Jump to content

കൺപീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൺപീലി
കൺപീലികൾ
Details
SystemSensory
Identifiers
LatinCilium
GreekBλέφαρον (blépharon)
MeSHD005140
TAA15.2.07.037
FMA53669
Anatomical terminology

കൺപോളകളുടെ അറ്റത്ത് മൂന്ന് പാളികളായി വളരുന്ന രോമങ്ങളാണ് കൺപീലികൾ. ഇത്, ചെറിയ വസ്തുക്കൾ, അവശിഷ്ടങ്ങൾ, പൊടി, എന്നിവയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു. സ്പർശനത്തിനോട് സംവേദനക്ഷമതയുള്ളതാണെന്ന അർത്ഥത്തിൽ, പൂച്ചയിലോ എലികളിലോ വിസ്കറുകൾ ചെയ്യുന്ന അതേ പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രവർത്തനവും കൺപീലികൾക്കുണ്ട്, അതായത് ഒരു വസ്തു (പ്രാണിയെ പോലുള്ളവ) കണ്ണിന് സമീപത്തെത്തുന്നത് തിരിച്ചറിഞ്ഞ് കണ്ണുകൾ അടയ്ക്കുന്നതിന് സഹായിക്കുന്നു.

പുരാതന ഗ്രീക്ക് ഭാഷയിൽ കൺപീലിയെ സൂചിപ്പിക്കുന്ന പദമാണ് βλέφαρον (ബ്ലിഫറോൺ).

വികസനം

[തിരുത്തുക]

മനുഷ്യ ഭ്രൂണ വളർച്ചയിൽ, ഗർഭാവസ്ഥയുടെ 22 മുതൽ 26 ആഴ്ച വരെയുള്ള കാലയളവിൽ, എക്ടോഡെർമിൽ നിന്നാണ് കൺപീലികൾ ഉണ്ടാകുന്നത്.[1] [2] സ്വാഭാവിക കൺപീലികൾ ഒരു നിശ്ചിത നീളത്തിനപ്പുറം വളരുകയില്ല, മാത്രമല്ല ട്രിമ്മിംഗ് ആവശ്യമില്ലാതെ അവ സ്വയം പൊഴിഞ്ഞ് വീഴുകയും ചെയ്യും. കൺപീലികൾ പറിച്ചെടുത്താൽ വീണ്ടും വളരാൻ ഏഴ് മുതൽ എട്ട് ആഴ്ച വരെ എടുക്കും. നിരന്തരം വലിക്കുന്നത് സ്ഥിരമായ കേടുപാടുകൾക്ക് കാരണമായേക്കാം. കൺപീലിയുടെ നിറം മുടിയുടെ നിറത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും, പക്ഷെ ഇരുണ്ട മുടിയുള്ള ഒരാൾക്ക് അവരുടെ കൺപീലികൾ ഇരുണ്ടതും, ഇളം മുടിയുള്ള ഒരാളുടേത് ഇളം നിറത്തിലുള്ളതുമായിരിക്കും. കൺപീലി രോമം ആൻഡ്രോജനിക് അല്ല,[3] അതിനാൽ പ്രായപൂർത്തിയാകുന്നത് ഇതിന് മാറ്റം ഒന്നും വരുത്തുകയില്ല.

ഗ്രന്ഥികൾ

[തിരുത്തുക]

കണ്പീലികളുടെ ഫോളിക്കിളുകൾ സെയ്സ് ഗ്രന്ഥികൾ, മോൾ ഗ്രന്ഥികൾ എന്നിങ്ങനെയുള്ള നിരവധി ഗ്രന്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]
ഒരു കൺകുരു

കൺപീലികൾ ഉൾപ്പെടുന്ന നിരവധി രോഗങ്ങളോ വൈകല്യങ്ങളോ ഉണ്ട്:

