സോറന്‍ കീര്‍‌ക്കെഗാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോറന്‍ കീര്‍‌ക്കെഗാഡ്
പാശ്ചാത്യ തത്ത്വചിന്ത
19-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത

സോറന്‍ കീര്‍‌ക്കെഗാഡ്[ഘ]
പൂര്‍ണ്ണനാമം സോറന്‍ ആബ്യെ കീര്‍‌ക്കെഗാഡ്
School/tradition യൂറോപ്യന്‍ തത്ത്വചിന്ത, [1]



ഡച്ച് കലാ-സാഹിത്യപാരമ്പര്യത്തിലെ സുവര്‍ണ്ണകാലം, അസ്തിത്വവാദം

ഇവയുടെ പൂര്‍വ്വചിന്തകനെന്ന നിലയില്‍ - ഉത്തരാധുനികത, ഉത്തരഘടനാവാദം, അസ്തിത്വവാദ മനശാസ്ത്രം, നവ-യാഥാസ്ഥിതികത
Main interests മതം, അതിഭൌതികത, ജ്ഞാനസിദ്ധാന്തം, സൗന്ദര്യശാസ്ത്രം, സന്മാര്‍ഗചിന്ത, മനഃശാസ്ത്രം
Notable ideas അസ്തിത്വവാദം, angst, അസ്തിത്വദു:ഖം, മനുഷ്യാസ്തിത്വത്തിന്റെ മൂന്നു തലങ്ങള്‍, വിശ്വാസത്തിന്റെ പടയാളി, അനന്തഗുണാന്തരം
ഒപ്പ് Kierkegaard sig.png

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഡെന്‍മാര്‍ക്കില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്നു സോറന്‍ കീര്‍‌ക്കെഗാഡ്. (മേയ് 5, 1813 - നവംബര്‍ 11, 1855)(ഇംഗ്ലീഷ്:Soren Kierkegaard).(ഉച്ചാ: സോയെന്‍ കിയെക്കഗോത്ത്). ഡെന്‍മാര്‍ക്കിലെ ക്രൈസ്തവസഭയുടെ ഉള്‍ക്കാമ്പില്ലാത്തതെന്ന് അദ്ദേഹത്തിനു തോന്നിയ അനുഷ്ഠാനങ്ങളെയും അന്ന് പ്രചാരത്തിലിരുന്ന ഹേഗേലിയന്‍ തത്ത്വചിന്തയേയും കീര്‍‌ക്കെഗാഡ് ശക്തിയായി എതിര്‍ത്തു. ദൈവത്തിലുള്ള വിശ്വാസം, വ്യവസ്ഥാപിത ക്രിസ്തുമതം, ക്രൈസ്തവസന്മാര്‍ഗ്ഗശാസ്ത്രവും ദൈവശാസ്ത്രവും, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്ന മനുഷ്യന്റെ വികാരവിചാരങ്ങള്‍ തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹത്തിന്റെ രചനകളില്‍ മിക്കവയുടേയും പ്രമേയം. കീര്‍‌ക്കെഗാഡ് തന്റെ ആദ്യകാലരചനകള്‍ പല തൂലികാനാമങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. വ്യത്യസ്തനാമധാരികളുടെ വ്യത്യസ്തവീക്ഷണകോണുകള്‍ തമ്മിലുള്ള ഒരു സങ്കീര്‍ണ്ണസം‌വാദമായി ആ രചനകള്‍ കാണപ്പെട്ടു.

തന്റെ രചനകളില്‍ അര്‍ഥം കണ്ടെത്തുകയെന്ന ജോലി കീര്‍‌ക്കെഗാഡ് വായനക്കാരനു വിട്ടുകൊടുത്തു. ആ ജോലി ബുദ്ധിമുട്ടുള്ളതായേ മതിയാവൂ എന്ന് അദ്ദേഹം കരുതി. ബുദ്ധിമുട്ടുള്ളത് മാത്രമേ ഉത്‍കൃഷ്ടമനസ്സുകളെ ആകര്‍ഷിക്കുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.[3] അസ്തിത്വവാദി, നവ-യാഥാസ്ഥിതികന്‍, ഉത്തരാധുനികന്‍, മാനവികതാവാദി, വ്യക്തിവാദി (individualist) എന്നിങ്ങനെ പലവിധത്തില്‍ പണ്ഡിതന്മാര്‍ കീര്‍‌ക്കെഗാഡിനെ ചിത്രീകരിക്കാറുണ്ട്. ആധുനികചിന്തയ്ക്കുമേലുള്ള കീര്‍‌ക്കെഗാഡിന്റെ സ്വാധീനം തത്ത്വചിന്ത, ദൈവശാസ്ത്രം, മനഃശാസ്ത്രം, സാഹിത്യം എന്നീ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു.[4][5][6]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ചെറുപ്പകാലം

ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു ധനികകുടുംബത്തിലാണ് കീര്‍‌ക്കെഗാഡ് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ ആനി സോരന്‍സ്ദാറ്റര്‍ ലന്‍ഡ് കീര്‍‌ക്കെഗാഡ്, വിവാഹിതയാവുന്നതിന് മുന്‍പ് കീര്‍‌ക്കെഗാഡിന്റെ പിതാവിന്റെ വീട്ടില്‍ പരിചാരികയായിരുന്നു. അടക്കവുമൊതുക്കവുമുള്ള, ശാന്തപ്രകൃതിയായിരുന്ന അവര്‍ക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല. കീര്‍‌ക്കെഗാഡിന്റെ കൃതികളില്‍ അവര്‍ പരാമര്‍ക്കപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകളിലെല്ലാം അവരുടെ അദൃശ്യസാന്നിദ്ധ്യം ഉണ്ടെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.[7] കീര്‍‌ക്കെഗാഡിന്റെ പിതാവ് മൈക്കല്‍ പെഡേഴ്സന്‍ കീര്‍‌ക്കെഗാര്‍ഡ് വിഷാദപ്രകൃതിയും ആശങ്കകള്‍ക്ക് അടിപ്പെട്ടവനും ആയിരുന്നെങ്കിലും തീക്ഷ്ണബുദ്ധിയായിരുന്നു. ആദ്യം വലിയ ധനസ്ഥിതിയൊന്നുമില്ലാതിരുന്ന അദ്ദേഹം വസ്ത്രവ്യാപാരത്തിലൂടെ ഉണ്ടാക്കിയ പണം ശ്രദ്ധാപൂര്‍വം നിക്ഷേപിച്ച് സാമ്പത്തികഭദ്രത കൈവരിച്ചു. അടിയുറച്ച ദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യഭാര്യ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനകം, കുട്ടികളില്ലാതെ മരിച്ചതിനെതുടര്‍ന്നാണ് അദ്ദേഹം ആനിയെ വിവാഹം കഴിച്ചത്. അപ്പോള്‍ അവര്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു. ആ ദമ്പതികളുടെ ഏഴുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു സോറന്‍.

യൗവ്വനത്തില്‍, സാമ്പത്തികഞെരുക്കത്തിന്റെ നാളുകളില്‍ ദൈവത്തെ നിന്ദിച്ച് സംസാരിച്ചതും വൈവാഹികബന്ധത്തിലൂടെയല്ലാതെ ആനിയെ ഗര്‍ഭവതിയാക്കിയതും ഒക്കെ കീര്‍‌ക്കെഗാഡിന്റെ പിതാവിനെ പാപബോധത്തിലേക്ക് നയിച്ചു. താന്‍ ദൈവകോപത്തിന് പാത്രമായിരിക്കുയാല്‍ തന്റെ കുട്ടികളിലാരും, മരിക്കുമ്പോള്‍ യേശുവിനുണ്ടായിരുന്ന 33 വയസ്സിനപ്പുറം ജീവിച്ചിരിക്കില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസം അദ്ദേഹത്തിന്റെ കുട്ടികളില്‍ സോറനും മൂത്ത കുട്ടിയായ പീറ്ററും ഒഴിച്ചുള്ളവരുടെ കാര്യത്തില്‍ ശരിയായി.[8] പാപം, പിതൃ-പുത്രത്ത്വങ്ങളുമായുള്ള അതിന്റെ ബന്ധം എന്നിവയെക്കുറിച്ച് ചെറുപ്രായത്തിലേ പിതാവില്‍ നിന്ന് പകര്‍ന്നുകിട്ടിയ ബോദ്ധ്യങ്ങള്‍, കീര്‍‌ക്കെഗാഡിന്റെ, ഭീതിയും വിറയലും (Fear and Trembling) പോലെയുള്ള രചനകളുടെ മുഖ്യ അടിസ്ഥാനമായി. പിതാവ് ഇടക്കിടെ ഒരുതരം മതാത്മകവിഷാദത്തിനടിമയാകുമായിരുന്നെങ്കിലും കീര്‍‌ക്കെഗാഡ് അദ്ദേഹവുമായി ആത്മബന്ധം പങ്കിട്ടു. പിതാവിനൊപ്പം അഭ്യാസങ്ങളിലും കളികളിലും മറ്റും ചെലവിട്ട അവസരങ്ങള്‍ മകന് ഭാവനാപര്യവേക്ഷണത്തിലെ പാഠങ്ങളായി.

കീര്‍ക്കെഗാഡിന്റെ പിതാവ് മൈക്കല്‍ പെദേര്‍സന്‍ കീര്‍ക്കെഗാഡ്

കീര്‍‌ക്കെഗാഡിന് ഇരുപത്തിയൊന്നു വയസ്സു തികയുന്നതിനുമുന്‍പ്, അമ്മയും സഹോദരിമാരും രണ്ടു സഹോദരന്മാരും മരിച്ചു. [9] 1838 ഓഗസ്റ്റ് 9-ന് എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ പിതാവ് മരിക്കുമ്പോള്‍ കീര്‍‌ക്കെഗാഡിന് 25 വയസ്സായിരുന്നു. മരിക്കുന്നതിനുമുന്‍പ് അദ്ദേഹം കീര്‍‌ക്കെഗാഡിനോട് പുരോഹിതവൃത്തി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. പിതാവിന്റെ മതാനുഭവവും ജീവിതവും ഏറെ സ്വാധീനിച്ചിരുന്ന കീര്‍‌ക്കെഗാഡ് അദ്ദേഹത്തിന്റെ അഭിലാഷം നിറവേറ്റാന്‍ ആഗ്രഹിച്ചു. പിതാവിന്റെ മരണത്തിന് രണ്ടുദിവസത്തിനുശേഷം കീര്‍‌ക്കെഗാഡ് തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി:-

എന്റെ അച്ഛന്‍ ബുധനാഴ്ച മരിച്ചു[10]. അദ്ദേഹം കുറേ വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരിക്കാന്‍ ഞാന്‍ ഏറെ ആഗ്രിച്ചിരുന്നു. എന്നോടുള്ള സ്നേഹത്തെപ്രതി ചെയ്ത അവസാനത്തെ ത്യാഗമായി അദ്ദേഹത്തിന്റെ മരണത്തെ ഞാന്‍ കാണുന്നു. എനിക്കുവേണ്ടിയും, കഴിയുമെങ്കില്‍ ഞാന്‍ എന്തെങ്കിലും ആയിത്തീരുന്നതിനു വേണ്ടിയുമാണ് അദ്ദേഹം മരിച്ചത്. അച്ഛനില്‍ നിന്ന് പൈതൃകമായി കിട്ടിയവയില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മ, രൂപാന്തരീകരിക്കപ്പെട്ട ആ മുഖരൂപം, എനിക്ക് പ്രിയപ്പെട്ടതാണ്. അത് ലോകത്തില്‍ നിന്ന് മറച്ച് സുരക്ഷിതമായി വയ്ക്കാന്‍ ഞാന്‍ ശ്രദ്ധകാട്ടും.[11]

പൗരധര്‍മ്മപാഠശാല (School of Civic Virtue) എന്നറിയപ്പെട്ട വിദ്യാലയത്തിലായിരുന്നു കീര്‍‌ക്കെഗാഡിന്റെ പ്രാരംഭവിദ്യാഭ്യാസം. അവിടെ ലത്തീനിലും ചരിത്രത്തിലും കീര്‍‌ക്കെഗാഡ് പ്രത്യേകം ശോഭിച്ചു. തുടര്‍ന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ ദൈവശാസ്ത്രപഠനത്തിനു ചേര്‍ന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു. സോക്രട്ടീസിനെ മുന്‍നിര്‍ത്തി നിന്ദാസ്തുതിയെക്കുറിച്ച് ഒരു പഠനം (On the Concept of Irony with Continual Reference to Socrates) എന്ന പേരില്‍ അക്കാലത്ത് കീര്‍‌ക്കെഗാഡ് എഴുതിയ ഗവേഷണപ്രബന്ധം അത് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍വകലാശാലാസമിതിക്ക് ഒരസാധാരണ അനുഭവമാണ് നല്‍കിയത്.[12] എന്നാല്‍ അതിലെ അനൌപചാരികശൈലിയും നര്‍മ്മവും ഒരു തത്ത്വചിന്താപ്രബന്ധത്തിന് ചേരാത്തതാണെന്ന് അവര്‍ക്കു തോന്നി. ഏതായാലും 1841 ഒക്ടോബര്‍ 20-ന് കീര്‍‌ക്കെഗാഡ്, ഇക്കാലത്തെ പി.എച്ച്.ഡിക്ക് സമാനമായ മജിസ്റ്റര്‍ ആര്‍ട്ടിയം ബിരുദം നേടി സര്‍വകാലാശാലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗവേഷണപ്രബന്ധം ലത്തീന് പകരം മാതൃഭാഷയില്‍ അവതരിപ്പിക്കാന്‍ കീര്‍‌ക്കെഗാഡിന് അനുവാദം കിട്ടിയത് രാജാവിനോട് നടത്തിയ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ്.[13] പൈതൃകസ്വത്തായി കിട്ടിയ 31,000 റിഗ്സ്ഡാലര്‍ കീര്‍‌ക്കെഗാഡിന്റെ വിദ്യാഭ്യാസത്തിനും ജീവിതച്ചെലവിനും പല ആദ്യകാലകൃതികളുടേയും പ്രസിദ്ധീകരണത്തിനും ഉപകരിച്ചു.

[തിരുത്തുക] റെജീന ഓള്‍സണ്‍

കീര്‍‌ക്കെഗാഡിന്റെ രചനകളെ മൗലികമായി സ്വാധീനിച്ചുവെന്ന് കരുതപ്പെടുന്ന സംഭവമാണ് റെജീന ഓള്‍സണ്‍ (1822-1904) എന്ന പെണ്‍കുട്ടിയുമായുണ്ടായ വിഫലമായ വിവാഹനിശ്ചയം. 1837 മേയ് 8-ന് ആദ്യമായി കണ്ടുമുട്ടിയതുമുതലേ ഇരുവരും ഇഷ്ടത്തിലായി. തന്റെ ഡയറിയില്‍ കീര്‍ക്കെഗാഡ് റെജീനയെക്കുറിച്ച് ഇങ്ങനെ എഴുതി:-

മനസ്വിനീ, ഹൃദയത്തിന്റെ അഗാധതയില്‍, ചിന്തയുടെ തികവില്‍, നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്ന അദൃശ്യമൂര്‍ത്തിയാണ് നീ. പ്രേമഭാജനത്തെ ആദ്യം കാണുന്നവന് അവളെ വളരെ മുന്‍പേ കണ്ടിരുന്നതായി തോന്നുമെന്നും, എല്ലാ അറിവിനേയും പോലെ എല്ലാ പ്രേമവും അനുസ്മരണമാണെന്നും, പ്രേമത്തിന്റെ കാര്യത്തിലും ഓരോ വ്യക്തിക്കും പ്രവചിക്കപ്പെട്ട വഴിയുണ്ടെന്നും പാടുന്ന കവിഭാവനയെ എനിക്ക് വിശ്വസിക്കാമെന്നോ? എല്ലാ പെണ്‍കുട്ടികളുടേയും സൗന്ദര്യം എനിക്കവകാശപ്പെട്ടിരുന്നാലേ നിന്നെപ്പോലൊരു സൗന്ദര്യത്തെ എന്നിലേക്കാകര്‍ഷിക്കാന്‍ കഴിയൂ എന്നും, എനിക്കില്ലാത്തതും എന്നാല്‍ എന്റെ ആത്മാവിന്റെ അഗാധഗൂഢതകള്‍ പോലും കാംക്ഷിക്കുന്നതുമായതിനെ നേടാന്‍ വേണ്ടി ലോകം മുഴുവന്‍ അലഞ്ഞുതിരിയേണ്ടിവരുമെന്നും ഒരുനിമിഷം എനിക്കു തോന്നുന്നു. അടുത്ത നിമിഷം, നീ എനിക്കടുത്തുണ്ടെന്നും ഞാന്‍ എനിക്കുതന്നെ രൂപാന്തരീകരിക്കപ്പെട്ടിരിക്കുന്നെന്നും ഇവിടെയായിരിക്കുന്നത് നന്നെന്നും ഞാന്‍ അറിയുന്നു.[11][ക]
റെജീന ഓള്‍സണ്‍, കീര്‍‌ക്കെഗാഡിന്റെ കാമുകി - അദ്ദേഹത്തിന്റെ രചനകളില്‍ റെജീനയുടേയും അവര്‍ തമ്മിലുള്ള വിഫലപ്രേമത്തിന്റേയും ഛായ നിറഞ്ഞു നില്‍ക്കുന്നു.

1840 സെപ്റ്റംബര്‍ 8-ന് കീര്‍‌ക്കെഗാഡിന്റെ വിവാഹാഭ്യര്‍ഥന റെജീന സ്വീകരിച്ചു. എന്നാല്‍ അതിനടുത്ത ദിവസത്തെ ഡയറിക്കുറിപ്പില്‍ അദ്ദേഹം അതേക്കുറിച്ച് പശ്ചാത്തപിക്കുന്നതായി കാണാം. അതുകഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ അദ്ദേഹം വിവാഹത്തില്‍നിന്നു പിന്മാറി.[14] വിഷാദഭാവം വിവാഹത്തിന് തന്നെ അയോഗ്യനാക്കുന്നുവെന്നാണ് അദ്ദേഹം എഴുതിയതെങ്കിലും വിവാഹനിശ്ചയം മാറ്റാനുള്ള യഥാര്‍ഥകാരണം വ്യക്തമല്ല. കീര്‍‌ക്കെഗാഡും റെജീനയും തീവ്രപ്രണയത്തിലായിരുന്നു എന്നും ഈ വികാരം ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനായ ഫ്രെഡറിക് ഷ്ലീഗലുമായുള്ള (1817-1896)[ഖ]റെജീനയുടെ വിവാഹശേഷവും നിലനിന്നു എന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാലങ്ങളില്‍ കോപ്പന്‍ഹേഗനിലെ തെരുവുകളില്‍ വെച്ചുള്ള ആകസ്മികമായ കണ്ടുമുട്ടലുകള്‍ മാത്രമായിരുന്നു അവര്‍ തമ്മിലുണ്ടായിരിന്നത്. റെജീനയുമായി സംസാരിക്കാനനുവദിക്കണമെന്ന് കുറേ വര്‍ഷങ്ങള്‍ക്കുശേഷം കീര്‍‌ക്കെഗാഡ് ഷ്ലീഗലിനോട് അഭ്യര്‍ഥിച്ചു. അത് നിരസിക്കപ്പെടുകയാണുണ്ടായത്.

ഏറെ വൈകാതെ റെജീനയുടെ ഭര്‍ത്താവിന് പശ്ചിമദ്വീപുകളിലെ ഗവര്‍ണറായി നിയമനം കിട്ടിയതോടെ ആ ദമ്പതിമാര്‍ അങ്ങോട്ട് പോയി. അവിടന്ന് അവര്‍ മടങ്ങി വന്നപ്പോഴേക്കും കീര്‍‌ക്കെഗാഡ് മരിച്ചിരുന്നു. റെജീന ഷ്ലീഗല്‍ 1904 വരെ ജീവിച്ചിരുന്നു. അവരെ സംസ്കരിച്ചിരിക്കുന്നത് കീര്‍ക്കെഗാഡിന്റെ അന്ത്യവിശ്രമസ്ഥാനമായ കോപ്പന്‍ഹേഗനിലെ അസിസ്റ്റന്‍സ് സിമിത്തേരിയില്‍ തന്നെയാണ്.[15]

[തിരുത്തുക] ഒന്നാം രചനാകാലം

കീര്‍‌ക്കെഗാഡിന്റെ തത്ത്വചിന്താശകലങ്ങള്‍ (Philosophical Fragments) എന്ന് കൃതിയുടെ കയ്യെഴുത്തുപ്രതി.[16]

രാഷ്ട്രീയം, സ്ത്രീകള്‍, വിനോദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചില രചനകള്‍ കീര്‍‌ക്കെഗാഡ് നേരത്തേതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യത്തെ രചന 1841-ല്‍ പ്രസിദ്ധീകരിച്ച "സോക്രട്ടീസിനെ മുന്‍നിര്‍ത്തി നിന്ദാസ്തുതിയെക്കുറിച്ച് ഒരു പഠനം" എന്ന ഗവേഷണപ്രബന്ധമായിരുന്നു. [17] 1843-ല്‍ 'അതോ/ഇതോ' (Either/Or) എന്ന പ്രഖ്യാതമായ മുഖ്യകൃതി വെളിച്ചം കണ്ടു. പാശ്ചാത്യതത്ത്വചിന്താപാരമ്പര്യത്തിലെ രണ്ട് അതികായന്മാരുടെ ചിന്തകളുടെ വിലയിരുത്തലാണ് ആ കൃതികള്‍ - ആദ്യത്തേതില്‍ സോക്രട്ടീസും രണ്ടാമത്തേതില്‍ ഹേഗലും പരിശോധിക്കപ്പെടുന്നു. അവ കീര്‍ക്കെഗാഡിന്റെ പ്രത്യേകമായ രചനാശൈലിക്കും യുവ എഴുത്തുകാരനെന്ന നിലയിലെ പക്വതക്കും തെളിവായി.


കീര്‍ക്കെഗാഡ് അതോ/ഇതോ (Either/Or) മിക്കവാറും എഴുതിയത് ബെര്‍ളിനില്‍ താമസിക്കുമ്പോഴാണ്. 1842-ലാണ് അത് പൂര്‍ത്തിയായത്. ജീവിതത്തിന്റെ സൗന്ദാര്യാത്മകവും സാന്മാര്‍ഗ്ഗികവും ആയ വശങ്ങളുടെ ഒരു പഠനമാണ് ആ കൃതി. ഹേഗേലിയന്‍ തത്ത്വചിന്തയുടെ ഒരു വിമര്‍ശനമായും അതിനെ കാണാം. ഇതില്‍ പലയിടങ്ങളിലും ഹേഗലിന്റെ നിലപാടുകളുടെ ഹാസ്യാനുകരണങ്ങളുണ്ട്. വായനക്കാരെ അറിവില്‍ നിന്ന് അറിവില്ലായ്മയിലേക്ക് നയിക്കാനുദ്ദേശിച്ച മട്ടിലുള്ള തലകുത്തിയ സം‌വാദാത്മകതയാണ് (inverted dialectic) കീര്‍‌ക്കെഗാഡ് ഇതുപോലുള്ള രചനകളില്‍ ഹേഗേലിയനിസത്തിന്റെ വിമര്‍ശനത്തിനുപയോഗിച്ചത്. മനുഷ്യയുക്തിയില്‍ ഹേഗല്‍ അര്‍പ്പിച്ച അതിരുകടന്ന വിശ്വാസം, ഹേഗേലിയന്‍ ചിന്തയുടെ നിര്‍മ്മമമായ വസ്തുനിഷ്ടത, അതിലെ ശുഭാപ്തിവിശ്വാസം എന്നിവ സുവിശേഷങ്ങളുടെ ചൈതന്യത്തിനു നിരക്കാത്തതാണെന്ന് കീര്‍ക്കെഗാഡ് കരുതി. ഹേഗലിന്റെ ആശയവാദം ജീവിതസമരത്തില്‍ പക്ഷംചേരാത്ത കാഴ്ചക്കാരന്റേതാണ്. ഹേഗലിനെപ്പോലുള്ള ആശയവാദികള്‍ സുവിശേഷങ്ങളെ സിദ്ധാന്തങ്ങളാക്കി മാറ്റുകയും സ്രഷ്ടാവിനും സൃഷ്ടിക്കും ഇടയിലുള്ള അഗാധഗര്‍ത്തത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. അത്തരക്കാര്‍ക്ക് യേശുവിന്റെ മനുഷ്യാവതാരം ഒരനാവശ്യവും അവന്റെ കുരിശ് മാനക്കേടുമാണ്.[18]


ഹേഗേലിയനിസത്തെ വിമര്‍ശിച്ചെങ്കിലും കീര്‍‌ക്കെഗാഡ് ഹേഗലിനെ ഏറെ ബഹുമാനിച്ചിരുന്നു. ഹേഗലിന്റെ ചിന്തയുടെ മാനം മുട്ടുന്ന അവകാശവാദങ്ങളേയും വാഗ്ദാനങ്ങളെയാണ് കീര്‍‌ക്കെഗാഡ് എതിര്‍ത്തത്. തന്റെ തത്ത്വചിന്താവ്യവസ്ഥയെ ഒരു ചിന്താപരീക്ഷണമായി (Thought Experiment) മാത്രം കണ്ടിരുന്നെങ്കില്‍ ഹേഗല്‍ എക്കാലത്തെയും ഏറ്റവും വലിയ ചിന്തകരില്‍ ഒരാള്‍ ആകുമായിരുന്നു എന്ന് കീര്‍‌ക്കെഗാഡ് കരുതി. അതിന് പകരം താന്‍ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി. സം‌വാദാത്മകതയുടെ വഴി പിന്തുടര്‍ന്ന് ദൈവത്തിന്റെ മനസ്സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി (scala paradisi) പണിയാന്‍ ശ്രമിക്കുന്നതുപോലെയാണെന്ന് കീര്‍‌ക്കെഗാഡ് കരുതി.[19]

കീര്‍ക്കെഗാഡിന്റെ രചനകളില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ജര്‍മ്മന്‍ ആശയവാദചിന്തകന്‍ ഹേഗല്‍

'അതോ/ഇതോ' പ്രസിദ്ധീകരിച്ച വര്‍ഷം തന്നെ ജൊഹാന്‍ ഫ്രെഡറിക് ഷ്ലീഗലുമായി റെജീനയുടെ വിവാഹനിശ്ചയം നടന്നിരിക്കുന്നുവെന്ന് കീര്‍‌ക്കെഗാഡ് അറിഞ്ഞു. ഈ അറിവ് കീര്‍‌ക്കെഗാഡിനേയും അദ്ദേഹത്തിന്റെ പില്‍ക്കാലരചനകളേയും സാരമായി ബാധിച്ചു. 1843 അവസാനം പ്രസിദ്ധീകരിച്ച "ഭയവും വിറയലും" എന്ന കൃതിയിലെ ഒരു ഭാഗം, ദൈവികമായ ഇടപെടല്‍ മൂലം റെജീനയെ തനിക്ക് തിരികെ കിട്ടുമെന്ന് കീര്‍‌ക്കെഗാഡ് പ്രതീക്ഷിരുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കാം.[20] "ഭയവും വിറയലും" പ്രസിദ്ധീകരിച്ച അതേ ദിവസം തന്നെ പ്രസിദ്ധീകൃതമായ 'ആവര്‍ത്തനം' (Repetition) പ്രേമഭാജനത്തെ വിട്ടുപോകുന്ന ഒരു യുവാവിനെക്കുറിച്ചാണ്. ഇതുപോലെ തന്നെ അക്കാലത്തെ മറ്റു പല കൃതികളിലും കീര്‍‌ക്കെഗാഡ്-റെജീന ബന്ധത്തിന്റെ മുഴക്കമുണ്ട്.

ദൈവകല്പനയനുസരിച്ച് സ്വന്തം പുത്രന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കാനൊരുങ്ങിയ പഴയനിയമത്തിലെ അബ്രാഹമിന്റെ കഥയുടെ അതീവനൂതനവും, പ്രകോപനപരവുമായ ഒരു വ്യാഖ്യാനമാണ് ഭയവും വിറയലും (Fear and Trembling). പുതിയനിയമത്തിലുള്ള ഫിലിപ്പിയര്‍ക്കെഴുതിയ പൗലോസിന്റെ ലേഖനത്തിലെ "ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷക്കായുള്ള പ്രയത്നം തുടരുക"(ഫിലിപ്പിയര്‍ 2;12) എന്ന ആഹ്വാനമാണ് ഗ്രന്ഥനാമത്തിനടിസ്ഥാനം. ക്രിസ്തുമതവിശ്വാസം യുക്തിസിദ്ധമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാവുക വയ്യെന്ന് കീര്‍ക്കെഗാര്‍ഡ് വിശ്വസിച്ചു. [21]വിശ്വാസത്തിന്റെ അടിസ്ഥാനം പരിഹാസ്യമായതിലുള്ള ശരണമാണ് (Faith in the Absurd). പരിഹാസ്യമായത് യുക്തിയെത്തെന്നെ വെല്ലുവിളിക്കുന്നതാണ്. അബ്രാഹമിന്റെ കാര്യത്തില്‍ പരിഹാസ്യമായതിലുള്ള ശരണം തന്റെ ഏകപുത്രനെ താന്‍ വധിച്ചാലും തിരികെകിട്ടുമെന്നുള്ള വിശ്വാസമാണ്. ഈ വിശ്വാസമാണ് അബ്രാഹമിനെ കൊലയാളിയല്ലാതാക്കുന്നത്. [22]


അക്കാലത്തെഴുതിയ മറ്റു പ്രധാനകൃതികള്‍ ശ്രദ്ധവക്കുന്നത് ഹേഗേലിയന്‍ തത്ത്വചിന്തയുടെ വിമര്‍ശനത്തിലാണ്. അവയാണ് പിന്നീട് അസ്തിത്വവാദമനശാസ്ത്രത്തിന് അടിസ്ഥാനമായത്. "തത്ത്വചിന്താശകലങ്ങള്‍", "ഭീതി എന്ന സങ്കല്പം", "ജീവിതവീഥിയിലെ ഘട്ടങ്ങള്‍" തുടങ്ങിയ രചനകളില്‍, മനുഷ്യന്‍ ജീവിതത്തില്‍ നേരിടുന്ന ചിന്താ-വികാരങ്ങള്‍, അസ്തിത്വസംബന്ധിയായ തെരഞ്ഞെടുപ്പുകളും അവയുടെ പ്രത്യാഘാതങ്ങളും, മതത്തെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, ജീവിതത്തിന്റെ ആശ്രയമാക്കുന്നതിന്റെ അഭിലക്ഷണീയത എന്നീ വിഷയങ്ങളാണ് പരിണിക്കപ്പെടുന്നത്. ഒരുപക്ഷേ ഹേഗേലിയനിസത്തിനുനേരേയുള്ള ഏറ്റവും ധീരമായ ആക്രമണം "തത്ത്വചിന്താശകലങ്ങളിലെ അശാസ്ത്രീയമായ ഉപസംഹാര-അടിക്കുറിപ്പ്" (Concluding Unscientific Postscript to Philosophical Fragments) ആണ്. വ്യക്തിയുടെ പ്രാധാന്യം, സത്യത്തിന്റെ വ്യക്തിനിഷ്ഠത എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ രചന "യുക്തിഭദ്രമായത് യഥാര്‍ഥവും യഥാര്‍ഥമായത് യുക്തിഭദ്രവും" (The Rational is the Real and the Real is the Rational) എന്ന ഹേഗേലിയന്‍ നിലപാടിന്റെ തിരസ്കാരം കൂടിയാണ്.[23]

രചനയുടെ ഈ ഒന്നാം ഘട്ടത്തിലെ സൃഷ്ടികള്‍ മിക്കവയും തത്ത്വചിന്താസ്വഭാവമുള്ളവയും, കള്ളപ്പേരുളില്‍ വ്യത്യസ്തവീക്ഷണകോണുകളേയും ജീവിതരീതികളേയും പ്രതിഫലിപ്പിച്ച് എഴുതിയവയും ആണ്. എന്നാല്‍ കള്ളപ്പേരുകളിലെഴുതിയ ഈ തത്ത്വചിന്താ രചനകള്‍ ഓരോന്നിനുമൊപ്പം കീര്‍‌ക്കെഗാഡ് സ്വന്തംപേരില്‍ രണ്ടോമൂന്നോ ദൈവശാസ്ത്രപ്രഭാഷണങ്ങളും എഴുതി.[24] ഈ പ്രഭാഷണങ്ങള്‍ എഴുതിയത്, കള്ളപ്പേരിലെഴുതിയ കൃതികളിലെ തത്ത്വചിന്താസമസ്യകളില്‍ വ്യക്തത കൊണ്ടുവരാനും, അവയുടെ ദൈവശാസ്ത്രവശം ചര്‍ച്ച ചെയ്യാനും, വായനക്കാരെ പൊതുവേ പ്രബുദ്ധരാക്കാനും വേണ്ടിയാണ്.[25]

[തിരുത്തുക] കോര്‍സെയര്‍ വിവാദം

കോര്‍സെയര്‍ പ്രസിദ്ധീകരിച്ച കീര്‍‌ക്കെഗാഡിന്റെ ഒരു കുസൃതിച്ചിത്രം

1845 ഡിസംബര്‍ 22-ന് പീഡര്‍ ലുഡ്‌വിജ് മോളര്‍ എന്നൊരാള്‍ കീര്‍‌ക്കെഗാഡിന്റെ "ജീവിതവീഥിയിലെ ഘട്ടങ്ങള്‍" എന്ന രചനയെ വിമര്‍ശിച്ച് ഒരു ലേഖനം എഴുതി. മോളര്‍, ശ്രദ്ധേയരായ വ്യക്തികളെ പരിഹസിച്ചെഴുതുന്നതില്‍നു പ്രസിദ്ധമായ കോര്‍സെയര്‍ എന്ന ഹാസ്യപത്രികയിലും എഴുതാറുണ്ടായിരുന്നു. അതേവരെ കോര്‍സെയര്‍ കീര്‍‌ക്കെഗാഡിനെ വെറുതേവിട്ടിരുന്നു. മോളറുടെ വിമര്‍ശനം പുറത്തിറങ്ങിയ ഉടനെ കീര്‍‌ക്കെഗാഡ് പ്രതികരിച്ചു. "ഒരു നാടോടി സൗന്ദര്യശാസ്ത്രജ്ഞന്റെ ചെയ്തി", "സാഹിത്യത്തിലെ പോലീസ്‌മുറയുടെ സം‌വാദാത്മകപരിണാമം" എന്നീ ലേഖനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യത്തെ ലേഖനം മോളറെ വ്യക്തിപരമായി ആക്രമിക്കുകയും അയാളുടെ വിമര്‍ശനത്തിന് മറുപടിപറയുകയും ചെയ്തെങ്കില്‍ രണ്ടാമത്തേത് കോര്‍സെയറിന്റെമേലുള്ള ഒരു തുറന്ന ആക്രമണമായിരുന്നു. തന്നെ പരിഹസിക്കാന്‍ കൊര്‍സെയറിനെ അതില്‍ കീര്‍‌ക്കെഗാഡ് വെല്ലുവിളിച്ചു.

