ഇബ്‌സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെന്രിക്ക് ഇബ്സൻ
ജനനംമാർച്ച് 20, 1828
സ്കിയെൻ, നോർവ്വെ
മരണംമെയ് 23, 1906
ക്രിസ്റ്റ്യാനിയ
തൊഴിൽനാടകകൃത്ത്, കവി, രംഗ സംവിധായകൻ
ദേശീയതനോർവേ നോർവ്വീജിയൻ
Genreസോഷ്യൽ റിയലിസം

"ആധുനിക നാടകത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്ന[1] നോർവീജിയൻ നാടകകൃത്താണ്‌ ഹെൻറിൿ ജൊഹാൻ ഇബ്‌സൻ (മാർച്ച് 20, 1828മെയ് 23, 1906). 19-ആം നൂറ്റാണ്ടിൽ ആധുനിക യഥാർതഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോർവ്വീജിയൻ എഴുത്തുകാരിൽ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ ഒരാളായും കരുതപ്പെടുന്നു. നോർവ്വെക്കാർ ഇബ്‌സനെ ഒരു ദേശീയ സമ്പാദ്യമായി കരുതുന്നു.[2]

ഇബ്‌സന്റെ നാടകങ്ങൾ തന്റെ കാലഘട്ടത്തിൽ അപഖ്യാതിയായി കരുതപ്പെട്ടിരുന്നു. കുടുംബജീവിതം, സമൂഹ്യ ചിട്ടവട്ടങ്ങൾ എന്നിവയിൽ വിക്ടോറിയൻ മൂല്യങ്ങൾ ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. ഈ സാമൂഹിക ക്രമത്തോടുള്ള ഏതൊരു എതിർപ്പും അസാന്മാർഗ്ഗികവും വഴിവിട്ടതുമായി കരുതിയിരുന്നു. ഇബ്‌സന്റെ കൃതികൾ പല പൊയ്‌മുഖങ്ങൾക്കും പിന്നിലുള്ള യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ പല സമകാലികരെയും അസ്വസ്ഥരാക്കിയ ഒരു “വെളിപ്പെടുത്തൽ സ്വഭാവം“ ഇബ്‌സന്റെ കൃതികൾക്ക് ഉണ്ടായിരുന്നു.

സാന്മാർഗ്ഗികത (മൊറാലിറ്റി), ജീവിതത്തിന്റെ സാഹചര്യങ്ങൾ എന്നിവയ്ക്കുനേരെ ഒരു വിമർശനാത്മകമായ കണ്ണും സ്വതന്ത്രമായ അന്വേഷണവും കൊണ്ടുവന്ന് ഇബ്‌സൻ പ്രധാനമായും ആധുനിക നാടകവേദി സ്ഥാപിച്ചു. വിക്ടോറിയൻ കാലഘട്ടത്തിലെ നാടകങ്ങൾ സദാചാരനാടകങ്ങൾ ആയിരുന്നു. നന്മയുടെ മൂർത്തിഭാവങ്ങളായ നായികാനായകന്മാർ ദുഷ്ടശക്തികളുടെ നേർക്ക് പോരാടുന്ന ഈ നാടകങ്ങൾക്ക് എപ്പോഴും ഗുണപാഠപരമായ ഒരു അന്ത്യം ഉണ്ടായിരുന്നു. നന്മ സന്തോഷവും അസാന്മാർഗ്ഗികത ദുഃഖവും കൊണ്ടുവരും എന്നായിരുന്നു നാടകങ്ങളിലെ പ്രമേയം. ഇബ്‌സൻ ഈ ചിന്താഗതിയെയും ആശയങ്ങളെയും വെല്ലുവിളിച്ചു. കാണികളുടെ സങ്കല്പങ്ങളെ അദ്ദേഹം തകിടം‌മറിച്ചു.

ബാല്യകാലം, കുടുംബം[തിരുത്തുക]

