ചിനക്കത്തൂർ ഭഗവതിക്ഷേത്രം
ചിനക്കത്തൂർക്കാവ് ഭഗവതിക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | പാലപ്പുറം, ഒറ്റപ്പാലം |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | പാലക്കാട് |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | http://www.chinakkathurtemple.com |
വാസ്തുവിദ്യാ തരം | കേരള-ദ്രാവിഡ ശൈലി |
കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അതിവിശാലമായ വളപ്പോടുകൂടിയ ഈ ക്ഷേത്രം ഒറ്റപ്പാലത്തുനിന്ന് 4 കിലോമീറ്റർ കിഴക്കുമാറി പാലക്കാട്ടേയ്ക്കുള്ള വഴിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്ന പൂര മഹോത്സവം അതിപ്രസിദ്ധമാണ്. പാലപ്പുറം, പല്ലാർ മംഗലം മീറ്റ്റ എറക്കോട്ടിരി ഒറപ്പാലം വടക്കു മംഗലം ക്കു മംഗലം എന്നീ ഏഴുദേശങ്ങളങ്ങുന്ന വിശാല തട്ടകത്തിലെയും തിരുവില്വാമല ചുനങ്ങാട് തുടങ്ങിയ ദേശങ്ങളിലെയും ജനത ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. രണ്ട് ക്ഷേത്രങ്ങൾ കാണാം. ഇവ 'താഴത്തെക്കാവ്' എന്നും 'മുകളിലെക്കാവ്' എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെ തീരത്തെത്തി. ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചുവരാനായി ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം നോക്കാൻ പുറപ്പെട്ടു. അവർ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്ക്കാൻ ഏറ്റവും അനുയോജ്യം അവിടമാണെന്ന് തോന്നിയ അവർ അവിടെത്തന്നെയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാത്തതിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് പറയപ്പെടുന്നു.
ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ!' എന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും പിന്നാലെ ഓടി. എന്നാൽ, അധികം കഴിയും മുമ്പേ അവർ തിരിച്ചുവന്നു. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവതരിച്ചു. അവിടെയാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവത്രേ!
ആര്യന്മാരുടെ വരവിനുമുമ്പ് ദ്രാവിഡരുടെ ആരാധനാമൂർത്തികളായിരുന്ന ശാസ്താവിനും ഭദ്രകാളിയ്ക്കുമുണ്ടായിരുന്ന സ്ഥാനം ആര്യന്മാരുടെ വരവോടെ നഷ്ടപ്പെട്ടതും പകരം ആര്യദേവതകൾ ആധിപത്യം സ്ഥാപിച്ചതുമാണ് ഈ കഥയുടെ പിന്നിൽ ചരിത്രകാരന്മാർ കാണുന്ന തത്ത്വം. ഭദ്രകാളി വിളിച്ചോടിയ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ' എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.
ചരിത്രം
[തിരുത്തുക]കാവ് സങ്കല്പവുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചിനക്കത്തൂർ ക്ഷേത്രം ആദിയിൽ ഒരു ദ്രാവിഡക്ഷേത്രമായിരുന്നിരിയ്ക്കാനാണ് സാദ്ധ്യത. ആദിയിൽ ദ്രാവിഡർ പൂജിച്ചിരുന്ന കാവിനെ പിന്നീട് ക്ഷേത്രമാക്കി മാറ്റിയതാകും. ക്ഷേത്രത്തിൽ താഴെയും മുകളിലുമായി കാണപ്പെടുന്ന ക്ഷേത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധനാക്രമങ്ങളിലെ വ്യത്യാസം കാണിയ്ക്കുന്നു. താഴത്തെ ക്ഷേത്രം ആര്യവത്കരിയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധമായി രൂപത്തോടുകൂടിയ ഒരു വിഗ്രഹം മുകളിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതാകാൻ സാദ്ധ്യത കാണുന്നുണ്ട്. ഇതിന് ഉപോദ്ബലകമായി താഴത്തെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നമ്പൂതിരിമാരും മുകളിലെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നായന്മാരുമാണ്. മുകളിലെ ക്ഷേത്രത്തിൽ വളരെക്കാലം മുമ്പ് മൃഗബലി നടത്തിവന്നിരുന്നു. പിന്നീട് അത് നിർത്തലാക്കി.
