കർക്കടകവാവ്
കർക്കടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ് അഥവാ പിതൃദിനം എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. അതുകൊണ്ടാണ് കർക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. പ്രധാനമായും മഹാവിഷ്ണു, മഹാദേവൻ എന്നിവർ മുഖ്യപ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങ് കാണപ്പെടുന്നത്.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ചോറ് അല്ലെങ്കിൽ ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. അന്ന് കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയും കണ്ടുവരുന്നു.
പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട പിതൃ ബലി കേന്ദ്രങ്ങൾ
[തിരുത്തുക]- ആലുവ മഹാശിവരാത്രി മണപ്പുറം, എറണാകുളം ജില്ല
- തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, തിരുവനന്തപുരം ജില്ല
- തിരുനാവായ നാവാമുകുന്ദക്ഷേത്രം, മലപ്പുറം ജില്ല
- പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം, എറണാകുളം ജില്ല
- തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം പാപനാശിനി, വയനാട് ജില്ല
- വരയ്ക്കൽ ശ്രീ ദുർഗ്ഗാഭഗവതിക്ഷേത്രം, വെസ്റ്റ് ഹിൽ, കോഴിക്കോട് ജില്ല
- വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം പാപനാശം, തിരുവനന്തപുരം ജില്ല
- പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രം, എടക്കഴിയൂർ, ചാവക്കാട്, തൃശ്ശൂർ ജില്ല
- തിരുമുല്ലവാരം മഹാവിഷ്ണുക്ഷേത്രം, കൊല്ലം ജില്ല
തുടങ്ങിയവ കേരളത്തിലെ പ്രധാനപ്പെട്ട ബലിതർപ്പണകേന്ദ്രങ്ങളാണ്.