കുഡ് ഇബ്സൻ, മാരിച്ചെൻ ആൽട്ടെൻബർഗ്ഗ് എന്നിവരുടെ മകനായി ഒരു സാമാന്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നോർവ്വെയിലെ സ്കിയെൻ എന്ന ചെറിയ തുറമുഖ പട്ടണത്തിൽ ഹെന്രിക്ക് ഇബ്സൻ ജനിച്ചു. തടി കയറ്റുമതിക്ക് ഈ പട്ടണം പ്രശസ്തമായിരുന്നു. നോർവ്വെയിലെ പുരാതനവും അറിയപ്പെടുന്നതുമായ ചില കുടുംബങ്ങളുടെ തായ്‌വഴിയിൽ ആയിരുന്നു ഇബ്സൻ പിറന്നത്. പ്രശസ്തമായ പാഉസ് കുടുംബവും ഇബ്സന്റെ തായ്‌വഴിയിലുണ്ട്. ഇബ്സൻ പിൽക്കാലത്ത് ജോർജ്ജ് ബ്രാൻഡെസിന് അയച്ച ഒരു കത്തിൽ തന്റെ പൂർവ്വികരെയും ബന്ധുക്കളെയും കുറിച്ച് പറയുന്നു. അദ്ദേഹത്തിന്റെ ജനനത്തിനു പിന്നാലെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി. ഇബ്സന്റെ അമ്മ ആശ്വാസത്തിനായി ക്രിസ്തുമതത്തിൽ അഭയം തേടി. അച്ഛൻ കഠിനമായ വിഷാദത്തിന് (ക്ലിനിക്കൽ ഡിപ്രഷൻ) അടിമയായി. ഇബ്സന്റെ നാടകങ്ങളിലെ കഥാപാത്രങ്ങൾ പലപ്പൊഴും അദ്ദേഹത്തിന്റെ മാതാപിതാക്കളെ പ്രതിഫലിക്കുന്നു. അദ്ദേഹത്തിന്റെ വിഷയങ്ങൾ പലപ്പോഴും സാമ്പത്തിക കഷ്ടതകൾ, സമൂഹത്തിൽ നിന്ന് മറച്ചുപിടിച്ചിരിക്കുന്ന ഇരുണ്ട സ്വകാര്യ രഹസ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന സാന്മാർഗ്ഗിക സംഘർഷങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു.

15-ആം വയസ്സിൽ ഇബ്സൻ വീടുവിട്ടു. ഗ്രിംസ്റ്റാഡ് എന്ന ചെറിയ പട്ടണത്തിൽ ഒരു മരുന്നുകടക്കാരന്റെ സഹായിയായി ഇബ്സൻ ജോലിചെയ്തു, കൂടെ നാടകങ്ങളും എഴുതിത്തുടങ്ങി. 1846-ൽ ഇബ്സന്റെ അച്ഛന് ഒരു വീട്ടുവേലക്കാരിയിൽ ഒരു അവിഹിത സന്തതി ഉണ്ടായി. ഇബ്സന്റെ അച്ഛൻ കുട്ടിയുടെ പിതൃത്വം നിഷേധിച്ചു. ഇബ്സൻ ക്രിസ്ത്യാനിയയിൽ സർവ്വകലാശാലയിൽ ചേരുവാനായി പോയി. എങ്കിലും പല പ്രവേശന പരീക്ഷകളും ജയിക്കാനാവാത്തതിനാൽ സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ചില്ല. ഇബ്സൻ ഈ ആശയം ഉപേക്ഷിച്ചു, മുഴുവൻ സമയം എഴുതുവാനായി വിനിയോഗിക്കുവാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആദ്യ നാടകമായ കാറ്റിലിന എന്ന ദുരന്തനാടകം 1850-ൽ ബ്ര്യിഞുൾഫ് ജാർമ്‌ എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ചു. ഇബ്സന് 22 വയസ്സുമാത്രമായിരുന്നു അന്ന് പ്രായം. ഈ നാടകം അവതരിപ്പിക്കപ്പെട്ടില്ല. ആദ്യമായി രംഗത്ത് അവതരിപ്പിക്കപ്പെട്ട ഇബ്സന്റെ നാടകം ദ് ബറിയൽ മൗണ്ട് 1850 ആയിരുന്നു. ഇത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഇബ്സൻ ഒരു നാടകകൃത്താകുവാൻ ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കുറച്ച് വർഷങ്ങൾ ഇബ്സൻ ഒന്നും രചിച്ചില്ല.

ജീവിതവും സർഗ്ഗ സൃഷ്ടികളും[തിരുത്തുക]

അദ്ദേഹം അടുത്ത കുറച്ചുവർഷം ബെർഗെൻ എന്ന സ്ഥലത്തുളള നോർവ്വീജിയൻ തിയ്യെറ്ററിൽ ജോലിചെയ്തു. ഇവിടെ നാടകം എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം 145-ഓളം നാടകങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടു. ഈ കാലയളവിൽ അദ്ദേഹം സ്വന്തമായി നാടകങ്ങൾ ഒന്നും പ്രസിദ്ധീകരിച്ചില്ല. ഒരു നാടകകൃത്തയി വിജയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം നോർവ്വീജിയൻ തിയ്യെറ്ററിൽ നിന്ന് ധാരാളം പ്രവൃത്തി പരിചയം നേടി. ഈ അനുഭവം പിൽക്കാലത്ത് അദ്ദേഹം നാടകരചന തുടർന്നപ്പോൾ വളരെ പ്രയോജനപ്രദമായി.

