പരിണാമത്തിൻെറ തെളിവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല ദശകങ്ങളായി വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ, ജീവജാലങ്ങളുടെ പൊതു ഉല്പത്തിയ്ക്കുള്ള തെളിവുകളെയാണ് പരിണാമത്തിൻെറ തെളിവുകൾ എന്ന് വിളിയ്ക്കുന്നത്. ഭൂമിയിലെ എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്ന് വന്നതാണെന്ന് ഇത് തെളിയിക്കുന്നു. പരിണാമ സിദ്ധാന്തത്തിന്റെ നിലനില്പിന് ബലമേകുന്ന ഒരു പ്രധാന ഭാഗമാണിത്. ഭൂമിയിലെ ജൈവവൈവിധ്യം സൃഷ്ടിക്കപ്പെട്ടത്, ജീവികളിൽ പരിണാമം സംഭവിക്കുന്നതു വഴിയുള്ള പ്രക്രിയകളിലൂടെയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. കാലാകാലങ്ങളിൽ എങ്ങനെയാണ് അല്ലെങ്കിൽ എന്തുകൊണ്ടാണ് ജീവൻ വ്യത്യാസപ്പെടുന്നത് എന്ന് വിശദീകരിക്കുന്ന ആധുനിക പരിണാമ സിദ്ധാന്തത്തെ ഈ തെളിവുകൾ പിന്തുണയ്ക്കുന്നു. പരിശോധിക്കപ്പെടാവുന്ന സാദ്ധ്യതകളെ രൂപപ്പെടുത്തിയും, പരികല്പനകളെ പരിശോധിച്ചും, കാര്യകാരണങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തങ്ങൾ രൂപീകരിച്ചും ഒരു പൊതു ഉല്പത്തിയുടെ അഥവാ ജീവന്റെ അവസാന പൊതു പൂർവ്വികനിലേയ്ക്കുള്ള തെളിവുകൾ പരിണാമജീവശാസ്ത്രജ്ഞന്മാർ രേഖപ്പെടുത്തുന്നു.[1]

ആകാരതാരതമ്യം[തിരുത്തുക]

ജൈവ ഗ്രൂപ്പുകളുടെ ശരീര ഘടനാപരമായ ചില സവിശേഷതകൾ അടിസ്ഥാനപരമായി സമാനമാണെന്നു ഇത് സംബന്ധിച്ച് നടത്തിയ താരതമ്യ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, എല്ലാ പൂക്കളുടെയും അടിസ്ഥാന ഘടകങ്ങൾ വിദളം, ദളം, തന്തുകം, ജനിദണ്ഡ്, അണ്ഡാശയം എന്നിവയാണ്. എങ്കിലും വലിപ്പം, നിറം, ഘടകങ്ങളുടെ എണ്ണം, ഘടന എന്നിവ ഓരോ ഇനത്തിനും വ്യത്യസ്തമാണ്. മനുഷ്യൻെറ കൈ, മുതലയുടെ മുൻകാൽ, തിമിംഗിലത്തിൻെറ തുഴ, പക്ഷിയുടെ ചിറക് എന്നിവ നിരീക്ഷിച്ചാൽ ഇവയെല്ലാം ആന്തരികമായി രക്തക്കുഴലുകളും നാഡികളും അസ്ഥികളും പേശികളും കൊണ്ട് ഘടനാപരമായി സമാനമായി നിർമ്മിക്കപ്പെട്ടതാണെന്ന് കാണാം. ഇവ ബാഹ്യഘടനയിൽ കാണിക്കുന്ന വ്യത്യാസം വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്നതിനു ലഭിച്ച അനുകൂലനങ്ങളാണ്. അതായത്, ഈ ജീവികളെല്ലാം ആന്തരഘടന ഒന്നുപോലെ നിലനിർത്തി, ബാഹ്യരൂപത്തിൽ പരിണമിച്ചുവന്നു. ഫോസിൽ അവശിഷ്ടങ്ങളുടെ ഇപ്രകാരത്തിലുള്ള താരതമ്യവും ആധുനിക ചിത്ര-സാങ്കേതികതകളുടെ സഹായത്തോടെ സാധ്യമാണ്. ഇന്നുള്ള ജീവികളെല്ലാം പൊതുപൂർവ്വികജീവികളിൽ നിന്നുണ്ടായതാണെന്ന് ഇവ സമർത്ഥിക്കുന്നു.[2]

