Jump to content

കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരവധി പ്രാചീനകൃതികൾ പ്രകാശനം ചെയ്യുകയും പ്രസിദ്ധ സംസ്കൃതകൃതികൾ വിവർത്തനം ചെയ്യുകയും ചെയ്ത സാഹിത്യകാരനും സാഹിത്യപ്രവർത്തകനുമായിരുന്നു കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ (17 ജൂലൈ 1867 - 09 സെപ്റ്റംബർ 1906) - (കൊ.വ 1042 കർക്കടകം 4 - 1082 ചിങ്ങം 24)[1]

ജീവിതരേഖ[തിരുത്തുക]

കുറ്റിപ്പുറത്ത് കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും കടത്തനാട്ട് രാജകുടുംബത്തിൽ ആയഞ്ചേരി കോവിലകത്ത് ശ്രീദേവിത്തമ്പുരാട്ടിയുടെയും മകനായി കൊ.വ 104൦ കർക്കടകം 4, അവിട്ടം നാളിൽ ജനിച്ചു. കുന്ദമംഗലത്ത് പരമേശ്വരൻ നമ്പൂതിരി, ആയഞ്ചേരി കോവിലകത്ത് കൃഷ്ണവർമ്മ രാജ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല സംസ്കൃത ഗുരുക്കന്മാർ. പിന്നീട്, പില്കാലത്ത് 'ചണ്ഡമാരുതൻ' എന്ന പേരിൽ പ്രസിദ്ധനായ കാഞ്ചീപുരം സ്വദേശിയായ സംസ്കൃതപണ്ഡിതൻ വെങ്കടാചാര്യരും അദ്ദേഹത്തെ സംസ്കൃതം അഭ്യസിപ്പിച്ചു. സംസ്കൃതം കൂടാതെ മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ അറിവ് നേടിയിരുന്നു. മാതുലനായിരുന്ന ആയഞ്ചേരിക്കോവിലകത്ത് കുഞ്ഞുണ്ണിത്തമ്പുരാന്റെ പുത്രിയായ കൊളായി കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മയായിരുന്നു അദ്ദേഹത്തിന്റെ ജീവിത സഖി. ഈ ദാമ്പത്യത്തിൽ രണ്ടു പുത്രിമാരുൾപ്പെടെ ആറുമക്കളാണുണ്ടായിരുന്നത്. മൂത്ത പുത്രൻ നാരായണൻ നായർ നാദാപുരം കോടതിയിലെ വക്കീലായിരുന്നു. പെൺമക്കളിൽ ഒരാൾ (നാരായണിക്കെട്ടിലമ്മ) ഇ.കെ കുഞ്ഞികൃഷ്ണവർമ്മ വലിയരാജാവിന്റെ പത്നിയും മറ്റൊരാൾ ഉദയവർമ്മയുടെ അനന്തരവനായ കുഞ്ഞികൃഷ്ണവർമ്മ തമ്പുരാന്റെ പത്നിയുമായിരുന്നു. അവസാനകാലത്ത് വിവിധ രോഗപീഡകൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കാമില, ഗുമ്മൻ, അർശ്ശസ്സ് എന്നീ രോഗങ്ങൾക്കൊപ്പം പ്രമേഹരോഗവും മൂർച്ഛിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. [2] [3] [4] [5]

സാഹിത്യ സേവനങ്ങൾ[തിരുത്തുക]

കവിസംഘം[തിരുത്തുക]

സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാത്രമല്ല അക്കാലത്തെ ധാരളം വ്യക്തികൾക്ക് സാഹിത്യരചനയിൽ ഏർപ്പെടാനുള്ള പ്രചോദനവും സഹായവുമായിരുന്നു അദ്ദേഹം. ഉത്തരകേരളത്തിലെ കവികളെ സംഘടിപ്പിച്ച് രൂപവൽക്കരിച്ച കവിസംഘം അദ്ദേഹത്തിന്റെ സാഹിത്യപോഷണത്തിന് ഉത്തമോദാഹരണമാണ്. പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ, കടത്തനാട്ട് കൃഷ്ണവാര്യർ, കടത്തനാട്ട് ശങ്കരവർമ്മരാജ, കടത്തനാട്ട് രവിവർമ്മത്തമ്പുരാൻ, വി.സി ബാലകൃഷ്ണപ്പണിക്കർ, കെ.സി നാരായണൻ നമ്പ്യാർ, തൈങ്ങോളിമഠം രാമൻ നമ്പ്യാർ, നാരങ്ങാപ്പുറത്ത് അപ്പുനമ്പ്യാർ, മണന്തല നീലകണ്ഠശർമ്മ, ചെറുവേറ്റ ഗോവിന്ദൻ നമ്പൂതിരി, നല്ലൂർക്കണ്ടി നാരായണൻ നമ്പൂതിരി, കോളിയോട്ടു മാധവവാര്യർ, നീലഞ്ചേരി ശങ്കരൻ നായർ, നാരങ്ങോളി ചിറയ്ക്കൽ നാരായണൻ നമ്പ്യാർ, തോട്ടക്കാട്ട് ഇക്കാവമ്മ, തോട്ടക്കാട്ട് ഗൗരിക്കെട്ടിലമ്മ, ചുനങ്ങാട്ട് ലക്ഷ്മിക്കുട്ടി അമ്മ, ഇ.കെ ലക്ഷ്മിത്തമ്പുരാട്ടി, മാണിക്കോത്ത് നാരായണി അമ്മ തുടങ്ങിയവരൊക്കെ കവിസംഘത്തിലെ അംഗങ്ങളായിരുന്നു. സംഘത്തിലെ സ്ത്രീ പ്രാതിനിധ്യം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

ഭാരതമഞ്ജരി[തിരുത്തുക]

ഉദയവർമ്മരാജയുടെ നേതൃത്വത്തിൽ 1904ൽ നടന്ന ഭാരതമഞ്ജരീ വിവർത്തനം എടുത്തുപറയേണ്ട മറ്റൊരു സാഹിത്യസംരംഭമാണ്. പ്രാചീന സംസ്കൃത കവിയായ ക്ഷേമേന്ദ്രന്റെ ഭാരതമഞ്ജരി പല കവികൾക്കായി വീതിച്ചുകൊടുത്ത് അവരെക്കൊണ്ട് ഭാഷാന്തരീകരിക്കുകയായിരുന്നു. 12000ൽ പരം ഗ്രന്ഥങ്ങളുള്ള കൃതിയാണ് ഭാരതമഞ്ജരി. ഇതിൽ ആദിപർവ്വം ഉദയവർമ്മരാജതന്നെയായിരുന്നു തർജ്ജമ ചെയ്തത്. ഇത് ഏതാണ്ട് 1500 ശ്ലോകങ്ങളോളം വരും. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, വള്ളത്തോൾ നാരായണമേനോൻ, വരവൂർ ശാമുമേനോൻ, ടി. നാരായണൻ നമ്പി, കടത്തനാട്ടു കൃഷ്ണവാര്യർ, പി.വി കൃഷ്ണവാര്യർ, വി.സി ബാലകൃഷ്ണപ്പണിക്കർ, കെ.സി നാരായണൻ നമ്പ്യാർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, കുറ്റിപ്പുറത്ത് കേശവൻനായർ, തൈങ്ങോളിമഠം രാമൻ നമ്പ്യാർ, കടത്തനാട്ട് ശങ്കരവാര്യർ തുടങ്ങിയവരാണ് വിവർത്തനത്തിൽ പങ്കെടുത്തത്. ഈ കൃതി മാസികാരൂപത്തിൽ പന്ത്രണ്ടു ലക്കങ്ങളായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഉദയവർമ്മയുടെ അകാലചരമം നിമിത്തം മുഴുവനായും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ശാന്തിപർവ്വം വരെ പ്രസിദ്ധീകരിച്ചതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് മഹാഭാരതം സമ്പൂർണ്ണമായി വിവർത്തനം ചെയ്യാൻ പ്രേരണയായത് ഭാരതമഞ്ജരീവിവർത്തനമയിരുന്നു എന്ന് കെ.സി വീരരായൻരാജ സൂചിപ്പിച്ചിട്ടുണ്ട്[6].