ഇബ്സൻ 1858-ൽ ക്രിസ്റ്റ്യാനിയയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം ക്രിസ്റ്റ്യാനിയ നാഷണൽ തിയ്യേറ്ററിന്റെ ക്രിയേറ്റീവ് ഡയറക്ടർ ആയി. ഇതേ വർഷം ഇബ്സൻ സൂസന്ന തോരെസെൻ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഇവർക്ക് ഉണ്ടായ ഏക സന്താ‍നമാണ് സിഗുർഡ് ഇബ്സൻ. ഇവർ വളരെ കഷ്ടത നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലാണ് ജീവിച്ചത്. ഇബ്സന് നോർവ്വെയിലെ ജീവിതത്തിൽ ഉള്ള പ്രതീക്ഷകൾ അസ്തമിച്ചു. 1864-ൽ അദ്ദേഹം ക്രിസ്റ്റ്യാനിയ വിട്ട് ഇറ്റലിയിലേക്ക് പോയി. സ്വയം കൽപ്പിച്ച ഈ പ്രവാസത്തിൽ നിന്ന് അദ്ദേഹം അടുത്ത 27 വർഷത്തേക്ക് തിരിച്ചുവന്നില്ല. അദ്ദേഹം നോർവ്വെയിൽ തിരിച്ചുവന്നപ്പോൾ അത് വിവാദങ്ങളുടെ നടുവിലെങ്കിലും പ്രശസ്തനായ ഒരു നാടകകൃത്തായി ആയിരുന്നു.

അദ്ദേഹത്തിന്റെ അടുത്ത നാടകം, "ബ്രാന്റ്" (1865) ഇബ്സൻ തേടിയ വിമർശക പ്രശംസയും ഒരളവുവരെ സാമ്പത്തിക വിജയവും കൊണ്ടുവന്നു. അടുത്ത നാടകമായ "പീർ ഗിന്റ്" (1867)-ഉം സാമ്പത്തിക വിജയവും നിരൂപക പ്രശംസ ആർജ്ജിച്ചതുമായിരുന്നു. എഡ്വാർഡ് ഗ്രൈഗ് ആയിരുന്നു ഈ നാടകത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഈ വിജയത്തോടെ ഇബ്സന്റെ ആത്മവിശ്വാസം വർദ്ധിച്ചു. അദ്ദേഹം തന്റെ വിശ്വാസങ്ങളും ‍മുൻവിധികളും തന്റെ നാടകങ്ങളിലേക്ക് കൂടുതലായി കൊണ്ടുവരാൻ തുടങ്ങി.“ആശയങ്ങളുടെ നാടകം” എന്ന തന്റെ ആശയം അദ്ദേഹം അങ്ങനെ സഫലീകരിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ അടുത്ത നാടക ശൃംഖല ഇബ്സണിന്റെ സുവർണ്ണകാലമായി കരുതപ്പെടുന്നു. ഈ കാലയളവിൽ അദ്ദേഹം തന്റെ പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും കൊടുമുടിയിൽ എത്തി. യൂറോപ്പിലെ നാടക കോളിളക്കത്തിന്റെ കേന്ദ്രത്തിൽ ഇബ്സൻ എത്തി.

പോർട്രെയിറ്റ് - 1870-നോട് അടുപ്പിച്ച്

1868-ൽ ഇബ്സൻ ഇറ്റലിയിൽ നിന്ന് ജെർമ്മനിയിലെ ഡ്രെസ്ഡെൻ എന്ന സ്ഥലത്തേക്ക് താമസം മാറി. അദ്ദേഹം തന്റെ ഏറ്റവും പ്രധാന കൃതിയായി കരുതിയ എമ്പറർ ആന്റ് ഗലീലിയൻ (1873) എന്ന നാടകം രചിക്കുവാൻ ഇവിടെ അദ്ദേഹം വർഷങ്ങൾ ചിലവഴിച്ചു. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയൻ ദ് അപോസ്റ്റേറ്റ് എന്ന രാജാവിന്റെ ജീവിതവും കാലഘട്ടവും ആയിരുന്നു ഈ നാടകത്തിന്റെ പ്രമേയം. ഇബ്സൻ ഈ കൃതിയെ തന്റെ എല്ലാ രചനകളുടെയും മൂലക്കല്ലായി കരുതിയെങ്കിലും വളരെ കുറച്ച് ആളുകൾ മാത്രമേ ഈ അഭിപ്രായം പങ്കുവയ്ക്കുന്നുള്ളൂ. ഇബ്സന്റെ ഇതിനുശേഷമുള്ള കൃതികളായിരുന്നു പുകിഴ്പെറ്റത്. 1875-ൽ ഇബ്സൻ മ്യൂണിക്കിലേക്ക് താമസം മാറി. 1879-ൽ എ ഡോൾസ് ഹൌസ് (പാവ വീട്) എന്ന നാടകം പ്രസിദ്ധീകരിച്ചു. വിക്ടോറിയൻ വിവാഹത്തിൽ യാഥാസ്ഥിതികമായി നിലനിൽക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും വേഷങ്ങൾക്ക് (റോളുകൾക്ക്) നേരെയുള്ള ശക്തമായ വിമർശനമായിരുന്നു ഈ നാടകം.

