ഹരിവരാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.[അവലംബം ആവശ്യമാണ്]

അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു.[അവലംബം ആവശ്യമാണ്]

കർത്തൃത്വം[തിരുത്തുക]

കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം.[അവലംബം ആവശ്യമാണ്] മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌ "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു. അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ, "വിമോചനാനന്ദ സ്വാമികൾ" ആയി മാറിയ കൃഷ്ണൻ നായർ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഹരിവരാസനം കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രം വച്ചാരാധിക്കുന്നവർ തമിഴ്‌നാട്, ആന്ധ്രാ, കർണ്ണാടക സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്‌.[അവലംബം ആവശ്യമാണ്] സ്വാമി വിമോചനാനന്ദ് 1955 -ൽ ശബരിമലയിൽ ആദ്യമായി ഈ കീർത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്] മംഗളകാരിണിയായ മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. യേശുദാസും ജയവിജയൻമാരും ഹരിവരാസനം ചേതോഹരമായി പാടിയിട്ടുണ്ട്‌. 1975 ൽ സ്വാമി അയ്യപ്പൻ എന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് ഈ കീർത്തനം ജനശ്രദ്ധ ആകർഷിച്ചത്.[1]

അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി.[2][3][4] പ്രശസ്ത പത്രപ്രവർത്തകൻ എം. ശിവറാമിന്റെ സഹോദരിയായിരുന്നു ജാനകിയമ്മ. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ ഭജനസംഘക്കാർ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവർ അവകാശപ്പെടുന്നു. വിമോചാനന്ദയാണ് മലയിൽ ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിനും ഇത് വിരുദ്ധമാണ്.[5]

ഇന്ന് പ്രചാരത്തിലുള്ള ഈണം നൽകിയത് ജി. ദേവരാജൻ ആണ്[2].

ഹരിവരാസന കീർത്തനം[തിരുത്തുക]

നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.[അവലംബം ആവശ്യമാണ്]

പദ്യം അർത്ഥം

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യ നർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും
സകല ദിക്കുകളുടേയും ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു)യ്ടെയും ഹരന്റെയും(ശിവൻ)പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

ശരണ കീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണകീർത്തനം ചെയ്യുന്നു ശക്തമാനത്തൊടു കൂടിയവനും
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തത്പരനും
ഉദയസൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകലഭൂതങ്ങളുടെയും നാഥനും
ഹരിയുയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

പ്രഭാസത്യകസമേതനുംമൂന്നാം പാദം പ്രാണനായകനും
ഭക്തർക്ക് കൽപ്പതരു ആയവനും ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരത്തിന്റെ ക്ഷേത്രമായവനും കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണ്ണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കുതിരയെ വാഹനമാക്കിയവനും സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

മൂന്നുലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
സാക്ഷാൽ ശിവൻ തന്നെയായവനും ദിവ്യനായ ഗുരുവും,
മൂന്നു കാലങ്ങളിലായ് പൂജിക്കപ്പെടുന്നവനും ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭവഭയത്തെ അകറ്റുന്നവനും ഐശ്വര്യദായകനും
ഭുവനത്തെമുഴുവൻ ആകർഷിക്കുന്നവനും ഭസ്മവിഭൂഷിതനും
വെളുത്തനിറമുള്ള ദിവ്യമായ ആനയേ വാഹനമാക്കിയവനുംഏഴാം പാദം
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

മന്ദസ്മേരയുക്തമായ സുന്ദരമുഖമുള്ളവനും
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും
ആന, സിംഹം, കുതിര എന്നിവയേ വാഹനമാക്കിയവനുംഎട്ടാം പാദം
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത്, സുകൃതികളുടെ ജീവനായിട്ടുള്ളവനും
മനോഹരമായ ശ്രുതിയോടു കൂടിയവനും ഗീതത്തിൽ ലസിച്ചിരിക്കുന്നവനും
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
സ്വാമി അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.

സംസ്കൃതഭാഷാനിയമങ്ങൾ പല സ്ഥലത്തും തെറ്റിയിട്ടുള്ളതിനാൽ ഇത് വെറും സംസ്കൃതഭാഷയിലെ ഒരു തുടക്കക്കാരൻറെ കൃതിയായി മാത്രമേ കാണാനാകൂ. അതു കൊണ്ടു തന്നെ ഇത് ഒരു മികവുറ്റ കീർത്തനമാണെന്ന് പറയാൻ സാധിക്കില്ല.[6].

വ്യാകരണപ്പിശകുകൾ[തിരുത്തുക]

  • ^മൂന്നാം പാദം സംസ്കൃതഭാഷാനിയമപ്രകാരം പ്രണയസത്യകം എന്ന വാക്കു കൊണ്ടു പ്രഭാസത്യകസമേതൻ എന്ന അർഥം കിട്ടുകയില്ല.[അവലംബം ആവശ്യമാണ്]
  • ^ഏഴാം പാദം സംസ്കൃതഭാഷാനിയമപ്രകാരം വെളുത്തനിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവൻ എന്നർഥം കിട്ടുകയില്ല, മറിച്ച് ധവളവാഹനമുള്ളവനും, ദിവ്യമായ ആനയോടു കൂടിയവനും എന്നു അയ്യപ്പൻറെ വിശേഷണങ്ങളായി രണ്ടു ബഹുവ്രീഹിസമാസങ്ങളായേ വ്യാഖ്യാനിക്കാനാകൂ.[അവലംബം ആവശ്യമാണ്]
  • ^എട്ടാം പാദം സംസ്കൃതഭാഷാനിയമപ്രകാരം കളഭകേസരി എന്ന വാക്ക് പ്രഥമാവിഭക്തിയിലായതിനാൽ എങ്ങോട്ടും അന്വയിക്കാതെ കിടക്കുമെന്ന് മാത്രമല്ല, ആശ്രയക്രിയയുടെ കർത്താവായ അസ്മച്ഛബ്ദത്തിലേക്ക് അന്വയിക്കുകയും, ആനകളിൽ കേമൻ അയ്യപ്പനെ സ്തുതിക്കുന്ന ഞാൻ ആണ് എന്ന ഒരനിഷ്ടാർഥം വന്നു ചേരുകയും ചെയ്യും[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ[തിരുത്തുക]

  1. ഭാഷാപോഷിണി ഡിസംബർ 2013 പുസ്തകം 37 ലക്കം 12 പേജ് 42-45
  2. 2.0 2.1 രവിമേനോൻ (2–8 ജനുവരി 2011). "മല ചവിട്ടുന്ന പാട്ടുകൾ". മാതൃഭൂമി ആഴ്ചപ്പതിപ്പ്. പാട്ടെഴുത്ത്. 88 (43): 72–77. |access-date= requires |url= (help)CS1 maint: date format (link)
  3. ഭാഷാപോഷിണി ഡിസംബർ 2013 പുസ്തകം 37 ലക്കം 12 പേജ് 42-45
  4. http://www.manoramaonline.com/music/music-news/copy-right-issue-related-to-harivarasanam-song.html ഹരിവരാസനം അവകാശത്തിന് ജാനകിയമ്മയുടെ മകൾ - മലയാള മനോരമ
  5. "നവതിയുടെ പടികയറുന്ന പാട്ട് വിവാദത്തിലേക്ക്; 'ഹരിവരാസനം' എഴുതിയതാര്..?". മാതൃഭൂമി. 9 ഒക്ടോബർ 2014. മൂലതാളിൽ (ലേഖനം) നിന്നും 2014-10-09 12:09:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ഒക്ടോബർ 2014. Check date values in: |archivedate= (help)
  6. വ്യാകരണം കുഴപ്പിക്കുന്ന ഹരിവരാസനം, ഭാഷാപോഷിണി ഡിസംബർ 2013 പുസ്തകം 38 ലക്കം 12 പേജ് 77-78
"https://ml.wikipedia.org/w/index.php?title=ഹരിവരാസനം&oldid=3476753" എന്ന താളിൽനിന്ന് ശേഖരിച്ചത്