കേരളീയ കലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. ചില കലാരൂപങ്ങൾ അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ അവ പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ, ശിൽപകല, അലങ്കാര കല എന്നിവ പോലുള്ളവ ഉൾക്കൊള്ളുമ്പോൾ[1] പ്രകടന കലകളിൽ ശ്രവ്യ കലകളായ സംഗീതം, കഥാപ്രസംഗം എന്നിവ പോലുള്ളവയും വിവിധ നൃത്തരൂപങ്ങളും എല്ലാം ഉൾപ്പെടുന്നു.[2] പ്രകടന കലകൾക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട്. (ഉദാഹരണം: കഥകളി).

ചരിത്രം[തിരുത്തുക]

പ്രാചീന ചരിത്രം[തിരുത്തുക]

ചരിത്രാതീത കാലം മുതൽക്കേയുള്ള കലയുടെ ചരിത്രം പറയാനാവുന്ന നാടാണ് കേരളം. ബി.സി. 6000 വരെ പഴക്കമുള്ള ഗുഹാചിത്രങ്ങൾ വയനാട്ടിലെ എടക്കൽ ഗുഹയിൽ കണ്ടെത്തിയിട്ടുണ്ട്. [3]

മധ്യകാല ചരിത്രം[തിരുത്തുക]

കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യയുടെ ചരിത്രത്തിൽ കലാ സാഹിത്യ രംഗത്ത് ഏറ്റവും പ്രാധാന്യമുള്ള കാലഘട്ടമാണ് സംഘകാലം. കേരളത്തിലെ ആദ്യകാല ക്ഷേത്രങ്ങൾ ഒറ്റ പാറ തുരന്നുണ്ടാക്കിയ തരത്തിലുള്ള ഗുഹാക്ഷേത്രങ്ങളായിരുന്നു. ഇരുനിലംകോട്, തൃക്കൂർ, കല്ലിൽ, കവിയൂർ, തിരുനന്ദിക്കര, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം ഗുഹാക്ഷേത്രങ്ങൾ കാണാൻ കഴിയും. കേരളത്തിലെ ഗുഹാ ക്ഷേത്രങ്ങൾ ആയിരുന്നു പല്ലവരുടെയും പാണ്ഡ്യരുടെയും കാലത്തെ ക്ഷേത്ര ശിൽപ്പങ്ങളോട് സാമ്യമുള്ളതാണ്.[4] ഇപ്പോൾ തമിഴ്നാടിൻ്റെ ഭാഗമായ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടുന്ന തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിൽ ആണ് ഏറ്റവും പഴക്കമുള്ള ചുവർ ചിത്രങ്ങൾ കാണപ്പെടുന്നത്.[5] കേരളീയ വാസ്തുശിൽപ കലയിൽ അധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട തിരുവഞ്ചിക്കുളം ശിവക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ ചേര രാജക്കൻമാരുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.[4] 9-10 നൂറ്റാണ്ടോടെയാണ് ഗ്രാനൈറ്റ് അല്ലെങ്കിൽ ലാറ്ററൈറ്റ് ഉപയോഗിച്ചുള്ള ഘടനാപരമായ ക്ഷേത്ര നിർമ്മിതികൾ വ്യാപകമായിത്തുടങ്ങിയത്. ഈ കാലഘട്ടത്ത് നിർമ്മിക്കപ്പെട്ട തൃച്ചംബരം, തിരുമിറ്റക്കോട്, തിരുനെല്ലി, തിരുനാവായ, ഐരാണിക്കുളം, തിരുവഞ്ചിക്കുളം, തൃക്കാക്കര, തിരുവല്ല, തൃക്കൊടിത്താനം, പെരുന്ന ക്ഷേത്രങ്ങൾക്ക് പൊതുവായ ഒരു വാസ്തുവിദ്യാ ശൈലി ഉണ്ട്.[4] കേരളീയ ദൃശ്യ-ശ്രവ്യ കലകളുടെ വളർച്ചയിൽ മധ്യകാലഘട്ടത്തിലെ ഇത്തരം ക്ഷേത്രങ്ങൾക്ക് വലിയ പങ്കുണ്ട്. ഇത്തരം ക്ഷേത്ര നിർമ്മിതികളുടെ ഭാഗമായ കൂത്തമ്പലത്തിലാണ് കൂത്ത് പോലെയുള്ള പ്രകടന കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നത്.

അനുഷ്ടാന കലാരൂപമായ തെയ്യത്തിന് 1500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.[6]

കൊളോണിയൽ കാലഘട്ടം[തിരുത്തുക]

1498 മെയ് 27-ന് പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള കാപ്പാട് കപ്പലിറങ്ങിയതിനെ തുടർന്നുള്ള കൊളോണിയൽ കാലഘട്ടം 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ തുടർന്നു. കേരളത്തിലെ തനത് കലകൾക്കൊപ്പം വൈദേശിക കലാരീതികൾ കൂടി പ്രചാരത്തിലേക്ക് ഉയർന്നുവന്ന കാലഘട്ടം ആണ് ഇത്. പോർച്ചുഗീസ് ഭരണ കാലത്താണ് പാശ്ചാത്യ ദൃശ്യകലാരൂപമായ ഓപറയുടെ സ്വാധീനം ഉൾക്കൊള്ളുന്ന ചവിട്ടുനാടകം ആവിർഭവിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.[7] ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു.[7]

പാശ്ചാത്യ ചിത്രകലാ ശൈലി ഇന്ത്യൻ ശൈലിയുമായി സമന്വയിപ്പിച്ച വിഖ്യാത കലാകാരനായിരുന്നു രാജാ രവിവർമ്മ. 1868-ൽ തിരുവനന്തപുരം കൊട്ടാരത്തിൽ എത്തിയ തിയഡൊർ ജെൻസൺ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് രാജാ രവിവർമ്മ എണ്ണച്ചായ രചനാരീതിയും, പാശ്ചാത്യ ചിത്രകലാശൈലിയും പഠിച്ചത്.[8]

കേരളത്തിലെ ദൃശ്യകലകൾ[തിരുത്തുക]

അത്തപ്പൂക്കളം

ദൃശ്യകലകളിൽ ചുമർചിത്രകല, വാസ്തുശില്പകല, കളമെഴുത്ത്, ആധുനികചിത്രകല, എന്നിവയെല്ലാം ഉൾപ്പെടുന്നു. ഗുഹകളിലും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മറ്റും ചുമർചിത്രങൾ കാണാം. കേരളത്തിലെ പുരാതനദേവാലയങ്ങൾ വാസ്തുശില്പകലയുടെ സ്വഭാവം പഠിക്കാൻ സഹായിക്കും. ലോഹം, മണ്ണ്, തടി തുടങ്ങി വിവിധ വസ്തുക്കൾ ഉപയോഗിച്ച് ശിലപങ്ങൾ നിർമ്മിക്കുന്നു. ചില പ്രധാന ദൃശ്യകലാരൂപങ്ങൾ താഴെ പ്രതിപാദിക്കുന്നു:

കളമെഴുത്ത്[തിരുത്തുക]

അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്.

ചുമർചിത്രകല[തിരുത്തുക]

ക്ഷേത്രങ്ങളും, പള്ളികളും, കൊട്ടാരങ്ങളും മറ്റും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരക്കുന്ന ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നു പറയുന്നത്. [9] ആദ്യകാലങ്ങളിൽ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാണ് ചുമർചിത്രങ്ങൾ വരച്ചിരുന്നത്, എന്നാൽ ഇന്ന് അക്രിലിക് ഉൾപ്പടെ ചുമർ ചിത്രരചനക്ക് ഉപയോഗിക്കുന്നുണ്ട്. ഗുഹാചിത്രങ്ങളും മറ്റും ചുവർച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. [10]

ആധുനിക ചിത്രകല[തിരുത്തുക]

ആധുനിക ചിത്രകല രാജാ രവിവർമ്മയോടെയാണ് ആരംഭിക്കുന്നത്. എണ്ണച്ചായമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മാധ്യമം.

യൂറോപ്പിലും മറ്റ് സ്ഥലങളിലും ചിത്രകലയിൽ ഉണ്ടായ മാറ്റങ്ങളും പരീക്ഷണങ്ങളും കേരളത്തിൽ ആധുനിക ചിത്രകലയിലും ഉണ്ടായിട്ടുണ്ട്. അഭിനയകലകളെ അനുഷ്ഠാനപരം, വിനോദപരം, സാമൂഹികം, കായികം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്താം. നൂറോളം അഭിനയകലാരൂപങൾ കേരളത്തിലുണ്ട്. ഇത് നമ്മുടെ അമൂല്യമായ സമ്പത്താണ്. ക്ലാസ്സിക് കലകൾ, നാടോടിക്കലകൾ എന്നിങ്ങനെയും കലകളെ വിഭജിക്കാറുണ്ട്.

അത്തപ്പൂക്കളം[തിരുത്തുക]

പ്രധാനമായും ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കൾ കൊണ്ട് നിലത്ത് ഒരുക്കുന്ന ചിത്രങ്ങളാണ് പൂക്കളം എന്ന് അറിയപ്പെടുന്നത്.

കേരളത്തിലെ പ്രകടന കലകൾ[തിരുത്തുക]

ശബ്ദവും ശരീരവും ഉപയോഗിച്ച്, സാധാരണയായി ഒരു സദസ്സിനു മുമ്പിൽ അവതരിപ്പിക്കുന്ന കലകളാണ് പ്രകടന കലകൾ അവതരണ കലകൾ എന്നൊക്കെ അറിയപ്പെടുന്നത്. നൃത്തം, സംഗീതം, നാടകം, സംഗീത നാടകം, മാജിക്, മൈം, പാവകളി, എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള പ്രകടന കലകൾ ഉണ്ട്. കേരളത്തിലെ പ്രകടന കലകളെ അനുഷ്ഠാന കലകൾ, ക്ഷേത്ര കലകൾ, സാമൂഹിക കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, കായിക വിനോദ കലകൾ എന്നിങ്ങനെ വിവിധ രീതിയിൽ തരംതിരിച്ചിട്ടുണ്ട്.

കൂത്ത്, കൂടിയാട്ടം, കഥകളി, പാഠകം, തുള്ളൽ, പടയണി, മുടിയേറ്റ്, തിറയാട്ടം , തെയ്യം, കൃഷ്ണനാട്ടം, ഗരുഡൻ തൂക്കം, കാവടിയാട്ടം തുടങ്ങിയവ ക്ഷേത്രകലകളോ അനുഷ്ഠാന കലകളോ ആണ്. യാത്രക്കളി (സംഘക്കളി), മാർഗംകളി, ഏഴാമത്തുകളി, ഒപ്പന, കുമ്മാട്ടിക്കളി,പുലിക്കളി, തുടങ്ങിയവ സാമൂഹിക കലകളാണ്. വേലകളി, പരിചമുട്ടുകളി, വള്ളംകളി തുടങ്ങിയവ കായികവിനോദ കലകളാണ്.

ജാലവിദ്യ, ഹാസ്യാനുകരണവും ശബ്ദാനുകരണവും എല്ലാം ഉൾപ്പെടുന്ന, പൊതുവെ മിമിക്രി എന്നറിയപ്പെടുന്ന കല, സർക്കസ് ഇവയൊക്കെയും കേരളത്തിൽ അവതരിപ്പിച്ചുവരുന്ന പ്രകടന കലാരൂപങ്ങളാണ്.

തിരുവാതിരക്കളി[തിരുത്തുക]

പ്രധാന ലേഖനം: തിരുവാതിരക്കളി

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന കേരളത്തിന്റെ തനത് നൃത്തരൂപമാണ് തിരുവാതിരക്കളി. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു.

കഥകളി[തിരുത്തുക]

കഥകളി വിവിധ കലകളുടെ സംഗമം കൊണ്ട് സമ്പന്നമാണ്. സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം എല്ലാം ഇതിലുണ്ട്. കേരളത്തിന്റെ തനതു കലയാണ് കഥകളി.

മോഹിനിയാട്ടം[തിരുത്തുക]

മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത് . ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ട് . കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്. Aakash

കേരളനടനം[തിരുത്തുക]

കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് 'കേരളനടന'മായി വളർന്നത്. ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷേ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.

തുള്ളൽ[തിരുത്തുക]

തുള്ളൽ മൂന്നു വിധമുണ്ട്. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ. കുഞ്ചൻ നമ്പ്യാർ തുടങ്ങിവെച്ച തുള്ളൽ എന്ന നൃത്തകലാരൂപവും കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്.

തിറയാട്ടം[തിരുത്തുക]

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്'തിറയാട്ടം'.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.[11] തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്താനകാലത്തെ സാമൂഹിക ജീവിതത്തിൻറെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം",മദ്ധ്യകേരളത്തിലെ "മുടിയേറ്റ്‌" , തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്.എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരുപവുമായി തിറയാട്ടത്തിനു ബന്ധമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്.ജനുവരിമുതൽ ഏപ്രിൽവരെയാണ് തിറയാട്ടകാലം.

ചവിട്ടുനാടകം[തിരുത്തുക]

അഭിനയവും പാട്ടും കളരിച്ചുവടുകളും എല്ലാം ഒത്തു ചേരുന്ന, ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നകുന്ന നാടകരൂപമാണ് ചവിട്ടുനാടകം. കഥകളിയിൽ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്.[7]

ശ്രാവ്യകലകൾ[തിരുത്തുക]

കേരളത്തിലെ സംഗീതത്തിന് മുഖ്യമായും രണ്ടു ധാരകൾ ഉണ്ട്. ഒന്ന്, സാമാന്യ സംഗീതം അഥവാ നാടോടി സംഗീതം. രണ്ടാമത്തേത് ശാസ്ത്രീയ സംഗീതം. സാമാന്യ സംഗീതത്തിലുൾപ്പെടുന്നവയാണ് വടക്കൻപാട്ടുകൾ, തെക്കൻ പാട്ടുകൾ, നാടൻ പാട്ടുകൾ, അനുഷ്ഠാനപ്പാട്ടുകൾ, കളിപ്പാട്ടുകൾ, വഞ്ജിപ്പാട്ടുകൾ, സംഗീതത്തിന്റെ വിവിധ രൂപങ്ങളാണ് സോപാന സംഗീതം, കഥകളി സംഗീതം, കീർത്തനങൾ തുടങ്ങിയവ. ശാസ്ത്രീയ സംഗീതം തന്നെ ശ്രുതി, രാഗം, സ്വരം, താളം എന്നിവയെ അടിസ്ഥാനമാക്കി വിവിധ പേരുകളിൽ അറിയപ്പെടുന്നു. പഞ്ചവാദ്യം, ചെണ്ടമേളം,

കേരളസംഗീതത്തിന് സംഭാവന നൽകിയവരിൽ പ്രധാനി സ്വാതിതിരുനാൾ മഹാരാജാവാണ്. മലയാളം, തെലുഗു, കന്നഡ, സംസ്കൃതം, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളിലായി നാനൂറിലേറെ കൃദ്ദേഹം രചിച്ചു. ആധുനിക സംഗീതത്തിലെ ഗാനരൂപങ്ങളായ കീർത്തനം, വർണം, പദം, സ്വരമ്മ്മ്മ്മ്മംള]], കുട്ടമത്തു കുന്നിയൂരു കുഞ്ഞുകൃഷ്ണക്കുറുപ്പ് തുടങ്ങിയ ഗാനകൃത്തുക്കളും ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കെ.വി. നാരായണ സ്വാമി, എം.ഡി. രാമനാഥൻ, എം.എസ്. ഗോപാലകൃഷ്ണൻ തുടങ്ങിയ സംഗീത വിദ്വാന്മാരും കേരളീയ ശാസ്ത്രീയ സംഗീതത്തിലെ കീർത്തികേട്ടവരാണ്.

ഗോത്ര കലകൾ[തിരുത്തുക]

കുംഭപ്പാട്ട്[തിരുത്തുക]

കോന്നിയിൽ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സന്ധ്യാ വന്ദനത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തിൽ കൊട്ടി ഉണർത്തുന്ന പാട്ടാണ് കുംഭപ്പാട്ട്. ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കല്ലേലി അപ്പൂപ്പൻ കാവ്.[അവലംബം ആവശ്യമാണ്] ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീർത്തിച്ച് ഈണത്തിൽ പാടുന്നു.

അവലംബം[തിരുത്തുക]

 1. "Visual Arts Portal". Encyclopedia Britannica (in ഇംഗ്ലീഷ്).
 2. "Performance art". Encyclopedia Britannica (in ഇംഗ്ലീഷ്).
 3. "എടയ്ക്കൽ ഗുഹകൾ | വയനാട്ടിലേക്ക് സ്വാഗതം | India". Retrieved 2020-09-14.
 4. 4.0 4.1 4.2 "5th SEMESTER B.A HISTORY: CORE COURSE". KERALA SOCIETY AND CULTURE: ANCIENT AND MEDIEVAL. Kerala university- School of distant education. 2014.
 5. "The tradition of Mural paintings in Kerala" (in ഇംഗ്ലീഷ്). Retrieved 2020-09-22.
 6. "History of Theyyam, Kasaragod, Kerala, India" (in ഇംഗ്ലീഷ്). Retrieved 2020-09-22.
 7. 7.0 7.1 7.2 "ചവിട്ടുനാടകം - നാടൻ കലാരൂപങ്ങൾ | Chavittu Natakam". Retrieved 2020-09-22.
 8. "http://www.keralaculture.org/" (in ഇംഗ്ലീഷ്). Retrieved 2020-09-22. {{cite web}}: External link in |title= (help)
 9. http://malayalam.keralatourism.org/wall-paintings/[പ്രവർത്തിക്കാത്ത കണ്ണി]
 10. കേരളത്തിലെ ചുവർച്ചിത്രങ്ങൾ; എം. ജി. ശശിഭൂഷൺ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7
 11. "Thirayattam" (folklore Text- malayalam, Moorkkanad Peethambaran) State Institute of Language, Kerala - ISBN 978-81-200-4294-0
"https://ml.wikipedia.org/w/index.php?title=കേരളീയ_കലകൾ&oldid=4013241" എന്ന താളിൽനിന്ന് ശേഖരിച്ചത്