അവശിഷ്ടാവയവങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം അവശിഷ്ടാവയവം

പൂർവ്വകാലത്ത് വ്യക്തമായ ധർമ്മം അനുഷ്ഠിച്ചിരുന്ന അവയവം പരിണാമ ദിശയിലെപ്പോഴോ പൂർണ്ണമായോ ഭാഗികമയോ ഉപയോഗം നഷ്ടപ്പെട്ടിട്ടും ശരീരത്തിൽ കാണപ്പെടുന്ന സാന്നിധ്യമായി തുടർന്നേക്കാം. അത്തരം ഘടനകളാണ് അവശിഷ്ടാവയവം , അവശേഷാവയവം (vestigial organs )എന്നിങ്ങനെയുള്ള പേരിൽ അറിയപ്പെടുന്നത്. ഡാർവീനിയൻ പരിണാമത്തിന്റെ വ്യക്തമായ തെളിവുകളിൽ ഒന്നാണ് ഈ ഘടനകൾ എന്ന് പരിണാമ ശാസ്ത്രജ്ഞർ പറയുന്നു. ജലജീവികളിലും ഉരഗങ്ങളിലും, ഉഭയജീവികളിലും പക്ഷികളിലും സ്തനജീവികളിലും അവശിഷ്ഠാവയവങ്ങൾ കാണപ്പെടുന്നുണ്ട്.

മനുഷ്യരിൽ[തിരുത്തുക]

മനുഷ്യരിൽ കാണപ്പെടുന്ന ചില അവശേഷാവയവങ്ങൾ ഇവയാണ്:

 1. വെർമിഫോം അപ്പെൻഡിക്സ്: സെല്ലുലോസ് ദഹിപ്പിക്കാൻ ഉതുകുന്ന ജീവാണുക്കൾ അടങ്ങിയ ഈ അവയവം ആ ധർമ്മം ഇന്നത്തെ ചില ജന്തുക്കളിൽ ഇപ്പോഴും അനുഷ്ഠിക്കുന്നു. എന്നാൽ സസ്യഭുക്കുകളായ വലിയ മൃഗങ്ങളിലടക്കം പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇതിനുള്ളതായി കാണുന്നില്ല. [3] എന്നാൽ കുടലുകളിൽ കാണപ്പെടുന്ന ദഹനാണുക്കളെ (digestive bacteria) ചില അടിയന്തരഘട്ടങ്ങളിൽ ഇവ പോഷിപ്പിക്കാറുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
 2. വാലെല്ല് അഥവാ അനുത്രികം (Coccyx). കശേരുക്കളിൽ ഒടുവിലത്തേതായ എല്ലാണ് അനുത്രികം. മനുഷ്യരടക്കമുള്ള എല്ലാ സസ്തനികളിലും ജീവന്റെ ഏതെങ്കിലും ഘട്ടത്തിൽ വാൽ ഉണ്ടായിരിക്കും. മനുഷ്യനിൽ ഗർഭസ്ഥ ശിശുക്കളിൽ നാലാഴ്ച്ച കാലത്തേക്ക് ഇത് കാണാം. ഏറ്റവും വ്യക്തമായി കാണപ്പെടന്നത് ഗർഭസ്ഥ ശിശു 31 മുതൽ 35 ദിവസം വരെ പ്രായത്തിലുള്ളപ്പോഴാണ്.[4] വാലുകളിലെ പേശികൾ ഘടിപ്പിക്കാനാണ് ഇവ ഉണ്ടായിരുന്നത്. ഇപ്പോഴും പല പേശികളും ലിഗ്ഗമെന്റുകളും ഇവയിൽ ഘടിപ്പിച്ച് നിൽക്കുന്നത് കൊണ്ട് ഇവ പൂർണ്ണമായും ഉപയോഗ ശൂന്യമാണെന്ന് പറയാൻ കഴിയില്ല.
 3. വിവേകദന്തങ്ങൾ എന്നറിയപ്പെടുന്നതും ഏറ്റവും ഒടുവിൽ മുളച്ചു വരുന്നതുമായ അണപ്പല്ലുകൾ. സസ്യാധിഷ്ഠിത ആഹാരം]] ദഹിപ്പിക്കാനുള്ള ദഹനേന്ദ്രിയങ്ങൾ വികാസം പ്രാപിച്ചിട്ടില്ലാത്ത പൂർവ്വ കാലഘട്ടത്തിൽ ആഹാരം നല്ലതു പോലെ ചവയ്ക്കേണ്ടയിരുന്നു. ആ പൂർവ്വ മനുഷ്യരിൽ താടിയെല്ലും വലുതായിരുന്നു. വലിയ താടിയെല്ലിനു അനുയോജ്യമായ എണ്ണത്തിൽ അണപ്പല്ലുകൾ ആവശ്യവുമായിരുന്നു. എന്നാൽ ആഹാരത്തിലും, ആഹരിക്കുന്ന രീതിയിലുമുണ്ടായ (വേവിച്ചും പാകം വരുത്തിയും ) വൻ മാറ്റങ്ങൾ വലിയ താടിയെല്ലുകൾ ചുരുങ്ങാൻ ഇടയാക്കി. എന്നാൽ പല്ലുകളുടെ എണ്ണം നിലനിന്നതിനാൽ വിവേക ദന്തങ്ങൾ അധികപറ്റായി.[5]
 4. സൂക്ഷമഘ്രാണ അവയവം (vomero nasal organ): ഇത് ഒരു അവയവമായി നിലനില്ക്കുന്നുണ്ടെന്നും ഇല്ലെന്നും രണ്ട് പക്ഷമുണ്ട്. എന്നാൽ ഘ്രാണപ്രക്രിയയിൽ (olfaction) ഇവയ്ക്ക് യാതൊരു പങ്കും ഇന്നില്ല. മറ്റ് പല ജന്തുക്കളിൽ ഇവ സജീവ പങ്ക് വഹിക്കുന്നുണ്ട്താനും.
 5. ചെവിക്കുട
 6. പുരുഷനിൽ സ്തനഗ്രന്ഥിയും മുലക്കണ്ണും
 7. കന്യകാചർമ്മം

മറ്റുള്ള ജീവികളിൽ[തിരുത്തുക]

ബർമ്മൻ മലമ്പാമ്പിന്റെ അവശിഷ്ട പാദങ്ങൾ
 • ഒട്ടകപ്പക്ഷിയുടേയും പറക്കാത്ത മറ്റ് പക്ഷികളുടേയും ചിറകുകൾ.
 • ഗുഹാ മത്സ്യങ്ങളുടേയും സലമാണ്ടറുകളുടേയും കണ്ണുകൾ - അവ കാഴ്ച ലഭ്യമാക്കുക എന്ന ധർമ്മം നിലവിൽ നിർവ്വഹിക്കുന്നില്ല. എന്നാൽ പൂർവികനിൽ നിന്നും ലഭിച്ച ഘടന നിലനിർത്തിയിരിക്കുന്നു.
 • മലമ്പാമ്പുകൾ, ബവാ എന്നയിനം പാമ്പുകൾ എന്നിവയ്ക്ക് ഇടുപ്പെല്ലിൽ നിന്നും പുറത്തേയ്ക്ക് തുടയെല്ലുകളുടെ അവശേഷിപ്പുകൾ കാണപ്പെടുന്നു.
 • എന്റമീബ ഹിസ്റ്റോലിറ്റിക്കയിൽ കാണപ്പെടുന്ന മൈറ്റോകോൺട്രിയ - ഇവയ്ക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന കഴിവില്ല.[6]

അറ്റാവിസം[തിരുത്തുക]

മാതാപിതാക്കളിലോ സമീപകാല പൂർവികരിലോ കണ്ടിട്ടില്ലാത്തതും പുരാതന പൂർവികരുടെ സവിശേഷതയായിരുന്നതും, പരിണാമ ദശയിൽ നഷ്ടപ്പെട്ടതുമായ ഒരു സവിശേഷത ആകസ്മികമായി പ്രത്യക്ഷപ്പെടുന്നതാണ് അറ്റാവിസം. ഒരു പ്രത്യേക ഘടന ഒരു സ്പീഷീസിൽ നിന്നും അപ്രത്യക്ഷമായ ശേഷവും അതിന്റെ ജനിതക സാദ്ധ്യത എത്രമാത്രം നിലനിർത്തപ്പെടുന്നു എന്നതിന്റെ ശക്തമായ തെളിവുകളാണ് അവശിഷ്ടാവയവങ്ങൾ. ഭ്രൂണlത്തിനുള്ളിൽ തന്നെയുള്ള വികാസ വ്യതിയാന സാധ്യതയുടെ സൂചനയാണിത്. പൂർവ്വികരിലുണ്ടായിരുന്ന രൂപസവിശേഷതകൾക്ക് കാരണമായ ജീനുകൾ, നിലവിൽ പ്രകടമാകുന്നില്ലങ്കിൽ പോലും, ഒരു ജീവിയുടെ ഡി.എൻ.എയിൽ സൂക്ഷിക്കപ്പെടുന്നതാണ് അറ്റാവിസത്തിന് കാരണം. ഭ്രൂണ വളർച്ചയുടെ ഘട്ടത്തിൽ അപൂർവ്വമായി ഇത്തരം ജീനുകൾ പ്രവർത്തനക്ഷമമാവുകയും, ബന്ധപ്പെട്ട സവിശേ‍ ഘടന ജീവിയിൽ പ്രകടമാവുകയും ചെയ്യുന്നു. അറ്റാവിസത്തിന് ധാരാളം ഉദാഹരണങ്ങൾ ലഭ്യമാണ്.

