കുടശ്ശനാട് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2025 ജനുവരി) |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ ഗ്രാമപഞ്ചായത്തിൽ കുടശ്ശനാട് (കുടശിവനാട്) ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു മഹാക്ഷേത്രമാണ് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം. സദാശിവമൂർത്തി ഭാവത്തിലുള്ള ശ്രീപരമേശ്വരൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, തുല്യപ്രാധാന്യത്തോടെ ശ്രീമഹാവിഷ്ണു ദേവന്റെയും പ്രതിഷ്ഠയുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, ശ്രീപാർവ്വതി , ശ്രീധർമ്മശാസ്താവ്, യക്ഷിയമ്മ, ശ്രീനാഗരാജസ്വാമി, ശ്രീനാഗയക്ഷിയമ്മ, രക്ഷസ്സ്, മാടസ്വാമി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ശിവനും, വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്നാണ്. അണികുന്നത്ത് അമ്പലം എന്നും ഈ ക്ഷേത്രം അറിയപെടുന്നു. കുടശ്ശനാട് ഗ്രാമത്തിലെ കരിങ്ങാലി പുഞ്ച പാടങ്ങളുടെ കിഴക്കേ കരയിൽ ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുംഭ മാസത്തിൽ ഉത്രം നാളിൽ ആറാട്ട് വരത്തക്ക വിധം എട്ടുദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ അവസരത്തിൽ ഇരു ദേവന്മാർക്കും ഒപ്പം ദേവിയ്ക്കും എഴുന്നള്ളിപ്പുണ്ടാകും. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി, തൃക്കാർത്തിക, കർക്കിടകവാവ് തുടങ്ങിയവയും പ്രധാന ആണ്ടുവിശേഷങ്ങളിൽ പെടും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.