  • കൺപീലികൾ നഷ്ടപ്പെടുന്നതാണ് മഡറോസിസ്.
  • കൺപീലികൾ കൺപോളകളിൽ ചേരുന്ന ലിഡ് മാർജിനെ ബാധിക്കുന്ന അസുഖമാണ് ബ്ലിഫറൈറ്റിസ്. ഇതിൽ കൺപോളകൾ ചുവന്ന്, ചൊറിച്ചിലുണ്ടാകും, താരനിലെന്നപോലെ അടർന്ന തൊലികളും കാണാം. കൂടുതൽ രൂക്ഷമായ അവസ്ഥയിൽ കൺപീലികൾ കൊഴിഞ്ഞ് വീഴാം.
  • കൺപോളകളുടെ ചില ഭാഗങ്ങളിൽ നിന്നുള്ള കൺപീലികളുടെ അസാധാരണ വളർച്ചയാണ് ഡിസ്റ്റിക്കിയാസിസ്.
  • ട്രിക്കിയാസിസ് ഉള്ളിലേക്ക് തിരിഞ്ഞ് കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കൺപീലികളെ സൂചിപ്പിക്കുന്നു.
  • കൺപീലികളിൽ വളരുന്ന ഒരു പാരസൈറ്റ് ജീവിയാണ് ക്രാബ് ലോസ്.
  • കൺപീലികൾ ഫോളിക്കിളുകളുടെ ചുറ്റുമുള്ള സെബേഷ്യസ് ഗ്രന്ഥികളുടെയും (സൈസ് ഗ്രന്ഥി), ലിഡ് മാർജിനിലെ അപ്പോക്രിൻ ഗ്രന്ഥികളുടെയും (മോൾ ഗ്രന്ഥി) ഒരു വീക്കം ആണ് എക്സ്റ്റേണൽ ഹോർഡിയോളം അഥവാ സ്റ്റൈ.
  • ട്രൈക്കോട്ടില്ലോമാനിയ (ഹെയർ-പുള്ളിങ്ങ് ഡിസോർഡർ) മുടിയും കൺപീലികളും വലിച്ചു പറിക്കാനുള്ള പ്രേരണകൾ ഉൾപ്പെടുന്ന മാനസിക പ്രശ്നമാണ്.
  • കൺപീലികളിലും മറ്റ് രോമകൂപങ്ങളിലും അപകടരഹിതമായി ജീവിക്കുന്ന ഒരു ചെറിയ മൈറ്റ് ആണ് ഡെമോഡെക്സ് ഫോളികുലോറം (അല്ലെങ്കിൽ ഡെമോഡിസിഡ്), 98% ആളുകളിലും ഈ ജീവികൾഉണ്ടാകാം. ചിലപ്പോൾ അവ ബ്ലിഫറൈറ്റിസിന് കാരണമായേക്കാം.

കൺപീലികളും പുരികവും മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൺപീലി അല്ലെങ്കിൽ പുരികം രോമങ്ങൾ പുനർനിർമ്മിക്കുന്നതിനോ കട്ടിയാക്കുന്നതിനോ സഹായിക്കും.

സമൂഹവും സംസ്കാരവും

[തിരുത്തുക]

സൗന്ദര്യവർദ്ധക വസ്തുക്കൾ

[തിരുത്തുക]
പച്ച മസ്കാര

നീളമുള്ള കൺപീലികൾ പല സംസ്കാരങ്ങളിലും സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. അതനുസരിച്ച്, ചില സ്ത്രീകൾ കൺപീലികളുടെ നീളം കൃത്രിമമായി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. മറുവശത്ത്, ഹഡ്സ സ്ത്രീകൾ സ്വന്തം കണ്പീലികൾ ട്രിം ചെയ്യുന്നവരാണ്.

