അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)
| International Film Festival of Kerala | |
|---|---|
![]() കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം 2009 ലോഗോ |
|
| സ്ഥലം | തിരുവനന്തപുരം |
| ആതിഥേയത്വം | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി |
| തിയതി | ഡിസംബർ |
| ഔദ്യോഗിക സൈറ്റ് | |
കേരളസംസ്ഥാനസർക്കാരിന്റെ സാംസ്കാരികവകുപ്പിനുകീഴിൽ നടത്തിവരുന്ന അന്തർദ്ദേശീയചലച്ചിത്രമേളയാണ് കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം (International Film Festival of Kerala - IFFK) . 1996-ലാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. 1998-ൽ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപനത്തോടെ മേള അക്കാദമി എറ്റെടുത്ത് നടത്തിവരുന്നു. തിരുവനന്തപുരമാണ് മേളയുടെ സ്ഥിരംവേദി. എല്ലാ വർഷവും ഡിസംബർ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് അന്തർദ്ദേശീയചലച്ചിത്രോത്സവം നടക്കുന്നത്. ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങളുടെ മത്സരവും ഉൾപ്പെടും. മൂന്നാംലോകരാഷ്ട്രങ്ങളിൽനിന്നുള്ള ചിത്രങ്ങൾക്കാണ് മേളയിൽ പ്രാമുഖ്യം. ലോകചിത്രങ്ങളെയും മറ്റ് ഇന്ത്യൻഭാഷാചിത്രങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം. ദേശത്തും വിദേശത്തുമുള്ള പ്രമുഖരും ചലച്ചിത്രാസ്വാദകരും കേരളത്തിന്റെ അന്തർദ്ദേശീയചലച്ചിത്രോത്സവത്തെ വൻവിജയമാക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] അവാർഡുകൾ
ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും സംയുക്തമായി ശിൽപവും 15,00,000 രൂപയും.
- രജതചകോരം
മികച്ച സംവിധായകനു നൽകുന്ന പുരസ്കാരം. ശിൽപവും 300,000 രൂപയും.
- രജതചകോരം (നവാഗത സംവിധായകൻ)
മികച്ച നവാഗത സംവിധായകനു നൽകുന്ന പുരസ്കാരം. ശിൽപവും 200,000 രൂപയും.
- പ്രേക്ഷക പുരസ്കാരം (രജതചകോരം )
ചലച്ചിത്രമേളയിലെ പ്രതിനിധികൾ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന മത്സരത്തിലെ ഒരു ചിത്രത്തിനു നൽകുന്ന പുരസ്കാരം. പുരസ്കാരത്തോടൊപ്പം 100,000 രൂപയും നൽകുന്നു.
- ഫിപ്രസി പുരസ്കാരം
രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും 2009 മുതൽ മികച്ച മലയാളചിത്രത്തിനുമായി നൽകുന്ന പുരസ്കാരം.
- നാറ്റ്പാക് പുരസ്കാരം
മികച്ച മലയാളചിത്രത്തിനും ഏഷ്യയിലെ മത്സരവിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രത്തിനും നൽകുന്ന പുരസ്കാരം
- ഹസൻകുട്ടി അവാർഡ് (മീരാ നായർ ഏർപ്പെടുത്തിയ അവാർഡ്)
- സ്പെഷ്യൽ ജൂറി അവാർഡ്
[തിരുത്തുക] അവാർഡ് നേടിയ ചിത്രങ്ങൾ[1]
[തിരുത്തുക] മേളകൾ
[തിരുത്തുക] ഐ.എഫ്.എഫ്.കെ. 2011
16-ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2011 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്തു വച്ചു നടന്നു. അണ്ടർ ദി ഹോതോൺ ട്രീ എന്ന ചൈനീസ് ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. ഏകദേശം മുന്നൂറോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ്എന്ന സിനിമയാണു സുവർണചകോരംനേടിയത്.എ സ്റ്റോൺസ് ത്രോ എവേ,ദ പെയിൻറിങ് ലസൺഎന്നിവ രജത ചകോരം നേടി
[തിരുത്തുക] ഐ.എഫ്.എഫ്.കെ. 2010
2010-ലെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം 2010 ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത് വെച്ച് നടന്നു. പ്ലീസ് ഡു നോട്ട് ഡിസ്റ്റർബ്' എന്ന ഇറാനിയൻ ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം[2].
മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ മയൂരം കാർലോസ് ഗവിരിയ സംവിധാനം ചെയ്ത പോർട്രെയ്റ്റ്‌സ് ഇൻ എ സീ ഓഫ് ലൈസ് എന്ന കൊളംബിയൻ ചിത്രം നേടി. നവാഗത ചിത്രത്തിനുള്ള രജതചകോരം ടർക്കിയിൽ നിന്നുള്ള സെഫയർ എന്ന ചിത്രത്തിനു ലഭിച്ചു.[3]
നവാഗത സംവിധായികയക്കുള്ള പുരസ്‌കാരം ജൂലിയ സൊളമോനോഫ് നേടി. ' ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ഈ പുരസ്കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്‌കാരവും ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ഐ ആം അഫിയ മേഘ അഭിമന്യു ഒമർ എന്ന ഇന്ത്യൻ ചിത്രംനേടി. ഒനിൽ ആണു ഈ ചിത്രം സംവിധാനം ചെയ്തത്[3].
നവാഗത ഇന്ത്യൻ സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്‌കാരം വിപിൻ വിജയ് നേടി. വിപിൻ സംവിധാനം ചെയ്ത മലയാളചിത്രം ചിത്രസൂത്രം ആയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരം അപർണ സെൻ സംവിധാനം ചെയ്ത ദ ജപ്പാനീസ് വൈഫിനാണ്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ചിത്രവും ഫിപ്രസി അവാർഡ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രവും നേടി[3].
[തിരുത്തുക] ഐ.എഫ്.എഫ്.കെ. 2009
2009 ഡിസംബർ 11 മുതൽ 18 വരെയായിട്ടാണ് പതിനാലാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവം നടന്നത്.തുർക്കി സംവിധായകനായ അടിൽ ഇനാക് സംവിധാനം ചെയ്ത എ സ്റ്റെപ് ഇൻ റ്റു ദ ഡർക്ക്നെസ്സ് ആയിരുന്നു മേളയിലെ ഉദ്ഘാടനചിത്രം[4]. ബഹ്മാൻ ഗൊബാദി അദ്ധ്യക്ഷനായുള്ള ജൂറിയാണ് സുവർണ്ണചകോരം നേടിയ ചിത്രങ്ങളെയും രജതചകോരം നേടിയ സംവിധായകരെയും തിരഞ്ഞെടുത്തത്. കോംഗോളിയൻ സംവിധായകൻ ബലൂഫു ബകുപ-കന്യിന്ദ, പ്രസിദ്ധ നർത്തകിയും നടിയുമായ മമ്‌താ ശങ്കർ, ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനാർഗെ, ഈജിപ്ഷ്യൻ സംവിധായക ഹലാ ഖലീൽ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.
164 ചിത്രങ്ങളാണ് 8 തീയേറ്ററുകളിലായി മേളയിൽ പ്രദർശിപ്പിച്ചത്. ഇതിൽ മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഉൾപ്പെടുന്നു.[5]. അമ്പത് വർഷത്തെ ഫ്രഞ്ച് നവതരംഗസിനിമയിലെ നാഴികക്കല്ലുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഭാഗമാണ് 2009-ലെ പുതുമ. മൃണാൾ സെൻ, ഴാക്വസ് താതി, മികിയോ നരൂസെ, അർത്തൂറോ റിപ്സ്റ്റീൻ, ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങൾ റിട്രോസ്പെക്റ്റീവ് വിഭാഗത്തിലും റൂൾ പെൿ, പെനെൿ എന്നിവരുടെ ചിത്രങ്ങൾ കണ്ടമ്പററി മാസ്റ്റേഴ്സ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. ക്യൂബൻ, സമകാലിക ആഫ്രിക്കൻ ചിത്രങ്ങളാണ് കണ്ട്രി ഫോകസ് വിഭാഗത്തിൽ ഉണ്ടായിരുന്നത്. ശോഭനാ പരമേശ്വരൻ നായർ, കെ.പി. തോമസ്, അടൂർ ഭവാനി, മാധവിക്കുട്ടി, മുരളി, രാജൻ പി.ദേവ് എന്നിവരെ അനുസ്മരിക്കുന്ന സ്മൃതിചിത്രങ്ങളും (ഹോമേജ് വിഭാഗം) ചിത്രപ്രദർശനവുമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത.[6]
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഇറാനിയൻ ചിത്രമായ എബൗട്ട് എല്ലി (സംവിധാനം: അസ്ഗർ ഫർഹാദി), ഇന്തോനേഷ്യൻ ചിത്രമായ ജെർമൽ (സംവിധാനം: രവി എൽ. ബർവാനി) എന്നിവ പങ്കിട്ടു. പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം തജാക്കിസ്ഥാനിൽ നിന്നുള്ള ട്രൂ നൂൺ എന്ന ചിത്രത്തിനു ലഭിച്ചു. മികച്ച സംവിധായകനും മികച്ച നവാഗതസംവിധായകനുമുള്ള രജതചകോരങ്ങൾക്ക് യഥാക്രമം ട്രൂ നൂണിന്റെ സംവിധായകൻ നോസിർ സിയദോവും ദക്ഷിണാഫ്രിക്കൻ ചിത്രമായ മൈ സീക്രട്ട് സ്കൈയുടെ സംവിധായകൻ മഡോഡ മകിയാനയും അർഹരായി. മികച്ച ചിത്രമായി ഫിപ്രസി തിരഞ്ഞെടുത്തത് എ ഫ്ലൈ ഇൻ ദ ആഷസ് (സംവിധാനം: ഗബ്രിയേല ഡേവിഡ്) എന്ന അർജന്റീനിയൻ ചിത്രത്തെയും മികച്ച മലയാളചലച്ചിത്രമായി തിരഞ്ഞെടുത്തത് ജോഷി മാത്യു സംവിധാനംചെയ്ത പത്താം നിലയിലെ തീവണ്ടിയുയുമാണ്. മികച്ച ഏഷ്യൻ ചലച്ചിത്രത്തിനും മികച്ച മലയാളചലച്ചിത്രത്തിനുമുള്ള നെറ്റ്പാൿ പുരസ്കാരങ്ങൾ യഥാക്രമം ജെർമലും കേരള കഫേയും നേടി. മികച്ച ഇന്ത്യൻ നവാഗതസംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം മറാത്തിചിത്രമായ ഹരിശ്ചന്ദ്രാസ് ഫാൿറ്ററിയുടെ സംവിധായകൻ പരേഷ് മൊകാച്ചി[7]
[തിരുത്തുക] അവലംബം
- ↑ കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവം - എ.മീരാസാഹിബ്, ജനപഥം ഡിസംബർ 2011
- ↑ "Inaugural film: ‘Please Do Not Disturb’". Indian Express. http://expressbuzz.com/cities/thiruvananthapuram/inaugural-film-%E2%80%98please-do-not-disturb%E2%80%99/227618.html, ശേഖരിച്ചത്: 2 December 2010.
- ↑ 3.0 3.1 3.2 കൊളംബിയൻ ചിത്രത്തിന് സുവർണചകോരം
- ↑ "പലായന കഥ ഉദ്ഘാടന ചിത്രം" (മലയാളം ഭാഷയിൽ). മനോരമ ഓൺലൈൻ. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6388288&tabId=3&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: 18 December 2009.
- ↑ "ചലച്ചിത്രമേളയിൽ ഇന്ന്" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/static/others/special/story.php?cat=487&id=72365, ശേഖരിച്ചത്: 18 December 2009.
- ↑ "List of Films - 14th IFFK" (English ഭാഷയിൽ). KSCA. http://www.iffk.keralafilm.com/list.htm, ശേഖരിച്ചത്: 19 ഡിസംബർ 2009.
- ↑ "എബൗട്ട് എല്ലിയും ജർമലും സുവർണ ചകോരം പങ്കിട്ടു" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/story.php?id=72434, ശേഖരിച്ചത്: 19 ഡിസംബർ 2009.
