തച്ചനാടൻ മൂപ്പന്മാർ
വയനാട് ജില്ലയിൽ കാണപ്പെടുന്ന ഒരു ആദിവാസി വർഗമാണ് തച്ചനാടൻ മൂപ്പൻ. തച്ചനാട് എന്ന സ്ഥലത്തുനിന്ന് വയനാട്ടിലേക്ക് കുടിയേറിയവരായതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഇവരുടെ യഥാർത്ഥ പേര് കൂടന്മാർ എന്നാണെന്നും ഒരു അഭിപ്രായമുണ്ട്. പ്രാകൃതമായ മലയാളമാണ് ഇവരുടെ ഭാഷ. ഏകദേശം ആയിരത്തഞ്ഞൂറോളം അംഗങ്ങളുള്ള ഈ വർഗത്തെ സർക്കാറിന്റെ ആദിവാസിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചാലിയാർ പുഴയിൽനിന്ന് സ്വർണം അരിച്ചെടുക്കുന്നവരായിരുന്നു കൂടന്മാർ. ഇവരിൽ തച്ചനാട് നിന്ന് പുറപ്പെട്ടവർ പിന്നീട് തച്ചനാടൻ മൂപ്പന്മാരായി. മുമ്പ് തേനും മറ്റ് വനവിഭവങ്ങളുമൊക്കെ ശേഖരിച്ചിരുന്ന ഇവർ ഇപ്പോൾ കർഷകത്തൊഴിലാളികളാണ്. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന പതിവും ഇവർക്കുണ്ട്.
കോഴിക്കോട്ടുനിന്നും വയനാട്ടിൽ കൂടിയും, നിലമ്പൂർ വഴിയും നീലഗിരിയ്ക്കു പോകുന്ന റോഡുകൾ സന്ധിക്കുന്ന നാടുകാണി ചുരത്തിന്നടുത്ത് തച്ചനാട് എന്ന പേരിൽ ഒരു സ്ഥലമുണ്ടെന്നും , ആ സ്ഥലത്തുനിന്ന് വന്നവരാണു തങ്ങളെന്നും, തച്ചനാടൻ മൂപ്പന്മാർ അവകാശപ്പെടുന്നു. നാടുകാണി ചുരത്തിൽ നിന്ന് ഒരു വഴിക്കിറങ്ങിയാൽ നിലമ്പൂരിൽ എത്തുമെന്നുള്ളതു കൊണ്ട് തച്ചനാട്ടു നിന്ന് പുറപ്പെട്ട ഒരു വിഭാഗം തച്ചനാടന്മാർ നിലമ്പൂർ ചുരം വഴി നിലമ്പൂരിലേക്ക് വന്നിരിക്കാം. നിലമ്പൂരിലെ ചാലിയാർ പുഴ യിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കുന്ന തൊഴിൽ കൊണ്ടു ജീവിതം കഴിച്ചു വന്ന ഒരു കൂട്ടമാളുകൾ കൂടന്മാരെന്ന പേരിൽ അറിയപ്പെട്ടു. ഈ കൂടന്മാരിലും വയനാട്ടിലെ തച്ചനാടന്മാരിലും പൊതുവായ ചില ആചാരങ്ങൾ കണ്ടുവരുന്നു. അതിനാൽ നാടുകാണി ചുരത്തിലെ തച്ചനാട്ടു നിന്ന് വന്ന കൂടന്മാരായിരുന്നു ഇവർ എന്ന് മനസ്സിലാക്കാം.
തച്ചനാടന്മാർ താമസിക്കുന്നത് മലയോരങ്ങളിലാണു. തൊട്ടുതൊട്ടുള്ള ചെറിയ ഉയരം കുറഞ്ഞ വീടുകൾ അവർ വൃത്തിയായി സൂക്ഷിക്കുന്നു. മതിലുകൾ മുളകൊണ്ട് ഉണ്ടാക്കുന്നു. ഇവർ കാർഷിക തൊഴിലാളികൾ കൂടിയാണു.
മൂപ്പന്മാർ
[തിരുത്തുക]രണ്ട് മൂപ്പൻമാരുള്ള വർഗമാണിത്. പ്രധാന മൂപ്പനെ മൂത്താളി എന്നും രണ്ടാമനെ എളേരി എന്നുമാണ് വിളിക്കുന്നത്. തർക്കങ്ങൾ തീർക്കേണ്ടതും വിവാഹങ്ങൾ തീരുമാനിക്കേണ്ടതും പുരുഷദൈവങ്ങളെ പൂജിക്കേണ്ടതും മൂത്താളിയുടെ ചുമതലയാണു. എളേരി പൂജാരിയും മന്ത്രവാദിയും കൂടിയാണു. വിവാഹത്തിനുള്ള മുഹൂർത്തവും തീയതിയും നിശ്ചയിക്കേണ്ടതും, സ്ത്രീദേവതകൾക്ക് പൂജ നടത്തേണ്ടതും എളേരിയുടെ ജോലിയാണു. പൂജകൾ നടത്തുമ്പോൾ പാരിതോഷികം കൊടുക്കണമെന്നുള്ളതു മാത്രമാണു സമുദായത്തിന്ന് മൂത്താളിയോടും എളേരിയോടും ഉള്ള കടമകൾ.
വിശ്വാസങ്ങൾ
[തിരുത്തുക]ഹിന്ദുക്കളാണ് എന്ന് അറിയപ്പെടുവാൻ ആഗ്രഹിക്കുന്നവരാണു തച്ചനാടന്മാർ. പലരും ഇപ്പോൾ ഹിന്ദു നാമങ്ങൾ സ്വീകരിച്ചുവരുന്നു. ഇവർ ഹിന്ദുക്ഷേത്രങ്ങൾ സന്ദർശിക്കുകയും ദേവീ ദേവന്മാരെ ആരാധിക്കുകയും ചെയ്യുന്നു.
വിവാഹങ്ങൾ
[തിരുത്തുക]പെൺകുട്ടികളുടെ വിവാഹം ഋതു-മതി യാകുന്നതിന്നു മുമ്പു നടത്തുവാനാണു ഇവർ ഇഷ്ടപ്പെടുന്നത്. വിവാഹകർമ്മത്തിലെ പ്രധാന ചടങ്ങ് താലികെട്ടുതന്നെയാണു. വധൂഗൃഹത്തിലെ ചടങ്ങുകൾക്ക് ശേഷം വധുവിന്റെ ആൾക്കാർ, വരന്റെ ആൾക്കാരോടൊപ്പം വരന്റെ വീട്ടിലേക്കു പുറപ്പെടുന്നു. അവിടെവച്ച് ഒന്നിച്ച് സദ്യയിൽ പങ്കെടുക്കുന്നു.
ഒരാൾക്ക് ഒന്നിലധികം ഭാര്യമാരാവാം. എല്ലാ ഭാര്യമാർക്കും ഒന്നിച്ച് ഒരു കുടിലിൽ കഴിയാം. പെണ്ണിന്റെ വീട്ടുകാർക്കു കൂടി സമ്മതമുണ്ടെങ്കിലേ വിവാഹമോചനം ചെയ്യാനാവൂ. പുനർ-വിവാഹങ്ങളും വിധവാ-വിവാഹങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |