സ്വപ്നവാസവദത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്നവാസവദത്തം കൂടിയാട്ടത്തിൽ ഉദയനനായി വേഷമിട്ട മാണി ദാമോദര ചാക്യാർ

ഭാസന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്ന പുരാതനസംസ്കൃതനാടകമാണു് സ്വപ്നവാസവദത്തം അഥവാ സ്വപ്നനാടകം. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയെന്നു് വിശ്വസിച്ചിരുന്ന ഈ രചനയുടെ ഒരു പ്രതി 1910ൽ കേരളത്തിൽ നിന്നും കണ്ടെടുക്കപ്പെട്ടു. കേരളപാണിനി എ.ആർ. രാജരാജവർമ്മ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ മൂലനാടകകൃതിയുടെ ഏകദേശം യഥാതഥമായ ഒരു മലയാളം തർജ്ജമ രചിക്കുകയുണ്ടായി. ഭാസനാടകങ്ങൾ പരിശോധിച്ച നിരൂപകന്മാർ അവയെ ഒന്നായി തീയിലെറിഞ്ഞെന്നും സ്വപ്നവാസവദത്തം മാത്രം ആ അഗ്നിപരീക്ഷയെ അതിജീവിച്ചെന്നും ഒൻപതാം നൂറ്റാണ്ടിൽ, കവി രാജശേഖരൻ എഴുതിയിട്ടുണ്ട്.[1]

https://narayananvaneevrutan.blogspot.com/?m=1 [1]

മലയാളത്തിലേക്ക് ആദ്യമായി സ്വപ്ന വാസവ ദത്തവും (1914)അവിമാരകവും (1924)തര്ജ്ജുമ ചെയ്യ്തത് ഗണപതി ശാസ്ത്രികളുടെ പ്രഥമ ശിഷ്യന് മഹോപാദ്ധ്യായ ഇടമന R നാരായണന് പോറ്റിയാണ് Reference:://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/


Reference: https://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/https://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/

രചനാകാലം[തിരുത്തുക]

ഏറെക്കാലമായി നഷ്ടപ്പെട്ടുവെന്നു വിശ്വസിച്ചിരുന്ന ഭാസകൃതികൾ 1912- ൽ പുറംലോകത്തെത്തിച്ച അനന്തശയനഗ്രന്ഥാവലിയുടെ പ്രസാധകനായിരുന്ന ടി. ഗണപതി ശാസ്ത്രിയുടെ ഊഹം, ഭാസൻ ചാണക്യനും (ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകം) മുമ്പ് ജീവിച്ചിരുന്നിരിക്കണം എന്നായിരുന്നു. എന്നാൽ ഈ ഊഹം ശരിയായിരിക്കണമെന്നില്ല എന്നു് പിൽക്കാലഗവേഷണങ്ങൾ അനുമാനിക്കുന്നു.

കേരളപാണിനിയുടെ അഭിപ്രായത്തിൽ ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിനുശേഷമാണു് ഭാസകവി ജീവിച്ചിരുന്നതു്. സ്വപ്നവാസവദത്തത്തിന്റെ മൂലകഥാതന്തുവിന്റെ പ്രായം ഗണിച്ചാണു് അദ്ദേഹം ഈ അഭിപ്രായത്തിൽ എത്തിയിരിക്കുന്നതു്. ഗുണാഢ്യൻ രചിച്ച, ലുപ്തമായിപ്പോയെന്നു വിശ്വസിക്കപ്പെടുന്ന, ബൃഹത്കഥ എന്ന പൈശാചപ്രാകൃതഗ്രന്ഥത്തിലും അതിന്റെ സംക്ഷിപ്തരൂപമായ സോമദേവഭട്ടന്റെ കഥാസരിത്സാഗരം എന്ന സംസ്കൃതകൃതിയിലും സ്വപ്നവാസവദത്തത്തിലെ നായകനായ ഉദയനമഹാരാജാവിന്റെ കൂടുതൽ വിശദമായ ജീവിതകഥകളുണ്ടു്. ഗുണാഢ്യൻ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാതവാഹനന്റെ സമകാലീനനായിരുന്നു എന്ന വസ്തുതയാണു് പാണിനിയുടെ അനുമാനത്തിനു് ഉപോദ്ബലകം.

തന്റെ കാവ്യമീമാംസയിൽ രാജശേഖരൻ, സ്വപ്നവാസവദത്തത്തെ ഭാസന്റെ രചനയായി ഏടുത്തു പറയുന്നു. കാളിദാസനും ബാണനും ഭാസനെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളതിനാൽ, അവർക്ക് മുമ്പായിരുന്നു ഭാസൻ ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണം എന്ന നാടകത്തിലെ ഒരു പദ്യം, ക്രിസ്തുവർഷാരംഭത്തിനടുത്തു ജീവിച്ചിരുന്ന അശ്വഘോഷന്റെ ബുദ്ധചരിതത്തെ ആശ്രയിക്കുന്നതിനാൽ[1] അശ്വഘോഷനു ശേഷവും, ശൂദ്രകന്റെ 'മൃച്ഛകടികം' ഭാസന്റെ "ദരിദ്രചാരുദത്തൻ" എന്ന അപൂർണ്ണനാടകത്തെ ആശ്രയിക്കുന്നതായി കരുതപ്പെടുന്നതിനാൽ[2] ശൂദ്രകനു മുൻപും ആയിരിക്കണം അദ്ദേഹത്തിന്റെ കാലം. ഈ സൂചനകളെ ആശ്രയിച്ച്, പൊതുവർഷാരംഭത്തിനു ശേഷം, നാലാം നൂറ്റാണ്ടിനപ്പുറമെന്നോ അദ്ദേഹം ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു.

കണ്ടെത്തൽ[തിരുത്തുക]

1910-ൽ തിരുവനന്തപുരത്തെ താളിയോലഗ്രന്ഥശേഖരത്തിന്റെ ക്യൂറേറ്റർ ഗണപതി ശാസ്ത്രിക്ക്, പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര മഠത്തിൽ നിന്നും കൂടിയാട്ടത്തിൽ ഉപയോഗിച്ചിരുന്ന പത്തു സംസ്കൃതരൂപകങ്ങളുടെ താളിയോലഗ്രന്ഥങ്ങൾ ഒരുമിച്ചു് കണ്ടുകിട്ടി. 20 അക്ഷരങ്ങളുടെ പതിപ്പത്തു വരികളുള്ള 105 ഓലകളിലായാണു് ഈ അപൂർവ്വശേഖരം ലഭിച്ചതു്. പഴയ മലയാളം ഗ്രന്ഥലിപിയിൽ എഴുതിയിരുന്ന സംസ്കൃതകൃതികളായിരുന്നു ഇവയിൽ അടങ്ങിയിരുന്നതു്. 300-ലധികം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും ആദ്യത്തെ പന്ത്രണ്ടു താളുകളിലെ ഏതാനും ഭാഗങ്ങൾ ഒഴിച്ചു് മറ്റെല്ലാ ഓലകളിലേയും എഴുത്തുകൾക്കൊന്നും നാശം സംഭവിച്ചിട്ടുണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ പരിശോധനയിൽ ഇവ യഥാക്രമം സ്വപ്നനാടകം, പ്രതിജ്ഞായൗഗന്ധരായണം,പഞ്ചരാത്രം,ചാരുദത്തൻ, ദൂതഘടോൽക്കചം,അവിമാരകം,ബാലചരിതം,മദ്ധ്യമവ്യായോഗം,കർണഭാരം,ഊരുഭംഗംഎന്നീ സംസ്കൃതനാടകങ്ങളാണെന്നു തെളിഞ്ഞു. ഇതുകൂടാതെ, പതിനൊന്നാമതൊരെണ്ണം തുടങ്ങിവെച്ച് ആദ്യത്തെ ഓലയുടെ മറുവശത്തുതന്നെ പെട്ടെന്നു നിന്നുപോയതായും കണ്ടു. അദ്ദേഹത്തിന്റെ പുനരന്വേഷണത്തിൽ, കടുത്തുരുത്തിയ്ക്കടുത്തു് കൈലാസപുരത്തുള്ള ഒരു ജ്യോത്സനായിരുന്ന ഗോവിന്ദ പിഷാരോടിയിൽ നിന്നും അഭിഷേകനാടകം, പ്രതിമാനാടകം എന്നിങ്ങനെ, മേൽപ്പറഞ്ഞവയുടെ അതേ ശൈലിയിൽ എഴുതപ്പെട്ട രണ്ടു നാടകങ്ങൾ കൂടി കണ്ടെടുക്കപ്പെട്ടു. ഇങ്ങനെ മൊത്തം പന്ത്രണ്ടു പൂർണ്ണകൃതികളും ഒരപൂർണ്ണകൃതിയും ഗണപതി ശാസ്ത്രി പരിശോധിച്ച് ക്രമത്തിലാക്കി ടിപ്പണി സഹിതം തിരുവിതാംകൂർ സർക്കാർ അച്ചുകൂടത്തിൽനിന്നും 1912 ഏപ്രിൽ 11 നു് പ്രകാശനം ചെയ്തു. "മഹാമഹിമശ്രീമൂലകരാമവർമ്മകുലശേഖരമഹാരാജന്റെ" കൽപ്പനപോലെ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ 'ഭാസ'കൃതികൾ പിന്നീടു് അനന്തശയനസംസ്കൃതഗ്രന്ഥാവലിയുടെ (അഥവാ ട്രിവാൻഡ്രം സംസ്കൃത സീരീസ്) പതിനഞ്ചാം ശേഖരമെന്ന പേരിൽ ഭാരതത്തിലും പുറത്തുമുള്ള സംസ്കൃത, ഭാഷാ പണ്ഡിതന്മാർക്കിടയിൽ പ്രസിദ്ധമായി.

