ഉള്ളടക്കത്തിലേക്ക് പോവുക

വിൻയെറ്റിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vignetting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യഭാഗത്തേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ ചിത്രങ്ങളിൽ പലപ്പോഴും വിൻയെറ്റ് ചേർക്കാറുണ്ട്.
ഹോൾഗ ഉപയോഗിച്ച് എടുത്ത ഈ ചിത്രം പോലെ, ടോയ് ക്യാമറകൾ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു പൊതു സവിശേഷതയാണ് വിൻയെറ്റിങ്ങ്.
ഈ ഉദാഹരണത്തിൽ വിൻയെറ്റിങ്ങും പരിമിതമായ വീക്ഷണമണ്ഡലവും (FOV) കാണാം. ഈ ചിത്രം സൃഷ്ടിക്കാൻ ഇവിടെ ഒരു "പോയിന്റ്-ആൻഡ്-ഷൂട്ട് ക്യാമറ" ഒരു മൈക്രോസ്കോപ്പിനൊപ്പം ഉപയോഗിച്ചിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലും ഒപ്‌റ്റിക്‌സിലും, ചിത്രത്തിന്റെ മധ്യഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ചുറ്റളവിലേക്ക് പോകുന്തോറും ചിത്രത്തിന്റെ തെളിച്ചമോ സാച്ചുറേഷനോ കുറയുന്നതിനെയാണ് വിൻയെറ്റിങ്ങ് എന്ന് പറയുന്നത്. വൈൻ എന്ന വാക്കിന്റെ അതേ ധാതുവിൽ നിന്നുണ്ടായ വിൻയെറ്റ് എന്ന വാക്ക് ആദ്യകാലത്ത് പുസ്തകങ്ങളിലെ അലങ്കാര അതിരിനെയാണ് സൂചിപ്പിച്ചിരുന്നത്. പിന്നീട്, മധ്യഭാഗത്ത് വ്യക്തവും അരികുകളിലേക്ക് മങ്ങുന്നതുമായ ഫോട്ടോഗ്രാഫിക് പോർട്രെയ്റ്റുകളെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാൻ തുടങ്ങി. പ്രൊജക്ഷൻ സ്ക്രീനിൽ പ്രൊജക്റ്റ് ചെയ്ത ചിത്രങ്ങളുടെയും വീഡിയോകളുടെയും ഫോട്ടോകളിലും സമാനമായ ഒരു പ്രഭാവം കാണാം; ഇത് "ഹോട്ട്സ്പോട്ട്" ഇഫക്റ്റ് എന്ന് അറിയപ്പെടുന്നു.

ക്യാമറ ക്രമീകരണങ്ങളോ ലെൻസിന്റെ പരിമിതികളോ മൂലമുണ്ടാകുന്ന, ഉദ്ദേശിക്കാത്തതും അഭികാമ്യമല്ലാത്തതുമായ ഒരു ഫലമാണ് പലപ്പോഴും വിൻയെറ്റിങ്ങ്. എന്നിരുന്നാലും, ഫ്രെയിമിന്റെ മധ്യഭാഗത്തേക്ക് ശ്രദ്ധ ആകർഷിക്കുന്നതു പോലുള്ള സൃഷ്ടിപരമായ ഫലങ്ങൾക്കായി ഇത് ചിലപ്പോൾ മനഃപൂർവ്വം ഉൾപ്പെടുത്താറുണ്ട്. ഇതിനായി ഫോട്ടോഗ്രാഫർ മനഃപൂർവ്വം ഒരു ലെൻസ് തിരഞ്ഞെടുത്തേക്കാം; അല്ലെങ്കിൽ പ്രത്യേക ഫിൽട്ടറുകളോ പോസ്റ്റ്-പ്രോസസ്സിങ്ങ് രീതികളോ ഉപയോഗിച്ചും ഇത് ചെയ്യാം.

സൂപ്പർസൂം ലെൻസുകൾ ഉപയോഗിക്കുമ്പോൾ, അപ്പെർച്ചർ, ഫോക്കൽ ലെങ്ത് എന്നിവയെ ആശ്രയിച്ച് സൂം പരിധിയിൽ എല്ലായിടത്തും വിൻയെറ്റിങ്ങ് സംഭവിക്കാം. എന്നാൽ ഏറ്റവും വിശാലമായ അറ്റത്ത് (ഏറ്റവും കുറഞ്ഞ ഫോക്കൽ ലെങ്ത്) ഒഴികെ ഇത് എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ, വിൻയെറ്റിങ്ങ് 0.75EV വരെ എക്സ്പോഷർ മൂല്യ (EV) വ്യത്യാസത്തിന് കാരണമായേക്കാം.

കാരണങ്ങൾ

[തിരുത്തുക]

വിൻയെറ്റിങ്ങിന് നിരവധി കാരണങ്ങളുണ്ട്. സിഡ്നി എഫ്. റേ[1] താഴെപ്പറയുന്ന തരങ്ങളായി ഇതിനെ വേർതിരിക്കുന്നു:

  • മെക്കാനിക്കൽ വിൻയെറ്റിങ്ങ്
  • ഒപ്റ്റിക്കൽ വിൻയെറ്റിങ്ങ്
  • സ്വാഭാവിക വിൻയെറ്റിങ്ങ്

നാലാമത്തെ കാരണം ഡിജിറ്റൽ ഇമേജിങ്ങിന് മാത്രമുള്ളതാണ്:

  • പിക്സൽ വിൻയെറ്റിങ്ങ്

അഞ്ചാമത്തെ കാരണം അനലോഗ് ഇമേജിങ്ങിന് മാത്രമുള്ളതാണ്:

  • ഫോട്ടോഗ്രാഫിക് ഫിലിം വിൻയെറ്റിങ്ങ്

മെക്കാനിക്കൽ വിൻയെറ്റിങ്ങ്

[തിരുത്തുക]

അക്ഷത്തിന് പുറത്തുള്ള വസ്തുബിന്ദുക്കളിൽ നിന്ന് പുറപ്പെടുന്ന പ്രകാശകിരണങ്ങൾ, കട്ടിയുള്ളതോ ഒന്നിനുമേൽ ഒന്നായി ഘടിപ്പിച്ചതോ ആയ ഫിൽട്ടറുകൾ, ദ്വിതീയ ലെൻസുകൾ, അനുയോജ്യമല്ലാത്ത ലെൻസ് ഹുഡുകൾ തുടങ്ങിയ ബാഹ്യ വസ്തുക്കളാൽ ഭാഗികമായി തടയപ്പെടുമ്പോഴാണ് മെക്കാനിക്കൽ വിൻയെറ്റിങ്ങ് സംഭവിക്കുന്നത്.

ഒപ്റ്റിക്കൽ വിൻയെറ്റിങ്ങ്

[തിരുത്തുക]

ഒന്നിലധികം ഘടകങ്ങളുള്ള (മൾട്ടിപ്പിൾ എലമെന്റ്) ലെൻസിന്റെ ഭൗതിക അളവുകൾ മൂലമാണ് ഇത്തരത്തിലുള്ള വിൻയെറ്റിങ്ങ് ഉണ്ടാകുന്നത്. ലെൻസിന്റെ പിൻഭാഗത്തെ ഘടകങ്ങളിൽ അവയുടെ മുന്നിലുള്ള ഘടകങ്ങളുടെ നിഴൽ പതിക്കുന്നു; ഇത് അക്ഷത്തിന് പുറത്തുനിന്ന് പതിക്കുന്ന പ്രകാശത്തിനുള്ള ലെൻസ് തുറപ്പ് കുറയ്ക്കുന്നു. ഇതിന്റെ ഫലമായി ചിത്രത്തിന്റെ ചുറ്റളവിലേക്ക് പോകുന്തോറും പ്രകാശതീവ്രത ക്രമേണ കുറയുന്നു. ഒപ്റ്റിക്കൽ വിൻയെറ്റിങ്ങ് ലെൻസിന്റെ അപ്പെർച്ചറിനെ ആശ്രയിച്ചിരിക്കുന്നു; അപ്പെർച്ചർ 2-3 സ്റ്റോപ്പുകൾ കുറയ്ക്കുന്നതിലൂടെ (എഫ്-നമ്പറിലെ വർദ്ധനവ്) പലപ്പോഴും ഇത് പരിഹരിക്കാനാകും.

സ്വാഭാവിക വിൻയെറ്റിങ്ങ്

[തിരുത്തുക]

മുമ്പത്തെ തരങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വാഭാവിക വിൻയെറ്റിങ്ങ് (നാച്ചുറൽ ഇല്യൂമിനേഷൻ ഫാൾഓഫ് എന്നും അറിയപ്പെടുന്നു) പ്രകാശകിരണങ്ങൾ തടയപ്പെടുന്നതു മൂലമല്ല ഉണ്ടാകുന്നത്. ഇല്യൂമിനേഷൻ ഫാൾഓഫിന്റെ കോസ്4 അഥവാ "കോസൈൻ ഫോർത്ത്" നിയമം ഉപയോഗിച്ചാണ് ഈ ഫാൾഓഫ് ഏകദേശം കണക്കാക്കുന്നത്. ഇതനുസരിച്ച്, ഫിലിമിലോ സെൻസർ അറേയിലോ പ്രകാശം പതിക്കുന്ന കോണിന്റെ കോസൈന്റെ നാലാം ഘാതത്തിന് ആനുപാതികമാണ് ലൈറ്റ് ഫാൾഓഫ്. വൈഡ് ആംഗിൾ റേഞ്ച്ഫൈൻഡർ ഡിസൈനുകളും കോം‌പാക്റ്റ് ക്യാമറകളിൽ ഉപയോഗിക്കുന്ന ലെൻസ് ഡിസൈനുകളും സ്വാഭാവിക വിൻയെറ്റിങ്ങിന് പ്രത്യേകിച്ചും വിധേയമാണ്. ടെലിഫോട്ടോ ലെൻസുകൾ, എസ്‌എൽആർ ക്യാമറകളിൽ ഉപയോഗിക്കുന്ന റിട്രോഫോക്കസ് വൈഡ് ആംഗിൾ ലെൻസുകൾ, പൊതുവേ ടെലിസെൻട്രിക് ഡിസൈനുകൾ എന്നിവയ്ക്ക് സ്വാഭാവിക വിൻയെറ്റിങ്ങ് പ്രശ്‌നങ്ങൾ കുറവാണ്. സ്വാഭാവിക വിൻയെറ്റിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രേ ഫിൽട്ടറോ പോസ്റ്റ് പ്രോസസ്സിങ്ങ് ടെക്നിക്കുകളോ ഉപയോഗിക്കാം. ചില ആധുനിക ലെൻസുകൾ ഇത്തരം വിൻയെറ്റിങ്ങ് ഇല്ലാതാക്കുകയോ വലിയ തോതിൽ കുറയ്ക്കുകയോ ചെയ്യുന്ന വിധത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളവയാണ്.

