Jump to content

ദ ടെർമിനേറ്റർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Terminator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ടെർമിനേറ്റർ
The Terminator theatrical poster
സംവിധാനംജെയിംസ് കാമറൂൺ
നിർമ്മാണംJohn Daly
Derek Gibson
Gale Anne Hurd
രചനജെയിംസ് കാമറൂൺ
Gale Anne Hurd
William Wisher Jr.
അഭിനേതാക്കൾഅർണോൾഡ് സ്വാറ്റ്സെനെഗർ
Michael Biehn
ലിന്റ ഹാമിൽടൺ
സംഗീതംBrad Fiedel
ഛായാഗ്രഹണംആദം ഗ്രീൻ ബെർഗ്
ചിത്രസംയോജനംMark Goldblatt
വിതരണംഒറിയോൻ പിക്ചെർസ്
റിലീസിങ് തീയതിഒക്ടോബർ 26, 1984
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
ബജറ്റ്US$6.5 million
സമയദൈർഘ്യം108 min.
ആകെ$78,371,200

ജെയിംസ് കാമറൂൺ സം‌വിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണു ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ അന്തകനായി (ടെർമിനേറ്റർ) എത്തുന്നു. ലിൻഡ ഹാമിൽടൻ സാറാ കോണർ ആയും മൈക്കിൾ ബൈൻ കൈൽ റീസ് ആയും വേഷമിടുന്നു.

കഥാ തന്തു

[തിരുത്തുക]

വർഷം 2029ൽ, അതായത് ഭാവിയിൽ നി‍ർമ്മിത ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന മനുഷ്യരെ തുടച്ചു നീക്കാൻ ഒരുങ്ങുന്നു. ഈ കാലത്തിൽ നിന്നും രണ്ട് ആളുകൾ ടൈം ട്രാവലിങ്ങ് എന്ന സാങ്കേതിക വിദ്യയിലൂടെ വർഷം 1984ലേക്ക് വരുന്നു. ഇതിൽ ഒരാൾ ക്രിത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങളുടെ പ്രതിനിധിയായ ടെർമിനേറ്ററാണു. 1984ൽ ജീവിക്കുന്ന സാറാ കോണർ എന്ന വനിതയെ വധിക്കുകയാണു അതിന്റെ ലക്ഷ്യം. രണ്ടാമത്തെയാൾ മനുഷ്യനായ കൈൽ റീസാണു. 2029ൽ യന്ത്രങ്ങളോട് പ്രതിരോധിച്ചു ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണയാൾ. സാറാ കോണറെ ടെർമിനേറ്ററിന്റെ കയ്യിൽ നിന്നു ഏതു വിധേനയും രക്ഷിക്കുക എന്ന്താണു അയാളുടെ ദൗത്യം.

സാറാ കോണർ എന്നു പേരുള്ള ഓരോരുത്തരേയും ടെലിഫോൺ ഡയരക്റ്ററിയിലുള്ള ക്രമത്തിൽ ടെർമിനേറ്റർ കണ്ടു പിടിച്ചു വധിക്കാൻ തുടങ്ങുന്നു. ഫോൺ ബുക്ക് കില്ലറെ പറ്റിയുള്ള വാർത്ത സാറയെ ഭയപ്പെടുത്തുന്നു. അവൾ ഒരു നൈറ്റ് ക്ലബ്ബിൽ അഭയം തേടുന്നു. സാറ തന്റെ റൂം മേറ്റിനെ അവിടെ നിന്നു വിളിക്കാൻ ശ്രമിക്കുന്നു. പക്ഷേ അതിനു മുൻപെ റൂം മേറ്റിനെ വധിച്ച ടെർമിനേറ്റർ സാറ നൈറ്റ് ക്ലബ്ബിൽ ഉള്ള കാര്യം മനസ്സിലാക്കുന്നു. ഈ സമയം കൈലും നൈറ്റ് ക്ലബ്ബിൽ എത്തിച്ചേരുന്നു. കൈൽ തക്ക സമയത്ത് സാറയെ ടെർമിനേറ്ററിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നു. കൈൽ സാറയോടൊപ്പം അവിടെ നിന്നു രക്ഷപ്പെടുന്നു.

രക്ഷപ്പെടുന്ന വഴിക്കു കൈൽ സാറയ്ക്ക് വിവരങ്ങൾ പറഞ്ഞ് കൊടുക്കുന്നു. അടുത്ത ഭാവിയിൽ തന്നെ സ്കൈനെറ്റ് എന്ന് പേരുള്ള ക്രിത്രിമ വിവേക കമ്പ്യൂട്ടർ ശ്രിംഖല സ്വയം ബോധവാന്മാരാകും. അവ മനുഷ്യ കുലത്തെ തുടച്ച് നീക്കാൻ തുടങ്ങും. സാറയുടെ പുത്രൻ ജോൺ അവശേഷിക്കുന്ന മനുഷ്യരെ ഒരുമിപ്പിച്ച് സ്കൈനെറ്റിന്റെ യന്ത്രപ്പട്ടാളത്തിനെതിരെ പൊരുതും. മനുഷ്യർ ജയിക്കും എന്ന ഘട്ടത്തിൽ സ്കൈനെറ്റ് അറ്റ കൈപ്രയോഗത്തിനു ടെർമിനേറ്ററിനെ ഭൂതകാലത്തേക്ക് അയക്കുന്നു, ജോൺ ജനിക്കും മുൻപേ സാറയെ കൊല്ലാൻ വേണ്ടി. ടെർമിനേറ്റർ വികാരമില്ലാത്ത നിപുണമായ ഒരു കൊലപാതക യന്ത്രമാണ്. ശക്തമായ ലോഹം കൊണ്ട് നിർമ്മിച്ച അകവും അതിനെ ആവരണം ചെയ്യുന്ന ജീവനുള്ള തൊലിയും അതിന് മനുഷ്യന്റെ രൂപം നൽകുന്നു.

