Jump to content

ഡെൽഹിയിലെ ഗതാഗതസം‌വിധാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽഹി ട്രാൻസ്‌പോർട് കോർപ്പറേഷന്റെ ഒരു സാധാരണ ബസ്
ഡി.ടി.സിയുടെ പുതിയ നോൺ എ.സി ബസ്സുകൾ
എ.സി. ബസ്സുകൾ
ഒരു പഴയ ബസ്സ്.

ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിക്ക് അതിന്റെ ഗതാഗത ഘടനയിൽ വളരെ അർത്ഥവത്തായ ഒരു സ്ഥാനമുണ്ട്. ഡെൽഹി നഗരത്തിലെ വികസിതവും സങ്കീർണ്ണവുമായ റോഡ് ഗതാഗതം ദ്രുതഗതിയിലുള്ള ആധുനികരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ്. ഡെൽഹിയിൽ 55 ദശലക്ഷം (5.5 മില്യൺ) രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ലോകത്തിലെ മറ്റു തലസ്ഥാനനഗരങ്ങൾ വച്ച് താരതമ്യം ചെയ്ത് നോക്കിയാൽ ഏറ്റവും ഉയർന്ന നിരക്കാണ്. അതുപോലെ തന്നെ ഡൽഹി തലസ്ഥാന പ്രദേശങ്ങളിലെല്ലാം കൂടി 112 ലക്ഷം (11.2 മില്യൺ) രജിസ്റ്റർ ചെയ്ത വാഹനങ്ങളുമുണ്ടെന്നാണ് കണക്ക്. ഇതും ലോകത്തിലെ മറ്റു തലസ്ഥാനങ്ങളുമായി ഒത്തുനോക്കുമ്പോൾ വലിയൊരു സംഖ്യയാണ്. എന്നിരുന്നാലും ഈ വാഹനങ്ങൾ നഗരത്തിലെ ഗതാഗതകുരുക്കുകളും വായുമലിനീകരണവും കൂട്ടുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. ഡെൽഹിയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്നർ തങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തേക്കും തിരിച്ച് താമസസ്ഥലത്തേക്കുമുള്ള യാത്രയിൽ ഗതാഗത കുരുക്കുകൾ മൂലം നഷ്ടമാവുന്ന ഒരു മാസത്തെ പ്രവൃത്തിസമയം ഏകദേശം 42 കോടി (420 മില്യൺ) മണിക്കൂറുകളാണ് എന്ന് കണക്കാക്കിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. അതിനാൽ യാത്രക്കാർ സാർവ്വജനികമായ ഗതാഗതസൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി പുതിയ ധാരാളം പദ്ദതികൾ നിലവിൽ വന്നുകൊണ്ടിരിക്കുന്നു.

തലസ്ഥാനത്തെ റോഡുകൾ വളരെയേറെ പുരോഗതി കൈവരിച്ചതിനാൽ സാധാരണയായുള്ള ഗതാഗതത്തിന് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബസ്സ്, ഓട്ടോറിക്ഷ, ടാക്സി എന്നിവയെയാണ്. ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർ‌വീസ് 2004 ഡിസംബർ 24-നാണ്‌ പ്രവർത്തനമാരംഭിച്ചത്. അതുകൂടാതെ നഗരപ്രാന്തങ്ങളിൽ സഞ്ചരിക്കാനുള്ള റെയിൽ സർവീസ്, ബസ്സ് സർവീസ്, വാടകക്ക് ലഭിക്കുന്ന ടാക്സികൾ മുതലായവയും ധാരാളമുണ്ട്. എങ്കിലും ബസ്സുകളാണ് ഡെൽഹിയിലെ ജനങ്ങളിൽ 60% പേരും ഉപയോഗിക്കുന്നത്. ആകെ ആവശ്യമായ വാഹനങ്ങളിൽ ഏകദേശം 30 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്.

വിമാനഗതാഗതം

[തിരുത്തുക]

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദേശീയ, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നടത്തുന്നു. 2005-2006-ലെ കണക്കു പ്രകാരം ഈ വിമാനത്താവളത്തിൽ വന്നുപോയ ദേശീയ-അന്തർദ്ദേശീയ യാത്രക്കാരുടെ എണ്ണം 20.44 ദശലക്ഷത്തിൽ കൂടുതലാണ്. ഇത്തരം കനത്ത തിരക്ക് കണക്കിലെടുത്ത് രണ്ടാമതൊരു വിമാനത്താവളം ‘താജ് അന്തർദ്ദേശീയ വിമാനത്താവളം’ എന്ന പേരിൽ ഗ്രേറ്റർ നോയിഡയ്ക്കടുത്ത് തുടങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

ന്യൂ ഡെൽഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന്‌ അരികിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്‌. 2006-2007 വർഷത്തെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്‌ ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. [1][2] ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്. ന്യൂ ഡെൽഹി നഗരത്തിനകത്തുള്ള പൊതുവ്യോമഗതാഗത്തിനുള്ള ഒരു വിമാനത്താവളമാണ്‌ സഫ്ദർജംഗ് വിമാനത്താവളം.

റെയിൽ‌വേ ഗതാഗതം

[തിരുത്തുക]
ഒരു മെട്രോ ട്രെയിൻ

ഇന്ത്യൻ റെയിൽ‌വേയുടെ 16 മേഖലകളിൽ ഒന്നായ ഉത്തര റെയിൽ‌വേയുടെ ആസ്ഥാനമാണ്‌ ന്യൂ ഡെൽഹി. രണ്ടു പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷനുകളാണ്‌ ന്യൂ ഡെൽഹിയിലുള്ളത്. ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നും പുറപ്പെടുന്നു. ഓൾഡ് ഡെൽഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്‌. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബർബൻ റെയിൽ‌വേ സർ‌വീസുകളും ഇവിടെ നിന്നുണ്ട്.

ന്യൂ ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർ‌വീസ് 2004 ഡിസംബർ 24-നാണ്‌ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽ‌വേയാണ്‌ ഡെൽഹി മെട്രോ, കൊൽക്കത്തയിലാണ്‌ ആദ്യത്തേത്. കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി ഡെൽഹി മെട്രോയുടെ ചില പാതകൾ ഭൂമിക്കടിയിലൂടെയല്ലാതെ ഉയർത്തിയ തൂണുകൾക്കു മുകളിലൂടെയുമുണ്ട്.

റോഡ് ഗതാഗതം

[തിരുത്തുക]
ഡി.ടി.സി.യുടെ പുതിയ ശ്രേണിയിലുള്ള, താഴ്ന്ന തറയുള്ള ബസ്സ്
ഡെൽഹിയിലെ മിക്ക പൊതുഗതാഗതവാഹനങ്ങളിലും സി.എൻ.ജി ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്

