പ്രകാശമാപന രീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിജിറ്റൽ ക്യാമറയിൽ പ്രകാശമാപനം
അനലോഗ് ക്യാമറയിൽ പ്രകാശമാപനം (ലൈറ്റ് മീറ്റർ)

ഛായാഗ്രഹണത്തിൽ ഒരു ഛായാഗ്രാഹി എക്സ്പോഷർ അളക്കുന്ന രീതിയ്ക്ക് പ്രകാശമാപന രീതി അഥവാ മീറ്ററിങ്ങ് മോഡ് എന്നു പറയുന്നു.

പ്രകാശമാപന രീതികൾ[തിരുത്തുക]

ഛായാഗ്രാഹികൾ ഉപയോക്താക്കൾക്ക് വിവിധ പ്രകാശവിന്യാസങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ പല പ്രകാശമാപന രീതികൾ നൽകുന്നു.

സ്പോട്ട് മീറ്ററിങ്ങ്[തിരുത്തുക]

സ്പോട്ട് മീറ്ററിങ്ങിൽ ഛായാഗ്രാഹി പകർത്തപ്പെടുന്ന ദൃശ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ(1%-5%) പ്രകാശമാപനത്തിന് ഉപയോഗിക്കുകയുള്ളൂ. സാധാരണയായി ദൃശ്യത്തിന്റെ മധ്യഭാഗമായിരിക്കും ഉപയോഗിക്കുക, എങ്കിലും പ്രകാശമാപനത്തിന് ഉപയോഗിക്കേണ്ട ഭാഗം ഛായാഗ്രാഹകന് തിരഞ്ഞെടുക്കാൻ സംവിധാനം നൽകുന്ന ഛായാഗ്രാഹികളും ഉണ്ട്. ചില ഛായാഗ്രാഹികളിൽ മീറ്ററിങ്ങ് കഴിഞ്ഞതിന് ശേഷം ഛായാഗ്രാഹിയുടെ സ്ഥാനം മാറ്റിവെക്കാനും സംവിധാനം ഉണ്ട്.

ലോകത്തെ ആദ്യ സ്പോട്ട് മീറ്റർ നിമ്മിച്ചത് ബ്രിട്ടീഷ് ജേർണൽ ഓഫ് ഫോട്ടോഗ്രാഫിയുടെ എഡിറ്റർ ആയിരുന്ന ആർതർ ജെയിംസ് ഡല്ലാഡെ ആണ്. 1935ൽ ആണ് ഇത് നിർമ്മിതമായത് 1937ൽ ജേർണലിന്റെ 127 - 138 പേജുകളിൽ അദ്ദേഹം ഇതിനെ പറ്റി വിവരിച്ചു.[1]

സെന്റർ-വെയ്റ്റഡ് ആവറേജ് മീറ്ററിങ്ങ്[തിരുത്തുക]

ഈ സങ്കേതത്തിൽ, പ്രകാശമാപിനി ദൃശ്യത്തിന്റെ മധ്യഭാഗത്തിന് 60% മുതൽ 80% വരെ സംവേദനദക്ഷത നൽകുകയും ബാക്കി ദൃശ്യത്തിന്റെ അതിരുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു. മധ്യഭാഗത്ത് കൂടുതലും അതിരുകളിലേക്ക് പോകും തോറും കുറയുകയും ചെയ്യുന്ന രീതിയിലാണ് പ്രകാശമാപിനി സംവേദനദക്ഷത വ്യാപിപ്പിക്കുക. ചില ഛായാഗ്രാഹികൾ മധ്യഭാഗവും ബാക്കിയുള്ള ഭാഗവും തമ്മിലുള്ള സംവേദനദക്ഷതയുടെ അംശബന്ധം ഛായാഗ്രാഹകന് തീരുമാനിക്കാൻ സംവിധാനം നൽകുന്നു.

ദൃശ്യത്തിന്റെ അതിരുകളിലുള്ള പ്രകാശവിന്യാസം അസാധാരണമായി വ്യത്യാസപ്പെട്ട ഭാഗങ്ങളുടെ പ്രഭാവത്തിൽ നിന്ന് പ്രകാശമാപനത്തെ നീക്കം ചെയ്യുന്നതാണ് ഈ സങ്കേതത്തിന്റെ ഒരു മേന്മ; ദൃശ്യത്തിന്റെ മധ്യഭാഗത്ത് കൂടുതൽ വസ്തുക്കൾ വരുംതോറും കൂടുതൽ കൃത്യമായിരിക്കും ഈ സങ്കേതമുപയോഗിച്ചുള്ള പ്രകാശമാപനം.