എ ഡോൾസ് ഹൌസ് എന്ന നാ‍ടകത്തിനു പിന്നാലെ ഇബ്സൻ ഗോസ്റ്റ്സ് (1881) എന്ന നാടകം രചിച്ചു. വിക്ടോറിയൻ സദാചാരചിന്തയുടെ നേർക്കുള്ള മറ്റൊരു ശക്തമായ വിമർശനമായിരുന്നു ഇത്. ഇതിൽ ഒരു വിധവ വികാരിയോട് താൻ തന്റെ വിവാഹത്തിന്റെ ദുഷിച്ച ഭാഗങ്ങൾ വിവാഹിതയായിരുന്ന കാലം മുഴുവൻ ഒളിച്ചുവെച്ചിരുന്നു എന്ന് പറയുന്നു. വിവാഹം കഴിക്കാൻ പോകുന്ന പുരുഷൻ സ്ത്രീലമ്പടനായിരുന്നിട്ടും വികാരി ഈ സ്ത്രീയോട് അയാളെ വിവാഹം കഴിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്നേഹം അയാളെ മാനസാന്തരപ്പെടുത്തും എന്ന പ്രതീക്ഷയിൽ അവർ അയാളെ വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും വികാരി വാഗ്ദാനം ചെയ്ത ഫലങ്ങൾ അവർക്കു ലഭിച്ചില്ല. ഭർത്താവ് മരണംവരെയും പരസ്ത്രീഗമനം തുടർന്നു. ഇതിന്റെ ഫലമായി അവരുടെ മകന് സിഫിലിസ് രോഗം പിടിപെട്ടു. ഈ ലൈംഗിക രോഗം പൊതുസദസ്സിൽ പ്രതിപാദിക്കുന്നതുപോലും അപഹാസ്യമായിരുന്നു. പക്ഷേ സമൂഹത്തിന്റെ സന്മാർഗ്ഗത്തെക്കുറിച്ചുള്ള ആശയങ്ങൾ എല്ലാം പിന്തുടർന്ന ഒരു വ്യക്തിക്കുപോലും ഇതിനെതിരായി ഒരു പ്രതിരോധവും ഇല്ല എന്നത് അപഹാസ്യത്തിനും അപ്പുറമായിരുന്നു. അവരുടേത് വിക്ടോറിയൻ ചിന്തകർ ഒരാൾ തന്റെ ആഗ്രഹങ്ങളെ പിന്തുടരുന്നതിനു പകരം തന്റെ കർത്തവ്യങ്ങളെ പിന്തുടരുമ്പോൾ ലഭിക്കും എന്ന് വിശ്വസിക്കുന്ന ശാന്തമായ ജീവിതം അല്ലായിരുന്നു. ആ മൂല്യവൽക്കരിച്ച വിശ്വാസങ്ങൾ വർത്തമാനത്തെ പേടിപ്പിക്കുന്ന ഭൂതകാലത്തുനിന്നുള്ള പ്രേതങ്ങൾ മാത്രമായിരുന്നു.

ആൻ എനെമി ഓഫ് ദ് പീപ്പിൾ (1882) എന്ന നാടകത്തിൽ ഇബ്സൻ ഇതിനും അപ്പുറം പോവുന്നു. മുൻപത്തെ നാടകങ്ങളിൽ വിവാദവിഷയങ്ങൾ ഉണ്ടായിരുന്നു, അവ കഥയുടെ പ്രധാന വിഷയങ്ങൾ ആയിരുന്നു എങ്കിലും അവ ഓരോ കുടുംബങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ ആയിരുന്നു. ആൻ എനെമി ഓഫ് ദ് പീപ്പിളിൽ വിവാദം പ്രധാന വിഷയം ആണ്. വില്ലൻ സമൂഹം മുഴുവനും ആണ്. കഥയുടെ ഒരു പ്രധാന സന്ദേശം ഒറ്റയ്ക്കു നിൽക്കുന്ന ഒരു വ്യക്തി മിക്കപ്പോഴും ഒരു ആൾക്കൂട്ടത്തെക്കാൾ (അറിവില്ലാത്തവരും ആട്ടിൻ‌കൂട്ടത്തെപ്പോലെ ഉള്ളവരുമായി ചിത്രീകരിച്ചിരിക്കുന്നു) ശരിയായ നിലപാട് സ്വീകരിക്കുന്നു എന്നതാണ്. സമൂഹം വിശ്വാസയോഗ്യമായ നന്മനിറഞ്ഞ സംവിധാനം ആണെന്നതായിരുരുന്നു വിക്ടോറിയൻ ചിന്താധാരയിലെ വിശ്വാ‍സം. ഇതിനെ ഇബ്സൻ ചോദ്യം ചെയ്തു. എനമി ഓഫ് ദ് പീപ്പിൾ എന്ന നാടകത്തിൽ ഇബ്സൻ സമൂഹത്തിലെ വലതുപക്ഷ, വിക്ടോറിയൻ ചിന്താഗതിയെ മാത്രമല്ല, അന്നത്തെ ലിബറലിസത്തിനെയും ആയിരുന്നു ചോദ്യം ചെയ്തത്. അദ്ദേഹം അന്നത്തെ ലിബറലിസവും സ്വന്തം ഉദ്ദ്യേശങ്ങൾ സഫലീകരിക്കുന്ന യാഥാസ്ഥിതികത്വവും ആയി ഒരു വ്യത്യാസവും ഇല്ല എന്ന് തുറന്നുകാട്ടി. തന്റെ മുൻപത്തെ രചനയായ ഗോസ്റ്റ്സ് നിരസിച്ച ആളുകൾക്കുള്ള ഒരു തിരിച്ചടിയും കൂടി ആയിരുന്നു ഈ നാടകം. ജനങ്ങൾ ഗോസ്റ്റ് എന്ന നാടകത്തിനെ നോക്കിക്കണ്ട രീതിയോടുള്ള ഒരു ദൂരവീക്ഷണവും ആയിരുന്നു ഈ നാടകം.

ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രം സമൂഹത്തിന്റെ നെടുംതൂണാവേണ്ട ഒരു ഡോക്ടർ ആണ്. പട്ടണം ഒരു ഒഴിവുകാല കേന്ദ്രം ആണ്. ഇവിടത്തെ പ്രധാന ആകർഷണം പൊതു കുളി ആണ്. ഇങ്ങനെ കുളിക്കാനുള്ള വെള്ളം ഒരു തുകൽ സംസ്കരണം ചെയ്യുന്ന ശാലയുടെ കീഴിലൂടെ അരിച്ച് പോകുന്നതുകൊണ്ട് വെള്ളം രോഗാണുക്കൾ നിറഞ്ഞ് മലിനമാകുന്നു എന്ന് ഡോക്ടർ കണ്ടുപിടിക്കുന്നു. സന്ദർശകരെ രോഗബാധിതരാക്കാവുന്ന ഈ പേടിസ്വപ്നത്തിൽ നിന്ന് നഗരത്തെ രക്ഷിച്ചതിന് അനുമോദനങ്ങളാണ് ഡോക്ടർ പ്രതീക്ഷിക്കുന്നത്. എന്നാൽ ജനങ്ങളുടെ ശത്രുവായി തദ്ദേശീയർ അദ്ദേഹത്തെ മുദ്രകുത്തുന്നു. അവർ ഡോക്ടർക്കെതിരായി സംഘം ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ കല്ലെറിയുന്നു. ഡോക്ടറിനെ സമ്പൂർണ്ണമായി ജനങ്ങൾ ഒറ്റപ്പെടുത്തുന്നതോടെ നാടകം അവസാനിക്കുന്നു. സമൂഹത്തിന്റെ സത്യം അഭിമുഖികരിക്കുവാനുള്ള മടി കൊണ്ട് സമൂഹത്തിനും ഡോക്ടറിനും വരാൻ പോകുന്ന ദുരന്തത്തെ കുറിച്ച് പ്രേക്ഷകന് ഒരു വ്യക്തമായ ചിത്രം ലഭിക്കുന്നു. ട്രൂമാനിസത്തിനു കീഴിലുള്ള അമേരിക്കയുടെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുയോജ്യമായി അമേരിക്കൻ നാടകകൃത്തായ ആർതർ മില്ലർ ഈ നാടകത്തിന്റെ ഒരു വകഭേദം എഴുതി. ഗണശത്രു എന്ന പ്രശസ്തമായ ബംഗാളി ചലച്ചിത്രം ഈ കഥയെ ആസ്പദമാകി നിർമ്മിച്ചതാണ്. (ഗണശത്രു - ജനങ്ങളുടെ ശത്രു). ഓസ്കാർ പുരസ്കാര ജേതാവായ വിഖ്യാത സംവിധായകനായ സത്യജിത്ത് റേ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. അമേരിക്കൻ നടനായ സ്റ്റീവ് മക്ക്വീൻ ഈ കഥയെ അവലംബിച്ച് 1978-ൽ സ്വയം നായകനായി ഒരു ചലച്ചിത്രം നിർമ്മിച്ചു.