 • മനുഷ്യരിൽ വാല് പ്രത്യക്ഷപ്പെടുന്നത്.[7][8]
 • തിമിംഗതത്തിന്റെ പിൻകാലുകൾ.
 • പാദങ്ങളില്ലാത്തതും നട്ടെല്ലുള്ളതുമായ ജീവികളിൽ പാദങ്ങൾ പ്രത്യക്ഷപ്പെടുന്നത്. [9][10]
 • ബോട്ടിൽ നോസ് ഡോൾഫിനുകളുടെ തുഴച്ചിൽ കാലുകൾ[11][12]
 • കുതിരയുടെ കാലുകളിലെ അധിക വിരൽ[13]
 • കോഴികൾക്ക് പല്ല് പ്രത്യക്ഷപ്പെടുന്നത്[14]
 • ചിറകില്ലാത്ത പ്രാണികൾക്ക് ചിറകുകൾ പ്രത്യക്ഷപ്പെടുന്നത്[15]

ഭ്രൂണശാസ്ത്രവും ജൈവവളർച്ചാ ഘട്ടങ്ങളും[തിരുത്തുക]

വിവിധ സ്പീഷീസുകളുടെ വളർച്ചാഘട്ടങ്ങൾ താരതമ്യം ചെയ്യുന്നതിലൂടെ അവയുടെ പൂർവ്വികർ തമ്മിലുള്ള പരസ്പര ബന്ധം വെളിവാകുന്നു. എല്ലാ ജീവികളിലും അവയുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഹോക്സ് ജീൻ പോലെയുള്ള പൊതു ജീൻ ഘടകങ്ങൾ കാണപ്പെടുന്നു. ഇത് ഒരു പൊതു പൂർവ്വികനിലേക്ക് വിരൽ ചൂണ്ടുന്നു. വിവിധ ജീവികളുടെ ഭ്രൂണ വളർച്ചാ ഘട്ടങ്ങൾ താരതമ്യം ചെയ്താലും നിരവധി സാമ്യങ്ങൾ കാണാവുന്നതാണ്. ഭ്രൂണ വളർച്ചുയുടെ വിവിധ ഘട്ടങ്ങളിൽ പൂർവ്വികമായ പലസവിശേഷതകളും പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയയും ചെയ്യുന്നു.

ഉദാഹരണങ്ങൾ-

 • മനുഷ്യശിശുക്കളിൽ ഭ്രൂണ വളർച്ചയിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ശരീര രോമം..
 • ഭ്രൂണത്തോട് ബന്ധിപ്പിച്ചിട്ടുള്ള കരു സഞ്ചിയുടെ (Yolk sac) വളർച്ചയും ചുരുങ്ങലും.
 • കരയിൽ വസിക്കുന്ന തവളകളും സലമാണ്ടറും മുട്ടയ്ക്കുള്ളിൽ ജലജീവികളുടെ പ്രത്യേകതയായ ലാർവ്വാ ഘട്ടത്തിലൂടെ കടന്നുപോകുന്നു. പിന്നീട് കരയിൽ വസിക്കുന്നതിനുള്ള അനുകൂലനങ്ങളോടെ വിരിഞ്ഞ് പുറത്ത് വരുന്നു.
 • നട്ടെല്ലുള്ള ജീവികൾക്ക് ഭ്രൂണാവസ്ഥയിൽ ചെകിള പോലെയുള്ള ഭാഗം രൂപപ്പെടുന്നു. മത്സ്യങ്ങളിലും സസ്തനികളിലും ഇവ പിന്നീട് വ്യത്യസ്ത ധർമ്മം നിർവ്വഹിക്കുന്ന ഭാഗങ്ങളായി രൂപ്പെടുന്നു.

അനുരൂപാംഗങ്ങളും പരിണാമ വ്യതിയാനങ്ങളും[തിരുത്തുക]

നട്ടല്ലുള്ള ജീവികളുടെ മുൻപാദങ്ങൾ - മനുഷ്യൻ, പട്ടി, പക്ഷി, തിമിംഗിലം എന്നിവയിൽ

വളരെയധികം വ്യത്യസ്തമായ ജീവിവർഗ്ഗങ്ങൾ ഒരു പൊതു പൂർവ്വികനിൽ നിന്നാണ് ഉത്ഭവിച്ചതെങ്കിൽ അവയ്ക്ക് പൊതുവായ ചില അടിസ്ഥാന സവിശേഷതകൾ ഉണ്ടായിരിക്കണം. രണ്ട് ജീവജാലങ്ങൾ തമ്മിലുള്ള സാദൃശത്തിന്റെ അളവ്, അവ പരിണാമ പ്രക്രിയയിൽ എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്-

 • രണ്ട് ജീവിവർഗ്ഗങ്ങൾ തമ്മിൽ പൊതുവായ സവിശേഷതകൾ വളരെ കുറവാണെങ്കിൽ അവ പരിണാമ ഘട്ടത്തിൽ ഒരു പൊതു പൂർവ്വികനിൽ നിന്നും വേർതിരിഞ്ഞിട്ട് ദീർഘകാലം ആയി എന്ന് അനുമാനിക്കാം. അതായത് അവതമ്മിലുള്ള പരസ്പര ബന്ധം വളരെ കുറവാണ്.
 • ഇത്തരം പരസ്പര ബന്ഘങ്ങളെ കണക്കാക്കുമ്പോൾ ജീവികളുടെ ശരീരാംഗങ്ങൾ ഉപയോഗത്തിൽ എത്ര വ്യത്യസ്തമായിരുന്നാലും, ഘടനാപരമായി എത്രമാത്രം സാമ്യമുള്ളവയാണ് എന്നതാണ് പരിഗണിക്കുക.
 • ഇങ്ങനെ വ്യത്യസ്ത ധർമ്മം നിർവ്വഹിക്കുന്നെങ്കിലും ഘടനാപരമായി സദൃശങ്ങളായ അവയവങ്ങളാണ് അനുരൂപാംഗങ്ങൾ(Homologous structures). അനുരൂപാംഗങ്ങൾ ഉള്ള ജീവികൾക്ക് ഒരു പൊതു പൂർവ്വികൻ ഉണ്ടായിരിക്കും.

ഉദാഹരണങ്ങൾ

 • നട്ടല്ലുള്ള ജീവികളുടെ മുൻപാദങ്ങൾ - ഇവ മനുഷ്യരിൽ കയ്യുകളായും, മൃഗങ്ങളിൽ മുൻ കാലുകളായും പക്ഷികളിലും വവ്വാലുകളിലും ചിറകുകളായും, തിമിംഗിലങ്ങളിൽ തുഴയാനുള്ള അവയവങ്ങളായും പരിണമിച്ചിരിക്കുന്നു.
 • സസ്തനികളിലെ മദ്ധ്യ കർണ്ണത്തിലെ അസ്ഥികൾ മാലിയസ് (Malleus), മാലിയസുമായി ചേർന്ന് കാണപ്പെടുന്ന ഇൻകസ് (Incus), ഇതിനോട് ചേർന്നുള്ള കുതിരസവാരിക്കാർ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള സ്റ്റേപിസ് (Stapes) എന്നിവ ബാഹ്യ കർണ്ണത്തിൽ നിന്നും ആന്തര കർണ്ണത്തിലേക്ക് ശബ്ദം ചാലനം ചെയ്യുന്ന ധർമ്മം നിർവ്വഹിക്കുന്നു. പല്ലികളുടേയും, പല്ലി സമാനമായ ഫോസിൽ ജീവികളുടേയും താടിയെല്ല് രൂപപ്പെടുന്ന അതേ ഭാഗങ്ങളാണ് ഭ്രൂണ വികാസത്തിൽ സസ്തനികളിൽ മാലിയസും ഇൻകസും ആയി രൂപപ്പെടുന്നത്.

ജെവവർഗ്ഗീകരണവും വംശവൃക്ഷവും[തിരുത്തുക]

നട്ടെല്ലുള്ള ജീവികളുടെ പരിണാമവിഭജനം വർഗ്ഗതലത്തിൽ. കറുപ്പിച്ച ഓരോ ഭാഗത്തിന്റേയും വീതി അവയിൽ അടങ്ങിയിരിക്കുന്ന ഉപകുടുംബങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നു. പരിണാമവർഗ്ഗവിഭജനരീതിയിയുടെ ഒരു മുഖമുദ്രയായിരുന്നു ഇത്തരം ചിത്രങ്ങൾ

ജീവികളെ കണ്ടെത്തുകയും ശാസ്ത്രീയമായി തരംതിരിക്കുകയും ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരുനൽകുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ടാക്സോണമി, ബയോളജിക്കൽ ടാക്സോണമി അഥവാ ജെവവർഗ്ഗീകരണശാസ്ത്രം. ജീവാലങ്ങളെ വ്യത്യസ്ത 'ടാക്സ' കളിൽ ഉൾപ്പെടുത്തുകയാണ് ടാക്സോണമിയിൽ ചെയ്യുന്നത്. സ്പീഷീസ് മുതൽ ഡൊമെയ്ൻ വരെയുള്ള എട്ടോളം ടാക്സകളിലാണ് ഇതനുസരിച്ച് ജീവജാലങ്ങളെ ഉൾപെടുത്തുന്നത്. സാദൃശ്യത്തിന്റെ അടിസഥാനത്തിൽ ജീവജാലങ്ങളെ ഉയർന്ന തലത്തിലേയ്ക്കും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ താഴ്ന്ന തലങ്ങളിലേയ്ക്കും ഉൾപ്പെടുത്തുകവഴി ജീവജാലങ്ങൾ തമ്മിലുള്ള പരിണാമപരമായ ബന്ധവും വൈവിധ്യവും തിരിച്ചറിയാൽ കഴിയുന്നു.[16]

