അഭിഷേകനാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമായണത്തെ അവലംബിച്ചു രചിച്ചിട്ടുള്ള സംസ്കൃതനാടകം. ഭാസകവിയാണ് ഇതിന്റെ കർത്താവെന്ന് വിശ്വസിക്കപ്പെടുന്നു. 1917-ൽ ഡോ. ടി. ഗണപതിശാസ്ത്രികൾ തിരുവനന്തപുരം സംസ്കൃത ഗ്രന്ഥാവലിയിലൂടെ ആദ്യമായി പ്രകാശിപ്പിച്ച ഭാസനാടകചക്രത്തിൽ ഉൾപ്പെട്ട പതിമൂന്ന് നാടകങ്ങളിൽ ഒന്നായിട്ടാണ് ഇത് ആദ്യം വെളിച്ചം കണ്ടത്.

ഇതിന്റെ കർത്തൃത്വത്തെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. പല നിരൂപകരുടെയും അഭിപ്രായത്തിൽ കാളിദാസനുപോലും സമാദരണീയനായിരുന്ന ഭാസൻ തന്നെയാണ് ഇതിന്റെ രചയിതാവ്. കേരളീയനെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിഭദ്രകവിയുടെ ആശ്ചര്യചൂഡാമണിയോട് ഇതിന് വളരെയധികം സാദൃശ്യമുള്ളതിനാൽ ഇതിന്റെ കർത്തൃത്വം ശക്തിഭദ്രനിൽ മറ്റു ചിലർ ആരോപിക്കുന്നു. അഭിഷേകനാടകത്തിന്റെ കൈയെഴുത്തു പ്രതികൾ മിക്കതും പ്രാചീന മലയാള ലിപികളിൽ എഴുതപ്പെട്ടവയാകയാലും, അവ ലഭ്യമായത് തിരുവിതാംകൂർ പ്രദേശത്തുനിന്നാകയാലും, പ്രതിമാനാടകം, ആശ്ചര്യചൂഡാമണി എന്നിവയോടൊന്നിച്ചല്ലാതെ അഭിഷേകനാടകത്തിന്റെ കൈയെഴുത്തുപ്രതികൾ ലഭിക്കാനില്ലായ്കയാലും ഇവ മൂന്നും ശക്തിഭദ്രന്റെ രചനകളാണെന്നാണ് അവരുടെ വാദം.

ഭാസനാടകങ്ങളിൽ ഉപയോഗിച്ചിട്ടുള്ള പ്രാകൃതത്തിന്റെ സ്വഭാവം, പ്രയോഗവിശേഷങ്ങൾ, വർണനാരീതി മുതലായവയുടെ തെളിവിന്മേൽ അവയുടെ കാലം എ.ഡി. ഒന്നാം ശതകത്തിലാണെന്ന് മിക്കവാറും തീർച്ചയായിട്ടുണ്ട്.

കഥാഘടന[തിരുത്തുക]

ഭാസന്റേതെന്ന് കരുതപ്പെടുന്ന പ്രതിമാനാടകം പോലെ അഭിഷേകനാടകവും രാമന്റെ കഥയെ ആശ്രയിച്ചുള്ളതാണ്. രാമായണത്തിലെ അയോധ്യാകാണ്ഡവും ആരണ്യകാണ്ഡവുമാണ് പ്രതിമാനാടകത്തിന്റെ അടിത്തറ. അടുത്ത മൂന്ന് (കിഷ്കിന്ധാ-സുന്ദര-യുദ്ധ) കാണ്ഡങ്ങളിലെ കഥയാണ് അഭിഷേകനാടകത്തിന് വിഷയമായിട്ടുള്ളത്. സീതയെ വീണ്ടെടുത്തു തിരിച്ചുവരുന്ന ശ്രീരാമന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുന്ന കഥയായതുകൊണ്ടാണ് ഇതിന് അഭിഷേകനാടകം എന്നു പേരിട്ടിരിക്കുന്നത്. രാജ്യവും ഭാര്യയും കൈവിട്ടുപോയിരുന്ന രാമസുഗ്രീവന്മാർ പരസ്പരോപകാരത്തിനു പ്രതിജ്ഞാബദ്ധരാകുന്നതു മുതൽ ശ്രീരാമാഭിഷേകംവരെയുള്ള കഥയുൾക്കൊള്ളുന്ന ഈ നാടകം ഏഴ് അങ്കങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു.

വീരം ആണ് ഇതിലെ അങ്ഗിയായ രസം. ദാനം, ദയ, യുദ്ധം, ധർമം എന്നു നാലു വിഭാഗങ്ങൾ വീരത്തിനുണ്ട്. അവയിൽ യുദ്ധവീരമാണ് ഈ നാടകത്തിലെ നായകനായ ശ്രീരാമൻ പ്രദർശിപ്പിക്കുന്നത്.

പാണിനിയുടെ വ്യാകരണനിയമങ്ങൾക്കു വഴങ്ങാത്ത ശബ്ദപ്രയോഗങ്ങൾ ഇതിലുണ്ട്. അതുപോലെതന്നെ ഭരതന്റെ നാട്യശാസ്ത്രത്തിൽ 'രംഗപ്രയോഗാനർഹം' എന്നു വിധിച്ചിട്ടുള്ള വധം (ബാലിവധം) രംഗത്ത് അവതരിപ്പിക്കുന്നു. ഇക്കാരണങ്ങളാൽ ചിലർ ഭാസനെ ഒരു മുനിയുടെ നിലവാരത്തിലേക്കുയർത്തുകയും ഭരതന്റെയും പാണിനിയുടെയും പ്രാക്കാലീനനായി കരുതുകയും ചെയ്തുപോരുന്നു. ലളിതമായ സംഭാഷണരീതിയും രംഗാവതരണയോഗ്യമായ കഥാസന്ദർഭങ്ങളുംകൊണ്ട് നല്ലൊരു നാടകത്തിന്റെ പദവി ഇതിനു ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിഷേകനാടകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിഷേകനാടകം&oldid=3621364" എന്ന താളിൽനിന്ന് ശേഖരിച്ചത്