പനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയില്‍ നിന്ന് ഉയര്‍ന്നു നില്ക്കുന്ന രോഗലക്ഷണമാണ് പനി. ഇംഗ്ലീഷ്:Fever: ശാസ്ത്രീയമായി Pyrexia (ഗ്രീക്ക്: pyretos / തീ), Febrile response (ലാറ്റിന്‍: febris/പനി) എന്നീ പേരുകളിലും അറിയപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനഫലമായാണ് സാധാരണയായി പനി ദൃശ്യമാകുന്നത്. മനുഷ്യശരീരത്തിന്റെ സാധരണ ഊഷ്മാവ് 37 °C ±1 °C,ആണ്. ഇതിനേക്കാള്‍ അധികമാവുന്നതാണ് പനി എന്നു പറയുക. പനിയുള്ളയാള്ക്ക് ശരീരോഷ്മാവ് കൂടിയിരിക്കുകയണെങ്കിലും തണുപ്പ് അനുഭവപ്പെടുകയാണ് ചെയ്യുക. അതോടൊപ്പം, നെഞ്ചിടിപ്പ് കൂടുക, വിറയ്ക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പനി നിയന്ത്രണാധീതമായി കൂടിയാല്‍ ചുഴലി പോലുള്ള ലക്ഷണങ്ങള്‍ വരാറുണ്ട്. മലമ്പനി, മഞ്ഞപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയ വിവിധ അസുഖങ്ങള്‍ക്കും ഊഷ്മാവിലെ വ്യത്യാസം എന്ന ഈ ലക്ഷണം ഉണ്ടാവുന്നതുകൊണ്ട് പനി എന്ന പ്രത്യയം ചേര്‍ത്ത് അറിയപ്പെടുന്നു.
ഹൈപ്പര്‍തെര്‍മിയ (അമിതതാപം) എന്ന അവസ്ഥയില്‍ നിന്നു വ്യത്യസ്തമാണ് പനി. കൂടിയ അളവിലുള്ള താപോത്പാദനം കൊണ്ടോ കുറഞ്ഞ അളവില്‍ താപം പുറന്തള്ളുന്നതു കൊണ്ടോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
കാള്‍ വുണ്ടര്ലിക് എന്ന ജര്‍മ്മന്‍ ഭിഷഗ്വരനാണ് മനുഷ്യന്റെ ശരീരോഷ്മാവ് ശരാശരി 370C ആണെന്ന് കണക്കാക്കിയത്. ഇന്ന് കൂടുതല്‍ കൃത്യമായി 36.80C എന്ന് കണക്കാക്കിയിട്ടുണ്ട്. പനി ഒരു രോഗമല്ലെന്നും രോഗത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണെന്നും അദ്ദേഹം കണ്ടെത്തി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മനുഷ്യന് ഉണ്ടായകാലം മുതല്ക്കേ പനി അവനെ ബാധിച്ചിരിക്കണം. എന്നാല്‍ പനിയെക്കുറിച്ചുള്ള എഴുതപ്പെട്ട രേഖകള്‍ ഹിപ്പോക്രേറ്റസിന്റെ കാലം മുതലാണ് ഉള്ളത്. പനി അസുഖങ്ങള്‍ ഭേദമാക്കാനുള്ള വഴിയായാണ് 2300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിപ്പോക്രേറ്റസ് പരാമര്‍ശിക്കുന്നത്. "എനിക്ക് പനിയുണ്ടാക്കാനുള്ള കഴിവ് തരൂ, അസുഖങ്ങള്‍ ഞാന്‍ ഭേദമാക്കാം" എന്ന ഉദ്ധരണി ഹിപ്പോക്രേറ്റസിന്റേതായാണ് കരുതുന്നത്. ക്രിസ്തുവിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിലെ ഇതിഹാസരചയിതാവ് ഹോമര്‍ പനി പോലുള്ള അസുഖങ്ങള്‍ക്ക് ചൂടുവെള്ളത്തിലെ കുളി ഗ്രീക്കുകാര്‍ക്കിടയില്‍ പെരിക്ലസിനുമുന്നേ തന്നെ ശീലമുണ്ടായിരുന്നു എന്നു പരാമര്‍ശിക്കുന്നു.
ശരീരോഷ്മാവ് കണ്ടുപിടിക്കാനുള്ള ആശയം കണ്ടുപിടിച്ചത് 17-)ം നൂറ്റാണ്ടില്‍ ഗലീലിയോയും സാങ്‌ക്റ്റോറിയൂസുമാണ്. ഇത് ഇന്ന് കാണുന്ന ഊഷ്മമാപിനിയുടെ നിലയിലേക്ക് വികസിപ്പിക്കപ്പെട്ടത് 18-)ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വൂണ്ടര്ലീഷും ആള്ബട്ടും ചേര്‍ന്നാണ്.
പനിയുടെ ചികിത്സാ ചരിത്രത്തിന്റെ തുടക്കം ഇന്നും അജ്ഞാതമാണ്. ഊഹത്തിന്റേയും ശാസ്ത്രീയതയുടേയും രണ്ടുകാലഘട്ടങ്ങളായിട്ടാണ് ചികിത്സാ ചരിത്രത്തെ പൊതുവെ വിഭജിക്കുന്നത്. [1]
[തിരുത്തുക] താപമാനം
പനിയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ അത് ഉറപ്പിക്കുന്നതിന് താപമാപിനി ഉപയോഗിച്ച് ശരീരോഷ്മാവ് അളക്കുന്നു. പഠനങ്ങള്‍ കാണിക്കുന്നത്, 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ മനുഷ്യരില്‍ വായിലെ ശരാശരി ഊഷ്മാവ് 36.8 ±0.4 oC (98.2±0.7 oF) ആണ്.[2] രാവിലെ 6 മണിക്ക് കുറഞ്ഞ ശരീരോഷ്മാവും വൈകുന്നേരം 4-6 മണി സമയത്ത് ഉയര്‍ന്ന ശരീരോഷ്മാവും പ്രകടമാകുന്നു. അതുകൊണ്ട്, രാവിലെ 6 മണിക്ക് ഉണ്ടാകവുന്ന പരമാവധി ശരീരോഷ്മാവ് 37.2 oC (98.9 oF) ഉം വൈകുന്നേരം 4 മണിക്ക് ഉണ്ടാകവുന്ന പരമാവധി ശരീരോഷ്മാവ് 37.7 oC (99.9oF) ഉം ആണ്. ഈ കണക്കു പ്രകാരം വായില്‍ നിന്ന് കണക്കാക്കുന്ന ഊഷ്മാവിനെ അടിസ്ഥാനപ്പെടുത്തി രാവിലത്തെ ശരീരോഷ്മാവ് 37.2 oC (98.9 oF) ന് മുകളിലാണെങ്കിലോ വൈകുന്നേരത്തെ ശരീരോഷ്മാവ് 37.7 oC (99.9oF) ന് മുകളിലാണെങ്കിലോ പനിയുണ്ടെന്നു പറയാം.
താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കുമ്പോള്‍ പനി ഉണ്ടെന്ന് ഉറപ്പിക്കാം.
- വായിലെ ഊഷ്മാവ് രാവിലെ 37.2 oC (98.9 oF) ന് മുകളിലോ വൈകുന്നേരം 37.7 oC (99.9oF) ന് മുകളിലോ ആണെങ്കില്‍.
- കക്ഷത്തെ ഊഷ്മാവ് രാവിലെ 36.7 oC (98 oF) ന് മുകളിലോ വൈകുന്നേരം 37.2 oC (98.9oF) ന് മുകളിലോ ആണെങ്കില്‍. (കക്ഷത്തെ ഊഷ്മാവ് വായിലേതിനെക്കാള്‍ സാധാരണമായി 0.5 oC (0.9oF) കുറവാണ്.)
- ചെവിയിലെയോ മലദ്വാരത്തിലെയോ ഊഷ്മാവ് രാവിലെ 37.6 oC (99.6 oF) ന് മുകളിലോ വൈകുന്നേരം 38.1 oC (100.6oF) ന് മുകളിലോ ആണെങ്കില്‍. (ചെവിയിലെയോ മലദ്വാരത്തിലെയോ ഊഷ്മാവ് വായിലേതിനെക്കാള്‍ സാധാരണമായി 0.4 oC (0.7oF) കൂടുതലാണ്.)
[തിരുത്തുക] പനി ഉണ്ടാകുന്ന വിധം
ശരീരോഷ്മാവ് ആന്തരീകമായി നിയന്ത്രിക്കുന്നത് തലച്ചോറിനുള്ളിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ്. പനിയ്ക്ക് നിദാനമാകുന്ന ഘടകങ്ങളെ ജ്വരകാരികള് (പൈറോജനുകള്‍, Pyrogens) എന്നു വിളിക്കുന്നു. ഇവ ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഇ-2 എന്ന രാസപദാര്‍ത്ഥത്തിന്റെ നിര്‍മ്മാണത്തിനു കാരണമാകുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഇ-2 ഹൈപ്പോതലാമസില്‍ പ്രവര്‍ത്തിച്ച് ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും ശരീരത്തിന്റെ മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
[തിരുത്തുക] പൈറോജനുകള്‍
പനിയ്ക്ക് നിദാനമാകുന്ന ഘടകങ്ങളെ പൈറോജനുകള്‍ (Pyrogens) എന്നു വിളിക്കുന്നു. ഇവ ശരീരത്തിനുള്ളില്‍ നിന്നോ (Endogenous) പുറത്തു നിന്നോ (Exogenous) ഉള്ളവയാകാം. ബാക്ടീരിയയുടെ കോശഭിത്തിയിലെ ഘടകമായ ലിപ്പോപോളിസാക്കറൈഡ് (Lipopolysaccharide /LPS) ശരീരത്തിനു പുറത്തു നിന്നുള്ള പൈറോജന് ഉദാഹരണമാണ്. ഓരോ പൈറോജനും പനിയുണ്ടാക്കാനുള്ള കഴിവ് വ്യത്യസ്തമാണ്. ബാക്ടീരിയയില്‍ നിന്നുള്ള 'സൂപ്പര്‍ ആന്റിജനുകള്‍' എന്നു വിളിക്കപ്പെടുന്ന പൈറോജനുകള്‍ അതിവേഗം മാരകമായ പനി ഉണ്ടാക്കുന്നവയാണ്.
[തിരുത്തുക] ശരീരത്തിനുള്ളില്‍ നിന്നുള്ള പൈറോജനുകള്‍
സൈറ്റോകൈനുകള്‍ (പ്രത്യേകിച്ച് ഇന്റര്‍ല്യൂകിന്‍-1) ശരീരത്തിനുള്ളില്‍ നിന്നുള്ള ഒരു പൈറോജന് ആണ്. ഇവ ശരീരത്തിന്റെ സഹജമായ പ്രതിരോധശക്തിയുടെ ഭാഗമാണ്. ഫാഗോസൈറ്റിക് കോശങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. സൈറ്റോകൈനുകള്‍ ഹൈപ്പോതലാമസില്‍ പ്രവര്‍ത്തിച്ച് ശരീരത്തിന്റെ താപനില ഉയര്‍ത്തുന്നു. ഇന്റര്‍ല്യൂകിന്‍-6, ട്യൂമര്‍ നെക്രോസിസ് ഘടകം എന്നിവ ശരീരത്തിനുള്ളില്‍ നിന്നുള്ള പൈറോജനുകള്ക്ക് മറ്റ് ഉദാഹരണങ്ങളാണ്.
[തിരുത്തുക] ശരീരത്തിനു പുറത്തു നിന്നുള്ള പൈറോജനുകള്‍
ഗ്രാം നെഗറ്റീവ് ബാക്ടീരിയയുടെ കോശഭിത്തിയിലെ ഘടകമായ ലിപ്പോപോളിസാക്കറൈഡ് (Lipopolysaccharide /LPS) ശരീരത്തിനു പുറത്തു നിന്നുള്ള പൈറോജന് ഉദാഹരണമാണ്. ഇവ ശരീരത്തിനുള്ളില്‍ നിന്നുള്ള പൈറോജനുകളുടെ ഉത്പാദനത്തിന് കാരണമാകുകയും പനി ഉണ്ടാക്കുകയും ചെയ്യുന്നു.
[തിരുത്തുക] കാരണങ്ങള്‍
- അണുബാധകള്‍. ഉദാ. ജലദോഷം, എലിപ്പനി, മലമ്പനി (മലേറിയ), ഗാസ്ട്രോഎന്ററൈറ്റിസ് തുടങ്ങിയവ.
- വീക്കം/നീര്‍ക്കെട്ട്.
- ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍. ഉദാ. സിസ്റ്റ്മിക് ലൂപ്പസ് എറിത്തെമറ്റോസിസ്, സാര്‍ക്കോയിഡോസിസ് [1] തുടങ്ങിയവ.
- ശരീരകലകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍. ഉദാ. മുറിവുകളും ചതവുകളും, ശസ്ത്രക്രിയ തുടങ്ങിയവ.
- അര്‍ബുദങ്ങള്‍. ഉദാ. രക്താര്‍ബുദങ്ങള്‍.
- ചയാപചയ പ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍. ഉദാ. ഗൗട്ട്, പോര്ഫൈറിയ തുടങ്ങിയവ.
- രക്തം കട്ട പിടിച്ചുണ്ടാകുന്ന തകരാറുകള്‍. ഉദാ. ഡീപ് വെയിന്‍ ത്രോമ്പോസിസ്.
- ചില മരുന്നുകള്‍ ഉപയോഗിക്കുന്നതുമൂലം.
- നേരിട്ട് ഉണ്ടാക്കുന്നവ: ഉദാ. പ്രൊജസ്റ്റെറൊണ്, കീമോതെറാപ്പി മരുന്നുകള്‍
- പാര്‍ശ്വഫലമായി ഉണ്ടാകുന്നവ: ഉദാ. സള്‍ഫാ മരുന്നുകള്‍
- മരുന്നു നിര്‍ത്തുന്നതു മൂലം ഉണ്ടാകുന്നവ: ഉദാ. ഹെറൊയിന്‍, ഫെന്റാനില്‍ തുടങ്ങിയവ.
[തിരുത്തുക] കാരണം കണ്ടെത്താനാകാത്ത പനി
കാരണം കണ്ടെത്താനാകാത്ത പനി [Pyrexia of Unknown Origin(PUO) അല്ലെങ്കില്‍ Fever of Unknown Origin(FUO)] എന്നത് വൈദ്യശാസ്ത്രപരമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ്. ആദ്യമായി കാരണം കണ്ടെത്താനാകാത്ത പനിക്ക് ഒരു നിര്‍വ്വചനം നല്‍കിയത് 1961-ല്‍ പീറ്റേഴ്സ്ഡോര്‍ഫ്, ബീസണ്‍ എന്നിവര്‍ ചേര്‍ന്നാണ്. ആ നിര്‍വ്വചനം അനുസരിച്ച് താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍ ആ പനിയെ കാരണം കണ്ടെത്താനാകാത്ത പനി എന്ന് പറയാം.[3]
- അധിക സമയവും ശരീരോഷ്മാവ് 38.3oC (101oF) ന് മുകളിലായിരിക്കുക.
- പനി മൂന്ന് ആഴ്ചയിലധികം നീണ്ട് നില്ക്കുക.
- പനിയുള്ളയാളെ ആശുപത്രിയില്‍ കിടത്തി ലബോറട്ടറി പരിശോധനകള്‍ ആരംഭിച്ച് ഒരാഴ്ചയ്ക്കകം രോഗകാരണം സ്ഥിരീകരിക്കാനാകാതിരിക്കുക.
[തിരുത്തുക] വകഭേദങ്ങള്‍
വൈദ്യശാസ്ത്രപരമായ തരംതിരിവ് താഴെ പറയുന്ന പ്രകാരമാണ്.
- തുടര്‍ച്ചയായ പനി (Continued Fever): ശരീരോഷ്മാവ് സാധാരണ നിലയില്‍ കൂടി നില്‍ക്കുകയും 24 മണിക്കൂറിനുള്ളിലെ വ്യതിയാനം 1°C ല്‍ കുറവായിരിക്കുകയും ചെയ്യുമ്പോള്‍ 'തുടര്‍ച്ചയായ പനി' എന്നു പറയുന്നു.
ഉദാ: ലോബാര്‍ ന്യൂമോണിയ, ടൈഫോയിഡ്, മൂത്രനാളിയിലെ അണുബാധ തുടങ്ങിയവ.
- വിട്ടുവിട്ടുള്ള പനി (Intermittent fever): ഉയര്‍ന്ന ശരീരോഷ്മാവ് ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ഉണ്ടായിരിക്കുകയും ബാക്കി സമയത്ത് സാധാരണ നിലയില്‍ ആയിരിക്കുകയും ചെയ്യുന്നതിനെയാണ് 'വിട്ടുവിട്ടുള്ള പനി' എന്നു പറയുന്നത്.
ഉദാ: മലേറിയ, സെപ്റ്റിസീമിയ തുടങ്ങിയവ.
- കൂടിയും കുറഞ്ഞും നില്ക്കുന്ന പനി (Remittent fever): ശരീരോഷ്മാവ് സാധാരണ നിലയില്‍ കൂടി നില്‍ക്കുകയും 24 മണിക്കൂറിനുള്ളിലെ വ്യതിയാനം 1°C ല്‍ കൂടുതലായിരിക്കുകയും ചെയ്യുമ്പോള്‍ 'കൂടിയും കുറഞ്ഞും നില്ക്കുന്ന പനി' എന്നു പറയുന്നു.
ഉദാ: ഇന്‍ഫെക്റ്റീവ് എന്‍ഡോകാര്‍ഡൈറ്റിസ്.
- പെല്‍ എബ്സ്റ്റീന്‍ പനി (Pel-Ebstein fever):
[തിരുത്തുക] പ്രയോജനം
പനിയുടെ പ്രയോജനത്തെ സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായും വാദഗതികള്‍ നിലനില്ക്കുന്നു. ഈ ഗണത്തില്‍ മുമ്പോട്ടു വയ്ക്കപ്പെട്ട അനുമാനങ്ങള്‍ തര്ക്കമറ്റവയല്ല. മനുഷ്യരിലും[4] മറ്റ് ഉഷ്ണരക്തജീവികളിലും[5] നടത്തിയ പഠനങ്ങള്‍ പനിയുള്ളപ്പോള്‍ അവ അണുബാധയില്‍ നിന്നും മറ്റു രോഗങ്ങളില്‍ നിന്നും പനിയില്ലാത്തതിനെക്കാള് വേഗം മുക്തി പ്രാപിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്.
[തിരുത്തുക] പ്രതിരോധം
പനിയുടെ കാരണമായി രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെയാണ് പനിയെ പ്രതിരോധിക്കുന്നത്. ശരീരോഷ്മാവ് നിയന്ത്രിക്കാന്‍ താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു
- നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടക്കുക
- മഞ്ഞുകട്ട ശരീരത്തില്‍ വയ്ക്കുക
[തിരുത്തുക] ചികിത്സ
പനി നിര്‍ബന്ധമായും ചികിത്സിക്കപ്പെടേണ്ട ഒരു അവസ്ഥയല്ല. ശരീരത്തിനുള്ളില്‍ എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് സൂചിപ്പിക്കുന്ന ഒരു മുഖ്യ ലക്ഷണമാണ് പനി. അതുകൊണ്ട്, വൈദ്യശാസ്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും നല്കപ്പെടുന്ന ചികിത്സയുടെ ഫലപ്രാപ്തി അറിയുന്നതിനും സഹായകമാണ് പനി. ചികിത്സ നല്കിയാലും ഇല്ലെങ്കിലും പനി ഉള്ളവരോട് ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. കാരണം, ലഘുവായ ഒരു പനി ഉണ്ടാക്കുന്ന നിര്‍ജലീകരണം ആ പനിയെക്കാള്‍ മാരകമാകാം. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് രക്തത്തില്‍ സോഡിയം കുറയുന്നതിന് കാരണമാകാം. അതിനാല്‍ ഈ ആവശ്യത്തിലേക്കു വേണ്ടി പ്രത്യേകം തയാറാക്കിയ പാനീയങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. പനിയ്ക്കായി മിക്ക രോഗികള്‍ക്കും ചികിത്സ നല്കപ്പെടുന്നതിനു കാരണം പനിയും അനുബന്ധ ലക്ഷണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുള്ളതുകൊണ്ടാണ്. പനി ഹൃദയമിടിപ്പ് കൂട്ടുകയും ചയാപചയം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് പ്രായമേറിയവര്‍ക്കും ഹൃദ്രോഗമുള്ളവര്‍ക്കും ഭാരമായിത്തീരുന്നു. പനി രോഗിയെ അര്‍ദ്ധബോധാവസ്ഥയിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഗുണദോഷങ്ങള്‍ താരതമ്യപ്പെടുത്തി വേണം ചികിത്സയെ കുറിച്ച് തീരുമാനമെടുക്കാന്‍. ഏതു സാഹചര്യത്തിലായാലും പനി അമിതമാകുകയോ (41.10C അല്ലെങ്കില്‍ 1060F ന് മുകളില്‍) ശരീരകലകള്‍ക്ക് കേട് പറ്റാവുന്ന നില വരുകയോ ചെയ്താല്‍ അത് നിര്‍ബന്ധമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടാകണം.
പനിയെ പ്രതിരോധിക്കുന്നതിന് വ്യത്യസ്ത ചികിത്സാസമ്പ്രദായങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍
[തിരുത്തുക] ആധുനിക വൈദ്യശാസ്ത്രം
- ആസ്പിരിന്‍ - വളരെക്കാലം മുന്നേ തന്നെ ആസ്പിരിന്പനിക്കെതിരെ ഉപയോഗിച്ചിരുന്നുവെങ്കിലും അടുത്തകാലത്തായി കൂടുതല്‍ ഫലപ്രദമായ മറ്റുമരുന്നുകളുടെ കണ്ടുപിടുത്തത്തോടെ ആസ്പിരിന്‍ ഉപയോഗം വളരെയധികം കുറഞ്ഞിട്ടുണ്ട്.
- പാരസെറ്റമോള്‍ അഥവാ അസെറ്റാമിനോഫെന്‍
- ഐബുപ്രോഫെന്‍
[തിരുത്തുക] ആയുര്‍വേദം
ആയുര്‍വേദം പനിയെ ജ്വരം എന്നു വിളിക്കുന്നു.[അവലംബം ആവശ്യമാണ്] ത്രിദോഷങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ കോപം കൊണ്ടാണ് പനി ഉണ്ടാകുന്നതെന്നും നേരത്തേ തന്നെ വൈദ്യശുശ്രൂഷ തുടങ്ങിയില്ലെങ്കില്‍ പനി ശരീരഭാഗങ്ങളെ പ്രതികൂലമായി ബാധിക്കാമെന്നും ആയുര്‍വേദം കരുതുന്നു.[6] ദഹനാഗ്നിയുടെ തകരാറ് മൂലം ദഹനക്കേട് ഉണ്ടാകുകയും അത് ആമം (വിഷം) ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ആമം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ അഗ്നിയുടെ ഒഴുക്ക് തടയുകയും അങ്ങനെ പനി ഉണ്ടാകുകയും ചെയ്യുന്നുവെന്ന് ആയുര്‍വേദം കരുതുന്നു. ആയുര്‍വേദം പനിയെ എട്ടായി തരം തിരിച്ചിരിയ്ക്കുന്നു. രസധാതുവിലെ വിഷം കൊണ്ട് പനി ഉണ്ടാകുന്നു എന്ന് കരുതുന്ന ആയുര്‍വേദം അതിനെ ചികിത്സിയ്ക്കുന്നത് ലംഗാനം, സ്വേദനം, കാലം, യവാഗു, തിക്തഭേഷജം, ആമപചനം എന്നീ വഴികളിലൂടെ ആണ്.
- ലംഗാനം (ഉപവാസം) : ഇത് ദഹനനേന്ദ്രിയവ്യൂഹത്തെ വൃത്തിയാക്കുകയും ആമത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അത് ശരീരത്തിലെ ഒഴുക്കുകളുടെ തടസം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ആയുര്‍വേദം കരുതുന്നു. ബലവാനായ രോഗിയ്ക്ക് ഉപവസിക്കുകയും ദുര്‍ബലനായ രോഗിയ്ക്ക് ലഘു ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം. പഴച്ചാറോ സൂപ്പുകളോ നേര്‍പ്പിച്ച ഇളം ചൂടുള്ള ഇഞ്ചിനീരോ മറ്റു പാനീയങ്ങളോ ധാരാളമായി കുടിയ്ക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ഇത് കോപിച്ച ദോഷത്തെ ശമിപ്പിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.
- സ്വേദനം (വിയര്‍പ്പിക്കല്‍) : ചൂട് വെള്ളം കുടിപ്പിച്ചോ പുതപ്പിച്ച് കിടത്തിയോ വിയര്പ്പിയ്ക്കാവുന്നതാണ്. ഇതിലൂടെ ശരീരം ആമത്തെ പുറം തള്ളുകയും അങ്ങനെ പനി ശമിയ്ക്കുകയും ചെയ്യുന്നുവെന്ന് ആയുര്‍വേദം കരുതുന്നു.
- കാലം (സമയം/ക്ഷമയോടെ കാത്തിരിക്കുക)
- യവാഗു (ലഘു ഭക്ഷണം) : ശരീരം സാധാരണ താപനിലയില്‍ എത്തിയതിനു ശേഷം മൂന്നു നേരം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ലഘുഭക്ഷണം രോഗിയുടെ പ്രായത്തിനനുസൃതമായി കഴിയ്ക്കണം.
- തിക്തഭേഷജം (കൈപ്പുള്ള ആയുര്‍വേദ മരുന്നുകള്‍) : ആയുര്‍വേദ വീക്ഷണത്തില്‍ ഇവ ആമത്തെ നശിപ്പിക്കുകയും പ്രതിരോധശേഷി വദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. സാധാരണ ഉപയോഗിയ്ക്കപ്പെടുന്ന മരുന്നുകള്‍ ദശമൂല കടുത്തീയം കഷായം, ധന്വന്തരം കഷായം അമൃതാരിഷ്ടം, സുദര്‍ശനാസവം, ദശമൂലാരിഷ്ടം, ഗോരോചനാദി ഗുളിക, ഗോപിചദനാദി ഗുളിക, സൂര്യപ്രഭ ഗുളിക, സിരശൂലാദിവജ്രരസം, ലക്ഷ്മിവിലാസരസം, ആനന്ദഭൈരവരസം എന്നിവയാണ്.[7]
- ആമപചനം (വിഷം നിര്‍വീര്യമാക്കല്‍) : പനി വിട്ടുമാറിയതിനു ശേഷം പഞ്ചകര്‍മം നടത്താനാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. ഇത് ശേഷിച്ച ആമം കൂടി പുറന്തള്ളുകയും ദഹനേന്ദ്രിയവ്യൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പനിയുടെ മൂലകാരണമായ പിത്തകോപം ശമിപ്പിയ്ക്കുന്നതിനും അഗ്നിയെ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനും സൂര്യാസനവും മത്സ്യാസനവും പോലെയുള്ള യോഗാസനങ്ങള്‍ ചെയ്യാനും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.
[തിരുത്തുക] നാട്ടുവൈദ്യം
- കേരളത്തില്‍ പനികൂര്‍ക്ക പനിക്കെതിരെ ഉപയോഗിച്ചുവരുന്നു.
- കേരള സംസ്ഥാന വിവരസാങ്കേതിക വകുപ്പ് പ്രസിദ്ധീകരിച്ച നാട്ടറിവുകളുടെ ശേഖരത്തില്‍ പനിയ്ക്കും ജലദോഷത്തിനുമുള്ള ചികിത്സ ഇപ്രകാരം കൊടുത്തിരിയ്ക്കുന്നു.[8] "പനിയും ജലദോഷവുമുള്ളപ്പോള്‍ ഉപവസിക്കുന്നതാണ് നല്ലത്. ഉപവാസ നേരത്ത് ചെറുനാരങ്ങാനീര് കഴിക്കാം. ചുക്ക്, മല്ലി, ദേവതാരം ഇവയുടെ കഷായം കഴിക്കുക. ജലദോഷത്തിന് തുളസിയിലയുടെ നീരും ചുവന്നുള്ളിനീരും ചെറുതേനില്‍ ചേര്‍ത്ത് മൂന്ന് നേരം സേവിക്കുക. ബാര്‍ലി വെള്ളം കരിക്കിന് വെള്ളം ഇവയില്‍ ഏതെങ്കിലും കഴിച്ച് ഉപവസിക്കുക നെറ്റിയിലും വയറ്റിലും നനഞ്ഞ തുണിയിട്ട് കമ്പിളികൊണ്ട് പുതച്ചുമൂടുക. അമൃതിന്റെ പച്ചവള്ളിയുടെ നീര് അര ഔണ്‍സ് വീതം ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെയും വൈകീട്ടും സേവിക്കുക. ചുക്ക്, മല്ലി, ദേവതാരം എന്നിവയുടെ കഷായം കഴിക്കുക. കമ്മ്യൂണിസ്റ്റപ്പ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളത്തില്‍ കുളിക്കുക. പനിയും വേദനയും മാറും. പനിക്കൂര്‍ക്കയും, തുളസിയും തിളപ്പിച്ച് ആവിപിടിപ്പിക്കുക. പനി മാറും.
കഷായം - കുരുമുളക്, ചുക്ക്, പുളി, കടുക്കമൂലി, തുളസി, പാണലിന്റെ വേര്, വെളുത്തുള്ളി തുടങ്ങിയവ ചതച്ച് തിളപ്പിച്ച് വറ്റിച്ച് കുടിക്കുക."
[തിരുത്തുക] ഹോമിയോപ്പതി
ശരീരത്തില്‍ എവിടെയെങ്കിലും ഉള്ള അണുബാധയുടെ ലക്ഷണമായി ആണ് പനിയെ ഹോമിയോപ്പതി കാണുന്നത്.[9] പനിയോടൊപ്പമുള്ള മറ്റു ലക്ഷണങ്ങളും കണക്കിലെടുത്തതിനു ശേഷം ആ ലക്ഷണങ്ങള്‍ക്കായാണ് ഹോമിയോപ്പതി ചികിത്സ നിര്‍ദ്ദേശിക്കുന്നത്. എല്ലാ പനിക്കും കഴിക്കാവുന്ന പൊതുവായ മരുന്ന് എന്നൊന്നിതിലില്ല. സാധാരണമായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍ താഴെ പറയുന്നവയാണ്.
- അകോണൈറ്റ് (Aconite)
- ആഴ്സെനിക് ആല്‍ബ് (Arsenic alb)
- ബെലഡോണ (Belladonna)
- ബ്രയോണിയ (Bryonia)
- ബാപ്റ്റീസിയ (Baptisia)
- ജെല്സെമിയം (Gelsemium) തുടങ്ങിയവ
[തിരുത്തുക] പ്രകൃതിചികിത്സ
പ്രകൃതിചികിത്സയുടെ കാഴ്ചപ്പാടില്‍ പനി ശരീരത്തില്‍ എന്തോ കുഴപ്പം സംഭവിച്ചതിന്റെ മുന്നറിയിപ്പാണ്. പെട്ടെന്നുണ്ടാകുന്ന എല്ലാ അവസ്ഥകളും ശരീരം സ്വയം വൃത്തിയാക്കി ആരോഗ്യം പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പനിയും ശരീരത്തിന്റെ ഒരു സ്വയം വൃത്തിയാക്കല്‍ പ്രവര്‍ത്തനമാണ്. അതിനാല്‍ ശരിയായ ആരോഗ്യം തിരിച്ചു കിട്ടുന്നതിന് പനിയെ അതിന്റെ പ്രകൃത്യാ ഉള്ള വഴിക്കു വിടേണ്ടതും സ്വയം അടങ്ങാന്‍ അനുവദിക്കേണ്ടതും ആണ്. പനിസംഹാരികളോ ആന്റിബയോട്ടിക്കുകളോ ഉപയോഗിച്ചാല്‍ അത് മാറാവ്യാധികളിലേക്ക് നയിക്കുമെന്നുമാണ് പ്രകൃതിചികിത്സയുടെ കാഴ്ചപ്പാട്.
- പനി കുറയുന്നതു വരെ ദ്രവരൂപത്തിലുള്ള ആഹാരം മാത്രം ദിവസം 3-4 നേരം വീതം നല്‍കുക. ഉദാ. നാരങ്ങാ വെള്ളം, കരിക്കിന് വെള്ളം, ഓറഞ്ച് നീര് തുടങ്ങിയവ.
- പനി കുറയുന്നതു വരെ ഒരു കട്ടി ആഹാരവും കഴിക്കാതിരിക്കുക.
- ഉപവാസത്തിന്റെ ആദ്യത്തെ മൂന്നു ദിവസം രാവിലെ ചൂടു വെള്ളം കൊണ്ടുള്ള എനിമ നല്‍കുക. പിന്നീട് ഉപവാസം തുടരുന്ന ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ എനിമ ആവര്‍ത്തിക്കാം.
- ദിവസം രണ്ടോ മൂന്നോ തവണ 15-20 മിനിട്ട് നേരം കളിമണ്ണ് പൂശിയുള്ള ചികിത്സചെയ്യാവുന്നതാണ്.
- നട്ടെല്ലിന്റെ മുകളില്‍ മഞ്ഞുകട്ട കൊണ്ട് തടവി ശരീരോഷ്മാവ് കുറക്കാവുന്നതാണ്.
- ശരീരോഷ്മാവ് സാധാരണ നിലയിലാവുകയും നാക്കിനു മുകളില്‍ പാട മൂടിയിരുന്നത് മാറുകയും ചെയ്താല്‍ ഉപവാസം നിര്‍ത്താം. ആദ്യം പഴച്ചാറുകളും പിന്നീട് ക്രമത്തില്‍ പഴങ്ങളും സാലഡുകളും സൂപ്പുകളും നല്‍കാം. സാവധാനം സാധാരണ ഭക്ഷണത്തിലേക്ക് മടങ്ങാവുന്നതാണ്. [10]
[തിരുത്തുക] പനി വളര്‍ത്തുമൃഗങ്ങളില്‍
പനി വളര്‍ത്തുമൃഗങ്ങളുടെ രോഗനിര്‍ണയത്തിനും മുഖ്യലക്ഷണമാണ്. മൃഗങ്ങളുടെ ശരീരതാപനില മലദ്വാരത്തില്‍ താപമാപിനി വെച്ചാണ് കണക്കാക്കുന്നത്. ഇത് ഓരോ മൃഗത്തിനും വ്യത്യസ്തമാണ്. കുതിരയ്ക്ക് പനിയുണ്ടെന്ന് കണക്കാക്കുന്നത് താപനില 38.50C ന് മുകളില്‍ എത്തുമ്പോഴാണ്. അതേസമയം, പശുക്കള്‍ക്ക് ഈ താപനില 39.60C ആണ്.
[തിരുത്തുക] അവലംബം
- ↑ വില്യം ബെര്‍മാന്‍; The History of Fever Therapy in the Treatment of Disease
- ↑ Harrison's Principles of Internal Medicine, പതിനേഴാം പതിപ്പ്, പുറം 117.
- ↑ Harrison's Principles of Internal Medicine, പതിനേഴാം പതിപ്പ്, പുറം 130.
- ↑ Schulman, C.I.; Namias, N.; Doherty, J., et al. The effect of antipyretic therapy upon outcomes in critically ill patients: a randomized, prospective study. Surg Infect (Larchmt) 2005; 6:369-75. PMID 16433601
- ↑ Su, F.; Nguyen, N.D.; Wang, Z.; Cai, Y.; Rogiers, P.; Vincent, J.L. Fever control in septic shock: beneficial or harmful? Shock 2005; 23: 516-20. PMID 15897803
- ↑ content4reprint എന്ന ജാലികയിലെ ലേഖനം
- ↑ content4reprint എന്ന ജാലികയിലെ ലേഖനം
- ↑ കേരള സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെ കേരള ഇന്നൊവേഷന് ഫൗണ്ടേഷന് അതിന്റെ ജാലികയില്‍ പ്രസിദ്ധീകരിച്ച ലേഖനം
- ↑ HOMEOPATHY IN FEVER എന്ന ലേഖനം, ഡോ. സംഗീത ധാനുക, ഇന്‍ഡ്യന്‍ ഹോമിയോപത്,
- ↑ ആരോഗ്യ.കോം