വള്ളുവനാട് രാജ്യത്തിന്റെ പാരമ്പര്യവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. പറഞ്ഞുവരുന്ന കഥയനുസരിച്ച് തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ സ്മരണ പുതുക്കലാണ് ചിനക്കത്തൂർ പൂരം. അതിന്റെ തെളിവായി ചില ചരിത്രവസ്തുതകളുമുണ്ട്. മാമാങ്കം തുടങ്ങിയിരുന്ന കുംഭമാസത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം നടക്കുന്നത്. അവസാനത്തെ ചേരചക്രവർത്തി തന്റെ സ്ഥാനമാനങ്ങളെല്ലാം തന്റെ സാമന്തന്മാർക്ക് ഏൽപ്പിച്ചുപോയപ്പോൾ അദ്ദേഹം നടത്തിവന്ന മാമാങ്കത്തിന്റെ അവകാശം വള്ളുവനാട്ട് രാജാവിനാണ് കൊടുത്തത്. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വള്ളുവനാട്ട് രാജാക്കന്മാർ വഹിച്ചുപോന്ന ഈ സ്ഥാനം പിന്നീട് സാമൂതിരി തട്ടിയെടുക്കുകയായിരുന്നു. ഇതുകാരണം, ഇരുകൂട്ടരും ബദ്ധശത്രുക്കളായി. അങ്ങനെയാണ് മാമാങ്കം ഒരു യുദ്ധമായി മാറിയത്. വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പറയുന്നതനുസരിച്ച് സാമൂതിരി അക്കാലത്ത് കേരളത്തെ മുഴുവൻ നിയന്ത്രിച്ചിരുന്നു. ആ സമയത്ത് സാമൂതിരിയുടെ അധീശത്വത്തെ നിരാകരിച്ച വള്ളുവനാട്ട് രാജ്യത്തെ നിരവധി പടയാളികൾ ചാവേറുകളാകാനായി പോയിരുന്നു. സാമൂതിരിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച വള്ളുവനാടൻ ചാവേറുകൾ നിരവധിയാണ്. ഇതിന്റെ സ്മരണയ്ക്കായി ചിനക്കത്തൂർ പൂരത്തിന് കുതിരകളി നടത്തിവരുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കുതിരയ്ക്ക് 'സാമൂതിരി' അഥവാ 'പാണ്ടക്കുതിര' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഈ കുതിരയാണ് ബാക്കി യുദ്ധം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ വേറെയും കുതിരകളുണ്ട്.
ക്ഷേത്രം ആദ്യം ഊരാളന്മാരുടെ വകയായിരുന്നു. ഏറന്നൂർ മന എന്ന ബ്രാഹ്മണകുടുംബവും, ഒരേ കുടുംബത്തിന്റെ നാലുശാഖകളായ വടക്കേവീട്ടിൽ, കിഴക്കേവീട്ടിൽ, പടിഞ്ഞാറേവീട്ടിൽ, തെക്കേവീട്ടിൽ എന്നീ നായർ കുടുംബങ്ങളുമാണ് ക്ഷേത്രഭരണം നോക്കിയിരുന്നത്. പിന്നീട്, 1988-ൽ ക്ഷേത്രഭരണം ഹിന്ദുമത ധർമ്മകേന്ദ്രം (എച്ച്.ആർ.&സി.ഇ.) ഏറ്റെടുത്തു. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇപ്പോൾ, മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. എക്സിക്യൂട്ടീവ് ഓഫീസറാണ് ക്ഷേത്രകാര്യങ്ങൾ നോക്കുന്നത്.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]പാലപ്പുറം ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മുന്നിലൂടെ പാലക്കാട്-പൊന്നാനി പാത കടന്നുപോകുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഇരുവശത്തേയ്ക്കുമായി ബസ് സ്റ്റോപ്പുകളുണ്ട്. അതിവിശാലമായ ക്ഷേത്രവളപ്പിൽ നിറയെ മരങ്ങൾ തഴച്ചുവളർന്നുനിൽക്കുന്നു. കിഴക്കുഭാഗത്ത് വാഹനപാർക്കിങ് സൗകര്യം ഏർപ്പെടുത്തിരിയ്ക്കുന്നു. റോഡിനോടുചേർന്ന് തോൽപ്പാവക്കൂത്ത് മണ്ഡപമുണ്ട്. കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ നടത്തിവരാറുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് തോൽപ്പാവക്കൂത്ത്. ഭദ്രകാളി ദാരുകൻ എന്ന അസുരനെ വധിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ കലാരൂപത്തിന്റെ ഐതിഹ്യം. അരണ്ട വെളിച്ചത്തിൽ പാവകളുടെ നിഴലുകൾ വച്ചുനടത്തുന്ന ഈ കലാരൂപം അത്യാകർഷകമാണ്. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ് കെട്ടിടം കാണാം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. ഇതിനടുത്താണ് വഴിപാട് കൗണ്ടറുകളുള്ളത്. വഴിപാടിനത്തിലാണ് ക്ഷേത്രത്തിലെ പ്രധാന വരുമാനം. നിരവധി വഴിപാടുകൾ ഈ ക്ഷേത്രത്തിൽ നടത്താറുണ്ട്.
മൂന്ന് കൊടിമരങ്ങളോടുകൂടിയ അപൂർവ്വക്ഷേത്രമാണ് ചിനക്കത്തൂർ ക്ഷേത്രം. ഇവയിൽ രണ്ടെണ്ണം ക്ഷേത്രവളപ്പിൽ തന്നെയാണുള്ളത്. ദേവീവാഹനമായ വേതാളത്തെ ശിരസ്സിലേറ്റുന്ന രണ്ട് കൊടിമരങ്ങളും പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. ആദ്യമുണ്ടായിരുന്നത് ചെമ്പുകൊടിമരങ്ങളാണ്. കാലപ്പഴക്കം കൊണ്ട് അവ ജീർണ്ണിച്ചപ്പോൾ സ്വർണ്ണക്കൊടിമരങ്ങളാക്കുകയായിരുന്നു. കൊടിമരങ്ങളോടുചേർന്ന് നടപ്പുര പണിതിരിയ്ക്കുന്നു. ഇവയിൽ, പടിഞ്ഞാറുഭാഗത്തെ കൊടിമരത്തിന് തൊട്ടടുത്താണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം. ഇവിടെയാണ് ഭഗവതി ആദ്യം കുടികൊണ്ടതെന്ന കഥയാണ് ഇതിനെ ശ്രീമൂലസ്ഥാനമാക്കിയത്. പിന്നെയാണത്രേ രണ്ട് അമ്പലങ്ങളും പണിതത്. ഇതിനടുത്ത് ചെരുപ്പ് കൗണ്ടറുകൾ കാണാം. ഇവ കടന്ന് പടികളിറങ്ങി താഴത്തെക്കാവിലെത്താം. അവിടെയാണ് മൂന്നാമത്തെ കൊടിമരം. ഇത് കരിങ്കൽക്കൊടിമരമാണ്. കാലപ്പഴക്കത്തെ അതിജീവിച്ച് ഇത് ഇന്നും നിലനിൽക്കുന്നു.
പടിഞ്ഞാറുഭാഗത്ത് വിശേഷിച്ചൊന്നും തന്നെ കാണാനില്ല. വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. ഏറെ മനോഹരമായ ഈ ക്ഷേത്രക്കുളം ആരുടെയും മനസ്സിനെ ആകർഷിയ്ക്കും. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. കിഴക്കുഭാഗത്ത് ഉയരത്തിലാണ് മേലേക്കാവ് ക്ഷേത്രം. ഇതിന് തൊട്ടപ്പുറത്ത് ഒരു ഗണപതിക്ഷേത്രമുണ്ട്. വിദ്യാഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന അപൂർവ്വഗണപതിയാണിത്. അതിനാൽ, സവിശേഷപ്രാധാന്യം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഗണപതിയ്ക്ക് പ്രത്യേകം തിടപ്പള്ളിയും ഹോമപ്പുരയുമുണ്ട്. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയാണ് ഗണപതിയുടെ വിശേഷദിവസം.
ശ്രീകോവിലുകൾ
[തിരുത്തുക]ക്ഷേത്രത്തിൽ താഴത്തും മുകളിലുമായി രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. രണ്ടിനും ഓരോ മുറിയേയുള്ളൂ. താഴത്തെക്കാവിലെ ശ്രീകോവിൽ തറനിരപ്പിൽ നിന്ന് താഴെയായാണ് കിടക്കുന്നത്. അതിനാൽ, സോപ്പാനപ്പടികൾ പണിതിട്ടില്ല. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവായ വിഗ്രഹം തെക്കോട്ട് ദർശനമായി ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്വയംഭൂവിഗ്രഹമായതിനാൽ, വിഗ്രഹത്തിൽ ചെത്തിമിനുക്കലൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളകയും പ്രഭാമണ്ഡലവും ചാർത്തിയിട്ടുണ്ട്. അവ അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ താഴത്തെക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.
മേലേക്കാവിലെ ശ്രീകോവിലിൽ ഉഗ്രഭാവത്തോടുകൂടിയ ഭദ്രകാളിയായാണ് പ്രതിഷ്ഠാസങ്കല്പം. താരതമ്യേന പുതിയ ശ്രീകോവിലാണിത്. ചെമ്പുമേഞ്ഞ ഈ ശ്രീകോവിലിൽ നാലടിയോളം ഉയരം വരുന്ന, ചതുർബാഹുവായ ഭദ്രകാളി പ്രതിഷ്ഠയാണുള്ളത്. പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരികശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ കൈവട്ടകയും ധരിച്ച ഭഗവതി ദാരികവധത്തിനു ശേഷം രൗദ്രമടങ്ങാത്ത ഭാവത്തിലാണ്. മണ്ണുകൊണ്ടുള്ള വിഗ്രഹമായിരുന്നു ആദ്യമുണ്ടായിരുന്നത്. 1954-ൽ അതു മാറ്റി ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇപ്പോൾ ഈ വിഗ്രഹത്തിനും സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ മേലേക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.
ഇരുശ്രീകോവിലുകളും ചുവർചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലംകൃതമല്ല. തികച്ചും ലളിതമായ നിർമ്മിതികളാണ് രണ്ടും. ചിനക്കത്തൂർ ക്ഷേത്രത്തിൽ സ്വർണ കൊടിമരങ്ങൾ ഇല്ല. ഉള്ള മൂന്നു കൊടിമരങ്ങളും വെറും അലങ്കാര കൊടിമരങ്ങളാണ്. അതായത് യഥാസ്ഥാനത്ത് ഉള്ളതല്ല.
നാലമ്പലം
[തിരുത്തുക]താഴത്തെക്കാവ് ക്ഷേത്രത്തിൽ ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. ചെമ്പുമേഞ്ഞതാണ് നാലമ്പലവും. വിശേഷിച്ചൊന്നും തന്നെ നാലമ്പലത്തിൽ കാണാനില്ല. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറുമുണ്ട്. ശ്രീകോവിലിനെച്ചുറ്റി അകത്തെ ബലിവട്ടമുണ്ട്.
പ്രതിഷ്ഠകൾ
[തിരുത്തുക]ശ്രീ ചിനക്കത്തൂരമ്മ (താഴത്തെക്കാവ്)
[തിരുത്തുക]ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളിലൊന്ന്. രണ്ട് ഭഗവതിമാരിൽ താരതമ്യേന പഴക്കം കൂടുതൽ ഈ പ്രതിഷ്ഠയ്ക്കാണ്. ശാന്തരൂപിണിയായാണ് ഈ ഭഗവതിയുടെ സങ്കല്പം. ഒരടി ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവിഗ്രഹത്തിൽ തെക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. സ്വയംഭൂവിഗ്രഹമായതിനാൽ, വിഗ്രഹത്തിൽ ചെത്തിമിനുക്കലൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളകയും പ്രഭാമണ്ഡലവും ചാർത്തിയിട്ടുണ്ട്. അവ അഴിച്ചുമാറ്റാറില്ല.
ശ്രീ ചിനക്കത്തൂരമ്മ (മേലേക്കാവ്)
[തിരുത്തുക]ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളിലൊന്ന്. അത്യുഗ്രരൂപത്തിലുള്ള ഭദ്രകാളിയാണ് മേലേക്കാവിലമ്മ. നാലടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹത്തിൽ തെക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. മണ്ണുകൊണ്ടുള്ള വിഗ്രഹമായിരുന്നു ആദ്യം. 1954-ൽ ഇതുമാറ്റി ഇപ്പോഴുള്ള ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു. ഇപ്പോൾ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്.
ഉപദേവത
[തിരുത്തുക]ഗണപതി
[തിരുത്തുക]പ്രധാന ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് പ്രത്യേക ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഗണപതിയ്ക്ക്. വിദ്യാഗണപതിയായാണ് പ്രതിഷ്ഠാസങ്കല്പം. മുമ്പ് ക്ഷേത്രത്തിന്റെ കിഴക്കേ ആൽത്തറയിലുണ്ടായിരുന്ന ഗണപതിയെ 2006-ലാണ് പുതിയ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചത്. ഇപ്പോഴും ക്ഷേത്രത്തിന്റെ പുറകിൽ ആൽത്തറ കാണാം. തന്മൂലം ഗണപതിയെയും ആലിനെയും ഒരുമിച്ച് വലം വയ്ക്കാൻ ഇവിടെ സൗകര്യമുണ്ട്. ഗണപതിയ്ക്ക് പ്രത്യേകം തിടപ്പള്ളിയുമുണ്ട്.
നിത്യപൂജകളും തന്ത്രവും
[തിരുത്തുക]നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ് ശ്രീ ചിനക്കത്തൂർ ഭഗവതിക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നിയമവെടിയോടെ പള്ളിയുണർത്തി നടതുറക്കുന്നു.