കണ്മഷി പോലെയുള്ള വസ്തുക്കൾ (സാധാരണയായി ആന്റിമണി സൾഫൈഡ് അല്ലെങ്കിൽ ലെഡ് സൾഫൈഡ് ) വെങ്കലയുഗം മുതൽ കൺപോളകളുടെ അറ്റം ഇരുണ്ടതാക്കാൻ ഉപയോഗിച്ചിരുന്നവയാണ്. പുരാതന ഈജിപ്തിൽ, സമ്പന്നരും രാജകുടുംബാംഗങ്ങളും അവരുടെ കണ്ണുകൾ മനോഹരമാക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ആധുനിക കണ്ണ് മേക്കപ്പിൽ, കണ്ണുകൾക്ക് പ്രാധാന്യം നൽകുന്നതിന് മസ്കാര, ഐലൈനർ, ഐ പുട്ടി, ഐ ഷാഡോ എന്നിവ ഉപയോഗിക്കുന്നു. കൺപീലികളിൽ ഉപയോഗിക്കുന്ന ഐലാഷ് കേളർ അല്ലെങ്കിൽ മസ്കാര ഷീൽഡ് (മസ്കാര ഗാർഡ് അല്ലെങ്കിൽ ഐ മേക്കപ്പ് ഹെൽപ്പർ എന്നും അറിയപ്പെടുന്നു) പോലുള്ള വ്യത്യസ്ത ഉപകരണങ്ങളുണ്ട്.

സ്ഥിരമായ കൺപീലി ടിന്റുകളും കൺപീലി എക്സ്റ്റെൻഷനുകളും അടിസ്ഥാന സലൂണുകളിൽ പോലും ലഭ്യമാകുന്ന തരത്തിലുള്ള ജനപ്രിയ നടപടിക്രമങ്ങളായി മാറിയിട്ടുണ്ട്. തലയിലെ മുടി മാറ്റിവയ്ക്കലിന് സമാനമായ ഐലാഷ് ട്രാൻസ്പ്ലാൻ്റും (കൺപീലി മാറ്റിവയ്കൽ) ഇന്ന് സാധ്യമാണ്. തലയിലെ മുടിയിൽ നിന്ന് പറിച്ചുനടുന്നതിനാൽ, പുതിയ കൺപീലികൾ തലമുടി പോലെ വളരുന്നത് തുടരും, അതിനാൽ ഇത് പതിവായി ട്രിം ചെയ്യേണ്ടതുണ്ട്.[4]

ലാറ്റിസ് (ബിമാറ്റോപ്രോസ്റ്റ്) 2009 ആദ്യ പാദത്തിൽ അല്ലെർഗൻ എന്ന കമ്പനി അവതരിപ്പിച്ച എഫ്ഡിഐ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കൺപീലി വളർച്ചക്കുള്ള മരുന്നാണ്. ഗ്ലോക്കോമ മരുന്നായ ലുമിഗന്റെ സജീവ ഘടകമായ ബിമോട്ടോപ്രോസ്റ്റ് ലായനിയാണ് ലാറ്റിസ്. അലർഗന്റെ അഭിപ്രായത്തിൽ, കൺപീലികളുടെ ശ്രദ്ധേയമായ വളർച്ച 16 ആഴ്ചയ്ക്കുള്ളിൽ സംഭവിക്കുന്നു. വളർച്ച പ്രധാനമായും മുകളിലെ കൺപീലികളിലാണ് സംഭവിക്കുന്നത്. കൂടാതെ, കഴിഞ്ഞ ദശകത്തിൽ കൺപീലി കണ്ടീഷണറുകളുടെ വികസനത്തിൽ അതിവേഗ വർധനയുണ്ടായിട്ടുണ്ട്. കൺപീലിയുടെ ആരോഗ്യവും നീളവും വർദ്ധിപ്പിക്കുന്നതിനാണ് ഈ കണ്ടീഷണറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഫലങ്ങൾ നേടുന്നതിന് പലരും വിത്ത് സത്ത്, ധാതുക്കൾ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നു.

