Jump to content

ഹോ ചി മിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൊ ചി മിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1890 മേയ് 19 – 1969 സെപ്റ്റംബർ 2

അപരനാമം: ൻഗുയെൻ സിൻ കുങ്
ജനനം: 1890 മേയ് 19
ജനന സ്ഥലം: ഹോആങ് ട്രൂ, എങ്ഖെ ആൻ, വിയറ്റ്നാം
മരണം: 1969 സെപ്റ്റംബർ 2
മരണ സ്ഥലം: ഹനോയ്,വിയറ്റ്നാം
മുന്നണി: വിയറ്റ്നാം ഏകീകരണം
സംഘടന: വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി
വിയറ്റ്നാമീസ് പേര്
Vietnamese name
VietnameseHồ Chí Minh
Hán-Nôm
വിയറ്റ്നാമീസ് ജനന നാമം
Vietnamese name
VietnameseNguyễn Sinh Cung
Hán-Nôm

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ (മേയ് 19, 1890സെപ്റ്റംബർ 2, 1969). അമേരിക്ക ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ, അത് ഈ കൊച്ചുമനുഷ്യന്റെയും വിയറ്റ്നാമിന്റേയും മുന്നിലാണ് എന്ന് ഇദ്ദേഹത്തിന്റെ ചരമകോളത്തിൽ ന്യൂയോർക്ക് ടൈസ് പ്രഖ്യാപിക്കുകയുണ്ടായി [1] ഹോചിമിൻ (Hồ Chí Minh) എന്ന പേരിനർത്ഥം ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നാണ്. ഇദ്ദേഹത്തെ ജനങ്ങൾ ഹോ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്.

1941 മുതൽ വിയറ്റ്മിൻ ഇൻഡിപെൻഡൻസ് മൂവ്മെന്റ് നയിച്ചിരുന്നത് ഹോ ചിമിൻ ആണ്. 1945 ൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് റിപ്ലബിക്ക് ഓഫ് വിയറ്റ്നാം സ്ഥാപിച്ചു. ഡിയൻബിയൻഫു യുദ്ധത്തിൽ ഫ്രഞ്ച് യൂണിയനെ തോൽപിച്ചു. 1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള യുദ്ധത്തെ മുന്നിൽ നിന്നു നയിച്ചു. യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ് വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോൺ, ഹോ ചി മിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു.

ജീവ ചരിത്രം

[തിരുത്തുക]

ബാല്യം

[തിരുത്തുക]

1890 മേയ് 19 നു മധ്യ വിയറ്റ്നാമിലെ എങ്ഖെ ആൻ പ്രവിശ്യയിൽ ഹോആങ് ട്രൂ എന്ന ഗ്രാമത്തിൽ ആണ് ഹോ ജനിച്ചത്. ചെറുപ്പത്തിലെ പേര് ൻഗുയെൻ സിൻ കുങ് (Nguyễn Sinh Cung) എന്നായിരുന്നു. അദ്ദേഹം വളർന്നത് കിംലിയെൻ എന്ന ഗ്രാമത്തിലാണ്. അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളായിരുന്നു. അന്ന് വിയറ്റ്നാം ഫ്രാൻസിന്റെ കോളനിയായിരുന്നു. 1858-1884 കാലത്തിലാണ് ഫ്രഞ്ചുകാർ വിയറ്റ്നാമിനെ കച്ചവട താല്പര്യങ്ങൾ മുൻ നിർത്തി ഒരു കോളനിയാക്കിയത്. പത്തു വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിന് ൻഗുയെൻ ടാട് താൻഹ് (Nguyễn Tất Thành)എന്ന് പേർ വച്ചു (അർത്ഥം പൂർത്തിയാക്കിയവൻ). ഹോയുടെ പിതാവ്, ൻഗുയെൻ സിൻ സാക് (Nguyễn Sinh Sắc) ഒരു കടുത്ത കൺഫൂഷ്യസ് മത വിശ്വാസിയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ൻഗുയെൻ ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടി[2]. വിയറ്റ്നാമിലെ രാജകൊട്ടാരത്തിൽ ഗുമസ്തവേല ചെയ്തിരുന്ന അദ്ദേഹം രാജസഭയിൽ ജോലി ചെയ്യുന്നതിന് വിസമ്മതിച്ചതു മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടൽ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു. അദ്ദേഹം ഫ്രഞ്ചു വാഴ്ചക്കെതിരായി പ്രതിഷേധിച്ചിരുന്നവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. അദ്ദേഹം കൊച്ചു ഹോയ്ക്ക് കൺഫൂഷ്യസിന്റെ മത തത്ത്വങ്ങൾ പറഞ്ഞുകൊടുക്കുകയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിക്കൊടുക്കയും ചെയ്തു. ഫ്രഞ്ച് രീതിയിലുള്ള ഔപചാരികമായ വിദ്യാഭ്യാസവും അദ്ദേഹം ആർജ്ജിച്ചു. ഹോ യും അച്ഛനെ പിന്തുടർന്ന് സ്വാതന്ത്ര്യ പ്രവർത്തനങ്ങളിൽ മുഴുകി.

1911-ൽ അദ്ദേഹം അമിറൽ ലാതോഷ്-ട്രെവിൽ എന്ന നീരാവിക്കപ്പലിൽ കുശിനിക്കാരനായ് ജോലിചെയ്ത് ഫ്രഞ്ച് മാഴ്സേയിൽ എത്തിച്ചേർന്നു. പുനർ വിദ്യാഭ്യാസം ആയിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയൽ മേൽനോട്ട വിദ്യാലയം നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളിൽ കൂലി വേലകളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അറിവിനായുള്ള ദാഹം തീർക്കാൻ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദർശിക്കുക പതിവാക്കി. അവിടത്തെ പുസ്തകങ്ങളും ദിനപത്രങ്ങളും അരിച്ചു പെറുക്കി വായിച്ചു. അദ്ദേഹം റഷ്യൻ വിപ്ലവത്തിലും മാർക്സിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായി.

അമേരിക്കയിൽ

[തിരുത്തുക]
ഹോചിമിന്റെ ഹാനോയിയിലെ വീട്

1912-ൽ മറ്റൊരു കപ്പലിലെ കുശിനിക്കാരന്റെ സഹായിയായി ഹോ അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. ഒരു വർഷക്കാലം അദ്ദേഹം കപ്പലിൽ തന്നെ ജോലി നോക്കി. ബോസ്റ്റണിലും ന്യൂ യോർക്കിലുമായി കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹം പലയിടങ്ങളിലുമായി പല ജോലികൾ ചെയ്തു. 1917 മുതൽ ഒരു വർഷം ബ്രൂക്ക്‌ലിനിലെ ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം അമേരിക്കയിൽ തമ്പടിച്ചിരുന്ന കൊറിയക്കാരായ ദേശസ്നേഹികളുമായി അടുപ്പത്തിലായതും ദേശസ്നേഹം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടതും എന്ന് പറയപ്പെടുന്നു.[3].

ഇംഗ്ലണ്ടിൽ

[തിരുത്തുക]

1913 നും 1919 നും ഇടക്ക് അദ്ദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത് [4] ഇക്കാലത്ത് ലോകപ്രശസ്തനായ കേക്ക് നിർമ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴിൽ കേക്ക് നിർമ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ലണ്ടനിലെ വെസ്റ്റ് ഈലിംഗിലുള്ള ഡ്രേടൺ ഹോട്ടലിൽ ഹോ ചിമിൻ ഒരു തൂപ്പുകാരനായും, പാത്രങ്ങൾ കഴുകുന്ന ആളായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജപ്പാനേയും, ഫ്രാൻസിനേയും, അമേരിക്കയേയും എല്ലാം യുദ്ധത്തിൽ തോൽപ്പിക്കുന്നതിനു മുമ്പ് ഹോ ചിമിൻ തന്റെ ചെറുപ്പകാലത്തിൽ കുറേ സമയം ചെലവഴിച്ചത് ഡ്രേടൺ ഹോട്ടലിന്റെ അടുക്കളയിലായിരുന്നു [5]. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഏറ്റവും കുറച്ചു വിവരങ്ങളുള്ളത് ഈ വിദേശവാസക്കാലത്തെക്കുറിച്ചാണ്. അക്കാലത്ത് രാഷ്ട്രീയപരമായി ഹോ ചിമിൻ അത്ര പ്രശസ്തനുമല്ലായിരുന്നു.

രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി ഫ്രാൻസിൽ

[തിരുത്തുക]

1919 മുതൽ 1923 വരെ ഫ്രാൻസിൽ ജീവിക്കുമ്പോൾ ഹോ ചിമിൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അടുത്തു. അദ്ദേഹത്തിന്റെ സുഹൃത്തും, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഫ്രാൻസിലെ സഖാവുമായ മാർസെൽ കാഷിന്റെ സഹവാസമായിരുന്നു ഈ കമ്മ്യൂണിസത്തോടുള്ള അടുപ്പത്തിനു കാരണം. 1917 ൽ തന്നെ താൻ ലണ്ടനിൽ നിന്നും പാരീസിലെത്തി എന്നു ഹോ ചി മിൻ അവകാശപ്പെടുന്നു. എന്നാൽ ഫ്രഞ്ച് പോലീസിന്റെ കൈയ്യിൽ അദ്ദേഹം 1919 ൽ പാരീസിൽ എത്തിയതായുള്ള രേഖകളാണ് ഉള്ളത് [3]. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത്, ഫ്രഞ്ച് ഇന്റോചൈനയിലുള്ള വിയറ്റ്നാമീസ് പൗരൻമാരുടെ മൗലികഅവകാശങ്ങൾക്കു വേണ്ടി പരാതികൾ ഉന്നയിച്ചെങ്കിലും അതെല്ലാം അവഗണിക്കപ്പെടുകയാണുണ്ടായത്. വിയറ്റ്നാമിനെ ഫ്രഞ്ച് അധീനതയിൽ നിന്നും വിടുവിക്കണം എന്നു കാണിച്ച് അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസന് ഹോ ചി മിൻ പരാതി നൽകിയിരുന്നു. ശ്രദ്ധിക്കപ്പെടാതെ പോയ ഇത്തരം പരാതികൾ അദ്ദേഹത്തെ ഒരു തീവ്രവാദ ചിന്താഗതികളിലേക്കു നയിച്ചു. ഇതേ സമയം ഹോ ചി മിൻ നാട്ടിലെ കോളനിവിരുദ്ധ സമരത്തിലെ ദേശീയ ഹീറോ ആയി മാറുകയും ചെയ്തു [6].