ജനങ്ങൾ ഗതാഗതത്തിന് ഏറ്റവും ആശ്രയിക്കുന്നത് റോഡുകളെയാണ്. ഡെൽഹി റോഡുകൾ സംരക്ഷിക്കുന്നതും അറ്റകുറ്റപ്പണികൾ തീർക്കുന്നതും ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (MCD), ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ(NDMC), ഡെൽഹി കന്റോൺ‌മെന്റ് ബോർഡ്(DCB), പബ്ലിക്ക് വർക്സ് ഡിപ്പാർട്ട്മെന്റ് (PWD) എന്നീ സ്ഥാപനങ്ങളാണ്. 100 കി. മീ. സ്വയറിൽ 1749 കി.മി. ദൂരം നീണ്ടുകിടക്കുന്ന റോഡുകളുള്ള ഡെൽഹി തലസ്ഥാനം ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡുകളുള്ള പട്ടണങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റിംഗ് റോഡ്, ഔട്ടർ റിംഗ് റോഡ് എന്നിവയിൽക്കൂടി 2001-ലെ കണക്കു പ്രകാരം 1,10,000 വാഹനങ്ങൾ ഒരു ദിവസം കടന്നുപോകുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡെൽഹിയിലെ ആകെ റോഡുകളുടെ നീളം 28,508 കി.മീ. ആണ്. ഇതിൽ 388 കി. മി. ദൂരം ദേശീയപാതകളാണ്. ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനങ്ങൾ ബസ്സും, ഓട്ടോറിക്ഷകളും, ടാക്സിയും, സൈക്കിൽ റിക്ഷകളുമാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബസ്സ് ഗതാഗത സിസ്റ്റം ഉള്ള പ്രദേശമാണ് ഡെൽഹി. ഡി.ടി.സി.യുടെ പുതിയ ശ്രേണിയിലുള്ള ഒരു താഴ്ന്ന തറയുള്ള ബസ്സ് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ഡി.ടി.സി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സർ‌വീസ് ആണ്‌.

ഡെൽഹിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തർ സംസ്ഥാന സർ‌വീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സർ‌വീസ് ആണ്‌ ഡി.ടി.സി. ഇതു കൂടാതെ ബ്ലൂലൈൻ ബസ് എന്നറിയപ്പെടുന്ന സ്വകാര്യ ബസ് സർ‌വീസുകളും ഇവിടെയുണ്ട്. സ്വകാര്യബസ്സുകൾ 2010-ഓടെ നിർത്തലാക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്ന മുദ്രിക സർ‌വീസും (റിങ് റോഡ് സർ‌വീസ്), റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ഡെൽഹിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ബാഹരി മുദ്രിക സർ‌വീസുമാണ്‌ (ഔട്ടർ റിങ് റോഡ് സർ‌വീസ്) ബസ് റൂട്ടുകളിൽ പ്രധാനപ്പെട്ടത്.

ഈയിടെ നിരത്തിലിറങ്ങിയിരിക്കുന്ന പല ബസ്സുകളും എയർ കണ്ടീഷൻ ചെയ്തവയാണ്. ബസ് സ്റ്റാൻഡുകൾ നവീനമാതൃകയിൽ പണിതീർത്തതു കൂടാതെ അവയ്ക്ക് മുന്നിലൂടെ കടന്നുപോകുന്ന ബസ്സുകൾ എത്തുന്ന വിവരങ്ങൾ അറിയിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളും പുതിയതായി വന്നുകൊണ്ടിരിക്കുന്നു.

ഏറ്റവുമധികം റോഡപകടങ്ങൾക്ക് വഴിവച്ച ബ്ലൂലൈൻ ബസ്സുകൾ നിർത്തലാക്കാൻ 2007-ലെ ഡെൽഹി ഹൈക്കോടതി വിധി പ്രകാരം ഡെൽഹി ഗവണ്മെന്റ് ഇത്തരം ബ്ലൂലൈൻ ബസ്സുകൾ ഘട്ടം ഘട്ടമായി നിറുത്തൽ ചെയ്യുകയും അതിനുപകരം ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സുകൾ നിരത്തിലിറക്കുകയുമാണ് ഉണ്ടായത്.

