നിമറ്റോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nematodes
Unidentified roundworm from wet soil,
the mouth is at the top left corner.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
ക്ലാഡ്: Nematoida
Phylum: Nematoda
Diesing, 1861
Classes

Chromadorea (disputed)
Enoplea (disputed)
Secernentea
and see text

Synonyms

Adenophorea (see text)
Aphasmidia
Nematoidea Rudolphi, 1808
Nematodes Burmeister, 1837
Nemates Cobb, 1919
Nemata Cobb, 1919

അഖണ്ഡ ശരീരത്തോടുകൂടിയ വിരകൾ ഉൾപ്പെട്ട ഫൈലമായ നിമറ്റോഡയുടെ വർഗീകരണത്തെപ്പറ്റി ജന്തുശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. ചിലർ നിമറ്റോഡയെ വർഗമായും, ഗോത്രമായും പരിഗണിക്കുമ്പോൾ കൂടുതൽ പേരും ഒരു പ്രത്യേക ഫൈലം ആയാണ് പരിഗണിക്കുന്നത്. നൂൽ പോലുള്ളത് എന്നർഥമുള്ള നിമറ്റോയിഡിയ (Nematoidea) എന്ന ഗ്രീക്കു പദത്തിൽനിന്നാണ് നിമറ്റോഡ എന്ന ആംഗലേയപദം നിഷ്പന്നമായിട്ടുള്ളത്. മെലിഞ്ഞ നേർത്ത ശരീരത്തോടുകൂടിയ ഈ വിരകൾ നൂലിനെ അനുസ്മരിപ്പിക്കുന്നതിനാൽ ഇവ നൂൽപ്പുഴുക്കൾ എന്ന പേരിലും അറിയപ്പെടുന്നു.

ഏറ്റവും വലിയ ഫൈലം[തിരുത്തുക]

നിമറ്റോഡ് വിരയുടെ ഫോസിൽ

അകശേരുകികളിൽ മൊളസ്ക, ആർത്രോപോഡ എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ഫൈലമാണ് നിമറ്റോഡ. ഇതിൽ ഏകദേശം 15,000-20,000 സ്പീഷീസ് ഉൾപ്പെടുന്നു. നിമാറ്റ (Nemata) എന്നും ഈ ഫൈലത്തിന് പേരുണ്ട്. സ്വതന്ത്രമായി ജീവിക്കുന്നതോ സസ്യങ്ങളിലും ജന്തുക്കളിലും പരാദമായി വളരുന്നതോ ആയ വിരകളാണ് നിമാറ്റയിലെ അംഗങ്ങൾ. ഉരുളൻ വിരകൾ[1] (round worms), ചാട്ടവിരകൾ[2] (whip worms), കൊളുത്തുവിരകൾ [3] (hook worms), ഗിനിപ്പുഴുക്കൾ, കൊക്കോപ്പുഴുക്കൾ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ചില നിമറ്റോഡ് വിരകൾ. ശുദ്ധജലം, ഉപ്പുചതുപ്പ്, ജീർണിച്ച ജൈവ പദാർഥങ്ങൾ, ധ്രുവപ്രദേശം തുടങ്ങി ഏത് ചുറ്റുപാടിലും നിമറ്റോഡുകൾ വളരും. ഉയർന്ന താപനിലയിലും, അമ്ലം നിറഞ്ഞ മണ്ണിലും നിമറ്റോഡുകൾ വളരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ശരീരഘടന[തിരുത്തുക]

നിമറ്റോഡ് വിരയും മുട്ടയും
ഉരുളൻ വിര

ഏതാനും മില്ലീമീറ്റർ മുതൽ എട്ട് മീറ്റർ വരെ നീളമുള്ളവയാണ് നിമറ്റോഡ് വിരകൾ. (എങ്കിലും ഭൂരിഭാഗത്തിനും നീളം വളരെ കുറവാണ്). ഇവയുടെ വലിപ്പത്തിൽ പ്രകടമായ വ്യത്യാസമുണ്ടെങ്കിലും ശരീരഘടനയിൽ ഐകരൂപ്യം കാണാം. മെലിഞ്ഞു കൂർത്ത രണ്ട് അഗ്രങ്ങളോടുകൂടിയ ഇവയുടെ ശരീരത്തിന് പൊതുവേ വെളുത്ത നിറമാണ്. ശരീരത്തിന്റെ തിരശ്ചീന (horizontal) ഛേദത്തിന് വൃത്താകൃതിയാണ്. അതിനാൽ നിമറ്റോഡ് വിരകൾ റൌണ്ട് വേം (round worm) എന്ന പൊതുനാമത്തിലും അറിയപ്പെടുന്നു. ശരീരത്തെ തല, കഴുത്ത്, വാൽ എന്നിങ്ങനെ വേർതിരിച്ച് മനസ്സിലാക്കുക ദുഷ്കരമാണ്. ദ്വിപാർശ്വ സമമിതി(bilateral symmetry)യോട് കൂടിയ ശരീരമാണ് നിമറ്റോഡ് വിരകളുടെ മറ്റൊരു സവിശേഷത.

നിമറ്റോഡ് വിരകളുടെ ശരീരം, സ്ക്ളീറോ പ്രോട്ടീനുകൾ കൊണ്ട് നിർമിതമായ ക്യൂട്ടിക്കിൾ എന്ന ആവരണത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്യൂട്ടിക്കിളിന്, നാല് പാളികളുണ്ട്.

  1. എപ്പിക്യൂട്ടിക്കിൾ
  2. എക്സോക്യൂട്ടിക്കിൾ
  3. മീസോ ക്യൂട്ടിക്കിൾ
  4. എൻഡോക്യൂട്ടിക്കിൾ

എന്നിവയാണവ. [4] (hypodermis) സ്ഥിതി ചെയ്യുന്നത്. ഹൈപ്പോഡെർമിസിനു താഴെയായി ദീർഘഅക്ഷനിലയിൽ സ്ഥിതി ചെയ്യുന്ന പേശീകലകൾ കാണപ്പെടുന്നു. ഈ പേശീകലകളിൽ നിന്നും സവിശേഷരീതിയിൽ ക്രമീകരിച്ചിരിക്കുന്ന ചില പ്രക്ഷേപങ്ങൾ (projection) കാണാം. ഇത്തരം ക്രമീകരണം ജന്തുലോകത്തിൽ നിമറ്റോഡ ഫൈലത്തിന്റെ മാത്രം പ്രത്യേകതയാണ്. പേശീകലകൾ എല്ലാംതന്നെ ശരീരഅറയെ ചുറ്റിയ നിലയിലാണ് കാണപ്പെടുന്നത്. സ്യൂഡോസീലം എന്നറിയപ്പെടുന്ന ശരീര അറയിൽ ഒരു പ്രത്യേക ദ്രാവകം നിറഞ്ഞിരിക്കും. ഇതിനുള്ളിലാണ് ആന്തരാവയവങ്ങൾ സ്ഥിതി ചെയ്യുന്നത്.

ദഹനവ്യൂഹം[തിരുത്തുക]

നിവർന്നതും മടക്കുകളില്ലാത്തതുമായ ഒരു കുഴലാണ് (tube) ദഹനവ്യൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്.[5] ശരീരത്തിന്റെ മുൻഭാഗത്തുള്ള വായ, സ്റ്റോമ എന്ന ഒരു അറയിലേക്ക് തുറക്കുന്നു. സ്റ്റോമയ്ക്കുള്ളിൽ പല്ലുകൾ, ശൂകിക (stylet) എന്നിവ ക്രമീകരിച്ചിരിക്കുന്നു. എന്നാൽ സസ്യഭോജികളിൽ പല്ലുകൾ കാണപ്പെടുന്നില്ല. ഇവയിലെ പൊള്ളയായ ശൂകികകൾ സസ്യങ്ങളിൽ നിന്നുള്ള ദ്രവം വലിച്ചെടുക്കാൻ സഹായിക്കുന്നു. പൊതുവേ ജലത്തിന്റെ രൂപത്തിലോ പകുതി ദഹിച്ച ആഹാരത്തിന്റെ രൂപത്തിലോ ആണ് ആഹാരം ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. രക്തം, സസ്യദ്രവം, അഴുകിയ ജൈവപദാർഥം, കുടലിൽനിന്നുമുള്ള ദഹിച്ച ആഹാരപദാർഥം തുടങ്ങിയവയാണ് നിമറ്റോഡ് വിരകളുടെ സാധാരണ ഭക്ഷണം. സ്റ്റോമയിൽനിന്നും ഭക്ഷണം നേരെ ഗ്രസനി[6] (pharynx) യിലെത്തുന്നു. ഗ്രസനിയിൽനിന്നും ചെറുകുടലിലെത്തുന്ന ഭക്ഷണം, എൻസൈമുകളുടെ സഹായത്താൽ ദഹിക്കപ്പെടുന്നു. ചെറുകുടലിന്റെ അഗ്രഭാഗത്താണ് മലാശയം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും വിസർജ്യവസ്തുക്കൾ ശരീരത്തിന്റെ പിൻഭാഗത്തായുള്ള ഒരു സുഷിരത്തിലൂടെയോ കുഴലിലൂടെയോ പുറന്തള്ളപ്പെടുന്നു. എന്നാൽ ശരീരത്തിലെ നൈട്രോസംയുക്തങ്ങൾ അമോണിയയുടെ രൂപത്തിൽ ശരീരഭിത്തിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. വിശേഷവൽക്കരിക്കപ്പെട്ട ശ്വസനവ്യൂഹത്തിന്റെ അഭാവമാണ് നിമറ്റോഡുകളുടെ മറ്റൊരു പ്രത്യേകത. മിക്കവാറും ഇനങ്ങളിലും ശരീരസ്രവമാണ് ശ്വസനത്തെ സഹായിക്കുന്നത്. ക്യൂട്ടിക്കിളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഓക്സിജൻ ശരീരദ്രവത്തിലൂടെ ആന്തരാവയവങ്ങളിലേക്ക് വിസരണം ചെയ്യപ്പെടുകയാണ് പതിവ്.

നാഡീവ്യൂഹം[തിരുത്തുക]

ഒരു നാഡീവളയവും അതിനോടനുബന്ധിച്ചുള്ള നാഡികളും ചേർന്നതാണ് നാഡീവ്യൂഹം.[7] ശരീരത്തിന്റെയത്ര നീളമുള്ള നാല് നാഡികളാണ് കാണപ്പെടുക. ഇവ ശരീരത്തിൽ അപാക്ഷം (dorsal), അധരം (ventral), പാർശ്വ (lateral) മേഖലകളിലായി വിന്യസിച്ചിരിക്കുന്നു. ശരീരം മുഴുവൻ സംവേദക ലോമങ്ങളും പാപ്പില്ലകളുംകൊണ്ട് ആവണം ചെയ്തിരിക്കുന്നു. ഇവ സ്പർശം പോലുള്ള സംവേദനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇതിനുപുറമേ തലയിൽ ആംഫിഡ് എന്ന ഒരു ജോടി രന്ധ്രങ്ങളുണ്ട്. നാഡീകോശങ്ങളാൽ സമ്പന്നമായ ഇവ രാസസംവേദക അവയങ്ങളാണ്.

പ്രജനനം[തിരുത്തുക]

മിക്ക നിമറ്റോഡുകളും ഏകലിംഗികളാണ്. ഹെർമാഫ്രൊഡൈറ്റുകളും വിരളമല്ല. ലൈംഗിക പ്രജനനമാണ് സാധാരണം.[8] എന്നാൽ ചില സ്പീഷീസുകൾ പാർത്തനോജനസിലൂടെയും പ്രജനനം നടത്താറുണ്ട്. പൊതുവേ ആൺ വിരകൾ, പെൺ വിരകളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ്. ബീജസങ്കലനത്തിനുശേഷം, ഉണ്ടാകുന്ന മുട്ടകൾക്ക് ചുറ്റും ഒരു നേരിയ കവചം (shell) രൂപം കൊള്ളുന്നു. വിരകളുടെ സ്വഭാവമനുസരിച്ച് (സ്വതന്ത്ര ജീവിയോ, പരാദമോ) മുട്ടകൾ വിരിയുന്ന സമയവും സന്ദർഭവും വ്യത്യാസപ്പെട്ടിരിക്കുന്നു.

സ്വതന്ത്രജീവി[തിരുത്തുക]

സ്വതന്ത്രമായി ജീവിക്കുന്ന വിരകളുടെ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ, തികച്ചും മുതിർന്ന വിരയെപ്പോലെയായിരിക്കും. എന്നാൽ ഇവയിൽ പ്രത്യുത്പാദനവ്യൂഹം പക്വമാകില്ല എന്നതാണ് വ്യത്യാസം. ലാർവ, പൂർണ വളർച്ചയെത്തിയ വിരയാകുമ്പോഴേക്കും ക്യൂട്ടിക്കിൾ നാലു തവണ കൊഴിഞ്ഞിട്ടുണ്ടാകും. ഓരോ സ്പീഷീസിലെയും ലാർവകളുടെ ആഹാരം തികച്ചും വ്യത്യസ്തമാണ്. ലാർവകളുടെ വളർച്ചാഘട്ടം പരിസ്ഥിതിയിലെ ചൂട്, പ്രകാശം, ആർദ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

പരാദജീവി[തിരുത്തുക]

പരാദമായി ജീവിക്കുന്ന നിമറ്റോഡ് വിരകളുടെ ജീവിതചക്രം തികച്ചും സങ്കീർണമാണ്. ആതിഥേയ ജന്തു അല്ലെങ്കിൽ സസ്യത്തിന്റെ ശരീരത്തിനുള്ളിൽ എത്തിയതിനുശേഷമാണ് ലാർവകളുടെ വളർച്ചാഘട്ടം ആരംഭിക്കുന്നത്. ആതിഥേയരുടെ ശരീരനിലയാണ് ഈ ലാർവകളുടെ വളർച്ചയെ സ്വാധീനിക്കുന്നത്. അനുയോജ്യമായ സാഹചര്യം എത്തുന്നതുവരെ സുഷുപ്താവസ്ഥയിൽ തുടരാനും മിക്ക നിമറ്റോഡ് ലാർവകൾക്കും കഴിയും. ഏത് പരിതഃസ്ഥിതിയും അതിജീവിക്കാൻ കഴിയുന്ന ശരീരഘടന ഈ വിരകൾ ആർജ്ജിച്ച മറ്റൊരു അനുകൂലനമാണ്.

സംക്രമ ജീവികൾ[തിരുത്തുക]

നിമറ്റോഡുകളിൽ പരാദമായി വർത്തിക്കുന്നവയെയും സ്വതന്ത്രമായി ജീവിക്കുന്നവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംക്രമഘട്ടത്തിലുള്ള ചിലതുണ്ട്. ഇവ, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പരാദമായും മറ്റൊരു ഘട്ടത്തിൽ സ്വതന്ത്രമായും ജീവിക്കുന്നു. ഉദാഹരണം ഹെയർ വേം എന്ന പേരിൽ അറിയപ്പെടുന്ന മെർമിസ് (Mermis) ലാർവാ ഘട്ടത്തിൽ പരാദമായും പക്വമാകുമ്പോൾ സ്വതന്ത്രമായും ജീവിക്കുന്ന നിമറ്റോഡ് വിരയാണ്. എന്നാൽ ആൺകൈലോസ്റ്റോമ, സ്ട്രോൻഗൈലസ് എന്നിവയാകട്ടെ ലാർവാഘട്ടത്തിൽ സ്വതന്ത്രമായും പക്വമാകുമ്പോൾ പരാദമായും വളരുന്നവയുമാണ്.

വർഗീകരണം[തിരുത്തുക]

നിമറ്റോഡയെ അവയവങ്ങളുടെ എണ്ണം, സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കി പ്രധാനമായും

  1. അഡിനോഫോറിയ
  2. സെസെർനെന്റിയ

എന്നിങ്ങനെ രണ്ട് വർഗങ്ങളായി തിരിച്ചിരിക്കുന്നു.

അഡിനോഫോറിയ[തിരുത്തുക]

ഭൂരിഭാഗവും സ്വതന്ത്രമായി ജീവിക്കുന്ന വിരകളുടെ വർഗമാണ് അഡിനോഫോറിയ. അഡിനോഫോറിയയിലെ അംഗങ്ങളിൽ നാല് പാളി ക്യൂട്ടിക്കിൾ കാണപ്പെടുന്നു. ക്യൂട്ടിക്കിളിന്റെ ഉപരിഭാഗം മൃദുവായിരിക്കും. എന്നാൽ ക്രൊമാഡോറിയ ഉപവർഗത്തിലെ അംഗങ്ങളിൽ ക്യൂട്ടിക്കിളിന് നിരവധി അലങ്കാരങ്ങൾ ഉണ്ടായിരിക്കും. ഇവയുടെ കുഴലിന്റെ ആകൃതിയിലുള്ള അന്നനാളത്തിൽ മൂന്നോ (ഉദാ. ക്രോമഡോറിയ) അഞ്ചോ (ഉദാ. എനോപ്ലിയ) ഗ്രന്ഥികളും ഉണ്ടായിരിക്കും. സാധാരണയായി വിസർജനവ്യൂഹത്തിൽ ഒരു സുഷിരം മാത്രമേ ഉണ്ടാകൂ.

സെസെർനെന്റിയ[തിരുത്തുക]

സസ്യങ്ങളിലും ജന്തുക്കളിലും പരാദമായി വളരുന്നവയാണ് സെസെർനെന്റിയയിലെ വിരകൾ. സെസെർനെന്റിയയിലെ അംഗങ്ങളിൽ നാല് പാളി ക്യൂട്ടിക്കളോടുകൂടിയവയും രണ്ട് പാളി ക്യൂട്ടിക്കിളോടുകൂടിയവയും ഉണ്ടായിരിക്കും (ഉദാ. ഡിപ്ലോഗാസ്റ്റെറിയ). ക്യൂട്ടിക്കിളിന്റെ ഉപരിഭാഗത്ത് തിരശ്ചീന ദിശയിൽ നിരവധി വരകളും കാണാം. അന്നനാളം ഓരോ ഗോത്രത്തിലും വ്യത്യസ്തമായ ആകൃതിൽ കാണപ്പെടുന്നു. സാധാരണയായി അന്നനാളത്തിൽ മൂന്ന് ഗ്രന്ഥികൾ ഉണ്ടായിരിക്കും. ജോടികളായോ അല്ലാതെയോ കാണപ്പെടുന്ന കുഴലുകളാണ് വിസർജനവ്യൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്.

പരാദവിരകളുടെ ജീവിതചക്രം[തിരുത്തുക]

നിമറ്റോഡ് ഫൈലത്തിലെ പരാദവിരകൾ സസ്യങ്ങളെയും ജന്തുക്കളെയും ഒരുപോലെ ബാധിക്കുന്നു. ത്വക്കിൽക്കൂടി നേരിട്ടോ, ഭക്ഷണത്തിൽക്കൂടിയോ, മറ്റു ജീവികളുടെ സഹായത്താലോ ആണ് ഇവ ആതിഥേയ ജന്തുവിന്റെയൊ സസ്യത്തിന്റെയൊ ശരീരത്തിൽ പ്രവേശിക്കുന്നത്.

മനുഷ്യരെ ബാധിക്കുന്ന വിരകൾ[തിരുത്തുക]

പിൻവേം ജീവിത ചക്രം
ചാട്ടവിരയുടെ മുട്ട

നിമറ്റോഡ് വിരകൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന ഒരു സാധാരണ രോഗമാണ് അസ്കാരിയാസിസ്.[9] അസ്കാരിസ് ലുംബ്രിക്കോയ്ഡെസ്[10] (Ascaris lumbricaides) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വിരകളാണ് രോഗഹേതു. കുടലിൽ പറ്റിപ്പിടിച്ചു വളരുന്ന ഈ വിരകൾ കാലക്രമത്തിൽ ശ്വാസകോശം, ശ്വസനപഥം എന്നിവയിലേക്ക് വ്യാപിക്കുന്നു. പനി, വയറിളക്കം എന്നിവയാണ് അസ്കാരിയാസിസിന്റെ പ്രധാന രോഗലക്ഷണങ്ങൾ.

ട്രിക്കിനെല്ല സ്പൈറാലിസ്[11] (Trichinella spiralis) എന്ന നിമറ്റോഡ് വിരബാധമൂലം മനുഷ്യരിലുണ്ടാകുന്ന രോഗമാണ് ട്രിക്കിനോസിസ്.[12] ശരിയായി പാകംചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെയാണ് വിര ശരീരത്തിൽ പ്രവേശിക്കുന്നത്. പൊതുവേ നൂൽപ്പുഴുക്കൾ എന്നറിയപ്പെടുന്ന പിൻവേം ആണ് മനുഷ്യരെ ബാധിക്കുന്ന മറ്റൊരു പ്രധാന നിമറ്റോഡ് വിര. എന്ററോബിയസ് വെർമിക്കുലാറിസ്[13] (Enterobius vermicularis) എന്ന ഇനം നൂൽപ്പുഴുക്കൾ പ്രധാനമായും കുട്ടികളിൽ കാണപ്പെടുന്ന നിമറ്റോഡാണ്. വെളുത്ത നൂലുപോലുള്ള ശരീരത്തോടുകൂടിയ ഈയിനം വിരകൾക്ക് ഒരു സെ.മീ. മാത്രമേ നീളമുള്ളൂ. ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ഇവ മലാശയത്തിൽ എത്തുന്നതോടെ ദിവസവും 15,000-ലധികം മുട്ടകൾ ഇടുന്നു. മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന ചൊറിച്ചിൽ ആണ് ഈ വിരബാധയുടെ പ്രധാന ലക്ഷണം. കുട്ടികളെ ബാധിക്കുന്ന മറ്റൊരു നിമറ്റോഡ് വിരയാണ് നെകേറ്റർ അമേരിക്കാനസ്. കൊളുത്തുവിര(hook worm)കളുടെ ഗണത്തിൽപ്പെട്ട ഇവയുടെ ലാർവകൾ, ത്വക്കിനുള്ളിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് രക്തത്തിലൂടെ സഞ്ചരിച്ച് ചെറുകുടലിലെത്തി അവിടെ വളരുന്നു. വയറുവേദന, വിളർച്ച, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

മന്തു രോഗി

ചാട്ടവിര (whip worm) ഇനത്തിൽപ്പെട്ട ട്രിക്കുറിസ് ട്രിക്ക്രിയുറ (Trichuris trichiura), സ്ട്രോൺഗൈലോയിഡെസ് സ്റ്റെർക്കോറാലിസ് (Strongyloides sterocoralis) എന്നിവയാണ് മനുഷ്യരെ ബാധിക്കുന്ന മറ്റു പ്രധാന നിമറ്റോഡ് വിരകൾ.

ഫൈലേറിയോയിഡെ സൂപ്പർ കുടുംബത്തിൽപ്പെട്ട നിമറ്റോഡ് വിരകളാണ് മന്തുരോഗ(Elephantiasis)ത്തിനു ഹേതു. ഫൈലേറിയ ബാങ്ക്രോഫ്റ്റി[14] (Filaria bancrofti) ആണ് ഈ രോഗത്തിനു ഹേതുവായ പ്രധാന നിമറ്റോഡ് വിര. ഇവ മനുഷ്യരുടെ ലിംഫ് ഗ്രന്ഥികളിലും ലിംഫ് കുഴലുകളിലുമാണ് വസിക്കുന്നത്. വിരകളുടെ ആധിക്യം ലിംഫിന്റെ പ്രവാഹത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാൽ പ്രസ്തുത ഗ്രന്ഥികളും കുഴലുകളും വീർക്കുന്നു. തത്ഫലമായി ഈ ഗ്രന്ഥികളോട് ബന്ധപ്പെട്ട പേശികൾക്കും വീക്കമുണ്ടാക്കുന്നു. ഈ അവസ്ഥയാണ് മന്ത്. മന്തുരോഗത്തിന് കാരണമാവുന്ന ഈ വിരയുടെ ലാർവ മനുഷ്യശരീരത്തിനുള്ളിൽ വെച്ചല്ല, മറിച്ച് ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളിലാണ് വളരുന്നത്. ഇവ കൊതുകിന്റെ ഉമിനീരിലായിരിക്കും കാണപ്പെടുക. കൊതുക് മനുഷ്യരക്തം കുടിക്കുന്നതിനുമുമ്പ് ഉമിനീര് കുത്തിവയ്ക്കുന്നതോടെ ഇവ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു.

ജന്തുക്കളെ ബാധിക്കുന്ന വിരകൾ[തിരുത്തുക]

ഡൈറോഫൈലേറിയ ഇമ്മിറ്റസ്, ടോക്സോകാര കാനിസ് എന്നിവ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ ബാധിക്കുന്ന നിമറ്റോഡുകളാണ്. ഹീമോൺകസ് കോൺടോർട്ടസ് എന്ന നിമറ്റോഡ് വിരയുടെ ആതിഥേയർ ചെമ്മരിയാടുകളാണ്.

കാർഷികവിളകളെ ബാധിക്കുന്ന വിരകൾ[തിരുത്തുക]

നിമറ്റോഡ് വിരകൾ കാർഷികവിളകളെ ബാധിച്ച് വൻതോതിൽ കൃഷിനാശം വരുത്താറുണ്ട്. ഉദാ. സിറ്റിലെൻകസ്, ഗ്ലോബോഡെറ എന്നിവ. ഇവ പ്രധാനമായും ഉരുളക്കിഴങ്ങിനെയാണ് ബാധിക്കുക. സോയാബീനിനെ ബാധിക്കുന്ന നിമറ്റോഡ് വിരയാണ് ഹെറ്ററോഡെറ ടൈലെൻകസ്. ഡെവാസ്റ്റാട്രിക്സ് (ഓട്സ്), ടൈ.ട്രിറ്റിക്കി (ഗോതമ്പ്) എന്നിവയാണ് കർഷിക വിളകളെ ബാധിക്കുന്ന മറ്റുചില നിമറ്റോഡ് വിരകൾ. മിക്ക വിരകളും സസ്യങ്ങളുടെ വേരുകളെയാണ് ബാധിക്കുന്നത്. രോഗകാരികളായ വൈറസുകളുടെ വ്യാപനത്തിനും നിമറ്റോഡുകൾ കാരണമാകാറുണ്ട്. ഉദാഹരണമായി മുന്തിരിയുടെ മുരടിപ്പിന് കാരണമാകുന്ന ജി.എഫ്.എൽ.വി. എന്ന വൈറസിനെ വഹിക്കുന്നത് ക്സിഫിനെമ ഇൻഡെക്സ് എന്ന ഇനം നിമറ്റോഡാണ്. എന്നാൽ ചിലയിനം നിമറ്റോഡുകൾ കർഷകമിത്രങ്ങളാണ്. ഇവ വിളകളെ തിന്നുനശിപ്പിക്കുന്ന കീടങ്ങളെ ആഹാരമാക്കുകവഴിയാണ് കർഷകർക്ക് പ്രയോജനകാരികളാകുന്നത്. നോ: അസ്കാരിയാസിസ്

അവലംബം[തിരുത്തുക]

  1. http://www.umm.edu/altmed/articles/roundworms-000144.htm Archived 2012-07-15 at the Wayback Machine. ഉരുളൻ വിരകൾ മനുഷ്യരിൽ വരുത്തുന്ന രോഗങ്ങൾ
  2. http://www.nlm.nih.gov/medlineplus/ency/article/001364.htm ചാട്ടവിർകൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ
  3. http://emedicine.medscape.com/article/218805-overview കൊളുത്തു വിരകൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ
  4. http://www.wormatlas.org/ver1/handbook/hypodermis/hypodermis.htm Archived 2010-12-17 at the Wayback Machine. ക്യൂട്ടിക്കിളിനു താഴെയായി സ്ഥിതിചെയ്യുന്ന അധശ്ചർമം
  5. http://nematode.unl.edu/what-is-a-nematode.htm നിവർന്നതും മടക്കുകളില്ലാത്തതുമായ ഒരു കുഴലാണ് ദഹനവ്യൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്
  6. http://www.britannica.com/EBchecked/topic/455238/pharynx സ്റ്റോമയിൽനിന്നും ഭക്ഷണം നേരെ ഗ്രസനിയിലെത്തുന്നു
  7. http://www.biology-questions-and-answers.com/nematoda.html Archived 2012-07-23 at the Wayback Machine. ഒരു നാഡീവളയവും അതിനോടനുബന്ധിച്ചുള്ള നാഡികളും ചേർന്നതാണ് നാഡീവ്യൂഹം
  8. http://nematode.unl.edu/reproduc.htm ലൈംഗിക പ്രജനനമാണ് സാധാരണം.
  9. http://emedicine.medscape.com/article/788398-overview നിമറ്റോഡ് വിരകൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന ഒരു സാധാരണ രോഗമാണ് അസ്കാരിയാസിസ്.
  10. http://www.parasitesinhumans.org/ascaris-lumbricoides-giant-roundworm.html അസ്കാരിസ് ലുംബ്രിക്കോയ്ഡെസ്
  11. http://bioweb.uwlax.edu/bio203/s2009/maiers_andr/ ട്രിക്കിനെല്ല സ്പൈറാലിസ്
  12. http://www.medicinenet.com/trichinosis/article.htm ട്രിക്കിനോസിസ്.
  13. http://www.stanford.edu/class/humbio103/ParaSites2006/Enterobius/Enterobius%20vermicularis.htm Archived 2012-11-08 at the Wayback Machine. എന്ററോബിയസ് വെർമിക്കുലാറിസ്
  14. http://emedicine.medscape.com/article/996732-overview ഫൈലേറിയ ബാങ്ക്രോഫ്റ്റി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിമറ്റോഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിമറ്റോഡ&oldid=3980406" എന്ന താളിൽനിന്ന് ശേഖരിച്ചത്