കാണികൾ പ്രതീക്ഷിച്ചതുപോലെ, ഇബ്സന്റെ അടുത്ത നാടകവും രൂഢമൂലമായ വിശ്വാസങ്ങളെയും അടിസ്ഥാനങ്ങളെയും ചോദ്യം ചെയ്തു. എന്നാൽ ഇത്തവണ ഇബ്സന്റെ ആക്രമണം വിക്ടോറിയന്മാ‍രോടല്ല, മറിച്ച് പരിവർത്തനവാദികളോടും അവരുടെ ആ‍ശയപ്രതിബദ്ധതയോടും (ഐഡിയലിസം) ആയിരുന്നു. എന്നും സമൂ‍ഹത്തിലെ വിഗ്രഹങ്ങളെ തച്ചുടച്ച ഇബ്സൻ രാഷ്ട്രീയ രംഗത്തിലെ സത്യസന്ധമല്ലാത്ത ഏതു തത്ത്വശാസ്ത്രത്തെയും തച്ചുടയ്ക്കുവാൻ തയ്യാറായിരുന്നു - തന്റേതടക്കം.

ദ് വൈൽഡ് ഡക്ക് (1884‌) പലരും ഇബ്സന്റെ ഏറ്റവും നല്ല നാടകം ആയി കരുതുന്നു. ഇബ്സന്റെ കൃതികളിൽ ഏറ്റവും സങ്കീർണ്ണമായ കൃതി ഇതാണ്. ഗ്രെഗേർസ് വെർലെ എന്ന ചെറുപ്പക്കാ‍രൻ ഒരുപാടു നാളത്തെ പ്രവാ‍സജീവിതത്തിനു ശേഷം തന്റെ പട്ടണത്തിൽ തിരിച്ചെത്തുന്നു. തന്റെ ബാല്യകാല സുഹൃത്തായ ജാൽമർ എക്ടാലുമായി ഗ്രെഗേർസ് ഒരുമിക്കുന്നു. നാടകം പുരോഗമിക്കുന്നതോടെ എക്ടാലിന്റെ പുറമേ നിന്ന് സന്തുഷ്ടമെന്ന് തോന്നിക്കുന്ന വീട്ടിലെ പല രഹസ്യങ്ങളും ഗ്രെഗേർസിനു വെളിവാകുന്നു. ഗ്രെഗേർസ് പൂർണ്ണമായ സത്യം അഥവാ “ആശയങ്ങളുടെ പൂർത്തീകരണം” കണ്ടെത്തണം എന്ന് വാശിപിടിക്കുന്നു. സത്യങ്ങളുടെ കൂട്ടത്തിൽ: ഗ്രെഗേർസിന്റെ അച്ഛൻ തന്റെ വീട്ടിലെ വേലക്കാരിയായ ജിനയെ ഗർഭിണിയാക്കി. കുട്ടിയെ നിയമപരമാക്കുവാൻ ജിനയെ മകനായ എക്ടാലിന് വിവാഹം കഴിച്ചുകൊടുത്തു. ഗ്രെഗേർസിന്റെ അച്ഛൻ ചെയ്ത മറ്റൊരു കുറ്റത്തിന് മറ്റൊരാളെ കുറ്റക്കാരനായി വിധിച്ച് ജയിലിൽ അടച്ചു. എക്ടാൽ തന്റെ ദിവസങ്ങൾ പൂർണ്ണമായും സാങ്കൽപ്പികമായ ഒരു കണ്ടുപിടിത്തത്തിനായി ചിലവഴിക്കുമ്പോൾ ഭാര്യയാണ് വീട്ടുചിലവിനുള്ള പണം സമ്പാദിക്കുന്നത്.

