈകളും മൂന്നുകണ്ണുകളും ഭീകര ദംഷ്ട്രകളും ഉള്ള ഒരു ഭീകര സത്വമായിരുന്നു അത്.
വീരഭദ്രന്റേയും ഭദ്രകാളിയുടെയും നേതൃത്വത്തിൽ എത്തിയ ഭൂതഗണങ്ങൾ ഭീകരസത്വത്തെ നശിപ്പിക്കുകയും ഭൃഗു മഹർഷിയെ ഉപദ്രവിക്കുകയും ചെയ്തു. മണിമാൻ എന്ന ശിവഭൃത്യൻ ഭൃഗുവിനെ യാഗശാലയിലെ ഒരു തൂണിൽ ബന്ധിച്ചു. വീരഭദ്രൻ ഭൃഗുവിന്റെ മീശയും താടിരോമങ്ങളും ബലമായി പറിച്ചെടുത്തുവെന്നും ദേവിഭാഗവതം പറയുന്നു. ഇതോടെ ഭൃഗുമഹർഷിയുടെ അഹങ്കാരം ശമിച്ചുവത്രെ. [3]
അവലംബം
[തിരുത്തുക]- ↑ നാരദ സംവാദം
- ↑ സർവ്വവിജ്ഞാനകോശം -- ഭൃഗു
- ↑ ദേവി ഭഗവതം -- ഡോ.പിഎസ്.വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഭൃഗു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |