വൈക്കം മുഹമ്മദ് ബഷീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിന്റെ ഗുണമേന്മ വിലയിരുത്തിയതാൺ.
വൈക്കം മുഹമ്മദ് ബഷീർ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു രേഖാചിത്രം
ജനനം Basheer kutty
1908 ജനുവരി 19(1908-01-19)
തലയോലപ്പറമ്പ്, വൈക്കം
മരണം 5 ജൂലൈ 1994
ബേപ്പൂർ, കോഴിക്കോട്
തൂലികാനാമം ബേപ്പൂർ സുൽത്താൻ
തൊഴിൽ നോവലിസ്റ്റ്,കഥാകൃത്ത്
ദേശീയത ഭാരതീയൻ
Citizenship Indian
Education malayalam medium
പ്രധാനപ്പെട്ട കൃതികൾ പ്രേമലേഖനം, ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം.
പ്രധാനപ്പെട്ട പുരസ്കാരങ്ങൾ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1], മുട്ടത്തുവർക്കി അവാർഡ് (1993)[1], വള്ളത്തോൾ പുരസ്കാരം‌ (1993)[1].
ജീവിതപങ്കാളി(കൾ) ഫാത്തിമ ബഷീർ (ഫാബി).

വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

[തിരുത്തുക] സാഹിത്യശൈലി

ബഷീറിന്റെ കൈപ്പട

സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ ,വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

[തിരുത്തുക] കൃതികൾ

[തിരുത്തുക] കൃതികളുടെ പരിഭാഷകൾ

അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[3] ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] 1.ഭാർഗ്ഗവീനിലയം

മൂലകഥ: നീലവെളിച്ചം. നിർമ്മാണം:ചന്ത്രതാര.

[തിരുത്തുക] 2.മതിലുകൾ

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

[തിരുത്തുക] 3.ബാല്യകാലസഖി

സിനിമയായിത്തീര്ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം:പി. ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഈ സിനിമ പുതിയ രൂപത്തില് വീണ്ടും വരുന്നു. സുഹ്റയുടെയും മജീദിൻറെയും പ്രണയത്തിനു ചലച്ചിത്രാവിഷ്കാരം. വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്തമായ ബാല്യകാല സഖി എന്ന നോവലാണ്‌ സിനിമയാകുന്നത്.ബഷീർ തൻറെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ പങ്കുവെക്കുന്ന ദാരുണമായ ഈ പ്രണയകഥയിലെ, കേന്ദ്ര കഥാപാത്രമായ മജീദിന് വെള്ളിത്തിരയിൽ ജീവൻ പകരുന്നത് "മതിലുകൾ"ലെ നായകൻ മമ്മൂട്ടിയാണ്. പ്രമോദ് പയ്യന്നൂർ ആണ് ബാല്യകാലസഖി യുടെ സംവിധാനം ചെയ്യുന്നത്.

[തിരുത്തുക] ബഹുമതികൾ

[തിരുത്തുക] വിവാദങ്ങൾ

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്ര വിമർശനങ്ങളാണ് ഉയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.[4] ഇതിലേറെ വിമർശന ശരങ്ങളേറ്റ ഒരു രചനയാണു് ശബ്ദങ്ങൾ

[തിരുത്തുക] കൂടുതൽ അറിവിന്

Commons:Category
വിക്കിമീഡിയ കോമൺസിലെ Vaikom Muhammad Basheer എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 Information & Public Relations Department, കേരള സർക്കാർ
  2. മഹച്ചരിതമാല,പേജ് 527,DC-Books
  3. 'നീലവെളിച്ച'വും മറ്റ് പ്രധാനകഥകളും, ബഷീർ, ഡി സി ബുക്സ് ,2010 നവംബർ
  4. മഹച്ചരിതമാല,പേജ് 530,DC-Books
"http://ml.wikipedia.org/w/index.php?title=വൈക്കം_മുഹമ്മദ്_ബഷീർ&oldid=1314901" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