കോര്‍സെയര്‍ എന്ന പത്രത്തിന് ഇതേവരെ കിട്ടിയിട്ടുള്ള അംഗീകാരം, എല്ലാത്തരത്തിലും പെട്ട അതിന്റെ അനേകം വായനക്കാരുടെ അവഗണനയും വെറുപ്പും പ്രതികരണവൈമുഖ്യവുമാണ്. ആ പത്രം അതിന്റെ ഇത്തിരിമാത്രം കഴിവും കഷ്ടപ്പെട്ട് സ്ഥാപിച്ചെടുത്ത തലതിരിവില്‍ പ്രകടമാകുന്ന ധാര്‍മ്മികതയുടെ ശ്രേണി വ്യക്തമാക്കാന്‍ എഴുത്തിലൂടെ ആകെ ചെയ്യേണ്ടത് ഇതാണ് - കോര്‍സെയര്‍ നല്‍കിയ പ്രശംസയിലൂടെ അമര്‍ത്ത്യത കൈവരിച്ച ഒരാള്‍, തന്നെ അതിന്റെതന്നെ അസഭ്യവര്‍ഷത്തിന് ഇരയാക്കണമെന്ന് അതിനോട് അപേക്ഷിക്കുക. എന്നെ അസഭ്യം ചൊരിയണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. കോര്‍സെയറില്‍ നിന്ന് കിട്ടുന്ന അനശ്വരതയുടെ നാണക്കേട് സഹിക്കാവുന്നതിലധികമാണ്.[26]

തന്റെ രചനയെ പിന്തുണക്കുകയും, മോളറെ പരിഹസിക്കുകയും, കോര്‍സെയറിനെ ഒന്നു കൊട്ടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആ പ്രതികരണം കോര്‍സെയറിന്റെ പത്രാധിപരായിരുന്ന മെയര്‍ അഹറോണ്‍ ഗോള്‍ഡ്ഷ്മിഡ്റ്റിനെ കോപിഷ്ടനാക്കി. തുടര്‍ന്നുവന്ന മാസങ്ങളില്‍ കോര്‍സെയര്‍, തന്നെ പരിഹസിക്കാനുള്ള കീര്‍‌ക്കെഗാഡിന്റെ അഭ്യര്‍ഥനയെ കാര്യമായിത്തന്നെയെടുത്തു. പത്രം കീര്‍‌ക്കെഗാഡിനെതിരെ ആക്രമണത്തിന്റെ ഒരു പരമ്പര അഴിച്ചുവിട്ടു. കീര്‍‌ക്കെഗാഡിന്റെ രൂപവും ശബ്ദവും രീതികളുമെല്ലാം ആക്രമിക്കപ്പെട്ടു. ഡെന്മാര്‍ക്കിലെ തെരുവുകളില്‍ അദ്ദേഹം മാസങ്ങളോളം ആക്രമിക്കപ്പെട്ടു.[27] 1846-ലെ ഒരു ഡയറിക്കുറിപ്പില്‍ കീര്‍‌ക്കെഗാഡ്, മോളറിനും കോര്‍സെയറിനും എതിരായുള്ള തന്റെ ആക്രമണത്തിന് ദീര്‍ഘമായ ഒരു വിശദീകരണം നല്‍കി. തനിക്കെതിരേയുള്ള ആക്രമണം കള്ളപ്പേരുകള്‍ ഉപയോഗിച്ചുള്ള "പരോക്ഷരചനയുടെ വഴി" (indirect authorship) ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും ആ കുറിപ്പില്‍ പറയുന്നു.

ദൈവത്തിന് സ്തുതിയായിരിക്കട്ടെ; എന്റെ എഴുത്തിന്റെ നാളുകള്‍ കഴിഞ്ഞു. 'അതോ/ഇതോ'-യുടെ പ്രസിദ്ധീകരണം കഴിഞ്ഞുള്ള നല്ലസമയം അതിന്റെ സമാപ്തിക്കായി തെരഞ്ഞെടുക്കാന്‍ എന്നെ അനുവദിച്ചതിന് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ആളുകള്‍ കാര്യങ്ങള്‍ കാണുന്നത് ഇങ്ങനെയാകണമെന്നില്ല. എന്റെ രചനാസം‌രംഭത്തില്‍ കുറവൊന്നുമില്ലെന്ന് എനിക്കറിയാം. പക്ഷേ അത് എനിക്ക് വേദനക്ക് കാരണമായി. ഈ ഏറ്റുപറച്ചിലിന് അവസരം ഉണ്ടാക്കിയത് ഞാന്‍ തന്നെയാണെന്നു വരാം. അത് അങ്ങനെതന്നെയിരിക്കട്ടെ. എനിക്ക് ഒരു പുരോഹിതനാകാന്‍ കഴിഞ്ഞെങ്കില്‍. ഇപ്പോഴത്തെ എന്റെ ജീവിതാവസ്ഥയിലെ സംതൃപ്തി എത്രമാത്രമാണെങ്കിലും, പുരോഹിതവൃത്തിയുടെ ശാന്തിയില്‍ എനിക്ക് കൂടുതല്‍ സ്വതന്ത്രമായി ശ്വസിക്കാനാകുമെന്നുറപ്പാണ്. ഇടക്ക് വല്ലപ്പോഴും, ഒറ്റപ്പെട്ട ഒരു രചനക്കുള്ള അവസരവും അതില്‍ കിട്ടിയേക്കാം.[11]

[തിരുത്തുക] രണ്ടാം രചനാകാലം

കീര്‍‌ക്കെഗാഡിന്റെ മാരണരോഗം എന്ന കൃതിയുടെ കയ്യെഴുത്തുപ്രതി.[16]

കീര്‍‌ക്കെഗാഡ് ആദ്യരചനാകാലത്ത് കൂടുതല്‍ ശ്രദ്ധവച്ചത് ഹേഗേലിയന്‍ ചിന്തകളുടെ വിമര്‍ശനത്തിലായിരുന്നെങ്കില്‍ രണ്ടാം കാലത്തെ രചനകളില്‍ മുന്നിട്ട് നിന്നത് ക്രൈസ്തവസഭകളുടെ കാപട്യങ്ങളുടെ വിമര്‍ശനമായിരുന്നു. ക്രൈസ്തവസഭകള്‍ എന്നതുകൊണ്ട് കീര്‍‌ക്കെഗാഡ് ഉദ്ദേശിച്ചത് ക്രിസ്തുമതമെന്നല്ല. വ്യവസ്ഥാപിതസഭയുമായും താന്‍ ജീവിച്ച സമൂഹം പരിശീലിച്ചിരുന്ന മതവുമായും ആയിരുന്നു അദ്ദേഹത്തിന്റെ കലഹം. കോര്‍സെയര്‍ സംഭവത്തിനുശേഷം കീര്‍ക്കെഗാഡ് "പൊതുജനത്തിലും" അതുമായുള്ള വ്യക്തിയുടെ ഇടപെടലുകളിലും തല്പരനായി. ഈ സമയത്തെ അദ്ദേഹത്തിന്റെ ആദ്യരചന "രണ്ടുയുഗങ്ങള്‍ - ഒരു സാഹിത്യ നിരൂപണം" എന്ന ലേഖനമായിരുന്നു. രണ്ടുയുഗങ്ങള്‍ എന്ന പേരില്‍ തോമാസിന്‍ ക്രിസ്റ്റൈന്‍ ഗില്ലെംബര്‍ഗ്ഗ് എഹ്രന്‍സ്വാര്‍ഡ് എഴുതിയ നോവലിന്റെ വിമര്‍ശനമായിരുന്നു അത്. നോവലിന്റെ കഥയുടെ വിമര്‍ശനത്തിനുശേഷം കീര്‍‌ക്കെഗാഡ് ആധുനിക യുഗത്തെക്കുറിച്ച് ഉള്‍ക്കാഴ്ചനിറഞ്ഞ പല നിരീക്ഷണങ്ങളും നടത്തി. ആധുനികതയെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു പ്രധാന പരാതി അതിന്റെ പ്രതിബദ്ധതയില്ലായ്മ (passionless attitude) ആയിരുന്നു. "ഈ യുഗം അടിസ്ഥാനപരമായി, പ്രതിബദ്ധതയില്ലാത്തതും ബുദ്ധിയുള്ളതുമായ യുഗമാണ്; ഇപ്പോഴത്തെ പോക്ക്, ഗണിതശാസ്ത്രപരമായ തുല്യതയിലേക്കാണ്; എല്ലാ വിഭാഗങ്ങളിലും ഇത്രയിത്ര വ്യക്തികള്‍ ഒത്തുചേര്‍ന്നാല്‍ ഒരു വ്യക്തിയാകും എന്ന അവസ്ഥയാണ് അത്" എന്നദ്ദേഹം പറഞ്ഞു. ഇവിടെ കീര്‍‌ക്കെഗാഡ് വിമര്‍ശിച്ചത് വ്യക്തികളെ പ്രതികരണശേഷിയില്ലാത്ത ആള്‍ക്കൂട്ടമായി ഉരുക്കിച്ചേര്‍ക്കാനുള്ള പ്രവണതയെയാണ്.[28] "ആള്‍ക്കൂട്ടത്തെ" വിമര്‍ശിച്ച കീര്‍‌ക്കെഗാഡ് വ്യക്തികള്‍ തങ്ങളുടെ വ്യതിരിക്തത നിലനിര്‍ത്തുന്ന സമൂഹങ്ങളെ പിന്തുണച്ചു.

ഇക്കാലത്തെ മറ്റുപലരചനകളിലും കീര്‍‌ക്കെഗാഡ് ചൂണ്ടിക്കാട്ടിയത് വ്യക്തിയുടെ അതുല്യതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ഉപരിപ്ലവതയെ ആണ്. "അഡ്‌ലറെക്കുറിച്ചുള്ള പുസ്തകം" എന്ന ഗ്രന്ഥം, തനിക്ക് മതദൂഷണപരമായ ഒരു ദൈവികവെളിപാട് ഉണ്ടായെന്നവകാശപ്പെട്ടതിനെതുടര്‍ന്ന് പൗരോഹിത്യത്തില്‍ നിന്നും സഭയില്‍ നിന്നും പുറത്താക്കപ്പെട്ട അഡോള്‍ഫ് അഡ്‌ലര്‍ എന്ന പുരോഹിതനെക്കുറിച്ചാണ്. ഇത്തരത്തിലുള്ള സാമൂഹ്യബഹിഷ്കരണാനുഭവം കീര്‍ക്കെഗാഡിനും ഉണ്ടായിട്ടുണ്ടെന്ന് വാള്‍ട്ടര്‍ ലൗറി അഭിപ്രായപ്പെട്ടിട്ടുണ്ട്. [29]

ആള്‍ക്കൂട്ടത്തെ വിശകലനം ചെയ്യുന്നതിനിടയില്‍ കീര്‍‌ക്കെഗാഡിന് ക്രൈസ്തവസഭയുടെ, പ്രത്യേകിച്ച് ഡെന്മാര്‍ക്കിലെ ഔദ്യോഗിക സഭയുടെ ജീര്‍ണ്ണതയും അപചയവും ബോദ്ധ്യമായി. ക്രൈസ്തവസഭകള്‍ ക്രിസ്തീയവിശ്വാസത്തില്‍നിന്ന് വഴിതെറ്റിപ്പോയെന്ന് കീര്‍‌ക്കെഗാഡ് കരുതി. ക്രിസ്ത്യാനിയായിരിക്കുന്നതിനെ എളുപ്പമാക്കാനാണ് അവ ശ്രമിക്കുന്നത്. "സംസ്കൃതവും മാന്യവുമായ ക്രിസ്തീയത", ക്രൈസ്തവജീവിതത്തെ ദൈവതിരുമുന്‍പില്‍ അരങ്ങേറുന്ന സാഹസികയാത്രയെന്നതിന് പകരം കേവലം സദാചാരവ്യവസ്ഥയും തത്ത്വസംഹിതയുമാക്കി മാറ്റിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്രിസ്തീയതയെ ബുദ്ധിമുട്ടുള്ളതാക്കുകയാണ് തന്റെ ദൗത്യമെന്ന് കീര്‍ക്കെഗാഡ് വിശ്വസിച്ചു.[30] സമകാലീന ക്രൈസ്തവസഭകളുടെ പല വിമര്‍ശനങ്ങളും അദ്ദേഹം അക്കാലത്ത് എഴുതി. 'ക്രൈസ്തവപ്രഭാഷണങ്ങള്‍', 'സ്നേഹപ്രവര്‍ത്തികള്‍' തുടങ്ങിയവ അവയില്‍ പെടുന്നു.