1920 ൽ കോൺഗ്രസ്സ് ഓഫ് ടൂർസ് ന്റെ കാലത്ത് ഹോ ചിമിൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫ്രാൻസിന്റെ സ്ഥാപകാംഗമായി മാറി. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഷ്യയിലെ നേതാവും കോളനിവാഴ്ചക്കെതിരേയുള്ള സമരത്തിന്റെ സൈദ്ധാന്തികനുമായി മാറി. ഇൻഡോചൈന യുദ്ധത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫി ഫ്രാൻസ് അതിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 1922 മെയ്, ഫ്രാൻസിലെ കായിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ അവരുടെ ലേഖനങ്ങളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ വിമർശിച്ചുകൊണ്ട് ഹോ ചി മിൻ ഒരു ലേഖനം എഴുതുകയുണ്ടായി [7].

സോവിയറ്റ് യൂണിയനിലും ചൈനയിലും

[തിരുത്തുക]

1923 ൽ ഹോ ചിമിൻ പാരീസിൽ നിന്ന് മോസ്കോയിലേക്ക് യാത്രയായി. അവിടെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ഉദ്യോഗസ്ഥനായി ചേരുകയും, കമ്മ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ദ ടോയിലേഴ്സ് ഓഫ് ദ ഈസ്റ്റിൽ പഠനം തുടങ്ങുകയും ചെയ്തു [8] [9]. നവംബർ 1924 ന് റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ എത്തുന്നതിനു മുൻപ് അദ്ദേഹം അഞ്ചാമത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ പങ്കെടുക്കുകയും ചെയ്തു. വിയറ്റ്നാമിലെ രാഷ്ട്രീയത്തെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ള മാദ്ധ്യമപ്രവർത്തകനായ ഹൊവാങ് വാൻ ചി പറയുന്നത്, ഹോചി മിൻ 100,000 പിയാസ്റ്ററിനു വേണ്ടി ഫാൻ ബോയി ചാ എന്ന നേതാവിനെ ഷാങ്ഹായിൽ വെച്ച് ഫ്രഞ്ച് പോലീസിനു ഒറ്റു കൊടുത്തു എന്നാണ്. ഹോ ചിമിൻ പിന്നീട് ഇത് താൻ തന്നെ ചെയ്തു എന്നു സമ്മതിച്ചിട്ടുണ്ട്. ഫാൻ ബോയിയുടെ വിചാരണ ഫ്രഞ്ച് വിരുദ്ധ വികാരങ്ങളെ ആളിക്കത്തിക്കുമെന്ന് അദ്ദേഹം വിചാരിച്ചു, കൂടാതെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാനായി തനിക്കു പണവും ആവശ്യമുണ്ടായിരുന്നത്രെ [10]. എന്നാൽ ഹോ ചി മിൻ: എ ലൈഫ് എന്ന പുസ്തകത്തിൽ വില്ല്യം ഡ്വിക്കർ ഈ കഥയെ തള്ളിക്കളയുന്നു. ഫാൻ ബോയിയുടെ അറസ്റ്റിനു കാരണക്കാരൻ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ൻഗുയെൻ തുവോങ് ഹീയൻ ആണെന്ന് വില്ല്യം പറയുന്നു.

1925ൽ ഹോചിമിൻ യുവാക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള ക്ലാസ്സുകൾ എടുത്തിരുന്നു, കൂടാതെ ഇൻഡോചൈനിയിലെ വിപ്ലവപ്രസ്ഥാനങ്ങളെക്കുറിച്ച് വാംപോവാ മിലിട്ടറി അക്കാദമിയിൽ ക്ലാസ്സുകളും എടുത്തിരുന്നു. ഈ കാലഘട്ടത്തിൽ ഹോ ചിമിൻ ഒരു ചൈനീസ് യുവതിയെ വിവാഹം കഴിച്ചു [11]. ഇതിനെ ചോദ്യം ചെയ്ത സഖാക്കളോട് ഹോ ചിമിൻ പ്രതികരിച്ചതിങ്ങനെയാണ്. എന്നെ ഭാഷ പഠിപ്പിക്കാനും, വീട് നോക്കാനും എനിക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട് എന്നാണ് [11] വിവാഹ സമയത്ത് ഹോചിമിന് 36 വയസ്സും, അദ്ദേഹത്തിന്റെ ഭാര്യക്ക് 21 വയസ്സും ഉണ്ടായിരുന്നു .[11]. ഒരു കമ്മ്യൂണിസ്റ്റ് സഖാവിന്റെ വസതിയിലാണ് ഇരുവരും താമസിച്ചിരുന്നത്.

1927ൽ ചിയാംഗ് കൈഷക് അദ്ദേഹത്തെ വേട്ടയാടാൻ ശ്രമിച്ചെങ്കിലും, ഹോചിമിൻ മോസ്ക്കോയിലേക്കു കടന്നു കളഞ്ഞു. അവിടെ വെച്ച് തന്നെ ബാധിച്ചിരുന്ന ക്ഷയരോഗത്തിൽ നിന്നും രക്ഷനേടുവാനായി കുറച്ചു നാൾ അവിടെ വിശ്രമിക്കുകയുണ്ടായി. അവിടെ നിന്നും ഹോചിമിൻ, ബെർലിൻ, സ്വിറ്റ്സർലാന്റ്, ഇറ്റലി, വഴി ബാങ്കോക്കിലേക്കു വന്നു. ജൂലൈ 1928 നാണ് ഹോചിമിൻ ബാങ്കോക്കിലെത്തിയത്.

ലെനിൻ രചിച്ച “തിസീസ് ഓൺ ദ നാഷണൽ ആന്ഡ് കൊളോണിയൽ ക്വസ്ത്യൻ‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബലം നല്കി. 1923-ല് മോസ്കോയിലെത്തി ഹോ മാർക്സിസം പഠിച്ചു. അടുത്ത വർഷം ഇൻഡോ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാൻറണിലെത്തി. അവിറ്റെ സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു. ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ വളർത്തുകയായിരുന്നു ലക്ഷ്യം. 1929ഇന്ത്യയിലേക്കും, ഷാങ്ഹായിലേക്കും രക്ഷപ്പെടുന്നതിനു മുമ്പ് ഹോ ചിമിൻ തായ്ലൻഡിൽ തന്നെയാണ് തന്റെ പ്രവർത്തനം നടത്തിയിരുന്നത് [12]. 1931 ൽ ഹോചിമിൻ ഹോങ്കോങിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. അന്യരാജ്യത്തുവെച്ചു അറസ്റ്റുചെയ്തതുകൊണ്ട് കുറ്റവാളിയെ തിരികെ സ്വന്തം സർക്കാരിനു ഏൽപ്പിച്ചുകൊടുക്കേണ്ട സമ്മർദ്ദം ഉണ്ടായതുകൊണ്ട് ബ്രിട്ടീഷ് സർക്കാർ 1932 ൽ ഹോ ചിമിൻ മരണമടഞ്ഞു എന്ന തെറ്റായ വാർത്ത പുറത്തുവിടുകയാണുണ്ടായത് [13]. 1933 ൽ ബ്രിട്ടീഷുകാർ ഹോ ചിമിനെ സ്വതന്ത്രനാക്കി വിടുകയാണുണ്ടായത്. ഹോ ചിമിൻ ഇറ്റലിയിലേക്കു തന്നെ തിരികെപോയി. അവിടെ ഒരു ഭക്ഷണശാലയിൽ അദ്ദേഹം ജോലി നേടി. ഈ ഭക്ഷണശാലയിലെ പ്രധാന തീൻമേശമുറിയുടെ ചുമരിൽ ഹോചിമിന്റെ ഒരു വലിയ ചിത്രം ഇന്നും തൂക്കിയിട്ടുണ്ട് [14] [15].

1938 ൽ ഹോചിമിൻ ചൈനയിലേക്കു തിരിച്ചു പോയി. ചൈനീസ് സേനയിൽ ഉപദേശകനായി ജോലി തുടങ്ങി [3].1940 ഓടുകൂടി അദ്ദേഹം ഹോചി മിൻ എന്ന പേരു ഉപയോഗിക്കാൻ തുടങ്ങി. വിയറ്റ്നാമിലെ ഒരാളുടെ പേരിന്റെ കൂടെ അയാളുടെ കുടുംബപേരു കൂടി ഉപയോഗിക്കുന്ന പതിവുണ്ട്. അങ്ങനെയാണ് ഹോ എന്നതു കൂടി അദ്ദേഹം പേരിനു കൂടെ ചേർക്കാൻ തുടങ്ങിയത് [16].

സ്വാതന്ത്ര്യപ്രസ്ഥാനം

[തിരുത്തുക]

1942 വിയറ്റനാമിന്റെസ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനു നേതൃത്വം നൽകാനായി ഹോ വിയറ്റ്നാമിലേക്കു തിരിച്ചുപോന്നു. 10,000 ത്തോളം വരുന്ന ഗറില്ലാ പോരാളികളായിരുന്നു ഈ വിയറ്റ് മിൻ എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നത് [17]. ഫ്രഞ്ച് സൈന്യത്തിനെതിരേയും,രണ്ടാം ലോകമഹായുദ്ധത്തിൽ കടന്നാക്രമിച്ച ജപ്പാൻ സൈന്യത്തിനെതിരേയും ഹോ ചിമിൻ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിനെല്ലാം അമേരിക്കയുടെ വ്യക്തമായ എന്നാൽ നിഗൂഢമായ പിന്തുണയും ഉണ്ടായിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനു രക്ഷപ്പെടുത്താൻ കഴിയുന്നതിനു മുമ്പ് ചിയാങ് കൈഷക്കിന്റെ അധികാരനേതൃത്വം ഹോ ചിമിനെ ജയിലിലാക്കി [18]. 1943 ൽ ഹോചിമിൻ വിയറ്റ്നാമിലേക്കു തിരിച്ചുപോന്നു. അദ്ദേഹം മലമ്പനിയാൽ വളരെ ക്ഷീണിതനായിരുന്നു.

വിയറ്റ് മിൻ നേതൃത്വം കൊടുത്ത ഓഗസ്റ്റ് വിപ്ലവത്തിനുശേഷം രൂപം കൊണ്ട് താൽക്കാലിക സർക്കാറിന്റെ ചെയർമാൻ ഹോ ചിമിൻ ആയി [19]. അതോടൊപ്പം ബാവോ ദായി എന്ന ചക്രവർത്തിയോട് സ്വമേധയാ സ്ഥാനം ഒഴിയാനും ഹോ ചിമിൻ ആവശ്യപ്പെട്ടു, വേറെ ഒരു രാജ്യംപോലും ഈ സർക്കാരിനെ അംഗീകരിക്കുന്നില്ല എന്ന ന്യായം പറഞ്ഞായിരുന്നു ഇത്. ഹോ ചിമിൻ തുടർച്ചയായി അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി.എസ്.ട്രൂമാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. വിയറ്റ്നാമിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സഹായിക്കണം എന്ന ആവശ്യം ഉയർത്തിക്കൊണ്ടായിരുന്നു ഇത്. പക്ഷേ ട്രൂമാൻ ഈ ആവശ്യത്തോട് ഒരിക്കൽപോലും പ്രതികരിക്കുകയുണ്ടായില്ല [20] [21].

അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ വിയറ്റ് മിൻ പാർട്ടി എതിർപാർട്ടിയിലെ ചില ശത്രുക്കളെ കൊന്നൊടുക്കി, ഭരണനേതൃത്വത്തിലിരുന്ന പാർട്ടിയുടെ നേതാവ്, ൻഗൊ ദിൻ ദിയമിന്റെ സഹോദരൻ. ഇങ്ങനെ ധാരാളം പേരെ അവർ കൊന്നൊടുക്കി എന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് [22] ജോസഫ് ബട്ടിംഗർ പറയുന്നു [23].

1946 ൽ ഹോ ചിമിൻ രാജ്യത്തിനു പുറത്തായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ഏതാണ്ട് 2,500 കമ്മ്യൂണിസ്റ്റ്കാരല്ലാത്തവരെ ജയിലിനുള്ളിലാക്കി. ഏകദേശം 6,000 ത്തോളം ആളുകളെ ഭീഷണിപ്പെടുത്തി പലായനം ചെയ്യിച്ചു [24]. നൂറുകണക്കിന് രാഷ്ട്രീയ ശത്രുക്കൾ ജയിലിലാവുകയോ രാജ്യം വിട്ടോടിപോകേണ്ടിവരുകയോ ചെയ്തു. വിയറ്റ്നാമിലെ താൽക്കാലിക സർക്കാരിനെതിരെ ഒരു പരാജയപ്പെട്ട സമരം നയിച്ചതിനായിരുന്നു ഈ കടുത്ത ശിക്ഷകൾ നേരിടേണ്ടിവന്നത് [25] [26]. പ്രാദേശികമായ എല്ലാ രാഷ്ട്രീയ പാർട്ടികളേയും നിരോധിച്ചു, പ്രാദേശികസർക്കാരുകളെല്ലാം പിരിച്ചുവിടപ്പെട്ടു [27].

ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗവും വിയറ്റ് മിൻ പാർട്ടിക്ക് പുറത്തു നിന്നുള്ളവരായിരുന്നു, ചിലർ തെരഞ്ഞെടുപ്പുകൂടാതെ തന്നെ നേരിട്ടു നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. ൻഗുയെൻ ഹായ് താൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പത്തിൽ നാലു മന്ത്രി പദങ്ങളും എൻ.പി.വി പാർട്ടിയിൽ നിന്നുള്ളവർക്കായിരുന്നു.

ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ ജനനം

[തിരുത്തുക]

1945 സെപ്തംബർ 2 ആം തീയതി ബാവോ ചക്രവർത്തി സ്ഥാനം ഒഴിഞ്ഞതിനുശേഷം ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം പാർട്ടിയുടെ പേരിൽ വിയറ്റ്നാമിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി [28].സൈഗോണിൽ ഇതേ സമയം, ഫ്രഞ്ച് സൈന്യവുമായുള്ള പോരാട്ടം മൂർഛിക്കുകയായിരുന്നു. ബ്രിട്ടീഷ് കമ്മാൻഡർ ജനറൽ ഡഗ്ലസ് ഗ്രേസി പട്ടാളനിയമം പ്രഖ്യാപിച്ചു. വിയറ്റ് മിൻ നേതാക്കൾ ഒരു സമരം ആഹ്വാനം ചെയ്താണ് ഈ പ്രഖ്യാപനത്തിനെതിരേ പ്രതികരിച്ചത് [29] .

1945 സെപ്തംബറിൽ രണ്ട് ലക്ഷത്തോളം സൈനികർ ഉൾപ്പെടുന്ന ചൈനയുടെ പട്ടാളം ഹാനോയിലേക്കു വന്നു. നിലവിലുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് പിരിച്ചുവിട്ട് ഒരു തെരഞ്ഞെടുപ്പു നടത്തി കൂട്ടുമന്ത്രിസഭ ഉണ്ടാക്കാൻ ഉള്ള ഒരു ഒത്തു തീർപ്പ് ഹോ ചിമിനും ചൈനാ സൈനിക ജനറലുമായി ഉണ്ടാക്കി. പിന്നീട് ചിയാങകൈഷക് തന്റെ വിയറ്റ്നാമിലുള്ള സ്വാധീനം ഉപയോഗിച്ച് ഫ്രഞ്ചുകാരുമായി കരാറുണ്ടാക്കി, അവിടെ ഹോ ചിമിന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഫ്രാൻസുമായി ഒരു കരാറിലേർപ്പെട്ടു. ഇൻഡോചൈനീസ് ഫെഡറേഷനിലും, ഫ്രഞ്ച് യൂണിയനിലും വിയറ്റ്നാം ഒരു സ്വതന്ത്ര സംസ്ഥാനമായി നിലകൊള്ളും എന്നതായിരുന്നു കരാർ. എന്നാൽ കരാർ ഉടൻ തന്നെ തകർക്കപ്പെട്ടു. ഫ്രാൻസിനേയും, വിയറ്റ് മിനെയും സംബന്ധിച്ചിടത്തോളം ചിയാങ് കൈഷക്കിന്റെ സൈന്യത്തെ വടക്കൻ വിയറ്റ്നാമിൽ നിന്ന് തുരത്തുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ചൈനീസ് സൈന്യം അവിടെ നിന്നു പിൻ വാങ്ങിയ ഉടൻ തന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ചൈനക്കാർ ആദ്യം വന്നപ്പോൾ അവർ ആയിരക്കണക്കിനു കൊല്ലം ഇവിടെ താമസിച്ചു. ഫ്രഞ്ചുകാർ വിദേശികളാണ്. അവർ ദുർബലരാണ്. കോളനിവാഴ്ച മരിക്കുകയാണ്. ഏഷ്യയിൽ അവർ അവസാനിപ്പിക്കപ്പെട്ടു. പക്ഷേ ചൈനക്കാർക്ക് ഇവിടെ അവസരം കൊടുത്താൽ അവർ പിന്നീട് പോകില്ല. എന്നെ സംബന്ധിച്ചിടത്തോളം, അഞ്ചുകൊല്ലത്തേക്ക് ഫ്രഞ്ച് ദുർഗന്ധം ശ്വസിക്കുന്നതാണ് ജീവിതകാലത്തേക്ക് ചൈനീസ് ദുർഗന്ധം ശ്വസിക്കുന്നതിനേക്കാൾ നല്ലത്.

.

