എം.ഡി. രാമനാഥൻ
എം.ഡി. രാമനാഥൻ | |
---|---|
![]() എം.ഡി. രാമനാഥൻ | |
ജനനം | മഞ്ഞപ്ര ദേവേശ ഭാഗവതർ രാമനാഥൻ 1923 മേയ് 20 |
മരണം | ഏപ്രിൽ 27, 1984 | (പ്രായം 60)
ദേശീയത | ![]() |
അറിയപ്പെടുന്നത് | കർണ്ണാടക സംഗീതഞ്ജൻ |
പ്രസിദ്ധനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു എം.ഡി.ആർ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന മഞ്ഞപ്ര ദേവേശഭാഗവതർ രാമനാഥൻ. പാലക്കാട് ജില്ലയിലെ മഞ്ഞപ്ര എന്ന സ്ഥലത്ത് ദേവേശഭാഗവതരുടെയും സീതാലക്ഷ്മിയമ്മാളുടെയും മകനായി 1923 മെയ് 20-നാണ് രാമനാഥൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ദേവേശ ഭാഗവതർ കർണ്ണാടകസംഗീതത്തിൽ അവഗാഹമുള്ളയാളും ഗായകനുമായിരുന്നു. പാലക്കാട് വിക്ടോറിയാ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ രാമനാഥൻ സംഗീതത്തിൽ പഠനം നടത്തുന്നതിനു വേണ്ടി മദ്രാസ്സിലേയ്ക്കു താമസം മാറുകയാണ് ചെയ്തത്.
സംഗീതപഠനം[തിരുത്തുക]
ഈ കാലയളവിൽ തന്നെയാണ് രുഗ്മിണീ ദേവി അരുണ്ഡേൽ കലാക്ഷേത്രയിൽ സംഗീതശിരോമണി കോഴ്സ് തുടങ്ങുന്നത്. 1944-ൽ ആരംഭിച്ച ആദ്യബാച്ചിൽ പ്രവേശനം കിട്ടിയത് രാമനാഥനു മാത്രമായിരുന്നു. അല്പകാലത്തിനുള്ളിൽ തന്നെ പ്രസിദ്ധ സംഗീതജ്ഞനായിരുന്ന ടൈഗർ വരദാചാരിയുടെ പ്രിയപ്പെട്ട ശിഷ്യനുമായിത്തീർന്നു രാമനാഥൻ. ഈ ഗുരുശിഷ്യബന്ധം 1950-ൽ ടൈഗർ അന്തരിയ്ക്കുന്നതുവരെ തുടർന്നു. പിൽക്കാലത്ത് കലാക്ഷേത്രയിൽ സംഗീതത്തിന്റെ പ്രൊഫസ്സറായും പിന്നീട് ആ സ്ഥാപനത്തിന്റെ തലവനായും എം.ഡി.ആർ. ചുമതല വഹിച്ചു.
രാമനാഥന്റെ ആലാപനശൈലി[തിരുത്തുക]
തികച്ചും വ്യത്യസ്തമായ ഒരു ആലാപനശൈലിയ്ക്ക് ഉടമയായിരുന്നു എം.ഡി.ആർ. അദ്ദേഹത്തിന്റെ ശാരീരം ഒരുപോലെ ആഴമുള്ളതും ഗാംഭീര്യമാർന്നതും ആയിരുന്നു. ഗുരുവിനെപ്പോലെ അതിവിളംബിതശൈലി പിന്തുടർന്ന എം.ഡി.ആർ. രാഗങ്ങളുടെ ഭാവതീവ്രത ഒട്ടുംതന്നെ ചോർന്നുപോകാതെ ആസ്വാദകർക്ക് അനുഭവേദ്യമാക്കുകയുണ്ടായി. ശഹാന, ശ്രീ, ആനന്ദഭൈരവി, രീതിഗൗള, യദുകുല കാംബോജി, ഹംസധ്വനി ഇവയെല്ലാം എം.ഡി.ആറിന്റെ പ്രിയപ്പെട്ട രാഗങ്ങളിൽ ചിലതായിരുന്നു.