അക്കാലത്തെ കീര്‍‌ക്കെഗാഡിന്റെ കൃതികളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് 'മാരണരോഗം'. വിശ്വാസമാണ് പ്രശ്നപരിഹാരമെന്ന ആ കൃതിയുടെ നിലപാടിനെ ഇന്നത്തെ സൗന്ദര്യചിന്തകന്മാരും മനഃശ്ശാസ്ത്രജ്ഞന്മാരും തള്ളിക്കളയുമെങ്കിലും ആധുനികമനുഷ്യന്റെ നിരാശയുടെ സ്വഭാവത്തെക്കുറിച്ചുള്ള കീര്‍‌ക്കെഗാഡിന്റെ വിവരണം ആ വിഷയത്തിലെ ഏറ്റവും നല്ല പഠനങ്ങളില്‍ ഒന്നാണ്. മാര്‍ട്ടിന്‍ ഹൈഡഗറിന്റെ അസ്തിത്വസംബന്ധിയായ കുറ്റബോധം(existential guilt), സാര്‍ത്രിന്റെ മോശം വിശ്വാസം (bad faith) തുടങ്ങി, പില്‍ക്കാല തത്ത്വചിന്തയിലെ പല ആശയങ്ങളും അതിനെ അനുകരിക്കുകയായിരുന്നു. 1848-നോടടുത്ത് കീര്‍‌ക്കെഗാഡ്, യഥാര്‍ഥ ക്രൈസ്തവതയെ വിശദീകരിക്കാന്‍ ശ്രമിച്ച "ക്രൈസ്തവസഭയുടെ വഴികള്‍", "സ്വയം പരിശോധനക്ക്", "നിങ്ങള്‍തന്നെ വിധിക്കുക" എന്നീ കൃതികളിലൂടെ ഡെന്മാര്‍ക്കിലെ ഔദ്യോഗിക സഭക്കെതിരെ നിശിതമായ രചനാസമരം തുടങ്ങി.[31]

[തിരുത്തുക] ക്രൈസ്തവസഭകള്‍ക്കെതിരെ

കോപ്പന്‍ഹേഗനിലെ അസിസ്റ്റെന്‍സ് കീര്‍‌ക്കെഗാഡിലുള്ള കീര്‍‌ക്കെഗാഡിന്റെ ശവകുടീരം

അവസാന വര്‍ഷങ്ങളില്‍ കീര്‍‌ക്കെഗാഡ്, 'പിതൃഭൂമി' പത്രത്തിലെഴുതിയ ലേഖനങ്ങളും 'കണ്ണുചിമ്മല്‍' എന്നപേരില്‍ സ്വയം പ്രസിദ്ധീകരിച്ച ഒരു പരമ്പര ലഘുലേഖകളും വഴി ഡെന്മാര്‍ക്കിലെ ഔദ്യോഗിക ക്രൈസ്തവസഭയെ നിരന്തരം ആക്രമിച്ചു. ഈ ആക്രമണത്തിന്റെ തുടക്കത്തിന് പ്രേരണയായത്, ആയിടെ മരിച്ച മെത്രാന്‍ ജെക്കബ് മിന്‍സ്റ്ററെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിതനായ പ്രൊഫസര്‍ ഹാന്‍സ് ലാസ്സന്‍ മാര്‍ട്ടെന്‍സന്‍, "സത്യത്തിനുസാക്ഷി, സത്യത്തിന്റെ ഉറപ്പായ സാക്ഷികളിലൊരാള്‍" എന്ന് ഒരു പള്ളിപ്രസംഗത്തില്‍ വിശേഷിപ്പിച്ചതാണ്. [32]

മിന്‍സ്റ്ററെ ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സങ്കല്പത്തിലെ ക്രിസ്തുമതം ദൈവികവഴിക്കുപകരം മനുഷ്യതാത്പര്യങ്ങളുടെ വഴിയാണ് പിന്തുടരുന്നതെന്നും മിന്‍സ്റ്ററുടെ ജീവിതം ഒരുതരത്തിലും സത്യത്തിനു സാക്ഷ്യം വഹിക്കുന്ന ഒരാളുടേതുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നും കീര്‍‌ക്കെഗാഡ് കരുതി. 'കണ്ണുചിമ്മലിന്റെ' പത്താം ലക്കം പ്രസിദ്ധീകരിക്കാനാകുന്നതിനു മുന്‍പ്, കീര്‍‌ക്കെഗാഡ് വഴിയില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒരുമാസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞ കീര്‍‌ക്കെഗാഡ് ഒരു പുരോഹിതനില്‍ നിന്ന് കുര്‍ബ്ബാന സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഔദ്യോഗികസഭയുടെ പുരോഹിതന്‍ ദൈവികദാസനല്ല, ഉദ്യോഗസ്ഥനാണ് എന്നാണ് കീര്‍‌ക്കെഗാഡ്, ഒരു പുരോഹിതനും കുട്ടിക്കാലം മുതല്‍ക്കേയുള്ള സുഹൃത്തും ആയിരുന്ന എമില്‍ ബോസണോട് പറഞ്ഞത്. ആര്‍ക്കും അറിഞ്ഞുകൂടാത്ത വേദനയുടെ ജീവിതമായിരുന്നു തന്റേതെന്നും അത് അഹങ്കാരം നിറഞ്ഞതാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിരിക്കാമെങ്കിലും അങ്ങനെയായിരുന്നില്ലെന്നും താനുമായുള്ള സംഭാഷണങ്ങള്‍ രേഖപ്പെടുത്തിവച്ച ബോസണോട് കീര്‍‌ക്കെഗാഡ് പറഞ്ഞു.[33]

ഫ്രീഡ്രിച്ച് ആശുപത്രിയില്‍ ഒരു മാസത്തിലേറെ കഴിഞ്ഞതിനുശേഷം കീര്‍‌ക്കെഗാഡ് മരിച്ചു. കുട്ടിക്കാലത്ത് ഒരു മരത്തില്‍നിന്നു വീണതിന്റെ ഫലമായുണ്ടായ പരിക്കുകളാകാം മരണകാരണം എന്ന് പറയപ്പെടുന്നു. കോപ്പന്‍ഹേഗന്റെ നോറെബ്രോ ഭാഗത്തുള്ള അസിസ്റ്റെന്‍സ് കീര്‍‌ക്കെഗാഡിലാണ് കീര്‍‌ക്കെഗാഡിനെ സംസ്കരിച്ചത്. ജീവിച്ചിരുന്നപ്പോള്‍ ഔദ്യോഗികസഭയില്‍ നിന്ന് വിട്ടുപോവുകയും അതിനെ തള്ളിപ്പറയുകയും ചെയ്ത കീര്‍‌ക്കെഗാഡിന്റെ സംസ്കാരം ആ സഭ നടത്തുന്നത് ശരിയല്ല എന്ന് പ്രതിക്ഷേധിച്ച കീര്‍‌ക്കെഗാഡിന്റെ അനന്തിരവന്‍ ഹെന്റിക് ലന്‍ഡ് സംസ്കാരച്ചടങ്ങില്‍ ബഹളമുണ്ടാക്കി.[34] ലന്‍ഡിനെ പിന്നീട് ഇതിന്റെ പേരില്‍ പിഴയിട്ടു.

[തിരുത്തുക] ചിന്ത

"ഞാന്‍ ആകെ ശ്രദ്ധിച്ചത് ഏതാണ്ട് ഒരു കോമാളിയുടെ മട്ടുതോന്നിക്കുന്ന കീര്‍‌ക്കെഗാഡിന്റെ രൂപമാണ്. അപ്പോള്‍ അദ്ദേഹത്തിന് 23 വയസ്സുണ്ടായിരുന്നു. മൊത്തം രൂപത്തിലും പ്രത്യേകിച്ച് തലമുടിയിലും വിചിത്രമായ എന്തോ ഉണ്ടായിരുന്നു. ഏതാണ്ട് ആറിഞ്ചോളം നെറ്റിയില്‍ നിന്ന് ഉയര്‍ന്നുനിന്ന മുടി കീര്‍‌ക്കെഗാഡിന് വിചിത്രവും അമ്പരന്നിരിക്കുന്നതുപോലെയുള്ള ഒരു ഭാവം നല്‍കി." - 1836-ല്‍, സഹോദരന്‍ പീറ്റര്‍ കീര്‍‌ക്കെഗാഡിന്റെ വിവാഹസദ്യയില്‍ സോറന്‍ കീര്‍‌ക്കെഗാഡിനെ കണ്ടത് അനുസ്മരിച്ച് ഹാന്‍സ് ബ്രോക്ക്‌നെര്‍ പറഞ്ഞത്.[35] ചിത്രീകരണം: സോറന്‍ കീര്‍‌ക്കെഗാഡ് കാപ്പിക്കടയില്‍ ക്രിസ്റ്റ്യന്‍ ഒലാവിയസ് 1843-ല്‍ എണ്ണയില്‍ രചിച്ചത്

തത്ത്വചിന്തകന്‍, ദൈവശാസ്ത്രജ്ഞന്‍[36], അസ്തിത്വവാദത്തിന്റെ പ്രണേതാവ്[37], സാഹിത്യനിരൂപകന്‍[28], ഹാസ്യകാരന്‍[38], മനോവിജ്ഞാനി[39], കവി[40] എന്നൊക്കെ കീര്‍‌ക്കെഗാഡിനെ വിശേഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ രണ്ട് ആശയങ്ങള്‍ വ്യക്തിനിഷ്ഠത[41] വിശ്വാസത്തിന്റെ കുതിപ്പ് എന്നും അറിയപ്പെടുന്ന വിശ്വാസത്തിലേക്കുള്ള കുതിപ്പ് എന്നിവയാണ്.[42][1]

"വിശ്വാസത്തിന്റെ കുതിപ്പ്" ഒരാള്‍ എങ്ങനെ ദൈവത്തില്‍ വിശ്വസിക്കും അല്ലെങ്കില്‍ പ്രേമത്തോട് പ്രതികരിക്കും എന്നതിനക്കുറിച്ചുള്ള കീര്‍‌ക്കെഗാഡിന്റെ സങ്കല്പമാണ്. യുക്തിക്ക് അഗ്രാഹ്യമായ ഗൂഢതകലര്‍ന്ന ഈദൃശവിഷയങ്ങളിലെ തീരുമാനങ്ങള്‍ക്കടിസ്ഥനം യുക്തിയല്ല, വിശ്വാസമാണ്. അതിനാല്‍ വിശ്വാസമുണ്ടായിരിക്കുകയെന്നാല്‍ സംശയം ഉണ്ടായിരിക്കുക എന്നുകൂടി അര്‍ഥമുണ്ടെന്ന് കീര്‍‌ക്കെഗാഡ് കരുതി. ഒരാള്‍ക്ക് യഥാര്‍ഥമായ ദൈവവിശ്വാസമുണ്ടെങ്കില്‍ ദൈവമുണ്ടോ എന്നതില്‍ സംശയവും ഉണ്ടാകും. സംശയം വിശ്വാസിയുടെ ചിന്തയുടെ യുക്തിവശമാണ്, അതില്ലാത്ത വിശ്വാസം പൊള്ളയായിരിക്കും. വിശ്വാസത്തിന്റെ അടിസ്ഥാനഘടകമാണ് സംശയം, അതിന്റെ ആധാരങ്ങളിലൊന്ന്. ഒരിക്കലും സംശയം അനുഭവപ്പെടാത്തതരം വിശ്വാസം വിലയില്ലാത്തതാണ്. ഉദാഹരണത്തിന് ഒരു മേശയില്‍ നോക്കി അതിനെ സ്പര്‍ശിച്ചുനില്‍ക്കുന്ന ഒരാള്‍ക്ക് ആ മേശ ഉണ്ടെന്നറിയാന്‍ വിശ്വാസം ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുകയെന്നോ, ദൈവാസ്തിത്വം ബോദ്ധ്യമായിരിക്കുകയെന്നോ പറഞ്ഞാല്‍ ദൈവത്തെ അറിയാന്‍ ഉറപ്പായ വഴിയൊന്നുമില്ലെന്ന് അറിഞ്ഞ് ദൈവത്തില്‍ വിശ്വാസം വച്ചുപുലര്‍ത്തുകയെന്നാണ്. [43]

വ്യക്തിയുടെ സ്വയംബോധത്തിനും (self) കീര്‍‌ക്കെഗാഡ് വലിയ പ്രാധാന്യം കല്പിച്ചു. വ്യക്തി ലോകവുമായി ബന്ധപ്പെടുമ്പോള്‍ അടിസ്ഥാനമായി നില്‍ക്കുന്നത് അയാളുടെ ആത്മനിരീക്ഷണവും ആത്മപരിശോധനയുമാണ്. "തത്ത്വചിന്താശകലങ്ങളിലെ അശാസ്ത്രീയമായ ഉപസംഹാര-അടിക്കുറിപ്പില്‍ "വ്യക്തിനിഷ്ഠത സത്യവും സത്യം വ്യക്തിനിഷ്ഠവും" ആണെന്ന് കീര്‍‌ക്കെഗാഡ് എഴുതി. വസ്തുനിഷ്ഠമായ സത്യവും വസ്തുനിഷ്ഠസത്യത്തോട് ഒരാള്‍ വ്യക്തിനിഷ്ഠമായി ബന്ധപ്പെടുന്ന രീതിയും തമ്മിലുള്ള വ്യത്യാസമാണ് ഇതിനുകാരണം. ഒരാളുടെ നിലപാട് പ്രതിബദ്ധതയുടേതോ നിസ്സംഗതയുടേതോ ആകാം. ഒരേ കാര്യത്തില്‍ തന്നെ വിശ്വസിക്കുന്ന രണ്ടുപേര്‍ അതിനോട് പ്രതികരിക്കുന്നത് ഒരേവിധത്തിലാകണമെന്നില്ല. ഉദാഹരണത്തിന്, തങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ പലരും ദരിദ്രരും സഹായം ആവശ്യമുള്ളവരുമാണെന്ന് രണ്ടുപേര്‍ വിശ്വസിച്ചാലും അവരില്‍ ഒരാള്‍ മാത്രമേ ആവശ്യമുള്ള ആ സഹായം നല്‍കാന്‍ തയ്യാറുള്ളു എന്നു വരാം.

വ്യക്തിനിഷ്ഠതയുടെ കാര്യം കീര്‍‌ക്കെഗാഡ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത് മതത്തിന്റെ പശ്ചാത്തലത്തിലാണ്. സംശയം വിശ്വാസത്തിന്റെ അടിസ്ഥാനഘടകമാണെന്നും അതിനാല്‍ ദൈവാസ്തിത്വം, യേശുവിന്റെ ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട മതസിദ്ധാന്തങ്ങളുടെ കാര്യത്തില്‍ വസ്തുനിഷ്ഠമായ ഉറപ്പ് അസാദ്ധ്യമാണെന്നും കീര്‍‌ക്കെഗാഡ് കരുതി. പരമാവധി സാദ്ധ്യമായ ഉറപ്പ്, ക്രൈസ്തവസിദ്ധാന്തങ്ങള്‍ സത്യമായിരിക്കാനും സാധ്യതയുണ്ട് എന്നതാണ്. എന്നാല്‍ മതസിദ്ധാന്തങ്ങളെ അവ സത്യമായിരിക്കാന്‍ സാധ്യതയുള്ള അനുപാതത്തില്‍ മാത്രം വിശ്വസിക്കുന്നവന്റെ നിലപാട് യഥാര്‍ഥ മതാത്മകതയില്‍ നിന്ന് അകലെയാണ്. വിശ്വാസപ്രമാണങ്ങളോടുള്ള പരിപൂര്‍ണ്ണപ്രതിബദ്ധതയുമായുള്ള വ്യക്തിനിഷ്ഠബന്ധമാണ് വിശ്വാസത്തിന്റെ ഉള്ളടക്കം.[44]

[തിരുത്തുക] പരോക്ഷരചന

കീര്‍‌ക്കെഗാഡിന്റെ രചനകളില്‍ പകുതിയും വ്യത്യസ്തവീക്ഷണകോണുകളെ പ്രതിനിധാനം ചെയ്യുന്ന കപടനാമങ്ങളില്‍ എഴുതപ്പെട്ടവയാണ്. പരോക്ഷമായ ആശയവിനിമയം എന്ന കീര്‍‌ക്കെഗാഡിന്റെ സിദ്ധാന്തത്തിന്റെ ഭാഗമായിരുന്നു ഇത്. കീര്‍‌ക്കെഗാഡ് ഇങ്ങനെ എഴുതിയത്, തന്റെ രചനാസമുച്ചയം, കൃത്യമായ ഘടനയുള്ള ഒരു തത്ത്വചിന്താവ്യവസ്ഥയായി പരിഗണിക്കപ്പെടുന്നത് ഒഴിവാക്കാനാണെന്ന്, രചനകളിലേയും ഡയറിയിലേയും പല ഭാഗങ്ങളിലും കീര്‍‌ക്കെഗാഡ് പറയുന്നുണ്ട്. "ഒരെഴുത്തുകാരന്‍ എന്ന നിലയിലെ എന്റെ സൃഷ്ടികളിലെ വീക്ഷണഗതി" എന്ന രചനയില്‍ കീര്‍‌ക്കെഗാഡ് ഇങ്ങനെ എഴുതി.

പരോക്ഷരചനകളില്‍ എന്റേതെന്നു പറയാന്‍ ഒരു വാക്കുപോലുമില്ല. അവയെക്കുറിച്ച് മൂന്നാമതൊരാള്‍ എന്ന നിലക്കല്ലാതെ എനിക്കൊരഭിപ്രായവുമില്ല; അവയുടെ അര്‍ഥത്തെക്കുറിച്ച് ഒരു വായനക്കാരന്‍ എന്ന നിലക്കല്ലാതെ എനിക്കൊന്നുമറിയില്ല; അവയുമായി വിദൂരമായ സ്വകാര്യബന്ധം പോലും എനിക്കില്ല.[45]

രചനകളില്‍ താന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ കീര്‍‌ക്കെഗാഡ് യഥാര്‍ഥത്തില്‍ വിശ്വസിച്ചിരുന്നതായിരുന്നോ എന്ന തിരിച്ചറിവ് വായനക്കാരനു ദുഷ്കരമാക്കുകയായിരുന്നു പരോക്ഷരചനകളുടെ ലക്ഷ്യം. വായനക്കാരന്‍ കൃതികളെ മുഖവിലക്കെടുത്ത് വായിക്കുമെന്നും എഴുത്തുകാരന്റെ ജീവിതത്തിന്റെ ഏതെങ്കിലും വശവുമായി ബന്ധപ്പെടുത്തി അവയെ കാണുകയില്ലെന്നും കീര്‍‌ക്കെഗാഡ് പ്രതീക്ഷിച്ചു. തന്റെ കൃതികളെ ഒരു ആധികാരികവ്യവസ്ഥയായി കാണുന്നതിനുപകരം അവയുടെ വ്യാഖ്യാനത്തിന് വായനക്കാരന്‍ തന്നിലേക്കുതന്നെ നോക്കണമെന്ന് കീര്‍ക്കെഗാഡിന് നിര്‍ബന്ധമായിരുന്നു. തിയോഡോര്‍ അഡോര്‍ണോയെപ്പോലെയുള്ള ആദ്യകാല കീര്‍‌ക്കെഗാഡിയന്‍ പണ്ഡിതന്മാര്‍ കീര്‍‌ക്കെഗാഡിന്റെ ലക്ഷ്യത്തെ വിസ്മരിച്ച് അദ്ദേഹത്തിന്റെ രചനാസമുച്ചയത്തെ, രചയിതാവിന്റെ വ്യക്തിപരവും ധാര്‍മ്മികവുമായ നിലപാടുകളായി കണക്കെലെടുക്കണമെന്ന് വാദിച്ചു.[46] ഈ സമീപനം പലവിധം ചിന്താക്കുഴപ്പങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും കാരണമാവുകയും കീര്‍‌ക്കെഗാഡില്‍ പൂര്‍വാപരബന്ധമില്ല എന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.[47] എന്നാല്‍ ഉത്തരഘടനാവാദികളും മറ്റുമായ പില്‍ക്കാല പണ്ഡിതന്മാരില്‍ പലരും കീര്‍ക്കെഗാഡിന്റെ ലക്ഷ്യങ്ങളെ മാനിക്കുകയും പരോക്ഷരചനകളെ അവയുടെ കള്ളപ്പേരുകളോട് ബന്ധപ്പെടുത്തി പഠിക്കുകയും ചെയ്തു.

കീര്‍‌ക്കെഗാഡ് ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട കള്ളപ്പേരുകള്‍ അവയുടെ കാലക്രമത്തില്‍ താഴെപ്പറയുന്നവയാണ്.

  • വിക്ടര്‍ സന്യാസി - 'അതോ/ഇതോ' യുടെ സംശോധകന്‍
  • 'എ' - 'അതോ/ഇതോ'യിലെ പല ലേഖനങ്ങളുടേയും കര്‍ത്താവ്
  • ജഡ്ജി വില്യം - 'അതോ/ഇതോ'-യില്‍ 'എ'ക്ക് മറുപടി പറയുന്ന ആള്‍
  • നിശബ്ദയോഹന്നാന്‍ - "ഭീതിയും വിറയലും" എഴുതിയ ആള്‍
  • കോണ്‍സ്റ്റാന്റിന്‍ കോണ്‍സ്റ്റാന്റിയസ് - 'ആവര്‍ത്തനത്തിന്റെ' ആദ്യപകുതിയുടെ കര്‍ത്താവ്
  • ചെറുപ്പക്കാരന്‍ - 'ആവര്‍ത്തനത്തിന്റെ' രണ്ടാം ഭാഗത്തിന്റെ കര്‍ത്താവ്
  • വിജിലിയസ് ഹൗഫ്നിയന്‍സിസ് - 'ആശങ്കാസങ്കല്പം' എന്ന രചനയുടെ കര്‍ത്താവ്
  • നിക്കോളാസ് നോട്ടാബീന്‍ - 'അവതാരികകളുടെ' കര്‍ത്താവ്
  • ഹിലാരിയസ് ബുക്ക്‌ബൈന്‍ഡര്‍ - "ജീവിതവീഥിയിലെ ഘട്ടങ്ങള്‍" എഴുതിയ ആള്‍
  • ഗോവണിക്കാരന്‍ യോഹന്നാന്‍[ഗ] - "തത്ത്വചിന്താശകലങ്ങളിലെ അശാസ്ത്രീയമായ ഉപസംഹാര-അടിക്കുറിപ്പിന്റെ" കര്‍ത്താവ്
  • ഇന്റര്‍ എറ്റ് ഇന്റര്‍ - "പ്രതിസന്ധിയും ഒരു നടിയുടെ ജീവിതത്തിലെ പ്രതിസന്ധിയും" എന്ന രചനയുടെ കര്‍ത്താവ്
  • എച്ച്. എച്ച്. - "രണ്ട് സദാചാര-ധാര്‍മ്മിക പ്രബന്ധങ്ങള്‍" എഴുതിയ ആള്‍
  • പ്രതി-ഗോവണിക്കാരന്‍ - 'മാരകരോഗം' "പ്രായോഗിക ക്രിസ്തുമതം" എന്നിവയുടെ കര്‍ത്താവ്

[തിരുത്തുക] ഡയറി

1938-ല്‍ അലക്സാണ്ടര്‍ ഡ്രൂ സംശോധന നടത്തി പ്രസിദ്ധീകരിച്ച കീര്‍‌ക്കെഗാഡിന്റെ ഡയറിക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷയുടെ പുറംചട്ട.

കീര്‍‌ക്കെഗാഡിനെയും അദ്ദേഹത്തിന്റെ രചനകളേയും മനസ്സിലാക്കാന്‍ കീര്‍‌ക്കെഗാഡിന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. [48] ശ്രദ്ധേയമായ സംഭവങ്ങളും ആത്മനിവേദനങ്ങളും സ്വന്തം രചനയെക്കുറിച്ചം ദൈനംദിനകാര്യങ്ങളേക്കുറിച്ചും മറ്റുമുള്ള ചിന്തകളും എല്ലാമായി ഏഴായിരത്തോളം പുറങ്ങള്‍ കീര്‍ക്കെഗാഡ് ഡയറിയില്‍ എഴുതി. ഡാനിഷ് ഭാഷയിലുള്ള ഡയറിയുടെ പൂര്‍ണ്ണരൂപം 25 പുസ്തകങ്ങളടങ്ങിയ 13 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ആദ്യത്തെ ഇംഗ്ലീഷ് പതിപ്പ് 1938-ല്‍ അലക്സാണ്ഡര്‍ ഡ്രൂ ആണ് പ്രസിദ്ധീകരിച്ചത്.[11] ഡയറികള്‍ കീര്‍ക്കെഗാഡിന്റേയും അദ്ദേഹത്തിന്റെ രചനകളുടേയും പലവശങ്ങളിലേക്കും വെളിച്ചം‌വീശുകയും അദ്ദേഹത്തിന്റെ പല ആശയങ്ങള്‍ക്കും വ്യക്തത നല്‍കുകയും ചെയ്യുന്നു. ഡയറിയിലെ ശൈലി കീര്‍ക്കെഗാഡിന്റെ രചനകളിലെല്ലാം വച്ച് സുന്ദരവും കാവ്യാത്മകവുമാണ്. കീര്‍‌ക്കെഗാഡ് ഡയറിയെ ഗൗരവമായെടുക്കുകയും അവ തന്റെ ഏറ്റവും അടുത്ത വിശ്വസ്തരാണെന്ന് പറയുകയും ചെയ്തു.

ഞാന്‍ ആര്‍ക്കും ഉള്ളുതുറന്നിട്ടില്ല. എഴുത്തുകാരനെന്നനിലയില്‍, ഒരര്‍ഥത്തില്‍ ഞാന്‍ പൊതുജനത്തെ വിശ്വാസത്തിലെടുത്തു. എന്നാല്‍ പൊതുജനവുമായുള്ള എന്റെ ബന്ധത്തിന്റെ കാര്യത്തില്‍ വരും‌കാലങ്ങളെയാണ് എനിക്ക് വിശ്വാസത്തിലെടുക്കാവുന്നത്. ഒരാളെ പരിഹസിച്ച് ചിരിക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ തന്നെ അയാളുടെ വിശ്വസ്തരായിരിക്കുക അസാദ്ധ്യമാണ്.[11]

കീര്‍‌ക്കെഗാഡിന്റേതായി അറിയപ്പെടുന്ന പല മഹത്‌വചനങ്ങളുടേയും ഉറവിടം ഡയറിയാണ്. കീര്‍‌ക്കെഗാഡിന്റെ ഡയറികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വാക്യം അസ്തിത്വവാദപഠനങ്ങളിലെ അടിസ്ഥാന ഉദ്ധരണികളില്‍ ഒന്നാണ്: "എന്നെ സംബന്ധിച്ചടുത്തോളം സത്യമായ സത്യം - എനിക്ക് വിശ്വസിച്ച് ജീവിക്കാനും മരിക്കാനും പറ്റിയ ഒരാശയം - കണ്ടെത്തുകയെന്നതാണ് പ്രധാനകാര്യം ." 1835 ഓഗസ്റ്റ് ഒന്നാം തിയതി എഴുതിയതാണിത്.[11] ഡയറിക്കുറിപ്പുകള്‍ കീര്‍ക്കെഗാഡിന്റെ ജീവിതത്തിന്റെ ചിലവശങ്ങള്‍ക്ക് വ്യക്തതപകരുമെങ്കിലും ഏറെയൊന്നും വെളിപ്പെടുത്താതിരിക്കാന്‍ കീര്‍ക്കെഗാഡ് ശ്രദ്ധിച്ചു. ഉദ്ദേശിച്ചിരിക്കാത്തപ്പോഴുള്ള ചിന്താപരിണാമങ്ങള്‍, എഴുത്തിലെ ആവര്‍ത്തനങ്ങള്‍, വിചിത്രശൈലികള്‍ മുതലായവ വായനക്കാരെ വഴിതെറ്റിക്കാന്‍ കീര്‍‌ക്കെഗാഡ് ഉപയോഗിച്ച തന്ത്രങ്ങളില്‍ ചിലതാണ്. അതിനാല്‍ ഡയറികള്‍ക്ക് പല വ്യാഖ്യാനങ്ങളും നിലവില്‍ വന്നിരിക്കുന്നു. ഏന്നാലും, ഭാവിയില്‍ ഡയറിക്ക് സിദ്ധിക്കാന്‍ പോകുന്ന പ്രാധാന്യത്തെക്കുറിച്ച് കീര്‍‌ക്കെഗാഡിന് സംശയം ഒട്ടുമില്ലായിരുന്നു. 1849-ല്‍ അദ്ദേഹം ഇങ്ങനെ എഴുതി:

ഡെന്മാര്‍ക്കിലെ സാഹചര്യങ്ങളുടെമേല്‍ നിയന്ത്രണം കൈവരിക്കാന്‍ ഒരു പരേതാത്മാവിന് മാത്രമേ കഴിയൂ. തോന്നിയവാസം, അസൂയ, കുശുകുശുപ്പ്, കഴിവുകേട് തുടങ്ങിയവ എല്ലായിടവും അടങ്ങിവാഴുന്നു. ഇപ്പോള്‍ ഞാന്‍ മരിക്കുമെന്നായാല്‍ എന്റെ ജീവിതത്തിന്റെ ഫലം അസാധാരണമായിരിക്കും. അശ്രദ്ധമായി ഞാന്‍ ഡയറിയില്‍ കോറിയിട്ടതില്‍ പലതും വളരെ പ്രാധാന്യം നേടി ഏറെ ഫലപ്രദമാവും. കാരണം അപ്പോള്‍ ആളുകള്‍ എന്നെ സഹിക്കാന്‍ ശീലിക്കുകയും അന്നും ഇന്നും എനിക്കര്‍ഹതപ്പെട്ടിരുന്നത് വകവച്ചുതരുകയും ചെയ്യും.[11]

[തിരുത്തുക] കീര്‍‌ക്കെഗാഡും ക്രിസ്തുമതവും

കോപ്പന്‍ഹേഗനിലെ മാര്‍ബിള്‍ പള്ളി - അവസാനവര്‍ഷങ്ങളില്‍ കീര്‍‌ക്കെഗാഡ് സ്ഥാപനവല്‍കൃതമായ ക്രൈസ്തവസഭയെ നിരന്തരം ആക്രമിച്ചു. രാഷ്ട്രീയാധികാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഔദ്യോഗികസഭ വ്യക്തികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് അദ്ദേഹം കരുതി.

ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍, രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിതക്രിസ്തുമതത്തെ കീര്‍‌ക്കെഗാഡ് നിരന്തരം ആക്രമിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പൗരത്വമുള്ള എല്ലാ ഡെന്മാര്‍ക്കുകാര്‍ക്കും അവിടത്തെ ഔദ്യോഗികസഭയില്‍ അംഗങ്ങളാകേണ്ടിയിരുന്നു. രാഷ്ട്രീയാധികാരവും സഭയും തമ്മിലുള്ള ഈ ഒത്തുചേരല്‍ അസ്വീകാര്യവും ക്രിസ്തീയതയുടെ അര്‍ഥത്തെ വികലമാക്കുന്നതുമാണെന്ന് കീര്‍‌ക്കെഗാഡ് കരുതി.[32] കീര്‍ക്കെഗാഡിന്റെ വിമര്‍ശനത്തിലെ പ്രധാന വാദങ്ങള്‍ ഇവയായിരുന്നു.

  • സഭാസമ്മേളനങ്ങള്‍ അര്‍ഥമില്ലാത്തവയാണ്: ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും മുന്‍കൈ ഏടുക്കുന്നതില്‍ നിന്ന് വ്യക്തികളെ തടയുന്നതുകൊണ്ട് സഭാസമ്മേളനങ്ങള്‍ അവരെ എന്നും കുട്ടികളായി നിലനിര്‍ത്തുന്നു. "നാം കാണുന്ന ഓരോ വ്യക്തിയും, ഒറ്റക്കുനില്‍ക്കുന്ന വ്യക്തി, ആണ് ക്രിസ്തുമതം" എന്നു കീര്‍‌ക്കെഗാഡ് വാദിച്ചു.[49]
  • ക്രിസ്തുമതം ലോകവ്യഗ്രവും രാഷ്ട്രീയവല്‍കൃതവുമായി: സഭയെ നിയന്ത്രിക്കുന്നത് സര്‍ക്കാരായതുകൊണ്ട്, ഉദ്യോഗസ്ഥവൃന്ദത്തിന്റെ ദൗത്യം അംഗസംഖ്യ കൂട്ടി സ്വന്തം താത്പര്യം സം‌രക്ഷിക്കുകയെന്നതായി. കൂടുതല്‍ അംഗത്വം പൗരോഹിത്യത്തിന് കൂടുതല്‍ അധികാരം കൊടുക്കുന്നു. ഇത് അഴിമതിമണക്കുന്ന ഒരേര്‍പ്പാടാണ്. ഈ ദൗത്യം സമൂഹത്തെ എന്നതിന് പകരം ഓരോ വ്യക്തിയേയും ലക്ഷ്യമാക്കിയ ക്രിസ്തുമതത്തിന്റെ അടിസ്ഥാനപഠനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. [11]
  • ക്രിസ്തുമതത്തിന്റെ ധാര്‍മ്മികത പൊള്ളയായിരിക്കുന്നു: സഭാ-രാഷ്ട്ര കൂട്ടായ്‌മയില്‍, ക്രിസ്തീയതയുടെ അര്‍ഥമറിയാതെ ആര്‍ക്കും 'ക്രിസ്ത്യാനി' ആകാമെന്നതിനാല്‍ അത്‍ വ്യക്തികള്‍ക്ക് വെറുപ്പുളവാക്കേണ്ടതും ഹാനികരവുമാണ്. ക്രിസ്തുമതത്തെ വിശ്വാസമില്ലാത്ത 'വിശ്വാസികള്‍' കൊണ്ടുനടക്കുന്ന ഏതോ പാരമ്പര്യം മാത്രമായി തരംതാഴ്ത്തുന്നതുകൊണ്ട് അത് സഭക്കും ഹാനികരമാണ്. ഒരുവിധത്തില്‍ നോക്കിയാല്‍, കന്നുകാലിക്കുട്ടത്തിന്റെ മനസ്ഥിതിയെ(herd mentality) ആണ് അത് അനുസ്മരിപ്പിക്കുന്നത്. കീര്‍‌ക്കെഗാഡ് ഇങ്ങനെ എഴുതി:-
സഭ സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാണെങ്കില്‍ അത് എല്ലാവിധത്തിലും നല്ലതുതന്നെ. എനിക്ക് ആ സ്ഥിതിയോട് പൂര്‍ണ്ണമായും യോജിച്ചുപോകാന്‍ പറ്റും. പക്ഷേ സഭയെ സ്വതന്ത്രമാക്കുന്നതിനെക്കുറിച്ച് എന്റെ ചോദ്യം ഇതാണ്: എങ്ങനെ, ഏതുമാര്‍ഗ്ഗമുപയോഗിച്ച് സ്വതന്ത്രമാക്കും? ഒരു മതപ്രസ്ഥാനത്തെ മതാത്മകതയോടെ വേണം സേവിക്കാന്‍; അല്ലെങ്കില്‍ അതൊരു പ്രഹസനമാകും. അതിനാല്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം രക്തസാക്ഷിത്വമാണ്. രക്തസാക്ഷിത്വം രക്തപങ്കിലമോ അല്ലാത്തതോ ആകാം. മോചനദ്രവ്യം ആത്മീയമനോഭാവമാണ്. എന്നാല്‍ സഭയെ മതേതരവും ലൗകികവും ആയ മാര്‍ഗ്ഗങ്ങളിലൂടെ, രക്തസാക്ഷിത്വമില്ലാതെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, സഹിഷ്ണുതയുടെ ഒരു പുതിയ സങ്കല്പം അവതരിപ്പിച്ചിരിക്കുന്നു. സഹിഷ്ണുതയെ നിസ്സംഗതക്ക് സമമാക്കുന്ന ആ സങ്കല്പം ലോകത്തിന് നിരക്കുന്നതാണ്; എന്നാല്‍ അത് ക്രിസ്തുമതത്തിനെതിരെയുള്ള വലിയ പാതകമാണ്. വ്യവസ്ഥാപിതസഭയുടെ സിദ്ധാന്തങ്ങളും സംഘടനാക്രമവും ഒക്കെ തീര്‍ച്ചയായും വളരെ നല്ലതാണ്. പക്ഷേ നമ്മുടെ ജീവിതത്തെക്കുറിച്ച് ഓര്‍ത്തുനോക്കുക. അതിന്റെ കാര്യം കഷ്ടം തന്നെയാണ്.[11]

ക്രൈസ്തവസഭകളുടെ കഴിവുകേടും അഴിമതിയും വിമര്‍ശിച്ച കീര്‍‌ക്കെഗാഡ് ക്രിസ്തുമതത്തെതന്നെ വിമര്‍ശിച്ച പില്‍ക്കാലചിന്തകന്മാരായ നീഷേയെപ്പോലെയുള്ളവരുടെ വിമര്‍ശനത്തിലെ വാദങ്ങളെ മുന്‍കൂട്ടിക്കണ്ടതായി തോന്നും.[50]

ഞാന്‍ ചോദിക്കട്ടെ: പുതിയനിയമത്തിലെ ആശയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമായെന്നിരിക്കെ, എല്ലാം നന്നായി പോകുന്നുവെന്നും, നാം പുതിയനിയമത്തെ പിന്തുടരുന്ന ക്രിസ്ത്യാനികളാണെന്നും ഭാവിച്ച് ജീവിക്കുന്നതിന്റെ അര്‍ഥമെന്താണ്? ഈ സ്ഥിതിവിശേഷത്തിന്റെ പ്രകടമാകുന്ന കണക്കറ്റ അസന്തുലനം പലരും കണ്ടറിഞ്ഞിരിക്കുന്നു. അതിന് ഒരു പുതിയ വിശദീകരണം കൊടുക്കാനാണ് അവര്‍ക്കിഷ്ടം: "മനുഷ്യവംശം ക്രിസ്തുമതത്തിനപ്പുറം വളര്‍ന്നിരിക്കുന്നു".[11]

[തിരുത്തുക] വിമര്‍ശനം

രചനയിലേര്‍പ്പെട്ടിരിക്കുന്ന കീര്‍‌ക്കെഗാഡ്, ലപ്‌ലാവ് ജാന്‍സന്‍ വരച്ച ചിത്രം

ഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്തകന്മാരില്‍ തിയോഡോര്‍ അഡോര്‍ണോയും എമ്മാനുവേള്‍ ലെവിനാസും കീര്‍‌ക്കെഗാഡിന്റെ വിമര്‍ശകരെന്ന നിലയില്‍ പ്രശസ്തരാണ്. നിരീശ്വരദാര്‍ശനികനായ ജീന്‍ പോള്‍ സാര്‍ത്രെയേയും അജ്ഞേയവാദിയായ മാര്‍ട്ടിന്‍ ഹൈഡഗറിനേയും പോലുള്ളവര്‍ കീര്‍‌ക്കെഗാഡിന്റെ തത്ത്വചിന്തയെ പിന്തുണക്കുകയും ദൈവശാസ്ത്രത്തെ തള്ളിക്കളയുകയും ചെയ്തു.[51][52]

അഡോര്‍ണ്ണൊയുടെ കീര്‍‌ക്കെഗാഡ് വിമര്‍ശനം കീര്‍‌ക്കെഗാഡിന്റെ മൗലികലക്ഷ്യങ്ങളോട് നേരുകാട്ടിയില്ല. കീര്‍‌ക്കെഗാഡിന്റെ പരോക്ഷരചനകളെ അക്ഷരാര്‍ഥത്തിലെടുത്ത് ഒരു തത്ത്വചിന്താസമ്പ്രദായം സങ്കല്പിച്ചെടുക്കുന്ന അഡോര്‍ണ്ണൊയുടെ "കീര്‍‌ക്കെഗാഡിന്റെ സൗന്ദര്യശാസ്ത്രനിര്‍‍മ്മിതി" എന്ന കൃതി, കീര്‍‌ക്കെഗാഡിനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും ഉത്തരവാദിത്വരഹിതമായ രചനയാണെന്ന് ഒരു വിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് കീര്‍‌ക്കെഗാഡിന്റെ ചിന്തയെ പൂര്‍വാപരവിരുദ്ധവും, അര്‍ഥരഹിതവുമാക്കുന്നു. ഒഥല്ലോയെ വില്യം ഷേക്സ്പിയറും ആയും റസ്കോള്‍നിക്കോവിനെ ഡോസ്റ്റൊയ്‌വ്സ്കിയും ആയും കൂട്ടിക്കുഴക്കുന്നതുപോലെയാണിത്. [53]"കീര്‍‌ക്കെഗാഡിന്റെ രചനാസമുച്ചയത്തിന്റെ ഇന്ന് ലഭ്യമായ കൂടുതല്‍ വിശ്വസനീയരായ മറ്റു പരിഭാഷകളിലും വ്യാഖ്യാനങ്ങളിലും നിന്ന് അഡോര്‍ണ്ണൊ ഏറെ അകലെയണെന്ന്" മറ്റൊരു നിരൂപകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.[47]

ലെവീനാസിന്റെ എതിര്‍പ്പ് പ്രധാന ലക്ഷ്യമാക്കിയത്, മുഖ്യമായും "ഭയവും വിറയലും" എന്ന രചനയില്‍ പ്രകടമാകുന്ന കീര്‍ക്കെഗാഡിന്റെ സന്മാര്‍ഗ്ഗ-ധാര്‍മ്മിക നിലപാടുകളെയാണ്. "വിശ്വാസത്തിന്റെ കുതിപ്പിനെ" ലെവിനാസ് വിമര്‍ശിച്ചു. സന്മാര്‍ഗ്ഗികതയെ ഉപേക്ഷിച്ച് ധാര്‍മ്മികതയിലേക്കുള്ള ഈ കുതിപ്പ് ഒരുതരം ഹിംസ ആണെന്നായിരുന്നു അദ്ദേഹം വാദിച്ചത്.

കീര്‍‌ക്കെഗാഡ് ഹിംസ തുടങ്ങുന്നത് വിശ്വാസത്തിന്റെ മേഖലയായ മതാവസ്ഥയിലേക്ക് കടക്കാനായി സന്മാര്‍ഗ്ഗികതയെ ഉപേക്ഷിക്കാന്‍ ഉണ്മക്കെതിരെ ബലം പ്രയോഗിക്കുമ്പോഴാണ്. ആ വിശ്വാസമാണെങ്കില്‍ അതിനുബാഹ്യമായ ഒരു നീതീകരണവും അന്വേഷിക്കുന്നില്ല. ആന്തരികമായിപ്പോലും അതില്‍ ആശയവിനിമയവും ഒറ്റപ്പെടലും ചേര്‍ന്നിരിക്കുന്നു. അത് ഹിംസയുടേയും ഉദ്വേഗത്തിന്റേയും ചേര്‍ച്ചയാണ്. സന്മാര്‍ഗ്ഗികതയെ രണ്ടാം സ്ഥാനത്തേക്കു തള്ളിയും ഉണ്മയുടെ സന്മാര്‍ഗ്ഗിക അടിത്തറയെ പുച്ഛിച്ചുമുള്ള ആ തുടക്കത്തില്‍ നിന്നാണ് ആധുനിക തത്ത്വചിന്തയില്‍ നീച്ചയിലൂടെ സന്മാര്‍ഗ്ഗനിരപേക്ഷത കടന്നുവന്നത്.[54]

അബ്രാഹമിനോട് ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് ദൈവവും ബലി നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ദൈവദൂതനും ആയിരുന്നെന്ന യഹൂദ-ക്രൈസ്തവ ധാരണയെ ലെവീനാസ് പരാമര്‍ശിക്കുന്നുണ്ട്. അബ്രാഹം യഥാര്‍ഥത്തില്‍ മതമേഖലയില്‍ ആയിരുന്നെങ്കില്‍ ദൈവദൂതന്റെ കല്പന അവഗണിച്ച് ഇസഹാക്കിനെ കൊല്ലുമായിരുന്നു. "സന്മാര്‍ഗ്ഗികതയെ മറികടക്കുക" എന്നത് കൊലപാതകികളുടെ പാതകത്തെ നീതീകരിക്കാനുള്ള പഴുതാണെന്ന് തോന്നും. അത് അസ്വീകാര്യമാണ്.[55]

ഭയവും വിറയലും എന്ന രചനയില്‍ കീര്‍ക്കെഗാഡ് നല്‍കിയ വിശകലനത്തില്‍ വ്യക്തമായതുപോലെ ഇസഹാക്കിനെ ബലികഴിക്കേണ്ടി വരുമെന്നായപ്പോള്‍ അബ്രാഹം ആകാംക്ഷയിലൂടെ കടന്നുപോയിരിക്കാം എന്ന് സാര്‍ത്രെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ദൈവം അബ്രാഹമിനോട് ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ പറഞ്ഞുവെന്ന് സാര്‍ത്രെ കരുതുന്നില്ല. "അസ്തിത്വവാദം മാനവികതയാണ്" എന്ന പ്രഭാഷണത്തില്‍ ജീന്‍ പോള്‍ സാര്‍ത്രെ|സാര്‍ത്രെ ഇങ്ങനെ പറഞ്ഞു:

"എല്ലാവരും ഇത് ചെയ്യാന്‍ പോകുന്നില്ല" എന്നു സ്വയം സമാശ്വസിപ്പിച്ചുകൊണ്ട് നുണപറയുന്നവന്റെ മനസ്സാക്ഷി ചഞ്ചലമായിരിക്കും. അവന്റെ 'വേഷംകെട്ടലില്‍' അവന്റെ വേദന പ്രകടമാകുന്നു. അബ്രാഹത്തിന്റെ വേദനയായി കീര്‍‌ക്കെഗാഡ് വിശേഷിപ്പിച്ചതും ഇത്തരം വേദനയാണ്. കഥ നിങ്ങള്‍ക്കറിയാം: ഒരു ദൈവദൂതന്‍ അബ്രാഹമിനോട് പുത്രനെ ബലി കല്പിക്കുവാന്‍ കല്പിക്കുന്നു. അനുസരണം കടമയായിരുന്നു. "അബ്രാഹമേ, നീ ഒരു ബലി അര്‍പ്പിക്കണം എന്നു കല്പിച്ചത് ദൈവദൂതനായിരുന്നെങ്കില്‍, ഇത്തരം സാഹചര്യത്തില്‍ പെടുന്നവരെല്ലാം ആദ്യം അത് ദൈവദൂതന്‍ തന്നെ ആയിരുന്നോ എന്നും രണ്ടാമത് ഇത് ഞാന്‍ തന്നെയണോ എന്നും അത്ഭുതം കൂറും. എവിടെയാണ് തെളിവുകള്‍? ചിത്തഭ്രമം ബാധിച്ച ഒരു സ്ത്രീ ആളുകള്‍ തനിക്ക് ഫോണ്‍ ചെയ്ത് ആജ്ഞകള്‍ കൊടുക്കുകയാണെന്ന് അവകാശപ്പെട്ടു. "ആരാണ് നിന്നോട് സംസാരിക്കുന്നത്" എന്നു ഡോക്ടര്‍ ചോദിച്ചപ്പോള്‍ " ദൈവമാണെന്നാണ് അവന്‍ അവകാശപ്പെടുന്നത്" എന്നായിരുന്നു അവരുടെ മറുപടി. അത് യഥാര്‍ഥത്തില്‍ ദൈവം തന്നെയായിരുന്നെന്ന് എങ്ങനെയാണ് അവള്‍ക്ക് ബോദ്ധ്യമാകുന്നത്? ഒരു മാലാഖ എന്നോട് സംസാരിച്ചാല്‍ അത് മാലാഖ തന്നെയാണെന്നതിന് തെളിവെന്താണ്? ഞാന്‍ അശരീരികള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അത് സ്വര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് വരുന്നതെന്നും നരകത്തില്‍ നിന്നോ എന്റെ അപബോധമനസ്സില്‍ നിന്നോ രോഗാവസ്ഥയില്‍ നിന്നോ അല്ലെന്നും എങ്ങനെ പറയാനാകും? അത് എന്നെ ഉദ്ദേശിച്ചുള്ളത് തന്നെയാണന്ന് ആര്‍ക്കാണ് തെളിയിക്കാനാവുക?[51]

കീര്‍‌ക്കെഗാഡിന്റെ അഭിപ്രായത്തില്‍ അബ്രാഹമിന്റെ ഉറപ്പിന് അടിസ്ഥാനമായിരുന്നത് മറ്റൊരാള്‍ക്ക് ബോദ്ധ്യമാക്കിക്കൊടുക്കാന്‍ സാധ്യമല്ലാത്ത ആന്തരികനിമന്ത്രണമാണ്. അബ്രാഹം തന്നെ മറ്റുള്ളവര്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത്. കീര്‍‌ക്കെഗാഡിനെ സംബന്ധിച്ചടുത്തോളം എല്ലാ ബാഹ്യതെളിവുകളും നീതീകരണങ്ങളും പുറത്തുനില്‍ക്കുന്നതും വിഷയബാഹ്യവുമാണ്.[56] ഉദാഹരണത്തിന് ആത്മാവിന്റെ അമര്‍ത്ത്യതക്ക് കീര്‍‌ക്കെഗാഡ് കാണുന്ന തെളിവ്, മനുഷ്യര്‍ നിത്യമായി ജീവിക്കുവാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതാണ്.

[തിരുത്തുക] സ്വാധീനം, സ്വീകരണം

കോപ്പന്‍ഹേഗനിലുള്ള സോറന്‍ കീര്‍‌ക്കെഗാഡിന്റെ പ്രതിമ.

കീര്‍‌ക്കെഗാഡ് മരിച്ച് വളരെ വര്‍ഷങ്ങള്‍ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ കൃതികള്‍ വ്യാപകമായി ലഭ്യമായിരുന്നില്ല. മരണത്തെ തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ഡെന്മാര്‍ക്കിലെ ഒരു പ്രധാന സ്ഥാപനമായിരുന്ന അവിടത്തെ ഔദ്യോഗിക സഭ ആ കൃതികളില്‍ നിന്ന് അകലം പാലിക്കുകയും അങ്ങനെ ചെയ്യാന്‍ ഡെന്മാര്‍ക്കിലെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ജര്‍മ്മന്‍, ഫ്രെഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുമായുള്ള താരതമ്യത്തില്‍ ഡാനിഷ് ഭാഷക്ക് പ്രചാരം കുറവായിരുന്നതും ഡെന്മാര്‍ക്കിന് പുറത്തുള്ള ആ കൃതികളുടെ പ്രചാരം തടഞ്ഞു.

അക്കാഡമിക്കുകളുടെ ഇടയില്‍ നിന്ന് കീര്‍‌ക്കെഗാഡിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധക്ഷണിച്ച ആദ്യത്തെയാള്‍ ഡന്മാര്‍ക്കുകാരനെങ്കിലും ഡാനിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ എഴുതിയിരുന്ന ജോര്‍ജ്ജ് ബ്രാന്‍ഡ്സ് ആയിരുന്നു. കീര്‍ക്കെഗാഡിനെക്കുറിച്ചുള്ള ആദ്യത്തെ ഔപചാരിക പ്രഭാഷണം നടത്തിയത് ബ്രാന്‍ഡ്സ് ആണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളുടെ ശ്രദ്ധ കീര്‍‌ക്കെഗാഡിലേക്കാകര്‍ഷിക്കാന്‍ ഇടവരുത്തിയത് അദ്ദേഹമാണ്.[57] 1877-ല്‍ ബ്രാന്‍ഡ്സ് കീര്‍‌ക്കെഗാഡിന്റെ തത്ത്വചിന്തയെയും ജീവിതത്തെയും കുറിച്ചുള്ള ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. ക്രമേണ നാടകകൃത്ത് ഇബ്സന്‍ കീര്‍‌ക്കെഗാഡില്‍ തല്പരനാവുകയും മറ്റു സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. 1870-ല്‍ തന്നെ കീര്‍‌ക്കെഗാഡിന്റെ രചനകളില്‍ ചിലതിന്റെ ഭാഗിക ജര്‍മ്മന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ മുഴുവന്‍ കൃതികളുടെയായുള്ള അക്കാഡമിക് പരിഭാഷകള്‍ക്ക് 1910 വരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് സാഹിത്യങ്ങളുടെമേല്‍ കീര്‍‌ക്കെഗാഡിന് വലിയ സ്വാധീനം ഉണ്ടാകാന്‍ ഈ പരിഭാഷകള്‍ കാരണമായി.

1930-കളില്‍ ഒക്സ്ഫോര്‍ഡ് സര്‍വകലാശാല മുദ്രണാലയത്തിലെ ചാള്‍സ് വില്യംസിന്റെ [1]സംശോധയില്‍ അലക്സാണ്ഡര്‍ ഡ്രൂ, ഡേവിഡ് എഫ് സ്വെന്‍സണ്‍, ഡഗ്ലസ് വി. സ്റ്റീരെ, വാള്‍ട്ടര്‍ ലൗറി മുതലായവര്‍ നടത്തിയ ആദ്യത്തെ അക്കാഡമിക് ഇംഗ്ലീഷ് പരിഭാഷകള്‍[58]പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടാമത്തേയും ഇന്ന് വ്യാപകമായി പ്രചാരത്തിലിരിക്കുന്നവയുമായ ഇംഗ്ലീഷ് പരിഭാഷകള്‍ ഹോവാര്‍ഡ് വി. ഹോങ്ങിന്റേയും എഡ്നാ ഹോങ്ങിന്റേയും മേല്‍നോട്ടത്തില്‍ 1970, 80, 90-കളില്‍ പ്രിന്‍സ്റ്റന്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചതാണ്. കീര്‍‌ക്കെഗാഡ് ഗവേഷണകേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ 55 വാല്യങ്ങളായുള്ള മൂന്നാമത്തെ ഒരു ഔദ്യോഗിക പരിഭാഷ 2009-ന് ശേഷം പ്രസിദ്ധീകരിക്കപ്പെടാനിരിക്കുന്നു. [59]

ദൈവവിശ്വാസികളും നാസ്തികരുമടക്കം ഇരുപതാം നൂറ്റാണ്ടിലെ പല ചിന്തകന്മാരും ദൈവശാസ്ത്രജ്ഞന്മാരും കീര്‍‌ക്കെഗാഡിന്റെ ചിന്തയിലെ ഭീതി(angst), നിരാശ, വ്യക്തിയുടെ പ്രാധാന്യം തുടങ്ങിയ സങ്കല്പങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. 1930-കളില്‍ വികസിച്ചുകൊണ്ടിരുന്ന അസ്തിത്വചിന്തയുടെ പ്രണേതാക്കള്‍ അവരുടെ മുന്‍ഗാമികളില്‍ ഒരാളായി കീര്‍‌ക്കെഗാഡിനെ കണക്കാക്കിയതിനാല്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഏറെ വളര്‍ന്നു. ഇന്ന് കീര്‍‌ക്കെഗാഡ് സ്വന്തം നിലയില്‍ തന്നെ ഏറെ പ്രാധാന്യവും സ്വാധീനവും ഉള്ള ഒരു ചിന്തകനായി കണക്കാക്കപ്പെടുന്നു.[60] ലൂഥറന്‍ സഭയിലെ വിശുദ്ധന്മാരുടെ കലണ്ടറില്‍ ഒരു ഗുരുവെന്ന നിലയില്‍ അനുസ്മരിക്കപ്പെടേണ്ടവനായി കീര്‍‌ക്കെഗാഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കീര്‍‌ക്കെഗാഡിന്റെ ചിന്തയുടെ സ്വാധീനത്തില്‍ വന്ന തത്ത്വചിന്തകന്മാരും ദൈവശാസ്ത്രജ്ഞന്മാരും ഏറെയുണ്ട്. ഹാന്‍ ഉര്‍സ് വോണ്‍ ബല്‍ത്താസര്‍, കാള്‍ ബാര്‍ത്ത്, സിമോണ്‍ ഡി ബൗവ്വാര്‍, നീല്‍സ് ബോര്‍, എമില്‍ ബ്രണ്ണര്‍, മാര്‍ട്ടിന്‍ ബൂബര്‍, റുഡോള്‍ഫ് ബള്‍ട്ട്‌മാന്‍, ആല്‍ബട്ട് കമ്യൂ, മാര്‍ട്ടിന്‍ ഹൈഡഗര്‍, കാള്‍ ജാസ്പെഴ്സ്, ഗബ്രിയേല്‍ മാര്‍സല്‍, ജീന്‍ പോള്‍ സാര്‍ത്രെ, പോള്‍ തില്ലിച്ച്, മിഗയൂള്‍ ഊനാമുനോ എന്നിവര്‍ അവരില്‍ ചിലരാണ്. പോള്‍ ഫെയരാബെന്‍ഡിന്റെ ജ്ഞാനസിദ്ധാന്തത്തിലെ അരാജകത്വം (epistemological anarchism) എന്ന ആശയം കീര്‍‌ക്കെഗാഡിന്റെ "സത്യം വ്യക്തിനിഷ്ഠമാണ്" എന്ന നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നു. ലുഡ്‌വിഗ് വിറ്റ്ഗന്‍സ്റ്റൈന്‍ കീര്‍ക്കെഗാഡിന്റെ സ്വാധീനത്തില്‍ വന്നവനും അദ്ദേഹത്തിന്റെ പ്രതിഭയുടെ മുന്‍പില്‍ വിനയവാനും[6] ആയിരുന്നു. "കീര്‍‌ക്കെഗാഡിന്റെ ചിന്ത എനിക്ക് അത്യഗാധമാണ്. കുറേക്കൂടി ആഴമുള്ള മനസ്സുകളില്‍ ഉണ്ടാക്കുമായിരുന്ന സത്ഫലങ്ങള്‍ എന്നില്‍ ഉളവാക്കാതെ അദ്ദേഹം എന്നെ ഭ്രമിപ്പിക്കുന്നു" എന്ന് വിറ്റ്ഗന്‍സ്റ്റൈന്‍ പറഞ്ഞിട്ടുണ്ട്.[6] കാള്‍ പോപ്പര്‍ കീര്‍‌ക്കെഗാഡിന്റെ വിശേഷിപ്പിച്ചത് "ക്രൈസ്തവധാര്‍മ്മികതയുടെ വലിയ ഉദ്ധാരകന്‍, തന്റെ കാലത്തെ ഔദ്യോഗിക സഭയുടെ ധാര്‍മ്മികതയെ അക്രൈസ്തവവും മാനവികതാവിരുദ്ധവുമായി തുറന്നുകാട്ടിയവന്‍" എന്നൊക്കെയാണ്.[61]

ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും കീര്‍‌ക്കെഗാഡ് നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാകുന്ന സാഹിത്യകാരന്മാരില്‍ ഡബ്ലിയൂ എച്ച്.ഓഡന്‍, ജോര്‍ജ്ജ് ലോയി ബോര്‍ഹെസ്, ഹെര്‍മന്‍ ഹെസ്സെ, ഫ്രാന്‍സ് കഫ്ക[62], ഡേവിഡ് ലോഡ്ജ്, വാക്കര്‍ പെര്‍സി, റെയ്നര്‍ മരിയ റില്‍ക്കെ, ജോണ്‍ അപ്ഡൈക് [63]തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

കീര്‍‌ക്കെഗാഡിന്റെ സ്വാധീനം കാര്യമായി പ്രകടമാകുന്ന മറ്റൊരു രംഗം മനഃശാസ്ത്രമാണ്. ക്രൈസ്റ്റവമനഃശാസ്ത്രത്തിന്റെയും അസ്തിത്വവാദമനശാസ്ത്രത്തിന്റേയും തുടക്കക്കാരന്‍ അദ്ദേഹമാണ്. മാനവികതാമനഃശാസ്ത്രജ്ഞന്മാരെന്നുകൂടി അറിയപ്പെടുന്ന അസ്തിത്വവാദ മനഃശാസ്ത്രജ്ഞന്മാരില്‍ ലുഡ്‌വിഗ് ബിന്‍സ്‌വാങ്ങര്‍, വിക്ടോര്‍ ഫ്രാങ്കല്‍, എന്റിച്ച് ഫ്രോം, കാല്‍ റോജേഴ്സ്,റോള്ളോ മേ എന്നിവര്‍ പ്രമുഖരാണ്. റോള്ളോ മേയുടെ "ആശങ്കയുടെ അര്‍ഥം" എന്ന രചന കീര്‍ക്കെഗാഡിന്റെ "ആശങ്കയെന്ന സങ്കല്പം" എന്ന കൃതിയെ ആശ്രയിച്ചാണ്. "രണ്ടു യുഗങ്ങള്‍ - വിപ്ലവത്തിന്റെ യുഗവും ഇപ്പോഴത്തെ യുഗവും" എന്ന കീര്‍‌ക്കെഗാഡിന്റെ കൃതി സാമൂഹ്യശാസ്ത്രത്തെ സ്പര്‍ശിക്കുന്നു. ആധുനികതയുടെ രസകരമായ ഒരു വിമര്‍ശനം അതിലുണ്ട്.[28] ഉത്തരാധുനികതയുടെ പ്രധാന പൂര്‍വഗാമികളില്‍ ഒരാളായും കീര്‍‌ക്കെഗാഡ് കണക്കാക്കപ്പെടുന്നു. [64]ജനകീയ സംസ്കൃതിയുടെ തലത്തില്‍, കീര്‍‌ക്കെഗാഡ് ഗൗരവമുള്ള ടെലിവിഷന്‍-റേഡിയോ പരിപാടികളുടെ വിഷയമായിട്ടുണ്ട്; 1984-ല്‍ ജോണ്‍ കുപിറ്റ് നിര്‍മ്മിച്ച സീ ഓഫ് ഫെയ്ത്ത് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കീര്‍‌ക്കെഗാഡിനേയും ഉള്‍ക്കൊള്ളിച്ചിരുന്നു. 2008-ലെ പെസഹാവ്യാഴാഴ്ച ബി.ബി.സി.റേഡിയോയുടെ "നമ്മുടെ കാലത്ത്" എന്ന പേരിലുള്ള പ്രക്ഷേപണത്തിലെ ചര്‍ച്ചയുടെ വിഷയം കീര്‍‌ക്കെഗാഡ് ആയിരുന്നു.

മരണാനന്തരമുള്ള തന്റെ പ്രശസ്തി കീര്‍‌ക്കെഗാഡ് മുന്‍കൂട്ടി കണ്ടിരുന്നു. പില്‍ക്കാലങ്ങളില്‍ തന്റെ രചനകള്‍ ആഴമേറിയ പഠനത്തിന്റേയും ഗവേഷണത്തിന്റേയും വിഷയമാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ ഡയറിയില്‍ കീര്‍‌ക്കെഗാഡ് ഇങ്ങനെ എഴുതി:

ഈ യുഗത്തിന് വേണ്ടത് ഒരു പ്രതിഭയെയല്ല; പ്രതിഭകളെക്കൊണ്ട് അതിന് മതിയായി. അതിനുവേണ്ടത് ഒരു രക്തസാക്ഷിയെ ആണ്, മനുഷ്യരെ കീഴ്‌വഴക്കം പഠിപ്പിക്കാന്‍ വേണ്ടി മരണത്തോളം കീഴ്‌വഴങ്ങുന്ന ഒരു രക്തസാക്ഷി. ഈ യുഗത്തിന് വേണ്ടത് ഉണര്‍വാണ്. അതിനാല്‍ എന്നെങ്കിലും, എന്റെ രചനകളെന്നല്ല, എന്റെ ജീവിതവും അതിന്റെ കുഴഞ്ഞുമറിഞ്ഞ ഗൂഢതകള്‍ മുഴുവനും പോലും, വീണ്ടും വീണ്ടുമുള്ള പഠനത്തിന് വിധേയമാകും. ദൈവം എന്നെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് ഞാന്‍ ഒരിക്കലും മറന്നിട്ടില്ല. എല്ലാം അവന്റെ മഹത്വത്തിനുവേണ്ടിയാകട്ടെ എന്നാണ് എന്റെ അന്തിമ പ്രാര്‍ഥന.[11]

[തിരുത്തുക] കീര്‍‌ക്കെഗാഡിന്റെ മുഖ്യരചനകള്‍

  • നിന്ദാ-സ്തുതിയെന്ന സങ്കല്പം (1841)
  • അതോ/ഇതോ (1843)
  • ഭയവും വിറയലും (1843)
  • ആവര്‍ത്തനം (1843)
  • തത്ത്വചിന്താശകലങ്ങള്‍ (1844)
  • ഭീതിയെന്ന സങ്കല്പം (1844)
  • ജീവിതവീഥിയിലെ ഘട്ടങ്ങള്‍ (1845)
  • തത്ത്വചിന്താശകലങ്ങളുടെ അശാസ്ത്രീയമായ അടിക്കുറിപ്പ് (1846)
  • പലചൈതന്യങ്ങളൊടുകൂടിയ ഗുണദോഷം (1847)
  • സ്നേഹപ്രവര്‍ത്തികള്‍ (1847)
  • ക്രൈസ്തവപ്രഭാഷണങ്ങള്‍ (1848)
  • മാരകരോഗം (1849)
  • ക്രൈസ്തവജീവിതം (1850)

[തിരുത്തുക] കുറിപ്പുകള്‍

ക.^ സുവിശേഷങ്ങളിലുള്ള യേശുവിന്റെ രൂപാന്തരീകരണ വിവരണത്തില്‍, ശിഷ്യന്‍ പത്രോസിന്റേതായി കൊടുത്തിരിക്കുന്ന വാക്കുകളുടെ ഛായ ഈ വരികളില്‍ കാണാം.[65]

ഖ.^ ഇദ്ദേഹം പ്രഖ്യാത ജര്‍മ്മന്‍ ചിന്തകനായ ഫ്രീഡ്രിച്ച് ഷ്ലീഗലല്ല.

ഗ.^  പൗരസ്ത്യക്രൈസ്തവസഭകളില്‍ ഏറെ മതിക്കപ്പെടുന്നതും സന്യാസാര്‍ഥികള്‍ക്ക് പുണ്യപൂര്‍ണ്ണതയിലേക്ക് വഴി കാട്ടിയാകാന്‍ എഴുതപ്പെട്ടതുമായ സ്വര്‍ഗ്ഗാരോഹണഗോവണി എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ആറാം നൂറ്റാണ്ടിലെ താപസന്‍ യോഹന്നാന്‍ ക്ലീമാക്കസിന്റെ പേരാണിത്.


