രാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യക്തവും സുനിശ്ചിതവും ആയ സ്വരസ്ഥാനങ്ങളിലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം ആണ് രാഗം. അതായത് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാനങ്ങളിലൂടെ ശബ്ദം കടന്നുപോവുമ്പോൾ വളരെ വ്യക്തമായ ഒരു ഈണം.

ഇത് ആര് നിർവചിച്ചു എന്ന് നിശ്ചയമില്ല. ശ്രുതിയുടെ പിറകെ തുടർന്നുവരുന്നതും കർണ്ണങ്ങൾക്ക് ഇമ്പവും ആയതും ശ്രോതാവിന്റെ മനസ്സിനെ രജ്ഞിപ്പിക്കുന്നതുമായ നാദമാണ് രാഗം എന്ന് ശാർങ്ങദേവൻ പറയുന്നു. [1] മറ്റ് ശ്രുതികളുടെ അകമ്പടിയൊന്നും കൂടാതെ ഒറ്റയ്ക്കു കേൾക്കുമ്പോൾത്തന്നെ ചെവിക്ക് ഇമ്പം നൽകുന്ന ശ്രുതികളാണു രാഗം എന്നു എ.കെ. രവീന്ദ്രനാഥ് രാഗത്തെ നിർവചിച്ചിട്ടുണ്ട് . [2]

ആദ്യകാലങ്ങളിൽ ജാതി എന്ന പദമാണ് രാഗത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ജാതി എന്ന പദം രാഗത്തിന് വഴിമാറി. എന്നാൽ ഈ മാറ്റം നടന്നത് ഏതുകാലത്താണെന്ന് നിശ്ചയമില്ല. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നില്ല.ആയതിനാൽ നാട്യശാസ്ത്രരചനക്ക് ശേഷമാണ് ഈ മാറ്റം നടന്നതെന്ന് ഊഹിക്കാം. സൗന്ദര്യലഹരിയിൽ ശങ്കരാചാര്യർ ഇന്നത്തെ അർത്ഥത്തിൽ രാഗം എന്ന പദം ഉപയോഗിക്കുന്നുണ്ടത്രേ

നാദേതി വേദം സാമവേദം ഇതി സംഗീതം എന്നതാണ് ഭാരതീയ ശാസ്ത്രീയസംഗീതത്തെ കുറിച്ചുള്ള പൊതുസങ്കല്പം. ഏത് സംഗീതത്തിന്റേയും പ്രധാനഘടകം ശബ്ദം ആണ്. ഈ ശബ്ദത്തെ ലയാനുസാരിയായി ക്രമീകരിച്ചാൽ സംഗീതം ഉണ്ടാവുന്നു.ഭാരതീയ വേദപ്രാമാണികഗ്രന്ഥങ്ങളിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ഓംകാരശബ്ദത്തേയാണ്. സംഗീതത്തിൽ എതൊരു ശബ്ദത്തേയും പുറപ്പെടുവിക്കാൻ 7 ശബ്ദങ്ങൾക്ക് സാധിക്കുന്നു.ഈ 7 സ്വരങ്ങളെ സപ്തസ്വരങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത് ഈ സപ്തസ്വരങ്ങളേയാണ്.

സ്വരം ശബ്ദസാമീപ്യം സൂചിപ്പിക്കുന്ന അക്ഷരം
ഷഡ്ജം നേമലി
ഋഷഭം എഡ്ഡു രി
ഗാന്ധാരം മേക
മദ്ധ്യമം ക്രൌഞ്ചപക്ഷി
പഞ്ചമം വസന്തകാല കുയില്
ധൈവതം ഗുരം
നിഷാദം എനുഗു നി

കർണാടകസംഗീതത്തിൽ സ, പ ഇവയൊഴിച്ചുള്ള സ്വരങ്ങൾക്ക് ശ്രുതിഭേദങ്ങൾ ഉണ്ട്. മ എന്ന സ്വരത്തിന് രണ്ട് ഭേദങ്ങൾ, രി,ഗ,ധ,നി ഇവക്ക് 3 ഭേദങ്ങൾ എന്നിങ്ങനെ ഉണ്ട്. ഇപ്രകാരം ആകെ 16 ശ്രുതികൾ ഉണ്ട്. എന്നാൽ ഈ ഭേദങ്ങൾക്ക് 4 പകർപ്പുകൾ ഉണ്ട് (ഉദാഹരണത്തിന്‌ ഷഡ്ശ്രുതിഋഷഭം എന്ന ഋഷഭത്തിന്റെ ഭേദവും, സാധാരണഗാന്ധാരം എന്ന ഗാന്ധാരത്തിന്റെ ഭേദവും ഒരേ ശ്രുതി തന്നെയാണ്‌) എന്നതിനാൽ 16-4=12 സ്വരങ്ങളാണ് ഉള്ളത്. ആയതിനാൽ രാഗം12 സ്വരങ്ങളെ അഥവാ ശ്രുതികളെ അടിസ്ഥാനമാക്കിയാണെന്ന് കാണാം.

അവലംബം[തിരുത്തുക]

  1. താൾ 14, ദക്ഷിണേന്ത്യൻ സംഗീതം - ഭാഗം ഒന്ന്- എ.കെ. രവീന്ദ്രനാഥ് - സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ, 2004
  2. താൾ 13, ദക്ഷിണേന്ത്യൻ സംഗീതം - ഭാഗം ഒന്ന്- എ.കെ. രവീന്ദ്രനാഥ് - സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ, 2004
"https://ml.wikipedia.org/w/index.php?title=രാഗം&oldid=2669736" എന്ന താളിൽനിന്ന് ശേഖരിച്ചത്