താമസിയാതെ അവർ വീണ്ടും ടെർമിനേറ്ററിന്റെ ആക്രമണതിനു വിധേയരാവുന്നു. തുടർന്നുണ്ടാവുന്ന കാർ ചെയ്സിൽ കൈലും സാറയും പോലീസിന്റെ പിടിയിലാവുന്നു. ഒരു മനോരോഗ വിദഗ്ദ്ധൻ കൈലിനെ ചൊദ്യം ചെയ്യുന്നു. കൈലിന് വട്ടാണെന്ന് പോലീസുകാർ സാറയോട് പറയുന്നു. ഈ സമയം ടെർമിനേറ്റർ പോലീസ് സ്റ്റേഷൻ ആക്രമിച്ച് പോലീസുകാരെയെല്ലാം കൊന്നൊടുക്കുന്നു. അവിടെ നിന്നു സാറയെയും കൊണ്ട് രക്ഷപ്പെടുന്ന കൈൽ ഒരു സത്രത്തിൽ അഭയം പ്രാപിക്കുന്നു. ജോൺ നൽകിയ സാറയുടെ ഒരു ഫോട്ടോ കണ്ടതു മുതലേ താൻ സാറയുമായ് പ്രേമത്തിലാണെന്ന കാര്യം കൈൽ സാറയോട് വെളിപ്പെടുത്തുന്നു. തുടർന്ന് അവിടെ വച്ച് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.

ടെർമിനേറ്റർ സത്രത്തിലേക്ക് അവരെ പിന്തുടർന്നെത്തുകയും കൈലിനെ സാരമായ് പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. തുടർന്നുണ്ടാവുന്ന സംഘട്ടനത്തിൽ ടെർമിനേറ്റർ പൊട്ടിത്തെറിക്കുന്ന പെട്രോൾ ട്രക്കിൽ അകപ്പെടുന്നു. അപകടത്തിൽ പുറം തൊലി മുഴുവനായ് കത്തിപ്പോയ ടെർമിനേറ്റർ കൈലിനേയും സാറയേയും ഒരു ഫാക്ടറിയിലേക്ക് പിന്തുടരുന്നു. ഇടയ്ക്ക് കൈൽ ഒരു പൈപ്പ് ബോംബ് ടെർമിനേറ്ററിന്റെ അരക്കെട്ടിൽ തിരുകിവയ്ക്കുന്നു. തുടർന്നുണ്ടാവുന്ന സ്ഫോടനത്തിൽ ടെർമിനേറ്ററിന്റെ രണ്ട് കാലുകളും ഒരു കൈയ്യും നഷ്ടമാവുന്നു. പക്ഷേ സ്ഫോടനത്തിൽ കൈൽ കൊല്ലപ്പെടുന്നു. കൈകാലുകൾ നഷ്ടപ്പെട്ടിട്ടും ടെർമിനേറ്റർ അവശേഷിക്കുന്ന ഒരു കൈ കൊണ്ട് സാറയെ പിന്തുടരുന്നു. സാറ അതിനെ ഒരു ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച് നശിപ്പിക്കുന്നു.

കുറച്ച് കാലത്തിന് ശേഷം മെക്സിക്കോവിലേക്ക് യാത്ര ചെയ്യുകയാണ് ഗർഭിണിയായ സാറ. പോകുന്ന വഴിക്ക് തന്റെ പിറക്കാനിരിക്കുന്ന പുത്രൻ ജോണിന് കൊടുക്കാൻ വേണ്ടി സാറ ശബ്ദരേഖ റെക്കോഡ് ചെയ്യുന്നുണ്ട്. കൈൽ ആണ് ജോണിന്റെ പിതാവ് എന്ന കാര്യം ജോണിനോട് പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് സാറ. ആ സമയം ഒരു മെക്സിക്കൻ ബാലൻ സാറയുടെ ഫോട്ടോ എടുക്കുകയും സാറ അതു മേടിക്കുകയും ചെയ്യുന്നു — ഈ ഫോട്ടോ ആണ് പിന്നീട് ജോൺ കൈലിനു നൽകുക. മഴക്കാറുകൾ തിങ്ങിയ ആകാശത്തിന്റെ ദിക്കിലേക്ക് സാറാ കോണർ കാറോടിച്ച് പോകുമ്പോൾ സിനിമ അവസാനിക്കുന്നു.

കഥാപാത്രങ്ങൾ‍

[തിരുത്തുക]
  • അർണോൾഡ് ഷ്വാസ്സെനെഗ്ഗർ - ടെർമിനേറ്റർ, 2029ൽ നിന്നു സ്കൈനെറ്റ് സാറാ കോണറെ കൊല്ലാൻ വേണ്ടി 1984ലേക്ക് അയക്കുന്ന സൈബോർഗ്
  • മൈക്കിൾ ബൈൻ‍ - കൈൽ റീസ്, 2029ൽ സ്കൈനെറ്റിനെതിരായ് യുദ്ധം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ. ടെർമിനേറ്ററിന്റെ കൈയ്യിൽ നിന്ന് സാറയെ രക്ഷപ്പെടുത്താൻ നിയോഗിക്കപ്പെട്ടവൻ
  • ലിൻഡ ഹാമിൽടൻ‍ - സാറാ കോണർ