അവിമാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭാസൻ രചിച്ചതെന്ന് കരുതപ്പെടുന്ന ആറങ്കത്തിലുള്ള ഒരു നാടകമാണ് അവിമാരകം. തിരുവിതാംകൂർ സംസ്കൃത ഗ്രന്ഥപ്രകാശന കാര്യാധ്യക്ഷനായിരുന്ന ടി. ഗണപതിശാസ്ത്രിയുടെ സംശോധനയ്ക്കു വിധേയമായി തിരുവനന്തപുരം സംസ്കൃത ഗ്രന്ഥാവലിയിൽ 20 ആം നമ്പർ ഗ്രന്ഥമായി 1912-ൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടു. അവിമാരകൻ എന്ന രാജകുമാരനെ കഥാനായകനാക്കി രചിച്ചിട്ടുള്ള കൃതിയാകയാലാണ് അവിമാരകം എന്നു ഗ്രന്ഥനാമം.

കഥാസാരം[തിരുത്തുക]

ദീർഘതപസ് എന്ന ബ്രഹ്മർഷിയുടെ ശാപത്താൽ മാതാപിതാക്കന്മാർക്കൊപ്പം ചണ്ഡാലരൂപനായിത്തീർന്ന സൗവീരരാജപുത്രനായ അവിമാരകൻ സ്വമാതുലനായ കുന്തിഭോജന്റെ നഗരത്തിൽ പ്രച്ഛന്നവാസം ചെയ്യുമ്പോൾ മാതുലപുത്രിയായ കുരംഗിയെ ഒരു മദയാനയുടെ ആക്രമണത്തിൽ നിന്നു രക്ഷിച്ചു. ഈ ധീരകൃത്യത്തെപ്പറ്റി കേട്ട കുന്തിഭോജന് ആ യുവാവിന്റെ പേരിൽ ബഹുമാനം തോന്നി. അയാൾ ചണ്ഡാലൻ അല്ലായിരുന്നെങ്കിൽ തന്റെ മകളെ അയാൾക്കു വിവാഹം കഴിച്ചുകൊടുക്കാമായിരുന്നുവെന്നുപോലും രാജാവു ചിന്തിച്ചു. അവിമാരകനും രാജകുമാരിക്കും പ്രഥമദർശനത്തിൽത്തന്നെ സംജാതമായ ചക്ഷുഃപ്രീതി ഗാഢാനുരാഗമായി വളർന്നു. അവിമാരകൻ കുരംഗീധാത്രിയുടെ സഹായത്തോടുകൂടി ഒരു രാത്രി കുമാരിയുടെ അന്തഃപുരത്തിൽ കടന്നു; സംശയം തോന്നി അന്വേഷണത്തിന് ഉദ്യുക്തരായ കന്യാപുരരക്ഷികളുടെ പിടിയിൽ​പ്പെടാതെ പുറത്തുപോകാൻ അവിമാരകനു സാധിച്ചു; എങ്കിലും, കുരംഗിയോടു വേർപെട്ടതിൽ ദുഃഖിതനായും പുനഃസമാഗമസാധ്യതയിൽ നിരാശനായും ഒരു പർവതശൃംഗത്തിൽനിന്നും കീഴ്പ്പോട്ടു ചാടി പ്രാണത്യാഗം ചെയ്യാൻ അയാൾ ഒരുമ്പെട്ടു. തത്സമയം യദൃച്ഛയാ പർവതത്തിലെത്തിയ ഒരു വിദ്യാധരൻ സ്ഥിതിഗതികൾ മനസ്സിലാക്കി. ധരിക്കുന്ന ആൾ അദൃശ്യനായിത്തീരുന്ന ഒരു ദിവ്യാംഗുലീയകം അവിമാരകനു കൊടുത്തു. അതു വിരലിലിട്ടുകൊണ്ട് അയാൾ അന്തഃപുരത്തിൽ നിർബാധം പ്രവേശിച്ചു കുമാരീസംഗമസുഖം അനുഭവിച്ചുകൊണ്ടു കഴിഞ്ഞുകൂടി. തന്റെ ജാമാതൃസ്ഥാനത്തേക്ക് ഉദ്ദേശിച്ചിരുന്ന അവിമാരകന്റെ ആകസ്മിക തിരോധാനത്താൽ വ്യാകുലനായി കാശിരാജപുത്രനായ മറ്റൊരു ഭാഗിനേയനു മകളെ വിവാഹം കഴിച്ചുകൊടുക്കാൻ കുന്തിഭോജൻ ഇതിനിടയ്ക്ക് നിശ്ചയിച്ചു. സൗവീരരാജാവും കുടുംബവും തന്റെ രാജ്യത്തുതന്നെ ഗൂഢമായി പാർക്കുന്നുണ്ടെന്ന് അദ്ദേഹം കാശിരാജാവിൽനിന്നും അറിയാനിടയായി; ഈ ഘട്ടത്തിൽ സമാഗതനായ നാരദനിൽനിന്ന് അവിമാരകന്റെ വൃത്താന്തവും പുറത്തായി. കാശിരാജമഹിഷി സുദർശന പ്രസവിച്ച ഉടനെ തന്റെ പുത്രനെ തന്റെ സഹോദരിയും അനപത്യദുഃഖിതയുമായ സൗവീരരാജമഹിഷി സുചേതനയ്ക്കു കൊടുത്തകാര്യം നാരദൻ രാജാവിനെ ഓർമപ്പെടുത്തി. കുരംഗിയെയും അവിമാരകനെയും നാരദൻ അന്തഃപുരത്തിൽ നിന്നും വരുത്തി കുന്തിഭോജസൗവീരരാജാദിസമക്ഷം അവരെ ആശീർവദിച്ചനുഗ്രഹിച്ചു. ഇതാണ് കഥാസാരം. ഇതിലെ

'ഭവന്ത്വരജസോ ഗാവഃപരചക്രം പ്രശാമ്യതു
ഇമാമപി മഹീം കൃത്സ്നാം രാജസിംഹഃ
പ്രശാസ്തുതഃ'
എന്ന ഭരതവാക്യം പ്രതിജ്ഞായൗഗന്ധരായണം, അഭിഷേകം എന്നീ ഭാസനാടകങ്ങളിലും കാണുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവിമാരകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അവിമാരകം&oldid=3621400" എന്ന താളിൽനിന്ന് ശേഖരിച്ചത്