Jump to content

കാനായി കുഞ്ഞിരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാനായി കുഞ്ഞിരാമൻ
കാനായി കുഞ്ഞിരാമൻ
ജനനം (1937-07-15) ജൂലൈ 15, 1937  (86 വയസ്സ്)
ദേശീയത ഇന്ത്യ
കലാലയംമദിരാശി ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും ശില്പകലയിൽ ഡിപ്ലോമ(1960), ലണ്ടൻ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ ഉപരിപഠനം (1965)
തൊഴിൽശില്പി

കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് കാനായി കുഞ്ഞിരാമൻ. 1937 ജൂലൈ 25 ന് കാസർകോട് ജില്ലയിലെ കുട്ടമത്ത്‌ ജനിച്ചു.[1]

വിദ്യാഭ്യാസം[തിരുത്തുക]

ശ്രീ കാനായി കുഞ്ഞിരാമൻ ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥൻ. ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൌധരിയെപ്പോലെ ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി. തകരപ്പാളിയിൽ തീർത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരൻ തന്റെ സമൂഹത്തിൽനിന്നും ചരിത്രത്തിൽനിന്നും കേട്ടുകേൾവികളിൽനിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം മദിരാശിയിലെ ഫൈൻ ആർട്സ് കോളെജിൽ നിന്ന് 1960 ഇൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയിൽ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ 1965 -ൽ പൂർത്തിയാക്കി.


പ്രശസ്തമായ ശില്പങ്ങൾ[തിരുത്തുക]

മലമ്പുഴയിലെ യക്ഷി

അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കട പെരുമാൾ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത്‌ പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾ‌‌രൂപങ്ങൾ), കേരള സർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പന എന്നിവയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2005: രാജാ രവിവർമ്മ നാഷണൽ അവാർഡ് ഫോർ ആർട്ട് (ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി)[2]
  • 2018: കർണ്ണാടക ചിത്രകലാ പരിഷത്തിൻ്റെ നഞ്ചുണ്ട റാവു നാഷണൽ അവാർഡ് ഫോർ ആർട്ട് (ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി)[2]
  • പട്യാല അന്താരാഷ്ട്ര ശിൽപ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2]
  • കേന്ദ്ര ലളിതകല അക്കാദമി അദ്ദേഹത്തിൻ്റെ രചനകൾ ഉൾപ്പെടുത്തി 2008 ൽ പുസ്തകം ഇറക്കിയിട്ടുണ്ട്[2]
  • 2022 -ൽ പ്രഥമ കേരളശ്രീ പുരസ്കാരം നേടി[3]

മൊഴിമുത്തുകൾ[തിരുത്തുക]

കാനായിയുടെ അഭിപ്രായത്തിൽ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ.എം.എസ്സിന്റെ ശില്പമാണ്. പ്രത്യേകിച്ച് എഴുന്നു നിൽക്കുന്ന സവിഷേഷതകളില്ലാത്ത ഇ.എം.എസ്സിന്റെ രൂപം കേരളീയർക്കു സുപരചിതമായിരുന്നു. യഥാർത്ഥരൂപത്തിനു വളരെ സമാനമായ ഇ.എം.എസ്.ശില്പം തന്റെ ഏറ്റവും ആനന്ദദായകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു. ഒരു ഇരിപ്പുമുറിയിൽ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടൽപ്പുറത്തോ പുൽത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങൾ സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കാനായി കുഞ്ഞിരാമന് ഇന്ന് എൺപതാംപിറന്നാൾ". DC Books. Retrieved 2018-07-31.
  2. 2.0 2.1 2.2 2.3 "Sculptor Kanayi Kunhiraman honoured with Nanjunda Rao National Award for Art". www.hindu.com. hindu.
  3. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
"https://ml.wikipedia.org/w/index.php?title=കാനായി_കുഞ്ഞിരാമൻ&oldid=3973034" എന്ന താളിൽനിന്ന് ശേഖരിച്ചത്