ഘ.^  'ഡാഗരോറ്റൈപ്പ്' എന്ന പഴയ ഛായാഗ്രഹണവിദ്യ അക്കാലത്ത് ഡെന്‍മാര്‍ക്കില്‍ പ്രചരിച്ചിരുന്നെങ്കിലും കീര്‍ക്കെഗാഡ് അത് ഒരിക്കലും പ്രയോജനപ്പെടുത്തിയില്ല. ഇവിടെയുള്ള കീര്‍ക്കെഗാഡിന്റെ ചിത്രം അദ്ദേഹത്തിന്റെ ബന്ധു നീല്‍സ് ക്രിസ്റ്റന്‍ കീര്‍ക്കെഗാഡ്(1806-1882) 1840-നടുത്ത് വരച്ചതാണ്. കീര്‍ക്കെഗാഡിന്റെ പൂര്‍ണ്ണസഹകരണത്തോടെയല്ലാതെ വരച്ച ഈ ചിത്രം അദ്ദേഹത്തിന്റെ രൂപത്തോട് നീതിപുലര്‍ത്തുന്നുണ്ടൊ എന്ന സംശയം മൂലം അതിന്റെ പ്രസിദ്ധീകരണം അനുവദിക്കാന്‍ ചിത്രകാരനു മടിയായിരുന്നു. തന്റെ രചനകളില്‍ മിക്കപ്പോഴും കപടനാമങ്ങളില്‍ മറഞ്ഞിരിക്കാന്‍ ആഗ്രഹിച്ച സോറന്‍, ചിത്രം പ്രസിദ്ധീകരിക്കുന്നത് ഇഷ്ടപ്പെടുമായിരുന്നോ എന്നും അദ്ദേഹം സംശയിച്ചു. ഒടുവില്‍ സോറന്റെ സഹോദരനും ആല്‍ബോര്‍ഗ്ഗിലെ മെത്രാനുമായിരുന്ന പി.സി.കീര്‍ക്കെഗാഡിന്റെ സമ്മതത്തോടെ നീല്‍സ് ചിത്രത്തിന്റെ പ്രസിദ്ധീകരണം അനുവദിച്ചു. കീര്‍ക്കെഗാഡിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചവര്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ 'കോര്‍സെയര്‍' മാസിക ഉപയോഗിച്ച ചിത്രങ്ങളെ ആശ്രയിച്ചെങ്കിലോ എന്ന ഭയം ഈ തീരുമാനത്തെ സ്വാധീനിച്ചു.[66]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 ഹെഡ്ജ്കോ, ജോണ്‍ (1997). ഗോഡന്‍ മാറീനോ. ed (in ഇംഗ്ലീഷ്). ജകേംബ്രിഡ്ജ് കീര്‍ക്കെഗാഡ് സഹായി. ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0521477190. "ഈ വര്‍ഗ്ഗീകരണം കൃത്യമാണെന്ന് പറയുക വയ്യ; തീര്‍ത്തും വ്യതിരിക്തതയുള്ള ചിന്തകനായിരുന്ന കീര്‍‌ക്കെഗാഡിന്റെ രചനകള്‍ തത്ത്വചിന്തയിലെ ഏതെങ്കിലും ഒരു പാരമ്പര്യത്തില്‍ പെടുന്നതല്ല. ഏതെങ്കിലും പാര്യമ്പര്യത്തില്‍ താന്‍ പെടുന്നതായി അദ്ദേഹം കരുതിയതുമില്ല. അതേസമയം, 20, 21 നൂറ്റാണ്ടുകളിലെ പല ചിന്താപദ്ധതികളും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നു". 
  2. സോക്രട്ടീസിന്റെ സ്വാധീനം കീര്‍ക്കെഗാഡിന്റെ മാരകരോഗം, സ്നേഹത്തിന്റെ പ്രവര്‍ത്തികള്‍ എന്നീ കൃതികളില്‍ കാണാം.
  3. Kierkegaard, Søren. Journals and Papers, Indiana University Press, ISBN 0-253-18239-5
  4. Hubben, William. Dostoevsky, Kierkegaard, Nietzsche, and Kafka: Four Prophets of Our Destiny. New York: Collier Books, 1962.
  5. Lippitt, John and Daniel Hutto. Making Sense of Nonsense: Kierkegaard and Wittgenstein. University of Hertfordshire.
  6. 6.0 6.1 6.2 Creegan, Charles. Wittgenstein and Kierkegaard. Routledge.
  7. Soren Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm
  8. Soren Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm - "Of Michael’s seven children, only Peter Christian and Søren Aabye survived beyond this age"
  9. കീര്‍ക്കെഗാഡിന്റെ ഭയവും വിറയലും എന്ന കൃതിയുടെ പെന്‍ഗ്വിന്‍ പതിപ്പിന്റെ ആമുഖക്കുറിപ്പില്‍ നിന്ന് -Penguin Classics - Fear and Trembling - Alastair Hannay-യുടെ പരിഭാഷയും അവതാരികയും (മറ്റു വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടു)
  10. According to the Journals, Michael died at approximately 2:00 a.m., early Thursday morning.
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 Dru, Alexander. The Journals of Søren Kierkegaard, Oxford University Press, 1938.
  12. The Existential Primer, Soren Kierkegard - http://www.tameri.com/csw/exist/kierkegaard.shtml
  13. Kierkegaard: Stanford Encyclopedia of Philosophy - http://plato.stanford.edu/entries/kierkegaard/
  14. Soren Kiekegaard - http://kirjasto.sci.fi/kierkega.htm
  15. അസിസ്റ്റന്‍സ് സിമിത്തേരിയിലല്‍ അടക്കം ചെയ്ത പ്രശസ്തര്‍
  16. 16.0 16.1 Manuscripts from the Søren Kierkegaard Archive. Royal Library of Denmark.
  17. Soren Kierkegard - Books and Writers - http://kirjasto.sci.fi/kierkega.htm
  18. Kenneth Scott Latourette-ന്റെ A History of Christianity എന്ന കൃതിയിലെ Creative Danish Protestantism എന്ന ലേഖനത്തില്‍ നിന്ന്.(പുറം 1141)
  19. Soren Kierkegaard - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/kierkegaard/
  20. Lippitt, John. Routledge Philosophy Guidebook to Kierkegaard and Fear and Trembling. Routledge, 2003, ISBN 978-0-415-18047-4
  21. Christian Classics Ethereal Library - Biography of Soren Kierkegard "Kierkegaard argued that belief in God is a free act of faith, not a solution to a theoretical problem."
  22. Fear and Trembling - Translation by Walter Lowrie - http://www.turksheadreview.com/library/texts/kierkegaard-feartrembling.html
  23. Hegel, G.W.F. Phenomenology of Spirit, Oxford University Press, 1979, ISBN 0-19-824597-1
  24. ഇംഗ്ലീഷില്‍ അവ Eighteen Upbuilding Discourses എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു - Princeton University Press, ISBN 0-691-02087-6.
  25. D. Anthony Storm's Commentary on the Discourses. D. Anthony Storm.
  26. സോറന്‍ കീര്‍ക്കെഗാഡ് സാഹിത്യത്തിലെ പോലീസ്മുറയുടെ സം‌വാദാത്മകപരിണാമം - Essential Kierkegaard.
  27. Soren Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm - The "Second Authorship": Self-Sacrifice, Love, Despair, and the God-Man എന്ന ഭാഗം കാണുക
  28. 28.0 28.1 28.2 Kierkegaard, Søren. A Literary Review, Penguin Classics, 2001, ISBN 0-14-044801-2
  29. Walter Lowrie A Short Life of Kierkegaard, Princeton University Press, 1942.
  30. Christian History net. - Soren Kierkegard - http://www.christianitytoday.com/ch/131christians/moversandshakers/kierkegaard.html
  31. Attack on the Danish People's Church - Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm#SH1f
  32. 32.0 32.1 Duncan, Elmer. Søren Kierkegaard: Maker of the Modern Theological Mind, Word Books 1976, ISBN 0-87680-463-6
  33. Soren Aabye Kierkegaard - Philosophy Professor - http://www.philosophyprofessor.com/philosophers/soren-aabye-kierkegaard.php
  34. A Biography of Kierkegard from D.Anthony Storm's Commentary on Kierkegard - http://www.sorenkierkegaard.org/biograph.htm
  35. Garff, Joakim. Søren Kierkegaard: A Biography (tr. Bruce Kirmmse), Princeton University Press, 2005, ISBN 0-691-09165-X, p. 113. Also available in Encounters With Kierkegaard: A Life As Seen by His Contemporaries, p. 225
  36. Kangas, David. Kierkegaard, the Apophatic Theologian. David Kangas, Yale University (pdf format). Enrahonar No. 29, Departament de Filosofia, Universitat Autònoma de Barcelona.
  37. McGrath, Alister E. The Blackwell Encyclopedia of Modern Christian Thought. Blackwell Publishing, 1993. p 202
  38. Oden, Thomas C. The Humor of Kierkegaard: An Anthology, Princeton University Press 2004, ISBN 0-691-02085-X
  39. Ostenfeld, Ib and Alastair McKinnon. Søren Kierkegaard's Psychology, Wilfrid Laurer University Press 1972, ISBN 0-88920-068-8
  40. MacKey, Louis. Kierkegaard: A Kind of Poet, University of Pennsylvania Press, 1971, ISBN 0-8122-1042-5
  41. Kierkegaard is not an extreme subjectivist; he would not reject the importance of objective truths.
  42. ഇംഗ്ലീഷിലെ "leap of faith" എന്ന പ്രയോഗത്തിന് സമാനമായ ഡാനിഷ് പ്രയോഗം കീര്‍‌ക്കെഗാഡിന്റെ രചനകളുടെ ഡാനിഷ് മൂലത്തില്‍ കാണുന്നില്ല. "Leap of faith" എന്ന് ഇപ്പോള്‍ പ്രചാരത്തിലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും ഇല്ല. എന്നാല്‍ 'വിശ്വാസം' 'കുതിച്ചുചാട്ടം' എന്നീ സങ്കല്പങ്ങള്‍ ഒന്നിച്ച് തന്റെ രചനകളില്‍ കീര്‍‌ക്കെഗാഡ് പലവട്ടം പ്രയോഗിക്കുന്നുണ്ട്. See Faith and the Kierkegaardian Leap in Cambridge Companion to Kierkegaard.
  43. ക്രൈസ്തവജീവിതത്തില്‍ സംശയത്തിനുള്ള സ്ഥാനത്തില്‍ കീര്‍‌ക്കെഗാഡ് ആവര്‍ത്തിച്ച് ഊന്നല്‍ കൊടുത്തു. അദ്ദേഹത്തിന്റെ ഡയറിയിലെ ഒരു ഭാഗം പാപമോചനം എന്ന ആശയത്തെ ഇങ്ങനെ വിശദീകരിക്കുന്നു: "പാപമോചനത്തില്‍ വിശ്വസിക്കുകയെന്നത് ഒരുമനുഷ്യനെ ആത്മാവാക്കി മാറ്റുന്ന നിര്‍ണ്ണായക ദശാസന്ധിയാണ്; പാപമോചനത്തില്‍ വിശ്വസിക്കാത്തവന്‍ ആത്മാവല്ല. ... സ്വന്തം പാപങ്ങളുടെ മോചനത്തില്‍ വിശ്വസിക്കുകയെന്നത് എന്താണെന്ന് അനുഭവിച്ചിരിക്കുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവന്‍ മറ്റൊരു മനുഷ്യനായി മാറുന്നു." Søren Kierkegaard's Journals and Papers, ed. by Howard V. Hong, VIII A 673 n.d., 1848., Indiana University Press, 1976, ISBN 0-253-18240-9
  44. Kierkegaard, Søren. Concluding Unscientific Postscript to Philosophical Fragments, Princeton University Press, 1992, ISBN 0-691-02082-5
  45. Kierkegaard, Søren. The Point of View, Princeton University Press, 1998, ISBN 0-691-05855-5
  46. Adorno, Theodor W. Kierkegaard: Construction of the Aesthetic, University of Minnesota Press, 1933 (reprint 1989), ISBN 0-8166-1186-6
  47. 47.0 47.1 Morgan, Marcia. Adorno’s Reception of Kierkegaard: 1929–1933. University of Potsdam.
  48. Søren Kierkegaard's Journal Commentary. D. Anthony Storm.
  49. Kirmmse, Bruce. Review of Habib Malik, Receiving Søren Kierkegaard. Stolaf.
  50. Angier, Tom. Either Kierkegaard/or Nietzsche: Moral Philosophy in a New Key, Ashgate Publishing 2006, ISBN 0-7546-5474-5
  51. 51.0 51.1 Sartre, Jean-Paul. Existentialism is a Humanism. World Publishing Company.
  52. Dreyfus, Hubert. Being-in-the-World: A Commentary on Heidegger's Being and Time, Division I. MIT Press, 1998. ISBN 0-262-54056-8.
  53. Westphal, Merold. A Reading of Kierkegaard's Concluding Unscientific Postscript, Purdue University Press 1996, ISBN 1-55753-090-4
  54. Lippitt, John. Kierkegaard and Fear and Trembling, Routledge 2003, ISBN 0-415-18047-3
  55. Katz, Claire Elise. The Voice of God and the Face of the Other. Penn State University.
  56. D. Anthony Storm's Commentary on the Postscript. D. Anthony Storm.
  57. Georg Brandes. Books and Writers.
  58. എന്നാല്‍ കീര്‍‌ക്കെഗാഡിന്റെ കൃതികളിലെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ ഒരു സ്വതന്ത്രപരിഭാഷ ലീ ഹോളന്‍ഡര്‍ നടത്തിയത് 1923-ല്‍ ഓസ്റ്റിനിലെ ടെക്സാസ് സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  59. Søren Kierkegaard Forskningscenteret. University of Copenhagen.
  60. Weston, Michael. Kierkegaard and Modern Continental Philosophy. Routledge, 1994, ISBN 0-415-10120-4
  61. Popper, Sir Karl R. തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യത്തിലെ ഹേഗലും മാര്‍ക്സും എന്ന പ്രബന്ധം.. Routledge, 2002, ISBN 0-415-29063-5
  62. McGee, Kyle. Fear and Trembling in the Penal Colony. Kafka Project.
  63. Kierkegaard, Søren with Foreword by John Updike. The Seducer's Diary, Princeton University Press, 1997, ISBN 0-691-01737-9
  64. Matustik, Martin Joseph and Merold Westphal (eds). Kierkegaard in Post/Modernity, Indiana University Press, 1995, ISBN 0-253-20967-6
  65. മത്തായിയുടെ സുവിശേഷം 17:4 "പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഇവിടെയായിരിക്കുന്നത് നമുക്ക് നന്ന്"
  66. കോപ്പന്‍ഹേഗന്‍ രാജകീയ ഗ്രന്ഥാലയം - സോറെന്‍ കീര്‍ക്കെഗാഡിന്റെ ചിത്രങ്ങള്‍ [1]

[തിരുത്തുക] ഗ്രന്ഥസൂചി

  • Jens Staubrand: Jens Staubrand: Søren Kierkegaard’s Illness and Death, Copenhagen 2009. ISBN 978 87 92259 92 9. The book is in English and Danish.
  • Jens Staubrand: Søren Kierkegaard: International Bibliography Music works & Plays, New edition, Copenhagen 2009. ISBN 978 87 92259 91 2. The book is in English and Danish.
  • P. Houe and Gordon D. Marino ed.: Søren Kierkegaard and the words. Essays on hermeneutics and communication, Copenhagen 2003.
  • Cd: ’‘Søren Kierkegaard - Set To Music’’, Copenhagen 1998. Music by Samuel Barber, Niels Viggo Bentzon, Finn Høffding, John Frandsen etc.
  • Cd: ’’Søren Kierkegaard - Forførerens Dagbog og Sofia Gubaidulina’’, Copenhagen 1998. Musically accompanied readings of The Seducers Diary.
  • Garff, Joakim, 2005. Søren Kierkegaard: A Biography, Princeton University Press. ISBN 0-691-09165-X
  • Hannay, Alastair, 2003. Kierkegaard: A Biography (new ed.). Cambridge University Press. ISBN 0-521-53181-0
  • Hong, Howard V. and Edna H., 2000. The Essential Kierkegaard. Princeton University Press. ISBN 0-691-03309-9
  • MacDonald, William. Stanford Encyclopedia of Philosophy: Søren Kierkegaard.
  • Skopetea, Sophia, Kierkegaard og graeciteten, En Kamp med ironi, 1995, C.A.Reitzel Forlag, Denmark, ISBN 87-7421-95 (In Danish with synopsis in English)
  • Storm, D. Anthony. "Commentary on Kierkegaard."

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] ജേര്‍ണ്ണല്‍, നോട്ടുപുസ്തകം

[തിരുത്തുക] തത്ത്വചിന്താപരമായ രചനകള്‍ (വ്യാജനാമത്തില്‍ എഴുതിയവ)

[തിരുത്തുക] ദൈവശാസ്ത്രസംബന്ധിയായ രചനകള്‍ (സ്വന്തം പേരില്‍ എഴുതിയവ)

[തിരുത്തുക] മറ്റ് ഉറവിടങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം