പീറ്റർ ലൊംബാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്ത്രണ്ടാം നൂറ്റാണ്ടിലെ (ജനനം: ക്രി.വ. 1100-നടുത്ത്; മരണം: ജൂലൈ 20, 1160) ഒരു സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്നു പീറ്റർ ലൊംബാർഡ്. നാലു ഭാഗങ്ങളുള്ള സെന്റൻസുകൾ എന്ന ഗ്രന്ഥസമുച്ചയമാണ്‌ അദ്ദേഹത്തിന്റെ മുഖ്യസംഭാവന. മദ്ധ്യകാലസർ‌വകലാശാലകളിൽ ദൈവശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഈ കൃതിയുടെ പേരിൽ ലൊംബാർഡ്, "സെന്റൻസുകളുടെ ഗുരുനാഥൻ" (മജിസ്റ്റർ സെന്റൻഷിയാറം) എന്നും അറിയപ്പെടുന്നു.

ജീവിതാരംഭം[തിരുത്തുക]

വടക്കുപടിഞ്ഞാറൻ ഇറ്റലിയിൽ പീഡ്‌മോണ്ടിലെ നൊവാരയിലുള്ള ലുമെല്ലോനോ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിലാണ്‌ പീറ്റർ ലൊംബാർഡ് ജനിച്ചത്.[1] 1095-നും 1100-നും ഇടയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജനനം എന്നു കരുതപ്പെടുന്നു.

ഇറ്റലിയിൽ നൊവാരയിലെയും ലക്കായിലേയും ഭദ്രാസനപ്പള്ളികളിലെ പാഠശാലകളിലായിരിക്കണം ലൊംബാർഡിന്റെ ആദ്യകാല വിദ്യാഭ്യാസം. ലക്കായിലെ മെത്രാൻ ഒട്ടോയുടെ ശുപാർശയിൽ, ക്ലെയർ‌വോയിലെ ബെർണർദീനോസുമായി(Bernard of Clairvaux) അടുക്കാനായതുമൂലം ഇറ്റലിയ്ക്കു പുറത്ത് ജർമ്മനിയിലെ റീംസിലും ഫ്രാൻസിൽ പാരിസിലും ഉപരിപഠനം നടത്താൻ അദ്ദേഹത്തിനു അവസരം കിട്ടി. പാരിസിൽ നോത്ര് ദാമിലെ കലാലയത്തിൽ ചെലവഴിച്ച ഒരു ദശാബ്ദത്തിനിടെ അദ്ദേഹം, അക്കാലത്തെ പ്രഖ്യാതചിന്തകന്മാരായ പീറ്റർ അബലാർഡ്[൧] , സെയിന്റ് വിക്ടറിലെ ഹൂഗോ എന്നിവരുമായി പരിചയപ്പെട്ടു. പാരിസിൽ അദ്ദേഹം എഴുത്തുകാരനും അദ്ധ്യാപകനുമായി അംഗീകാരം നേടിയത് 1142-നടുത്താണ്‌. 1145-ൽ ലൊംബാർഡ് നോത്ര് ദാം ഭദ്രാസനകലാലയത്തിൽ പ്രൊഫസറായി.

പിൽക്കാലജീവിതം[തിരുത്തുക]

ലൊംബാർഡിന്റെ അദ്ധ്യാപനരീതി പെട്ടെന്ന് അംഗീകാരം നേടി. അദ്ദേഹത്തെ പ്രൊഫസർ സ്ഥാനത്തേയ്ക്കുയർത്താൻ നോത്ര് ദാമിലെ അധികാരികളെ പ്രേരിപ്പിച്ചത് അതായിരുന്നു. 1144 ആയപ്പോൾ അദ്ദേഹം മേലേക്കിട ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായി അംഗീകാരം നേടി. നോത്ര് ദാമിൽ അദ്ധ്യാപനരംഗത്തെ ഉന്നതസ്ഥാനങ്ങൾ കുറേക്കാലമായി കപ്പേത്തിയൻ പ്രഭുകുടുംബവുമായോ രാജകുടുംബവുമായോ രക്തബന്ധമോ വിവാഹബന്ധമോ ഔദ്യോഗിക ബന്ധമോ ഉള്ളവർ കയ്യടക്കിവച്ചിരുന്നതിനാൽ അംഗീകരിക്കപ്പെട്ട ഒരു ദൈവശാസ്ത്രജ്ഞൻ അവർക്കിടയിൽ ഉണ്ടായിട്ട് ഏറെക്കാലമായിരുന്നു. ഫ്രാൻസിൽ സഭയിലേയോ രാജനീതിയിലെയോ ഉന്നതസ്ഥാനങ്ങളിൽ പിടിപാടില്ലാതിരുന്നിട്ടും ലൊംബാർഡിന്‌ അംഗീകാരം നേടാനായത് അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ആർജ്ജിക്കാനായ മതിപ്പിനെ സൂചിപ്പിക്കുന്നു.

ഇതിനിടെ പൗരോഹിത്യത്തിലേയ്ക്കുള്ള പടികളിൽ കയറിപ്പോയ അദ്ദേഹം 1152-ൽ ശമ്മാശനും 1156-നടുത്തെങ്ങോ വൈദികനുമായി. 1159-ൽ അദ്ദേഹം പാരിസിലെ മെത്രാൻ സ്ഥാനത്തേയ്ക്കു നിയുക്തനായി. ലൊംബാർഡിന്‌ സ്വന്തമായി വരുമാനമൊന്നും ഇല്ലാതിരുന്നിട്ടും ഈ സ്ഥാനം അദ്ദേഹം പ്രതിഫലം കൊടുത്ത് "സിമോനി" (simony) വഴി നേടിയതാണെന്ന് ചില ശത്രുക്കൾ ആരോപിച്ചു. എന്നാൽ ഫ്രാൻസിലെ ലൂയി ഏഴാമൻ ചക്രവർത്തിയുടെ സഹോദരനായിരുന്ന ചെറിയ ഫിലിപ്പ് തനിക്കു വാഗ്ദാനം ചെയ്യപ്പെട്ട മെത്രാൻ സ്ഥാനം തന്റെ ഗുരുവായിരുന്ന ലൊംബാർഡിനുവേണ്ടി ഒഴിഞ്ഞുകൊടുത്തതാണെന്നാണ്‌ പൊതുവേ വിശ്വസിക്കപ്പെടുന്നത്. 1159 ജൂലൈ 28-ന്‌, പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൽ ദിനം അദ്ദേഹത്തിന്റെ മെത്രാഭിഷേകം നടന്നു.

വളരെ കുറച്ചുകാലം മാത്രം മെത്രാൻ സ്ഥാനത്തിരുന്ന ലൊംബാർഡ് ആ സ്ഥാനത്തു നിന്നു വിരമിച്ച് അധികം വൈകാതെ, 1160 ജൂലൈ 21-നോ 22-നോ മരിച്ചു. മെത്രാനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ നടപടികളുടെ രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ ഭരണശൈലിയേയോ ലക്ഷ്യങ്ങളേയോ കുറിച്ച് ഒന്നും അറിവില്ല. ലൊംബാർഡിന്റെ പിൻ‌ഗാമിയായത് നോത്ര് ദാം ഭദ്രാസനത്തിന്റെ നിർമ്മാണത്തിനു മേൽനോട്ടം വഹിച്ച സള്ളിയിലെ മൗറീസ് ആണ്‌.[1]പാരിസിലെ വിശുദ്ധ മാർസലിന്റെ ദേവാലയത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശവകുടീരം ഫ്രഞ്ച് വിപ്ലവകാലത്ത് നശിപ്പിക്കപ്പെട്ടു. എന്നാൽ കുടീരലിഖിതത്തിന്റെ ഒരു പകർപ്പ് ലഭ്യമാണ്‌.

'സെന്റൻസുകൾ'[തിരുത്തുക]

ബൈബിളിലെ സങ്കീർത്തങ്ങളുടേയും പൗലോസിന്റെ ലേഖനങ്ങളുടേയും നിരൂപണങ്ങൾ ലൊംബാർഡ് എഴുതിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന രചന, നൂറ്റാണ്ടുകളോളം മദ്ധ്യകാല സർ‌വകലാശാലകളിൽ ദൈവശാസ്ത്രത്തിന്റെ അംഗീകൃതപാഠപുസ്തകമായിരുന്ന സെന്റൻസുകളുടെ നാലു പുസ്തകങ്ങളാണ്‌. ക്വാട്ടർ ലിബ്രി സെന്റൻഷിയാറം(Quatuor Libri Sententiarum) എന്നാണ്‌ മൂലഭാഷയായ ലത്തീനിൽ ഈ കൃതിയുടെ മുഴുവൻ പേര്‌. 1120 മുതൽ പതിനാറാം നൂറ്റാണ്ടു വരെ, ബൈബിളിനു പുറത്തുള്ള ക്രിസ്തീയ സാഹിത്യത്തിലെ മറ്റൊരു രചനയും ഇത്ര വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല. വലിയ അൽബർത്തോസ്, തോമസ് അക്വീനാസ്, ഓക്കമിലെ വില്യം, ഗബ്രിയേൽ ബിയേൽ തുടങ്ങിയവരുൾപ്പെടെ നാലായിരം ചിന്തകന്മാർ അതിന്‌ വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. അതു നേടിയെടുത്ത അതിരില്ലാത്ത സ്വാധീനം ഇഷ്ടപ്പെടാതിരുന്ന റോജർ ബേക്കൺ, സെന്റൻസുകൾ ബൈബിളിന്റെ സ്ഥാനം പിടിച്ചെടുത്തു എന്നു പരാതിപ്പെട്ടു.[2] പ്രൊട്ടസ്റ്റന്റ് നവീകർത്താക്കളിൽ പ്രമുഖൻ മാർട്ടിൻ ലൂഥർ പോലും യുവപ്രായത്തിൽ സെന്റൻസുകളെക്കുറിച്ച് കുറിപ്പുകളെഴുതി. മറ്റൊരു നവീകരണനേതാവ് ജോൺ കാൽ‌വിൽ, ഇൻസ്റ്റിട്യൂട്ടുകൾ എന്ന തന്റെ പ്രഖ്യാതകൃതിയിൽ നൂറിലേറെ വട്ടം സെന്റൻസുകളെ ഉദ്ധരിക്കുന്നുണ്ട്.