ഭാഷാപോഷിണി സഭ[തിരുത്തുക]

ഭാഷാപോഷിണി സഭയുടെ തുടക്കം മുതൽ അതിന്റെ അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം. സ്ഥാപിച്ച് കവികളെ പ്രോത്സാഹിപ്പിച്ചും കവിസമ്മേളനങ്ങൾ നടത്തിയും ഇദ്ദേഹം ഭാഷാസാഹിത്യത്തെ വളർത്തി. കൊല്ലവർഷം 1079 (1904) ചിങ്ങം 26, 27 തിയ്യതികളിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ വച്ചുനടത്തിയ ഭാഷാപോഷിണി സഭയുടെയുടെ ഏഴാം വാർഷികസമ്മേളനത്തിന്റെ മുഴുവൻ ചെലവുകളും വഹിച്ചത് ഉദയവർമ്മരാജയാണ്."ഇതിലേക്ക് അവിടേയ്ക്ക് 500ൽ പരം രൂപ ചെലവുവന്നിട്ടുണ്ടെന്നാണ് അറിവ്" എന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി [7] സൂചിപ്പിക്കുന്നു. സമ്മേളനാനന്തരം അതിൽ പങ്കെടുത്ത മുഴുവൻ സാഹിത്യകാരന്മാരെയും കടത്തനാട്ടിലെ പുറമേരി കോവിലകത്തേക്ക് ക്ഷണിച്ചുവരുത്തുകയും എല്ലാവർക്കും ഓണപ്പുടവ സമ്മാനിക്കകുകയും ചെയ്തു.

പുസ്തകപ്രസാധനം[തിരുത്തുക]

ജനരഞ്ജിനി[തിരുത്തുക]

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ കടത്തനാട്ട് ഉദയവർമ്മയുടെ സ്ഥാനം അടയാളപ്പെടുത്തിയവയാണ് ജനരഞ്ജിനി, കവനോദയം, സാരോദയം എന്നീ മാസികകൾ. 189൦-ലാണ് മലബാറിലെ ആദ്യ സാഹിത്യ മാസികയായ ജനരഞ്ജിനി ഇദ്ദേഹം ആരംഭിച്ചത്. കൊ.വ 1065 ൽ പാലക്കാടുനിന്ന് ഒരച്ചുക്കൂടം വിലയ്ക്കുവാങ്ങി ജനരഞ്ജിനി എന്ന പേരിൽ പുറമേരിയിലെ ആറോട്ടുമഠത്തിൽ സ്ഥാപിച്ചു. ജനരഞ്ജിനി പ്രസ്സിൽനിന്നും 1066 കന്നി മാസം (1890) മുതലാണ് ജനരഞ്ജിനി മാസിക പുറത്തിറങ്ങിത്തുടങ്ങിയത്. അന്ന് കേവലം പതിനെട്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന കെ.സി നാരായണൻ നമ്പ്യാരെയാണ് ഉദയവർമ്മത്തമ്പുരാൻ ജനരഞ്ജിനിയുടെ പത്രാധിപരായി നിയമിച്ചത്. ജനരഞ്ജിനി നമ്പ്യാർ എന്നാണ് അക്കാലത്ത് എല്ലാവരും കെ.സി നാരായണൻ നമ്പ്യാരെ വിളിച്ചിരുന്നത്. [8]. കവിതകൾ, ലേഖനങ്ങൾ, സമസ്യാപൂരണങ്ങൾ, ചിത്രപ്രശ്നങ്ങൾ തുടങ്ങിയവയായിരുന്നു മാസികയിലെ ഉള്ളടക്കങ്ങൾ. ജനരഞ്ജിനി മാസികയുടെ മഹനീയ സേവനങ്ങളെ പുരസ്കരിച്ചുകൊണ്ട് വെള്ളാനിശ്ശേരി വാസുണ്ണി മൂസ്സത് ജനരഞ്ജിനീ വിജയം എന്ന നാടകം എഴുതിയിട്ടുണ്ട്.

ആറുവർഷത്തോളം ഈ പ്രസിദ്ധീകരണം നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[9] ജനരഞ്ജിനീ പ്രസ്സിലെ അച്ചുകളുടെ നിലവാരം തീരെ മോശമായപ്പോൾ തമ്പുരാൻ അച്ചടി കോഴിക്കോട്ടേ സ്പെക്ടേറ്റർ പ്രസ്സിലേക്ക് മാറ്റുകയുണ്ടായി. ഭാരതമഞ്ജരീ വിവർത്തനത്തിന്റെ ഏതാനും ഭാഗങ്ങൾ ജനരഞ്ജിനീ പ്രസ്സിൽ നിന്നും മാസികാരൂപത്തിൽ പുറത്തിറക്കിയിരുന്നു.

കവനോദയം[തിരുത്തുക]

കടത്തനാട്ട് ഉദയവർമ്മത്തമ്പുരാൻ 1893ലാണ് കവനോദയം ആരംഭിക്കുന്നത്. ജനരഞ്ജിനി പ്രസ്സിലാണ് ഇത് ആദ്യം അച്ചടിച്ചിരുന്നത്. അത്പിന്നീട് കോഴിക്കോട് സ്പെക്ടേറ്റർ പ്രസ്സിലേക്കുമാറ്റുകയുണ്ടായി. ഒന്നിടവിട്ട മാസങ്ങളിലായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ആദ്യകാലങ്ങളിൽ മാസികയുടെ കവർപേജിൽ "കടത്തനാട്ടു പോർളാതിരി ഉദയവർമ്മ ഇളയതമ്പുരാന്റെ കൽപ്പനപ്രകാരം ഇരുവനാട് കെ. സി നാരായണൻ നമ്പ്യാരും കടത്തനാട്ട് കെ കൃഷ്ണവാര്യരും കൂടി പരിശോധിച്ച് ശരിപ്പെടുത്തുന്നത്" എന്ന് രേഖപ്പെടുത്താറുണ്ടായിരുന്നു.

 
ശ്രീലോകമാതാവനുകമ്പയാ ത-
ന്നാലോകനത്താൽ കവനോദയത്തെ
ഈ ലോകമൊട്ടുക്കു നടത്തിട്ടേ
മാലോകരാനന്ദമിയന്നിടട്ടെ

എന്നശ്ലോകമാണ് കവനോദയത്തിന്റെ മുദ്രാവാക്യം. ആദ്യ ചില പതിപ്പുകളിലൊഴികെ എല്ലാ പതിപ്പിലും ഈ ശ്ലോകം കവർ പേജിൽ ചേർത്തിരുന്നു.

പ്രാചീന സാഹിത്യഗ്രന്ഥങ്ങൾ കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തുന്നതിൽ കവനോദയം പ്രവർത്തകർ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. മലയാളത്തിലെ അനർഘങ്ങളായ ഒട്ടനവധി ഗ്രന്ഥങ്ങൾ പുറത്തുകൊണ്ടുവന്നത് കവനോദയമാണ്. ചന്ദ്രോത്സവം, ചെല്ലൂർ മാഹാത്മ്യം ചമ്പു, ഭാരതചമ്പു, രാമായണം ചമ്പു, ദക്ഷയാഗം ചമ്പു, ഭാഷാരാമായണം ചമ്പു, ഭാഷാകർണാമൃതം, ദേവീമാഹാത്മ്യം, ഉത്സവവർണ്ണനം തുടങ്ങിയവ ഉദാഹരണങ്ങൾ. മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഭൃംഗസന്ദേശവും കവനോദയത്തിലാണ് പ്രസിദ്ധീകരിച്ചത്.

മലയാള ഗദ്യസാഹിത്യ ശാഖയ്ക്കും കവനോദയം നിസ്തുലമായ സംഭാവനകൾനല്കി. സാഹിത്യ-ശാസ്ത്ര വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ കവനോദയത്തിലൂടെ പുറത്തുവന്നു. ഭാഷാഗവേഷണത്തിലും കവനോദയം മികച്ച സംഭാവനകളാണു നല്കിയത്. പ്രാചീനകൃതികളെ അവതരിപ്പിച്ചുകൊണ്ട് അവയുടെ കർത്താവ്, കാലഘട്ടം തുടങ്ങിയവയെപ്പറ്റി ഗവേഷണസ്വഭാവത്തോടുകൂടിയ ധാരാളം ലേഖനങ്ങൾ 'കവനോദയം പ്രവർത്തകർ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല നാണുവയ്യാ ശാസ്ത്രിയുടെ മുത്തുലക്ഷ്മി എന്നൊരു നോവലും കവനോദയത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. വലിയകൃതികൾ പിന്നീട് പുസ്തകമാക്കാൻ തക്കവണ്ണം ഖണ്ഡം ഖണ്ഡമായിട്ടാണ് പ്രസിദ്ധീകരിച്ചിരുന്നത്. 'വൈദ്യം, ജ്യോതിഷം, കിളിപ്പാട്ട്, തുള്ളൽ, നാടകം, നോവൽ മുതലയ മലയാള ഗ്രന്ഥങ്ങളുടെ സംഗ്രഹമായ ഈ പുസ്തകമാലയിൽ ഓരോകുറി അറുപത്തിനാലു ഭാഗങ്ങളിൽ കൂടി അഞ്ച് കൃതികളിൽ കുറയാതെ ഉണ്ടായിരിക്കും' എന്ന് പുസ്തക ഘടനയെക്കുറിച്ച് കവനോദയത്തിന്റെ തന്നെ ചില ലക്കങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. പ്രാചീനവും നവീനവുമായി നാൽപ്പതിനേറെ കൃതികൾ കവനോദയത്തിലൂടെ പ്രസിദ്ധീകൃതമായിട്ടുണ്ട്.

