പ്രതിജ്ഞായൗഗന്ധരായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃതത്തിലെ പുരാതന നാടകരചയിതാവായ ഭാസന്റെ 13 നാടകങ്ങളിലുള്ള ഒന്നാണ് പ്രതിജ്ഞായൗഗന്ധരായണം. ഈ നാടകത്തിൽ 4 രംഗങ്ങൾ ആണ് ഉള്ളത്. സ്വപ്നവാസവദത്തം എന്ന നാടകത്തിനു മുൻപ് നടന്ന സംഭവങ്ങളാണ് ഈ നാടകത്തിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നാടകത്തിന്റെ തുടർച്ചയാണ് സ്വപ്നവാസവദത്തം.

കഥാതന്തു[തിരുത്തുക]

ബുദ്ധന്റെ കാലത്തിനടുത്തെങ്ങോ ജീവിച്ചിരുന്ന പുരാതനഭാരതത്തിലെ കാല്പനികനായകൻ ഉദയനന്റെയും മന്ത്രി യൗഗന്ധരായണന്റെയും വാസവദത്തയുടെയും കഥയാണിത്. ഉദയനന്റെ ആദ്യകാല ജീവിതത്തെ കുറിച്ചാണ് ഈ നാടകം വിവരിക്കുന്നത്.

ഉത്തരപ്രദേശിലെ കൗശാംബി(25°21′45.03″N 81°24′20.00″E / 25.3625083°N 81.4055556°E / 25.3625083; 81.4055556)യുടെ ചുറ്റും വ്യാപിച്ചുകിടന്നിരുന്ന പ്രാചീനരാജ്യമായിരുന്നു വത്സരാജ്യം. പാണ്ഡവവംശപരമ്പരയിൽപ്പെട്ട ഉദയനൻ എന്ന മഹാരാജാവാണു് ഒരിക്കൽ ഇവിടം ഭരിച്ചുകൊണ്ടിരുന്നതു്.അതിസുന്ദരനും സംഗീതാദി ലളിതകലകളിൽ അത്യാസക്തനുമായിരുന്നു ധീരലളിതനായകനായ ഉദയനൻ. അദ്ദേഹത്തിനു് വാസുകി നൽകിയ ഘോഷവതി എന്നൊരു വീണയുണ്ടായിരുന്നു. ഘോഷവതിയ്ക്കു് കാട്ടിൽനിന്നും മദയാനകളെ ആകർഷിക്കാൻ പോലുമുള്ള ശബ്ദമാധുര്യം ഉണ്ടായിരുന്നുവത്രേ. 'മൃഗയാക്ഷാ: സ്ത്രിയഃ പാനം' എന്നു പരിഗണിച്ചിട്ടുള്ള സപ്തവ്യസനങ്ങളിൽ ഓരോന്നും ഈ രാജാവിനേയും ബാധിച്ചിരുന്നു. എങ്കിലും അതിസമർത്ഥരായ മഹാമന്ത്രി യൗഗന്ധരായണൻ, സേനാപതി രുമണ്വാൻ എന്നിവരുടെ സഹായമുള്ളതിനാൽ രാജ്യം ക്ഷേമൈശ്വര്യങ്ങളോടെ നിലനിന്നു.

ഇതേ കാലത്തു് ഉജ്ജയിനി(23°13′25.20″N 75°46′09.50″E / 23.2236667°N 75.7693056°E / 23.2236667; 75.7693056) എന്ന രാജ്യം ഭരിച്ചിരുന്നതു് ചണ്ഡമഹാസേനൻ എന്ന വിരുതുപേർ കൂടി ഉണ്ടായിരുന്ന മഹാസേനൻ ആയിരുന്നു. ഇദ്ദേഹത്തിനു് അംഗാരവതി എന്ന രാജ്ഞിയിൽ ഗോപാലകൻ, പാലകൻ എന്നിങ്ങനെ രണ്ടു പുത്രന്മാരും വാസവദത്ത എന്നൊരു പുത്രിയും ജനിച്ചു. വാസവദത്തയ്ക്കു് അനുയോജ്യനായ ഒരു പുരുഷൻ ഉദയസേനനേ ഉള്ളൂ എന്നു് മഹാസേനനു ബോദ്ധ്യം വന്നു. എന്നാൽ ആത്മാഭിമാനവും ഉത്കർഷാബോധവും മൂലം അദ്ദേഹത്തിനു് ഉദയനനെ അങ്ങോട്ടു ചെന്നു കണ്ടു് കന്യാദാനം നടത്താൻ മടി തോന്നി. നയപരമായി കാര്യം നടത്താൻ അദ്ദേഹം തന്റെ മകളെ വീണാവാദനം പഠിപ്പിക്കാൻ ഉദയനൻ ഉജ്ജയിനിലേക്കു വന്നാൽ കൊള്ളാം എന്നൊരു സന്ദേശം ദൂതൻ വശം കൗശാംബിയിലേക്കയച്ചു. എന്നാൽ വീരനും അഭിമാനത്തിനു് ഒട്ടും കുറവില്ലാത്തവനുമായ ഉദയനൻ വാസവദത്തയെ അങ്ങോട്ടയക്കാൻ പ്രതിസന്ദേശവുമയച്ചു. അന്യോന്യമുള്ള ഈ മത്സരത്തിനൊടുവിൽ, മഹാസേനൻ ഒരു യന്ത്രഗജത്തെ ഉണ്ടാക്കി ഛലം കൊണ്ടു് ഉദയനനെ വശപ്പെടുത്തി ഉജ്ജയിനിയിലേക്കു കൊണ്ടുവന്നു ജയിലിൽ അടയ്ക്കുന്നു. ഉദയനനെ ജയിലിൽനിന്ന് പുറത്തിറക്കും എന്നും അതോടൊപ്പം വാസവദത്തയെയും അവിടെ നിന്നു കടത്തും എന്നും ഉദയനന്റെ മന്ത്രിയായ യൗഗന്ധരായണൻ പ്രതിജ്ഞ ചെയ്യുന്നു. യൗഗന്ധരായണന്റെ പ്രതിജ്ഞയും അത് നടപ്പിലാക്കാനുള്ള വിവിധ തന്ത്രങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ നാടകത്തിന്റെ കഥാതന്തു. ഈ പ്രതിജ്ഞയുടെ കഥയായതുകൊണ്ടാണ് ഈ നാടകത്തിന് പ്രതിജ്ഞായൗഗന്ധരായണം എന്ന പേര് വന്നത്.

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിജ്ഞായൗഗന്ധരായണം&oldid=3621409" എന്ന താളിൽനിന്ന് ശേഖരിച്ചത്