തങ്കയങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശബരിമല ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിക്കുന്ന ഒരു അലങ്കാരമാണ് തങ്കയങ്കി. തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ 1973-ൽ നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി,[1] മണ്ഡലപൂജക്കാണ്‌ ശബരിമല മുകളിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്‌. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ അനുഷ്‌ഠാനത്തിന്റെ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്‌.

തങ്കയങ്കി രഥ യാത്ര[തിരുത്തുക]

പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉൾപ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയിൽ ഒരുക്കിയ രഥത്തിലാണ്‌ തങ്കയങ്കി കൊണ്ടുപോകുന്നത്‌.

കോഴഞ്ചേരി കൊച്ചീരേത്ത്‌ തങ്കപ്പനാചാരിക്കാണ്‌ പതിവായി രഥം തെളിക്കാനുള്ള നിയോഗം. സ്വന്തം ജീപ്പിന്റെ മുകൾഭാഗം അഴിച്ചുമാറ്റിയാണ്‌ തങ്കപ്പനാചാരി രഥം തയ്യാർ ചെയ്‌തത്‌. രഥത്തിൽ കമനീയമായ ചിത്രപ്പണികളും പുലിക്കൂട്ടവുമായി അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ പ്രവേശിക്കുന്ന രംഗവും എല്ലാം ഉണ്ട്‌.

ആദ്യകാലത്ത്‌ കോട്ടയത്തുനിന്ന്‌ ഹംസരഥം കൊണ്ടുവന്ന്‌ അതിലായിരുന്നു തങ്കയങ്കി കൊണ്ടുപോയിരുന്നത്‌. സ്വന്തം കൈയാൽ രഥമൊരുക്കി എഴുന്നള്ളിക്കാൻ തങ്കപ്പനാചാരിക്ക്‌ വർഷങ്ങൾക്കപ്പുറത്തുള്ള ഒരു അനുഭവത്തിൻെറ പിൻബലമുണ്ട്‌.

ഹംസരഥം ഒരുക്കാനായി പതിവായി തങ്കപ്പനാചാരിയായിരുന്നു ജീപ്പുമായി കോട്ടയത്തു പോയിരുന്നത്‌. ഒരിക്കൽ തിരുനക്കര ക്ഷേത്രത്തിൻെറ വടക്കേനടയിൽ നിന്നു രാത്രി ജീപ്പു മോഷണം പോയി. പിറ്റേന്നു പുലർച്ചെ രഥമൊരുക്കി തങ്കയങ്കി കൊണ്ടുപോകാനായി ജീപ്പ്‌ ആറന്മുളയിൽ എത്തിക്കണമായിരുന്നു.

മനമുരുകി അയ്യപ്പസ്വാമിയെ പ്രാർഥിച്ച തേരാളി ജീപ്പു തിരികെ കിട്ടിയാൽ വീട്ടിൽ വെച്ചുതന്നെ സ്വന്തമായി രഥം തയ്യാർ ചെയ്‌ത്‌ ഇനിമുതൽ എത്തിക്കാമെന്ന്‌ ഉണർത്തിച്ചു. അത്ഭുതമെന്നപോലെ പുലർച്ചയ്‌ക്കു മുമ്പായി കഞ്ഞിക്കുഴിക്ക്‌ സമീപത്തു നിന്ന്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജീപ്പ്‌ കണ്ടെത്തി. വീടുപണിക്കായി സൂക്ഷിച്ചിരുന്ന തടികൊണ്ട്‌ ക്ഷേത്രമാതൃകയിൽ തന്നെ രഥമൊരുക്കി അതു തെളിച്ച്‌ ഇന്നും തങ്കപ്പനാചാരി തേരാളിയാകുന്നു.

മണ്‌ഡലപൂജയുടെ രണ്ടുനാൽ മുമ്പാണ്‌ രാവിലെ 6.30ന്‌ തങ്കയങ്കി രഥയാത്ര പുറപ്പെടുന്നത്‌. കോഴഞ്ചേരി, ഇലന്തൂര്‍, ഓമല്ലൂർ‍, പത്തനംതിട്ട, കുമ്പഴ, കോന്നി, വെട്ടൂർ വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തി രാത്രി വിശ്രമിക്കും. രണ്ടാംനാൾ മണ്ണാറക്കുളഞ്ഞി, റാന്നി, രാമപുരം, വടശ്ശേരിക്കര, മാടമൺ വഴി പെരുനാട്‌ ക്ഷേത്രത്തിലും മണ്‌ഡലപൂജ ദിവസം ളാഹ-സത്രം, പ്ലാപ്പള്ളി, നിലയ്‌ക്കൽ വഴി പമ്പയിൽ പകൽ 12.30നു രഥയാത്രയെത്തും.

വഴിനീളെ നിറപറയും ആരതിയും വാദ്യമേളവും വെടിക്കെട്ടും അന്നദാനവുമായി അയ്യപ്പഭക്തർ തങ്കയങ്കി രഥയാത്രയെ സ്വീകരിക്കും.

പമ്പയിൽനിന്നു 3ന്‌ പുറപ്പെട്ട്‌ 5ന്‌ ശരംകുത്തിയിൽ എത്തുന്ന തങ്കയങ്കി ഘോഷയാത്ര ദേവസ്വം അധികൃതർ സന്നിധാനത്തിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടർന്നാണ്‌ തങ്കയങ്കി ചാർത്തി മണ്‌ഡലപൂജ.

രഥ യാത്രക്കു ശേഷം[തിരുത്തുക]

മണ്‌ഡലപൂജ കഴിഞ്ഞ്‌ തങ്കയങ്കി ആറന്മുളയിലെത്തിച്ച്‌ ദേവസ്വംവക ഭണ്‌ഡാരത്തിൽ സൂക്ഷിക്കും. രഥയാത്ര സഞ്ചരിച്ചിരുന്ന വഴിയ്‌ക്കു പുറമെ ഭക്തരുടെ ആവശ്യപ്രകാരം കൂടുതൽ സ്ഥലങ്ങളും ക്ഷേത്രങ്ങളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ഇതും കാണുക[തിരുത്തുക]

  1. ശബരിമല
  2. മകരവിളക്ക്

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. ശബരിമല‍.ഓർഗ് : ശബരിമലയെക്കുറിച്ചുള്ള വെബ് സൈറ്റ്
  2. ‌ ശബരിമലയുടെ ഐതിഹ്യത്തെക്കുറിച്ച് ചിന്ത . കോം.
  3. ‌ അയ്യപ്പ സേവാ സംഘത്തിന്റെ വെബ്ബ്
  4. പത്തനംതിട്ടയെപ്പറ്റിയുള്ള കേരളാ ഗവർണ്മെന്റ് വെബ് സൈറ്റിൽ ശബരിമലയെപ്പറ്റി : ദൂരവിവരം, താമസ സൗകര്യങ്ങൾ, വഴിപാടുകൾ എന്നിങ്ങനെയുള്ള വിവരങ്ങൾ ഈ സൈറ്റിലുണ്ട്

അവലംബം[തിരുത്തുക]

  1. http://www.janmabhumidaily.com/detailed-story?newsID=19470
"https://ml.wikipedia.org/w/index.php?title=തങ്കയങ്കി&oldid=2283159" എന്ന താളിൽനിന്ന് ശേഖരിച്ചത്