വിയറ്റ്നാമീസ് നാഷണലിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കാനായി വിയറ്റ് മിൻ പിന്നീടി ഫ്രഞ്ച് കോളനി ശക്തികളുമായി കൈകോർക്കുകയുണ്ടായി [30]. വിയറ്റ് മിൻ പാർട്ടി കമ്മ്യൂണിസത്തിനെതിരേയുള്ള നീക്കങ്ങളെയെല്ലാം അടിച്ചമർത്തിയെങ്കിലും ഫ്രഞ്ചുകാരുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ അവർക്കായില്ല. 1946 കളുടെ അവസാനം പല ചർച്ചകൾക്കും, കരാറുകൾക്കും ശേഷം ഫ്രഞ്ചുകാരുമായുള്ള യുദ്ധം ഒഴിവാക്കാനാവാത്തതാണെന്ന് വിയറ്റ് മിൻ പാർട്ടിക്കു മനസ്സിലായി. ഹായിപോംഗിൽ ഫ്രഞ്ചുകാർ നടത്തിയ ബോംബാക്രമണം ഈ ചിന്തകൾക്കു ശക്തി വർദ്ധിപ്പിച്ചു. കൂടാതെ ഫ്രഞ്ചുകാർ തങ്ങൾക്കൊരിക്കലും സ്വയം ഭരണം നൽകില്ലെന്നും അവർക്കു മനസ്സിലായി. 19 ഡിസംബർ 1946 ന് ഹോ ചിമിൻ തന്റെ സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് ഫ്രഞ്ചുകാർക്കെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ശസ്ത്രക്രിയക്കുപയോഗിക്കുന്ന ചെറിയ കത്തികളും, ചെറിയ തോക്കുകളുമായിരുന്നു വിയറ്റ് മിൻ പാർട്ടിയുടെ ആയുധങ്ങൾ. കുരുമുളക് ഉള്ളിലിട്ടു കത്തിച്ച വൈക്കോൽ കെട്ടുകൾ കൊണ്ടാണ് അവർ ഫ്രഞ്ച് സേനക്കു നേരെ പോരാടിയത്. ചെറിയ മൈനുകളും,നാടൻ കൈബോംബുകളും കൊണ്ടാണ് അവർ സായുധവാഹനങ്ങളെ നേരിട്ടത്. രണ്ടുമാസത്തെ യുദ്ധത്തിനുശേഷം വിയറ്റ് മിൻ സേന യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ഓപ്പറേഷൻ ലീ എന്നു പേരിട്ട ഒരു സായുധനീക്കത്തിലൂടെ,വിയറ്റ് ബാക്ക് എന്ന സ്ഥലത്തു വെച്ച് ഹോ ചിമിനെ പിടികൂടിയതായി ഫ്രഞ്ചുകാർ അവകാശപ്പെട്ടു. പത്രപ്രവർത്തകനായ ബെർണാഡ് ഫാൾ പറയുന്നതിൻ പ്രകാരം വളരെകാലത്തെ യുദ്ധത്തിനുശേഷം ഹോ ചിമിൻ ഒരു യുദ്ധവിരാമത്തിനു തയ്യാറായി. കൂര മേഞ്ഞ ഒരു കളിമൺ കുടിലിലായിരുന്നു ചർച്ചകൾ. അവിടെയെത്തിയ ഫ്രഞ്ചുകാർ കുടിലിന്റെ ഒരു വശത്തിരിക്കുന്ന ഐസ് പാത്രവും, നല്ല ഒരു കുപ്പി ഷാംപെയിനും കണ്ട് അമ്പരന്നു. ഇതിനർത്ഥം ഈ ചർച്ച വിജയിച്ചു കാണണമെന്ന് ഹോ ആഗ്രഹിച്ചിരുന്നു എന്നാണ്. കരാറിലെ ഒരു ആവശ്യം വിയറ്റ് മിനുകളെ യുദ്ധത്തിൽ സഹായിച്ച ജാപ്പനീസ് ഓഫീസർമാരെ ഫ്രഞ്ച് കസ്റ്റഡിയിൽ വിട്ടു തരിക എന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട വിചാരണക്കു വേണ്ടിയായിരുന്നു ഇവരെ ഫ്രാൻസ് ആവശ്യപ്പെട്ടത്. ഹോ ചിമിൻ ഈ ആവശ്യത്തിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ജാപ്പനീസ് ഓഫീസർമാർ എന്റെ സുഹൃത്തുക്കളാണ് അവരെ വഞ്ചിക്കാൻ ഞാൻ തയ്യാറില്ല. ഇതിനു ശേഷം ഹോ ഏതാണ്ട് ഏഴുകൊല്ലക്കാലം നീണ്ടു നിന്ന യുദ്ധത്തിനുവേണ്ടി പുറത്തേക്കു ഇറങ്ങി നടന്നു [31].

1950 ഫെബ്രുവരിയിൽ ഹോ ചിമിൻ സ്റ്റാലിനും, മാവേ സേതൂങുമായി മോസ്കോയിൽ വെച്ചു കണ്ടുമുട്ടി. സോവിയറ്റ് യൂണിയൻവിയറ്റ് മിൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. വിയറ്റ്മിൻ പാർട്ടിയെ ധാർമ്മികമായി പിന്തുണക്കാൻ ചൈന ദൂതൻ വശം ഒരു സന്ദേശം മോസ്കോയിലേക്കു മാവോ കൊടുത്തയക്കുകയുണ്ടായി [32]. കൂടുതൽ വിഭവങ്ങൾ പുറംലോകത്തിൽ നിന്നും എത്തി തുടങ്ങി, ഫ്രഞ്ചുകാരുമായുള്ള യുദ്ധം മറ്റൊരു തലത്തിലേക്കെത്തിക്കാൻ വിയറ്റ് മിൻ ശ്രമം തുടങ്ങി. 1954 ൽ ദിയൻ ബിയൻ ഫു എന്ന സ്ഥലത്തുവെച്ചു നടന്ന യുദ്ധത്തിൽ ഫ്രഞ്ചു സൈന്യം വിയറ്റ് മിൻ സർക്കാരിനോട് പരാജയം സമ്മതിച്ചു.

ജപ്പാൻ അധിനിവേശം

[തിരുത്തുക]

ഇതിനിടക്ക് രണ്ടാം ലോക മഹായുദ്ധം തുടങ്ങി. 1940 ല് ജപ്പാൻ സൈന്യം വിയറ്റ്നാം അധിനിവേശം നടത്തി. അതോടെ ശത്രുക്കൾ രണ്ടായി ആ രാജ്യത്തിന്. ഫ്രഞ്ച് കോളനിവാഴ്ചയും ജപ്പാൻ അധിനിവേശവും. 1941 മേയ് മാസത്തിൽ വിയറ്റ്നാം അതിർത്തിക്കടുത്ത് വച്ച് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതി സമ്മേളിച്ചു. അവിടെ വച്ച് അദ്ദേഹം പുതിയ ഒരു മുന്നണിയുടെ ആശയം നടപ്പിൽ വരുത്തി. വിയറ്റ് മിൻ (Viet Minh} വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ലീഗ് എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. രണ്ടു ശത്രുക്കൾക്കുമെതിരെ ഗറില്ലാ യുദ്ധമുറ ഉപയോഗിക്കുകയായിരുന്നു വിയറ്റ് മിന്റെ ലക്ഷ്യം. ഇതിനിടെ ജപ്പാൻ സൈന്യം ഫ്രഞ്ചുകാരെ തോല്പിച്ച് പഴയ രാജാവായ ബാവോ ദായിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിനെ വാഴിച്ചു. ആ ഭരണകൂടത്തിനെതിരെ ഒളിപ്പോരാളികൾ പലവട്ടം നേരിട്ടു. അഞ്ചുവർഷത്തെ നിരന്തരശ്രമത്തിനൊടുവിൽ ജപ്പാൻ അടിയറവു പറഞ്ഞു. 1945ല് ഹോ ചി മിൻ പ്രസിഡൻറായി വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. വിയറ്റ്നാമിലെ മാത്രമല്ല. ജപ്പാൻ ലോകമഹായുദ്ധത്തിലും തോറ്റു. പേൾ ഹാർബർ ആക്രമണത്തിനു തിരിച്ചടിയായി അമേരിക്ക ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ അണു ബോംബ് വർഷിച്ചതോടെ ഗത്യന്തരമില്ലാതെ ജപ്പാൻ കീഴടങ്ങി.

ഈ അവസരത്തിൽ ഓടിപ്പോയ ഫ്രഞ്ചുകാർ തിരിച്ചുവന്ന് 1946 ല് വിയറ്റ്നാമിന്റെ തെക്കു ഭാഗങ്ങളിൽ ആധിപത്യം ഉറപ്പിച്ചു. ജനറൽ വോൻ ഗൂയെൻ ഗിയെസിന്റെ നേതൃത്വത്തിൽ വിയറ്റ്നാം സേന ഏകദേശം ഒൻപതു വർഷത്തോളം നിരന്തരമായി പ്രതിരോധിച്ചു. അവസാനം 1954 ല് ദിയെൻ ബിയെൻ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിൻ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി. എന്നാൽ യു.എൻ. ഇടപെട്ടു. ജനീവ കരാർ പ്രകാരം വിയറ്റ്നാമിനെ തെക്കും വടക്കും രണ്ടു രാജ്യങ്ങളായി വിഭജിച്ചശേഷമേ ഫ്രഞ്ചുകാർ പിൻവാങ്ങിയുള്ളൂ.

പ്രസിഡൻറ് സ്ഥാനത്തേയ്ക്ക്

[തിരുത്തുക]
ഹോ ചിമിൻ (വലത്) ഹാനോയിൽ, 1945
ജർമ്മൻ നാവികരോടൊപ്പം സ്റ്റാർലണ്ട് തുറമുഖത്ത്, 1957

1955 ല് ഹോ ചി മിൻ വടക്കൻ വിയറ്റ്നാം അഥവാ ഡെമോക്രാറ്റിക് റിപ്പബിക്ക് ഒഫ് വിയറ്റ്നാമിന്റെ പ്രസിഡൻറായി.(DRV)1954 ലെ ജനീവാ കരാർ പ്രകാരം (അമേരിക്കയോ വിയറ്റ്നാമോ ഒപ്പുവയ്ക്കാത്ത കരാർ) 1956 ല് തിരഞ്ഞെടുപ്പു നടത്തി രണ്ടു രാജ്യങ്ങളും പുനർ ഏകീകരണം നടത്താൻ വ്യവസ്ഥയുണ്ടായിരുന്നു. 1954 ലെ ജനീവ കരാർ അനുസരിച്ച് വിഭജിക്കപ്പെട്ട രണ്ടു പ്രദേശങ്ങൾ തമ്മിൽ പൗരന്മാർക്ക് മാറി താമസിക്കാൻ 300 ദിവസത്തെ സൗജന്യ സമയം അനുവദിച്ചിരുന്നു. തെക്കൻ വിയറ്റ്നാം, വടക്കൻ വിയറ്റ്നാം എന്നിങ്ങനെയാണ് ഈ പ്രദേശങ്ങൾ പിന്നീട് അറിയപ്പെട്ടത്. ഏതാണ്ട് 90 ലക്ഷത്തിനും, ഒരു കോടിക്കും ഇടക്കുള്ള ജനങ്ങൾ തെക്കൻ വിയറ്റ്നാമിലേക്ക് മാറി താമസിച്ചു. ഇവരിൽ കൂടുതലും, കത്തോലിക്കാ അനുഭാവികളായിരുന്നു കൂടാതെ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികൾ, ഫ്രഞ്ച് കോളനിവാഴ്ചക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥർ, സമ്പന്നരായ വിയറ്റ്നാമുകാർ എന്നീ ഗണത്തിൽപെടുന്നവരായിരുന്നു കൂടുതലായും വടക്കു നിന്നും തെക്കോട്ട് മാറി താമസിച്ചത്. എന്നാൽ തെക്കൻ വിയറ്റ്നാമിൽ നിന്നും വടക്കൻ വിയറ്റ്നാമിലേക്കു പോയത് ഏകദേശം 2,50,000 ആളുകൾ മാത്രമായിരുന്നു, കൂടുതലും വിയറ്റ്നാമീസ് പട്ടാളക്കാർ [33] [34]. ചിലരെങ്കിലും തങ്ങളുടെ ഇംഗിതത്തിനെതിരായി വടക്കൻ വിയറ്റ്നാമിൽ തന്നെ തങ്ങേണ്ടി വന്നു എന്ന് ചില കനേഡിയക്കാരായ നിരീക്ഷകർ ചിന്തിക്കുന്നു[35]. അമേരിക്കയുടെ ധാർമ്മിക പിന്തുണയോടുകൂടി ൻഗൊ ദിൻ ദിയം 1956 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. അതുകൂടാതെ മറ്റൊരു തിരഞ്ഞെടുപ്പു നടത്തുകയും വഞ്ചനയിലൂടെ അധികാരസ്ഥാനത്തെത്തുകയും ചെയ്തു. ഇദ്ദേഹമാണ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ പ്രഥമ പ്രസിഡന്റ്.. അന്നത്തെ കാലത്തെ നിരീക്ഷകർ എല്ലാം തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ 80% പേരും ഹോ ചി മിന് അനുകൂലമായിരിന്നേനേ എന്നാണ് കരുതിയത്. യു.എസ്. പ്രസിഡൻറ് ഐസൻഹോവറും ഈ അഭിപ്രായക്കാരനായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നാൽ ദിയെം ജയിക്കില്ലെന്ന് അമേരിക്കക്കും ദിയെമിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനു പകരം തെക്കൻ അമേരിക്കയെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനായിരുന്നു രണ്ടു കക്ഷികളും ആഗ്രഹിച്ചത് തന്നെ.