ചാൾസ് ഡാർവിന്റെ "ജീവന്റെ വൃക്ഷം" എന്ന ആശയത്തിൽ നിന്നും വികാസം പ്രാപിച്ച് ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാന ചട്ടക്കൂടായി മാറിയ ശാസ്ത്രീയപരികൽപ്പനയാണു് വംശവൃക്ഷം (phylogenetic tree) അഥവാ വംശജനിതകവൃക്ഷം അഥവാ പരിണാമവൃക്ഷം. അനേകം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള ഒരു രേഖാചിത്രമായാണു് വംശവൃക്ഷം പഠനരംഗങ്ങളിൽ ഉപയോഗിക്കുന്നതു്.

ശരീരഘടനാ താരതമ്യങ്ങളിൽ നിന്നുള്ള ചില പ്രത്യേക ഉദാഹരണങ്ങൾ[തിരുത്തുക]

Figure 2c
ചിത്രം 2c: A - കടിക്കുകയും ചവയ്ക്കുകയും ചെയ്യുന്ന പുരാതന വർഗ്ഗങ്ങൾ, ഉദാ- പുൽച്ചാടി; B - തേനുണ്ണുകയും കടിക്കുകയും ചെയ്യുന്ന വർഗ്ഗങ്ങൾ, ഉദാ- തേനീച്ച; C - വലിച്ചു കുടിക്കുന്നവ, ഉദാ- പൂമ്പാറ്റ; D - കുത്തുകയും വലിച്ചു കുടിക്കുകയും ചെയ്യുന്നവ, ഉദാ- കൊതുക്.
Figure 2e
ചിത്രം 2d: പഞ്ചവിരൽ തത്ത്വം - സസ്തനികളിലെ മുൻകാലുകളുടെ ഘടന ചിത്രീകരിച്ചിരിക്കുന്നു.
Figure 2f
ചിത്രം 2e: The path of the recurrent laryngeal nerve in giraffes. The laryngeal nerve is compensated for by subsequent tinkering from natural selection.
Figure 2g
Figure 2g: Route of the vas deferens from the testis to the penis.

പ്രാണികളുടെ വദനഭാഗങ്ങളും ശൃഗികളും[തിരുത്തുക]

മിക്ക പ്രാണി വർഗ്ഗങ്ങളുടേയും വദനഭാഗങ്ങളും ശൃംഗികളും ഓരേ തരത്തിൽ വികസിച്ചുവന്നവയാണ്. എന്നാൽ പലതരത്തിൽ പരിണമിച്ച് വ്യത്യസ്ത ധർമ്മങ്ങൾ നിർവ്വഹിക്കുന്നു. (ചിത്രം 2c നോക്കുക.)

പഞ്ചവിരൽ കൈ-കാലുകൾ[തിരുത്തുക]

ഭൂരിപക്ഷം ടെട്രാപോഡുകൾക്കും (ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ) കൈകാലുകളിൽ (ചിറകുകളിലും) അഞ്ച് വിരലുകളും സമാനമായ അസ്ഥിവിന്യാസവും കാണപ്പെടുന്നു. അഞ്ച് വിരലുകളുള്ള എല്ലാ ടെട്രാപോഡുകളും ഒരു പൊതു പൂർവ്വികനിൽ നിന്നും ഉരുത്തിരിഞ്ഞവയാണെന്ന് ഇത് തെളിയിക്കുന്നു. ടിക്‌ടാലിക് പോലെയുള്ള ചില ഫോസിൽ മത്സ്യങ്ങളുടെ മുൻചിറകുകൾ പഞ്ചവിരൽ സ്വഭാവം കാണിക്കുന്നവയാണ്. ഉഭയജീവികൾ ഇത്തരം മത്സ്യങ്ങളിൽ നിന്നും ഉത്ഭവിച്ചവയാണ്.