ഏതാണ്ട് 300 ലധികം സംഗീതകൃതികൾ തെലുങ്ക്, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലായി എം.ഡി.ആർ.രചിച്ചിട്ടുണ്ട്. തന്റെ ഗുരുനാഥനായ വരദാചാരിയോടുള്ള ബഹുമാനാർത്ഥം തന്റെ കൃതികളിൽ വരദദാസ എന്ന മുദ്ര അദ്ദേഹം ചേർക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ ചില രചനകൾ താഴെ ചേർക്കുന്നു.
കൃതി | രാഗം | താളം | Language |
ആനൈമുഖത്തോനേ | മണിരംഗ് | മിശ്രചാപ്പ് | തമിഴ് |
അപരാധമുള്ളേലനു | ഗൗരിമനോഹരി | ആദി | തെലുങ്ക് |
ഭജ ഭജ മനുജാ | ബിഹാഗ് | ആദി | സംസ്കൃതം |
ഭാരതേശനുതേ | ആരഭി | മിശ്രചാപ്പ് | സംസ്കൃതം |
ബൃന്ദാവനലോക | കല്യാണി | ആദി | തെലുങ്ക് |
ബ്രോചുദകു സമയമിദേ | ബേഗഡ | രൂപകം | തെലുങ്ക് |
ദണ്ഡപാണി | രാമപ്രിയ | രൂപകം | തെലുങ്ക് |
ദാരി നീവാളേ | ബേഗഡ | രൂപകം | തെലുങ്ക് |
ധർമ്മവതി | ധർമ്മവതി | രൂപകം | തെലുങ്ക് |
ദുർഗ്ഗാദേവീ | ശ്രീ | ആദി | സംസ്കൃതം |
എന്ദുകി ചപലമു | പൂർവ്വികല്യാണി | ആദി | തെലുങ്ക് |
എന്ന കുറ്റ്രം ചെയ്തിടേനോ | ഹുസേനി | ആദി | തമിഴ് |
ഗജവദനം | ഹംസധ്വനി | രൂപകം | സംസ്കൃതം |
ഗുരുചരണം | കാനഡ | ആദി | സംസ്കൃതം |
ഗുരുവരം ഭജ മാനസ | ധന്യാസി | രൂപകം | സംസ്കൃതം |
ഹരിയും ഹരനും | അഠാണ | രൂപകം | തമിഴ് |
സാഗര ശയനവിഭോ | ബാഗേശ്രീ | ആദി | സംസ്കൃതം |
തില്ലാന | കാപ്പി | രൂപകം | സംസ്കൃതം |
ത്യാഗരാജഗുരും | കേദാരം | രൂപകം | സംസ്കൃതം |
വിഘ്നരാജാ നന്നു | ശ്രീരഞ്ജിനി | ആദി | തെലുങ്ക് |
ബഹുമതികൾ[തിരുത്തുക]
എം.ഡി.ആറിനു 1974-ൽ പദ്മശ്രീ പുരസ്ക്കാരവും, 1975-ൽ സംഗീത നാടക അക്കാദമി അവാർഡും ലഭിയ്ക്കുകയുണ്ടായി. എന്നാൽ 1983-84 ലെ സംഗീതകലാനിധി പുരസ്ക്കാരത്തിനു പരിഗണിച്ചിരുന്നെങ്കിലും പരിഗണനയ്ക്കിടയിൽ തന്നെ അദ്ദേഹം മരിച്ചതിനാൽ അത് അദ്ദേഹത്തിനു നല്കുകയുണ്ടായില്ല.
മരണം[തിരുത്തുക]
ദീർഘകാലമായുണ്ടായിരുന്ന അസുഖത്തെത്തുടർന്ന്, 1984 ഏപ്രിൽ 27-ന് എം.ഡി.ആർ അന്തരിച്ചു. മരണസമയത്ത് 61 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭാര്യയും ഒരു മകനും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.