1950 കളിൽ പ്രതിപക്ഷകക്ഷികളെയെല്ലാം രാഷ്ട്രീയമായി അമർച്ച ചെയ്തിരുന്നു. സർക്കാരിനെ വിമർശിക്കുന്ന എല്ലാവരേയും അറസ്റ്റു ചെയ്തു ജയിലിലേക്കയച്ചിരുന്നു. കഠിനമായ തൊഴിൽ ക്യാംപുകളിലേക്കാണ് ഇത്തരക്കാരെ അയച്ചിരുന്നത്. ചില മധ്യവർഗത്തിൽപ്പെട്ട ബുദ്ധിജീവികൾ ഹോ ചിമിന്റെ ഭരണത്തെ വിമർശിക്കാൻ മുന്നോട്ടു വന്നെങ്കിലും ഇവരെല്ലാം തന്നെ ജയിലിലേക്കോ കഴുമരത്തിലേക്കോ പോകേണ്ടി വന്നു. ജയിലിൽ അവരെ കാത്തിരുന്നത് കഠിനശിക്ഷകൾ തന്നെയായിരുന്നു. കടുപ്പമേറിയ ജോലികൾ അവരുടെ മേൽ കെട്ടിയേൽപ്പിക്കുകയായിരുന്നു. പലരും വിശപ്പുകൊണ്ടു, തളർച്ചകൊണ്ടും ,കൊടുംപീഠനംകൊണ്ടും ആണ് മരിച്ചത്. 1953 മുതൽ 1956 വരെ ചൈനീസ് സർക്കാരിന്റെ സമ്മർദ്ദം മൂലം ഭൂപരിഷ്കരണം കൊണ്ടുവരാൻ ഹോ നിർബന്ധിതനായിത്തീർന്നു. ചൈനയുടേതു പോലുള്ള ഭൂ നിയമങ്ങൾ നടപ്പാക്കുകയായിരുന്നു തത്ത്വത്തിൽ നടന്നത്. സർക്കാർ നടപ്പാക്കിയ കർശനമായ ഭൂപരിഷ്കരണ നിയമത്തിലൂടെ പതിനായിരത്തോളം വരുന്ന വർഗ്ഗശത്രുക്കളെ സർക്കാർ ഉന്മൂലനം ചെയ്തു [36] [37] [38]. രണ്ട് ലക്ഷത്തിനും, ഒമ്പതു ലക്ഷത്തിനു ഇടക്കുള്ള ആളുകൾ ക്യാംപുകളിൽവെച്ച് കൊലചെയ്യപ്പെടുകയോ, പട്ടിണിമൂലം മരിക്കുകയോ ചെയ്തു [39][40] [41][42]. 1956 ൽ ഹോ ചിമിൻ തന്നെ നേരിട്ടിടപെട്ട് ഇത്തരം ക്രൂരതകൾ നിറുത്തലാക്കുകയായിരുന്നു [43].

1959 ഹോയുടെ സർക്കാർ ഹോ ചി മിൽ ഒളിപ്പാത വഴി നാഷണൽ ലിബെറേ ഷൻ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നൽകിപ്പോന്നു. 1960 ചൈനീസ് സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകൾ, വിമാനത്താവളം, എന്നിവ നിർമ്മിക്കാൻ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികർക്ക് അതേ സമയത്ത് യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചു. 1959 അവസാനമായപ്പോഴേക്കും ഹോ ചിമിൻ തന്റെ സഹപ്രവർത്തകനായിരുന്ന ലെ ദുവാനെ താൽക്കാലികമായ പാർട്ടി നേതാവാക്കി. ഇലക്ഷൻ ഉടനെയൊന്നും നടക്കാൻ പോകുന്നില്ലെന്നും മറിച്ച് പ്രതിപക്ഷ കക്ഷികളെ ഒന്നാകെ നശിപ്പിക്കാനാണ് ദിയമിന്റെ ഉദ്ദേശ്യമെന്നും ഇതിനോടകം ഹോചി മിൻ മനസ്സിലാക്കിയിരുന്നു. വിയറ്റ്കോംഗ് മേഖലക്ക് സഹായമെത്തിക്കാൻ ഹോ ചിമിൻ തുടർച്ചയായി പോളിറ്റ്ബ്യൂറോയോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. ഹോചിമിന്റെ സ്വാധീനശക്തയും അധികാരവും കുറഞ്ഞതിന്റെ ലക്ഷണങ്ങളാണിത് എന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു[44] . 1959 കളുടെ അവസാനം ഹോ ചിമിൻ ട്രയൽ എന്നറിയപ്പെടുന്ന നടപടിയിലൂടെ വിയറ്റ്കോംഗിന് അയൽ രാജ്യങ്ങളായ ലാവോസിലൂടെയും കംബോഡിയയിലൂടെയും സഹായങ്ങൾ എത്തിത്തുടങ്ങി. അവിടെ നടന്നുകൊണ്ടിരുന്ന യുദ്ധം തുടരാനും അത് തങ്ങളുടെ വഴിക്കു കൊണ്ടുവരാനും ഇത് അവരെ സഹായിച്ചു[45]. 1960 ൽ ദുവാൻ ഔദ്യോഗികമായി പാർട്ടി നേതാവായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ നയിക്കുക എന്നതിലുപരി ഹോ ചിമിൻ ഒരു പൊതു വ്യക്തിത്വമായി മാറി. ഹോ ചിമിൻ ഭരണസംവിധാനത്തിൽ നന്നായി തന്നെ സ്വാധീനം ചെലുത്തി. അന്നത്തെ ഭരണകർത്താക്കളിൽ പലരും പിന്നീട് യുദ്ധത്തിനുശേഷം വിയറ്റ്നാമിലെ പ്രമുഖ വ്യക്തിത്വങ്ങളായി മാറി. 1963 ൽ ഹോ തെക്കൻ വിയറ്റ്നാമിലെ പ്രസിഡന്റുമായി ഒരു സമാധാനശ്രമത്തിനുവേണ്ടി ചർച്ച നടത്തി [46]. ദിയമിനെതിരേ ഒരു സൈനിക നീക്കം നടത്താൻ ഈ ചർച്ച അമേരിക്കക്കു വഴിയൊരുക്കി [46].

പെട്ടെന്നുള്ള ഒരു വിജയം പ്രതീക്ഷിച്ചിരുന്ന ഹോ ചിമിൻ യുദ്ധം ഇങ്ങനെ നീണ്ടു പോകുന്നതിൽ നിരാശനായിരുന്നു. അമേരിക്കൻ വായുസേനയും, നാവികസേനയും വടക്കൻ വിയറ്റ്നാമിൽ ഓപ്പറേഷൻ റോളിംഗ് തണ്ടർ എന്നു പേരിട്ട വൻ ആക്രമണം അഴിച്ചു വിട്ടു. അവസാന കാലഘട്ടത്തിൽ ഹോ ചിമിൻ ഹാനോയിൽ തന്നെയായിരുന്നു. ഉപാധികളൊന്നുമില്ലാതെ വിദേശ ശക്തികൾ വിയറ്റ്നാം വിട്ടുപോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 1967 ൽ ഹോ ചിമിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും ഒരു ഉന്നത തല യോഗം ചേർന്നു. യുദ്ധം ഒരു സ്തംഭനാവസ്ഥയിലാണെന്നും, അമേരിക്കൻ സൈന്യത്തിന്റെ ഇടപെടൽ മൂലം ഹോ ചിമിൻ ട്രയൽ എന്ന നടപടിയിലൂടെ ലഭിച്ച വിഭവങ്ങൾ ധാരാളമായി വ്യയം ചെയ്യേണ്ടിവന്നു എന്നും സമ്മേളനം വിലയിരുത്തി. 1968 ജനുവരി 31 ന് ഹോ ചിമിന്റെ അനുവാദത്തോടെ ദക്ഷിണ വിയറ്റ്നാം ആക്രമിക്കാൻ സർക്കാർ തീരുമാനിച്ചു. അതിലൂടെ അമേരിക്കൻ സൈന്യത്തെയും കീഴ്പ്പെടുത്താം എന്ന് അവർ വിചാരിച്ചു. വിചാരിച്ചതിലും കൂടുതൽ കഷ്ടനഷ്ടങ്ങൾ ടെറ്റ് ഒഫൻസീവ് എന്നു പേരിട്ട ഈ നടപടിയിലൂടെ ഉണ്ടായി. മരണസംഖ്യ വളരെ വലുതായിരുന്നു. ദക്ഷിണ വിയറ്റ്നാമിൽ അപ്പോഴും ആളുകൾ വിയറ്റ് കോംഗിനെതന്നെയാണ് പിന്തുണച്ചിരുന്നത്. ഹ്യൂ കൂട്ടക്കുരുതി വിയറ്റ് കോംഗിൽ നിന്നും ലഭിച്ചിരുന്ന ജനപിന്തുണ കാറ്റിൽ പറത്തി [47]. ഈ യുദ്ധം അമേരിക്കയെ പിടിച്ചുലച്ചു എന്ന് ഹോ ചിമിൻ വിലയിരുത്തി. എളുപ്പത്തിൽ വിജയിക്കാം എന്നു വിചാരിച്ചിരുന്ന അമേരിക്ക ഈ പരാജയത്തിൽ തകർന്നു. ഇരുവിഭാഗത്തിലേയും ആളുകൾ അവസാനം യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചു ചർച്ച തുടങ്ങി.

വിയറ്റ്നാം യുദ്ധം

[തിരുത്തുക]
തെക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായിരുന്ന ൻഗോദിൻ ദിയെം

അമേരിക്കൻ യുദ്ധം എന്നാണ് വിയറ്റ്നാമിൽ പറയപ്പെടുന്നത്.ഹനോയ് ആസ്ഥാനമാക്കി ഹോ ചി മിനും സൈഗോൺ തലസ്ഥാനമാക്കി തെക്കൻ വിയറ്റ്നാമിൽ ൻഗോദിൻ ദിയെമും ഭരിച്ചു. ഒരു രാജ്യമായി ചേരാനുള്ള തെക്കൻ വിയറ്റ്നാം ജനങ്ങളുടെ ആഗ്രഹത്തെ ദിയെം ഏകാധിപത്യപരമായി അടിച്ചമർത്തി.തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം ദിയെം തള്ളിക്കളഞ്ഞു. തെക്കൻ വിയറ്റ്നാമിൽ ചൈനയുടെ സഹായത്തോടെ ഹോ ഒരു കമ്യൂണിസ്റ്റ് വിഭാഗം സൃഷ്ടിച്ചു. ഇത് വിയറ്റ്കോങ് എന്നറിയപ്പെട്ടു. ഇവർ ദിയെമിന്റെ സൈന്യവുമായി പോരാടിക്കൊണ്ടിരുന്നു. രാജ്യങ്ങളുടെ ലയനമായിരുന്നു അവരുടെ ലക്ഷ്യം ഈ അവസരത്തിലാണ് അമേരിക്ക വിയറ്റ്നാമിൽ പ്രവേശിക്കുന്നത്. ദിയെമിന്റെ സൈന്യത്തെ സഹായിക്കാനാണ് അവർ രംഗത്തിറങ്ങിയത്. അതോടെ ലോക പ്രശസ്തമായ വിയറ്റ്നാം യുദ്ധം (1964-‘75) തുടങ്ങി. അമേരിക്കയുടെ സുശക്തവും ആധുനികവുമായ സൈന്യത്തെ തീരെ ശക്തി കുറഞ്ഞതും ദാരിദ്ര്യജടിലവുമായ വിയറ്റ്നാം സൈന്യം ഒളിപ്പോരിലൂടെ നേരിട്ടു. നിരവധി അമേരിക്കൻ ഭടന്മാർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യം പലഗ്രാമങ്ങളിലും തേർവാഴ്ച നടത്തി. വിയറ്റ്നാമിന് അനുകൂലമായ തരംഗം ലോകമൊട്ടുക്കും ഉണ്ടായി. ഹോയുടെ അസാധാരണമായ നേതൃത്വവും ജനറൽ വോൻ ഗൂയെൻ ഗിയെപിന്റെ പട്ടാളവും ചേർന്ന് 11 വർഷങ്ങൾക്കൊടുവിൽ അമേരിക്കയെ മുട്ടുകുത്തിച്ചു. 1975-ല് വിയറ്റ്നാം സൈന്യം സൈഗോൺ പിടിച്ചു. ആ നഗരത്തിന്റെ പേർ ഹോ ചി മിൻ സിറ്റി എന്നാക്കി.

വിയറ്റ്നാം യുദ്ധത്തിന്റെ നാഴികക്കല്ലുകൾ

[തിരുത്തുക]
ഒരു വിയറ്റ്കോങ് ക്യാംപ് അമേരിക്ക ചുട്ടെരിച്ചപ്പോൾ
  • 1964 ടോങ്കിൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകളെ വടക്കൻ വിയറ്റ്നാം ആക്രമിച്ചു എന്നാരോപിച്ച് അമേരിക്ക യുദ്ധം ആരംഭിക്കുന്നു. യഥാർത്ഥത്തിൽ അത് തെക്കൻ വിയറ്റ്നാമിനെ സഹായിക്കാനായിരുന്നു.
  • 1965 മാർച്ച്: വടക്കൻ വിയറ്റ്നാമിൽ അമേരിക്ക നിർദാക്ഷിണ്യം ബോംബുകൾ വർഷിക്കുന്നു.
    • ജൂലൈ: അമേരിക്കൻ കരസേന വിയറ്റ്നാമിൽ ഇറങ്ങുന്നു. അമേരിക്കയിൽ എതിർപ്പ്
  • 1966 പ്രസിഡൻറ് ലിൻഡർ ബി. ജോൺസൺ അമേരിക്കൻ പട്ടാളക്കാരുടെ എണ്ണം കൂട്ടാൻ തിരുമാനിക്കുന്നു.
  • 1968 ജനുവരി: വിയറ്റ് കോങ് സൈന്യം ഗറില്ലാ യുദ്ധം വഴി അമേരിക്കൻ ഭടന്മാർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നു.
    • മാർച്ച്: കുപ്രസിദ്ധമായ മൈ ലയ് കൂട്ടക്കുരുതി നടത്തി യു.എസ്. സൈന്യം തിരിച്ചടിക്കുന്നു. നാടെങ്ങും യു.എസ്. വിരുദ്ധ തരംഗം
    • മേയ്: പാരീസിൽ സമാധാനം സംഭാഷണം.
  • 1969 സെപ്റ്റംബർ: യു.എസ്. പ്രസിഡൻറ് അഞ്ചര ലക്ഷം സൈനികരെ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നു. വിയറ്റ്നാംകാർ തമ്മിൽ പൊരുതട്ടേ എന്ന ധ്വനിയിൽ. ഹോ ചി മിൻ അന്തരിച്ചു. അമേരിക്കക്ക് പുതിയ കച്ചിത്തുരുമ്പ്.
    • ഡിസംബർ: യു.എസിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രതിഷേധ ജാഥകൾ.
  • 1970 കമ്യൂണിസ്റ്റ് കേന്ദ്രങ്ങൾ തകർക്കാൻ കംബോഡിയയിലും യു.എസ്. ആക്രമിക്കുന്നു.
  • 1971 തെക്കൻ വിയറ്റ്നാം പട്ടാളക്കാരെ അമേരിക്കക്കാർ ലാവോസ് പട്ടണത്തിലെത്തിക്കുന്നു. സമാധാന ചർച്ചയിൽ നിന്ന് വടക്കൻ വിയറ്റ്നാം പിൻവാങ്ങുന്നു.
  • 1972 അമേരിക്ക ബോംബാക്രമണം തുടരുന്നു. കര സൈന്യം ഏതാണ്ട് മുഴുവനുമായി പിൻവലിഞ്ഞു.
  • 1973 വെടിനിർത്തലിനും പിൻവാങ്ങാനും അമേരിക്ക സമ്മതിക്കുന്നു.
  • 1974 അമേരിക്ക പരാജയം സമ്മതിക്കുന്നു. പിൻവാങ്ങൽ.
  • 1975 വടക്കൻ വിയറ്റ്നാം സൈഗോൺ പിടിച്ചടക്കി.

അവസാനകാലം

[തിരുത്തുക]

വീയറ്റ്നാം സൈന്യം സൈഗോൺ കീഴടക്കുന്നതും രാജ്യങ്ങൾ തമ്മിൽ ലയിക്കുന്നതും അമേരിക്ക പിൻവാങ്ങുന്നതും കാണാനുള്ള ഭാഗ്യം ഹോ ചി മിനുണ്ടായില്ല. 1969 സെപ്റ്റംബർ 2 ന് അദ്ദേഹം 79-ആം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 1954 വടക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായി സ്ഥാനമേറ്റ ഹോ മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. 1958 ല് അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. മഹാത്മാഗാന്ധിയെ അതിരറ്റു ബഹുമാനിച്ചിരുന്ന അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വുമായി ഗാഢമായ സുഹൃദ് ബന്ധം പുലർത്തിയിരുന്നു.

ഒരിക്കലും തളരാത്ത കീഴടങ്ങാത്ത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്. യുദ്ധത്തിനിടക്ക് അടവു മാറ്റാനായി നയതന്ത്രം പ്രയോഗിച്ച അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ലിൻഡർ ബി. ജോൺസണോട് ചർച്ചക്ക് ഒരുക്കമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു പക്ഷേ അന്ന് ചർച്ച നടത്തിയിരുന്നെങ്കിൽ ഒരിക്കലും വിയറ്റ്നാം ഒന്നാകില്ലായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ മുട്ടുകുത്തിച്ച ആ ദരിദ്രരാഷ്ട്രത്തിന് അദ്ദേഹത്തിൻറേതു പോലുള്ള ധീരമായ മനസ്സുകൾ മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്.

ഹോ ചിമിന മുസോളിയം, ഹാനോയി
ഹോ ചിമിൻ നഗരത്തിനു പുറത്തുള്ള ഹോ ചിമിന്റെ പ്രതിമ, ഹോ ചിമിൻ സിറ്റി

വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം അനിശ്ചിതത്വത്തിലായിരിക്കെ തന്നെ സെപ്തംബർ രണ്ട് 1969 രാവിലെ 9:47 ന് ഹോ ചിമിൻ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മുസോളിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം [48]. ഹോ ചിമിന്റ മരണവിവരം ഏതാണ്ട് 48 മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു.

മരണാനന്തരം

[തിരുത്തുക]
ഹോ ചിമിൻ, എലിസബത്ത് ഒബ്രാക്ക്, ലൂസി ഒബ്രാക്ക് 1946

ദക്ഷിണവിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ പിന്നീട് ഔദ്യോഗികമായി ഹോ ചിമിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. 1975 മെയ് 1 ന് സൈഗോൺ നഗരം പിടിച്ചടക്കിയതോടെയാണ് വിയറ്റ്നാം യുദ്ധം ഔദ്യോഗികമായി അവസാനിച്ചത്. എന്നിരിക്കിലും അവിടുത്തെ ജനങ്ങൾ സ്വന്തം നഗരത്തെ സൈഗോൺ എന്നു തന്നെയാണ് വിളിച്ചിരുന്നത് [49]. ഹോ ചിമിൻ നഗരം എന്ന പേരിൽ നിന്നും സൈഗോൺ എന്ന പഴയ പേരിലേക്കു മാറ്റാൻ ഇപ്പോഴും അവിടെ ആവശ്യമുയരുന്നുണ്ടത്രെ [50].

ഹോ ചിമിന്റെ ഭൗതികശരീരം ഹോ ചിമിൻ മുസോളിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മോസ്ക്കോയിലെ ലെനിന്റെ മുസോളിയത്തിനു സമാനമാണിത്. ഈ സ്മാരകം കാണാനായി ദിവസവും നീണ്ട നിര തന്നെയാണുള്ളത്. മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളായ ലെനിൻ, മാവോ സേതൂങ് തുടങ്ങിയവരുടെ സ്മാരകങ്ങളിലും ഇതേ പോലുള്ള കാഴ്ചയാണുള്ളത്.

ഹോ ചിമിൻ മ്യൂസിയം അദ്ദേഹത്തിന്റെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്നു.

ചിലിയൻ സംഗീതജ്ഞനായ വിക്ടർ ജാര തന്റെ ഒരു ഗാനത്തിൽ ഹോ ചിമിനെ പരാമർശിച്ചിരിക്കുന്നു "ദ റൈറ്റ് ടു ലീവ് ഇൻ പീസ് ".

ഇന്ന് വിയറ്റ്നാമിൽ കറൻസിയിൽ ഹോ ചിമിന്റെ ചിത്രം ആണുള്ളത്. അദ്ദേഹത്തിന്റെ അർദ്ധകായ ചിത്രങ്ങൾ ഒരു മിക്ക എല്ലാ പൊതു കെട്ടിടങ്ങളിലും, ക്ലാസ്സ് മുറികളിലും കുറെ കുടുംബങ്ങളിലും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഹോ ചിമിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം പോലുമുണ്ട് വിയറ്റ് ലോംഗ് എന്ന സ്ഥലത്ത് [51].

കമ്മ്യൂണിസ്റ്റ് വാഴ്ച പിന്നീട് ഹോ ചിമിന്റെ ചുറ്റും ഒരു വ്യക്തിആരാധന നിലനിർത്താൻ ശ്രമിച്ചിരുന്നു.തുടക്കത്തിൽ അത് ഉത്തര വിയറ്റ്നാമിൽ മാത്രമായിരുന്നു എങ്കിലും പിന്നീട് അത് പതുക്കെ ദക്ഷിണ വിയറ്റ്നാമിലേക്കും വ്യാപിച്ചു. ഹോചി മിന്റെ ചരിത്രവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭൂതകാലവും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. ചൈനയിൽ മാവോ സേതൂങിനും, റഷ്യയിൽ ലെനിനും ഇതുപോലൊരു വീരപരിവേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ചാർത്തിക്കൊടുത്തിരുന്നു [52]. വിദ്യാലയങ്ങളിലും മറ്റും ഹോ ചിമിന് ഒരു വാഴ്ത്തപ്പെട്ടവന്റെ ചിത്രം ആണ് നൽകപ്പെട്ടിരുന്നത്. ഹോ ചിമിനെ വിമർശിക്കുന്നവരോ, എതിർക്കുന്നവരോ ആയ എല്ലാവരേയും തടയുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിരുന്നു.

ഹോ ചിമിന്റെ ജന്മദിന ശതവാർഷികാഘോഷത്തിൽ പങ്കുചേരാൻ യുനെസ്കോ അവരുടെ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തോടുള്ള ഒരു സമർപ്പണം കൂടിയായിരുന്നു ഇത്. ഹോ ചിമിൻ സാംസ്കാരിക,കല, വിദ്യാഭ്യാസ, സ്വാതന്ത്ര്യ, ജനാധിപത്യ, സാമൂഹിക മേഖലകളിൽ നടത്തിയ പുരോഗമന ആശയങ്ങളെ പരിഗണിച്ചായിരുന്നു ഈ ബഹുമതി. തന്റെ ജീവിതം മുഴുവൻ വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികൊടുത്ത ആ മനുഷ്യനെ ആദരിക്കാനുള്ള അവസരം യുനെസ്കോ പാഴാക്കിയില്ല [53]. വടക്കേ അമേരിക്കയിലുള്ള ചില വിയറ്റ്നാം പൗരൻമാർ ഇത്തരം നീക്കത്തോട് വളരെ വിമർശനാത്മകമായി തന്നെ പ്രതികരിച്ചു. ഹോ ചിമിൻ സ്റ്റാലിനെ പോലെ ഒരു സ്വേച്ഛാധിപതി ആയിരുന്നു എന്നും, അദ്ദേഹത്തിന്റെ സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിരുന്നു എന്നും അവർ വാദിക്കുന്നു.

ഹോ ചിമിന്റെ ബ്രഹ്മചര്യത്തെ എതിർക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വിയറ്റ്നാമിൽ നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഹോ ചിമിന്റെ പൂജാപുരോഹിത വിരുദ്ധ പ്രതിഛായ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹം ആരുമായും ഒരു തരത്തിലും പ്രണയത്തിൽ ഏർപ്പെട്ടിരുന്നില്ല എന്നും അവർ സ്ഥാപിക്കുന്നു. ഇതു സംബന്ധമായി വാർത്തി പ്രസിദ്ധീകരിച്ചതിന് വിയറ്റ്നാമിലെ ഒരു പത്രപ്രവർത്തകക്ക് തന്റെ ജോലി നഷ്ടപ്പെട്ടു [54] [55]. എന്നാൽ ഹോ ചിമിന്റെ ജീവചരിത്രകാരനായിരുന്ന വില്ല്യം ഡ്വിക്കർ തന്റെ പുസ്തകമായ "ഹോ ചിമിൻ : എ ലൈഫ്" എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ചില ബന്ധങ്ങളെക്കുറിച്ചു പരാമർശിക്കുന്നു. വിയറ്റ്നാം സർക്കാർ വില്യമിന്റെ പുസ്തകത്തിന്റെ ഔദ്യോഗിക വിയറ്റ്നാം പരിഭാഷയിൽ ചില മുറിച്ചു നീക്കലുകൾ വേൺമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഈ ആവശ്യങ്ങൾ പ്രസാധകർ തള്ളിക്കളഞ്ഞു [56].