കൈകാലുകളിൽ ഒരു പ്രോക്സിമൽ അസ്ഥി (ഭുജാസ്ഥി), രണ്ട് ഡിസ്റ്റൽ അസ്ഥികൾ (പുറത്തെ കണങ്കൈയസ്ഥി, അകത്തെ കണങ്കൈയസ്ഥി), ഒരു കാർപൽസ് (മണിബന്ധാസ്ഥികൾ), ശേഷം അഞ്ച് ശ്രേണികളിലായി മെറ്റാകാർപലുകൾ (കരതലാസ്ഥികൾ), ഫോലാഞ്ചുകൾ (വിരലസ്ഥികൾ) എന്നിവയുമുണ്ട്. ടെട്രാപ്പോഡുകളിൽ ഉടനീളം പഞ്ചവിരൽ അവയവങ്ങളുടെ മൗലിക ഘടനയും ഒരേപോലെയാണ്. അവ ഒരു പൊതു പൂർവികനിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് ഇത് സൂചിപ്പിക്കുന്നു. വിവിധ അനുകൂലന പരിസരങ്ങൾക്കും ജീവിതരീതികൾക്കും അനുസൃതമായി വ്യത്യസ്ത ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിനു് ഉതകും വിധത്തിൽ ഉപരിപ്ലവമായി വ്യത്യസ്തവും പരസ്പര ബന്ധമില്ലാത്തതുമായ വ്യത്യസ്ത അനുകൂലനങ്ങൾ അവ പിന്നീട് നേടിയിട്ടുണ്ട്.

ഈ പ്രതിഭാസം സസ്തനികളുടെ മുൻകാലുകളിൽ എങ്ങനെയാണെന്ന് താഴെ വിവരിക്കുന്നു.

 • കുരങ്ങുകളുടെ മുൻകാലുകൾ കൂടുതൽ നീളം വച്ച് വൃക്ഷങ്ങളിൽ കയറുന്നതിനും തൂങ്ങുന്നതിനും ആവശ്യമായ അനുകൂലനം നേടിയിരിക്കുന്നു.
 • പന്നികൾക്ക് ഒന്നാം വിരൽ നഷ്ടപ്പെട്ടു, രണ്ടാമത്തെയും, അഞ്ചാമത്തെയും വിരലുകൾ ചുരുങ്ങി. ബാക്കിയുള്ള രണ്ട് വിരലുകൾ നീണ്ടതും മറ്റുള്ളവയെക്കാൾ കരുത്തുള്ളതും ശരീരഭാരം താങ്ങാനാവശ്യമായ കുളമ്പുകൾ ഉള്ളവയുമാണ്.
 • കുതിരകളിൽ മുൻകാലുകൾ നീണ്ടതും കരുത്തുള്ളതുമായി തീർന്നു. മൂന്നാം വിരൽ നീണ്ടതും ബലമേറിയ കുളമ്പുള്ളതുമായത് മൂലം അതിവേഗത്തില ദീർഘദൂരം ഓടുന്നതിനു് സഹായകമായി.
 • ഉറുമ്പ്തീനികൾ അവയുടെ വലിയ മൂന്നാം വിരൽ ഉപയോഗിച്ച് ഉറുമ്പിന്റേയും ചിതലിന്റേയും കൂടുകൾ തകർക്കുന്നു.
 • വവ്വാലുകളുടെ മുൻകാലുകൾ അത്യധികം പരിണമിച്ച് ചിറകുകളായിയിരിക്കുന്നു. അവസാനത്തെ നാലു് വിരലുകൾ നീണ്ട് ചിറകുകളായപ്പോൾ കൊളുത്ത് പോലെയുള്ള ഒന്നാം വിരൽ തലകീഴായി തൂങ്ങി കിടക്കുന്നതിനു് സഹായിക്കുന്നു.[17]

കോശധർമ്മവും ഘടനയും[തിരുത്തുക]

എല്ലാ ജീവികളുടേയും കോശത്തിൽ പ്രോട്ടോപ്ലാസം, കോശാംഗങ്ങൾ എന്നിവയുണ്ട്. കോശശ്വസനമാണ് മുഖ്യഊർജ്ജോത്പാദനപ്രക്രിയ. മാലിന്യങ്ങൾ വിസർജ്ജനത്തിലൂടെ പുറന്തള്ളുന്നു. ഇങ്ങന കോശഘടനയിലും ധർമ്മത്തിലുമുള്ള സാദൃശ്യങ്ങൾ ഇന്നുള്ള ജീവികളെല്ലാം പൊതുപൂർവ്വികജീവിയിൽനിന്നുണ്ടായതാണെന്ന് ഇത് സമർത്ഥിക്കുന്നു.

