Jump to content

ഇന്റർസ്റ്റെല്ലാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർസ്റ്റെല്ലാർ
ടീസർ പോസ്റ്റർ
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണം
രചന
അഭിനേതാക്കൾ
സംഗീതംഹാൻസ് സിമ്മർ
ഛായാഗ്രഹണംഹൊയ്റ്റെ വാൻ ഹൊയ്റ്റമ
ചിത്രസംയോജനംലീ സ്മിത്ത്
വിതരണം
റിലീസിങ് തീയതി
 • നവംബർ 7, 2014 (2014-11-07)
രാജ്യംയുഎസ്എ
യുകെ
ഭാഷഇംഗ്ലിഷ്

ഒരു ഇതിഹാസപരമായ സാഹസിക ശാസ്ത്ര കൽപ്പിത ചലച്ചിത്രമാണ് ഇന്റർസ്റ്റെല്ലാർ (2014). ക്രിസ്റ്റഫർ നോളൻ സംവിധാനവും സഹനിർമ്മാണവും ചെയ്തിരിക്കുന്ന ചിത്രത്തിൽ മാത്യൂ മക്കൊനാഗീ, ആൻ ഹാതവേ, ജെസീക്ക ചാസ്റ്റെയിൻ, ബിൽ ഇർവിൻ, എല്ലെൻ ബേഴ്സ്റ്റൈൻ, മൈക്കൽ കെയിൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. വിരദ്വാരത്തിനുള്ളിലൂടെ യാത്ര ചെയ്യുന്ന ഒരുകൂട്ടം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ഇന്റർസ്റ്റെല്ലാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ക്രിസ്റ്റഫർ നോളനും സഹോദരൻ ജൊനാഥൻ നോളനും ചേർന്നാണ്. സിൻകോപി, ലെജന്ററി പിക്ചേഴ്സ്, ലിൻഡ ഒബ്സ്റ്റ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ക്രിസ്റ്റഫർ നോളൻ, എമ്മ തോമസ്, ലിൻഡ ഒബ്സ്റ്റ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നോളന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൊയ്റ്റെ വാൻ ഹൊയ്റ്റമയാണ് ഇന്റർസ്റ്റെല്ലാറിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനാമോർഫിക് 35എംഎം ഫിലിമിലും ഐമാക്സ് 70എംഎമ്മിലും ചിത്രീകരിച്ചിരിക്കുന്ന ഇന്റർസ്റ്റെല്ലാറിന്റെ വിഷ്വൽ ഇഫക്റ്റുകൾ നിർവ്വഹിച്ചിക്കുന്നത് ഡബിൾ നെഗറ്റീവ് ആണ്. ഭൗതിക ശാസ്ത്രജ്ഞനായ കിപ് തോണി ചിത്രത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായി വർത്തിച്ചിരിക്കുന്നു. ഒക്റ്റോബർ 26ന് ലോസ് ആഞ്ചലസിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായമാണ് നേടിയത്. വടക്കേ അമേരിക്കയിൽ പാരാമൗണ്ട് പിക്ചേഴ്സും മറ്റു ഭുപ്രദേശങ്ങളിൽ വാർണർ ബ്രോസുമാണ് ചിത്രം വിതരണം ചെയ്തത്.

ഇതിവൃത്തം[തിരുത്തുക]

നാസയിൽ പൈലറ്റായിരുന്ന കൂപ്പർ ഇപ്പോൾ കർഷകനാണ്. ഭാര്യയില്ലാത്ത കൂപ്പറിന്റെ മക്കളാണ് പതിനഞ്ചു വയസ്സുകാരനായ ടോമും പത്തു വയസ്സുകാരി മർഫും. നിരന്തരം വീശിയടിക്കുന്ന ശക്തിയായ പൊടിക്കാറ്റും കാർഷികവിളകളുട നാശവും മൂലം ഭൂമിയിൽ മാനവരാശിയുടെ നിലനിൽപ്പു ഭീഷണിയിലാണ്. മർഫിന്റെ അലമാരക്കു സമീപം ഭൂഗുരുത്വത്തിൽ ചില വ്യതിയാനങ്ങൾ കാണാൻ സാധിച്ച കൂപ്പർക്ക് അവിടെ ദൃശ്യമായ പൊടി കൂമ്പാരത്തിൽ നിന്നും ഒരു സ്ഥലത്തിന്റെ ദിശാ സൂചകങ്ങൾ കണ്ടെത്തുന്നു. അതു കൂപ്പറേയും മർഫിനേയും നാസയുടെ ഒരു രഹസ്യ ക്യാമ്പിൽ എത്തിക്കുന്നു. ശേഷം ലാസറസ് എന്ന ദൗത്യത്തിന്റെ പൈലറ്റായി പ്രവർത്തിക്കാൻ നാസയിലെ ശാസ്ത്രജ്ഞനായ പ്രൊ. ബ്രാൻഡ് കൂപ്പറിനോട് ആവശ്യപ്പെടുന്നു. ഭൂമി ഉപേക്ഷിച്ചു മനുഷ്യ വർഗത്തെ ശൂന്യകാശത്തിലെ വാസയോഗ്യമായ ഗ്രഹങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്ന വമ്പൻ പദ്ധതിയാണ് ലാസറസ് മിഷൻ. എന്നാൽ ഭുഗുരുത്വവുമായി ബന്ധപ്പെട്ട ഒരു സമവാക്യം പരിഹരിച്ചാൽ മനുഷ്യരെ ശൂന്യാകാശത്ത് എത്തിക്കാൻ സാധിക്കുകയുള്ളൂ. പ്രൊ. ബ്രാൻഡ് നാല്പതു വർഷമായി ഈ സമവാക്യം പൂർത്തിയാക്കാനുള്ള പ്രയത്നത്തിലാണ്. ഏതാണ്ട് പത്തു വർഷം മുമ്പ് ലാസറസ് ദൌത്യത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശനി ഗ്രഹത്തിന് സമീപമായുള്ള വേം ഹോളിലൂടെ യാത്ര ചെയ്ത പര്യവേഷകരായ മില്ലർ, ഡോക്ടർ മൻ, വൂൾഫ് എഡ്മുണ്ട് എന്നിവരിൽ ഓരോരുത്തരും ഗാർഗന്റ്വാ എന്ന ഭീമൻ ബ്ലാക്ക്‌ ഹോളിനെ ഭ്രമണം ചെയ്യുന്ന ഓരോ ഗ്രഹങ്ങളിൽ എത്തി ചേർന്നിരുന്നു. ഈ ഗ്രഹങ്ങൾ എത്രത്തോളം വാസയോഗ്യമാണ് എന്നു കണ്ടെത്തുകയാണ് ലാസറസ് പ്ലാൻ എ യുടെ ലക്ഷ്യം . എന്നാൽ മനുഷ്യനെ എത്തിക്കാൻ കഴിയാതെ വന്നാൽ മാനവരാശിയെ ഈ ഗ്രഹങ്ങളിൽ പുനഃസൃഷ്ടിക്കുക എന്നതാണ് ലാസറസിന്റെ പ്ലാൻ ബി.

പ്രൊ. ബ്രാൻഡിന്റെ ക്ഷണം സ്വീകരിച്ച്, തിരിച്ചു വരുമെന്ന് മർഫിനു വാക്കു കൊടുത്ത് കൂപ്പർ യാത്ര തിരിക്കുന്നു. ബ്രാൻഡിന്റെ മകളായ അമേലിയ, ശാസ്‌ത്രജ്ഞരായ റോമിലി, ഡോയൽ, റോബോട്ടുകളായ ടാർസ്, കെയ്സ് എന്നിവരോടൊപ്പം കൂപ്പറും ‘എൻഡുറൻസ്’ എന്ന ബഹിരാകാശ വാഹനത്തിൽ ബഹിരാകാശത്തെത്തുന്നു. തുടക്ക ഘട്ടത്തിൽ ശനി ഗ്രഹത്തിന്റെ അടുത്തെത്തിയ സംഘം ഒരു വിരദ്വാരം കാണാനിടയാകുന്നു. രണ്ടു ഗാലക്സികളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണു വിരദ്വാരം. ഇതിലൂടെ ഏതാണ്ട് പ്രകാശ വേഗത്തിൽ ‘റെന്ജർ’ എന്ന പ്രത്യേക പേടകത്തിലൂടെ സഞ്ചരിക്കാൻ പദ്ധതിയിടുന്ന സംഘത്തിന്റെ ആദ്യ ലക്‌ഷ്യം മില്ലർ ഗ്രഹം ആണ്. ഭീമൻ ബ്ലാക്ക്‌ ഹോൾ ആയ ഗാർഗാന്റ്വയുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടും ഗർഗാന്റുവ ചെലുത്തുന്ന വമ്പൻ ഗുരുത്വാകർഷണ ശക്തി കൊണ്ടും മില്ലെഴ്‌സ് പ്ലാനറ്റിൽ ഒരു മണിക്കൂർ തങ്ങിയാൽ അത് ഭൂമിയിലെ ഏഴു വർഷത്തിനു സമമാണ് എന്ന വസ്തുത കൂപ്പറും കൂട്ടരും മനസ്സിലാക്കുന്നു . മില്ലെഴ്‌സ് പ്ലാനറ്റിൽ എത്തുന്ന സംഘം സയന്റിസ്റ്റ് ലോറ മില്ലർ കണ്ടെത്തിയ വിവരങ്ങൾ ശേഖരിക്കുന്ന അവസരത്തിൽ ഒരു പടു കൂറ്റൻ തിരമാലയിൽപ്പെട്ടുലയുന്നു. തുടർന്ന് ഡോയൽ കൊല്ലപ്പെടുന്നു. ഏതാനും മണിക്കൂറുകൾ മാത്രം മില്ലെഴ്‌സ് പ്ലാനറ്റിൽ തങ്ങുകയും ആദ്യ ദൗത്യം പരാജയപ്പെട്ട് ഷട്ടിലിൽ തിരിച്ചെത്തുകയും ചെയ്ത കൂപ്പറും അമേലിയയും ഇരുപത്തിമൂന്നു വർഷം പിന്നിട്ടതായി എൻഡുറൻസിൽ തങ്ങിയ റോമിലിയിൽ നിന്നും മനസ്സിലാക്കുന്നു. ഇതേ സമയം അങ്ങ് ഭൂമിയിൽ കൂപ്പറിന്റെ മകൾ മർഫ് നാസയിലെ സയന്റിസ്റ്റ് ആയി സേവനം അനുഷ്ടിക്കുകയാണ്. പ്രൊ. ബ്രാൻഡിനു പൂർത്തിയാക്കാൻ കഴിയാത്ത സമവാക്യത്തിന് ഒരു പരിഹാരം കാണാൻ മർഫും ശ്രമിക്കുന്നു.

മില്ലെഴ്‌സ്‌ ദൗത്യം പരാജയപ്പെട്ട കൂപ്പറും കൂട്ടരും അടുത്തതായി ഏതു പ്ലാനെറ്റ് ആണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ചർച്ച ചെയ്യുന്നു. ഇന്ധനത്തിന്റെ കുറവ് കാരണം മറ്റു രണ്ടു ഗ്രഹങ്ങളും സന്ദർശിക്കാൻ ടീമിന് കഴിയില്ല. എഡ്‌മണ്ട് തിരഞ്ഞെടുക്കാൻ അമേലിയ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും മാൻ പ്ലാനെറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അനുകൂലമായ സിഗ്നൽ കാരണം അങ്ങോട്ട്‌ യാത്ര തിരിക്കാൻ കൂപ്പരും റോമിലിയും നിർദ്ദേശിക്കുന്നു. മാൻ ഗ്രഹത്തിലെത്തുന്ന സംഘം ശിശിരനിദ്രാ അവസ്ഥയിൽ ആയ ഡോക്ടർ മാന്നിനെ കണ്ടെത്തുകയും അദ്ദേഹത്തെ സാധാരണ അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു. തണുത്തുറഞ്ഞ മഞ്ഞു കട്ടകളും നദികളും മാത്രം കാണാൻ സാധിച്ച മാൻ ഗ്രഹം വാസയോഗ്യമായ സ്ഥലമാണെന്നും തന്റെ കയ്യിൽ ഇതിനോടനുബന്ധിച്ച ഡാറ്റ ഉണ്ടെന്നും ഡോക്ടർ മൻ സംഘത്തെ ബോധ്യപ്പെടുത്തുന്നു. ഈ സമയത്ത് മർഫ് ഭൂമിയിൽ നിന്നും അയച്ച ഒരു സന്ദേശം സംഘത്തെ ആകെ ഞെട്ടിക്കുന്നു. മരണശയ്യയിൽ കിടന്ന പ്രൊഫസർ ബ്രാൻഡ് അവസാനമായി പറഞ്ഞ കാര്യങ്ങളായിരുന്നു മർഫ് സംഘത്തിനു കൈ മാറിയത്. യഥാർത്ഥത്തിൽ ലാസറസ് ദൗത്യത്തിന്റെ ആദ്യ പടിയായ പ്ലാൻ എ ഒരിക്കലും പൂർത്തിയാക്കാൻ പറ്റില്ല എന്ന് ബ്രാൻഡിനു അറിയാമായിരുന്നു. അതു കൊണ്ട് പ്ലാൻ ബിയിൽ ഉറച്ചു നില്ക്കുക എന്നാണ് അദ്ദേഹം നടപ്പാക്കിയ രഹസ്യ അജണ്ട എന്നും മാൻ സംഘത്തെ അറിയിക്കുന്നു. അന്യ ഗ്രഹങ്ങളിലാണെങ്കിലും പര്യവേഷകരിലൂടെ മാനവരാശിയെ നിലനിർത്തുക എന്നൊരു ഉദ്ദേശ്യം മുൻനിർത്തിയാണ് പ്ലാൻ എ പ്രധാന ലക്ഷ്യം എന്ന വ്യാജേന ലാസറസ് മിഷൻ അദ്ദേഹം പ്ലാൻ ചെയ്തത്. പ്രൊഫസർ ബ്രാൻഡ്‌ വെളിവാക്കിയ രഹസ്യം കൂപ്പറെ ക്ഷുഭിതനാക്കുകയും അദ്ദേഹം നാട്ടിലേക്ക് തിരിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ മാൻ പ്ലാനെറ്റ് വാസ യോഗ്യമാണെന്നു കാണിക്കുന്ന വിവരങ്ങൾ ഡോക്ടർ കെട്ടി ചമച്ചതായിരുന്നു എന്നും ഡോക്ടർ മൻ തങ്ങളെയൊക്കെ ചതിക്കുകയായിരുന്നു എന്നും കൂപ്പർ അറിയാനിടയാകുന്നു. വർഷങ്ങളായി ഈ പ്ലാനെറ്റിൽ അകപ്പെട്ട തന്നെ രക്ഷിക്കാൻ ആരെയെങ്കിലും വരുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഡോക്ടർ മൻ പ്ലാനെറ്റ് വാസ യോഗ്യമാണെന്നു കാണിക്കുന്ന രീതിയിൽ എൻഡുറൻസ് സംഘത്തിനു സിഗ്നൽ കൈ മാറിയത്. പ്ലാൻ ബി ആണ് ലാസറസ് ദൌത്യത്തിന്റെ യഥാർത്ഥ ദൗത്യം എന്നറിയാവുന്ന ഡോക്ടർ മൻ തന്റെ വ്യാജ ഡേറ്റ വിവരം വെളിവാകാതിരിക്കാൻ കൂപ്പറെ വക വരുത്താൻ ശ്രമിക്കുകയും റോമിലിയെ ബോംബ്‌ സ്ഫോടനമൊരുക്കി കൊല്ലുകയും ചെയ്യുന്നു. മന്നിന്റെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കൂപ്പർ അമേലിയയുമൊത്ത് റെയ്‌ഞ്ചറിൽ ഡോക്ടർ മന്നിനെ പിന്തുടരുന്നു. എൻഡുറൻസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഡോക്ടർ മൻ ഒരു വമ്പൻ പൊട്ടിത്തെറിയിൽ കൊല്ലപ്പെടുകയും അത് വഴി എൻഡുറൻസ് പേടകത്തിന്‌ വമ്പിച്ച കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. എൻഡുറൻസ് പേടകത്തിന്റെ നിയന്ത്രണം കൂപ്പർ വരുതിയിലാക്കിയെങ്കിലും പൊട്ടിത്തെറിയിൽ പേടകത്തിന്‌ സംഭവിച്ച കേടുപാടുകൾ കാരണം ഭൂമിയിലേക്കുള്ള മടക്ക യാത്ര അസാധ്യമായി തീർന്നു. ഇന്ധന കുറവ് കാരണം എഡ്മുണ്ട് ഗ്രഹത്തിലേക്കുള്ള യാത്രയും സാധ്യമല്ല എന്ന് അമേലിയ അനുമാനിക്കുന്നെങ്കിലും ഗർഗാന്റുവ ബ്ലാക്ക് ഹോളിന്റെ കടുത്ത ഗുരുത്വാകർഷണ ശക്തി വഴി റെയ്‌ഞ്ചറിനെ മാക്സിമം സ്പീഡിൽ എത്തിക്കാമെന്നും അത് വഴി എഡ്മുണ്ടിൽ എത്തിച്ചേരാമെന്നും കൂപ്പർ നിർദ്ദേശിക്കുന്നു. ഈ യാത്രക്കിടയിൽ ഭൂമിയിലെ 51 വർഷങ്ങൾ കഴിഞ്ഞു പോകുമെന്ന് കൂപ്പർ കണ്ടെത്തുന്നെങ്കിലും യാത്രയിൽ നിന്നും പിന്മാറാൻ അവർ തയ്യാറാകുന്നില്ല.

എഡ്‌മണ്ട്സിലേക്കുള്ള യാത്രക്കിടയിൽ റോമിലി മരിക്കുന്നതിനു തൊട്ടു മുമ്പ് പ്ലാൻ ചെയ്തത് പ്രകാരം ബ്ലാക്ക്‌ ഹോളിൽ നിന്നും ക്വാണ്ടം ഡാറ്റ കണ്ടെത്തുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാനായി ടാർസ് റോബോട്ടിനെ ഗർഗാന്റുവയുടെ അഗാധതയിലേക്കയക്കുന്നു . തൊട്ടു പിന്നാലെ അമേലിയയുടെ എതിർപ്പ് വക വയ്ക്കാതെ എൻഡുറൻസിൽ നിന്നും വേർപെട്ടു കൂപ്പറും റെയ്‌ഞ്ചറിൽ ബ്ലാക്ക് ഹോളിന്റെ അഗാധതയിലേക്ക്‌ കൂപ്പു കുത്തി. ബ്ലാക്ക്‌ ഹോളിലെ അതിതീവ്രമായ ഗുരുത്വാകർഷണ ശക്തി കാരണം റെയ്‌ഞ്ചറിൽ നിന്നും വേർപെട്ടു കൂപ്പർ ഒരു പഞ്ചമാന സ്പേസിൽ എത്തി ചേരുന്നു. ഈ സ്ഥലത്ത് സമയം എന്നത് ഒരു മാനം ആയി കൂപ്പർക്ക് അനുഭവപ്പെടുന്നു. യഥാർത്ഥത്തിൽ മർഫ് കുട്ടിയായിരിക്കുമ്പോൾ തന്റെ മുറിയിലെ അലമാറക്കു പുറകിലായി പ്രേതം എന്ന് മർഫ് തെറ്റിദ്ധരിച്ച ആൾ, അത് കൂപ്പർ തന്നെയായിരുന്നു എന്ന സത്യം അവിടെ വെളിവാകുന്നു. പ‍ഞ്ചമാന തലത്തിൽ നിന്നും ഗുരുത്വത്തിന്റെ സഹായത്തോടെ കൂപ്പർ മർഫുമായി ആശയ വിനിമയം നടത്തുകയായിരുന്നു. ഈ ഗ്രാവിറ്റിയാണ് മർഫിന്റെ ഷെല്ഫ് പിടിച്ചു കുലുക്കിയതും പുസ്തകങ്ങൾ താഴെ വീഴ്ത്തിയതുമൊക്കെ. ടാർസ് ബ്ലാക്ക് ഹോളിൽ നിന്നും വീണ്ടെടുത്ത ക്വാണ്ടം ഡാറ്റ കൂപ്പർ മോർസ് കോഡ് ആയി മർഫിന്റെ ബുക്ക്‌ ഷെല്ഫിനു മുകളിൽ വച്ച വാച്ചിൽ നിക്ഷേപിക്കുന്നു. വർഷങ്ങൾക്ക് ശേഷം മർഫ് ഈ വാച്ചിലെ കോഡ്‌ കണ്ടെത്തുകയും പ്രൊഫസർ ബ്രാൻഡിനു കഴിയാത്ത ഗ്രാവിറ്റി സമവാക്യം പൂർത്തിയാക്കുകയും പ്ലാൻ എ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു. ക്വാണ്ടം ഡാറ്റ പൂർണമായും അയച്ചു കഴിഞ്ഞതിനു ശേഷം five dimensional space ഇല്ലാതാകുകയും കൂപ്പർ മറ്റൊരു സ്ഥലത്ത് എത്തുകയും ചെയ്യുന്നു. കണ്ണ് തുറന്ന കൂപ്പറിന് ഭൂമിയിൽ നിന്നും പ്ലാൻ എ യുടെ ഭാഗമായി സ്പെസിലേക്ക് പുറപ്പെട്ട “കൂപ്പർ സ്റ്റെഷൻ “എന്ന പേടകത്തിലാണ് താനെന്നു മനസ്സിലാകുന്നു. അവിടെ വച്ച് കൂപ്പർ മർഫിനെ കാണുന്നു. മർഫിനിപ്പോൾ ഏതാണ്ട് നൂറു വയസ്സിനടുത്ത് പ്രായമുണ്ട്. മരണശയ്യയിൽ കിടക്കുന്ന മർഫ് കൂപ്പറോട് തന്നെ വിട്ടു പോകണമെന്നും അമേലിയയെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. അമേലിയ ആകട്ടെ പ്ലാൻ ബി വിജയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇപ്പോൾ എഡ്‌മണ്ട് ഗ്രഹത്തിൽ എത്തി ചേർന്നിരിക്കുകയാണ്. അമേലിയയെ തേടി കൂപ്പർ എഡ്‌മണ്ട് ഗ്രഹത്തിലേക്ക്‌ യാത്ര ആരംഭിക്കുന്ന ഘട്ടത്തിൽ ചിത്രത്തിന് തിരശീല വീഴുന്നു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Fleming, Mike (March 28, 2013). "Is Christopher Nolan Giving 'Interstellar' Lead To Matthew McConaughey?". Deadline.com. Retrieved January 20, 2014.
 2. O'Hara, Helen (September 16, 2014). "Empire's Epic Interstellar Subscribers' Cover". Empire. Retrieved September 16, 2014.
 3. 3.0 3.1 3.2 3.3 3.4 3.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; deadline എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. 4.0 4.1 4.2 4.3 Waxman, Sharon (October 23, 2014). "Christopher Nolan's 'Interstellar' Explodes at Intimate, First-Look Screening". TheWrap. Retrieved October 24, 2014.
 5. Jagernauth, Keith (August 28, 2013). "Exclusive: Matt Damon Joins Christopher Nolan's 'Interstellar,' Lines Up Directorial Debut 'The Foreigner'". The Playlist. Indiewire Network. Archived from the original on 2013-11-14. Retrieved November 18, 2013.
 6. Kaye, Don (October 27, 2014). "Interstellar Review". Den of Geek. Retrieved October 29, 2014.
 7. 7.0 7.1 Jolin, Dan (November 2014). "The Ultimate Trip". Empire.
 8. Sneider, Jeff (August 2, 2013). "Christopher Nolan Casts 'Game of Thrones' Actor in 'Interstellar'". The Wrap. The Wrap News, Inc. Archived from the original on 2014-02-18. Retrieved February 7, 2014.
 9. "Highlights of Starfury Panel With Aaron Douglas, Leah Cairns & Stephanie Jacobsen". Nerdgeist. September 19, 2013. Retrieved February 11, 2014.
 10. "Actor William Devane Has A Part In Interstellar". Interstellar-movie. November 11, 2013. Archived from the original on 2014-02-19. Retrieved February 11, 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്റർസ്റ്റെല്ലാർ&oldid=3951921" എന്ന താളിൽനിന്ന് ശേഖരിച്ചത്