ഛായാചിത്രം
പ്രകാശത്തെ പ്രകാശസംവേദനക്ഷമമായ ഒരു പ്രതലത്തിൽ(ഫിലിം/ഡിജിറ്റൽ സെൻസർ) പതിപ്പിച്ച് സൃഷ്ടിക്കുന്ന ചിത്രത്തെ ഛായാചിത്രം അഥവാ ഫോട്ടോഗ്രാഫ്/ഫോട്ടോ എന്നു പറയുന്നു. സാധാരണയായി ഛായാഗ്രാഹികൾ ഉപയോഗിച്ചാണ് ഛായാചിത്രങ്ങൾ സൃഷ്ടിയ്ക്കുന്നത്. ഛായാഗ്രാഹി കാചങ്ങൾ(ലെൻസ്) ഉപയോഗിച്ച് ഒരു ദൃശ്യത്തിന്റെ പ്രകാശത്തിന്റെ ഗോചരമായ തരംഗദൈർഘ്യങ്ങളെ സംവേദകപ്രതലത്തിലേക്ക് കേന്ദ്രീകരിക്കുകയും അതുമൂലം മനുഷ്യനേത്രം കാനുന്നതിനു തുല്യമായ ഒരു പ്രതിബിംബം അവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഛായാചിത്രങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയക്ക് ഛായാഗ്രഹണം എന്നു പറയുന്നു.
ചരിത്രം
[തിരുത്തുക]ജർമ്മൻ ശാസ്ത്രജ്ഞനായ യോഹാൻ ഹെൻറിച്ച് ഷുയിറ്റ്സ് 1724ൽ, വെള്ളിയുടെയും ചോക്കിന്റെയും മിശ്രിതം പ്രകാശം പതിക്കുമ്പോൾ ഇരുളുന്നു എന്നു കണ്ടെത്തി. ഈ കണ്ടുപടിത്തത്തെ വികസിപ്പിച്ച് 1822ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസഫ് നിസിഫോർ നീപ്സ് ആണ് ആദ്യ ഛായാചിത്രം സൃഷ്ടിച്ചത്. നീപ്സും ലൂയി ഡാഗ്ഗെറും കൂടി ഈ സങ്കേതത്തെ കൂടുതൽ നവീകരിച്ചു. ഡാഗ്ഗെർ പരീക്ഷണങ്ങളിലൂടെ പ്രകാശം പതിപ്പിക്കുന്നതിനു മുൻപ് വെള്ളിയെ അയഡിൻ ബാഷ്പമേൽപ്പിക്കുകയും പ്രകാശം പതിച്ചതിനു ശേഷം രസബാഷ്പമേൽപ്പിക്കുകയും ചെയ്താൽ അന്തർലീനമായ ചിത്രം വെളിപ്പെടും എന്നു കണ്ടെത്തി. വെള്ളി-ചോക്ക് മിശ്രിതം പുരട്ടിയ ഫലകം ഇതിനു ശേഷം ഉപ്പിൽ കഴുകിയാൽ ആ ചിത്രം ഫലകത്തിൽ ഉറപ്പിക്കപ്പെടും എന്നും കണ്ടെത്തി. ഈ പരീക്ഷണങ്ങളാണ് പ്രസിദ്ധമായ ഡഗറോടൈപ്പ് ഛായാഗ്രാഹിയുടെ സൃഷ്ടിയിലേക്ക് നയിച്ചത്.
ഡഗറോടൈപ്പ് ഛായാഗ്രഹണത്തിന് അതിന്റേതായ കുറവുകളുണ്ടായിരുന്നു. ചിത്രങ്ങളുടെ ലോലസ്വഭാവം, പോസിറ്റീവ് ചിത്രങ്ങൾ മാത്രം നിർമ്മിക്കപ്പെടുന്നതു മൂലം വീണ്ടും ഒരേ ചിത്രം പുന:സൃഷ്ടിക്കാനുള്ള കഴിവില്ലായ്മ എന്നിവയായിരുന്നു പ്രധാന പോരായ്മകൾ. പല ശാസ്ത്രജ്ഞരും വിവിധ സങ്കേതങ്ങൾ നിർമ്മിച്ചെങ്കിലും 1848ൽ കൊളോഡിയൻ സങ്കേതം കണ്ടുപിടിക്കുന്നതു വരെ ഒരു സങ്കേതത്തിനും പ്രസിദ്ധി നേടാൻ കഴിഞ്ഞിരുന്നില്ല. 1871ൽ കൂടുതൽ പ്രായോഗികമായ ജെലാറ്റിൻ സങ്കേതം കണ്ടുപിടിക്കപ്പെട്ടിട്ടു കൂടി കൊളോഡിയൻ അധിഷ്ടിതമായ നനഞ്ഞ ചില്ലു ഫലകങ്ങൾ നെഗറ്റീവും ആൽബുമിൻ പേപ്പറിൽ പതിപ്പിച്ച ചിത്രങ്ങളും സാധാരണ ഛായാഗ്രഹണത്തിനുപയോഗിക്കപ്പെട്ടു. കറുപ്പും വെളുപ്പും ചിത്രങ്ങളുടെ സൃഷ്ടിക്ക് ഇന്നും ഉപയോഗിക്കുന്നത് ജലാറ്റിൻ സങ്കേതത്തിന്റെ കാലാന്തരരൂപങ്ങൾ തന്നെയാണ്.പ്രധാനമാറ്റം പ്രതലത്തിലാണ്. ചില്ലുഫലകങ്ങൾക്ക് പകരം ഫിലിമുകൾ പ്രചാരത്തിലായിരിക്കുന്നു.
ബഹുവർണ്ണ ഛായാഗ്രഹണത്തിന് ഏകദേശം കറുപ്പും വെളുപ്പും ഛായാഗ്രഹണത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജോൺ ഹെർഷൽ 1842ൽ ആന്തോടൈപ്പ് ഉപയോഗിച്ചും 1891ൽ ലിപ്പ്മാൻ ഫലകം ഉപയോഗിച്ചും നടത്തിയ പരീക്ഷണങ്ങളാണ് ബഹുവർണ്ണ ഛായാഗ്രഹണത്തിലെ ആദ്യ പടികൾ. 1903ൽ നിലവിൽ വന്ന ഓട്ടോക്രോം ലൂമിയർ(Autochrome Lumière) ഇതിനെ ജനപ്രിയമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചു. ഓട്ടോക്രോം ലൂമിയർ പിന്നീട് കൊഡാക്രോം, ഇൽഫോക്രോം മുതലായ സാങ്കേതികവിദ്യകൾ കൊണ്ട് പുനസ്ഥാപിക്കപ്പെട്ടു.