ഈ നാടകത്തിൽ ഇബ്സൻ വിരോധാഭാസത്തെ പ്രതിഭാപൂർണ്ണമായി ഉപയോഗിച്ചിരിക്കുന്നു: സത്യം അറിയുവാൻ ശാഠ്യത്തോടെ വാശിപിടിക്കുമ്പൊഴും ഗ്രെഗേർസ് ഒരിക്കലും താൻ എന്താണ് ചിന്തിക്കുന്നത് എന്നു പറയുന്നില്ല. കുത്തിത്തിരിക്കുന്നതേ ഉള്ളൂ. ഗ്രെഗേഴ്സിനെ പ്രേക്ഷകർക്ക് നാടകാന്ത്യത്തിൽ മാത്രമേ മനസ്സിലാവുന്നുള്ളു. പല ഉപമകളിലൂടെയും ദുർഗ്രഹ വാക്യങ്ങളിലൂടെയും ഗ്രെഗേർസ് എക്ടാലിനെ കുറ്റം പറയുന്നു: ജിനയുടേ മകൾ, ഹെഡ്വിഗ്, എക്ടാലിന്റെ മകൾ അല്ല എന്നു മനസ്സിലാവുന്നതുവരെ. ഗ്രെഗേർസിന്റെ സമ്പൂർണ്ണ സത്യത്തിൽ ഉള്ള പിടിവാശി കാ‍രണം എക്ടാൽ കുഞ്ഞിന്റെ പിതൃത്വം ഉപേക്ഷിക്കുന്നു. താൻ ചെയ്തുകൂട്ടിയ പാതകങ്ങൾ കണ്ട് ഗ്രെഗേഴ്സ് കാര്യങ്ങൾ ശരിയാക്കണം എന്ന് നിശ്ചയിച്ചുറപ്പിക്കുന്നു. ഹെഡ്വിഗിനോട് അവളുടെ മുറിവേറ്റ വളർത്തുജീവിയായ കാട്ടുതാറാവിനെ എക്ടാലിനോടുള്ള അവളുടെ സ്നേഹം തെളിയിക്കാൻ ഉപേക്ഷിക്കണം എന്ന് ഗ്രെഗേർസ് ആവശ്യപ്പെടുന്നു. ഗ്രെഗേർസ് എപ്പോഴും ഉപമകളിലൂടെ ആണ് സംസാരിക്കുന്നത് എന്ന് അറിയാവുന്ന ഹെഡ്വിഗ് ഗ്രെഗേർസ് പറഞ്ഞ ആദ്യത്തെ അർത്ഥവത്തായ വാക്യമായ ഇതിന്റെ ആന്തരാർത്ഥം തിരയുന്നു. എന്നാൽ ഈ വാക്യത്തിന് ആന്തരാർത്ഥങ്ങൾ ഇല്ലായിരുന്നു. ഹെഡ്വിഗ് എക്ടാലിനോടുള്ള തന്റെ സ്നേഹം തെളിയിക്കുവാൻ താറാവിനെ കൊല്ലുന്നതിനുപകരം സ്വയം കൊല്ലുന്നു - ഏറ്റവും വലിയ സ്വയംത്യാഗമായി. എല്ലാം വൈകിപ്പോകുമ്പോൾ മാത്രമേ എക്ടാലിനും ഗ്രെഗേഴ്സിനും “ആശയത്തിന്റെ” (ഐഡിയൽ) സമ്പൂർണ്ണ സത്യം പലപ്പോഴും മനുഷ്യഹൃദയത്തിനു താങ്ങാവുന്നതിലേറെ ആണെന്ന് മനസ്സിലാവുന്നുള്ളൂ.

ഇബ്സൻ എഡ്മണ്ട് ഗോസ്സിന് 1899-ൽ അയച്ച കത്ത്

തന്റെ ജീവിതത്തിന്റെ പൂർവ്വഭാഗത്ത് ഇബ്സൻ കൂടുതലും ആത്മപരിശോധനയിൽ അധിഷ്ഠിതമായ നാടകങ്ങൾ ആണ് എഴുതിയത്. വിക്ടോറിയൻ സന്മാർഗ്ഗികതയെ എതിർക്കുന്നതിൽ ഇവ വലിയ താല്പര്യം കാണിച്ചില്ല. ഹെഡ്ഡ ഗാബ്ലർ (1890), ദ് മാസ്റ്റർ ബിൽഡർ (1892) തുടങ്ങിയ നാടകങ്ങളിൽ വിക്ടോറിയൻ കെട്ടുപാടുകളെ കവിഞ്ഞ് മുന്നോട്ടുപോവുന്ന മാനസിക സംഘർഷങ്ങളെ പര്യവേഷണം ചെയ്തു. വിക്ടോറിയൻ വിരുദ്ധ ആശയങ്ങൾ കാലംചെന്നതും ലളിതവും ആവർത്തനവിരസവുമായി കാണുന്ന പല ആധുനിക വായനക്കാരും ഈ കാലയളവിലെ രചനകളെ അവയുടെ ശക്തവും യുക്തിഭദ്രവുമായ വ്യക്തികളുടെ മാനസിക സംഘർഷ വിശകലനത്തിനുവേണ്ടി ഇഷ്ടപ്പെടുന്നു. ഹെഡ്ഡ ഗാബ്ലർ, ദ് മാസ്റ്റർ ബിൽഡർ എന്നിവയിലെ നാ‍യികാ കഥാപാത്രങ്ങളുടെ രാക്ഷസ സമമായ ഊർജ്ജം ചുറ്റുമുള്ളവർക്ക് ഒരേസമയം ആകർഷകവും എന്നാൽ അവരെത്തന്നെ നശിപ്പിക്കുന്നതുമാണ്. ഇബ്സന്റെ ഏറ്റവും കൂടുതൽ രംഗാവതരണം നടന്ന നാടകം ഒരുപക്ഷേ ഹെഡ്ഡാ ഗാബ്ലർ ആയിരിക്കും. ഇന്നും ഈ നാടകത്തിലെ നായികാവേഷം നടിമാർക്ക് ഏറ്റവും പ്രയാസമുള്ളതും എന്നാൽ ഏറ്റവും സംതൃപ്തിദായകവുമാണ്. “എ ഡോൾസ് ഹൌസ്” എന്ന നാടകത്തിലെ നായികയായ ഡോറയും ഹെഡ്ഡയുമായി ചില സാമ്യങ്ങൾ ഉണ്ട്. എങ്കിലും ഇന്നത്തെ നാടക പ്രേക്ഷകരും നിരൂപകരും ഹെഡ്ഡയുടെ പിരിമുറുക്കവും മുന്നേറ്റശക്തിയും നോറയുടെ ദൈനംദിന സ്ത്രീത്വവാദത്തെക്കാൾ വളരെ സങ്കീർണ്ണവും അഭിനയിച്ച് പ്രതിഭലിപ്പിക്കുവാൻ വളരെ പ്രയാസവും ആണെന്ന് കരുതുന്നു.