പിക്സൽ വിൻയെറ്റിങ്ങ്

[തിരുത്തുക]

പിക്സൽ വിൻയെറ്റിങ്ങ് ഡിജിറ്റൽ ക്യാമറകളെ മാത്രമേ ബാധിക്കുകയുള്ളൂ. ഡിജിറ്റൽ സെൻസറുകൾ പ്രകാശം പതിക്കുന്ന കോണിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രകാശം സെൻസറിൽ ചരിഞ്ഞ് പതിക്കുമ്പോഴുള്ളതിനേക്കാൾ ശക്തമായ സിഗ്നൽ, നേരേ പതിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നു. റോ സെൻസർ ഡാറ്റ ജെപി‍ഇജി അല്ലെങ്കിൽ ടിഐഎഫ്‍എഫ് പോലുള്ള സ്റ്റാൻഡേർഡ് ഇമേജ് ഫോർമാറ്റുകളിലേക്ക് മാറ്റുമ്പോൾ, ഒപ്റ്റിക്കൽ വിൻയെറ്റിങ്ങിനും പിക്സൽ വിൻയെറ്റിങ്ങിനും പരിഹാരമായി മിക്ക ഡിജിറ്റൽ ക്യാമറകളും ബിൽറ്റ്-ഇൻ ഇമേജ് പ്രോസസ്സിങ്ങ് ഉപയോഗിക്കുന്നു. ഇമേജ് സെൻസറിന് മുകളിൽ ഓഫ്‌സെറ്റ് മൈക്രോലെൻസുകൾ ഉപയോഗിക്കുന്നതും പിക്സൽ വിൻയെറ്റിങ്ങിന്റെ പ്രഭാവം കുറയ്ക്കും.

ഈ പനോരമയിൽ കാണുന്നതുപോലെ, കലാപരമായ ഫലത്തിനായി വിൻയെറ്റിങ്ങ് ഉപയോഗിക്കാം.
ഡിജിറ്റൽ ഇമേജിങ്ങ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്, ചിത്രം എടുത്തതിന് ശേഷമുള്ള ഘട്ടത്തിൽ വിൻയെറ്റിങ്ങ് പ്രയോഗിക്കാവുന്നതാണ്.

പോസ്റ്റ്-ഷൂട്ട്

[തിരുത്തുക]

കലാപരമായ ഫലത്തിനായി, വിൻയെറ്റിങ്ങ് ഇല്ലാത്ത സാധാരണ ഫോട്ടോഗ്രാഫുകളിൽ ചിലപ്പോൾ വിൻയെറ്റിങ്ങ് ഇഫക്റ്റ് പ്രയോഗിക്കാറുണ്ട്. ഫോട്ടോയുടെ പുറം അരികുകൾ (ഫിലിം സ്റ്റോക്കിൽ) ബേൺ ചെയ്തോ, ഇരുണ്ട അരികുകൾ മാസ്ക് ചെയ്യുന്നതു പോലുള്ള ഡിജിറ്റൽ ഇമേജിങ്ങ് ടെക്നിക്കുകൾ ഉപയോഗിച്ചോ ഇത് സാധ്യമാക്കാം. ഫോട്ടോഷോപ്പിലെ ലെൻസ് കറക്ഷൻ ഫിൽട്ടർ ഉപയോഗിച്ചും ഇതേ പ്രഭാവം നേടാം.

ഡിജിറ്റൽ ഇമേജിങ്ങിൽ, ചിത്രത്തിന് ലോ ഫിഡലിറ്റി രൂപം നൽകാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഇതും കാണുക

[തിരുത്തുക]
  • ഡോഡ്ജിങ്ങ് ആൻഡ് ബേണിങ്ങ്
  • ഫെതറിങ്ങ്
  • ഫ്ലാറ്റ്-ഫീൽഡ് തിരുത്തൽ
  • മീറ്ററിങ്ങ് മോഡ്
  • വിൻയെറ്റ് (ഫിലാറ്റലി)

അടിക്കുറിപ്പുകൾ

[തിരുത്തുക]
  1. ↑ Sidney F. Ray, Applied photographic optics, 3rd ed., Focal Press (2002) ISBN 978-0-240-51540-3.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിൻയെറ്റിങ്ങ്&oldid=4679089" എന്ന താളിൽനിന്ന് ശേഖരിച്ചത്