അദ്ദേഹത്തിന്റെ പ്രശസ്തമായ വരികൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ന്യൂയോർക്ക് ടൈംസിലെ ചരമ കോളത്തിൽ 1969, സെപ്റ്റംബർ 4നു വന്ന ലേഖനം ശേഖരിച്ചത് 2007 മാർച്ച് 13
  2. ദ്വിക്കർ വില്ല്യം ഹോ ചി മിൻ: എ ലൈഫ്. ന്യൂയോർക്ക്: ഹൈപീരിയൻ, 2000.
  3. 3.0 3.1 3.2 ക്വിൻ-ജഡ്ജ് സോഫി ഹോ ചി മിൻ: ദ മിസ്സിംഗ് ഇയേർസ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്, 2002; ISBN 0-520-23533-9
  4. "ദ ഡ്രേടൺ കോർട്ട് ഹോട്ടൽ". ഈലിംഗ്.സർക്കാർ. Archived from the original on 2011-10-04. Retrieved 2009-09-26.
  5. "ദ ഡ്രേടൺ കോർട്ട് ഹോട്ടൽ". ബി.ബി.സി കോർപ്പറേഷൻ. Retrieved 2004-05-18.[പ്രവർത്തിക്കാത്ത കണ്ണി]
  6. ഹുയ്, കിം ഹാൻ, വിയറ്റനാമീസ് കമ്മ്യൂണിസം, 1925-1945. ഇതാകാ, ന്യൂയോർക്ക്: കോർണെൽ യൂണിവേഴ്സിറ്റി പ്രസ്സ്, 1982; പുറം. 60.
  7. ബ്രോഷെ പിയറി. ഹോ ചി മിൻ: എ ബയോഗ്രഫി, പുറം. 21, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് (2007).
  8. ഒബിച്വറി ഇൻ ദ ന്യൂയോർക്ക് ടൈംസ്, 4 സെപ്തംബർ 1969
  9. സി.എഫ്. ദ്വിക്കർ (2000), പുറം.92
  10. ഡേവിഡ്സൺ, ഫിലിപ്പ് ബി., വിയറ്റ്നാം അറ്റ് വാർ: ദ ഹിസ്റ്ററി : 1946-1975 (1991), പുറം. 4.
    ഹോവാങ്ങ വാൻ ചി. ഫ്രം കൊളോണിയലിസം ടു കമ്മ്യൂണിസം (1964), പുറം. 18.
  11. 11.0 11.1 11.2 ബ്രോഷെക്സ്, പുറങ്ങൾ 39-40
    ഡ്വിക്കർ, p. 143.
  12. ബ്രോഷെക്സ്, P., പുറങ്ങൾ. 44 and xiii (2007)
  13. ബ്രോഷെക്സ്, P., പുറങ്ങൾ. 57-58.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-19. Retrieved 2012-11-25.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-19. Retrieved 2012-11-25.
  16. ഡ്വിക്കർ, പുറങ്ങൾ. 248-49.
  17. "ഹോ ചിമിൻ വാസ് നോട്ടഡ് ഫോർ സക്സസ് ഇൻ ബ്ലെൻഡിംഗ് നാഷണലിസം ആന്റ് കമ്മ്യൂണിസം", ദ ന്യൂയോർക്ക് ടൈംസ്
  18. ബ്രോഷെക്സ്, പുറം. 198
  19. സിൻ, ഹൊവാർഡ് (1995). എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്: 1492-പ്രസന്റ്. ന്യൂയോർക്ക്: ഹാർപർ പെരന്യൽ. ISBN 0-06-092643-0. {{cite book}}: Unknown parameter |പുറം= ignored (help)
  20. "കളക്ഷൻ ഓഫ് ലെറ്റേഴ്സ് ബൈ ഹോചിമിൻ". റാഷണൽറെവല്യൂഷൻ.നെറ്റ്. Retrieved 2009-09-26.
  21. സിൻ, ഹൊവാർഡ് (1995). എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്. ന്യൂയോർക്ക്: ഹാർപർ പെരന്യൽ. ISBN 0-06-092643-0. {{cite book}}: Unknown parameter |പുറം= ignored (help)
  22. ദ ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം
  23. ജോസഫ് ബട്ടിംഗർ, വിയറ്റ്നാം എ ഡ്രാഗൺ എംബാറ്റിൽഡ്, vol 1 (ന്യൂയോർക്ക് : പ്രേജർ, 1967)
  24. കറി, സിസിൽ ബി. വിക്ടറി അറ്റ് എനി കോസ്റ്റ് (വാഷിംഗ്ടൺ: ബ്രാസെയ്സ്, 1997)പുറംp. 126
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-24. Retrieved 2012-11-25.
  26. ടക്കർ, സ്പെൻസർ. എൻസൈക്ലോപീഡിയ ഓഫ് ദ വിയറ്റ്നാം വാർ: എ പൊളിറ്റിക്കൽ, സോഷ്യൽ, ആന്റ് മിലിറ്ററി ഹിസ്റ്ററി (vol. 2), 1998
  27. കോൾവിൻ, ജോൺ. ജിയാപ്: ദ വോൾകാനോ അണ്ടർ ദ സ്നോ (ന്യൂയോർക്ക്: സോഹോ പ്രസ്സ്, 1996), പുറം. 51
  28. "വിയറ്റ്നാം ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്". കൂമ്പ്സവെബ്. 1945-09-02. Retrieved 2009-09-26.
  29. കാർണോ, സ്റ്റാൻലി. വിയറ്റ്നാം: എ ഹിസ്റ്ററി.
  30. റോബർട്ട്.എഫ്.ടർണർ, വിയറ്റ്നാമീസ കമ്മ്യൂണിസം: ഇറ്റസ് ഒറിജിൻ ആന്റ് ഡവലപ്മെന്റ് (ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ്, 1975), പുറങ്ങൾ 57-9, 67-9, 74 ആന്റ് “മിത്സ് ഓഫ് ദ വിയറ്റ്നാമീസ് വാർ,” സൗത്ത്ഈസ്റ്റ് ഏഷ്യൻ പെർസ്പെക്ടീവ്, സെപ്തംബർ 1972, പുറങ്ങൾ14-8; ആർതർ.ജെ.ഡൊമ്മൻ, ദ ഇൻഡോചൈനീസ് എക്സ്പീരിയൻസ് ഓഫ് ഫ്രഞ്ച് ആന്റ് ദ അമേരിക്കൻസ് (ഇന്ത്യാനാ യൂണിവേഴ്സിറ്റി പ്രസ്സ്, 2001), പുറങ്ങൾ153-4.
  31. ഫോൾ, ബെർണാഡ്. ലാസ്റ്റ് റിഫ്ലക്ഷൻസ് ഓൺ എ വാർ, പുറം. 88. ന്യൂയോർക്ക്: ഡബിൾഡേ (1967).
  32. റഷ്യൻ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്, "ക്രോണോളജി", പുറം. 45.
  33. "പെന്റഗൺ പേപ്പേഴ്സ്, പതിപ്പ് 1, അദ്ധ്യായം 5, "ഒറിജിൻസ് ഓഫ് ദ ഇൻസർജൻസി ഇൻ സൗത്ത് വിയറ്റ്നാം, 1954-1960"". Archived from the original on 2007-08-14. Retrieved 2007-03-16.
  34. യുണൈറ്റഡ് നേഷൻസ് ഹൈകമ്മീഷൻ ഫോർ റെഫ്യൂജീസ്, സ്റ്റേറ്റ് ഓഫ് ദ വേൾഡ് റെഫ്യൂജീസ്, അദ്ധ്യായം 4, "ഫ്ലൈറ്റ് ഫ്രം ഇൻഡോ ചൈന".
  35. ഥാക്കൂർ, പുറം. 204
  36. ആർ.ജെ.റമ്മൽ. സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഡെമോസൈഡ്. സ്റ്റാറ്റിസ്റ്റിക്സ് ഓഫ് വിയറ്റ്നാമീസ് ഡെമോസൈഡ് ആന്റ് മാസ് മർഡർ
  37. റോബർട്ട് എഫ് ടർണർ, വിയറ്റ്നാമീസ് കമ്മ്യൂണിസം: ഇറ്റ്സ് ഒറിജിൻ ആന്റ് ഡെവലപ്മെന്റ് (ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ് 1975), പുറങ്ങൾ141-3, 155-7.
  38. നട്ട്, അനിത ലോ. "ഓൺ ദ ക്വസ്റ്റ്യൻ ഓഫ് കമ്മ്യൂണിസ്റ്റ് റിപ്രൈസൽസ് ഇൻ വിയറ്റ്നാം." റാൻഡ് കോർപ്പറേഷൻ. ഓഗസ്റ്റ് 1970.
  39. RFA. "വിയറ്റ്നാമീസ് റിമംബർ ലാൻഡ് റീഫോം ടെറർ" ജൂൺ 8, 2006.
  40. Rosefielde (2009) റെഡ് ഹോളോകാസ്റ്റ് പുറങ്ങൾ. 120–121.
  41. ""ദ ഹ്യൂമൻ കോസ്റ്റ് ഓഫ് കമ്മ്യൂണിസം ഇൻ വിയറ്റ്നാം"" (PDF). Archived from the original (PDF) on 2018-06-22. Retrieved 2012-11-27.
  42. ടർൺർ, റോബർട്ട് എഫ്. "എക്സ്പർട്ട് പംക്ച്വർസ് 'നോ ബ്ലഡ് ബാത്ത് ' മിത്" Archived 2013-02-01 at the Wayback Machine.. ഹ്യൂമൻ ഇവന്റ്സ്, നവംബർ 11, 1972.
  43. ഷോൺ ലൂയിസ് മാർഗോൺ "വിയറ്റ്നാം ആന്റ് ലാവോസ്: ദ ഇംപാസ് ഓഫ് വാർ കമ്മ്യൂണിസം" ഇൻ ദ ബ്ലാക്ക് ബുക്ക് പുറങ്ങൾ. 568–569.
  44. ചെംഗ് ഗുവാങ് ആങ് & ആൻ ചെംഗ് ഗുവാൻ, ദ വിയറ്റ്നാം വാർ ഫ്രം ദ അദർ സൈഡ്, പുറം. 21. (2002)
  45. ലിൻഡ്, 1999
  46. 46.0 46.1 പി.ബ്രോഷേക്സ് & ഡ്വിക്കർ, ക്ലെയർ. ഹോ ചിമിൻ: എ ബയോഗ്രഫി, പുറം. 174; ISBN 0-521-85062-2.
  47. [1]
  48. ഡ്വിക്കർ 2000,പുറം. 565
  49. ബെൻ ബ്രൗൺ (12). "ലെറ്റർ ഫ്രം ഹോ ചിമിൻ സിറ്റി - എ ട്രൈബ്യൂട്ട് ടു മൈ വിയറ്റ്നാം വെറ്റ് ഫാദർ". കൗണ്ടർപഞ്ച്. കൗണ്ടർപഞ്ച്. Archived from the original on 2011-07-17. Retrieved 15 ഒക്ടോബർ 2012. {{cite web}}: Check date values in: |date= and |year= / |date= mismatch (help); Unknown parameter |month= ignored (help)
  50. [2]
  51. [3]
  52. [4]
  53. "യുനെസ്കോ ജനറൽ കോൺഫറൻസ്; 24th; റെക്കോർഡ്സ് ഓഫ് ജനറൽ കോൺഫറൻസ്, 24th സെഷൻ, പാരീസ്, 20 ഒക്ടോബർ മുതൽ 20 നവംബർ 1987 വരെ, v. 1: റെസല്യൂഷൻസ്; 1988" (പി.ഡി.എഫ്.). Retrieved 2009-09-26.
  54. Ruane, Kevin, (2000), തുയെത് മിൻ ദ വിയറ്റ്നാം വാർ, മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി പ്രസ്സ്, പുറം. 26; ISBN 0-7190-5490-7
  55. ബോബിർ, ക്ലെയർ (2008) തുയെത് മിൻ ഫുട്പ്രിന്റ് വിയറ്റ്നാം, ഫുട്പ്രിന്റ് വിയറ്റ്നാം. പുറം. 397; ISBN 1-906098-13-1.
  56. "ഗ്രേറ്റ് അങ്കിൾ ഹോ ഹാവ് എ മിയർ മോർട്ടൽ". ദ ഏജ്. 2002-08-15. Retrieved 2009-08-02.

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
ഹോ ചി മിൻ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ ഹോ ചി മിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പദവികൾ
മുൻഗാമിas ചക്രവർത്തി ദി ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ പ്രസിഡന്റ്
2 സെപ്റ്റംബർ 1945 – 2 സെപ്റ്റംബർ 1969
പിൻഗാമി
മുൻഗാമിas വിയറ്റ്നാം സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി ദി ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ പ്രധാനമന്ത്രി
2 സെപ്റ്റംബർ 1945 – 20 സെപ്റ്റംബർ 1955
പിൻഗാമി
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
New title
Chairman of the Workers' Party of Vietnam
1951–1969
പിൻഗാമി
None
മുൻഗാമി First Secretary of the Workers' Party of Vietnam
1956–1960
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഹോ_ചി_മിൻ&oldid=4097987" എന്ന താളിൽനിന്ന് ശേഖരിച്ചത്