ഇബ്സൻ നാടകത്തിന്റെ നിയമങ്ങൾ പാടെ തിരുത്തിയെഴുതി നാടകത്തിൽ റിയലിസം കൊണ്ടുവന്നു. ഇത് പിന്നീട് ചെഖോവും മറ്റുള്ളവരും അവരുടെ നാടകങ്ങളിൽ സ്വീകരിച്ചു. ഇന്നും നാടകങ്ങളിൽ നമ്മൾ ഈ ശൈലി കാണുന്നു. ഇബ്സനു ശേഷം പ്രശ്നങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്നതും വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതും ആൾക്കാരെ രസിപ്പിക്കുന്നതിനെ അപേക്ഷിച്ച് നാടകത്തിന്റെ മൂലഘടകങ്ങളായി മാറി. ഇബ്സൻ 1891-ൽ നോർവ്വെയിൽ തിരിച്ചുപോയി. പക്ഷേ ഇബ്സൻ വിട്ടുപോയ നോർവ്വെ അല്ലായിരുന്നു തിരിച്ചുചെന്നപ്പോൾ. ഇബ്സനു ചുറ്റും നടന്ന സാമൂഹിക മാറ്റങ്ങൾക്ക് ഇബ്സൻ ഒരു വലിയ ഘടകമായിരുന്നു. വിക്ടോറിയൻ കാലഘട്ടം വീഴാറായിരുന്നു. മോഡേണിസം നാടകവേദിയിൽ മാത്രമല്ല, പൊതുജീവിതത്തിലും ജനപ്രീതിയാർജ്ജിച്ചുകൊണ്ടിരുന്നു. ഇബ്സൻ ക്രിസ്റ്റ്യാനിയയിൽ 1906 മെയ് 23-നു ഹൃദയാഘാതം മൂലം അന്തരിച്ചു. 2006-ൽ അദ്ദേഹത്തിന്റെ ചരമശതാബ്ദി നോർവ്വെയിലും മറ്റു പല രാജ്യങ്ങളിലും ആഘോഷിച്ചു. നോർവ്വീജിയൻ അധികൃതർ 2006 “ഇബ്സൻ വർഷം” ആയി ആഘോഷിച്ചു.

പലവക[തിരുത്തുക]

  • മെയ് 2006-നു ന്യൂയോർക്ക് നഗരത്തിലെ സാൻഫോർഡ് മെയ്സ്നർ തിയ്യെറ്ററിൽ ഇബ്സന്റെ ജീവചരിത്രം ആസ്പദമാക്കി "ദ് ഡെത്ത് ഓഫ് ലിറ്റിൽ ഇബ്സൻ" എന്ന ഒരു പാവകളി അരങ്ങേറി.
  • ഇബ്സൻ ചിരിക്കുന്ന ഒരു ചിത്രം മാത്രമേ ലഭ്യമായുള്ളൂ.

ഇബ്സനും മലയാള നാടകവേദിയും[തിരുത്തുക]

1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴിതെളിച്ചു. പ്രശസ്തനിരൂപകനാ‍യ എ. ബാലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങൾ’ 1936ഇൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് മലയാളത്തിൽ അനേകം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1940-ൽ സി. നാരായണപിള്ള ‘റോസ്മെർഹോം’ മലയാളത്തിലേക്കു വിവർത്തനം ചെയ്തു.

2008-ൽ ഇബ്സന്റെ ദ് മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആധാരമാക്കി ആകാശഗോപുരം എന്ന ഒരു മലയാളചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്[3].

കൃതികൾ[തിരുത്തുക]

കവിത[തിരുത്തുക]

അധാര സൂചിക[തിരുത്തുക]

  1. "Ibsen Celebration to Spotlight 'Father of Modern Drama'". Bowdoin College. 2007-01-23. Archived from the original on 2013-12-12. Retrieved 2007-03-27.
  2. "Ibsen.net (English version)". National Library of Oslo with funding from the Norwegian government. Archived from the original on 2007-07-13. Retrieved 2007-03-27.
  3. http://in.movies.yahoo.com/news-detail.html?news_id=32087[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇബ്‌സൻ&oldid=3996937" എന്ന താളിൽനിന്ന് ശേഖരിച്ചത്