ആവറേജ് മീറ്ററിങ്ങ്[തിരുത്തുക]

ഈ സങ്കേതത്തിൽ ഛായാഗ്രാഹി ദൃശ്യത്തിലെ പ്രകാശത്തിന്റെ അളവുകൾ മുഴുവൻ എടുത്ത് അതിന്റെ ശരാശരി കണക്കുകൂട്ടി പ്രകാശമാപനം ചെയ്യുന്നു. ദൃശ്യത്തിന്റെ ഒരു ഭാഗത്തിനും പ്രത്യേക പരിഗണന നൽകുന്നില്ല.

പാർഷ്യൽ മീറ്ററിങ്ങ്[തിരുത്തുക]

ഈ സങ്കേതം സ്പോട്ട് മീറ്ററിങ്ങിനേക്കാൾ ദൃശ്യത്തിന്റെ കൂടുതൽ ഭാഗം(10-15%) ഉപയോഗിച്ചാണ് പ്രകാശമാപനം ചെയ്യുന്നത്. സാധാരണ ദൃശ്യത്തിന്റെ അതിരിനോടടുത്തു നിൽക്കുന്ന വളരെ പ്രകാശമാനമായതോ ഇരുണ്ടതോ ആയ ഭാഗങ്ങൾ എക്സ്പോഷറിനെ അനാവശ്യമായരീതിയിൽ സ്വാധീനിക്കുമ്പോൾ ആണ് അതു മറികടക്കാൻ ഈ പ്രകാശമാപന രീതി ഉപയോഗിക്കുന്നത്.

സ്പോട്ട് മീറ്ററിങ്ങ് പോലെ തന്നെ ചില ക്യാമറകളിൽ ദൃശ്യത്തിന്റെ പല ഭാഗങ്ങൾ പാർഷ്യൽ മീറ്ററിങ്ങിനായി ഛായാഗ്രാഹകന് തിരഞ്ഞെടുക്കാൻ സാധിക്കും. സാധാരണയായി കാനൺ കമ്പനിയുടെ ഛായാഗ്രാഹികളിലാണ് ഈ സങ്കേതം ഉപയോഗിക്കുന്നത്.

മൾട്ടി-സോൺ മീറ്ററിങ്ങ്[തിരുത്തുക]

ഈ സങ്കേതം മട്രിക്സ് മീറ്ററിങ്ങ്, ഇവാലുവേറ്റീവ് മീറ്ററിങ്ങ്, ഹണികോമ്പ് മീറ്ററിങ്ങ്, സെഗ്മന്റ് മീറ്ററിങ്ങ്, ഇലക്ട്രോ സെൻസിറ്റീവ് പാറ്റേൺ മീറ്ററിങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്നു. നിക്കോൺ എഫ്എ ഛായാഗ്രാഹിയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. പല ഛായാഗ്രാഹികളിലും ഇതായിരിക്കും കമ്പനി ഉറപ്പിച്ചിരിക്കുന്ന മീറ്ററിങ്ങ് ക്രമീകരണം.

ഇതിൽ ഛായാഗ്രാഹി ദൃശ്യത്തിലെ പല ബിന്ദുക്കളിൽ നിന്നും പ്രകാശമാപനം ചെയ്യുന്നു. അതിനു ശേഷം ഇതെല്ലാം ഒന്നിച്ചു ചേർത്ത് അവസാന എക്സ്പോഷർ കണക്കാക്കുന്നു. എങ്ങനെയാണ് ഒന്നിച്ചു ചേർക്കുന്നത് എന്നത് ഛായാഗ്രാഹിയെ ആശ്രയിച്ചിരിക്കും. പല കമ്പനികളും പല സങ്കേതങ്ങളാണ് ഇതിനുപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Hicks, Roger W. (October 2002). "The SEI Photometer A Legend Among Spot Meters". Shutterbug Magazine. മൂലതാളിൽ നിന്നും 2009-06-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 December 2009.
"https://ml.wikipedia.org/w/index.php?title=പ്രകാശമാപന_രീതി&oldid=3638022" എന്ന താളിൽനിന്ന് ശേഖരിച്ചത്