ഭാസൻ എന്ന പൂർവ്വപ്രസിദ്ധമായ നാടകകാരനെക്കുറിച്ചു് പുരാതനകാലം മുതലേ പല ഭാരതീയരും പരാമർശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റേതായി ഒരൊറ്റ കൃതിപോലും ലഭ്യമായിരുന്നില്ല. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നു കരുതിവന്ന ഭാസസാഹിത്യസർവ്വസ്വമാണു് മിക്കവാറും പൂർണ്ണമായിത്തന്നെ ഒരിടത്തുനിന്നും ഇങ്ങനെ തികച്ചും ആകസ്മികമായി കണ്ടെടുത്തതു്. ഇവയിൽ ചില ഗ്രന്ഥങ്ങളുടെ കൂടുതൽ പതിപ്പുകൾ മൈസൂർ, ചെങ്ങന്നൂർ, ഹരിപ്പാടു് എന്നിവിടങ്ങളിൽ നിന്നും തിരുവിതാംകൂർ കൊട്ടാരം ലൈബ്രറിയിൽ നിന്നുതന്നെയും ഗണപതി ശാസ്ത്രികൾക്കു തന്നെ ലഭ്യമായി.

ഈ പുസ്തകങ്ങൾക്കെല്ലാം പൊതുവായി കാണപ്പെട്ട പല പ്രത്യേകതകളുമുണ്ടായിരുന്നു. ഉപയോഗിച്ചിരിക്കുന്ന ഭാഷ, നാടകം തുടങ്ങുന്ന നാന്ദി ശ്ലോകത്തിന്റെ രൂപം, മംഗളാചരണത്തിന്റെ ക്രമം, നാടകം അവസാനിപ്പിക്കുന്ന ' ഭരതവാക്യത്തിന്റെഘടന, എല്ലാ കൃതികളിലും കാണാവുന്ന രാജപ്രശംസ തുടങ്ങിയവ മറ്റു സംസ്കൃതനാടകങ്ങളുടെ പൊതുസ്വഭാവങ്ങളിൽ നിന്നു വേറിട്ടുനിന്നു. പാണിനിയുടെ ചിട്ടകൾക്കു മുമ്പുള്ള കാലത്തേതുപോലെ ഭാഷയിലെ പ്രകൃതാംശം പ്രകടമായിരുന്നു. പല ശ്ലോകങ്ങളും അപ്പാടെയോ അതേ ശൈലിയിലോ ഒന്നിലധികം ഗ്രന്ഥങ്ങളിൽ പ്രത്യക്ഷമായിരുന്നു. അതു കൂടാതെ, സംസ്കൃതത്തിലെ പുരാതനനാടകങ്ങൾ പിന്തുടരുന്ന പതിവിനു വിപരീതമായി, ഇവയിലൊന്നിലും നാടകകൃത്തിന്റെ പേരുണ്ടായിരുന്നില്ല.

എന്നാൽ 13 നാടകങ്ങളിൽ ഒന്ന്, ഭാസന്റേതെന്ന് സർവസമ്മതമായ സ്വപ്നവാസവദത്തം ആയിരുന്നു. നാടകങ്ങൾക്കു പൊതുവായുള്ള രചനാശൈലിയും സ്വപ്നവാസവദത്തം അവയിൽ ഒന്നായിരുന്നതും പരിഗണിച്ച്, 13 നാടകങ്ങളും ഭാസന്റേതാണെന്ന് ഗണപതി ശാസ്ത്രി വാദിച്ചു. ഈ നാടകങ്ങൾ, സംസ്കൃതത്തിൽ പിൽക്കാലത്തു പ്രതിഷ്ഠനേടിയ നാട്യശാസ്ത്രനിയമങ്ങളുടെ ചട്ടക്കൂടിൽ എഴുതപ്പെട്ടവയല്ല എന്നതും അവയുടെ പൗരാണികതയെ പിന്തുണച്ചു. ശാസ്ത്രിയുടെ അവകാശവാദം വിൽ ഡുറാന്റ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും[3] അവ ഭാസന്റേതാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ അവഗണിക്കാനാവത്തവയാണെന്നും അതിനെതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങൾ തികവില്ലാത്തവയാണെന്നും മറ്റുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.[൧][1]


കഥാതന്തു[തിരുത്തുക]

ബുദ്ധന്റെ കാലത്തിനടുത്തെങ്ങോ ജീവിച്ചിരുന്ന പുരാതനഭാരതത്തിലെ കാല്പനികനായകൻ ഉദയനന്റെയും അദ്ദേഹത്തിന്റെ പത്നി വാസവദത്തയുടേയും കഥയാണിത്. വാസവദത്തയ്ക്കു പകരം മഗധയിലെ രാജകുമാരി പത്മാവതിയെ വിവാഹം കഴിക്കാൻ, ഉദയനനെ അദ്ദേഹത്തിന്റെ മന്ത്രി യൗഗന്ധരായണൻ പ്രേരിപ്പിക്കുന്നു. വിവാഹത്തിലൂടെ ലഭിക്കാവുന്ന മഗധയുടെ സഖ്യം ഉദയനനു നേടിക്കൊടുക്കുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാൽ വാസവദത്തയെ അഗാധമായി സ്നേഹിച്ചിരുന്ന ഉദയനൻ മന്ത്രിയുടെ പ്രേരണയ്ക്കു വഴങ്ങിയില്ല.

തുടർന്ന്, വാസവദത്തയുടെ സമ്മതത്തോടെ, അവൾ തീയിൽ വെന്തുമരിച്ചെന്ന കഥ മന്ത്രി പ്രചരിപ്പിക്കുന്നു. അതു വിശ്വസിച്ച രാജാവ് പത്മാവതിയെ വിവാഹം കഴിച്ചെങ്കിലും വിവാഹശേഷവും അദ്ദേഹം പഴയ പത്നിയെ സ്വപ്നം കണ്ടു കഴിയുന്നു. വാസവദത്തയാകട്ടെ, മന്ത്രിയുടെ ഒത്താശയോടെ പത്മാവതിയുടെ അന്തഃപുരത്തിൽ ഒരു സൈരന്ധ്രിയായി കഴിയുന്നു. ഒടുവിൽ, സങ്കീർണ്ണമായ ഒരു സംഭവപരമ്പര, കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു.[4][൨]

പശ്ചാത്തലകഥ[തിരുത്തുക]

ഉത്തരപ്രദേശിലെ കൗശാംബി(25°31′50.68″N 81°22′38.25″E / 25.5307444°N 81.3772917°E / 25.5307444; 81.3772917)യുടെ ചുറ്റും വ്യാപിച്ചു കിടന്നിരുന്ന പ്രാചീന രാജ്യമായിരുന്നു വത്സരാജ്യം. പാണ്ഡവവംശപരമ്പരയിൽപ്പെട്ട ഉദയനൻ എന്ന മഹാരാജാവാണു് ഒരിക്കൽ ഇവിടം ഭരിച്ചുകൊണ്ടിരുന്നതു്. അതിസുന്ദരനും സംഗീതാദി ലളിതകലകളിൽ അത്യാസക്തനുമായിരുന്നു ധീരലളിതനായകനായ ഉദയനൻ. അദ്ദേഹത്തിനു് വാസുകി നൽകിയ ഘോഷവതി എന്നൊരു വീണയുണ്ടായിരുന്നു. ഘോഷവതിയ്ക്കു് കാട്ടിൽനിന്നും മദയാനകളെ ആകർഷിക്കാൻ പോലുമുള്ള ശബ്ദമാധുര്യം ഉണ്ടായിരുന്നുവത്രേ. 'മൃഗയാക്ഷാ: സ്ത്രിയഃ പാനം' എന്നു പരിഗണിച്ചിട്ടുള്ള സപ്തവ്യസനങ്ങളിൽ ഓരോന്നും ഈ രാജാവിനേയും ബാധിച്ചിരുന്നു. എങ്കിലും അതിസമർത്ഥരായ മഹാമന്ത്രി യൗഗന്ധരായണൻ, സേനാപതി രുമണ്വാൻ എന്നിവരുടെ സഹായമുള്ളതിനാൽ രാജ്യം ക്ഷേമൈശ്വര്യങ്ങളോടെ നില നിന്നു.

ഇതേ കാലത്തു് ഉജ്ജയിനി(23°11′45.28″N 75°47′0.88″E / 23.1959111°N 75.7835778°E / 23.1959111; 75.7835778)എന്ന രാജ്യം ഭരിച്ചിരുന്നതു് ചണ്ഡമഹാസേനൻ എന്ന വിരുതുപേർ കൂടി ഉണ്ടായിരുന്ന മഹാസേനൻ ആയിരുന്നു. ഇദ്ദേഹത്തിനു് അംഗാരവതി എന്ന രാജ്ഞിയിൽ ഗോപാലകൻ, പാലകൻ എന്നിങ്ങനെ രണ്ടു പുത്രന്മാരും വാസവദത്ത എന്നൊരു പുത്രിയും ജനിച്ചു. വാസവദത്തയ്ക്കു് അനുയോജ്യനായ ഒരു പുരുഷൻ ഉദയസേനനേ ഉള്ളൂ എന്നു് മഹാസേനനു ബോദ്ധ്യം വന്നു. എന്നാൽ ആത്മാഭിമാനവും ഉത്കർഷാബോധവും മൂലം അദ്ദേഹത്തിനു് ഉദയനനെ അങ്ങോട്ടു ചെന്നു കണ്ടു് കന്യാദാനം നടത്താൻ മടി തോന്നി. നയപരമായി കാര്യം നടത്താൻ അദ്ദേഹം തന്റെ മകളെ വീണാവാദനം പഠിപ്പിക്കാൻ, ഉദയനൻ ഉജ്ജയിനിലേക്കു വന്നാൽ കൊള്ളാം എന്നൊരു സന്ദേശം ദൂതൻ വശം കൗശാംബിയിലേക്കയച്ചു. എന്നാൽ വീരനും അഭിമാനത്തിനു് ഒട്ടും കുറവില്ലാത്തവനുമായ ഉദയനൻ വാസവദത്തയെ അങ്ങോട്ടയക്കാൻ പ്രതിസന്ദേശവുമയച്ചു. അന്യോന്യമുള്ള ഈ മത്സരത്തിനൊടുവിൽ, മഹാസേനൻ ഒരു യന്ത്രഗജത്തെ ഉണ്ടാക്കി ഛലം കൊണ്ടു് ഉദയനനെ വശപ്പെടുത്തി ഉജ്ജയിനിയിലേക്കു കൊണ്ടുവന്നു.

അഗ്നിപ്രക്ഷേപം (തീയിലിട്ടെരിക്കൽ) എന്ന സംഭവം[തിരുത്തുക]

"ഭാസനാടചക്രേപി ഛേകൈ ക്ഷിപ്തേ പരീക്ഷിതും
സ്വപ്നവാസവദത്തസ്യ ദാഹകോऽഭൂന്ന പാവകഃ"

സൂക്തിമുക്താവലിയിൽ രാജശേഖരകവിയുടേതായി കാണപ്പെടുന്ന ഈ ശ്ലോകത്തിന്റെ അർത്ഥം "ഭാസനാടകങ്ങളെല്ലാം വിദ്വാന്മാർ പരീക്ഷയ്ക്കായി തീയിലിട്ടതിൽ സ്വപ്നവാസവദത്തം മാത്രം ദഹിച്ചില്ല" എന്നാണു്. യഥാർത്ഥത്തിൽ ഇപ്രകാരം നടന്നോ എന്നു തെളിവില്ല. ഒരുപക്ഷേ, നാടകത്തിൽ തന്നെ പ്രതിപാദിക്കുന്ന ലാവാണകം എന്ന സ്ഥലത്തെ അഗ്നിബാധയിൽ 'ഛേകന്മാരായ' മന്ത്രിമാരാൽ 'ക്ഷിപ്ത'യായിട്ടും അപായപ്പെടാത്ത വാസവദത്തയുടെ കഥയുമായി സദൃശപ്പെടുത്തി കൃതിയുടെ മാഹാത്മ്യം കാണിക്കാൻ രാജശേഖരൻ വിഭാവനം ചെയ്ത ശ്ലേഷമായിരിക്കാം ഈ ശ്ലോകം എന്നു് രാജരാജവർമ്മ അഭിപ്രായപ്പെട്ടിട്ടുണ്ടു്. [5]

ഉത്തരരാമചരിതത്തിലെ ഗ്രാവരോദനം (കല്ലുകരയുക) എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി,

"ഭവഭൂതേസ്സംബന്ധാൽ ഭൂധരഭൂരേഖ ഭാരതീ ജാതാ
ഏതത് കൃതകാരുണ്യേ കിമന്യഥാ രോദിതി ഗ്രാവാ"

എന്നു് ഒരു കവി എഴുതിയിട്ടുള്ളതുപോലെയായിരിക്കാം ഈ ശ്ലോകശകലവും എന്നു് അദ്ദേഹം സൂചിപ്പിക്കുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 A Berriedale Keith, The Sanskrit Drama in its Origin, Development, Theory and Practice (പുറങ്ങൾ 91-126)
  2. JBA Van Buitenen, Two Plays of Anncient India: The Little Clay Cart & The Minister's Seal, Introduction(പുറങ്ങൾ 30-32)
  3. വിൽ ഡുറാന്റ്, നമ്മുടെ പൗരസ്ത്യപൈതൃകം, സംസ്കാരത്തിന്റെ കഥ, ഒന്നാം ഭാഗം (പുറം 572)
  4. ഡി.ഡി.കൊസാംബി, പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ (പരിഭാഷ എം. ലീലാവതി(പുറം 294)
  5. ഭാഷാ സ്വപ്നവാസവദത്തം - അവതാരിക - എ.ആർ. രാജ രാജവർമ്മ

സ്രോതസ്സുകൾ[തിരുത്തുക]

  • മാണി മാധവ ചാക്യാർ (1975), നാട്യകല്പദ്രുമം, സംഗീത നാടക അക്കാദമി, ന്യൂ ഡെൽഹി
  • https://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/
  • ബൗമെർ, റേച്ചൽ വാൻ എം. (1993). "A Sanskrit Play In Performance: A Vision of Vasavadatta, by ശാന്ത ഗാന്ധി". Sanskrit drama in performance. വാള്യം. 2. മോത്തിലാൽ ബനാർസിദാസ് പബ്ലിക്കേഷൻസ്. പുറങ്ങൾ. 110–140. ISBN 81-208-0772-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=സ്വപ്നവാസവദത്തം&oldid=3759983" എന്ന താളിൽനിന്ന് ശേഖരിച്ചത്