വർഗ്ഗീകരണം[തിരുത്തുക]

സാമ്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവികളെ വലിയ വിഭാഗമായും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ചെറിയ വിഭാഗങ്ങളായും തരംതിരിക്കുകയാണ് വർഗ്ഗീകരണത്തിൽ ചെയ്യുന്നത്. ഒരു പൊതുപൂർവ്വികനിൽനിന്നും വ്യത്യസ്തതകൾ പിൻപറ്റിയാണ് ജീവികൾ പരിണമിച്ചതെന്ന് ഇതി തെളിയിക്കുന്നു.

ഫോസിൽ പഠനങ്ങൾ[തിരുത്തുക]

ഭൂവൽക്കത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകൾ.ഇവ പല വിധത്തിൽ സംരക്ഷിക്കപ്പെടാം.

 • ആംബറിനുള്ളിൽക്കുടുങ്ങിയ എട്ടുകാലി
 • ലാവയിൽ പതിഞ്ഞ ആസട്രലോപിത്തിക്കസിൻെറ കാലടയാളം
 • ഫോസിലീകരിക്കപ്പെട്ട പൈൻ മരങ്ങൾ
 • മഞ്ഞിൽ പുതഞ്ഞ് ലഭിച്ച വൂളി മാമത്ത്.

ലഭിച്ച ഫോസിലുകളുടെ പഴക്കം കാർബൺ 14 റേഡിയോആക്ടീ്വ് പഠനം വഴി മനസ്സിലാക്കാം. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ഫോസിലുകളുടെ കാല പഴക്കം നിർണ്ണയിച്ചും താരതമ്യപഠനം നടത്തിയും ഉളള പഠനങ്ങൾ ലളിത ഘടനയിൽ നിന്ന് സങ്കീർണ്ണഘടനയിലേക്ക് ജീവപരിണാമം നടന്നു എന്ന് തെളിയിക്കുന്നു. ഇത്തരത്തിൽ ഫോസിലുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് പരിണാമപഠനത്തിന് ഉപോൽബലകമാകുന്നു.

അവലംബം[തിരുത്തുക]

 1. https://en.wikipedia.org/wiki/Evidence_of_common_descent
 2. Tanaka G, Hou X, Ma X, Edgecombe GD, Strausfeld NJ (October 2013). "Chelicerate neural ground pattern in a Cambrian great appendage arthropod". Nature. 502 (7471): 364–7. Bibcode:2013Natur.502..364T. doi:10.1038/nature12520. PMID 24132294. {{cite journal}}: Invalid |ref=harv (help)
 3. Darwin, Charles (1871). The Descent of Man, and Selection in Relation to Sex. John Murray: London.
 4. Saraga-Babić, M; Lehtonen, E; Svajger, A; Wartiovaara, J (1994). "Morphological and immunohistochemical characteristics of axial structures in the transitory human tail". Annals of Anatomy. 176 (3): 277–86. doi:10.1016/S0940-9602(11)80496-6. PMID 8059973.
 5. Johnson, Dr. George B. "Evidence for Evolution". (Page 12) Txtwriter Inc. 8 Jun 2006.
 6. https://en.wikipedia.org/wiki/Evidence_of_common_descent#Specific_examples_from_comparative_anatomy
 7. https://www.quora.com/Is-there-documented-cases-of-humans-with-tails
 8. https://www.ncbi.nlm.nih.gov/pubmed/6373560
 9. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-03. Retrieved 2018-01-23.
 10. https://www.nature.com/articles/ng0695-126
 11. https://www.livescience.com/4298-dolphin-remains-legs.html
 12. https://www.livescience.com/4298-dolphin-remains-legs.html
 13. http://onlinelibrary.wiley.com/doi/10.1111/j.1469-185X.1984.tb00402.x/abstract?systemMessage=Please+be+advised+that+we+experienced+an+unexpected+issue+that+occurred+on+Saturday+and+Sunday+January+20th+and+21st+that+caused+the+site+to+be+down+for+an+extended+period+of+time+and+affected+the+ability+of+users+to+access+content+on+Wiley+Online+Library.+This+issue+has+now+been+fully+resolved.++We+apologize+for+any+inconvenience+this+may+have+caused+and+are+working+to+ensure+that+we+can+alert+you+immediately+of+any+unplanned+periods+of+downtime+or+disruption+in+the+future
 14. http://www.cell.com/current-biology/fulltext/S0960-9822(06)00064-9
 15. Michael F. Whiting; et al. (2003), "Loss and recovery of wings in stick insects", Nature, 421: 264–267, doi:10.1038/nature01313, PMID 12529642
 16. Invertebrate Zoology, Text Book, E L Jordan, P S Verma, S. Chand & Company Ltd, 2005, പേജ് 5- 11
 17. https://en.wikipedia.org/wiki/Evidence_of_common_descent#Specific_examples_from_comparative_anatomy