പുതിയ കണക്കനുസരിച്ച് 2010-ഓടെ ഡെൽഹിയിലാകെ 11,000 ബസ്സുകളിൽ കൂടുതൽ ഉണ്ടാകും. അതിൽ ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനായിരിക്കും 60 ശതമാനത്തിലേറെ പങ്ക്. എല്ലാ ബസ്സുകളും താഴ്ന്ന തറയുള്ളതും തന്നെ പ്രവർത്തിക്കുന്ന ടിക്കറ്റിംഗ് സംവിധാനങ്ങളും ജി.പി.എസും ഉള്ളതായിരിക്കും. ഡെൽഹിയിൽ 375 പച്ച നിറത്തിലുള്ള എയർ കണ്ടീഷൻ ചെയ്യാത്ത ബസ്സുകളും 16 ചുവപ്പ് നിറത്തിലുള്ള എയർ കണ്ടീഷൻ ചെയ്ത ബസ്സുകളുമാണ് പുതിയതായി നിരത്തിലിറങ്ങിയിരിക്കുന്നത്. ഇപ്പോഴുള്ള 357 ബസ്സ് റൂട്ടുകൾക്ക് പകരം 670 റൂട്ടുകളാക്കാനുള്ള പദ്ദതികളും പുരോഗമിക്കുന്നു. 2009 അവസാനത്തോടെ ഇത്തരം 2500 പുതിയ ബസ്സുകളെങ്കിലും നിരത്തിലിറക്കാനാണ് പദ്ദതിയിട്ടിരിക്കുന്നത്. മാത്രമല്ല ബസ്സുകളുടെ 17 കൂട്ടങ്ങൾ ആയി തരം തിരിച്ചാണ് കൊടുക്കുന്നത്. പല സ്ഥലങ്ങളിലായി വേർതിരിച്ച് ബസ്സുകൾ സ്വകാര്യവ്യക്തികളുടെ മേൽനോട്ടത്തിൽ സർവ്വീസ് നടത്തുന്നതുമൂലം അവർ തമ്മിലുള്ള കിടമത്സരം ഒഴിവാക്കാനും സാധിക്കും. ആദ്യത്തെ ബസ്സുകളുടെ ഒരു കൂട്ടം 2008 അവസാനത്തോടെ സ്വകാര്യവ്യക്തികൾക്ക് കൈമാറും. അതിൽ 32 കൂട്ടങ്ങളിലായി 295 ഡെൽഹി ട്രാൻ‌സ്പോർട്ട് കോർപ്പറേഷൻ ബസ്സുകളും 270 സ്വകാര്യ ബസ്സുകളും ഉണ്ടാവും. സ്വകാര്യവ്യക്തികൾക്ക് തങ്ങൾക്ക് കിട്ടുന്ന ബസ്സുകളിൽ 20 ശതമാനം ബസ്സുകൾ എയർ കണ്ടീഷൻ ചെയ്തവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവും. പുതിയ ബസ്സുകളുടെ ആവിർഭാവത്തോടെ ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ 4000 പുതിയ ഡ്രൈവർമാരേയും നിയമിക്കും.

ഓട്ടോ-റിക്ഷ

[തിരുത്തുക]
ഓട്ടോറിക്ഷകൾ ഡെൽഹിയിലെ ഒരു പ്രധാന ഗതാഗതമാർഗ്ഗമാണ്

ഓട്ടോ-റിക്ഷകൾ (സാധാരണയായി ഓട്ടോ എന്നാണ് അറിയപ്പെടുന്നത്) ഡെൽഹിയിലെ റോഡ് ഗതാഗതത്തിൽ നല്ലൊരു പങ്കുവഹിക്കുന്നു. അതിനു കാരണം ടാക്സി നിരക്കുകളേക്കാൾ ഇവയുടെ നിരക്ക് വളരെ കുറവാണ് എന്നതാണ്. എങ്കിലും പല ഓട്ടോ ഡ്രൈവർമാരും സാധാരണ മീറ്റർ നിരക്കിനേക്കാൾ കൂടുതൽ നിരക്ക് യാത്രക്കാരിൽ നിന്നും ഈടാക്കുന്നതായി കാണാം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമായി സംസാരിച്ച് യാത്രാനിരക്ക് തീരുമാനിക്കുന്നതാണ് ഒരു രീതി. എങ്കിലും ഇവർ ഈടാക്കുന്ന നിരക്കുകൾ കൂടുതലായത് കാരണവും യാത്രക്കാരനെത്തേണ്ട സ്ഥലത്ത് പെട്ടെന്ന് എത്തുന്നതു മൂലവും അവർ തമ്മിൽ വഴക്കിൽ എത്തിച്ചേരാനും അവ വഴിയൊരുക്കാറുണ്ട്.

ടാക്സി

[തിരുത്തുക]

വളരെ എളുപ്പത്തിൽ ലഭ്യമാണെങ്കിലും ടാക്സികൾ ഡെൽഹി ഗതാഗതത്തിൽ ഒരു അവിഭാജ്യമായ ഘടകമല്ല എന്നു പറയാം. ഇന്ത്യൻ ടൂറിസം വകുപ്പും സ്വകാര്യ വ്യക്തികളും ധാരാളം ടാക്സി സർവ്വീസുകൾ നടത്തുന്നുണ്ട്. ടൂറിസം വകുപ്പ് സ്വകാര്യ കമ്പനികൾക്ക് ടാക്സി സർവ്വീസുകൾ നടത്താനുള്ള അനുവാദം നൽകുന്നു.

ഡെൽഹിയിൽ ഈയിടെ റേഡിയോ ടാക്സികൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ‘മെഗാ കാബ്സ്‘, ഈസി കാബ്സ്’ എന്നിങ്ങനെ പലതരം പേരുകളിൽ തുടങ്ങിയിരിക്കുന്ന ഇത്തരം ടാക്സി ഡ്രൈവർമാരുമായി യാത്രക്കാർക്ക് ഫോണിൽ ബന്ധപ്പെടാവുന്നതാണ്. എന്നാൽ സാധാരണയായി കണ്ടുവരാറുള്ള മഞ്ഞയും കറുപ്പും നിറമുള്ള ടാക്സിയുമായി താരതമ്യം ചെയ്യുമ്പോൾ റേഡിയോ ടാക്സികളുടെ നിരക്ക് കൂടുതലാണെന്ന് കാണാം. ഇതു കൂടാതെ ‘റെന്റ്-എ-കാർ‘ എന്ന പേരിൽ ‘ഹെർട്ട്സ് കാർ റെന്റൽ’, ‘അവിസ് കാർ റെന്റൽ’ എന്നീ കമ്പനികളും സേവനങ്ങൾ ചെയ്യുന്നു.

സൈക്കിൾ റിക്ഷ

[തിരുത്തുക]

ഡെൽഹിയിലെ ചില ഭാഗങ്ങളിൽ ഇപ്പോഴും കാണുന്ന ഒരു ഗതാഗത ഉപാധിയാണ് സൈക്കിൾ റിക്ഷ. കുറഞ്ഞ ദൂരം യാത്ര ചെയ്യുവാൻ പലരും സൈക്കിൾ റിക്ഷയെ ആണ് ആശ്രയിക്കുന്നത്. പെഡൽ കറക്കി ഓടിക്കുന്ന ഇത്തരം സൈക്കിൾ റിക്ഷകൾ വളരെ താഴ്ന്ന നിരക്കിൽ ലഭ്യമാണെന്നത് കൂടാതെ ഇവ മൂലം പരിസരമലിനീകരണം ഉണ്ടാവുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. വിദേശ സഞ്ചാരികളും ഇവിടെയുള്ള മറ്റ് സാധാരണക്കാരായ ജനങ്ങളും സൈക്കിൾ റിക്ഷ ഉല്ലാസയാത്രക്കുള്ള ഒരു ഉപാധിയായും ഉപയോഗിക്കുന്നു. ചാന്ദ്നി ചൌക്ക് പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഈയിടെ സൈക്കിൾ റിക്ഷകൾ അവയുടെ വേഗത വളരെ കുറവായതുമൂലമുള്ള തിരക്കുകൾ ഒഴിവാക്കാനായി നിരോധിച്ചിട്ടുണ്ട്.

