ചെറുവള്ളി ദേവീക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ചെറുവള്ളി ദേവീക്ഷേത്രം | |
|---|---|
| പേരുകൾ | |
| ശരിയായ പേര്: | ചെറുവള്ളി ദേവീക്ഷേത്രം |
| സ്ഥാനം | |
| സ്ഥാനം: | ചെറുവള്ളി |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | ശ്രീ ഭദ്രകാളി |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നത്തിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചെറുവള്ളി ദേവീക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഗണപതി, പരമശിവൻ, പാർവ്വതി, ദുർഗ്ഗ, മഹാവിഷ്ണു, അയ്യപ്പൻ, സുബ്രഹ്മണ്യൻ, കൊടുംകാളി, വീരഭദ്രൻ, നാഗദൈവങ്ങൾ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, ജഡ്ജിയമ്മാവൻ തുടങ്ങിയ പ്രതിഷ്ഠകൾ ഇവിടെ ഉപദേവതകളായുണ്ട്. ഇവരിൽ ഏറ്റവും പ്രസിദ്ധമായ ഉപപ്രതിഷ്ഠയാണ് ജഡ്ജിയമ്മാവൻ. തിരുവിതാംകൂറിലെ സത്യസന്ധനും നീതിമാനുമായിരുന്ന ഒരു ജഡ്ജിയെയാണ് ഈ പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. വെള്ളിയാഴ്ചകളിൽ രാത്രി ദേവിയുടെ നടയടച്ചശേഷമാണ് ഇവിടെ നടതുറന്ന് പൂജ നടത്തുന്നത്. ആ സമയങ്ങളിൽ വന്നുതൊഴുതാൽ കേസുകളിൽ നിന്ന് മോചനമുണ്ടാകും എന്നാണ് ഭക്തജനവിശ്വാസം. മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ടായി നടക്കുന്ന എട്ടുദിവസത്തെ ഉത്സവവും അതിനിടയിൽ വരുന്ന പൂരം നാളുമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷങ്ങൾ. കൂടാതെ നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രസ്ഥാപനം
[തിരുത്തുക]ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം കൊടുംകാടായിരുന്നു. അവിടെ ധാരാളം ആദിവാസികൾ താമസിച്ചിരുന്നു. ഒരു ദിവസം പുല്ലുചെത്താൻ വന്ന ഒരു സ്ത്രീ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാൻ അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽനിന്ന് രക്തപ്രവാഹമുണ്ടായെന്നും സംഭവമറിഞ്ഞ ഒരു ഭക്തബ്രാഹ്മണൻ ഇവിടെയെത്തി പരാശക്തിയെ പൂജ നടത്തിയെന്നുമാണ് കഥ. പൂജയ്ക്ക് മുമ്പായി അദ്ദേഹം അടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ ദേവീചൈതന്യം കുളത്തിൽ വ്യാപിച്ചു. തുടർന്ന് ഇന്ന് പാട്ടമ്പലം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്ത് അധിവസിച്ചു. അവിടെവച്ചാണ് പൂജ നടത്തിയത്. ഒരു ചെറിയ വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന രൂപത്തിലാണത്രേ ആദ്യം ഭഗവതി ഭക്തർക്ക് ദർശനം നൽകിയത്. അങ്ങനെ സ്ഥലത്തിന് ചെറുവള്ളി എന്ന പേരുവന്നതായി വിശ്വസിയ്ക്കപ്പെടുന്നു. പിന്നീട് ആദിവാസികൾ സ്ഥലം വിട്ടപ്പോൾ പലയിടങ്ങളിലായി അവർ ഭദ്രകാളീ ചൈതന്യം കാണുകയും അവിടെയെല്ലാം ക്ഷേത്രങ്ങൾ പണിയുകയും ചെയ്തു. അങ്ങനെ കേരളത്തിന്റെ പലഭാഗത്തും ചെറുവള്ളി ക്ഷേത്രങ്ങൾ നിലവിൽ വന്നു.
ജഡ്ജിയമ്മാവൻ കോവിൽ
[തിരുത്തുക]ചെറുവള്ളി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ജഡ്ജിയമ്മാവൻ എന്ന പേരുള്ള ഉപപ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് അറുകൊല സങ്കല്പത്തിലുള്ള ഈ പ്രതിഷ്ഠ. ദേവീസന്നിധിയിൽ മോക്ഷം പ്രാപിച്ച തിരുവല്ല രാമവർമ്മപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ളയെയാണ് ഈ പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ കോടതിയിലെ ജഡ്ജിയായിരുന്നു അദ്ദേഹം. സത്യസന്ധനും നീതിമാനുമായിരുന്ന അദ്ദേഹം മികച്ച രീതിയിൽ ശിക്ഷകൾ നടപ്പാക്കി കഴിഞ്ഞുപോന്നു. എന്നാൽ ഒരിയ്ക്കൽ, എന്തോ തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം അനന്തരവനായ പദ്മനാഭപിള്ളയെ അദ്ദേഹത്തിന് വധശിക്ഷയ്ക്ക് വിധിയ്ക്കേണ്ടിവന്നു. അനന്തരവൻ നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ സ്വന്തം വധശിക്ഷ നടപ്പാക്കാൻ അദ്ദേഹം ധർമ്മരാജയോട് അഭ്യർത്ഥിച്ചു. ധർമ്മരാജ മനസ്സില്ലാമനസ്സോടെ അത് നടപ്പാക്കി. ഇങ്ങനെ ദുർമരണം സംഭവിച്ച ജഡ്ജിയുടെ പ്രേതം പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞുനടന്ന് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ, പ്രശ്നവിധിപ്രകാരം അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചപ്പോൾ പ്രശ്നങ്ങളൊഴിഞ്ഞു.
രാത്രി പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഇവിടെ നടതുറക്കുന്നത്. ഭക്തർ തന്നെയാണ് ഇവിടെ പൂജകൾ നടത്തുന്നതും. നാളികേരവും പൂവും പഴവുമാണ് പൂജാവസ്തുക്കൾ. വിവിധ കേസുകളിൽ പെട്ടുവലയുന്നവർ ഇവിടെ വന്ന് പൂജകൾ നടത്താറുണ്ട്. 2013-ൽ പ്രമുഖ ക്രിക്കറ്റർ ശ്രീശാന്ത് ഇവിടെ ദർശനം നടത്തിയിരുന്നു. ഐപിഎൽ വാതുവെപ്പുകേസിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് ക്രിക്കറ്റർമാരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ ജയിൽമോചിതരായി. തുടർന്നാണ് ശ്രീശാന്ത് ഇവിടെ വന്നത്. തുടർന്ന് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. പ്രശസ്ത മലയാള ചലച്ചിത്രതാരമായ ദിലീപ് 2022-ൽ ഇവിടെ ദർശനത്തിനെത്തിയിരുന്നു. മലയാളസിനിമയിലെ ഒരു പ്രമുഖനടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിയ്ക്കുമ്പോഴാണ് അദ്ദേഹം ഇവിടെ വന്നതും ജഡ്ജിയമ്മാവനെ തൊഴുതതും. 2025 ഡിസംബർ എട്ടിന് കോടതി അദ്ദേഹത്തെ വെറുതെവിട്ടു.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ചെറുവള്ളി ദേശത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, കിഴക്കുഭാഗം മുഴുവൻ കുളം നിറഞ്ഞിരിയ്ക്കുന്നതിനാൽ അവിടെനിന്ന് നേരിട്ട് ക്ഷേത്രത്തിലേയ്ക്ക് കയറാൻ സാധിയ്ക്കില്ല. വടക്കുഭാഗത്താണ് പ്രവേശനകവാടം. പ്രധാന വഴിയിൽ നിന്നുനോക്കിയാൽത്തന്നെ കുളവും ക്ഷേത്രപരിസരവും മുഴുവൻ കാണാനാകുന്നതാണ്.
ചരിത്രം
[തിരുത്തുക]ആദ്യകാലത്ത് ആദിവാസികളുടെ കീഴിലായിരുന്ന ഈ ഭദ്രകാളി ക്ഷേത്രം പിന്നീട് പല ഭൂപ്രഭുക്കന്മാരുടെയും കയ്യിലായി. ഇത് ക്ഷേത്രത്തിന്റെ ദ്രാവിഡബന്ധം കാണിക്കുന്നു. ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ഭഗവതീ ക്ഷേത്രമാണിത്.
ഉത്സവങ്ങൾ
[തിരുത്തുക]മീനമാസത്തിലെ മകയിരം നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. എട്ടുദിവസവും ക്ഷേത്രത്തിൽ വിവിധ പൂജകളും കലാപരിപാടികളുമുണ്ടാകും. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് വാഹനം എഴുന്നള്ളത്താണ്. ക്ഷേത്രത്തിലെ പൂജാരിമാർ ഭദ്രകാളിയുടെ വാഹനമായ വേതാളത്തെ ചുമലിലേറ്റി ക്ഷേത്രത്തിന് മൂന്നുവലം വയ്ക്കുന്നതാണ് ഈ ചടങ്ങ്. അവസാനദിവസം ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കുന്നു. കൂടാതെ, കന്നിമാസത്തിലെ നവരാത്രിയും ക്ഷേത്രത്തിൽ പ്രധാനമാണ്. ഈ ദിവസങ്ങളിലും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് ആയുധങ്ങളും പുസ്തകങ്ങളും സംഗീത-കായിക ഉപകരണങ്ങളും മറ്റും പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലെ പൂജകഴിഞ്ഞ് എല്ലാം തിരിച്ചെടുക്കുന്നു. അന്ന് ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം കുറിയ്ക്കുന്നു. മണ്ഡലകാലത്ത് 41 ദിവസവും ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമുണ്ടാകും. ഭദ്രാഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ഈ ചടങ്ങുകൾ നടക്കുക.