Jump to content

കളമെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളമെഴുത്ത്

വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. ചുമർചിത്രകലയുടെ ആദ്യരൂപമായാണ് കളമെഴുത്ത് അറിയപ്പെടുന്നത്[1]. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കുന്നത്[2].


കുലവൃത്തി

[തിരുത്തുക]

കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച പല സമുദായക്കാർ ഇന്നും കേരളത്തിലുണ്ട്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും കളം വരയ്ക്കുന്നത് കുറുപ്പന്മാരാണ്. അയ്യപ്പൻ തീയാട്ടിനു കളമെഴുതുന്നവർ തീയ്യാടി നമ്പ്യാർമാരും ഭദ്രകാളി തീയാട്ടിനു കളം വരയ്ക്കുന്നത് തീയാട്ട് ഉണ്ണികളും നാഗക്കളമെഴുതുന്നത് പുള്ളുവന്മാരും കോലംതുള്ളലിനു കണിയാന്മാരും ആണ്. മന്ത്രവാദക്കളമെഴുതുന്നത് വണ്ണാന്മാരാണ്.

കളമെഴുതുന്നു

പഞ്ചവർണ്ണപ്പൊടികൾ

[തിരുത്തുക]

പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. വെള്ള, കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങൾ. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയുപയോഗിച്ചാണ് ഈ നിറങ്ങൾ തയ്യാറാക്കുന്നത്.

ഈ നിറങ്ങളെ ഓരോ ലോഹങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. മഞ്ഞനിറം സ്വർണ്ണത്തേയും, പച്ചനിറം നാകത്തേയും, ചുവപ്പുനിറം ചെമ്പിനേയും, കറുപ്പ് ഇരുമ്പിനേയും, വെള്ള വെള്ളിനിറത്തേയും പ്രതിനിധീകരിക്കുന്നു.

വരയ്ക്കുന്ന രീതി

[തിരുത്തുക]

ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.


ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2008-12-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2008-12-25.
"https://ml.wikipedia.org/w/index.php?title=കളമെഴുത്ത്&oldid=4097495" എന്ന താളിൽനിന്ന് ശേഖരിച്ചത്