Jump to content

ഓക്കമിലെ വില്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്കമിലെ വില്യം
ജനനം1288-നടുത്ത്
ഓക്കം, സറി, ഇംഗ്ലണ്ട്
മരണം1347 അല്ലെങ്കിൽ 1348
മ്യൂനിക്ക്, വിശുദ്ധ റോമാസാമ്രാജ്യം
കാലഘട്ടംമദ്ധ്യകാലചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്തകൻ
ചിന്താധാരസ്കൊളാസ്റ്റിസിസം
പ്രധാന താത്പര്യങ്ങൾതത്ത്വമീമാംസ, വിജ്ഞാനശാസ്ത്രം, ദൈവശാസ്ത്രം, തർക്കശാസ്ത്രം, സത്താമീമാംസ, രാഷ്ട്രമീമാംസ
ശ്രദ്ധേയമായ ആശയങ്ങൾഓക്കമിന്റെ കത്തി, നാമവാദം
സ്വാധീനിക്കപ്പെട്ടവർ

പതിനാലാം നൂറ്റാണ്ടിലെ (ജനനം: 1288-നടുത്ത്; മരണം 1348-നടുത്ത്) ഒരു ഇംഗ്ലീഷ് ഫ്രാൻസിസ്കൻ സന്യാസിയും സ്കൊളാസ്റ്റിക് ചിന്തകനും ആയിരുന്നു ഓക്കമിലെ വില്യം. ഇംഗ്ലണ്ടിലെ സറി പ്രവിശ്യയിലെ ഓക്കം ഗ്രാമമാണ് അദ്ദേഹത്തിന്റെ ജനനസ്ഥലമായി കരുതപ്പെടുന്നത്.[1] ഓക്കമിന്റെ കത്തി എന്ന 'ചിന്താസാമഗ്രി'യുടെ പേരിലാണ് വില്യം ഇന്നു പ്രധാനമായും സ്മരിക്കപ്പെടുന്നതെങ്കിലും തർക്കശാസ്ത്രം, ഭൗതികശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ മറ്റു സംഭാവനകളും അദ്ദേഹത്തിന്റേതായുണ്ട്. മദ്ധ്യകാല യൂറോപ്യൻ ചിന്തയിലെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന അദ്ദേഹം പതിനാലാം നൂറ്റാണ്ടിലെ രാഷ്ട്രീയ-ദാർശനിക സംവാദങ്ങളിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ദൈവികരഹസ്യങ്ങളുടെ അന്വേഷണത്തിൽ മനുഷ്യബുദ്ധിയ്ക്ക് ഭാഗികവിജയമെങ്കിലും കൈവരിക്കാനാകുമെന്ന വിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു. രാഷ്ട്രമീമാസാസംബന്ധിയായ രചനകളിൽ വില്യം, പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരത്തേയും സഭയിൽ മാർപ്പാപ്പായുടെ പരമാധികാരത്തേയും വിമർശിച്ചു.

തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും കാട്ടിയ മികവിന്റെ പേരിൽ വില്യം "അജയ്യനായ ഗുരു" (ഡോക്ടർ ഇൻവിൻസിബിലിസ്) എന്നു ബഹുമാനപൂർവം വിളിക്കപ്പെടുന്നു. 1309 മുതൽ 1321 വരെ ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിച്ചെങ്കിലും അവിടെ മാസ്റ്റേഴ്സ് ബിരുദപഠനം പൂർത്തിയാക്കാതിരുന്ന വില്യമിനെ "സമ്പൂജ്യനായ പ്രാരംഭകൻ" (venerable inceptor) എന്നും വിളിക്കുക പതിവാണ്. തോമസ് അക്വീനാസിനും ജോൺ ഡൺസ് സ്കോട്ടസിനുമൊപ്പം വില്യം ഉത്തുംഗമദ്ധ്യയുഗത്തിലെ മൂന്നു പ്രമുഖ ചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.[2]

ജീവിതം

[തിരുത്തുക]

തുടക്കം

[തിരുത്തുക]

ബാലപ്രായത്തിൽ തന്നെ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന വില്യം ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. അവിടത്തെ പഠനം അവസാനിപ്പിച്ച് അധികം താമസിയാതെ അദ്ദേഹം വിവാദപുരുഷനായി. മദ്ധ്യയുഗങ്ങളിൽ പീറ്റർ ലോംബാർഡിന്റെ 'സെന്റൻസുകൾ' എന്ന കൃതി ദൈവശാസ്ത്രത്തിലെ മാനകപാഠം ആയിരുന്നു. മഹത്ത്വാകാംക്ഷികളായ യുവദൈവശാസ്ത്രജ്ഞന്മാർ അതിനു വ്യാഖ്യാനം എഴുതുക പതിവായിരുന്നു. ഓക്സ്ഫോർഡിലെ പഠനം നിർത്തി അധികം താമസിയാതെ അത്തരമൊരു വ്യാഖ്യാനം വില്യമും എഴുതി. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സഭാധികാരികളും അതിനെ വിമർശിച്ചു. പ്രാദേശിക മെത്രാന്മാരുടെ ഒരു സഭാസമ്മേളം വില്യമിന്റെ ഭാഷ്യത്തെ വേദവിരുദ്ധമായി പ്രഖ്യാപിച്ചു.

അവിഞ്ഞോണിൽ

[തിരുത്തുക]
വില്യമിന്റെ "സുമ്മാ ലോജീസേ"-യുടെ 1341-ലെ ഒരു കൈയെഴുത്തു പ്രതിയിലുള്ള ചിത്രം

തുടർന്ന് വേദവ്യതിചലനാരോപണത്തിനു മറുപടി പറയാനായി നൽകാനായി വില്യമിന്, ഫ്രാൻസിൽ അക്കാലത്തു മാർപ്പാപ്പയുടെ ആസ്ഥാനമായിരുന്ന അവിഞ്ഞോണിലേക്ക് പോകേണ്ടിവന്നു. ഏതാണ്ട് അതേകാലത്തു തന്നെ ഫ്രാൻസിസ്കൻ സന്യാസസഭയുടെ തലവനായിരുന്നു സെസേനയിലെ മൈക്കലും വേദവ്യതിചലനാരോപണം നേരിടാനായി അവിഞ്ഞോണിൽ എത്തിയിരുന്നു. യേശുവിനും അപ്പസ്തോലന്മാർക്കും സ്വകാര്യസ്വത്തൊന്നും ഇല്ലായിരുന്നെന്നും ഭിക്ഷാടനത്തിലൂടെ ആവശ്യങ്ങൾ സാധിച്ചാണ് അവർ ജീവിച്ചിരുന്നതെന്നും ആ മാതൃക സഭയും സഭാസ്ഥാപനങ്ങളും പിന്തുടരണമെന്നും ഫ്രാൻസിസ്കന്മാർക്കിടയിലെ തീവ്രപക്ഷം വാദിച്ചിരുന്നു. യേശുസംഘത്തിന്റെ 'ദാരിദ്യത്തെ' സംബന്ധിച്ച ഈ നിലപാടിൽ, 'ആത്മീയന്മാർ' (spirituals) എന്നറിയപ്പെട്ട ഫ്രാൻസിസ്കൻ തീവ്രപക്ഷത്തെ പിന്തുണച്ചതിന്റെ പേരിലാണ് സെസേനയിലെ മൈക്കളിനെതിരെ 22-ആം യോഹന്നാൻ മാർപ്പാപ്പ വേദവ്യതിചലനക്കുറ്റം ചുമത്തിയത്.

മ്യൂനിക്കിലെ പ്രവാസം

[തിരുത്തുക]

ദാരിദ്യവിഷയത്തിൽ മാർപ്പാപ്പായുമായുള്ള തർക്കത്തിൽ വില്യം, സെസേനയെ പിന്തുണച്ചു. ഒടുവിൽ തടവും വധശിക്ഷയും ഭയന്ന വില്യമും സെസേനയും അവർക്കൊപ്പമുണ്ടായിരുന്ന മറ്റു ഫ്രാൻസിസ്കന്മാരും 1328 മേയ് മാസം 26-ആം തിയതി അവിഞ്ഞോണിൽ നിന്ന് ഓളിച്ചോടി. അവർ വിശുദ്ധറോമാസാമ്രാട്ട്, ബവേറിയയിലെ ലൂയി നാലാമന്റെ സംരക്ഷണം തേടി. മാർപ്പാപ്പയുമായി ശത്രുതയിൽ കഴിഞ്ഞിരുന്ന ചക്രവർത്തി അതോടെ വില്യമിന്റെ രക്ഷാധികാരിയായി. "അങ്ങ് എന്നെ വാൾ കൊണ്ടു സരക്ഷിക്കുക; ഞാൻ അങ്ങയെ തൂലിക കൊണ്ടു പിന്തുണയ്ക്കാം" എന്നു വില്യം ചക്രവർത്തിയോടു പറഞ്ഞതായി പറയപ്പെടുന്നു.[3] ലൂയി നാലമന്റെ ആശ്രിയതനായി ബവേറിയയിലെ മ്യൂനിക്കിൽ കഴിഞ്ഞ ഇക്കാലത്ത് മത-രാഷ്ട്രീയാധികാരങ്ങളുടെ പരിധികളെ സംബന്ധിച്ച് വില്യം പല രചനകളും നിർവഹിച്ചു. റോമാസാമ്രാജ്യത്തിൽ ധാർമ്മിക-രാഷ്ട്രീയകാര്യങ്ങളിൽ ചക്രവർത്തിക്ക് പരമാധികാരമുണ്ടെന്ന് ഈ രചനകളിൽ അദ്ദേഹം വാദിച്ചു. അതോടെ 22-ആം യോഹന്നാൻ മാർപ്പാപ്പ അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കി. എന്നാൽ യേശുവിന്റേയും അപ്പസ്തോലന്മാരുടേയും ദാരിദ്ര്യാവസ്ഥയെ നിഷേധിക്കുക വഴി മാർപ്പാപ്പയാണ് വേദവ്യതിചലനം നടത്തിയതെന്നു വില്യം ആരോപിച്ചു. വില്യമിലെ സഭാഭ്രഷ്ടനാക്കിയ സഭ അദ്ദേഹത്തിന്റെ ദർശനത്തെ ഒരിക്കലും ഔപചാരികമായി വിലക്കിയില്ല.

1338-ൽ ലൂയി നാലാമൻ ചക്രവർത്തി മരിച്ചു. അതിനുശേഷമുള്ള വില്യമിന്റെ ജീവിതകഥയിൽ അവ്യക്തതയുണ്ട്. 1342-ൽ സെസേനയിലെ മൈക്കിളും മരിച്ചിരുന്നു. തുടർന്നും അദ്ദേഹം മ്യൂനിക്കിൽ പ്രവാസജീവിതം നയിച്ചിരുന്ന ഒരു ചെറിയസംഘം ഫ്രാൻസിസ്കന്മാരുടെ നേതാവായി കഴിഞ്ഞു എന്നു പറയപ്പെടുന്നു. മ്യൂനിക്കിലെ ഫ്രാൻസിസ്കൻ സന്യാസഭവനത്തിൽ 1347-ലോ 1348-ലോ ഏപ്രിൽ 9-ന് അദ്ദേഹം മരിച്ചു. 1359-ൽ ഇന്നസെന്റെ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തിനു സഭയിൽ മരണാനന്തരം 'പുനരധിവാസം' നൽകി. ആംഗ്ലിക്കൻ സഭയിൽ ഏപ്രിൽ 10 അദ്ദേഹത്തിന്റെ സ്മരണദിനമാണ്. [4]

Quaestiones in quattuor libros sententiarum

ദൈവശാസ്ത്രം

[തിരുത്തുക]

സ്കൊളാസ്റ്റിക് ചിന്തയിൽ ലളിത്യം കൊണ്ടുവരാൻ, അതിന്റെ ഉള്ളടക്കത്തിലും രീതികളിലും വില്യം പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. ജോൺ ഡൺസ് സ്കോട്ടസിനെപ്പോലുള്ള പൂർവഗാമികളുടെ ആശയങ്ങളിൽ ഏറെ അദ്ദേഹം സ്വന്തമാക്കി. ദൈവത്തിന്റെ അപരിമിതമായ ശക്തി, ദൈവകൃപ, മനുഷ്യന്റെ നീതീകരണം, വിജ്ഞാനശാസ്ത്രം, സാന്മാർഗ്ഗികത എന്നീ വിഷയങ്ങളിൽ ഡൺസ് സ്കോട്ടസിനെ അദ്ദേഹം പിന്തുടർന്നു.

ദൈവത്തിന്റെ വഴികൾ യുക്തിക്കു ഗ്രഹിക്കാനാവുന്നവയല്ലാത്തതിനാൽ ദൈവികരഹസ്യങ്ങളുടെ ശരിയായ അറിവിനുള്ള ഏകമാർഗ്ഗം വിശ്വാസമാണെന്ന് വില്യം കരുതി. മനുഷ്യന്റെ തർക്കനൈപുണ്യത്തിനും യുക്തിക്കും പിന്തുടരാവുന്ന നിയമങ്ങളുടെ ബന്ധനമില്ലാതെ ദൈവം പ്രപഞ്ചത്തെ സ്വതന്ത്രമായി സൃഷ്ടിക്കുകയും അതിൽ രക്ഷക്കുള്ള മാർഗ്ഗം സ്ഥാപിക്കുകയുമാണു ചെയ്തത്. വില്യമിന്റെ ദൈവസങ്കല്പം പൂർണ്ണമായും വെളിപാടിനേയും വിശ്വാസത്തേയും ആശ്രയിച്ചുള്ളതായിരുന്നു. ശാസ്ത്രം, കണ്ടെത്തലുകൾ മാത്രമാണെന്നും അനിവാര്യതസത്തയായി ദൈവം മാത്രമേയുള്ളു എന്നും അദ്ദേഹം വിശ്വസിച്ചു. ഓക്കമിലെ വില്യമിന്റെ ചിന്ത, യുക്തിയും വിശ്വാസവും തമ്മിൽ തോമസ് അക്വീനാസ് സാധിച്ചെടുത്ത 'മംഗല്യ'-ത്തിന്റെ വേർപിരിയലിനെ സൂചിപ്പിച്ചു. കാര്യത്തിൽ തുടങ്ങി കാരണത്തിലെത്തുന്ന യുക്തിചിന്ത പിഴച്ചതാണെന്നു വില്യം കരുതി. യുക്തിയുടെ ശരിയായ വഴി കാരണത്തിൽ നിന്ന് കാര്യത്തിലേക്കാണ്. ലോകം ഉള്ളതിനാൽ അതിനു സ്രഷ്ടാവായി ഒരു ദൈവം ഉണ്ടായിരിക്കും എന്ന വാദം അബദ്ധമാണ്. പ്രകൃതിയിലുള്ളവയ്ക്കൊന്നിനും നമ്മെ ദൈവത്തിലേക്കോ ദൈവികസത്യങ്ങളിലേക്കോ നയിക്കാൻ കഴിവില്ല. ക്രിസ്തുമതത്തിലെ വിശ്വാസസത്യങ്ങളെ അംഗീകരിക്കാൻ നമുക്കു ബാദ്ധ്യതയുള്ളത്, വിശ്വാസരഹസ്യങ്ങൾ യുക്തിസഹമായതിനാലല്ല, ബൈബിളിലെ ദൈവവെളിപാടിനനുസരിച്ച് നാം വിശ്വസിക്കണമെന്ന ദൈവകല്പന അനുസരിക്കാനാണ്.[5]

നാമവാദം

[തിരുത്തുക]

സത്താമീമാംസയിൽ നാമവാദം എന്നറിയപ്പെടുന്ന നിലപാടിന്റേയും ആധുനിക വിജ്ഞാനശാസ്ത്രത്തിന്റെ (epistemology) തന്നെയും പിതാവായി വില്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. വ്യക്തിസത്തകൾക്കു (individuals) മാത്രമേ നിലനില്പുള്ളെന്നും വ്യക്ത്യതീതമായ സാർവത്രികസത്തകൾ (universals) വ്യക്തിസത്തകളുടെ അമൂർത്തീകരണം വഴി മനുഷ്യമനസ്സിൽ രൂപപ്പെടുന്നവയായതിനാൽ അവയ്ക്ക് മനഃബാഹ്യമായി നിലനില്പില്ലെന്നും അദ്ദേഹം കരുതി. അതിഭൗതികമായ സാർവത്രികസത്തകളുടെ അസ്തിത്വത്തെ അദ്ദേഹം നിഷേധിച്ചു. അതേസമയം, സാർവത്രികസത്തകളെ 'പേരുകൾ' മാത്രമായി കരുതിയ നാമവാദികൾക്കൊപ്പം വില്യമിനെ എണ്ണുന്നതു ശരിയല്ലെന്നും വ്യക്ത്യതീതസത്തകൾക്കു മനുഷ്യന്റെ സങ്കല്പലോകത്തിലുള്ള സ്ഥാനം അംഗീകരിച്ച അദ്ദേഹത്തെ 'സങ്കല്പവാദി' (conceptualist) ആയി വേണം പരിഗണിക്കാനെന്നും വാദമുണ്ട്.

ആധുനികശാസ്ത്രത്തിനും ബൗദ്ധികസംസ്കാരത്തിനു തന്നെയും വില്യം നൽകിയ ഒരു പ്രധാന സംഭാവന, പ്രതിഭാസങ്ങളുടെ വിശദീകരണത്തിനും സിദ്ധാന്തനിമ്മിതിക്കും വഴികാട്ടിയായി അദ്ദേഹം മുന്നോട്ടുവച്ച സത്താമീമാസയിലെ മിതവ്യയനിയമമാണ്. ഓക്കമിന്റെ കത്തി എന്ന പേരിൽ ഇന്ന് ഇതറിയപ്പെടുന്നു. ഈ തത്ത്വത്തിന്റെ സാധാരണ നടപ്പുള്ള ഒരു വ്യാഖ്യാനം, "സാഹചര്യങ്ങൾ തുല്യമായിരിക്കുമ്പോൾ, ഏതുപ്രശ്നത്തിന്റേയും ഏറ്റവും ലളിതമായ ഉത്തരമായിരിക്കും കൂടുതൽ ശരി" എന്നാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, "പരസ്പരം മത്സരിക്കുന്ന ഒന്നിലേറെ സിദ്ധാന്തങ്ങളുള്ളപ്പോൾ, മറ്റു കാര്യങ്ങൾ ഒരുപോലെയാണെങ്കിൽ, ഏറ്റവും കുറച്ച് സങ്കല്പങ്ങൾ ഉൾക്കൊള്ളുന്നതും ഏറ്റവും കുറച്ച് ഘടകങ്ങളെ അവതരിപ്പിക്കുന്നതുമായ സിദ്ധാന്തമാണ് സ്വീകരിക്കേണ്ടത്. ഇതനുസരിച്ച്, മിതത്വം, ഒതുക്കം, ലാളിത്യം എന്നിവ ഉപദേശിക്കുന്നതും മുഖ്യമായും ശാസ്ത്രസിദ്ധാന്തങ്ങൾക്കു ബാധകവുമായ സാമാന്യബുദ്ധിയുടെ നിയമങ്ങളിലൊന്നാണ്(Heuristic maxim) ഓക്കമിന്റെ കത്തി.

ഈ വ്യാഖ്യാനത്തെ പിന്തുടർന്നാണ് ഇത് ഇന്ന് സാധാരണ മനസ്സിലാക്കപ്പെട്ടുപോരുന്നതെങ്കിലും ലാളിത്യത്തെ പ്രസക്തിക്ക് പകരമായി കണക്കാക്കുന്നെങ്കിൽ ഈ വ്യാഖ്യാനം തെറ്റായിരിക്കും. ഏതെങ്കിലും പ്രതിഭാസത്തിനുള്ള വിശദീകരണത്തിന്റെ ലാളിത്യത്തേയോ സങ്കീർണ്ണതയേയോ കുറിച്ചല്ല ഓക്കമിന്റെ കത്തിയുടെ വ്യഗ്രത. ബാഹ്യദർശനത്തിൽ ലളിതമെന്നു തോന്നിക്കുന്ന ഒരു പ്രതിഭാസത്തിനുപിന്നിലുള്ള പ്രക്രിയ സങ്കീർണ്ണത നിറഞ്ഞതായിരിക്കാം. പ്രതിഭാസത്തിന്റെ അവശ്യവും പ്രസക്തവുമായ എല്ലാ വശങ്ങളേയും പ്രതിഫലിപ്പിക്കാത്ത ലളിത വിശദീകരണം ശുദ്ധഗതി മാത്രമായിരിക്കും. വിശദീകരണത്തെ പ്രതിഭാസവുമായി ബന്ധമില്ലാത്ത ഘടകങ്ങളിൽ നിന്ന് മുക്തമാക്കുകയെന്നതാണ് ഓക്കമിന്റെ കത്തിയുടെ ധർമ്മം. ബർട്രാൻഡ് റസ്സലിന്റെ അഭിപ്രായത്തിൽ, ഒരു പ്രതിഭാസത്തിന്റെ ശാസ്ത്രീയവിശദീകരണം സാങ്കല്പികമായ ഏതെങ്കിലുമൊരു ഘടകത്തെ ആശ്രയിച്ചല്ലാതെ സാധ്യമാണെങ്കിൽ ആ ഘടകത്തെ പരിഗണനയിലെടുക്കുന്നതിന് ഒരു ന്യായീകരണവുമില്ല എന്നാണ് ഓക്കമിന്റെ കത്തിയുടെ അർത്ഥം. യുക്തിചിന്താസംബന്ധിയായ വിശകലനങ്ങളിൽ ഓക്കമിന്റെ കത്തി അങ്ങേയറ്റം ഉപകാരപ്രദമായ ഒരു തത്ത്വമായി തനിക്കനുഭവപ്പെട്ടിട്ടുണ്ടെന്നും റസ്സൽ പറയുന്നു.[3]

വിജ്ഞാനശാസ്ത്രം

[തിരുത്തുക]

രാഷ്ട്രമീമാസ

[തിരുത്തുക]

രാഷ്ട്രമീമാസാസംബന്ധിയായ രചനകളിൽ വില്യം, സമകാലീനനായ പാദുവയിലെ മാർസിലിയസിനെപ്പോലെ, പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരത്തേയും സഭയിൽ മാർപ്പാപ്പായുടെ പരമാധികാരത്തേയും വിമർശിച്ചു. സഭയെന്നത് പൗരോഹിത്യമല്ല വിശ്വാസികളുടെ കൂട്ടായ്മയാണെന്നും മുഴുവൻ സഭയുടേയും അധികാരം അതിന്റെ ഏതെങ്കിലും ഒരു ഘടകത്തിന്റെ അധികാരത്തേക്കൾ കവിഞ്ഞതാണെന്നും അതിന്റെ അധികാരം ഒരു പ്രതിനിധിസംഘത്തിനു കൈമാറാൻ സഭാസമൂഹത്തിനു കഴിയുമെന്നും മാർപ്പാപ്പ ഉൾപ്പെടെ ഏത് പദവിയിൽ ഉള്ളവരേയും നിയന്ത്രിക്കാനും ശിക്ഷിക്കാനും നീക്കം ചെയ്യാനും അത്തരമൊരു പ്രതിനിധിസംഘത്തിനു കഴിയുമെന്നും അദ്ദേഹം വാദിച്ചു.[6]

വിലയിരുത്തൽ

[തിരുത്തുക]

ക്രിസ്തീയവിശ്വാസത്തെ യുക്തിയുമായി സമന്വയിപ്പിക്കാൻ ശ്രമിച്ച സ്കൊളാസ്റ്റിക് പാരമ്പര്യത്തിൽ പെട്ട ചിന്തകനായിരുന്നെങ്കിലും വിശ്വാസസത്യങ്ങളുടെ സ്ഥാപനത്തിൽ യുക്തിക്കുള്ള പരിമിതി വില്യം എടുത്തുപറഞ്ഞു. സമകാലീനനായ ജോൺ ഡൺസ് സ്കോട്ടസിന്റെയെന്നപോലെ വില്യമിന്റെ ദർശനവും സ്കൊളാസ്റ്റിക് പാരമ്പര്യത്തിന്റെ ദൗർബല്യത്തേയും ക്രിസ്തീയചിന്ത ചെന്നുപെട്ടിരുന്ന പ്രതിസന്ധിയേയും സൂചിപ്പിച്ചു.[7]

അവലംബം

[തിരുത്തുക]
  1. യോർക്ക്ഷയറിലെ ഓക്കമിലാണ് അദ്ദേഹം ജനിച്ചതെന്നും അവകാശപ്പെടുന്നവരുണ്ട്. എങ്കിലും സറി പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചതെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിരിക്കുന്നു. See Wood, Rega (1997). Ockham on the Virtues. Purdue University Press. pp. 3, 6–7n1. ISBN 978-1-55753-097-4.
  2. ഓക്കമിലെ വില്യം, സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫിയിലെ ലേഖനം]
  3. 3.0 3.1 ബെർട്രാൻഡ് റസ്സൽ, എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി, (പുറങ്ങൾ 469-75)
  4. "Holy Days". Liturgical Calendar. Church of England. Archived from the original on 2010-04-09. Retrieved 22 October 2006.
  5. ജോർജ്ജ് ക്ലാർക്ക് സെല്ലറി: The Renaissance, Its Nature and Origins (പുറങ്ങൾ 175-78)
  6. വിൽ ഡുറാന്റ്, നവോത്ഥാനം, സംസ്കാരത്തിന്റെ കഥ (അഞ്ചാം ഭാഗം - പുറം 363)
  7. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 517-19)
"https://ml.wikipedia.org/w/index.php?title=ഓക്കമിലെ_വില്യം&oldid=3957451" എന്ന താളിൽനിന്ന് ശേഖരിച്ചത്