ദൈവശാസ്ത്രത്തിലെ വിവിധ മേഖലകളിലെ സമസ്യകളെ സംബന്ധിച്ച ലിഖിതങ്ങളെ ചിട്ടയോടെ സമാഹരിക്കാനും പരസ്പരവിരുദ്ധമായി കാണപ്പെടുന്നവയെ സമന്വയിപ്പിക്കാനുമുള്ള ആദ്യത്തെ പ്രധാന ശ്രമമായിരുന്നു ലൊംബാർഡിന്റെ കൃതി. ദൈവികത്രിത്വത്തെ സംബന്ധിച്ച ഒന്നാം പുസ്തകത്തിലാണ്‌ സെന്റൻസുകളുടെ തുടക്കം. രണ്ടാം പുസ്തകം സൃഷ്ടിയേയും, മൂന്നാം പുസ്തകം "പാപത്തിൽ നിപതിച്ച" സൃഷ്ടിയുടെ "രക്ഷകനായ" ക്രിസ്തുവിനേയും പറ്റിയാണ്‌. ക്രിസ്തുവിന്റെ കൃപയുടെ മാദ്ധ്യമങ്ങളായി കരുതപ്പെടുന്ന കൂദാശകളെപ്പറ്റിയുള്ള നാലാം പുസ്തകത്തിൽ ഈ ഗ്രന്ഥസമുച്ചയം പൂർത്തിയാകുന്നു‌.


നൂറ്റാണ്ടുകളോളം ക്രിസ്തീയചിന്തയുടെ സ്കൊളാസ്റ്റിക് വ്യാഖ്യാനത്തിന്റെ ചട്ടക്കൂടായിരുന്നെങ്കിലും സെന്റൻസുകളുടെ നാലു പുസ്തകങ്ങൾ പിൽക്കാലത്തെ സ്കൊളാസ്റ്റിക് രചനകളുടെ സം‌വാദാത്മകശൈലിയിൽ എഴുതപ്പെട്ടവയല്ല. ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അക്കാലത്തെ ധാരണകളെ പ്രതിഫലിപ്പിക്കുന്ന ബൈബിൾ പാഠങ്ങളുടേയും, സഭാപിതാക്കളുടേയും മദ്ധ്യകാലചിന്തകന്മാരുടേയും രചനകളുടേയും ഒരു സഞ്ചയമാണത്. ബൈബിൾ പാഠങ്ങളുടെ വ്യാഖ്യാനത്തിന്‌ പൂർ‌വഗാമികളുടെ "ആധികാരിക" ലിഖിതങ്ങളിൽ നിന്നുള്ള ഉദ്ധരണികളെ ആശ്രയിക്കുന്ന സെന്റൻസുകൾ, സ്കൊളാസ്റ്റിക്കുകൾക്കു മുൻപ് ലാവോണിലെ അൻസെൽമും മറ്റും അവലംബിച്ച വ്യാഖ്യാനപാരമ്പര്യമാണ് പിന്തുടരുന്നത്‌. പീറ്റർ ലൊംബാർഡ്, അബലാർഡിനെപ്പോലെ സ്കൊളാസ്റ്റിസിസത്തിന്റെ പ്രാരംഭകനായി കണക്കാക്കപ്പെടാതിരിക്കാൻ കാരണമതാണ്‌. ഒരുവിധത്തിൽ നോക്കിയാൽ സെന്റൻസുകൾ ഉദാത്തമായ ചിന്തയുടെ ഫലമല്ലാത്ത സാധാരണരചനയാണെന്ന് തോന്നിയേക്കാം. എന്നാൽ ഈ വാല്യങ്ങൾ തീരെ സാധാരണമായിരുന്നെങ്കിൽ ദീർഘകാലത്തേയ്ക്ക് അവ നിലനിർത്തിയ വിപുലമായ സ്വീകാര്യത അവയ്ക്കുണ്ടാകുമായിരുന്നില്ല. അസാധാരണമായ സമഗ്രതയോടെയും ഭാവനയോടെയും സഞ്ചയിക്കപ്പെട്ടവയാണവ. അച്ചടിവിദ്യയുടെ പ്രചാരം പുസ്തകങ്ങളുടെ വിലകുറയ്ക്കുന്നതിനു മുൻപ്, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെക്കുറച്ചു പുസ്തകങ്ങളേ വാങ്ങാൻ കഴിയുമായിരുന്നുള്ളു. അക്കാലത്ത് ദൈവശാസ്ത്രപഠനത്തിന്റെ അവശ്യസാമിഗ്രികളായി ബൈബിളും ലൊംബാർഡിന്റെ സെന്റൻസുകളും നിലകൊണ്ടു.[3]

