നവാസ് ഷെരീഫ്
പാകിസ്താനിലെ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്[1]. പാകിസ്താനിലെ സുപ്രീം കോടതി അയോഗ്യത കൽപിച്ചതു കൊണ്ട് കാലാവധി പൂർത്തിയാക്കും മുൻപ് അദ്ദഹത്തിന് രാജി വയ്ക്കേണ്ടി വന്നു. മുമ്പ് പതിനാലാമത്തെയും (1 നവംബർ 1990-18 ജൂലൈ 1993)പതിനെട്ടാമത്തെയും (17 ഫെബ്രുവരി 1997-12 ഒക്ടോബർ 1999) പ്രധാനമന്ത്രിയായിരുന്നു. 1949 ഡിസംബർ 25-ന്, ലാഹോറിലെ വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ സീമന്തപുത്രനായി ജനിച്ചു. ലാഹോറിലെ സെന്റ് ആന്റണീസ് ഹൈസ്കൂൾ, ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമ ബിരുദവും നേടി.
രാഷ്ട്രീയത്തിലേക്ക്
[തിരുത്തുക]പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന നവാസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അന്നത്തെ പാക് പ്രസിഡന്റായ സിയ-ഉൾ-ഹക്കാണ്. പഞ്ചാബ് ജില്ലാ ഉപദേശക സമിതിയിൽ അംഗമായി ചേർന്നുകൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം 1985 ഏപ്രിൽ 9-ന് പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ (1988) നവാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. ഈ തെരഞ്ഞെടുപ്പിലൂടെ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ബേനസീർ ഭൂട്ടോ നവാസിനെ രാഷ്ട്രീയ പ്രതിയോഗിയായി കണ്ടു. (സുൾഫിക്കർ അലി ഭൂട്ടോയ്ക്ക് വധശിക്ഷ നൽകിയ സിയ-ഉൾ-ഹക്കിന്റെ വലംകൈ ആയിരുന്നു നവാസ് എന്നതായിരുന്നു ശത്രുതയ്ക്ക് കാരണം) അഴിമതി ആരോപണങ്ങളുടെ പേരിൽ ബേനസീർ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച നവാസ് ആദ്യമായി പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു (1990 നവംബർ). വലതുപക്ഷ യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണയോടെയാണ് ഇദ്ദേഹം അധികാരത്തിലേറിയത്. എന്നാൽ മൂന്ന് വർഷത്തിനുശേഷം 1993 ഏപ്രിൽ 18-ന് അഴിമതി ആരോപണങ്ങളുടെ പേരിൽ ഇദ്ദേഹത്തെ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാൻ പുറത്താക്കി. ഒന്നരമാസത്തിനുള്ളിൽ പാക്‌സുപ്രീംകോടതി ഇടപെട്ട് നവാസിനെ പുനഃസ്ഥാപിച്ചെങ്കിലും പ്രസിഡന്റുമായുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെ 1993 ജൂലൈ 18-ന് നവാസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
വീണ്ടും പ്രധാനമന്ത്രി
[തിരുത്തുക]1997 ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫ് രണ്ടാമതും പ്രധാനമന്ത്രിയായി. ആകെ പോൾ ചെയ്ത വോട്ടുകളുടെ 90 ശതമാനം നേടിക്കൊണ്ട് പാക് ചരിത്രത്തിലെ എക്കാലത്തെയും വിജയം കരസ്ഥമാക്കിയ നവാസ് ഏറെ വിവാദപരമായ ചില ഭരണഘടനാ ഭേദഗതികൾ പാസ്സാക്കി. ഇതിൽ 13-ആം ഭേദഗതി, പാക് പ്രസിഡന്റിന് പ്രധാനമന്ത്രിയെ പിരിച്ചുവിടാനുള്ള അധികാരം എടുത്തുകളയുകയും, 14-ആം ഭേദഗതി പാർട്ടി അംഗങ്ങളിൽ തികഞ്ഞ അച്ചടക്കം അടിച്ചേല്പിക്കുകയും ചെയ്തു. എന്നാൽ യാഥാസ്ഥിതിക ഇസ്ലാമിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ ഇദ്ദേഹത്തെ പാശ്ചാത്യലോകം സംശയത്തോടെയാണ് വീക്ഷിച്ചത്.
സേനയുമായി ഇടഞ്ഞു
[തിരുത്തുക]തെരഞ്ഞെടുപ്പ് വിജയത്തിന്റെ പിൻബലത്തിൽ സൈനിക നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞ നവാസ്, പല കരസേനാമേധാവികളെയും പുറത്താക്കിയിരുന്നു. 1998 ഒക്ടോബറിൽ ഇദ്ദേഹം ജനറൽ പർവേസ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചു. എന്നാൽ കാർഗിൽ യുദ്ധത്തിൽ പാകിസ്താനുണ്ടായ പരാജയത്തിനുശേഷം ഇരുവരും തമ്മിൽ അകലുകയാണുണ്ടായത്. പട്ടാള അട്ടിമറിയിലൂടെ മുഷറഫ് തന്നെ പുറത്താക്കുമെന്ന് ഭയന്ന നവാസ് ഷെരീഫ് 1999 ഒക്ടോബർ 12-ന് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. എന്നാൽ ഏറെ നാടകീയമായ ഒരു പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കിയ മുഷറഫ് അധികാരം പിടിച്ചെടുക്കുകയാണുണ്ടായത്. പിന്നീട് വിവിധ കേസുകളിലായി 14 വർഷം തടവും 21 വർഷം ഏതെങ്കിലും ഭരണ സ്ഥാപനത്തിന്റെ മേധാവിത്വം വഹിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയെങ്കിലും സൌദി രാജകുടുംബത്തിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്ന് ശിക്ഷ സൗദിയിലേക്കുള്ള നാടുകടത്തലായി ഇളവ് ചെയ്യപ്പെട്ടു.
ബേൻസീറും നവാസുമായുള്ള കൂടികാഴ്ച
[തിരുത്തുക]സൗദിയിൽവച്ച് മുൻ രാഷ്ട്രീയ എതിരാളികളായ നവാസും ബേനസീറും തമ്മിൽ (ഫെബ്രുവരി 2005) കൂടിക്കാഴ്ച നടത്തി. തുടർന്ന് രാജ്യത്തിന്റെ പൊതുതാത്പര്യത്തിനായി ഒരുമിച്ച ഇവർ 2006 മേയ് 14-ന് ലണ്ടനിൽ വച്ച് ഒരു ജനാധിപത്യ ഉടമ്പടിയിൽ (Charter of Democracy) ഒപ്പുവയ്ക്കുകയുണ്ടായി. പാകിസ്താനിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി എ.ആർ.ഡി. (Alliance for the Restoration of Democracy) എന്ന സഖ്യം രൂപീകരിച്ചെങ്കിലും പിന്നീട് ബേനസീർ ഇതിൽനിന്നും വിട്ടുനിന്നത് സഖ്യത്തെ നിർജീവമാക്കി (മുഷറഫുമായി എത്തിച്ചേർന്ന രഹസ്യ ധാരണയായിരുന്നു ബേനസീറിന്റെ പിൻമാറ്റത്തിനു കാരണം എന്നു പറയപ്പെട്ടിരുന്നു). അതേസമയം മുഷറഫുമായി യാതൊരു സന്ധിക്കും വഴങ്ങാത്ത നവാസിന്റെ വ്യക്തിത്വം ഇദ്ദേഹത്തെ പാകിസ്താനിലെ ജനപ്രിയനായകനാക്കി മാറ്റി. നവാസ് ഷെറീഫിന് പാകിസ്താനിലേക്ക് മടങ്ങിവരാൻ അനുമതി നൽകിക്കൊണ്ടുള്ള വിധിന്യായം സുപ്രീംകോടതി പുറപ്പെടുവിച്ചതിനെത്തുടർന്ന് 2007 സെപ്റ്റംബർ 10-ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽ ഇസ്ലാമാബാദിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ മുഷറഫ് ഭരണകൂടം നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പാകിസ്താൻ മണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ സൌദിയിലേക്ക് തിരിച്ചയച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനം
[തിരുത്തുക]പ്രസിഡന്റ് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം നവാസിനെയും ബേനസീറിനെയും വീണ്ടും സമവായത്തിലെത്താൻ പ്രേരിപ്പിച്ചു. 2008 ജനുവരിയിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അടിയന്തരാവസ്ഥറദ്ദാക്കുക എന്ന അജണ്ടയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്.
നവാസിനെ തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കണമെന്ന് സൗദി രാജകുടുംബം ചെലുത്തിയ സമ്മർദം നവാസ് ഷെരീഫിന് പാകിസ്താനിൽ തിരികെ വരാനുള്ള അവസരം സംജാതമാക്കി. 2008 ജനുനുവരിയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നവാസ് നാമനിർദ്ദേശപ്പത്രിക സമർപ്പിച്ചെങ്കിലും ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിന്നു എന്ന കാരണത്താൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മത്സരിക്കുന്നതിൽ നിന്നും വിലക്കി (തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി 2009 മേയ് 27-ന് റദ്ദാക്കുകയുണ്ടായി).
ബേനസീറിന്റെ മരണം
[തിരുത്തുക]2007 ഡിസംബർ 27-ന് ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടതോടെ പ്രത്യേകമായ രാഷ്ട്രീയ കാലാവസ്ഥ പാകിസ്താനിൽ സംജാതമായി. ബേനസീർ വധിക്കപ്പെട്ട സാഹചര്യത്തിൽ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നവാസ് പ്രഖ്യാപിച്ചെങ്കിലും, ആസിഫ് സർദാരിയുടെ (ബേനസീറിന്റെ ഭർത്താവ്) അഭ്യർഥനയെത്തുടർന്ന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ ഇദ്ദേഹത്തിന്റെ പാർട്ടി തീരുമാനിച്ചു. 2008 ഫെബ്രുവരി 18-ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ നവാസ് ഷെരീഫിന്റെ പാർട്ടി പഞ്ചാബിൽ വ്യക്തമായ ഭൂരിപക്ഷം നേടുകയും പാക് നാഷണൽ അസംബ്ലിയിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ബേനസീർ ഭൂട്ടോ നേതൃത്വം വഹിച്ചിരുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് 342 അംഗ അസംബ്ലിയിൽ 123 സീറ്റും നവാസിന്റെ പാർട്ടിക്ക് 91 സീറ്റും ലഭ്യമായി. പി.പി.പി.-പി.എം.എൽ.എൻ. ധപാകിസ്താൻ മുസ്ലിം ലീഗ് (നവാസ്)പസഖ്യത്തിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വന്നു. മുഷറഫ് പിരിച്ചുവിട്ട ജഡ്ജിമാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് 2008 മേയ് 14-ന് നവാസ് ഷെരീഫിന്റെ പാർട്ടി മന്ത്രിസഭയിൽ നിന്നു മന്ത്രിമാരെ പിൻവലിച്ചെങ്കിലും മന്ത്രിസഭയെ പുറത്തുനിന്നും പിന്തുണയ്ക്കുകയുണ്ടായി. 2008 ആഗ. 25-ന് പി.പി.പി.യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിനുള്ള പിന്തുണ നവാസ് പിൻവലിച്ചു. ജഡ്ജിമാരെ തിരിച്ചെടുക്കണമെന്ന അന്ത്യശാസനം പി.പി.പി. തള്ളിക്കളഞ്ഞതും, ആസിഫ് അലി സർദാരിയെ പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിച്ചതുമാണ് മുന്നണി ബന്ധത്തെ ഉലച്ചത്. ജഡ്ജിമാരെ തിരിച്ചെടുത്തുവെങ്കിലും (2009) പാകിസ്താനിൽ യഥാർഥ ജനാധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം പ്രതിപക്ഷകക്ഷിയായ മുസ്ലിം ലീഗ് (നവാസ്) തുടരുകയാണ്.
അഴിമതിക്കേസിൽ നവാസ് ഷെരീഫിനും മകൾക്കും തടവ്ശിക്ഷ
[തിരുത്തുക]അഴിമതിക്കേസിൽ നവാസ് ഷെരീഫിനും മകൾക്കും തടവ്ശിക്ഷ [1]
അവലംബം
[തിരുത്തുക]- ↑ "സമകാലികം" (PDF). മലയാളം വാരിക. 2013 മെയ് 24. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.newsweekpakistan.com/index.php?option=com_content&view=article&id=951&Itemid=53
- http://www.thenews.com.pk/Todays-News-13-15820-Nawaz-Sharif-vows-to-join-protest-against-Nato-supplies
- http://pmln.org/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നവാസ് ഷെരീഫ് (1949 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |