ത്രിഭാഗനിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ത്രിഭാഗനിയമം വ്യക്തമാക്കുന്ന ഒരു ചിത്രം, ആയിരം ദ്വീപ് പ്രദേശത്തുനിന്ന് ചിത്രീകരിച്ച ഒരു സൂര്യാസ്തമനം

ചിത്രരചന, ഛായാഗ്രഹണം, രൂപകല്പന തുടങ്ങിയ കലകളിൽ ദൃശ്യരൂപങ്ങൾ ഒരുക്കാൻ ഉപയോഗിക്കാവുന്ന ഒരു പ്രയോഗികനിയമമാണ് ത്രിഭാഗനിയമം (Rule of thirds).[1] ഇതിൽ, തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന ദൃശ്യരൂപത്തെ കുറുകെയും നെടുകയുമായുള്ള ഈരണ്ട് വരകൾ ഉപയോഗിച്ച് ഒൻപത് തുല്യഭാഗങ്ങളായി മുറിക്കുന്നതായി സങ്കൽപ്പിക്കുന്നു (ചിത്രം കാണുക). എടുത്തുകാണിക്കേണ്ടവയോ അല്ലെങ്കിൽ മറ്റുതരത്തിൽ പ്രാധാന്യമുള്ളവയോ ആയ ദൃശ്യഘടകങ്ങൾ, ഈ വരകളുടെമേലോ അവ കൂട്ടിമുട്ടുന്ന സ്ഥലങ്ങളിലോ ആകുന്ന രീതിയിൽ ദൃശ്യരൂപത്തെ ക്രമീകരിക്കുന്നു.[2] ഇങ്ങനെ ചെയ്താൽ, ദൃശ്യത്തിലെ പ്രധാന വസ്തുവിനെ വെറുതെ ഒത്ത നടുക്ക് ആക്കുന്നതിനെ അപേക്ഷിച്ച് ദൃശ്യരൂപത്തിൽ കൂടുതൽ (നല്ല അർത്ഥത്തിലുള്ള) പിരിമുറുക്കവും ഊർജ്ജവും വരുകയും, ദൃശ്യരൂപം കൂടുതൽ ആകർഷകമാവുകയും ചെയ്യും എന്ന് ഈ നിയമത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നു. ജോൺ തോമസ് സ്മിത്ത് 1797ൽ 'റിമാർക്ക്സ് ഓൺ റൂറൽ സീനറി' (Remarks on Rural Scenery) എന്ന തന്റെ പുസ്തകത്തിലാണ് ആദ്യമായി ത്രിഭാഗനിയമം അവതരിപ്പിക്കുന്നത്.

വലതുവശത്തെ ചിത്രം ത്രിഭാഗനിയമം വ്യക്തമാക്കുന്നു. ചിത്രത്തിലെ താഴത്തെ തിരശ്ചീനരേഖ മുകളിലെ മൂന്നിൽ രണ്ട് ഭാഗത്തിൽ നിന്ന് താഴത്തെ ഭാഗത്തെ വേർതിരിക്കുന്നു. ചിത്രത്തിലെ ചക്രവാളവും ജലപ്പരപ്പും തമ്മിലുള്ള സീമ പ്രസ്തുത രേഖയിൽ വരത്തക്ക വണ്ണം ക്രമീകരിച്ചിരിക്കുന്നു. ചിത്രത്തിലേറ്റവും പ്രാധാന്യമർഹിക്കുന്ന മരം രണ്ട് രേഖകളുടെ ഛേദങ്ങളിലാണ്. ഈ ബിന്ദുവിനെ ഊർജ്ജബിന്ദു (power point or a crash point) എന്ന് വിളിക്കുന്നു. എന്നാൽ ചക്രവാളത്തിലെ ഏറ്റവും പ്രകാശമാനമായ സ്ഥലം നേരിട്ട് രേഖയിൽ പതിക്കുന്നില്ലെങ്കിലും, നിയമത്തിന്റെ പ്രയോജനം ലഭിക്കുമാറ് രേഖകളുടെ ഛേദത്തിന് സമീപത്തായി വ്യാപരിക്കുന്നു.

ഉപയോഗം[തിരുത്തുക]

ത്രിഭാഗനിയമപ്രകാരമല്ലാത്ത ചിത്രം (ഇടത്ത്) ത്രിഭാഗനിയമപ്രകാരമുള്ള ചിത്രം (വലത്ത്)

ചക്രവാളമുൾപ്പെടുന്ന പ്രകൃതിദൃശ്യങ്ങൾക്കാണ് ത്രിഭാഗനിയമം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമം പാലിക്കപ്പെടുന്നത് മുഖാന്തരം പ്രധാനവസ്തുവിനെ മധ്യത്തിലാക്കി ചിത്രത്തെ രണ്ട് സമാന ധ്രുവങ്ങളാക്കി ഭേദിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഇപ്രകാരം ചെയ്യുന്നത് കാഴ്കക്കാരിൽ മടിപ്പുളവാക്കാൻ കാരണമായേക്കും [3] ഒരു വ്യക്തിയെ ചിത്രീകരിക്കുമ്പോൽ അദ്ദേഹത്തിന്റെ ശരീരം ഏതെങ്കിലും ലംബരേഖയിൽ വരത്തക്കവണ്ണവും, കണ്ണുകൾ ഏതെങ്കിലും (കൂടുതലും മുകളിലത്തേത്) തിരശ്ചീനരേഖയിൽ വരത്തക്കവണ്ണം ക്രമീകരിക്കുക. അദ്ദേഹത്തിന്റെ ദൃഷ്ടി പതിക്കുന്ന വശത്ത് കൂടുതൽ സ്ഥലം ഒഴിച്ചിട്ടേക്കുന്നതാണ് അഭികാമ്യം. വ്യക്തി നിഷേധഭാവത്തിലാണെങ്കിൽ (ക്രോധം, ഭയം, വെറുപ്പ്) നേരെ എതിർ വശത്ത് ഒഴിവാക്കുന്നതാണ് മെച്ചപ്പെട്ട ഫലം നൽകുക. ചലിക്കുന്ന വസ്തുവാണെങ്കിൽ വസ്തുവിന്റെ മുൻഭാഗത്തായും, ചലിക്കുന്ന പ്രതീതി ജനിപ്പിക്കാനായി പിൻഭാഗത്തും സ്ഥലം നൽകുക. [4]

ത്രിഭാഗനിയമം പലയിടത്തും മെച്ചപ്പെട്ട ഫലങ്ങൾ നൽകുമ്പോൾ പ്രതിസമതയുള്ള ചിത്രങ്ങളിൽ നിയമം കൈവെടിയുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

അവലംബം[തിരുത്തുക]

  1. Sandra Meech (2007). Contemporary Quilts: Design, Surface and Stitch. Sterling Publishing. ഐ.എസ്.ബി.എൻ. 0713489871. 
  2. Bryan F. Peterson (2003). Learning to see creatively. Amphoto Press. ഐ.എസ്.ബി.എൻ. 0817441816. 
  3. Bert P. Krages (2005). The Art of Composition. Allworth Communications, Inc. ഐ.എസ്.ബി.എൻ. 1581154097. 
  4. ലീഡ്റൂം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്രിഭാഗനിയമം&oldid=1714535" എന്ന താളിൽനിന്നു ശേഖരിച്ചത്