കൺപീലി ഉൽ‌പന്നങ്ങൾ വികസിപ്പിക്കുന്നതിന് കോസ്‌മെറ്റിക് കമ്പനികൾ, പ്രോസ്റ്റാഗ്ലാൻഡിൻ, Wnt/b-catenin സിഗ്നലിംഗ് പാതകളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണത്തെ സമീപകാലത്ത് ആശ്രയിച്ചിരുന്നു. ആരോഗ്യകരമായ കൺപീലികളുടെയും അഡ്‌നെക്സൽ രോമങ്ങളുടെയും വർദ്ധിച്ച വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ബിമോട്ടോപ്രോസ്റ്റ് ഫലപ്രദമാണെങ്കിലും, ഐലാഷ് അലോപ്പീഷ്യ അരേറ്റ രോഗികളിൽ അതിന്റെ ഫലപ്രാപ്തി ചർച്ചാവിഷയമാണ്.[5]

മറ്റ് മൃഗങ്ങളിൽ

[തിരുത്തുക]
ഒരു കുതിരയുടെ കണ്ണിലെ കൺപീലി

കൺപീലി സസ്തനികളിൽ കാണപ്പെടുന്നുണ്ട്. ഒട്ടകങ്ങളുടെ കൺപീലി വളരെ നീളവും കട്ടിയുള്ളതുമാണ്. കുതിരകളിലും പശുക്കളിലും കൺപീലി കാണപ്പെടുന്നു. നായ്ക്കളുടെയും കുതിരകളുടെയും ചില ഇനങ്ങളിൽ പാരമ്പര്യമായി കൺപീലികൾ ഉണ്ടാകുന്നത് സാധാരണമാണ്.

കൺപീലികൾ പക്ഷികളിൽ അസാധാരണവും എന്നാൽ അത്ര അജ്ഞാതമല്ലാതുമായ സവിശേഷതയാണ്. ഒട്ടകപ്പക്ഷികൾക്കും, വേഴാമ്പലുകൾക്കും കൺപീലികളുണ്ട്. ഉരഗങ്ങൾക്കിടയിൽ, കൺപീലികൾ പോലെ കാണപ്പെടുന്ന ഒരു കൂട്ടം പരിഷ്കരിച്ച സ്കെയിലുകളായ, ഐലാഷ് വൈപ്പറുകൾ (Bothriechis schlegelii) ആണുള്ളത്.

പരാമർശങ്ങൾ

[തിരുത്തുക]
  1. Standring, Susan Neil R. Borley (2008). Gray's Anatomy: the Anatomical Basis of Clinical Practice (40th ed.). Edinburgh: Churchill Livingstone/Elsevier. p. 703. ISBN 978-0443066849.
  2. "Fetal development: MedlinePlus Medical Encyclopedia". Nlm.nih.gov. Retrieved 2013-03-16.
  3. Randall, VA; Hibberts, NA; Thornton, MJ; Hamada, K; Merrick, AE; Kato, S; Jenner, TJ; De Oliveira, I; Messenger, AG (2000). "The hair follicle: a paradoxical androgen target organ". Horm. Res. 54: 243–50. doi:10.1159/000053266. PMID 11595812.
  4. "Plug and sew eyelashes for women". Xinhua News. 25 October 2006. Retrieved 2013-03-16.
  5. Law, SK (26 April 2010). "Bimatoprost in the treatment of eyelash hypotrichosis". Clin Ophthalmol. 4: 349–58. doi:10.2147/opth.s6480. PMC 2861943. PMID 20463804.{{cite journal}}: CS1 maint: unflagged free DOI (link)

ഇതും കാണുക

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
  • Media related to Eyelashes at Wikimedia Commons
"https://ml.wikipedia.org/w/index.php?title=കൺപീലി&oldid=4088171" എന്ന താളിൽനിന്ന് ശേഖരിച്ചത്