ഇന്നർ റിംഗ് റോഡ്

[തിരുത്തുക]

‘ഇന്നർ റിംഗ് റോഡ്’ ഡെൽഹിയിലെ വളരെ പ്രധാനപ്പെട്ട ഒരു ദേശീയപാതയാണ്. ഡെൽഹിയിലെ പ്രധാനപ്പെട്ട പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നീണ്ടു വൃത്താകൃതിയിലുള്ള ഈ പാതയിലൂടെ ‘മുദ്രിക സർവ്വീസ്’ എന്ന പേരിൽ ബസ്സുകൾ റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്നു. 24 മേൽപ്പാലങ്ങളുള്ള ഈ റോഡിൽ ബസ്സുകൾ നിർത്താനുള്ള സിഗ്നൽ ലൈറ്റുകളൊന്നും തന്നെയില്ല. എട്ട് വരികളുള്ള ഈ പാതകൾ നല്ല വീതിയേറിയതാണ്. ഈ പാതയിലൂടെ ദിനം പ്രതി ഏകദേശം 1,10,000 വാഹനങ്ങൾ കടന്നുപോകുന്നു. വർദ്ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്താൽ 2011-ഓടു കൂടി 18 മുതൽ 24 വരി പാതകൾ ഇന്നുള്ള 8 വരി പാതകൾക്ക് പകരം വേണ്ടി വന്നേക്കും.

ഔട്ടർ റിംഗ് റോഡ്

[തിരുത്തുക]

ഔട്ടർ റിംഗ് റോഡ് മറ്റൊരു പ്രധാനപ്പെട്ട ദേശീയപാതയാണ്. 2000-ത്തിന്റെ തുടക്കം വരെ ഈ റോഡ് അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നെങ്കിലും ഇപ്പോൾ 6 മുതൽ 8 വരി പാതയാണ് ഇത്. സിഗ്നൽ ഒഴിവാക്കാനുള്ള പല ജോലികളും ഇപ്പോൾ നടക്കുന്നുമുണ്ട്. റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ദില്ലിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ‘ബാഹരി മുദ്രിക സർ‌വീസ്’ (ഔട്ടർ റിങ് റോഡ് സർ‌വീസ്) എന്നാണ് ഈ പാത അറിയപ്പെടുന്നത്.

എക്സ്പ്രസ്സ് പാതകളും ഹൈവേകളും

[തിരുത്തുക]
ഡെൽഹിയും നോയിഡയും ബന്ധിപ്പിക്കുന്ന ഡി.എൻ.ഡി.ഫ്ലൈ‌വേയിലെ ടോൾ പ്ലാസ

ഡെൽഹി ദേശീയപാത 1, ദേശീയപാത 2, ദേശീയപാത 8, ദേശീയപാത 24 എന്നിവയുമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ 3 എക്സ്പ്രസ്സ് പാതകളും (6 ഉം 8 ഉം വരികൾ) സമീപപ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കാൻ സഹായിക്കുന്നു. 4 എക്സ്പ്രസ്സ് പാതകൾ കൂടി 2010-ഓടുകൂടി പണിതീരും. ഡെൽഹി-ഗുഡ്ഗാവ് എക്സ്പ്രസ്സ് പാത ഈ രണ്ടു സ്ഥലങ്ങളേയും കൂട്ടിയോജിപ്പിക്കുന്നു. ഡെൽഹിയൂടെ സാറ്റലൈറ്റ് നഗരം എന്നറിയപ്പെടുന്ന നോയിഡയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന എട്ടുവരി പാതയാണ് ടോൾ റോഡ് എന്നറിയപ്പെടുന്ന ഡി.എൻ.ഡി.ഫ്ലൈവേ. കുണ്ട്‌ലി-മനേസർ-പൽ‌വൽ എക്സ്പ്രസ്സ് പാതയുടെ ജോലി 2009 ജൂണിൽ തീരുമെന്നാണ് പ്രതീക്ഷ.

അവലംബം

[തിരുത്തുക]