സാരോദയം[തിരുത്തുക]

വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം. കോഴിക്കോട് സ്പെക്ടേറ്റർ പ്രസ്സിൽ നിന്നാണ് ഇത് അച്ചടിച്ചിരുന്നത്. നീലഞ്ചേരി ശങ്കരൻ നായർ ആയിരുന്നു ഇതിന്റെ പ്രസാധകൻ. കവനോദയത്തിന് സമകാലികമായിട്ടുതന്നെയാണ് സാരോദയവും പുറത്തിറങ്ങിയിരുന്നത്. ഉദയവർമ്മയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ശ്ലോകങ്ങളിൽ സാരോദയത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ ആശങ്കപ്പെടുന്നു.

'സാരോദയമേ! നിന്നുടെ
സാരോദയവും നിനയ്ക്കിലിനിയെന്തോ!
ധീരോദയവർമ്മാ നിൻ
സാരോദയസത്തരാസ്തമായല്ലോ'

കൃതികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹസ്തലക്ഷണദീപികാ എന്ന താളിലുണ്ട്.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള മൗലിക കൃതികൾ, സംസ്കൃത കൃതികളുടെ വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ പതിനൊന്ന് കൃതികൾ ഉദയവർമ്മത്തമ്പുരാൻ രചിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ പത്ര മാസികകളിൽ അദ്ദേഹമെഴുതിയ ലേഖനങ്ങളും കവിതകളും മുക്തകങ്ങളും മംഗളാശംസകളും പുസ്തകാഭിപ്രായങ്ങളും ഒട്ടനവധിയാണ്. ഇവയൊന്നും ഇതുവരെ എവിടെയും സമാഹരിക്കപ്പെട്ടിട്ടില്ല. മലയാളമനോരമ, കവനോദയം, ജനരഞ്ജിനി, ഭാഷാപോഷിണി, ലക്ഷ്മീഭായ് തുടങ്ങിയവയിലായിരുന്നു അദ്ദേഹം ഏറെയും എഴുതിയിരുന്നത്. കൂടാതെ കവനോദയം പ്രസിദ്ധീകരിച്ച മിക്ക കൃതികളുടെയും അവതാരികയും അദ്ദേഹമാണ് എഴുതിയത് എന്നും അനുമാനിക്കപ്പെടുന്നു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ഉദയവർമ്മയുടെ കൃതികൾ

 1. രസികഭൂഷണം ഭാണം (സംസ്കൃതം)
 2. സരസനാടകം
 3. കവികലാപം
 4. സദ്വൃത്തമാലികാ
 5. കുചശതകം
 6. കവിതാഭരണം
 7. ഭാരതമഞ്ജരീ ആദിപർവ്വം വിവർത്തനം
 8. ഹർഷന്റെ രത്നാവലി വിവർത്തനം
 9. ഹർഷന്റെ പ്രിയദർശികാ വിവർത്തനം
 10. സുന്ദരാചാര്യരുടെ വൈദർഭീവാസുദേവം വിവർത്തനം
 11. ഹസ്തലക്ഷണദീപിക വിവർത്തനം

സാമൂഹ്യസേവനങ്ങൾ[തിരുത്തുക]

സ്ത്രീവിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ദേശീയപ്രസ്ഥാനം തുടങ്ങിയ ഇടങ്ങളിലും ഉദയവർമ്മത്തമ്പുരാൻ തന്റേതായ ഇടപെടലുകൾ നടത്തിയിരുന്നു. വിദ്യാഭ്യാസം ജാതിനിരപേക്ഷമായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. താഴ്ന്നജാതിക്കാർക്കും പ്രവേശനമനുവദിക്കുന്ന ഒരു ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം 1896ൽ പുറമേരിയിൽ സ്ഥാപിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാരിലെത്തിക്കാൻ വേണ്ടി അദ്ദേഹം ആരംഭിച്ച ആ പ്രൈമറി സ്കൂളാണ് ഇന്നത്തെ കടത്തനാട്ട് രാജാസ് ഹയർസെക്കന്ററി സ്കൂൾ. വിവേകോദയം മാസികയിൽ ഉദയവർമ്മരജയെ അനുസ്മരിച്ചുകൊണ്ട് കുമാരനാശാൻ എഴുതിയ ലേഖനത്തിൽ അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:'വിദ്യാപ്രചരണ വിഷയത്തിൽ ഇദ്ദേഹം ചെയ്തിട്ടുള്ള ശ്രമങ്ങൾ അനവധിയാകുന്നു. ഈ കൂട്ടത്തിൽ അപ്രധാനമല്ലാത്ത ഒന്നാണ് കടത്തനാട്ടു രാജകുമാരന്മാർക്കുവേണ്ടി ഇദ്ദേഹം ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. രാജകുമാരന്മാർക്ക് എന്നു പറഞ്ഞതുകൊണ്ട് സാമൂറിൻ കോളേജിനെപ്പോലെ ഇത് ഒരു ഇടുങ്ങിയ നോട്ടത്തോടുകൂടി സ്ഥാപിച്ചിട്ടുള്ളതാണെന്ന് വായനക്കാർ തെറ്റിദ്ധരിക്കരുത്. ഈ കടത്തനാട്ടു വിദ്യാശാലയിൽ രാജകുമാരന്മാരോടൊന്നിച്ച് തീയർക്ക് ഇരുന്നു പഠിക്കാം.'

ഇന്ത്യൻ ദേശീയപ്രസ്ഥാനവുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. 1903ൽ ലാൽമോഹൻ ഘോഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പത്തൊമ്പതാം സെഷനിൽ ഉദയവർമ്മ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ധാരാളം ഉത്തരേന്ത്യൻ യാത്രകൾ നടത്തുകയും ബാലഗംഗാധരതിലകൻ മുതലായ ദേശീയനേതാക്കളെ പരിചയപ്പെടുകയും ചെയ്ചിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

 1. വേണു, കക്കട്ടിൽ (2008). കടത്തനാട്ട് ഉദയവർമ്മരാജാ - അക്ഷരങ്ങളെ പ്രണമിച്ച ഒരാൾ. സംസ്കൃതവിഭാഗം, കെ.ആർ.എച്ച്.എസ് പുറമേരി. {{cite book}}: Unknown parameter |month= ignored (help)
 2. "ഉദയവർമ്മരാജാ". keralavips.com. Retrieved 21 ജൂൺ 2014.[പ്രവർത്തിക്കാത്ത കണ്ണി]
 3. മലയാള മനോരമ മുഖപ്രസംഗം - സപ്തംബർ 6, 1906 ശനിയാഴ്ച
 4. കടത്തനാട്ട് ഉദയവർമ്മരാജാ - അക്ഷരങ്ങളെ പ്രണമിച്ച ഒരാൾ. എഡിറ്റർ: വേണുകക്കട്ടിൽ, പ്രസാധനം: സംസ്കൃതവിഭാഗം, കെ.ആർ.എച്ച്.എസ് പുറമേരി
 5. മൺമറഞ്ഞ സാഹിത്യകാരന്മാർ - പി.വി കൃഷ്ണവാര്യർ, പ്രസാധനം : പി.കെ ബ്രദേഴ്സ്, കോഴിക്കോട്
 6. അവതാരിക, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കൃതികൾ മൂന്നാം ഭാഗം. - കെ.സി വീരരായൻരാജ
 7. മുഖവുര, പാഞ്ചാലധനഞ്ജയം നാടകം
 8. മൺമറഞ്ഞ സാഹിത്യകാരന്മാർ,പി.വി.കൃഷ്ണവാര്യർ
 9. മലയാള പത്രപ്രവർത്തന ചരിത്രം, പുതുപ്പള്ളി രാഘവൻ