സിദ്ധാന്തങ്ങൾ[തിരുത്തുക]

സെന്റൻസുകളിൽ പീറ്റർ ലൊംബാർഡ് അവതരിപ്പിക്കുന്ന സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രസിദ്ധവും വിവാദപരവുമായത് സ്നേഹത്തിന്‌ പരിശുദ്ധാത്മാവുമായി കല്പിക്കുന്ന താദാത്മ്യമാണ്‌.[4] ഈ സിദ്ധാന്തമനുസരിച്ച് ഒരു ക്രിസ്ത്യാനി ദൈവത്തെയോ അയൽക്കാരനെയോ സ്നേഹിക്കുമ്പോൾ, ആ സ്നേഹം അക്ഷരാർത്ഥത്തിൽ ദൈവമാകുന്നതിനാൽ അയാൾ ദൈവികനായി ദൈവികത്രിത്വത്തിന്റെ ജീവനിലേയ്ക്ക് ചേർക്കപ്പെടുന്നു. ഈ ആശയം വിശ്വാസഭ്രംശമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വിപ്ലവകരമായ ഈ ചിന്തയിൽ ലൊംബാർഡിനെ പിന്തുടരാൻ അധികം ദൈവശാസ്ത്രജ്ഞന്മാരുണ്ടായില്ല.

വിവാഹത്തിന്റെ അടിസ്ഥാനം ഉഭയസമ്മതമാണെന്നും അതിന്റെ പൂർണ്ണതയ്ക്ക് സം‌യോഗം(consummation) നിർബ്ബന്ധമല്ലെന്നുമുള്ള ലൊംബാർഡിന്റെ വാദം, പന്ത്രണ്ടാം നൂറ്റാണ്ടിലെ തന്നെ കാനൻ നിയമജ്ഞനായ ഗ്രേഷ്യന്റെ നിലപാടിൽ നിന്നു ഭിന്നമായിരുന്നു. ഇക്കാര്യത്തിൽ ലൊംബാർഡിന്റെ വാദത്തെ അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പ(1159-1181) അംഗീകരിച്ചത് വിവാഹത്തെക്കുറിച്ചുള്ള ക്രിസ്തീയസഭയുടെ നിലപാടിൽ നിർണ്ണായകമായി.

കുറിപ്പുകൾ[തിരുത്തുക]

^  പീറ്റർ അബലാർഡിന്റെ Sic et Non(Yes and No) എന്ന കൃതിയെ ഏറെ വിലമതിച്ച ലൊംബാർഡ്, അതിനെ തന്റെ പ്രാർത്ഥനാഗ്രന്ഥം(Breviary) എന്നു വിളിച്ചു. അബലാർഡിന്റെ അപഭ്രംശങ്ങളെ ഒഴിവാക്കി അദ്ദേഹത്തിന്റെ ചിന്താരീതി പിന്തുടരാനാണ്‌ ലൊംബാർഡ് ശ്രമിച്ചത്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 പീറ്റർ ലൊംബാർഡ്, കത്തോലിക്കാവിജ്ഞാനകോശം[1]
  2. 2.0 2.1 വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം, വിൽ ഡുറാന്റ്(പുറം 953)
  3. ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂററ്റ്(പുറം 506
  4. സെന്റൻസുകൾ, ഒന്നാം പുസ്തകം 17-ആം ഡിസ്റ്റിംഗ്‌ഷൺ
"https://ml.wikipedia.org/w/index.php?title=പീറ്റർ_ലൊംബാർഡ്&oldid=1810071" എന്ന താളിൽനിന്നു ശേഖരിച്ചത്